8
ഇടനിലക്കാരനും വിശ്വാസികളും ഇരിക്കൂർ ഭക്തി ഗാനം പാടി ആനന്ദ നൃത്തം ചവിട്ടി. ചവിട്ടിയ കാലുകൾ വഴികൾ പിന്നിട്ടു. പിന്നിട്ട വഴികളിലൂടെ ചെന്നു നിന്നു. നിന്നപ്പോൾ മുന്നിൽ സന്യാസിയപ്പൻ, വിളക്കു കാലിനു മുന്നിൽ ചമ്രമിട്ട് മഞ്ഞിൻ കണങ്ങൾ ഊറ്റി, ഊറ്റി കുടിച്ച് ……….. പാതിയടഞ്ഞ കണ്ണുകൾ, ഭാവഭേദങ്ങൾ ഇല്ല. ഒരു ശബ്ദ ഘോഷത്തിനും തോൽപ്പിക്കുവാൻ കഴിയാത്ത ശാന്തത്തയുടെ മഹാ മുദ്ര മുഖത്ത്!
മൺചെരാതിന്റെ അരണ്ട വെളിച്ചത്തിൽ തെളിഞ്ഞു നിന്ന സന്യാസിയപ്പന്റെ ഗാംഭീര്യ ഭാവത്തിലേയ്ക്ക് നോക്കിയ ഇടനിലക്കാരന്റെ നോട്ടം ഒരു വേള നിഴലിൽ കുടുങ്ങിയ വെളിച്ചം പോലെ പതറി. വർദ്ധിത വീര്യത്തോടെ ഉയർന്ന ഇടനിലക്കാരന്റെ രണ്ടാമത്തെ നോട്ടം ആ ഗാംഭീര്യ ഭാവത്തിനു നേരെ പിടിച്ചു നിന്നു. അപ്പോഴും സന്യാസിയപ്പന്റെ കണ്ണുകൾ ശാന്തമായിരുന്നു. മനസ്സ് ധ്യാനം പോലെ നിശ്ചലാവസ്ഥയെ പ്രാപിച്ചു നിന്നു.
ഞങ്ങളുടെ നാട്ടിൽ കടന്നുകയറ്റം നടത്തിയ ധിക്കാരത്തിന്റെ അഹങ്കാരത്തിന്റെ പൊരുൾ ആയ നീ ആര്? ഇടനിലക്കാരന്റെ ശബ്ദം സന്യാസിയപ്പനു നേരെ ഉച്ചത്തിൽ വീണു.
സന്യാസിയപ്പന്റെ ചുണ്ടിൽ ഒരു പുഞ്ചിരി പൂവിട്ടു. കടന്നു കയറ്റം നടത്തിയവൻ!
ഇടനിലക്കാരൻ ആവേശത്തോടെ ചോദ്യം ആവർത്തിച്ചു.
ഞാൻ ഇവിടത്തെ ഒരു പഴയ മനുഷ്യൻ, പഴഞ്ചൻ. ഇപ്പോൾ നാടുകൾ ചുറ്റിക്കറങ്ങി വീണ്ടും ഇവിടെ എത്തി.
നീ വിശ്വാസി ആണോ? ഇടനിലക്കാരന്റെ ശബ്ദം ഉയർന്നു.
വിശ്വാസി ആണോ എന്ന് ചോദിച്ചാൽ ആണ്.
നീ ഇരിക്കൂർ വിശ്വാസി ആണോ?
സാമാന്യ ബുദ്ധിക്ക് ബോധ്യമാവുന്ന എല്ലാ വസ്തുതകളിലും വിശ്വാസം ഉണ്ട്.
ഈ പ്രപഞ്ചവും അതിലുൾക്കൊള്ളുന്ന സർവ്വ ചരാചരങ്ങളെയും ഇരിക്കൂർ ?സത്ത? സൃഷ്ടിച്ചതാണെന്ന കാര്യത്തിൽ തർക്കമുണ്ടോ?
ഇല്ല
അപ്പോൾ നീ വിശ്വസിക്കുന്നു.
ഇല്ല
പിന്നെ?
വിശ്വാസമില്ലാത്ത കാര്യത്തിൽ തർക്കമെന്തിന്!
നിന്റെ തമാശ അതിരു വിട്ടതും ക്രൂരവുമാകുന്നു. ആക്ഷേപാർത്ഥങ്ങൾ കൊണ്ട് നീ ഇരിക്കൂർ സത്തയെ നിന്ദിക്കുകയാണ്.
ഇല്ല നിങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു. ഉത്തരങ്ങൾ എന്റെ അറിവിന്റെ പരിധിയിൽ നിന്നുമല്ലേ വരികയുള്ളൂ.
നീ ഇവിടത്തെ പഴയ മനുഷ്യൻ എന്ന് കള്ളം പറഞ്ഞത് എന്തിന്?
ഈ നാട് എന്നെ അറിയും, ഈ മണ്ണ് എന്നെ അറിയും.
ഇതാ തമാശ! ഇയാളെ മനുഷ്യർ ആരും അറിയില്ല. മണ്ണും നാടും അറിയുമത്രേ! പരിഹാസം, ശുദ്ധ പരിഹാസം! പൊട്ടന്മാർ ആക്കുകയാണ് നമ്മെ.
ഞാൻ പറഞ്ഞത് നിഗമനങ്ങളിലൂടെ യാഥാർത്ഥ്യം അറിഞ്ഞാണ്. വളരെ വർഷങ്ങൾക്കു മുമ്പ് ഈ ദേശം വിട്ടു പോയി. പല നാടുകളിൽ ജീവിച്ചു. പല ദേശങ്ങൾ ചുറ്റി. ഇനിയുള്ള എന്റെ ജീവിതം ഈ ദേശത്താണ്.
ഇടനിലക്കാരന്റെ മുഖം വെറുപ്പിന്റെ കറുപ്പണിഞ്ഞു. വാക്കുകൾ മേഘ ഗർജ്ജനം പോലെ മുഴങ്ങി – നിന്റെ ലക്ഷ്യം അധിനിവേശമാണ്. ഞങ്ങളുടെ ഗ്രാമത്തിലേയ്ക്കുള്ള കടന്നു കയറ്റം. അത് എന്തിനാണെന്ന് നീ സത്യസന്ധമായ് വെളിപ്പെടുത്തണം. അതിനു ശേഷം ഇനിയുള്ള നിന്റെ ജീവിതം ഈ ദേശത്തിലാണെന്ന ധിക്കാര സ്വരത്തിനുള്ള ശിക്ഷ. പറയുക നീ എന്തിന് കടന്നു കയറ്റം നടത്തി?
കാലം തന്ന നിയോഗം ഞാൻ അനുസരിച്ചു – ശാന്തമായിരുന്നു സന്യാസിയപ്പന്റെ വാക്കുകൾ.
വിശ്വാസികളെ- ഇടനിലക്കാരൻ കോപാന്ധനായ് വിറപൂണ്ടു. വാക്കുകൾ പ്രകമ്പനം കൊണ്ടു – നിങ്ങളിൽ ചിലരുടെ രോഗം ഇയാൾ ഭേദപ്പെടുത്തിയിരിക്കാം. എന്നാൽ ഇയാൾ ആ നന്മയെക്കാൾ ആയിരം മടങ്ങ് തിന്മയിലാണ് വസിക്കുന്നത്. ഇയാളുടെ മനസ്സിൽ നിറയെ ധിക്കാരവും ഇരിക്കൂർ സത്തയോടുള്ള നിന്ദയുമാണ്. അതിന് ഇരിക്കൂർ കൽപിത പ്രമാണത്തിൽ മാപ്പില്ല. ഇയാളെ വിളക്കു കാലിൽ ചേർത്തു ബന്ധിക്കുക. ഇയാളെ ബന്ധിക്കുന്നവർ ഇരിക്കൂർ സത്തക്ക് പ്രിയപ്പെട്ടവർ, അവർക്കു മുകളിൽ ഇരിക്കൂർ സത്തയുടെ അനുഗ്രഹവർഷം ഉണ്ടാകും. വേഗം, ഈ രാത്രിയിലെ കൊടും തണുപ്പിൽ ഇയാൾ മരവിച്ചു മഞ്ഞുകട്ടപോലെയാവട്ടെ.
ഇരിക്കൂർ വിശ്വാസികളിൽ അനുഗ്രഹ പ്രതീക്ഷ ആവേശമായി. അവർ ചാകര കണ്ട മുക്കുവരുടെ ആഹ്ലാദത്തോടെയും പ്രതീക്ഷയോടെയും ചുറ്റുപാടുകളിൽ കണ്ണോടിച്ചു. അപ്പോഴതാ വിളക്കു കാലിനെ ചുറ്റി മഞ്ഞു പോലെ വെളുത്ത ഒരു കയർ ഞാന്നു കിടക്കുന്നു. വിശ്വാസികൾ കയർ വലിച്ചെടുത്തു. ബന്ധനം!ബന്ധനം! ബന്ധിക്കുമ്പോൾ കയർ അഴിഞ്ഞു പോകുന്നു. വീണ്ടും ബന്ധനം! സന്യാസിയപ്പൻ വെളുത്ത കയറിലേക്കു നോക്കി ചിരിച്ചു. കയറിന്റെ ഒരറ്റത്ത് അപ്പോൾ ചക്രവാളപ്പക്ഷി സന്യാസിയപ്പന്റെ ചിരി സ്വീകരിക്കുവാൻ തല രൂപപ്പെടുത്തി. സന്യാസിയപ്പൻ ചക്രവാളപ്പക്ഷിയുടെ കണ്ണുകളിലേക്ക് കണ്ണുകൾ കൊണ്ട് വേണ്ട എന്ന് ശക്തമായ് സൊാചന നൽകി. വെളുത്ത കയർ നീരാവിയായ് മുകളിലേക്കു പോയി.
ഇതെന്തൊരത്ഭുതം – ഇരിക്കൂർ വിശ്വാസികൾ കൂട്ടത്തോടെ മുകളിലേക്ക് നോക്കി.
ഇത് മായ. ഇവൻ ജാലവിദ്യക്കാരനാണ്- ഇടനിലക്കാരൻ മിഴിച്ച കണ്ണുകളുമായ് വാക്കുകൾ തുറന്നടിച്ചു. ഇവന്റെ ഈ ശുഷ്കിച്ച ശരീരം തന്നെ കയർ പേലെയല്ലേ. ഇവനെ വലിച്ചുനീട്ടി ഈ വിളക്കുകാലിൽ ചുറ്റിക്കെട്ടിയാലോ – ഇടനിലക്കാരൻ ക്രൂരഭാവത്തിൽ പൊട്ടിച്ചിരിച്ചു. വിശ്വാസികളുടെ ചുണ്ടുകളും ആ ചിരി പകർന്നാടി.
അല്ലെങ്കിൽ വേണ്ട. മഹാമാരി ഗ്രാമം വിട്ടു പോകുവോളം ഇയാളെ നമുക്ക് വേണ്ടി വരും. ഇയാളുടെ കയ്യിൽ ആ മഹാമാരിക്കുള്ള മായാവിദ്യ ഉണ്ടാകും. അത് നമുക്ക് അവകാശപ്പെട്ടതാണ്. ഇയാൾ മായ കാട്ടി നമുക്കു മുകളിൽ മാഹാമാരി പെയ്യിച്ചു. മായകൊണ്ട് അത് തിരിച്ചെടുക്കുന്നു. അല്ലാതെ മായാവിക്കെന്ത് മരുന്ന് വിദ്യ! ഇയാളെ ബന്ധിക്കുവാൻ വിശ്വാസികൾ സ്വന്തം ഭവനങ്ങളിൽ നിന്ന് കയർ കൊണ്ടു വരിക.
വിശ്വാസികളിൽ ചിലർ ആവേശത്തോടെ വീടുകളിലേക്ക് പാഞ്ഞു പോയ് കയറുകളുമായ് വന്നു.
ബന്ധിക്കുവിൻ – ഇടനിലക്കാരൻ പറഞ്ഞു – ബന്ധിക്കുമ്പോൾ കെട്ടുകൾ
ഞാൻ, ഞാൻ എന്ന് മുന്നോട്ടാഞ്ഞു വിശ്വാസികൾ സന്യാസിയപ്പനെ ബന്ധിക്കുവാൻ ധൃതി കാട്ടി. എല്ലാ മനസ്സുകളിലും കിട്ടുവാൻ പോകുന്ന ഇരിക്കൂർ സത്തയുടെ അനുഗ്രഹം കൊതിയൂറി നിന്നു.
സന്യാസിയപ്പന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു – ഞാൻ മരുന്നു നൽകി അസുഖം ഭേദപ്പെട്ട ചിലരും തന്നെ ബന്ധിക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നു! ഇവർക്കുള്ളിലെ ക്രൂരത ഇടനിലക്കാരന്റെ വകയാണ്. അയാൾ ഇവർക്കുള്ളിൽ കുത്തിവച്ച അന്ധകാരവും, അന്ധവിശ്വാസങ്ങളും ഇവരുടെ മനസ്സുകളിൽ വിളയാട്ടം നടത്തുകയാണ്.
ഇനി കൽവിളക്ക് കെടുത്തുവിൻ. ഗ്രാമത്തിന്റെ വെളിച്ചത്തിൽ ഈ മായാവി രാത്രി കഴിച്ചു കൂട്ടണ്ട – കെട്ടുകൾ മുറുകി കഴിഞ്ഞപ്പോൾ ഇടനിലക്കാരൻ പറഞ്ഞു.
വിശ്വാസികൾ ഞാൻ ഞാനെന്ന് മുന്നോട്ടു ചാടി, വിളക്കു കെടുത്തുവാൻ. കൂട്ടത്തള്ളിനിടയിൽ ഒരാൾ കുതിച്ചു ചാടി വിളക്ക് കെടുത്തി.
ഇടനിലക്കാരന് എന്നോട് കടുത്ത വെറുപ്പും പുച്ഛവും – സന്യാസിയപ്പൻ മാനസ അപരനെ തൊട്ടു പറഞ്ഞു.
രണ്ടുമില്ല – ഇടനിലക്കാരന്റെ മനസ്സ് തൊട്ടറിഞ്ഞ മാനസ അപരൻ സന്യാസിയപ്പനുള്ളിൽ പുഞ്ചിരിച്ചു.
ഇല്ലാത്തത് കാട്ടുന്നതെന്തിന്, അതും എന്നെ ഇങ്ങനെ ക്രൂരമായ് ശിക്ഷിച്ചുകൊണ്ട്. ശിക്ഷകൾ നടപ്പാക്കുക അയാൾക്കു തമാശയുടെ ഭാഗമാണോ?
വിശ്വാസികളുടെ കറകളഞ്ഞ വിശ്വാസത്തിലാണ് ഇരിക്കൂർ ഇടനിലക്കാരന്റെ നിലനിൽപ്പ്. നിലനിൽപ്പിനും വളർച്ചയ്ക്കും വിഘാതമാകുന്നതിനെ നശിപ്പിക്കുന്നത് ഇരിക്കൂർ വിശ്വാസപ്രമാണങ്ങൾക്ക് എതിരല്ല. ഇവിടെ നിന്നിലെ ശക്തനായ അവിശ്വാസിയുടെ സാന്നിദ്ധ്യം വാക്ക്ഷേത്ര വിപ്ലവത്തിലൂടെ അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. വിശ്വാസത്തെ സംബന്ധിച്ച് അയാൾ സ്ഥിരോത്സാഹിയാണ്. സ്ഥിരോത്സാഹിയുടെ തീരുമാനങ്ങൾ അതിവേഗം നടപ്പാക്കപ്പെടും.
ഇരുൾ വ്യാപിച്ചപ്പോൾ ശബ്ദങ്ങൾ മെല്ലെ മെല്ലെ നിലച്ചു. നാൽക്കവല ശൂന്യമായി. ഇരുട്ടിൽ ഒരു നിലാവെളിച്ചം പോലെ ചക്രവാളപ്പക്ഷി തുഴഞ്ഞു, തുഴഞ്ഞു സന്യാസിയപ്പനു മുന്നിൽ വന്നിറങ്ങി. സന്യാസിയപ്പൻ അതിന്റെ വെളുവെളുത്ത കണ്ണുകളിലേക്ക് നോക്കി മൗനമായ് ചിരിച്ചു. ചക്രവാളപ്പക്ഷിയുടെ കണ്ണുകളിൽ വിഷാദമായ് അതു കൊണ്ടു. രണ്ട് വെൺകണങ്ങൾ വിഷാദം തൊട്ട ആ കണ്ണുകളിൽ നിന്ന് അടർന്നു വീണു.
പ്രകൃതിയുടെ കണ്ണുനീരാണ് ഈ പക്ഷിയുടെ കണ്ണുകളിലൂടെ അടർന്നു വീണത് – മാനസ അപരൻ പറഞ്ഞു – പ്രകൃതി നിനക്കൊപ്പമാണ്. ഇതുവരെയുള്ള നിന്റെ പ്രവർത്തികളിൽ പ്രകൃതി സംതൃപ്തയാണ്.
എങ്ങനെ സന്യാസിയപ്പൻ ചോദിച്ചു.
പ്രകൃതിയുടെ രക്തം ശുദ്ധ നീരാവിയായ് ഉയർന്നു പൊന്തുന്ന കനിവാണ് ഈ പക്ഷി. അങ്ങനെ നോക്കുമ്പോൾ തീർച്ചയായും പ്രകൃതിയുടെ ദു:ഖമാണ് ഈ പക്ഷിയുടെ കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങിയത്. ഇനി താത്കാലികമായ് നിന്നിൽ നിന്ന് ഞാൻ വിടവാങ്ങുകയാണ്. ഈ രാത്രിയെ എങ്ങനെ നേരിടണമെന്ന് നീ തന്നെ തീരുമാനിക്കുക. പീഢനങ്ങൾ ഏൽക്കേണ്ടത് നീ മാത്രമാണ്. നിന്നിലെ ശരീരം എന്നെ തിരിച്ചറിയുന്നു, അനുസരിക്കുന്നു. എന്നിരുന്നാലും പീഢനം നിന്റെ നിയോഗത്തിന്റെ ഭാഗമാകയാൽ അതിന്റെ തളർന്ന സ്വരൂപത്തെ എനിക്ക് അനുഭവിച്ചറിയുവാൻ കഴിയുകയില്ല – മാനസ അപരൻ പറഞ്ഞു.
ഈ മണ്ണിൽ കാൽ വച്ചതു മുതൽ ഞാൻ അനുഭൂതികളുടെ നിറവിലാണ്. പീഢനങ്ങൾ എന്നെ ആന്തരികമായ് സ്പർശിക്കുന്നതേയില്ല. ഓരോ കാൽപ്പാദങ്ങൾ വയ്ക്കുമ്പോഴും ഈ മണ്ണിന്റെ താളം കൂടുതൽ കൂടുതൽ അലിവാർന്ന് എന്റെ കാതുകളിൽ വീഴുന്നു, മനസ്സിൽ പടരുന്നു, ശരീരത്തിൽ ലയിക്കുന്നു, ശ്വസനത്തിൽ അറിയുന്നു. ആ അറിവുകളിൽ ഇവിടത്തെ ഭൂതകാലം തെളിയുന്നു! ആ ഭൂതകാലം ജാതികളുടേയും മതങ്ങളുടേതും അല്ലായിരുന്നു. മനുഷ്യരുടെ മാനുഷിക മൂല്യങ്ങൾ ഉൾച്ചേർന്ന മഹാ മാനവികതയുടേത്. ഈ രാത്രി ഞാൻ അതിലേയ്ക്കുള്ള മടക്കയാത്ര സ്വപ്നം കണ്ടിരിക്കും – സന്യാസിയപ്പൻ പറഞ്ഞു.
സന്യാസിയപ്പനിൽ നിന്ന് പുറത്തേക്കിറങ്ങിയ മാനസ അപരൻ ഗ്രാമത്തിന്റെ ഓരോ കോണുകളും വീക്ഷിച്ചു. ഗ്രാമത്തിൽ വന്നു കയറിയപ്പോൾ കേട്ട കൂട്ട നിലവിളികളോ മരണത്തിന്റെ വറ്റി വരണ്ട മൃദു സ്വരമോ എങ്ങു നിന്നും കേൾക്കുന്നില്ല. മരണക്കിടക്കയിൽ നിന്ന് ആൾക്കാർ എഴുന്നേറ്റിരുന്ന് ഉടൽ നിവർത്തിക്ക് ജലപാനമോ, ആഹാരമോ കഴിക്കുന്നു. ചിലർ ശാന്തമായ് ഉറങ്ങുന്നു. മറ്റു ചിലർ രോഗം ഭേദമായ് സാധാരണ അവസ്ഥയിലേക്ക് മാറുന്നു. രോഗാണുക്കളുടെ ഗന്ധവും വായുവിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു.
ചില അവിശ്വാസികളുടെയും അർദ്ധവിശ്വാസികളുടെയും മനസ്സുകളിൽ മരണത്തിന്റേതല്ലാത്ത മ്ലാനതകളും ദു:ഖവും ഊറിക്കൂടി. അത് സന്യാസിയപ്പനെ ചുറ്റിപ്പറ്റിയായിരുന്നു. സന്യാസിയപ്പനും അയാളുടെ മരുന്നുകളും ഒരത്ഭുതം പോലെ അവരുടെ മനസ്സുകളിൽ തങ്ങി നിൽക്കുന്നത് വാക്കുകളിൽ നിഴലിക്കുന്നു. രോഗശാന്തി വന്ന ഒരാൾ ആ മരുന്ന് ശരീരത്തിൽ പ്രവർത്തിച്ചതിന്റെ അനുഭവവും ഗ്രാമത്തിൽ പിന്നീടുണ്ടായ സംഭവ ഗതികളും അനുഭവത്തിന്റെ ആഴം ചികഞ്ഞ് വ്യക്തമാക്കുന്നു – ഒരു നീറിപ്പുകച്ചിൽ ആയിരുന്നു മരുന്ന് വായിലൂടെയും വായുവിലൂടെയും ഉള്ളിലേക്കെത്തിയപ്പോൾ, ഈ നീറിപ്പുകച്ചിൽ ശരീരത്തിന്റെ ഓരോ അംശങ്ങളേയും തൊട്ടു. ഒടുവിൽ ഒരു കുളിർകാറ്റായ് പടർന്നു വേദന കഴുകികളയുവാൻ തുടങ്ങി. ഇപ്പോൾ ഒരു ഉണർവ്വ്വ് ഉദിച്ചു വരികയാണ്. എന്നാൽ പലർക്കും ജീവിതം തിരിച്ചുകൊടുത്ത ആ വലിയ വൈദ്യന് നമ്മുടെ ഗ്രാമം എന്താണ് പാരിതോഷികം നൽകിയത്! ഒരു ജനതയുടെ ക്രൂരത, സ്വാർത്ഥത, വിദ്വേഷം, നന്ദികേട് ഇതൊക്കെയല്ലേ അയാൾക്ക് വിളമ്പിക്കൊടുത്തത്! എത്ര നിസ്സംഗതയോടെയും , നിർവ്വികാരതയോടുമാണ് അയാൾ ഈ ക്രൂരതകൾക്കു മുന്നിൽ കീഴടങ്ങി ഇരുന്നത്! ധ്യാനത്തിന്റെ ഫലഭൂമിയിലൂടെ സഞ്ചരിച്ചവന് മാത്രമേ ഇത്ര നിസ്സാരമായ് ആ പിഢനങ്ങളെ അഭിമുഖീകരിക്കുവാൻ കഴിയൂ.
പ്രഭാതമായപ്പോൾ ശുഭസൊാചകമായ വെള്ളത്തുണികൾ ഗ്രാമത്തിന്റെ എല്ലാ കോണുകളിലും ഉയർന്നു. ദൂരങ്ങളിൽ നിന്ന് അവ സ്വയം ഒഴുകി വരുന്നതുപോലെ നാൽക്കവലയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. നാൽക്കവലയിൽ എത്തിയപ്പോൾ ഓരോ വെള്ളത്തുണിക്കു ചുവട്ടിലും ഒരു ജനക്കൂട്ടമുണ്ടായിരുന്നു. നാൽക്കവലയിൽ എത്തിയ അവർ പരസ്പരം മൂക്കത്ത് വിരൽ വച്ച് വാക്കുകൾ ഉരിയാടാതെ കണ്ണുകൾ കൊണ്ട് തിരഞ്ഞു – സന്യാസിയപ്പൻ എവിടെ! ഊരിയിട്ട കെട്ടുകൾ മാത്രം ബാക്കി.
ഇരിക്കൂർ ഇടനിലക്കാരൻ നാൽക്കവലയിൽ എത്തി.
സന്യാസിയപ്പന്റെ മരുന്ന് ഫലിച്ചു. കഴിഞ്ഞ രാത്രി ഗ്രാമത്തിൽ മരണങ്ങൾ ഒന്നും സംഭവിച്ചില്ല – ഒരു ഇരിക്കൂർ വിശ്വാസി മുന്നോട്ടു വന്ന് പറഞ്ഞു.
മാനസ അപരൻ ഇരിക്കൂർ ഇടനിലക്കാരന്റെ മനസ്സിൽ കയറി ഇരുന്ന് നോക്കി. അവിടെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നു! വിശ്വാസത്തിന് അപമാനകരം, ആപത്കരം! രോഗം അകറ്റുവാൻ പണിപ്പെട്ടു ചൊല്ലിയ പ്രാർത്ഥന പരാജയപ്പെട്ടിടത്ത് ഒരു മുതു സന്യാസിയുടെ മരുന്ന് ഫലിച്ചിരിക്കുന്നു!
മാനസ അപരൻ ഇരിക്കൂർ ഇടനിലക്കാരന്റെ മനസ്സിന്റെ മറ്റൊരു കോണിൽ പരിശോധിച്ചു – പ്രാർത്ഥിച്ചു രോഗം അകറ്റുവാൻ വന്നവരാണ് മിക്ക ഇരിക്കൂർ വിശ്വാസികളും. രോഗം മാറ്റിയോ എന്ന് ചോദിച്ചപ്പോൾ അവരുടെ മനസ്സുകളെ ദുർബലമാക്കി ഇരിക്കൂർ വിശ്വാസികൾ ആക്കുവാൻ കഴിഞ്ഞു എന്ന ഒരു ഉത്തരമേ ഇരിക്കൂർ ഇടനിലക്കാരന്റെ മനസ്സിൽ തെളിഞ്ഞു പൊന്തിവന്നുള്ളൂ.
ഇരിക്കൂർ വിശ്വാസികൾ എന്നോടൊപ്പം വരിക. ആ സന്യാസിയുടെ മായാജാലം അയാളെ ബന്ധിച്ചിരുന്ന ഈ ചുറ്റുപാടുകളിൽ ലയിച്ചു കിടക്കുന്നു. അത് ഉരുണ്ടു കൂടി വിശ്വാസികളിൽ മാനസ പരിവർത്തനമായ് ഉയർത്തെഴുന്നേൽക്കുമെന്ന് എനിക്ക് ഇരിക്കൂർ സത്തയുടെ ഉണർത്തു കിട്ടി. അതുകൊണ്ട് വരിക.
വിശ്വാസികളിൽ ഇരിക്കൂർ ഭക്തി ആളിക്കത്തി. ഇടനിലക്കാരൻ ശ്രേഷ്ടൻ! അദ്ദേഹത്തിന് ഇരിക്കൂർ സത്തയിൽ നിന്ന് നേരിട്ട് അറിയിപ്പു കിട്ടിയിരിക്കുന്നു! അവർ ഭയഭക്തിയോടെ ഇടനിലക്കാരനെ അനുഗമിച്ചു.
അയാൾ ഗ്രാമീണരെ സ്വാധീനിച്ച് ഗ്രാമത്തിൽ താവളമടിക്കുവാൻ വന്ന അവിശ്വാസി. അയാളെ വിശ്വസിക്കരുത്. അയാൾ അസുഖം വിതറി അയാൾ തന്നെ തിരിച്ചെടുക്കുന്നു. അതിന്റെ കെടുതികളായി അസുഖങ്ങളും എന്തിന് മരണം പോലും അകാലത്ത് ഗ്രാമീണരെ ചുറ്റി നടക്കുന്നു! എന്നിട്ടും നിങ്ങളിൽ ചിലർക്ക് അയാളോട് കനിവ് തോന്നി! എല്ലാം അയാളുടെ ജാലവിദ്യ. വിശ്വാസികൾ അതിൽ ഭ്രമിച്ച് ജാലവിദ്യക്കടിപ്പെട്ട് അയാളെ വാഴ്ത്തരുത്.
കെട്ടഴിക്കാതെ അയാൾ രക്ഷപ്പെട്ടിരിക്കുന്നു! അത്ഭുതം! ഒരു വിശ്വാസിയുടെ തീവ്രമായ ശബ്ദം.
അത്ഭുതം! ഈ തോന്നൽ അവന്റെ മായയുടെ സ്വാധീനമാണ്. ഈ തോന്നൽ ഉള്ളിൽ ഉള്ളവർ ഇനി ഒരക്ഷരം സഭയിൽ പറയണ്ട. അവർ ഇരിക്കൂർ സത്തയെ ധ്യാനിച്ച് തുടർച്ചയായ് ഇരിക്കൂർ മന്ത്രം ജപിക്കുക. ആ തോന്നൽ ഇരിക്കൂർ സത്ത എടുത്തു കളയുന്നതു വരെ. യഥാർത്ഥ അത്ഭുതങ്ങൾ ഇടനിലക്കാരനിലൂടെയേ ഇരിക്കൂർ സത്ത പുറപ്പെടുവിക്കുകയുള്ളു – ഇടനിലക്കാരന്റെ ശബ്ദം വീണ്ടും മുഴങ്ങി – ഒരു അവിശ്വാസി അത്ഭുതം കാട്ടി എന്ന് വിശ്വാസി പറയുന്നതു തന്നെ പാപമാണ്. ഇരിക്കൂർ വിശ്വാസപ്രമാണങ്ങൾക്ക് അത് എതിരാണ്. ജാല വിദ്യ കാട്ടുന്നവൻ തീയിൽ ചാടും. കെട്ടി വരിഞ്ഞു പുഴയിൽ ഇട്ടാൽ കെട്ടഴിച്ചു രക്ഷപ്പെടും. ഉണർന്നിരിക്കുന്നവനെ മായ കാട്ടി ഉറക്കും. അവന് കെട്ടിൽ നിന്ന് ഊരിയെടുക്കൽ വെറും നിസ്സാര കാപട്യം. ഭീരു, ഇരുട്ടിന്റെ മറ പറ്റി അവൻ രക്ഷപ്പെട്ടിരിക്കുന്നു. ഇല്ലെങ്കിൽ കഴിഞ്ഞ രാത്രിയിലെ കൊടും തണുപ്പ് സൂചി മുനകളായ് അവന്റെ ശരീരത്തിൽ കുത്തിക്കയറി പിന്മാറുമ്പോൾ പ്രഭാതത്തിൽ മറ്റൊരു താണ്ഡവം കൂടി അവന്റെ ശരീരത്തിൽ ഏൽപ്പിക്കാമായിരുന്നു.
പീഢിപ്പിക്കുവാൻ നമുക്ക് അവകാശമുണ്ടോ? മറ്റൊരു വിശ്വാസി.
ഉണ്ട് അവിശ്വാസി എന്ന ഒറ്റക്കാരണത്താൽ. അംഗബലം കൊണ്ട് നമ്മൾ അവിശ്വാസികളേയും അർദ്ധ വിശ്വാസികളേയും പിന്നിൽ ആക്കിയിരിക്കുന്നു. വിജയിക്കുന്നവനാണ് ശക്തി. പരാജിതൻ വിജയിക്കുന്നവനെ അനുസരിച്ച് നിൽക്കണം. അവന്റെ ആശയങ്ങളെ ഉൾക്കൊള്ളണം. അവന്റെ വിശ്വാസങ്ങളെയും. അല്ലെങ്കിൽ പീഡനം. അതാണ് ഇരിക്കൂർ വിശ്വാസ പ്രമാണം.
9
ഗ്രാമത്തിന്റെയും ഇരിക്കൂർ രാജ്യത്തിന്റെയും തെക്കേ അതിർത്തിയിലെ കോടാലിപ്പുഴ കടന്നവർ കോടാലിക്കുന്ന് ഓടിക്കയറി. അവർക്കുള്ളിൽ കൈമാറുവാനുള്ള വാർത്തയുടെ ഉണർവ്വും ആവേശവുമുണ്ടായിരുന്നു. കേട്ടവർ വാർത്ത കൈമാറുവാനുള്ള ആവേശത്തിൽ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ഓടി നടന്നു പറഞ്ഞു – സന്യാസിയപ്പൻ ജലസമാധി കൊണ്ടു!
ജലസമാധി! ഇരിക്കൂർ ഇടനിലക്കാരന്റെ ചുണ്ടുകൾ പുച്ഛത്തിൽ കുലുങ്ങുകയും മുഖത്ത് ഹാസ്യരസം വന്ന് നിറയുകയും ചെയ്തു – രാത്രിയിലെ കൊടും തണുപ്പിൽ ചത്തു വിറങ്ങലിച്ചു, ഏതോ ഇരിക്കൂർ വിശ്വാസി ഗ്രാമത്തിൽ നിന്ന് ആ നിഷേധിയുടെ ജഡം താങ്ങി പുഴയിൽ വലിച്ചെറിഞ്ഞു. ഹഹഹാ…… കാരുണ്യവാനായ ഇരിക്കൂർ സത്തയുടെ സന്ദേശം എനിക്കുള്ളിൽ ഇപ്പോൾ എത്തിയിരിക്കുന്നു. ഭാഗ്യം! അല്ലെങ്കിൽ അവിശ്വാസിയുടെ ജഡം കണ്ട് ഉണരുക എന്ന നിർഭാഗ്യത്തിന് ഇരിക്കൂർ വിശ്വാസികൾ സാക്ഷ്യം വഹിച്ചേനെ! ഇനി നമുക്ക് സംതൃപ്തിയോടെയും സന്തോഷത്തോടെയും പുഴവക്കിലേക്ക് നീങ്ങാം. അനുവാദമില്ലാതെ ഗ്രാമത്തിൽ എത്തിയ ഒരവിശ്വാസിയെ ഇരിക്കൂർ സത്ത തന്റെ വിശ്വാസികളിലൂടെ കെട്ടി വരിഞ്ഞു ശിക്ഷിച്ചതിന്റെ ബാക്കിപത്രങ്ങൾ കാണാം. ആ കാഴ്ച വിശ്വാസികളിലെ വിശ്വാസത്തെ ആഴത്തിൽ ബലപ്പെടുത്തും. അത് അവിശ്വാസികൾക്ക് പുതിയ ഒരു പാഠവും ഇരിക്കൂർ വിശ്വാസത്തിലേയ്ക്ക് വരുവാനുള്ള അവസരവും ഒരുക്കും – ഇടനിലക്കാരൻ മൂക്കിലെ കറുത്ത പുള്ളിയിൽ ആഞ്ഞു തലോടി.
ഇടനിലക്കാരനും വിശ്വാസികളും നടന്നു. അവിശ്വാസികളുടെ വീടുകൾക്കു മുന്നിൽ എത്തിയപ്പോൾ ഇടഞ്ഞ ആനയെപ്പോലെ ഇടനിലക്കാരന്റെ ഭാവം മാറി. അവിശ്വാസികളുടെ വീടുകൾക്കു നേരെ പോയ അയാളുടെ നോട്ടത്തിൽ വെറുപ്പും പകയും ഒഴുകിച്ചെന്നു. വാക്കുകളിലും അതിന്റെ സമ്മർദ്ദം നിഴലിച്ചു – അവിശ്വാസം എന്ന പാപഭാരം ചുമന്നു നടന്ന ഒരുവനെക്കൂടി ഇരിക്കൂർ സത്ത കീഴടക്കിയിരിക്കുന്നു തന്റെ വിശ്വാസികളിലൂടെ – അവർ അവിശ്വാസികളുടെ വീടുകൾക്കു ചുറ്റും ആടിയും പാടിയും ആനന്ദ ലഹരി പങ്കിട്ടു – വരുവിൻ, വരുവിൻ ഇരിക്കൂർ വിശ്വാസത്തിലേക്ക്, പാപമോചനത്തിനുള്ള ഏക വഴിയിലേയ്ക്ക് – അവിശ്വാസികളുടെ വീടുകൾക്കു ചുറ്റും കറങ്ങി മതി വന്നപ്പോൾ അവർ കുന്നിറങ്ങുവാൻ തുടങ്ങി.
അതാ!!
കുന്നിറങ്ങി പുഴവക്കിൽ ആദ്യം എത്തിയ ഒരു വിശ്വാസി വിളിച്ചു പറഞ്ഞു. വിശ്വാസികളുടേയും ഇടനിലക്കാരന്റെയും കണ്ണുകൾ ആ ഭാഗത്തേക്ക് തിരിഞ്ഞു. കോടാലിപ്പുഴയുടെ ഓളങ്ങൾ തീർത്ത ഒരു വട്ടച്ചുഴിയിൽ സന്യാസിയുടെ ജഡം വട്ടം കറങ്ങുന്നു, പഞ്ഞിക്കെട്ടുപോലെ വെളുത്തുനീണ്ട മുടിയിഴകളെ ജലം തലോടി മയക്കുന്നു. നീലാകാശത്തിൽ മേഘങ്ങൾ പോലെ ആ മുടിയിഴകൾ പതിയെ ജലത്തിൽ കൂടി തെന്നി നീങ്ങുന്നു. പുഴയോരത്തെ വൃക്ഷങ്ങളിൽ പക്ഷികളുടെ ഗംഭീരമായ സംഗീത സദസ്സ് അരങ്ങു തകർക്കുന്നു. ആ ശബ്ദ സാന്ദ്രത ശോകമൂകമല്ല. ഉണർത്തു പാട്ടുകളും കാമ സല്ലാപങ്ങളും അതിന്റെ ശ്രുതിയിൽ ലയിച്ചിരിക്കുന്നു. ചില പക്ഷികൾ പുഴയിൽ വന്ന് സന്യാസിയപ്പന് മേൽ ഇത്തിരി നേരം വട്ടം പറന്നിട്ട് മടങ്ങിപ്പോകുന്നു. ചക്രവാളപ്പക്ഷി ഒരു നിരീക്ഷകനെപ്പോലെ
നോക്കൂ, പുഴയും നമ്മളെപ്പോലെ ആനന്ദ ലഹരിയിലാണ്. ഇരിക്കൂർ സത്തയുടെ ശക്തി പുഴയിലൂടെ പ്രവഹിക്കുന്നു. ഒരവിശ്വാസിയുടെ ജഢത്തെ ഒഴുക്കിക്കളയുന്നതിന് മുമ്പ് വട്ടം കറക്കി അവിശ്വാസം കുടഞ്ഞു കളയുകയാണ്. അവിശ്വാസിയും അവിശ്വാസവും ഭൂമിക്കു ഭാരമാണ് – ഇരിക്കൂർ ഇടനിലക്കാരന്റെ നാവ് ആവേശത്തോടെ ഇളകിയാടി – ഇരിക്കൂർ സത്തയുടെ അനുഗ്രഹം ആകാശത്തുനിന്ന് മഴയായും വെയിലായും പെയ്തിറങ്ങുന്നു. ഭൂമിയിൽ അത് വിത്തായും വിളയായും പരിണമിക്കുന്നു. അത് ഭക്ഷിക്കുന്നവന് ഇരിക്കൂർ സത്തയോട് നന്ദിയില്ലെങ്കിൽ അവന്റെ ആത്മാവറ്റ ശരീരത്തെ ഇതുപോലെ വട്ടം കറക്കി പീഢിപ്പിക്കും. ഇത് ഭൂമിയിൽ നമുക്ക് ബോധ്യമായ ശിക്ഷ. ഇനി ആത്മാവിന് നരകത്തിലെ പീഡനങ്ങൾ വേറെ.
ഇടനിലക്കാരന്റെ കറങ്ങി ചുറ്റിയിരുന്ന കണ്ണുകൾ അപ്പോൾ ഭാവത്തിൽ രൂക്ഷമായി. രൂക്ഷമായത് പുഴയിലേക്ക് ഇറങ്ങിയവർക്ക് നേരെ. ഇറങ്ങിയത് ചില അവിശ്വാസികളും അർദ്ധ വിശ്വാസികളും.
എന്തേ എന്ന ധിക്കാരം ഇടനിലക്കാരന്റെ കണ്ണുകളിൽ നിഴലിച്ചു.
സന്യാസിയുടെ ജഡം കരയിലേക്ക് എടുത്ത് ഗ്രാമത്തിൽ സംസ്ക്കരിക്കണം – ഇറങ്ങിയവർ പറഞ്ഞു.
ഇടനിലക്കാരനിൽ ചിരി ആളി പെയ്തു, വിശ്വാസികളിലേക്ക് അത് പടർന്ന് ചിരിയുടെ പെരുമഴയായ്.
ചിരിമഴ കെട്ടടങ്ങി.
മനസ്സിലായോ ഈ ചിരികളിലെ പരിഹാസം? ഇടനിലക്കാരൻ ചോദിച്ചു – പരദേശിയായ ഒരവിശ്വാസിയുടെ ജഡം ഗ്രാമത്തിൽ സംസ്ക്കരിക്കുക! മ്ലേച്ചം.
ജീവനെ പിടിച്ചു നിർത്തുവാൻ സഹായിക്കുന്നവനായിരുന്നു പുഴയിൽ കിടക്കുന്ന സന്യാസി. അയാൾക്കു ശത്രുവില്ല. അയാളുടെ നരച്ച രോമങ്ങൾക്ക് അടിയിൽ ഊറിയ ചിരി സർവ്വചരാചരങ്ങൾക്കു നേരെയും സമമായാണ് വീണുകൊണ്ടിരുന്നത് – പുഴയിൽ നിന്ന അവിശ്വാസികളുടെ ശബ്ദം കരകയറി വന്നു.
ചെകുത്താൻ, ചെകുത്താൻ……- ചെന്തീര എന്ന പെൺകുട്ടി എവിട നിന്നോ ഓടിക്കിതച്ചെത്തി ഇടനിലക്കാരന് നേരെ വിരൽ ചൂണ്ടി നിന്നു – ഹഹഹാ….ഹി,ഹി,ഹുവേ….. എന്ന് ഉറക്കെ ഉറക്കെ വിളിച്ചു.
പുഴ നീന്തിക്കടന്നതിന്റെ ലക്ഷണങ്ങൾ അവളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്നു. ഉടുവസ്ത്രങ്ങൾ ശരീരത്തോട് ഒട്ടിപ്പിടിച്ചു കിടന്നു. ശരീരമാകെ പറ്റിപ്പിടിച്ചിരുന്ന ജലം ഒലിച്ചും നീർത്തുള്ളികളായും തറപറ്റിക്കൊണ്ടിരുന്നു.
മാറി നിൽക്കുവിൻ – അവൾ ചിരി നിർത്തി പറഞ്ഞു – അയാളുടെ ഉള്ളിൽ ഒരു വലിയ ചെകുത്താൻ പതുങ്ങി ഇരിക്കുകയാണ്. ഞാനൊരിക്കൽ കണ്ടു. ഹോ! കൂർത്ത പല്ലുകൾ…… അവൾ ഇടനിലക്കാരനു നേരെ ചൂണ്ടി നിന്നു പറഞ്ഞു.
മന്ദബുദ്ധി, മന്ദബുദ്ധി…. എന്നാക്രോശിച്ചുകൊണ്ട് ഇരിക്കൂർ വിശ്വാസികൾ കല്ലുകൾ അവൾക്കുനേരെ വലിച്ചെറിഞ്ഞു. അവളുടെ ഭാവം മാറിയില്ല. അവൾ പൊട്ടിച്ചിരിയോടെ കോടാലിപ്പുഴയിലേക്ക് എടുത്ത് ചാടി പുഴ നീന്തിക്കടന്ന് പുഴയ്ക്കക്കരയുള്ള അവിശ്വാസികളുടെ വാസസ്ഥലത്തേക്കു പോയി.
അയ്യോ, പാവം – അവളുടെ കൗമാരത്തിളക്കത്തിലേക്ക് നോക്കിക്കൊണ്ട് ഇടനിലക്കാരൻ പറഞ്ഞു – അവളെ ഉപദ്രവിക്കരുത്. പാപിയുടെ ആത്മാവിൽ പിറന്നു പോയി. നേരും, നെറിയും തിരിച്ചറിയുകയില്ല. അവളുടെ വാക്കുകൾക്ക് ഇരിക്കൂർ വിശ്വാസത്തിന് കേടുപാടുകൾ വരുത്തുവാൻ കഴിയുകയില്ല.
പിന്നാലെ പാഞ്ഞു വരുന്ന കല്ലുകൾ! മന്ദബുദ്ധി എന്ന വിളി! അവളുടെ സ്വാതന്ത്ര്യബോധം ഉലഞ്ഞു. അവൾക്കു സ്വതന്ത്രമായ് കൂവി വിളിക്കണം, പൊട്ടിച്ചിരിക്കണം.
ഇരുൾ സ്ഥലികളിൽ അവളുടെ ആന്തരിക വെളിച്ചം ഉണരും- പുഴയിൽ നിന്ന് അലയടിക്കുന്നതുപോലെ ഒരു ശബ്ദം കരകയറി വന്നു. പുഴവക്കിൽ നിന്നവരാകെ ഞെട്ടിത്തിരിഞ്ഞു – സന്യാസിയപ്പൻ, അയാൾ മരിച്ചിട്ടില്ല!
മാനസ അപരൻ അവരുടെ ആശ്ചര്യത്തിലും ഞെട്ടലിലും ഊഷ്മാവുയർന്ന മനസ്സുകളിൽ തൊട്ട് കളിച്ച് ഇടനിലക്കാരന്റെ മനസ്സിൽ എത്തി ആഴത്തിൽ പരത്തുമ്പോൾ അത്ഭുത സ്തബ്ധനായി. അത് വലിയ അറിവുകളുടെ ആഴവും പറപ്പും കൊണ്ട് അയാൾക്ക് ചുറ്റിലും നിന്ന ഇരിക്കൂർ വിശ്വാസികളിൽ നിന്ന് അടിമുടി വിഭിന്നമായിരിക്കും എന്ന് കരുത്തിയതാണ്. പക്ഷേ,
അത് കാപട്യങ്ങൾ കൊണ്ട് ഞെങ്ങി, ഞെരുങ്ങി സങ്കുചിതമായ് വർഷങ്ങളായ് വലയടിക്കാത്ത ഒരു ഇടമുറിപോലെ ഇരുണ്ടു കിടക്കുന്നു!
മാനസ അപരൻ ഇടനിലക്കാരന്റെ മനസ്സിൽ തൊട്ടു നോക്കി. അത് മഞ്ഞുപോലെ തണുത്തുറയുന്നു! സന്യാസിയപ്പന്റെ മരണം സ്ഥിരീകരിച്ചു അബദ്ധനായതിന്റെ ജാള്യതയിൽ നിന്നാണ് ആ തണുപ്പ് അരിച്ചു കയറുന്നത്! ഒരായിരം തവണ സന്യാസിയപ്പനെ കൊല്ലുവാനുള്ള വൈരം ആ ശൈത്യത്തിൽ നിഴലിക്കുന്നത് മാനസ അപരൻ കണ്ടു. മറ്റു മനസ്സുകളിൽ കണ്ടിട്ടില്ലാത്ത അത്ഭുത കാഴ്ച മാനസ അപരനെ പിടിച്ചു നിർത്തി. ഇടനിലക്കാരന്റെ മനസ്സിനെ ഒരു കർട്ടൻ രണ്ടായി വിഭജിച്ചിരിക്കുന്നു. കർട്ടനിപ്പുറം വിശ്വാസികൾക്കായ് തുറക്കപ്പെടുന്ന സ്ഥലം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കർട്ടനപ്പുറം വിശ്വാസികൾക്കായ് തുറക്കപ്പെടുവാൻ പാടില്ല എന്ന് എഴുതി ചേർത്തിരിക്കുന്നു. വിശ്വാസികൾക്കായ് തുറക്കപ്പെടുന്ന സ്ഥലത്ത് മാനസ അപരൻ ശ്രദ്ധിച്ചു – കരുണ, സ്നേഹം, ആർദ്രത, സാഹോദര്യം, പരദു:ഖം പങ്കിടുവാനുള്ള മഹാ മനസ്കത, രോഗികളെ ശുശ്രൂഷിക്കുവാനുള്ള ഹൃദയ വിശാലത തുടങ്ങിയവ നിർലോഭം അടുക്കിയിട്ടിരിക്കുന്നു. പിന്നെ ഒരു പരസ്യപ്പലക – വിശ്വാസങ്ങളിൽ വച്ച് ഏറ്റവും മെച്ചമായത്!
മാനസ അപരൻ ഇടനിലക്കാരന്റെ മനസ്സിലെ കർട്ടൻ ഉയർത്തി നോക്കി. കർട്ടനപ്പുറം വലിയ ഒരു കച്ചവട സ്ഥാപനം! ലാഭനഷ്ടങ്ങളുടെ നീണ്ട കുറിപ്പുകൾ അവിടെ അടുക്കി വച്ചിരിക്കുന്നു. ഇപ്പുറത്ത് വച്ചിരിക്കുന്ന കരുണ സ്നേഹം എല്ലാത്തിനും വിലയിട്ടു വച്ചിരിക്കുന്നു. സ്ഥാപനത്തിൽ ആദ്യം എത്തുന്നവന് കൊടുക്കേണ്ട ആനുകൂല്യങ്ങൾ , അവനെ സ്ഥിരം ഉപഭോക്താവാക്കുവാനുള്ള കുറുക്കു വിദ്യകൾ! ഏറ്റവും ഒടുവിൽ സ്ഥാപനത്തിലേക്ക് വീഴുന്ന സ്ഥിരം ഉപഭോക്താവിന്റെ നാണയങ്ങളിലേയ്ക്ക് ആർത്തിയോടെ നോക്കിയിരിക്കുന്ന മൊത്തക്കച്ചവടക്കാർ! അവരിൽ നിന്നാണ് ഇടനിലക്കാരൻ വിദ്യകൾ വാങ്ങിക്കൊണ്ടു വരുന്നത്. അതുകൊണ്ട് വിറ്റുവരവിന്റെ മുന്തിയ ഭാഗവും മൊത്തക്കച്ചവടക്കാരനിലേക്കു പോകുന്നു. അവർ ഏറ്റവും വിലപിടിപ്പുള്ള വസ്ത്രങ്ങൾ ധരിച്ച് മുന്തിയ വാഹനങ്ങളിൽ യാത്ര ചെയ്ത് കൊട്ടാര മുറികളിൽ വിശ്രമിക്കുന്നു. ഇനിയെന്തെങ്കിലും, മാനസ അപരൻ ചുറ്റിക്കറങ്ങി. അങ്ങിങ്ങ് ഭൗതിക ജീവിതത്തിന്റെ അടിച്ചമർത്തുവാൻ കഴിയാത്ത ആസക്തികൾ വിശന്നു വലഞ്ഞ സിംഹത്തെപ്പോലെ ചുറ്റിക്കറങ്ങുന്നു!
10
പുഴവക്കിൽ കൂടി നിന്നവരുടെ കണ്ണുകൾ അത്ഭുതത്തോടെ ആ കാഴ്ച കണ്ടു – സന്യാസിയപ്പൻ കണ്ണുകൾ തുറന്ന് ജലോപരിതലത്തിൽ കൈകൾ താങ്ങി എഴുന്നേൽക്കുന്നു! അയാൾ നീട്ടി വയ്ക്കുന്ന കാൽപാദങ്ങളെ താഴ്‌ന്നു പോകാതെ ജലം താങ്ങിപ്പിടിക്കുന്നു. സത്യമോ മിഥ്യയോ എന്നറിയാതെ അവർ ഭ്രമചിത്തരായ് നിന്നു.
സന്യാസിയപ്പൻ ശാന്തനായ് ചിരിച്ചുകൊണ്ട് കരയ്ക്കു കയറി – എന്നോട് ക്ഷമിക്കൂ, നിങ്ങളോട് പറയാതെ ഗ്രാമം വിട്ടതിന്. എന്റെ പ്രഭാതങ്ങൾ ഒരു നൂറ്റാണ്ടിനപ്പുറമായ് ഉണരുന്നത് ജലോപരിതലത്തിനു മുകളിലാണ്. കുറച്ചു ദിവസങ്ങളിലെ നീണ്ട യാത്രയിൽ ആ പതിവ് തെറ്റി. ഇപ്പോൾ അലിവാർന്ന ഈ പ്രകൃതിയും പുഴയും അതിനുള്ള സന്ദർഭം ഒരുക്കിത്തന്നു. നന്ദി – സന്യാസിയപ്പൻ നദിക്കരയിൽ നെറ്റി തൊട്ടു നമസ്ക്കരിച്ചു.
വിശ്വാസികൾ എന്നോടൊപ്പം വരിക-ആജ്ഞാ ശക്തിയിൽ മുഴങ്ങിയ ഇരിക്കൂർ ഇടനിലക്കാരന്റെ വാക്കുകളിൽ പരാജിതന്റെ ഇടറിയ സ്വരം പതിഞ്ഞിരുന്നു. അയാൾക്കുള്ളിൽ ഇരുണ്ടു കൂടിയ കാർമേഘങ്ങൾ ഇടി വെട്ടുവാൻ ത്രാണി ഇല്ലാത്ത മേഘ ചലനങ്ങളായ് ചുറ്റിക്കറങ്ങി. എങ്കിലും കണ്ണുകളിൽ തീപ്പന്തമാടി – പരാജയം ഇരിക്കൂർ സത്തയുടെ പരീക്ഷണമാണ്. ജാലവിദ്യ കാട്ടുന്നവൻ അതിൽ അഹങ്കരിക്കുകയും ആഹ്ലാദിക്കുകയുമരുത് – ഇടനിലക്കാരൻ സന്യാസിയപ്പനുനേരെ കൈ ചൂണ്ടി.
ഒന്നും വെട്ടിപ്പിടിക്കുവാൻ ഇല്ലാത്തവൻ എന്തിന് വിജയവും പരാജയവും അന്വേഷിക്കണം? സന്യാസിയപ്പൻ ശാന്തമായ് ചോദിച്ചു – ജീവൻ നിലനിർത്തുവാനുള്ള വഴി തേടുക എന്റെ ജന്മാവകാശമല്ലേ, അത് തേടുക മാത്രമായിരുന്നു. ഞാൻ ജീവിക്കുന്നത് മറ്റുള്ളവരുടെ പരാജയം ആകുന്നതെങ്ങനെ?
വിശ്വാസത്തടവറ തുറന്നു കയറിയ നീ കടുത്ത വിശ്വാസ നിന്ദയാണ് കാട്ടിയത്. അവിടം പിൻതിരിപ്പന്മാരുടെ തടവറ മാത്രമല്ല ഒരോ വിശ്വാസിയിലും കടന്നു കൂടുന്ന പിൻതിരിപ്പൻ ആശയങ്ങളും വിശ്വാസ മൗലിക ജീവിതത്തിന് വിഘാതമാകുന്ന ചിന്തകളും കഴുകി ഇറക്കി മനസ്സ് ശുദ്ധമാക്കുന്ന സ്ഥലം കൂടിയാണ്.
അത് വാക്ക്ഷേത്രമാണ് – സന്യാസിയപ്പൻ പറഞ്ഞു.
ഇടനിലക്കാരൻ ഇടപെട്ടു – ഇയാളുടെ വാക്കുകൾക്കു നേരെ വിശ്വാസികൾ ചെവി അടച്ചു നിൽക്കുവിൻ.
ഇടനിലക്കാരന്റെ ആജ്ഞ വിശ്വാസികൾ അനുസരിച്ചു. അവർ സന്യാസിയപ്പന്റെ ചുണ്ടനങ്ങുമ്പോൾ അതി വേഗം വിരലുകൾ കൊണ്ട് ചെവി പൊത്തിപ്പിടിച്ചു.
വാക്ക്ഷേത്രം അറിവുകളുടെ സിരാകേന്ദ്രമാണ് – സന്യാസിയപ്പൻ പറഞ്ഞു – അവിടം അടച്ചുപൂട്ടുക എന്നത് മാനസിക വികാസത്തിന് ഉചിതമല്ല. നിങ്ങൾ, വിശ്വാസികളുടെ ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യത്തെ വിശ്വാസത്തടവറയിൽ അടച്ചിടുന്നതെന്തിന്. വിശാലമായ ഈ ലോകത്തിന്റെ അനന്തത്തയിലേക്ക് പാഞ്ഞു പോകേണ്ട അവരുടെ ചിന്തകളെ നിങ്ങൾ വിശ്വാസത്തടവറയിൽ ഒതുക്കി സങ്കുചിതമാക്കുകയാണ്. നിങ്ങൾക്ക് വേണ്ടത് നിങ്ങളുടെ മാനസിക പീഡനമേറ്റ് തളർന്ന് സ്വയം നിൽക്കുവാൻ കെൽപ്പില്ലാത്ത മനസ്സുകളെയാണ്.
ഇടനിലക്കാരൻ സന്യാസിയപ്പനോട് അടുത്ത് പതിയെ സന്യാസിയപ്പന്റെ ചെവിയിൽ പറഞ്ഞു – വിശ്വാസിയുടെ മനസ്സ് ഇടനിലക്കാരന് അവകാശപ്പെട്ടതാണ്. വിശ്വാസി ചിന്തിക്കേണ്ടതെന്തെന്നും അരുതാത്തതെന്തെന്നും ഇടനിലക്കാരൻ തീരുമാനിക്കും. അരുതാത്തത് ചിന്തയിൽ കടന്നു കൂടിയാൽ അത് വിശ്വാസത്തടവറയിൽ ഉപേക്ഷിക്കും. അതിനുള്ള തെളിബുദ്ധിയുള്ളവരാണ് ഇരിക്കൂർ വിശ്വാസികൾ. വിശ്വാസത്തടവറ ഇരിക്കൂർ വിശ്വാസത്തിന്റെ ജീവ വായുവാണ്. വാക്ക്ഷേത്രങ്ങൾ വിശ്വാസത്തടവറകളാക്കി അടച്ചിട്ടുകൊണ്ടാണ് ഇരിക്കൂർ വിശ്വാസം വളർന്നു പന്തലിച്ചതു. ഞങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതിനെ പിഴുതെറിയും.
നിങ്ങൾ അടച്ചിടുന്നത് തുറന്നിടുവാനാണ് കാലം എനിക്കു തന്ന നിയോഗം – സന്യാസിയപ്പൻ ശാന്തമായ് ചിരിച്ചുകൊണ്ട് പറഞ്ഞു- നിങ്ങൾക്ക് ഒരു മനുഷ്യനെ പിഴുതെറിയാം. എന്നാൽ മറ്റൊരാളിലൂടെ കാലം അതിന്റെ നിയോഗം നടപ്പിലാക്കും. മനസ്സുകൾ അധ:പതിക്കുമ്പോൾ അതിനെ കഴുകി ശുദ്ധമാക്കുവാൻ എവിടെ നിന്നെങ്കിലും നന്മകൾ ഉയിർത്തെഴുന്നേൽക്കും. അത് മാനവിക ചരിത്രം. ഇപ്പോൾ ഈ പുഴയോര ഗ്രാമത്തിൽ അങ്ങനെയൊരു ചരിത്ര നിയോഗമാണ് പ്രകൃതി എനിക്കു തന്നിരിക്കുന്നത്. അതുകൊണ്ട് ഞാൻ പക്ഷപാതിയോ കടന്നു കയറ്റക്കാരനോ അല്ല. കേവലം പ്രകൃതിയോട് വിധേയത്വം ഉള്ളവൻ മാത്രം.
ഇടനിലക്കാരൻ രൂക്ഷ ഭാവത്തിൽ സന്യാസിയപ്പനെ നോക്കിയിട്ട് വിശ്വാസികളെ നോക്കി കൽപ്പിച്ചു – വരിക.
വിശ്വാസികൾ ഇടനിലക്കാരനു പിന്നാലെ കോടാലിക്കുന്ന് കയറുവാൻ തുടങ്ങി.
വിശ്വാസത്തടവറയുടെ മുന്നിൽ എത്തിയപ്പോൾ ഇടനിലക്കാരൻ സ്തംബിച്ചു നിന്നു പോയി. വിശ്വാസത്തടവറ വീണ്ടും ചപ്പുചവറുകൾ നീക്കി വൃത്തിയാക്കിയിരിക്കുന്നു. ചുരണ്ടിക്കളഞ്ഞിടത്ത് വീണ്ടും വാക്ക്ഷേത്രം എന്ന് എഴുതിപിടിപ്പിച്ചിരിക്കുന്നു!
ആളിക്കത്തിയ കോപാഗ്നിയോടെ ഇടനിലക്കാരൻ അകത്തേക്ക് പ്രവേശിക്കുവാൻ ഒരുങ്ങിയപ്പോൾ മുകളിൽ നടുങ്ങുന്ന ഒരു ചിറകടി ഒച്ച. അകത്ത് പ്രവേശിച്ച് ചപ്പു ചവറുകൾ വാരിയിട്ട് വാക്ക്ഷേത്രത്തെ വീണ്ടും വിശ്വാസത്തടവറ ആക്കുവാൻ തുടങ്ങിയപ്പോൾ ആ പക്ഷിയുടെ വലിയ ചിറകുകൾ കോടാലിപ്പുഴ ലക്ഷ്യമാക്കി തുഴയുവാൻ തുടങ്ങി.
അല്ല! വിശ്വാസത്തടവറക്ക് കാവൽ ഏൽപ്പിച്ചിരുന്നവർ എവിടെ? ഇടനിലക്കാരൻ ജ്വലിക്കുന്ന കണ്ണുകൾ ചുറ്റുപാടും പായിച്ചു.
അതാ, അവിടെ – ഒരു വിശ്വാസി ചൂണ്ടിക്കാണിച്ചിടത്ത് കാവൽ നിന്നവർ ആഹ്ലാദത്തോടെ ഒത്തിരുന്ന് ചിരിക്കുന്നു!
ഇവരെ ഏതോ മൂഢത്വം ബാധിച്ചിരിക്കുന്നു. ഒരു പക്ഷേ ആ സന്യാസി ഇവർക്ക് മുകളിലും ജാലവിദ്യ പ്രയോഗിച്ചിരിക്കാം- മുഖത്ത് വലിഞ്ഞു കയറി വന്ന പരാജിതന്റെ ഭാവം ഇടനിലക്കാരൻ അതിവേഗം പറിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു – ഇരിക്കൂർ സത്ത ജാലവിദ്യക്കാരനെ ഉയർത്തിപ്പിടിച്ചു രസിക്കുകയാണ്. എന്നിട്ട് നമ്മൾ വിശ്വാസികൾ കാൺകെ ?ഡിം? എന്ന് തള്ളിയിടും. ഹഹഹാ…
വിശ്വാസികളിലും ചിരി മുളച്ചു വിടർന്നു. എന്നാലും സന്യാസിയപ്പനേതോ അജ്ഞാത ശക്തിയുണ്ടെന്ന വിചാരം അവരിൽ നിഴലിച്ചു.
വാക്കുകൾക്ക് ചൈതന്യവും ശക്തിയും ഉണ്ടെന്ന് സന്യാസിയപ്പൻ വിശ്വാസത്തടവറയ്ക്കു മുന്നിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ഒരു പക്ഷേ ആ വാക്കുകളുടെ ശക്തിയിൽ കാവൽക്കാർ ലയിച്ചു മയങ്ങിയിരിക്കുന്നതാവാം – ഒരു വിശ്വാസിയുടെ സംശയം പതുങ്ങി പതുങ്ങി പുറത്തു ചാടി.
വിശ്വാസീ – ഇടനിലക്കാരൻ ഇടി വെട്ടുമ്പോലെ വിളിച്ചു – മൂഢത്വം കണ്ടാലും മനസ്സിൽ തോന്നരുത്. തോന്നിയാലും പറയരുത്. പറയാതിരുന്നെങ്കിൽ തോന്നിയ നീ മാത്രം
ആ മൂഢത്വം വിശ്വാസത്തടവറയിൽ ഉപേക്ഷിച്ചാൽ മതിയായിരുന്നു. ഇപ്പോൾ കേട്ടു നിന്ന എല്ലാവരും അത് ചെയ്യേണ്ടി വന്നിരിക്കുന്നു! വിശ്വാസികൾ ഓരോരുത്തരായ് പാപ പരിഹാരം ചെയ്യുക.
വിശ്വാസികൾ ഓരോരുത്തരായ് വിശ്വാസത്തടവറയിൽ കയറി വാരിയിട്ട ചപ്പു ചവറുകൾക്കു മുകളിൽ മലർന്നു കിടന്നു.
കേട്ടുപോയ പാപവും ചിന്തിച്ചു പോയ പാപവും പറഞ്ഞുപോയ പാപവും ഇരിക്കൂർ നാമത്തിൽ ഇവിടെ കഴുകി കളയുന്നു- ഇടനിലക്കാരൻ ചൊല്ലിക്കൊടുത്തു. വിശ്വാസികൾ മൂന്നു പ്രാവശ്യം ഏറ്റു ചൊല്ലി. പിന്നെ, എഴുന്നേറ്റ് വിശ്വാസത്തടവറയിൽ മൂന്നു പ്രാവിശ്യം വീതം പുച്ഛരസത്തിൽ തുപ്പി പുറത്തിറങ്ങി.
കാവലാൾ മാറട്ടെ – ഇടനിലക്കാരൻ പറഞ്ഞു – മൂഢത്വം ബാധിച്ചവരെ ഗ്രാമത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോവുക.
വിശ്വാസികൾ ഇടനിലക്കാരനെ അനുസരിക്കുവാൻ ധൃതി കാട്ടി. കാവലാൾ മാറി, മൂഢത്വം ബാധിച്ചവരെ ഗ്രാമത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. വിശ്വാസികൾ പൊയ്ക്കഴിഞ്ഞപ്പോൾ ചക്രവാളപ്പക്ഷി പുതിയ കാവൽക്കാർക്കു മുകളിൽ വട്ടമിട്ടു പറന്നു. അതിന്റെ ചുണ്ടുകളിൽ നിന്ന് സന്യാസിയപ്പൻ ഇറ്റിച്ചുകൊടുത്ത ശാന്ത തൈലം ചിതറി തെറിച്ചു. അത് ശ്വസിച്ച പുതിയ കാവൽക്കാരും കുത്തിയിരുന്ന് പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.