11
അങ്ങ് ഞങ്ങൾക്കൊപ്പം ഗ്രാമത്തിലേക്ക് വരണം – പുഴയോരത്ത് നിന്ന അർദ്ധവിശ്വാസികൾ ഒരുമിച്ച് പറഞ്ഞു.
എന്തിന്? – സന്യാസിയപ്പൻ ചിരിച്ചു – കഴിഞ്ഞ രാത്രിയിലെ സ്വീകരണം നവാഗതൻ എന്ന നിലയിൽ ഞാൻ ഏറ്റുവാങ്ങിയല്ലോ , ഇനി! അയ്യോ ഞങ്ങൾക്ക് അതിൽ പങ്കില്ലായിരുന്നു. ഞങ്ങൾ അർദ്ധവിശ്വാസികളിൽ വിരലിലെണ്ണാവുന്നവർ മാത്രമേ അങ്ങയെ ബന്ധിക്കുവാൻ കൂട്ടു നിന്നുള്ളൂ.
പിന്നെ നിങ്ങൾ എന്നെ ക്ഷണിച്ചതു?
തിരിച്ചു തന്ന ജീവിതങ്ങൾക്കുള്ള നന്ദി, അത് വാക്കുകൾ കൊണ്ട് പ്രകടിപ്പിച്ചു തീർക്കുവാൻ കഴിയുന്നതല്ല. എന്നാൽ ഞങ്ങൾക്ക് പരിമിധികൾ ഉണ്ട്. കോട്ട പോലെ വളർന്ന പരിമിധികൾ. ഈ ഇരിക്കൂർ രാജ്യത്ത് ഇരിക്കൂർ ഇടനിലക്കാരന് വിധേയമായേ ഞങ്ങൾക്കു എന്തും ചെയ്യുവാൻ കഴിയുകയുള്ളൂ. ആളും, അർത്ഥവും കൊണ്ട് അയാൾ അത്രത്തോളം ബലവാനാണ്.
ബോധ്യമായി – സന്യാസിയപ്പൻ അവർക്കു നേരെ നോക്കി – നിങ്ങളും ഇരിക്കൂർ വിശ്വാസികളും നന്ദിയുള്ളവർ തന്നെ. മനസ്സിലാക്കിയിടത്തോളം ഇടനിലക്കാരൻ വിശ്വാസികളുടെ മനസ്സിലേക്കു കടത്തി വിടുന്നത് അജ്ഞതയുടേയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടാണ്. വെളിച്ചത്തിനു കടന്നു കയറുവാൻ കഴിയാത്ത വണ്ണം അയാൾ വിശ്വാസികളുടെ മനസ്സിനുചുറ്റും കോട്ടപോലെ ഇരുട്ട് നിറയ്ക്കുകയാണ്. അത് ഇടനിലക്കാരന്റെ നിലനിൽപ്പിന്റെ പ്രശ്നം. എന്നാൽ, ആ ഇരുട്ടിൽ വിശ്വാസികൾ ഗതികിട്ടാതെ, തപ്പിത്തടയുകയാണ്. അവരുടെ മനസ്സിലും നിറയെ നന്ദിയും കടപ്പാടും ഉണ്ട്. അതിനെ കടത്തിക്കൊണ്ടു വരുവാൻ അവർക്കു വെളിച്ചമില്ല. ഇടനിലക്കാരൻ നിശ്ചയിക്കുന്ന വഴിയിൽ കൂടി മാത്രമേ അത് പുറത്തേക്ക് വരികയുള്ളൂ.
ഞങ്ങൾ നിത്യവും അങ്ങേക്ക് ഭക്ഷണം കൊണ്ടു തരാം – അർദ്ധവിശ്വാസികളിൽ ഒരാൾ ഏറ്റവും സംതൃപ്ത ഭാവത്തോടെ അറിയിച്ചു.
ഞാൻ ഉണക്കിപ്പൊടിച്ച ചിലയിനം പച്ചിലക്കൂട്ടുകളും കാട്ടു പഴങ്ങളും മാത്രമാണ് ഭക്ഷിക്കുന്നത് – സന്യാസിയപ്പൻ സൗമ്യമായ് അവർക്കു നേരെ ചിരിച്ചു – ഇനി?
അവർ നോക്കി നിൽക്കേ സന്യാസിയപ്പൻ മുന്നോട്ടുപോയി പുഴ വക്കിലെ കൂറ്റൻ പാറയെ ഒരു വട്ടം വലം വച്ചു വന്ന് അതിന്റെ ചുവട്ടിൽ നെറ്റി തൊടുവിച്ചു. പിന്നീട് ഉദിച്ചുയരുന്ന സൂര്യനെ നന്ദിപൂർവ്വം നോക്കി – ഈ മനുഷ്യർ എന്നോട് നന്ദി പറയുന്നു! അപ്പോൾ നിന്നോട് ഞാൻ എങ്ങനെയാണ് നന്ദി പറയുക. നീ തരുന്ന വെളിച്ചവും ഊർജ്ജവും കൊണ്ടു ജീവിക്കുന്ന ഞാൻ ഇത്തിരി പച്ചിലപ്പൊടി വേർ തിരിച്ച് വാരി വിതറിയതിന് ഇവർ എന്നോടു നന്ദി പറയുന്നു!
സന്യാസിയപ്പൻ ഏതോ അപാരമായ തെറ്റു ചെയ്യുവാൻ പോകുന്നതുപോലെ പാറയ്ക്കു മുന്നിൽ നിന്ന് ദയാ കടാക്ഷത്തോടെ ഏത്തമിട്ടതിനുശേഷം പൊക്കണത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്ന് അസ്ത്രസമാനമായ ഒരു ആയുധം പുറത്തെടുത്തു. അതുപയോഗിച്ച് പാറയുടെ മുകളിലേക്ക് ഒരു ഗോവണിപ്പടി വരച്ച് അടയാളം ചെയ്തു. അടയാളപ്പെടുത്തിയ ഭാഗം ആയുധം കൊണ്ട് ചെറു തുണ്ടുകളായ് മുറിച്ചു മാറ്റി. ആ ആയുധത്തിനടിയിൽ പാറ ബലമില്ലാത്ത ഒരു വസ്തുപോലെ കീറി മുറിഞ്ഞു കൊണ്ടിരുന്നു. പുഴയോരത്ത് ചുറ്റിപ്പറ്റി നിന്ന അർദ്ധ വിശ്വാസികളുടെ നേർക്ക് സന്യാസിയപ്പന്റെ ശ്രദ്ധ പാളി വീണതേയില്ല. അർദ്ധ വിശ്വാസികൾ വീണ്ടും ചുറ്റിത്തിരിഞ്ഞ് സന്യാസിയപ്പന് അരികിൽ എത്തി.
എന്തേ? – സന്യാസിയപ്പൻ അവർക്കു നേരെ തിരിഞ്ഞു – എങ്ങനെയാണ് കഴിഞ്ഞ രാത്രി ആ കെട്ടുകളിൽ നിന്ന് മുക്തനായത്, അതല്ലേ നിങ്ങളെ അലട്ടുന്ന സംശയം.
ഊഹ സമർദ്ധൻ! തങ്ങൾ മനസ്സിൽ സ്വരുകൂട്ടിയ ചോദ്യങ്ങൾ ഒരു സൊാചന പോലും ലഭിക്കാതെ സന്യാസിയപ്പൻ ഊഹിച്ചെടുത്തു ചോദിച്ചിരിക്കുന്നു!
അവർ നോക്കി നിൽക്കേ സന്യാസിയപ്പൻ നിന്ന നിൽപ്പിൽ നിശ്വസിക്കുവാൻ തുടങ്ങി. നിശ്വാസത്തിൽ ശരീരമാകെ കാറ്റഴിച്ചു വിട്ട ടയർ പോലെ ചുരുങ്ങി.
ചുരുങ്ങി ഉൾ വലിയുന്നു! അർദ്ധ വിശ്വാസികൾ ആ കാഴ്ചയിൽ അത്ഭുതസ്തബ്ധരായി.
സന്യാസിയപ്പൻ പകുതികണ്ട് സ്തൂലനായി. പിന്നെ പതിയെ പൂർവ്വസ്ഥിതിയിൽ
ഇങ്ങനെയാണ് കെട്ടിൽ നിന്ന് സ്വയം ഊരി ഇറങ്ങിയത് – സന്യാസിയപ്പൻ പറഞ്ഞു.
അർദ്ധവിശ്വാസികൾ ദൂരേക്ക് മാറി നിന്ന് സന്യാസിയപ്പനെ അമാനുഷികനെപ്പോലെ വീക്ഷിച്ചു.
ഭയഭക്തി അവരുടെ മുഖത്ത് ദർശിച്ച സന്യാസിയപ്പൻ അർദ്ധവിശ്വാസം അന്ധ വിശ്വാസത്തിലേക്ക് വഴുതി വീഴുന്ന വേഗത കണ്ട് പുഞ്ചിരിയോടെ അവരെ അടുത്തേക്ക് വിളിച്ചു – ഭയപ്പെടുവാൻ ഒന്നും ഇല്ല. കഠിനമായ പരിശീലനങ്ങൾ കൊണ്ട് ശരീരത്തിൽ ഇത്തിരി വലിപ്പവും ചുരുക്കവും വരുത്തുവാൻ പരിശീലിച്ചു. മനസ്സിലും . അത്രേയുള്ളൂ. നിരന്തര പരിശീലനങ്ങൾ കൊണ്ട് നിങ്ങൾക്കും ഇതൊക്കെ സാധ്യമാകും.
സന്യാസിയപ്പൻ ഹൃദയം തുറന്ന് പുറത്തേക്ക് ആനയിച്ച ആ വാക്കുകളിൽ അർദ്ധ വിശ്വാസികളും അങ്ങിങ്ങ് നിന്ന അവിശ്വാസികളും ആനന്ദ ഭരിതരായി. അവരുടെ മനസ്സുകളിൽ സന്യാസിയപ്പന്റെ സ്ഥാനം വലുതായി. വലിപ്പം ബഹുമാനവും ആദരവും കൊണ്ട് നിറഞ്ഞതായിരുന്നു.
ഇരുട്ടിൽ ഈ നദിയുടെ സ്ഥാനം എങ്ങനെ തിട്ടപ്പെടുത്തി – ഒരാൾ കൂടുതൽ അടുത്തേക്ക് വന്നു ചോദിച്ചു – അതും നിരന്തര പരിശീലനം കൊണ്ട് അഭ്യസിച്ചതാണോ?
നിരന്തര പരിചയം കൊണ്ട്, പരിചയത്തെ പരീക്ഷിച്ചുകൊണ്ട് – സന്യാസിയപ്പൻ പറഞ്ഞു – വായുവിൽ കലർന്നിരിക്കുന്ന ഓരോ ഗന്ധവും അതിന്റെ മണം കൊണ്ട് വെവ്വേറെ തിരിച്ചറിയാം. കാടു പൂത്തിടത്ത് , കാട്ടാറ് കലങ്ങി ഒഴുകുന്നിടത്ത് , പുഴ തെളിഞ്ഞ് ഒഴുകുന്നിടത്ത് നിരീക്ഷിക്കുമ്പോൾ ഓരോരോ ഗന്ധങ്ങളാണ്. അത് മനസ്സിന്റെ താളുകളിൽ കുറിച്ചിടണം. വീണ്ടും, വീണ്ടും സാങ്കൽപികമായ് ആ മണം മനസ്സിനെ അനുഭവിപ്പിക്കണം. അങ്ങനെ പരിശീലിച്ചിരുന്നതുകൊണ്ട് ഈ പുഴയുടെ സ്ഥാനം വായുവിൽ തിരിച്ചറിയുവാൻ കഴിഞ്ഞു. നിശ്ചലമായ തടാകം അതിന്റെ പരിസരത്തോട് അടുക്കുമ്പോൾ മാത്രമാണ് സൊാചന തരുന്നത്. ഒഴുകുന്ന പുഴ നിരന്തരം കല്ലുകളിൽ തട്ടിത്തെറിച്ച് വായുവിലേക്ക് ചാടിയും പതഞ്ഞു പൊന്തിയും , ചുഴികളിലേക്ക് വായുവിനെ വലിച്ചുകൊണ്ടു പോയും രമിക്കുന്നതിന്റെ ഗന്ധം വായുവിൽ വേറിട്ടു നിൽക്കും. അത് കാറ്റിന്റെ ഗതിക്കനുസരിച്ച് കിലോമീറ്ററുകൾക്കപ്പുറത്ത് നിന്നു പോലും തിരിച്ചറിയാം.
പുതിയ അറിവുകൾ! ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ നിരീക്ഷണങ്ങൾ! അതാണ് ഇയാൾ പറയുന്നതും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും ! കേട്ടു നിന്നവർ സ്വയം വിലയിരുത്തി – ഒരു യുഗ പുരുഷൻ തന്നെ. സാങ്കൽപിക വസ്തുതകളെ ഇയാൾ യാഥാർത്ഥ്യത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു വരുന്നു! ഇരിക്കൂർ ഇടനിലക്കാരൻ പറഞ്ഞതുപോലെ മായയാണോ? മായാജാലത്തിന് പക്ഷേ വസ്തു പ്രപഞ്ചത്തിൽ ദീർഘായുസ്സില്ല, അത് നിമിഷ നേരം കൊണ്ട് കെട്ടണയും. ഇയാളിൽ തെളിയുന്നത് അറിവിന്റെയും അനുഭവങ്ങളുടെയും കഠിന പ്രയത്നത്തിന്റെയും ഫലം തന്നെ. പാറപ്പുറത്ത് ഇനി എന്താണാവോ ഇയാൾ ചെയ്യുവാൻ പോകുന്നത്!
അവിശ്വാസികളും അർദ്ധ വിശ്വാസികളും പരസ്പരം ചോദ്യം ഉന്നയിച്ചും പറഞ്ഞും കോടാലിക്കുന്ന് കയറുവാൻ തുടങ്ങി. വിശ്വാസത്തടവറക്കു മുന്നിൽ എത്തിയപ്പോൾ അഞ്ചാറുപേർ അവിടെ സ്വപ്നാടകരെപ്പോലെ ഇരിക്കുന്നു! അവരുടെ ചുണ്ടുകളിൽ നിന്ന് അത്യാനന്ദം നിറഞ്ഞ പുഞ്ചിരി പുറത്തു ചാടുന്നു.
വാക്ക്ഷേത്രമാക്കിയതിനെ വിശ്വാസത്തടവറ എന്ന പേരിൽ മലിനമാക്കി കാവൽ നിൽക്കുന്നു! അവിശ്വാസികൾ അവരെ നോക്കുമ്പോൾ ഓർമ്മകൾ ഇളകി – തങ്ങളുടെ മുത്തച്ഛൻമാർ വാക്ക്ഷേത്രമായി സൂക്ഷിച്ചിരുന്നിടം. അവിടെ ഇരിക്കൂർ ഇടനിലക്കാരൻ കടന്നു കയറ്റം നടത്തി. ഇപ്പോൾ സന്യാസിയപ്പൻ നഷ്ടപ്പെട്ട ഉണർവ്വിനെ തിരിച്ചു പിടിക്കുന്നു, വാക്ക്ഷേത്രം എന്ന അതേ പേരിൽ. രക്തബന്ധത്തിലൂടെ ഓർമ്മകൾ നീന്തിക്കടന്നു വന്നതു തന്നെയാകുമോ വാക്ക്ഷേത്രമെന്ന നാമം വീണ്ടും! എങ്കിൽ സന്യാസിയപ്പൻ പറഞ്ഞതുപോലെ ഇവിടത്തെ ഒരു പഴയ മനുഷ്യൻ, അല്ലെങ്കിൽ പിൻതുടർച്ചക്കാരൻ തന്നെ. വാക്ക്ഷേത്രത്തിനു മുകളിൽ വീണ്ടും കടന്നു കയറ്റം. താത്ത്വിക അറിവുകൾക്കു മുകളിൽ അന്ധവിശ്വാസത്തിന്റെ കടന്നു കയറ്റങ്ങൾ നിർവിഘ്നം തുടരുകയാണ്.
ഒരു അർദ്ധ വിശ്വാസി വാക്ക്ഷേത്രത്തിനകത്തേക്കു നോക്കി വിലപിച്ചു – ഹാ! കഷ്ടം! ചപ്പുചവറുകൾക്കിടയിൽ വീണ്ടും ആ ഛായാചിത്രങ്ങൾ! എനിക്കവർ ദൈവങ്ങളെപ്പോലെയാണ്.
ഹഹഹ… അവർ ദൈവങ്ങൾ അല്ല. ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന മഹാമാനുഷികൾ. നിങ്ങൾക്കു വേണ്ടത് അവരുടെ ഗർജ്ജിക്കുന്ന ആശയങ്ങളെയല്ല. നിശ്ചലവും നിസ്സഹായവുമായ അവരുടെ പ്രതിഛായകളെയാണ്, അത് നിഴലിച്ചു നിൽക്കുന്ന അവരുടെ ഛായാചിത്രങ്ങളെയാണ്. നിങ്ങൾ അവരുടെ ബാഹ്യരൂപത്തെ മാത്രമേ സ്വീകരിക്കുന്നുള്ളൂ. അതാവട്ടെ കർമ്മം കഴിഞ്ഞ് കർമ്മസ്ഥലി വിട്ടുപോയതും. അവരിൽ നിന്ന് എന്താണോ നശ്വരമാകാതെ ബാക്കിയായത് അതിനു നേരെ നിങ്ങൾ കണ്ണടച്ചു കളയുന്നു! അങ്ങനെ ആ കാലഘട്ടം തുറന്നുവിട്ട വെളിച്ചത്തിനുനേരെ നിങ്ങൾ മറഞ്ഞു നിന്ന് ഈ കാലഘട്ടത്തിൽ ഇരുട്ട് പരത്തുന്നു – കേട്ടു നിന്ന അവിശ്വാസി അയാൾക്കു നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു.
അർദ്ധവിശ്വാസികളും അവിശ്വാസികളും ഗ്രാമത്തിൽ എത്തിയപ്പോൾ ഇരിക്കൂർ വിശ്വാസികൾ ആർത്തി മുറ്റിയ ആകാംക്ഷയോടെ അടുത്തു കൂടി.
അയാൾ അത്ഭുതങ്ങൾ കാട്ടുന്നയാൾ തന്നെ. ഒരു അർദ്ധവിശ്വാസിയിൽ നിന്ന് വിശ്വാസികൾക്കു നേരെ ഉറച്ച ഒരു ശബ്ദം പുറപ്പെട്ടു വന്നു. എന്നാൽ അത്ഭുതങ്ങൾ മായയല്ല, അത് വെറും പരിശീലനത്തിന്റെ പിറവികൾ മാത്രം.
ഇരിക്കൂർ വിശ്വാസികൾ ആ ശബ്ദത്തിന്റെ അർത്ഥവിന്യാസങ്ങൾ തേടി അർദ്ധവിശ്വാസികളോട് കൂടുതൽ അടുത്തു.
അയാൾ എന്തു അത്ഭുതമാണ് കാട്ടിയത്? കെട്ടിൽ നിന്ന് എങ്ങനെ മോചിതനായി? തുടങ്ങി വിശ്വാസികൾക്കിടയിൽ നിന്ന് നിരവധി ചോദ്യങ്ങൾ ഉയർന്നു.
വിശ്വാസികളേ! പിന്നിൽ ഇടനിലക്കാരന്റെ ഘന ഗാംഭീര്യമായ ശബ്ദം.
വിശ്വാസികൾ ഞെട്ടി. മനസ്സിൽ കുറ്റബോധത്തിന്റെ അടപ്പുകൾ തുറന്നു.
നിങ്ങൾക്ക് പാപത്തിന്റെ ഫലം അറിയില്ലേ! സ്വർഗ്ഗ രാജ്യത്ത് പാപിക്ക് കിട്ടുന്ന പീഢനങ്ങളെക്കുറിച്ച് പഠിച്ചതൊക്കെ മറന്നു പോയോ? ഇടനിലക്കാരനിൽ അതിശയ ഭാവം വിടർന്നു.
മഹാ അപരാധം ചെയ്തതുപോലെ ഇരിക്കൂർ വിശ്വാസികൾ ഇടനിലക്കാരന്റെ വാക്കുകൾക്ക് വിധേയരായ് നിന്നു. ഉള്ളിൽ കിടന്ന ഇടനിലക്കാരന്റെ ഉദ്ബോധനങ്ങൾ അവരിൽ മാനസിക ആഘാതങ്ങൾ പോലെ ചുറ്റിത്തിരിഞ്ഞു.
എന്നാലും ജിജ്ഞാസ തലപൊക്കുന്നു! എന്തൊരൂർജ്ജസ്വലതയാണതിന്! പരാജിതനാകാതെ അന്വേഷിച്ചറിയൂ എന്ന് ജിജ്ഞാന കൽപ്പിക്കുന്നു. വിശ്വാസികൾ വീണ്ടും അർദ്ധവിശ്വാസികൾക്കു നേരെ മിഴി പാർത്തു നിന്നു. അപ്പോഴതാ പൊള്ളലിൽ ചൊറിയുന്നതുപോലെ വീണ്ടും ഇടനിലക്കാരൻ – അവിശ്വാസിയുടെ മായയെ തൊട്ടറിയുവാനുള്ള ആസക്തി ഇപ്പോഴും അലിഞ്ഞു തീരാതെ നിങ്ങളിൽ ബാക്കി നിൽക്കുന്നു! അതുകൊണ്ടാണ് നിങ്ങൾ വീണ്ടും അർദ്ധവിശ്വാസികളോട് ചോദ്യങ്ങൾ ചോദിച്ച് അടുക്കുന്നത്. ഇനിമേൽ നിങ്ങൾ അർദ്ധവിശ്വാസികളോട് ആശയ വിനിമയം നടത്തരുത്. അവർ അവിശ്വാസിയായ ഒരു ജാലവിദ്യക്കാരനോട് ആശയ വിനിമയം നടത്തിയിരിക്കുന്നു. അതിലൂടെ അവരുടെ ഓരോ അണുവിലും പാപം നിറഞ്ഞു നിൽക്കുന്നു. വാക് സമ്പർക്കത്തിലൂടെ ആ പാപം പകർച്ചവ്യാധി പോലെ നിങ്ങളിലേക്കൊഴുകും. അത് നിങ്ങൾക്കുവേണ്ടി ഇരിക്കൂർ സത്തയോടുള്ള എന്റെ നിഷ്കളങ്കമായ പ്രാർത്ഥനയെ അർത്ഥശൂന്യമാക്കും. നിങ്ങളുടെ മനസ്സിന്റെ ആഴങ്ങളിൽ പോയി പറ്റിപ്പിടിക്കുന്ന ഇത്തരം വാക് മാലിന്യങ്ങളെ കഴുകി കളയുവാൻ ഞാൻ എത്ര പരിശ്രമിക്കണം. ഞാൻ അശുദ്ധ ജലം കോരി വറ്റിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ വീണ്ടും അതിലേക്ക് അശുദ്ധജലം ഒഴുക്കുക!
വിശ്വാസികൾ കുറ്റബോധത്താൽ കുനിഞ്ഞ ശിരസ്സുമായ് ഇടനിലക്കാരനോട് കൂടുതൽ അടുത്തു.
ഇരിക്കൂർ വിശ്വാസത്തിന്റെ മഹത്വം അറിയുന്നവൻ ഭാഗ്യവാൻ – ഇടനിലക്കാരൻ തുടർന്നു – മഹത്വം അറിഞ്ഞ് ഒപ്പം കൂടിയ അർദ്ധ വിശ്വാസികൾ പാപമോചിതരായി. ആ വാർത്ത ഞാൻ ഇന്നലെ ഇരിക്കൂർ സത്തയിൽ നിന്ന് നേരിട്ടറിഞ്ഞു. അവരെ പാപമോചിതരാക്കാനും ഇഹലോക വാസത്തിനു ശേഷം സ്വർഗ്ഗ പ്രവേശനത്തിനും ഉള്ള അപേക്ഷ പ്രാർത്ഥനാ വചനങ്ങളിലൂടെ ഞാൻ ഇരിക്കൂർ സത്തക്ക് സമർപ്പിച്ചിരുന്നു. പുതു വിശ്വാസികളുടെ കഠിന പ്രാർത്ഥനയും വിശ്വാസവും നിരീക്ഷിച്ചു മനസ്സിലാക്കിയ ഇരിക്കൂർ സത്ത അതംഗീകരിക്കുകയായിരുന്നു. പുതു ഇരിക്കൂർ വിശ്വാസികളുടെ കണ്ണിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. ഇരിക്കൂർ വിശ്വാസത്തെ അറിയുവാൻ വൈകിയല്ലോ എന്ന് അവരുടെ മനസ്സുകൾ കുണ്ഠിതപ്പെട്ടു.
അർദ്ധവിശ്വാസികളേ – ദൂരേക്ക് മാറി നിന്ന അർദ്ധവിശ്വാസികളെ നോക്കി ഇടനിലക്കാരൻ ഉച്ചത്തിൽ പറഞ്ഞു – നിങ്ങളെ ഇരിക്കൂർ വിശ്വാസത്തിലേക്ക് സ്വാഗതം ചെയ്യുന്നു. മുമ്പേ കടന്നു വന്നവരെപ്പോലെ നിങ്ങൾക്കും പാപമോചിതർ ആകാം. നരകത്തിൽ പാപിയുടെ ഒന്നാം മുൾമുനയെക്കുറിച്ച് ഇരിക്കൂർ സത്ത ഇങ്ങനെ സ്വപ്നത്തിൽ കാണിച്ചു തന്നിരിക്കുന്നു, ഹോ! കറുപ്പിനേക്കാൾ ഇരുണ്ട ലോകം. വെന്തു നീറുന്ന പകളും രാത്രിയും. ആ ചൂടിൽ തറച്ചു വച്ച കുന്തങ്ങളിൽ പാപികളുടെ ആത്മാക്കളെ കൊരുത്തു കെട്ടി നൂറു വർഷം, കൊരുക്കാതെ കെട്ടി നൂറു വർഷം. ഈ വർഷങ്ങളിൽ ഭൂമിയിലെ ഓർമ്മകളെ അയവിറക്കിപ്പിച്ചുകൊണ്ട് പീഢനങ്ങളാൽ നീറ്റിക്കും. വീണ്ടും ഭൂമിയിലേക്ക് പുതിയൊരവസരം തരും. അങ്ങനെ അവസരം കിട്ടി വന്നവരാണ് ഈ ഇരിക്കൂർ രാജ്യത്തെ പൗരൻമാർ. അതിൽ ഇരിക്കൂർ വിശ്വാസികൾ അവസരം പ്രയോജനപ്പെടുത്തി ബുദ്ധിയാലും വിശ്വാസത്താലും ശ്രേഷ്ടരായി.
ഹഹഹഹ….അമ്പട പുദ്ധിമാൻ, പുദ്ധിമാൻ……. ചെന്തീര! അവൾ ഓടിക്കിതച്ചെത്തി ഇടനിലക്കാരനുനേരെ വിരൽചൂണ്ടി നിന്നു.
ഇടനിലക്കാരൻ ഒരു നിമിഷം പതറി തല കുമ്പിട്ടു പോയി. ഉള്ളിലെ കള്ളത്തരങ്ങൾ അതിന് സാക്ഷിയായി. സാക്ഷി പെട്ടെന്ന് അയാളുടെ മുഖത്ത് പ്രസരിപ്പ് പരത്തി, തല ഉയർത്തിച്ചു.
ചെന്തീരയുടെ കണ്ണുകളിലും മുഖത്തും നിഷ്കളങ്കതയുടെ തേരോട്ടമായിരുന്നു. ഒരു കോമാളിയുടെ ഭാവപ്പകർച്ചയിൽ അവൾ ഇടയ്ക്കിടെ പല്ലുകൾ പൊളിച്ചുകാട്ടി ചിരിച്ചു. എന്നാൽ വാക്കുകൾ മനസ്സിലേക്ക് തറച്ചു കയറുന്ന ശക്തിയിലാണ് ചാടിപ്പുറപ്പെട്ടു വന്നത്.
ഇരിക്കൂർ വിശ്വാസികൾ അവൾക്കു നേരെ ചരൽ വാരി എറിഞ്ഞു- അശ്രീകരം, ഇടനിലക്കാരന്റെ മഹത്വവും പുണ്യവും അറിയാത്തവൾ.
അയ്യോ! ഇടനിലക്കാരൻ വിലക്കി. അവൾക്കുള്ളിൽ ഇരിക്കൂർ വിശ്വാസത്തിന്റെ വെളിച്ചം തെളിയുന്നതാ. ബുദ്ധിമാൻ, ബുദ്ധിമാൻ എന്നു പറയുവാൻ നാവു തിരിയുന്നില്ല. പറയാനുദ്ദേശിച്ചതു ബുദ്ധിമാൻ, ബുദ്ധിമാൻ എന്നു തന്നെയാ.
അർദ്ധവിശ്വാസികൾ ഇരിക്കൂർ ഇടനിലക്കാരന്റെ വാക്കുകൾ അവഗണിച്ച് പിരിഞ്ഞു പോകുവാൻ തുടങ്ങി. അതിനിടയിൽ അവർക്കിടയിൽ നിന്ന് ഒരു അസ്വസ്ഥ സ്വരം പുറപ്പെട്ടു – നിങ്ങൾ ഇടനിലക്കാരനും വിശ്വാസികളും വളഞ്ഞിട്ട് പ്രാർത്ഥിച്ചിട്ടും ഗ്രാമീണരുടെ രോഗം കൂടുതൽ മൂർച്ചിച്ചതേയുള്ളൂ. മരണ സംഖ്യ വർദ്ധിച്ചുകൊണ്ടിരുന്നു. ഞങ്ങൾക്കു വിശ്വാസം ആ സന്യാസിയപ്പനേയും അയാളുടെ മരുന്നുകളേയുമാണ്. അയാളാണ് ഞങ്ങളെ രക്ഷിച്ചവൻ.
അവരുടെ നാവുകളിൽ വീണ്ടും അശുഭമായത് എന്തോ ഊറിക്കൂടുന്നത് ഗ്രഹിച്ച ഇടനിലക്കാരൻ ആശങ്കയോടെ വിശ്വാസികളോട് പറഞ്ഞു-അർദ്ധവിശ്വാസികളുടെ വാക്കുകൾ പുറത്തേക്കു വരുമ്പോൾ വിശ്വാസികൾ ഇരു ചെവിയും പൊത്തുക. എന്റെ ചുണ്ടനങ്ങുമ്പോൾ മാത്രം ചെവി തുറക്കുക.
ഇടനിലക്കാരന്റെ ചുണ്ടനക്കത്തിന്റെ മുന്നിൽ വിശ്വാസികൾ ചെവി സ്വതന്ത്രമാക്കി – ഇനി മുതൽ ഗ്രാമം രണ്ടാണ്. വിശ്വാസികളുടേയും അർദ്ധവിശ്വാസികളുടേയും. വിശ്വാസികളും അർദ്ധവിശ്വാസികളും ഇന്ന് ഗ്രാമത്തിൽ ഒത്തുകൂടണം. ഇന്നേക്കു ശേഷം വിശ്വാസികളും അർദ്ധവിശ്വാസികളും ഒരുമിച്ച് ഒത്തു കൂടുകയില്ല. അർദ്ധവിശ്വാസികൾ ആ വേർപിരിയൽ ആശയത്തെ നിരുത്സാഹത്തോടെയും മനസ്സില്ലാ മനസ്സോടെയും സ്വീകരിച്ചു.
12
ഗ്രാമത്തിന്റെ നാൽക്കവലയിൽ അവർ തടിച്ചു കൂടി, അർദ്ധ വിശ്വാസികളും ഇരിക്കൂർ വിശ്വാസികളും.
അർദ്ധ വിശ്വാസികൾ വിഷാദത്തോടെ കരിങ്കൊടികൾ ഉയർത്തിപ്പിടിച്ചിരുന്നു. ഇരിക്കൂർ വിശ്വാസികൾ വർണ്ണക്കൊടികൾ ഉയർത്തി പിടിച്ച് ഏക ഭാവത്തിൽ ഇടയ്ക്കിടെ ജയ് ജയ് ഇടനിലക്കാരൻ, ഇടനിലക്കാരന് സ്തുതി എന്ന് ആർത്തു വിളിച്ച് ആർത്തു ചാടി.
ഗ്രാമത്തിന്റെ ഐശ്വര്യ സൊാചകമായ് നാൽക്കവലയുടെ മധ്യത്ത് സ്ഥാപിച്ചിരുന്ന പടുകൂറ്റൻ മൺചെരാത് വിശ്വാസികളും അവിശ്വാസികളും ഒരുമിച്ച് എണ്ണയില്ലാതെ കരുംതിരി കത്തിച്ച് സമൂഹ വിരുദ്ധ പ്രാർത്ഥന നടത്തി – കണ്ടാൽ പരസ്പരം മിണ്ടാതെ മുഖം തിരിച്ച് നടക്കുക. ഒന്നും പരസ്പരംകൈപ്പറ്റരുത്. പരസ്പരം വികർഷിച്ചു നിൽക്കുവാൻ പരിശീലിക്കുക. വീണവനെ കണ്ടില്ലെന്ന് നടിച്ച് നടക്കുക. വിശ്വാസികളും അർദ്ധവിശ്വാസികളും തമ്മിൽ പരസ്പരം പറയണമെങ്കിൽ അത് ഇടനിലക്കാരൻ മുഖേന മാത്രം – ഇടനിലക്കാരൻ ചൊല്ലിക്കൊടുത്തു. ഇരിക്കൂർ വിശ്വാസികൾ മാത്രം ഏറ്റു ചൊല്ലി. അർദ്ധ വിശ്വാസികൾ നിസ്സംഗതയുടെ കോട്ടയിൽ അടയ്ക്കപ്പെട്ടവരെപ്പോലെ നിശ്ശബ്ദം, നിർവ്വികാരം കേട്ടു നിന്നു.
ഒടുവിൽ ഇരിക്കൂർ വിശ്വാസികൾ കൂട്ടമായ് മൺചെരാത് പിഴുതെടുത്ത് ഗ്രാമത്തിന്റെ വെളിയിൽ കൊണ്ടെറിഞ്ഞു. ആഘോഷത്തോടെ തിരിച്ചെത്തിയ അവർ നാൽക്കവലയുടെ ഒരു മൂലയിൽ പുതിയ മൺചെരാത് സ്ഥാപിച്ചു. അത് കണ്ട അർദ്ധ വിശ്വാസികളും നാൽക്കവലയുടെ മറ്റൊരു മൂലയിൽ മൺചെരാത് സ്ഥാപിച്ചു.
മൺചെരാതിനു ചുവട്ടിൽ ഇരിക്കൂർ വിശ്വാസികൾ, നീ അങ്ങോട്ടു നോക്കരുത് അവിടെ അന്ധകാരമാണ്. വെളിച്ചം വേണ്ടവർ എന്നെ തേടി വരട്ടെ. അവന്റെ നാശമാണ് എന്റെ രക്ഷ എന്ന് എഴുതി വച്ചു.
അർദ്ധവിശ്വാസികൾ ഇങ്ങനെ എഴുതി – അവനെ വിശ്വസിക്കരുത്. അവൻ എന്നിൽ നിന്നും മറുകണ്ടം ചാടി എന്നെ കരണ്ടു തിന്നു വളരുന്നവൻ
ഈ വിശേഷണത്തോടെ രണ്ടു മൺചെരാതുകളും മുഖത്തോടു മുഖം നോക്കി നിന്ന് കത്തുവാൻ തുടങ്ങി.
രണ്ടു മൺചെരാതുകളുടേയും വെളിച്ചം ഒഴുകി ഒന്നായ് ഒരൊറ്റ വെളിച്ചമായ് തീർന്നു. അതു കണ്ടപ്പോൾ ഇരിക്കൂർ ഇടനിലക്കാരന് വെറുപ്പും, വിദ്വേഷവും ആശങ്കയും ജനിച്ചു. രണ്ടായ് പകുത്തു മാറ്റിയെങ്കിലും വെളിച്ചം ഒന്നായ് നിൽക്കുന്നു! നാളെ ഇരിക്കൂർ വിശ്വാസികളും അർദ്ധവിശ്വാസികളും ഇതു കണ്ട് വീണ്ടും ഒന്നായ് ചേർന്നാലോ! അതു പാടില്ല, പാടില്ല…
ഇടനിലക്കാരൻ മൺചെരാത് കെടുത്തുവാൻ വിശ്വാസികളോട് ആജ്ഞാപിച്ചു – ഇനി ഒരിക്കലും ഇരിക്കൂർ വിശ്വാസികൾ മൺചെരാത് കത്തിക്കരുത് – വിശ്വാസികൾ അനുസരണാശീലം ഉള്ളവരാണ്. അവർ അനുസരിച്ചു. അനുസരിക്കുന്നു.
അങ്ങനെ അവർ ഗ്രാമത്തിൽ തികച്ചും വ്യത്യസ്ഥ വിഭാഗങ്ങളായി. ആചാരങ്ങളിലും ആഘോഷങ്ങളിലും അവർ പരസ്പരം പങ്കെടുക്കാതെയായി. പരസ്പരം കാണുമ്പോൾ അപരിചിതരെപ്പോലെയും മുഖം കൊടുക്കാതെയും നടന്നു നീങ്ങി. ഇരിക്കൂർ ഇടനിലക്കാരൻ ഇടയ്ക്കിടെ രോഗശാന്തി, മനശാന്തി എന്നീ തേനുകൾ പുരട്ടിയ പരസ്യപ്പലകകൾ അർദ്ധവിശ്വാസികൾക്കു നേരെ നീട്ടിപ്പിടിച്ചു. ചില അർദ്ധവിശ്വാസികൾ അതിൽ ഒട്ടിപ്പിടിച്ചു. അവരെ ഇടനിലക്കാരൻ ഇരിക്കൂർ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി. അതു കണ്ടുനിന്ന അർദ്ധവിശ്വാസികൾ ഇടനിലക്കാരന്റെ പരസ്യപ്പലകയെ ചിലന്തിവലയോട് ഉപമിച്ചു പറഞ്ഞു – ഇടനിലക്കാരൻ സമൂഹത്തിലാകെ ചിലന്തിവലകൾ നെയ്യുകയാണ്.
പ്രാർത്ഥന സ്ഥലിയിൽ ഇടനിലക്കാരൻ വിശ്വാസികളോടായ് പറഞ്ഞു – ഒരു പക്ഷേ നിങ്ങൾക്ക് അസുഖം മാറ്റുവാൻ ആശുപത്രിയിൽ പോകേണ്ടി വന്നേക്കാം. അപ്പോഴും പ്രാർത്ഥിക്കുക . ഡോക്ടറുടെ കൈകളിലൂടെ ഇരിക്കൂർ പ്രാർത്ഥനയുടെ ഫലം നിങ്ങളെ രക്ഷിക്കും. അപ്പോഴേക്കും നാലഞ്ചു വിശ്വാസികൾ ചേർന്ന് ഒരാളിനെ താങ്ങി അവിടേയ്ക്ക് കൊണ്ടു വന്നു. അയാളുടെ കാൽമുട്ടിൽ കാച്ചിൽ മുറി പോലെ പഴുത്തു വട്ടത്തിലായ ഒരു വൃണം! വൃണത്തിൽ നിന്ന് അരിച്ചു കയറുന്ന അതി കഠിനമായ വേദന അയാൾ പല്ലുകൾക്കിടയിൽ കടിച്ചമർത്തുന്നു.
അയാളെ ഉൾമുറിയിലേക്ക് കൊണ്ടു പോവുക – ഇടനിലക്കാരന്റെ കൈ ആംഗ്യത്തിൽ ആടി. പിന്നെ വാക്കുകൾ അത്യുച്ചത്തിൽ പുറം ചാടി – ഇന്ന് ഈ നിമിഷം തന്നെ അയാളുടെ കാൽ മുട്ടുകൾ ഇരിക്കൂർ നാമത്തിൽ ഭേദപ്പെടട്ടെ , ഇന്ന് ഈ നിമിഷം…. ഇത്തിരി നേരം വാക്കുകൾ ആവേശത്തോടെ ഒരു ഗാനം പോലെ അയാൾ ആലപിച്ചു. അപ്പോൾ അയാളുടെ രോമകൂപങ്ങൾ വികാരാവേശത്താൽ ചാടി എഴുന്നേറ്റു. ശരീരം ആകെക്കൂടി ഒരു ഭ്രമാവസ്ഥയിൽ നിന്നാടി. വിശ്വാസികളിലേയ്ക്കും ആ ആവേശം ഓടിക്കിതച്ചെത്തി. അവർ ഇരിക്കൂർ നാമത്തിൽ ഇടനിലക്കാരന് സ്തുതി, സ്തുതി എന്ന് ആർത്തു ചൊല്ലി.
ഇടനിലക്കാരൻ അകത്തേക്കു പാഞ്ഞു പോയി. പാഞ്ഞു പോയ വേഗതയിൽ പുറത്തേക്കും. ഒപ്പം രോഗിയും.
ഇതാ – ഇടനിലക്കാരൻ രോഗിയുടെ വസ്ത്രം മുട്ടിനു മുകളിലേക്ക് വലിച്ചുയർത്തി. വിശ്വാസികളുടെ മുഖത്ത് അത്ഭുതത്തിന്റെ അട്ടിക്കെട്ടുകൾ നിരന്നു. ഒരു തഴമ്പു പോലും അവശേഷിക്കാതെ പുണ്ണ് സുഖപ്പെട്ടിരിക്കുന്നു!
വിശ്വാസിയുടെ ഹൃദയം ഭക്തിയുടെ ആഴത്തിൽ ഇളകി മറിഞ്ഞു. ഭക്തിയുടെ തിരമാലകൾ അവരുടെ ചുണ്ടുകളിലും മുഖത്തും അടിച്ചു പൊന്തി. അവർ എഴുന്നേറ്റ് ആർത്തു പാടി – ഇരിക്കൂർ നാമം ശ്രേഷ്ഠ നാമം…
മാനസ അപരൻ സന്യാസിയപ്പന്റെ മനസ്സിൽ എന്തോ പറയുവാനുള്ള ആവേശത്തിൽ പരതി നടന്നു. സന്യാസിയപ്പന്റെ മനസ്സ് ഉം എന്ന് മാനസ അപരനോട് മനസ്സു നീട്ടി.
കാച്ചിൽ മുറിച്ചതുപോലെ പഴുത്ത് വട്ടത്തിലായ ഒരു മുറിവ് പ്രാർത്ഥനയുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ട് ഇരിക്കൂർ ഇടനിലക്കാരൻ രോഗിയുടെ കാലിൽ നിന്ന് എടുത്തു മാറ്റി.
ഹ! പിറവിയുടെ മഹാത്ഭുതത്തിലേക്ക് നീ ഇറങ്ങി വന്ന ശേഷം ആദ്യമായ് നിനക്കു നേരെ എന്നിൽ നിന്ന് വിശ്വാസമില്ലായ്മ പുറപ്പെടുന്നു – സന്യാസിയപ്പനിൽ ഗർവ്വുണർന്ന് പുഞ്ചിരിയായ് വിടർന്നു വന്നു.
മാനസ അപരൻ പൊട്ടിച്ചിരിച്ചു – നിനക്ക് വിശ്വസിക്കേണ്ടതും അവിശ്വസിക്കേണ്ടതും തമ്മിൽ തിരിച്ചറിയാം. ഇടനിലക്കാരൻ എടുത്തു മാറ്റിയത് കൊടും വിശ്വാസിയുടെ കാലിൽ ഒട്ടിച്ചു വച്ചിരുന്ന കാച്ചിൽ കഷ്ണം ആയിരുന്നു.
അത് ഇരിക്കൂർ വിശ്വാസത്തിലേക്കുള്ള വിശാല പാതയാണ്. കൗശലങ്ങൾ കൊണ്ട് നിർമ്മിച്ച വഴി. നീ ആ പാതയിലൂടെ മുന്നോട്ടു നോക്കി സഞ്ചരിച്ചിട്ടുണ്ടോ? മന്ദസ്മിതത്തോടെ സന്യാസിയപ്പനിൽ നിന്ന് ചോദ്യം ഉതിർന്നു വീണു.
ഉവ്വ്, ഇരു വശങ്ങളിലും വേഞ്ചാമരങ്ങൾ വീശിയാടുന്ന ആ പാത ചെന്നവസാനിക്കുന്നത് അന്ധവിശ്വാസങ്ങളുടെ വലിയ കുന്നുകൾ നിറഞ്ഞ ഇരുണ്ട വനസ്ഥലിയിലാണ്. അവിടെ നിന്ന് പുറത്തേക്കുള്ള പുന:പ്രവേശനം അതി കഠിനമാണ്. തിരിച്ചിറങ്ങുവാൻ കഴിയാത്ത അന്ധവിശ്വാസത്തിന്റെ കുന്നുകളിലേയ്ക്കാണ് ഓരോ ഇരിക്കൂർ വിശ്വാസിയുടെയും പാദം കയറി , കയറി പോകുന്നത്. സന്യാസിയപ്പനിലെ ദ്വന്ദ്വമാനസങ്ങൾ ചോദ്യവും ഉത്തരവുമായി പരസ്പരം പറഞ്ഞു നിൽക്കുമ്പോൾ പ്രാർത്ഥനാ സ്ഥലിയിൽ ഇടനിലക്കാരൻ വിജയാഹ്ലാദത്തിന്റെ കൊയ്ത്തിൽ വിശ്വാസികളിൽ ഇരിക്കൂർ വിശ്വാസം ഒന്നു കൂടി ആഴത്തിൽ പതിപ്പിച്ചുകൊണ്ട് ശുദ്ധ ഗാംഭീര്യത്തിൽ തല ഉയർത്തി പറഞ്ഞു – അയാൾ സന്യാസിപ്പാറ അറുത്തു മുറിച്ച് കാപഠ്യങ്ങളുടെ രാജധാനി തീർക്കുകയാണ്. ഉൾ മുറികളായി. മുകളിലേക്ക് ഗോവണി, മുകളിൽ നിന്ന് ഉൾമുറിയിലേക്ക് ഗോവണി! ഹ!ത്ഭു, അവിശ്വാസിയുടെ ആസ്ഥാന മന്ദിരം! ചെയ്ത തെറ്റിന് ധാർമ്മികമോ, അധാർമ്മികമോ എന്ന അളവില്ലാതെ ശിക്ഷ കൊടുത്ത് ഇരിക്കൂർ രാജ്യം കടത്തി വിടണം. അയാളുടെ അവിശ്വാസം ഇരിക്കൂർ മനസ്സിന് തൊട്ടു കൂടാത്തതും തീണ്ടികൂടാത്തതുമാണ്.
അയാളെ എങ്ങനെ, ഏതുപായത്തിൽ ഇരിക്കൂർ രാജ്യത്തിന് പുറത്തു കടത്തും. അയാൾ നമുക്ക് മുന്നിൽ വിജയ പരമ്പരയാവുകയല്ലേ? ഒരു വിശ്വാസി ചോദിച്ചു.
ഇരിക്കൂർ ഇടനിലക്കാരൻ ഗാഢമായ ആലോചനകളിൽ മനസ്സിനെ വട്ടം കറക്കി വിട്ടുകൊണ്ടിരുന്നു. ഒടുവിൽ മനസ്സിന്റെ വിളംബരം നാവിലൂടെ പുറത്തു ചാടി – കൂട്ട പ്രാർത്ഥനയുടെ നിരന്തരമായ ശബ്ദഘോഷം. അഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ തന്നെ അത് പാറയ്ക്കു ചുറ്റിൽ നിന്നും രാപ്പകളില്ലാതെ ഉച്ചത്തിൽ ഉയർന്നു വന്നുകൊണ്ടിരിക്കണം. അയാളുടെ മനസ്സ് ഇളകും, ഇളകി ആടും. കാന്താരി മുളകിട്ട പുക കണ്ണുകളെ നീറ്റുന്നതു പോലെ അയാൾ മനസ്സുകൊണ്ട് നീറിപ്പുകയും. സ്തൂലനായ അയാളുടെ ശക്തി മനസ്സാണ്. മനസ്സിനിട്ടടിച്ചാൽ വീഴും. അങ്ങനെ വീണുരുണ്ട് ഇരിക്കൂർ രാജ്യം വിട്ടുപോകും.
സന്ധ്യയുടെ വർണ്ണപ്പുടവ അഴിച്ചു മാറ്റി അന്തരീക്ഷം ഇരുൾ വസ്ത്രമണിഞ്ഞു. അപ്പോഴതാ കോടാലിപ്പുഴ ലക്ഷ്യമാക്കി പ്രാർത്ഥനാവചനങ്ങളുടെ ഇരമ്പൽ ഒഴുകി അടുക്കുന്നു. മുന്നാലെ ഇടനിലക്കാരന്റെ ശബ്ദം. ഏറാതെയും കുറയാതെയും ഏറ്റു ചൊല്ലിക്കൊണ്ട് പിന്നിൽ വിശ്വാസികൾ. കത്തിച്ച പന്തങ്ങളിൽ നിന്ന് വെളിച്ചം അവരെ പൊതിഞ്ഞു നീങ്ങി. തികച്ചും പ്രതികാറപ്പുറപ്പാടിന്റെ ഘോഷണം പോലെ വേഗതയുള്ള ഒരു ആസുര താളത്തിൽ ആയിരുന്നു ഇടനിലക്കാരനും വിശ്വാസികളും പ്രാർത്ഥന ചൊല്ലിയിരുന്നത്.
പന്തങ്ങൾ വിദ്വേഷ രാഗത്തിൽ ആളിയും അണഞ്ഞു കത്തിയും പുഴ ലക്ഷ്യം വച്ച് കുന്നിറങ്ങുവാൻ തുടങ്ങിയപ്പോൾ ഒപ്പം ഉയർന്ന ശബ്ദത്തിന്റെ സമാന താള ഗതിയിൽ സന്യാസിയപ്പന്റെ മനസ്സ് അപകട സൊാചനയുടെ വിളി കേട്ടു. അപ്പോഴതാ ഒരു കുറുനരിയുടെ ഓരി ഇടലും പത്തി ഉയർത്തിയ പാമ്പിന്റെ ഉഗ്രശബ്ദവും തമ്മിൽ കെട്ടിപ്പുണർന്ന് ഇടകലരുന്നു. സന്യാസിയപ്പൻ അപകടം മണത്തു – കൗശലത്തിനു പിന്നാലെ ചീറ്റാൻ പോകുന്ന വിഷവും – അതാണ് സൊാചന. അത് തിരിച്ചറിഞ്ഞതുപോലെ ദീനമായ ഒരു കരച്ചിൽ ചക്രവാളപ്പക്ഷിയിൽ നിന്ന് കോടാലിപ്പുഴയോരത്താകെ നീണ്ടൊഴുകി.
ഈ വഴി മുടക്കണം – മാനസഅപരൻ സന്യാസിയപ്പനുള്ളിൽ പ്രതിരോധ ശബ്ദം ആമന്ത്രണം ചെയ്തു. അതിന്റെ ധ്വനി മുഴക്കത്തിൽ സന്യാസിയപ്പൻ ഒരു നിമിഷം പാറിപ്പറന്ന് അടുക്കുന്ന പന്തങ്ങളിലേക്ക് നോക്കി. ഹേമന്ത മഞ്ഞും കുളിർ കാറ്റും ഇരുട്ടിൽ പരന്ന് ഒഴുകിയെങ്കിലും സന്യാസിയപ്പനിൽ ഒരു തമാശ പോലെ ഉൾച്ചൂട് ഇളകി വന്നു – കുന്നിറങ്ങാതെ , കുന്നു കയറാതെ, ക്ഷീണം തൊട്ടു വിളിക്കാതെ മടക്കി അയയ്ക്കണം – ഭദ്രമായ് അടച്ചു വച്ചിരുന്ന ഒരു ചില്ലു കുപ്പിയുമായ് അതിവേഗത്തിൽ സന്യാസിയപ്പൻ കുന്നു കയറി. കുപ്പിക്കുള്ളിലെ ?തീക്കൊല്ലി? ദ്രാവകം കുന്നിറക്കം തുടങ്ങുന്ന വഴിയിൽ വട്ടം വളഞ്ഞു തളിച്ചു.
കയറിയതിനേക്കാൾ വേഗത്തിൽ കുന്നിറങ്ങി.
പന്തങ്ങളുമായ് കുന്നിറങ്ങുവാൻ തുടങ്ങിയവർ പന്തങ്ങൾ കൂട്ടത്തോടെ കെട്ടണയുന്ന കാഴ്ചയ്ക്കു ദൃക്സാക്ഷികളായി. മഴയില്ല, കാറ്റില്ല, അത്ഭുതം!
തീപ്പെട്ടികളും കോലുകളും വൈരികളെപ്പോലെ ഇരുട്ടിൽ ഏറ്റുമുട്ടി. തീപ്പൊരികൾ ചിതറി. തീ മാത്രം കത്തുന്നില്ല! പെട്ടെന്ന് പ്രാർത്ഥനാമന്ത്രങ്ങൾ ആസുരതാളത്തിൽ നിന്ന് മുക്തമായ് കറകളഞ്ഞ ഭക്തി സാന്ദ്രതയിൽ ലയിച്ചു. തികഞ്ഞ ഇരിക്കൂർ ഭക്തിയോടെ അവർ അന്തരീക്ഷം നിരീക്ഷിച്ചു. താഴെ സന്യാസിയുടെ ആയുധം പാറ കീറി മുറിക്കുന്നതിന്റെ പതിഞ്ഞ ശബ്ദം ഇരുട്ടിലൂടെ കുന്നു കയറി വരുന്നു. ഒപ്പം മദിപ്പിക്കുന്ന ഒരു ഗന്ധം അവിടമാകെ നിറഞ്ഞൊഴുകുന്നു!
വിശ്വാസികൾ മുകളിലേയ്ക്കും വശങ്ങളിലേയ്ക്കും തല നീട്ടി ഗന്ധം പിടിക്കുവാൻ തുടങ്ങി. ംഉം, ംഉം……. എന്ന് അവരുടെ ശ്വാസനാളം ചലിച്ചു.
ഇത് പിശാചിന്റെ ഗന്ധമാണ് – കണ്ടു പിടിച്ചയാൾ ഇടനിലക്കാരന്റെ ആശിർവാദ അഭിനന്ദനങ്ങൾക്കായ് ഇരുട്ടിൽ കാതോർത്തു, കണ്ടുപിടിച്ചവന്റെ ഗരിമയിൽ.
ഇടനിലക്കാരൻ ആശിർവാദാഭിനന്ദനങ്ങൾ ചൊരിഞ്ഞില്ല. ഭയത്തിന്റെ ആന്തരിക സമ്മർദ്ദത്തിൽ അയാളുടെ വാക്കുകൾ സംഭ്രമ പാതയിലൂടെ സഞ്ചരിച്ച് പുറത്തേക്കു വന്നു – വിശ്വാസികൾ കൈ കോർത്തു പിടിക്കുവിൻ. വേഗം – ഇടനിലക്കാരൻ ഇരുട്ടിൽ തന്റെ മൂക്കിലെ കറുത്ത പുള്ളിയിൽ തലോടി ചുറ്റുപാടുകൾ സശ്രദ്ധം നിരീക്ഷിച്ചു.
ഇരുട്ടിൽ കൈകൾ കൈകളെത്തേടി അലഞ്ഞു. അനിനിടയിൽ കാൽ തെറ്റി പലരും വീണു.
അയ്യോ അമ്മേ, അമ്മേ, ഇരിക്കൂർ ഇടനിലക്കാരാ…. എന്നീ വാക്കുകൾ ഭയത്തിന്റെ ആർദ്ര രസത്തിൽ മുഴങ്ങി.
പക്ഷേ, താഴെ സന്യാസി കോടാലിപ്പുഴയുടെ ഇരുണ്ട ഭൂസ്ഥലിയിൽ സർവ്വ പിശാചുകൾക്കും നടുവിൽ ഒറ്റയ്ക്ക്! ഒരു വിശ്വാസി പറഞ്ഞു.
അവിശ്വാസിയെ പിശാച്ചു ബാധിക്കുകയില്ല. അയാളെ പിശാചിനും വേണ്ട – മറ്റൊരു ശബ്ദം ഇരുട്ടിൽ ഇറങ്ങി വന്നു.
വിശ്വാസികൾ പരസ്പരം കൈകോർത്ത് പതിയെ പിൻ തിരിഞ്ഞു നടക്കണം – ഇടനിലക്കാരന് ഭയത്തിൽ പതിഞ്ഞു പോയ ശബ്ദമായിരുന്നു – ഇത് പന്തം കെടുത്തി പിശാചാണ്. അവിശ്വാസിയെ നിഗ്രഹിക്കുവാൻ ചെല്ലുമ്പോൾ പിശാച്ച് പല പ്രതിബന്ധങ്ങളും സൃഷ്ടിക്കും. അവിശ്വാസിയായ ജാലവിദ്യക്കാരന്റെ വരവോടെ ഗ്രാമത്തിൽ പിശാച്ചു കടന്നു വന്നിരിക്കുന്നു – യ്യോ – നിലവിളിയോടെ ഇടനിലക്കാരന്റെ വാക്കുകൾ മുറിഞ്ഞു. ഇടനിലക്കാരൻ ചവിട്ടിയ കല്ല് ആടി ഇളകി അടിവാരത്തേക്ക് ഉരുണ്ടു പോയി.
പിശാച്ച് കല്ലിന്റെ രൂപത്തിൽ വന്നിരിക്കുകയായിരുന്നു – തപ്പിത്തടഞ്ഞെഴുന്നേറ്റ ഇടനിലക്കാരനിൽ നിന്ന് വാക്കുകൾ ശരീരത്തിന്റെ ക്ലേശ ഭാരം ചുമന്നു വന്നു – കാൽ വച്ചപ്പോൾ ഉന്തിയിട്ട് തെന്നി മാറിക്കളഞ്ഞു. ഹോ! എന്തൊരു ശക്തമായ ഉന്തായിരുന്നു പിശാചിന്റേത്. ഇരിക്കൂർ നാമത്തിന്റെ പ്രതിബലം ഇല്ലായിരുന്നുവേങ്കിൽ കോടാലിപ്പുഴയിൽ പോയി പതിച്ചേനെ!
ശരിയാണ് പിശാചിന്റെ ചൂര് ഇവിടമാകെ പരന്നൊഴുകുകയാണ് – അന്തരീക്ഷത്തിൽ മണം പിടിച്ച് ഒരാൾ പറഞ്ഞു.
പിശാചിന്റെ കടന്നാക്രമണം അതി കഠിനം, കാലുളുക്കി- കുന്നു കയറി നിന്ന് കിതപ്പടക്കുന്നതിനിടയിൽ ഇടനിലക്കാരൻ ശബ്ദാവശനായി – ദുഷ്ടനെ പിശാച്ച് സംരക്ഷിക്കും. അവന്റെ നിലനിൽപ്പ് പിശാചിന്റെ കൂടെ നിലനിൽപാണ്. വിശ്വാസികൾ ഈ രാത്രി അത്താഴം ഉപേക്ഷിച്ച് അത്താഴത്തിനുള്ള വക കൂടി കാണിക്കപ്പെട്ടിയിൽ അർപ്പിച്ച് നിരന്തര പ്രാർത്ഥനയിൽ മുഴുകണം. കപട സന്യാസിയെ തുരത്തുവാനുള്ള അധിക ശക്തി അതിൽ ഉത്ഭവിച്ച് വിശ്വാസികളിൽ സ്ഥായിയായി നിലകൊള്ളും- ഇടനിലക്കാരൻ തുടർന്ന് രാത്രി വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള വീട്ടിലേയ്ക്ക് പിൻ വാങ്ങി.
13
ശ്,ശ്,…. മാനസ അപരൻ സംതൃപ്തമായ് തട്ടി വിളിച്ചു. സന്യാസിയപ്പന്റെ മനസ്സുണർന്നു – ങ്‌ഉം? കേൾക്കുന്നില്ലേ? അധിമോഹനമായിരിക്കുന്നു!
ശരിയാണ് – സന്യാസിയപ്പന്റെ മുഖത്ത് അത്ഭുത ചിഹ്നം വിരിഞ്ഞു – ചക്രവാളപ്പക്ഷിയുടെ ശബ്ദം ഇത്ര മധുരമായ് ആദ്യം കേൾക്കുകയാണ്. അത് വൈകാരിക തലങ്ങളേയും അനുഭൂതികളെയും ഉണർത്തി വിടുന്ന ഒരു മാന്ത്രിക സ്പർശനം ഉള്ളിലെവിടയോ നടത്തുന്നു – അവർ മടങ്ങിപ്പോയിരിക്കാം – സന്യാസിയപ്പന്റെ വിചാര ധാര ബലപ്പെടുത്തി – അതിന്റെ ആനന്ദം തന്നെയാണ് ഈ പക്ഷിയുടെ ചുണ്ടുകളെ ചലിപ്പിച്ചു പുറപ്പെട്ടു വരുന്ന മഹാ സംഗീതം.
സന്യാസിയപ്പനെ പിൻതുടർന്ന് വന്ന് പുഴയോരത്ത് പുതിയ താവളം ഒരുക്കിയ പക്ഷിക്കൂട്ടങ്ങളും അണ്ണാരക്കണ്ണന്മാരും ചക്രവാളപ്പക്ഷിയുടെ ശബ്ദത്തിന് താളമിടുന്നതു പോലെ പതിഞ്ഞ രാഗത്തിൽ മൂളുന്നു. ഇടയ്ക്ക് അതിന്റെ ആരോഹണാവരോഹണങ്ങൾ മുറുകുകയും അയയുകയും ചെയ്യുന്നു. ഏതാനും മുയലുകൾ ഗോവണിയുടെ മുകളിലേക്ക് ചാടി ചാടിവന്ന് മഞ്ഞിൻ കണങ്ങൾ പോലെ മിനുസമായ രോമാവൃത ശരീരം സന്യാസിയപ്പന്റെ ശരീരത്തിൽ ഉരസി രസിച്ചു.
പക്ഷി,മൃഗാദികളുടെ ഈ തിരിച്ചറിവ് മനുഷ്യന് നഷ്ടമായതെങ്ങനെ?! മാനസ അപരന്റെ ചോദ്യം സന്യാസിയപ്പനുള്ളിൽ മഹാ നൈരാശ്യത്തിന്റെ കുട ചൂടി എഴുന്നേറ്റു.
സന്യാസിയപ്പൻ ചിരിച്ചു – ഇടനിലക്കാരൻ വെട്ടിപ്പിടിച്ച മനസ്സുകളുടെ ഉടമകളെ ഓർത്ത് നീ ഇങ്ങനെ വിലപിക്കുന്നതെന്തിന്! വിവേചനാധികാരമില്ലാത്ത, വിവേചനബുദ്ധി നഷ്ടപ്പെട്ട, മനസ്സുടയ്ക്കപ്പെട്ട മനുഷ്യർ. പണ്ടൊക്കെ ഉടമയും, അടിമയും ആയിരുന്നു. ഇന്ന് അതു മാറി ഇടനിലക്കാരനും വിശ്വാസികളും ആയി.
അപ്പോൾ ഭരണാധികാരിയോ? മാനസ അപരൻ ചോദ്യഭാവം പൂണ്ടു.
ചെന്ന് നോക്ക് – സന്യാസിയപ്പന് ചിരി താളത്തിൽ ശുണ്ഠി ഇളകി.
നിശീഥിനിയുടെ ആദ്യ യാമത്തിനു മുന്നിൽ മാനസ അപരൻ സന്യാസിയപ്പനെ കുറുമ്പോടെ നോക്കുമ്പോൾ ഞാൻ കണ്ടെത്തുമെന്ന ധ്വനി തെളിഞ്ഞു നിന്നു.
പാറി പറന്ന് പോയ മാനസ അപരൻ ചെന്നു നിന്നത് ഭണാധികാരിയുടെ കൊട്ടാരത്തിൽ. മഴവില്ല് കണ്ട കുട്ടിയുടെ മനോഗതികളിലൂടെ കറങ്ങി നടന്ന മാനസ അപരൻ ഭരണാധികാരിയെ കണ്ടില്ല. ഭരണാധികാരിയുടെ കസേരയെങ്കിലും കണ്ടു മടങ്ങാമെന്ന് വിചാരിച്ചു ചുറ്റി നടന്നു.
കസേരയുമില്ല! കസേരയില്ലാത്ത ഭരണാധികാരി! ചിരി അടക്കുവാൻ കഴിയാതെ മാനസ അപരൻ മുന്നിൽ കണ്ട കാര്യസ്ഥന്റെ ശിരസ്സിൽ പറന്നിരുന്നു.
ഹോ! എന്തൊരു ചൂട്, തീയിലിട്ട ശിലപോലെ ശിരസ്സ്! മാനസ അപരൻ രണ്ടും കൽപിച്ച് ആ തീച്ചൂടിനെ അവഗണിച്ച് അയാളുടെ മനസ്സിലേക്ക് ഇടിച്ചു കയറി.
ഭരണാധികാരി എവിടെ? മാനസ അപരൻ ഉഷ്ണ ശിരസ്സിന്റെ ഉള്ളറയിൽ നിന്ന മനസ്സിലേക്ക് ചോദ്യം എറിഞ്ഞു.
ഉത്തരം മനോമണ്ഡലത്തിന്റെ തീച്ചൂടിൽ തിളങ്ങി വന്നു – കസേര വാങ്ങുവാനുള്ള തിരക്കിലാണ് ഭരണാധികാരി. എത്താൻ വൈകും-കസേര വാങ്ങുവാൻ ഭൃത്യന്മാരും സേവകരുമില്ലേ? മാനസ അപരൻ കാര്യസ്ഥന്റെ കനം തൂങ്ങിയ മനസ്സിൽ വീണ്ടും തിരച്ചിൽ നടത്തി. ഉത്തരം ഉണ്ട് ഇത്തിരി ഭയത്തോടെ കാര്യസ്ഥൻ അത് ഒളിച്ചു വച്ചിരിക്കുന്നു! കൗതുകത്തിന്റെ അകമ്പടിയോടെ മാനസ അപരൻ അത് പുറത്തേക്കു വലിച്ചു – കസേര കൊണ്ടു കൊടുക്കേണ്ട പ്രജകളുടെ മനസ്സുകൾ ഇടനിലക്കാരന്റെ കൈവശമാ. അവർ കസേര ഇടനിലക്കാരനെ ഏൽപ്പിക്കും. അവിടെച്ചെന്ന് ഭരണാധികാരി അത് താണു വണങ്ങി കൈപ്പറ്റണം – ഉത്തരം കണ്ട് മാനസ അപരൻ കാര്യസ്ഥന്റെ മനസ്സിൽ നിന്ന് പുറത്തേക്കു
ചാടി. അപ്പോൾ ഭരണാധികാരിയെ കാണുവാനുള്ള ഒരാവേശം മാനസ അപരനിൽ വീണ്ടും മന്ദം മന്ദം ഒത്തു കൂടി. മാനസ അപരൻ രാക്കാറ്റിൽ മുങ്ങിക്കുളിച്ചുകൊണ്ട് കുറുക്കു വഴികൾ പിന്നിട്ട് മഞ്ഞ വെളിച്ചം കെട്ടിക്കിടന്ന ഇരിക്കൂർ രാജ്യത്തിന്റെ ദേശീയ പാതയ്ക്കു മുകളിലൂടെ നീങ്ങി. കുറെ പിന്നിട്ടപ്പോൾ പാത ശബ്ദസംഭ്രാന്തിയുടെ താവളം പോലെയായി. മാനസ അപരൻ താഴേക്കു കാഴ്ച അയച്ചു. ആഢ്യ ഗർവ്വോടെ ഭരണാധികാരിയുടെ വാഹനം ചീറിപ്പാഞ്ഞു പോകുന്നു! ഇരിക്കൂർ രാജ്യത്തിന്റെ ദേശീയ പതാക നാണം കൊണ്ട് മുഖം മറച്ചവനെപ്പോലെ അതിൽ ചുരുണ്ടു കൂടി കിടക്കുന്നു!
കിയോം!കിയോം! മുന്നിലും പിന്നിലും കൂക്കി വിളിക്കുന്ന സേവകരുടെ വാഹനങ്ങൾ
കിയോം, കിയോം – അധികാരമില്ലാത്തവൻ മാറിക്കോ.
ക്ണിഗ്, ക്ണിഗ്…. തൊട്ടു കൂടാത്തവർ തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽ പെട്ടാലേ ദോഷമുള്ളോർ, മാറിക്കോ.
അബന്ധനായ് മുന്നിൽ പെട്ടാൽ അന്ന് അടിച്ച് കുഴിയിൽ ഇടും. ഇന്ന് ഇടിച്ചു ദൂരേതെറിപ്പിക്കും!
വെടികൊണ്ട വരാഹ പലായനം പോലെ എവിടേക്കാണ് ഭരണാധികാരി! മാനസ അപരനിൽ സ്വഗതം ചോദ്യം ഉരുണ്ടു കൂടി.
അതാ,അതാ! ഇരിക്കൂർ ഇടനിലക്കാരന്റെ തലസ്ഥാനത്തെ വാസസ്ഥലത്തേക്കു വഴി പിന്നിടുന്നു. അപ്പോൾ സേവകന്മാരുടെ വാഹനത്തിലേക്ക് ഭരണാധികാരി അയച്ച ഒരു സന്ദേശം മാനസ അപരൻ പിടിച്ചെടുത്തു – തത്ക്കാലം ശബ്ദമാലിന്യം ഒഴുക്കരുത്. കിയോം, കിയോം നിർത്തി വയ്ക്കണം. ഇടനിലക്കാരൻ കേട്ടാൽ ധിക്കാരികളെ അധികാരം ആഘോഷിക്കുവാൻ നമ്മുടെ വസതിക്കു മുന്നിലും ആർത്ത് ഇരമ്പി വന്നോ എന്നാവും ചോദ്യം – അപ്പോൾ ഒരു മുൻ അനുഭവത്തിന്റെ വിളറിവെളുത്ത നിഴൽ ഭരണാധികാരിയുടെ മുഖത്ത് വന്നു പതിഞ്ഞു.
മാനസ അപരൻ ഭരണാധികാരിയുടെ തോളിൽ ചെന്നിരുന്ന് സശ്രദ്ധം വീക്ഷിച്ചു – എടുപ്പിലും നടപ്പിലും കൊള്ളാം. ആകെക്കൂടി ഒരു ഉശിരൻ! ഇടനിലക്കാരന്റെ വാസസ്ഥലിക്ക് അടുത്തെത്തിയപ്പോൾ ഇസ്തിരി ഇടാത്ത വസ്ത്രം പോലെ ഉശിരും ഉണർവ്വും ചുക്കിച്ചുളിഞ്ഞു. ഭൃത്യന്മാരെപ്പോലെ കൈകൾ മാറത്ത് പിണച്ചുകെട്ടി. മാനസ അപരന്റെ ഉള്ളിൽ ?ഛീ…..?എന്ന ഒരു അവഹേളനം പൊന്തി ഉയർന്നു. അതിന്റെ ഇതളുകളിൽ ഹാ കഷ്ടം എന്ന് ഇരിക്കൂർ രാജ്യത്തിന്റെ ഭരണാധികാരിയെ വിലയിരുത്തി വച്ചു.
എന്താ? ഓർമ്മയുണ്ടോ നാം ഇടനിലക്കാരനെ – ഇളകി വീണ മേഘഗർജ്ജനത്തിൽ ഭരണാധികാരി ?ഉവ്വേ? എന്ന് ഞെട്ടി.
എന്താ വായില് ഊറ്റുചാല് ഉത്ഭവിക്കുകയാണോ – മിഠായി കണ്ട കുട്ടിയുടെ മനമിളക്കത്തോടെ കസേരയിലേക്ക് നോക്കി നിന്ന ഭരണാധികാരിക്കു നേരെ ഇടനിലക്കാരൻ നർമ്മരസികനായി – കുടിക്കാൻ പാനീയമോ മറ്റോ?
യ്യോ, നിന്നു തളർന്നു, അടിയന് ഇരിക്കാൻ കസേര മതി.
ഹഹഹ….. ഇടനിലക്കാരന്റെ ചിരി രാത്രിയുടെ ഏകാന്ത താളത്തിൽ നിമിഷങ്ങളോളം നൃത്തം ചവിട്ടി നിന്നിട്ട് ചോദ്യ രൂപം പൂണ്ടു – ഇടനിലക്കാരന് ഒപ്പത്തിനൊപ്പം ഇവിടെ ഇരിക്കുകയോ!
അയ്യോ! ഭരണാധികാരി ക്ഷമാപണത്തിന്റെ കുപ്പായം കൊണ്ട് മുഖവും വാക്കുകളും മൂടി – ഇവിടെയല്ല. അവിടെ ഭരണസിരാകേന്ദ്രത്തിൽ ഇരിക്കുവാനുള്ള…. തുടർന്ന് ഇടനിലക്കാരന്റെ പീഠത്തിനു താഴെ ചടഞ്ഞിരിക്കുമ്പോൾ പരമ ഭക്തി ഭരണാധികാരിയുടെ കണ്ണുകളിൽ തിളങ്ങി നിന്നു. മടിയിൽ എടുത്തു വച്ച ഇടനിലക്കാരന്റെ പാദങ്ങൾ രണ്ടിലും കുഞ്ഞോളങ്ങൾ പോലെ മെല്ലെ തഴുകി തലോടി. നാവിൽ നിന്ന് ഇരിക്കൂർ ഭക്തിഗാനത്തിന്റെ ഒരു തിരയിളക്കം അലകളായ് ഒപ്പം കോർത്തിണക്കി.
സൊകം പോരാ…. വിരസ രാഗത്തിൽ ഇടനിലക്കാരന്റെ തല ഇരു വശങ്ങളിലേക്കും അസംതൃപ്തിയിൽ ആടി.
ഭരണാധികാരി ഉഴിച്ചിലിനു വേഗത കൂട്ടി.
ഛീ… മണ്ടാ. ഭരണത്തിന് അത്ര സുഖം പോരെന്നാ
?യ്യോ!? ഭരണാധികാരിയുടെ ദയാ കടാക്ഷം തൂവെള്ളച്ചിരിയിൽ ചൂണ്ടി നിന്നു – നിർദ്ദേശങ്ങൾ ഇവിടന്ന് അപ്പപ്പോൾ കൊടുത്തുവിട്ടാൽ മതി. അതൊക്കെ ഭരണത്തിൽ ചേരും പടി ചേർത്തുകൊള്ളാം.
ഇടനിലക്കാരന്റെ മുഖത്ത് നിശാനിറങ്ങൾ നിരന്നു വന്നു. അതിനിടയിൽ നിന്ന് അസംതൃപ്തി പൂണ്ട വാക്കുകൾ തിളച്ചു മറിഞ്ഞു വീണു – കഴിഞ്ഞ തവണ കസേര തന്നു വിടുമ്പോൾ ഇരിക്കൂർ നാമത്തിൽ ഉണർത്തി വിട്ടത് ഓർമ്മയുണ്ടോ?
അടിയൻ – പെയ്തു വീണ പതർച്ചയെ ഭരണാധികാരി വിഴുങ്ങുവാൻ കഴിയാതെ ഇടറി നിന്നു.
ഇടനിലക്കാരന്റെ വെറുപ്പ് പുച്ഛസ്വരത്തിൽ ഭരണാധികാരിക്കു നേരെ വന്ന് ഓർമ്മപ്പെടുത്തി – ഭരണം ഇരിക്കൂർ വിശ്വാസികൾക്കു വേണ്ടിയാകണം. അവരുടെ മന:സംതൃപ്തിയിലും ധന സമൃദ്ധിയിലുമാണ് ഇടനിലക്കാരന്റെ ശാശ്വത നിലനിൽപ്പ്.
ഭരണാധികാരി ഇടനിലക്കാരനെ അനുനയത്തിന്റെ കുടക്കീഴിലേക്ക് ആകർഷിക്കുവാൻ കോപ്പുകൂട്ടി – കസേര ഉണ്ടാക്കുന്നതിൽ അവിശ്വാസികൾക്കും അർദ്ധവിശ്വാസികൾക്കും ഇത്തിരി അധ്വാനഭാരം ഉള്ളതല്ലേ? അപ്പോൾ …. ഇടനിലക്കാരൻ ?ഛീ………?എന്ന് ആട്ടിക്കൊണ്ട് ഭരണാധികാരിയുടെ മടിയിൽ നിന്ന് കാലു വലിച്ചെടുത്തു – ചിതറി സംഘടനാബോധമില്ലാതെ കിടക്കുന്നവരുടെ അദ്ധ്വാനത്തിന് എന്തിന് വില കൽപിക്കണം. എന്തെങ്കിലും പൊട്ടും പൊടിയും മാത്രം നീട്ടിക്കൊടുക്കുക, കണ്ണു പെടാതിരിക്കുവാൻ. പട്ടിണിക്കോലങ്ങൾ ആകുമ്പോൾ ശരീരത്തിന് ഭാരം നന്നേ കുറയും. മനസ്സിനു ഭാരം കൂടും. അപ്പോൾ ഇരിക്കൂർ വിശ്വാസത്തിലേക്ക് വലിച്ചുകൊണ്ടു വരുവാൻ വെറും വാക്കുകളുടെ ബലം മതിയാകും.
ഉവ്വേ , ഉവ്വേ, എന്ന ഉച്ചാരണത്തിൽ ഭരണാധികാരി മനം കുളിർക്കേ തലയാട്ടി. അതിന്റെ തിരയിളക്കത്തിൽ മൗന മന്ദഹാസം ഇടനിലക്കാരന്റെ ഉള്ളിൽ നിന്ന് ഊറി വന്നു. ഇടനിലക്കാരൻ കൺതടത്തിൽ താക്കീത് ഒളിപ്പിച്ചു കസേര നീട്ടിക്കൊടുത്തു.
യ്യോ! മാനസ അപരൻ നീട്ടി വിളിച്ചു പോയി. എന്തൊരു ചാടിപ്പിടിത്തമാ കസേരയിലേക്ക്! ഒരു സർക്കസുകാരന്റെ മെയ് വഴക്കം, കസേര പിടുത്തത്തിന്! ഭരണാധികാരി ദയാകടാക്ഷങ്ങൾ വിട്ട് കുലുങ്ങി ചിരിച്ച് പുറത്തേക്കു കുണുങ്ങി നടന്നു. പുറത്തെത്തിയപ്പോൾ അലതല്ലി വന്ന ആവേശത്തിന്റെ തിരകളാൽ കസേര കൈകളിൽ പൊങ്ങി ഉയർന്നു. സ്വീകരിക്കുവാൻ പുറത്ത് പൂവും പൂമാലകളുമായ് മതി മറന്ന് നിന്ന അടിയാളന്മാർ ആദ്യം വീര, ശൂര നാമങ്ങൾ കൊണ്ട് ഭരണാധികാരിയെ വാഴ്ത്തി പനിനീർ കുടഞ്ഞു. വഴികളിൽ പൂക്കൾ വിതറി. ആനയിക്കപ്പെട്ടവന്റെ കാൽപാദങ്ങൾ ആമഗ്നം പതിഞ്ഞപ്പോൾ പൂക്കൾ തൊട്ടാവാടികളെപ്പോലെ സ്പർശന ഭാരത്താൽ തല കുമ്പിട്ടു. നിന്ദിക്കലും അപമാനിക്കലും ഭാരം പോലെ കയറി ഇറങ്ങി നൊമ്പരപ്പൊട്ടുകളായി. പരാജയപ്പെട്ടവന്റെ കാൽപാദങ്ങളെ പരമ കാരുണ്യത്തോടെ ഏറ്റുവാങ്ങാം. പക്ഷേ, മാനം വിറ്റു വിജയിച്ച കാൽപാദങ്ങൾക്കുവേണ്ടി താഴ്‌ന്നു കൊടുക്കുമ്പോൾ അത് പൂവുകൾക്ക് താങ്ങാൻ കഴിയാത്ത അപമാന ഭാരമാകുന്നു. പൂക്കളുടെ ചുവന്നു തുടുത്ത കവിൾത്തടം കറുത്ത് പൂനിറങ്ങൾ ഗതികേടായ് ഒലിച്ചിറങ്ങി.
അത് നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് ഹാരധാരകൾക്കിടയിലൂടെ ഭരണാധികാരി വാഹനത്തിൽ കയറി വന്ന വഴിയേ തിരിച്ചു പാഞ്ഞു – കിയോം, കിയോം…….
നിശയുടെ നീരാളിപ്പട്ടഴിച്ചു മാറ്റി പ്രഭാതം പുതു പുത്തൻ പ്രതീക്ഷകളോടെ പുറത്തിറങ്ങി. പ്രാർത്ഥനാ സ്ഥലിയിൽ ഇടനിലക്കാരൻ തമസ്സിന്റെ കെട്ടഴിച്ചു അന്ധകാരം വിളമ്പുവാൻ തുടങ്ങി, തലേദിവസം പന്തം കെടുത്തി കവർന്നെടുത്ത പ്രതിഛായ കളങ്കലേശമില്ലാതെ തിരിച്ചു പിടിക്കുവാൻ പറഞ്ഞു – രാത്രിയുടെ യാമങ്ങളിൽ ഒന്നിൽ പ്രകാശ ഗോപുരം പോലെ ഇരിക്കൂർ സത്ത പ്രത്യക്ഷപ്പെട്ടു. പന്തം കെടുത്തിയുടെ രൂപം വർണ്ണിച്ചു. കുറുകിയ രൂപം, ആദികാല പിശാച്ച്. അന്യം നിന്നു പോയി എന്ന് ഇഹലോകം വിശ്വസിച്ചു പോന്നത്. വലിയ കൊമ്പുകൾ, അത്ര തന്നെ നീണ്ട കൈ നഖങ്ങൾ. ആ രാക്ഷസ നഖങ്ങൾ കൊണ്ട് വൻ വൃക്ഷങ്ങളെ നുള്ളി മുറിച്ചിടുവാൻ കഴിയും. കാറ്റിനെ വലിച്ചൂറ്റിക്കുടിക്കും. ചിലപ്പോൾ അതിന്റെ വലി ശക്തമാകുമ്പോൾ കാറ്റിൽ വൻ ചുഴികൾ രൂപപ്പെടും. മനുഷ്യൻ പോലും ആ ചുഴിയിൽപ്പെട്ട് അതിന്റെ വായിലേക്ക് ഊർന്നു പോകും. പന്തമെന്നല്ല അഗ്നി പർവ്വതം കെടുത്തും. വിശ്വാസികൾ ഭയപ്പെടണ്ട. നൂറ്റാണ്ടുകൾക്കു മുമ്പ് നിരവധി പന്തം കെടുത്തികൾ ഈ ദേശത്ത് ഉണ്ടായിരുന്നു. അവറ്റകളെ ഇരിക്കൂർ മന്ത്രം കൊണ്ട് നമ്മുടെ പൂർവ്വികർ പിടിച്ചു നശിപ്പിച്ചു കളഞ്ഞ ചരിത്രമുണ്ട്. അതിന്റെ കാലിക ആവർത്തനം ഈ പന്തം കെടുത്തിയിലും ഞാൻ നടപ്പാക്കും. ഇരിക്കൂർ വിശ്വാസികളെ നിങ്ങൾ മനസ്സിന്റെ ആഴത്തിൽ ആഴത്തിൽ പ്രാർത്ഥിക്കൂ. പ്രാർത്ഥന ആഴങ്ങളെ തൊട്ടു നമിച്ചു പുറത്തേക്കു വരട്ടെ – വിശ്വാസികൾ ആഴത്തിൽ പ്രാർത്ഥിച്ചു. അങ്ങനെ അങ്ങനെ മുഴങ്ങട്ടെ – ഇടനിലക്കാരൻ പ്രോത്സാഹനത്തിന്റെ തിരി ആളിക്കത്തിച്ചു.
ഒരു മൗന മന്ത്രം ഞാൻ ഇടനിലക്കാരൻ ഈ നിമിഷം പന്തം കെടുത്തിക്കു നേരെ ഊതിപ്പറത്തി വിടുകയാണ് – ഇടനിലക്കാരൻ സ്വപ്നാടകനെപ്പേലെ ഉയർന്നു ചാടി കൂക്കി വിളിച്ചു – ഒരു പന്തം കെടുത്തി നശ്വരനായിരിക്കുന്നു. പന്തം കെടുത്തിയെ മന്ത്രത്തിന്റെ ബലത്തിൽ ഞാൻ നശിപ്പിച്ചിരിക്കുന്നു. വിശ്വാസികൾ ആഹ്ലാദിപ്പിൻ ആർത്തു പാടുവിൻ ഇരിക്കൂർ സ്തുതി. ആർപ്പു വിളികളോടെ പറയുവിൻ ഈ വാർത്ത. ഇരിക്കൂർ മഹത്വം ലോകത്തിനു മീതേ പടർന്നു വ്യാപിക്കട്ടെ. ഇനി നമ്മൾ കൂട്ടത്തോടെ പുഴയോരത്തേക്കു പോകുകയാണ്. അവിടെ പുക നമ്മുടെ ആയുധമാകും. ഹഹഹാ… പുറത്തു ചാടിക്കുവാനുള്ള ആയുധം. പുക ഇരിക്കൂർ വിശ്വാസത്തിന്റെ മൗലിക അടിത്തറയെ കരണ്ടു തിന്നുന്നവനെ പുകച്ചു പുറത്തു ചാടിക്കുവാനുള്ള ആയുധം. ഇടനിലക്കാരനും സംഘവും പുഴക്കരയിൽ എത്തി.
പാറ അറുത്ത് ഇവിടെ സാമ്രാജ്യം തീർക്കുകയാണോ? പുച്ഛവും വെറുപ്പും ഇടനിലക്കാരന്റെ ചോദ്യത്തിൽ ഇടകലർന്നു കയറി.
ഞാൻ വാസസ്ഥലം ഒരുക്കുകയാണ് – സന്യാസിയപ്പന്റെ ചുണ്ടുകളിൽ നിറഞ്ഞു നിന്ന മന്ദഹാസം അനിഷ്ടമായ ഓർമ്മകളെ തമസ്കരിച്ചുകൊണ്ട് വാക്കുകളെ അതീവ മൃദുലമാക്കി.
അഹന്ത അജ്ഞാനത്തിന്റെ ഉരുൾ പൊട്ടലാണ്. അത് തികച്ചും അവഗണനയാണ് അർഹിക്കുന്നത്. ഇവിടെ അതിന് പിടിച്ചടക്കലിന്റെ സ്വഭാവ ദുർഗുണം കൂടിയുണ്ട്. അതുകൊണ്ട് ഓരോ ചുവടും കരുതലോടെയാവണം – മാനസ അപരൻ ആന്തരിക ജ്ഞാനത്തിന്റെ അകത്തളത്തിൽ തൊട്ട് സന്യാസിയപ്പനെ ഓർമ്മിപ്പിച്ചു.
അവിവേകത്തിലൂടെ ഇടനിലക്കാരന്റെ വാക്കുകൾ സഞ്ചാരം തുടർന്നു – ഇവിടെ അവിശ്വാസികൾക്ക് സ്ഥാനമില്ല. സ്ഥാനമില്ലാത്തിടത്ത് പറ്റിപ്പിടിക്കുവാൻ ശ്രമിച്ചാൽ ശിക്ഷ വാനോളം വലുതാകും. പുഴക്കക്കരെ വിശാലമായ ഭൂവിടത്തിൽ അവിശ്വാസികളുടെ വാസസ്ഥലമുണ്ട്. നിനക്ക് വേണമെങ്കിൽ ആ അതിർത്തിക്കകത്ത് വാസസ്ഥലം ഒരുക്കാം. അവിടെയുള്ള അജ്ഞാനികൾക്ക് മറ്റൊരജ്ഞാനിയുടെ സാമീപ്യം തെല്ലും ആശങ്ക പടർത്തുകയില്ല. പകരം തിളച്ചു പൊന്തുന്ന ആവേശമാകും.
താങ്കൾ കൂടുതൽ കരുണ ഉള്ളവനാകണം. അകന്നു പോകുവാൻ കഴിയാത്ത ഒരടുപ്പത്തിൽ ഞാൻ ഈ പാറയോടും പുഴക്കരയോടും ആത്മാംശം കൊണ്ട് അഗാധമായ് ബന്ധിതനായിരിക്കുന്നു. അതിന്റെ പൊരുൾ തിരിച്ചറിയുംവരെയെങ്കിലും ഇവിടെ അതിഥിയാവാൻ കഴിഞ്ഞില്ലെങ്കിൽ അധികപ്പറ്റായെങ്കിലും എനിക്കു കഴിച്ചു കൂട്ടിയേ മതിയാകൂ.
ധിക്കാരം! ഇരിക്കൂർ ഇടനിലക്കാരൻ ചൊല്ലുന്ന വാക്കുകളെ ധിക്കരിക്കുന്ന ഈ ധിക്കാരിയെ കാൺകെ എന്റെ ഉള്ള് കോപതാപാദികളാൽ ജ്വലിക്കുന്നു – തുടർന്നു ഇടനിലക്കാരൻ ഭയാനകമായ ശബ്ദത്തിൽ പ്രാർത്ഥന ചൊല്ലി – വിശ്വാസികളേ, കോപാന്ധരാഗമാണ്. ഈ രാഗത്തിൽ ആരോഗണാവരോഗണം ഏറ്റവും ഉച്ചസ്ഥായിയിലേക്ക് കൊണ്ടു പോകൂ.
സന്യാസിപ്പാറയ്ക്കു ചുറ്റിൽ നിന്നും അരോചകമായ ശബ്ദപ്രളയം സന്യാസിയപ്പന്റെ ചെവിയെ വളഞ്ഞിട്ടാക്രമിക്കുവാൻ കൊടുങ്കാറ്റുയരുന്നതുപോലെ ഉയർന്നു പൊങ്ങി. ആ ശബ്ദ മാലിന്യത്തെ ശ്രവിക്കുവാൻ കഴിയാതെ പക്ഷികൾ കൂട്ടത്തോടെ അവിടെ നിന്ന് പറന്നകന്നു. സന്യാസിയപ്പൻ ശ്രവണേന്ദ്രിയത്തെ മയക്കി ഇടുമ്പോൾ ചുണ്ടുകളിൽ നിന്ന് നേർത്ത ഒരു പുഞ്ചിരി ശാന്ത താളത്തിൽ പെയ്ത് ഒഴുകി.
? ഈ അർദ്ധ നിഷ്ക്രിയത ഇപ്പോൾ അത്യാനന്ദമാണ്, അല്ലേ?? മാനസ അപരൻ സന്യാസിയപ്പനെ തൊട്ടു പറഞ്ഞു – നല്ലത്. കേൾക്കാതിരിക്കുവാനും നീ പഠിച്ചിരിക്കുന്നു! കേഴ്‌വി കൊടും പീഢനമാകുമ്പോൾ അതിനെ ചുരുക്കി, ചുരുക്കി പൂജ്യാവസ്ഥയിൽ സ്വയം പ്രവേശിക്കുവാനുള്ള പ്രാപ്തി നിനക്ക് നിന്റെ തുടർ ജീവിതത്തിൽ അനുപേക്ഷണീയമാണ്. എന്തെന്നാൽ ബൗദ്ധിക വെളിച്ചം കടന്നു കയറാത്ത കോട്ടയിലാണ് നിന്റെ വാസം. മറ്റു മാർഗ്ഗങ്ങളായ കൊടും നിസ്സംഗതയും സഹനവും ആത്മ പീഢനമായ് കലാശിക്കും. അത് ആന്തരിക ഊർജ്ജത്തെ വറ്റിച്ച് ആയുസ്സിന്റെ ബലം കുറയ്ക്കും. അജ്ഞാനിയുടെ തള്ളിക്കയറ്റത്തിൽ ആത്മബലം നഷ്ടപ്പെടാതെ കാത്തിരിക്കണം. അവൻ തളർത്തി വീഴ്ത്തുന്നവനെ താങ്ങി എഴുന്നേൽപ്പിക്കണം. വീഴുന്നവൻ നിസ്സഹായനാണ്. ഇടനിലക്കാരൻ എപ്പോഴും അവനെ ഇരുട്ടിൽ നിർത്തി വിനിയോഗ വസ്തുവാക്കും. അതിൽ അവന്റെ പങ്ക് നിരപരാധിത്വമാണ്. അവൻ ഇര! നിരപരാധി. അജ്ഞാനിയുടെ വാക്കുകൾ പ്രായോഗിക തലത്തിൽ പരാജയപ്പെടുവാൻ കാത്തിരിക്കുന്നവയാണ്. കാപഠ്യങ്ങളുടെ അടിത്തറ ആണ് അതിന്. അത് കാലത്തിന്റെ പരീക്ഷണങ്ങളിൽ കടപുഴകും. പഴയ ഇര പരിക്ഷീണനും മൃതപ്രായനുമാകുമ്പോൾ ബലിപ്പുരയിൽ തളർന്നു കിടക്കും. അപ്പോൾ പുതിയ ഇരകൾ വന്നെത്തും. ഇരകളുടെ ധാരാളിത്വം ഇടനിലക്കാരനെ തടിച്ചു കൊഴുപ്പിക്കും.
? ഇതൊക്കെ എന്നിൽ നിന്ന് നിത്യേന ചികഞ്ഞെടുത്ത് പഠിച്ചു നീ എനിക്കു തന്നെ തിരിച്ചു കൈമാറുകയാണോ?? സന്യാസിയപ്പനിൽ നിന്ന് നേർത്ത ഒരു ആന്തരിക ഹാസ്യം മാനസ അപരനിലേക്ക് പെയ്തിറങ്ങി. മാനസ അപരൻ അതിന്റെ അർത്ഥ വ്യാപ്തിയിൽ നനഞ്ഞ് പുറത്തേക്ക് പാഞ്ഞിട്ട് അതേ വേഗത്തിൽ സന്യാസിയപ്പന്റെ മനോ മണ്ഡലത്തിലേക്ക് തിരിച്ചു കയറി. മടങ്ങി വരുമ്പോൾ മനസ്സാകുന്ന മാനസ അപരൻ മധ്യാഹ്ന സൂര്യന്റെ നിഴൽ പോലെ കുറുകി മുറുകിയിരുന്നു. ആ അപൂർവ്വ ഭാവമാറ്റം കണ്ട് സന്യാസിയപ്പൻ പറഞ്ഞു – നീ എന്തിന് ഭാവമാറ്റം ഉൾക്കൊണ്ട് നടക്കണം! അത് എന്നിലേക്ക് ആദ്യന്തം നിക്ഷേപിക്കൂ. ഞാൻ ആ സമ്മർദ്ദത്തെ അതിജീവനത്താൽ അസ്തമിപ്പിക്കാം – അപ്പോൾ കൊടിയ ഒരാപത്തിന്റെ ആമുഖം മാനസ അപരനിൽ നിഴലിച്ചു – നീറ്റു ഗന്ധം പാറയെമൂടും. നാലു ചുറ്റും കാട്ടു നഞ്ചും കാന്താരി മുളകും ഉണക്കിപ്പൊടിച്ച മിശ്രിതം കരിയിലകളിൽ വിതറുന്നു. ചിലർ തീ പകരുവാൻ തുടങ്ങി. താത്ക്കാലിക പലായനമല്ലാതെ മാർഗ്ഗമെന്ത്? മാനസ അപരൻ ചോദിച്ചു.
സന്യാസിയപ്പൻ നിരീക്ഷകനെപ്പോലെ പാറയ്ക്കു ചുറ്റും പതിഞ്ഞ കൺദർശനം നടത്തി സംഭവങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് അതിനനുസരിച്ച് കൂട്ടിയും കുറച്ചും ശാന്ത തൈലം പ്രയോഗിച്ചു. ആ ശാന്ത തൈലം പുകയ്ക്കൊപ്പം പാറയ്ക്കു ചുറ്റും പാറിപ്പറന്നു.
പാറയ്ക്കു മുകളിൽ ഉഛ്വാസ നിശ്വാസങ്ങൾ ഇല്ലാത്ത മൗന ശ്വാസ ഗതിയിൽ സന്യാസിയപ്പൻ മലർന്നു കിടന്നു.
ഇടനിലക്കാരൻ ചൊല്ലിക്കൊണ്ടു നിന്ന കോപാന്ധരാഗം മറവിയുടെ ആഴങ്ങളിൽ വിലയം പ്രാപിച്ചു. അവിട നിന്നും സംതൃപ്ത താളത്തിൽ ഉള്ള ഒരു പൊട്ടിച്ചിരി ഉയർന്നു. തീപ്പന്തങ്ങളുമായ് വന്നവരിലേക്ക് തീ പോലെ അത് പടർന്നു വ്യാപിച്ചു. പുഴയോരത്ത് നിലയ്ക്കാത്ത പൊട്ടിച്ചിരികൾ മുഴങ്ങി. ഇടനിലക്കാരനും ഇരിക്കൂർ വിശ്വാസികളും വട്ടത്തിലും നീളത്തിലും ചിരി വലിച്ചുകൊണ്ട് ഓടി. കുഞ്ഞുങ്ങളുടെ നിഷ്കളങ്കത അവരുടെ മുഖത്ത് നിഴലിട്ടു നൃത്തമാടി. ഓരോ പുൽ നാമ്പുകളിലും പൂക്കളിലും അവർ കുനിഞ്ഞു മുത്തമിട്ടു തലോടി. സംതൃപ്തിയും സന്തോഷവും ഒരു തടാകം പോലെ അവരിൽ നിറഞ്ഞു കവിഞ്ഞു. കോപാന്ധരാഗത്തിന്റെ കോപ താപാദികളാൽ പേടിച്ചകന്ന പക്ഷിക്കൂട്ടങ്ങൾ അമ്മക്കിളിയുടെ താരാട്ടു കേട്ടതുപോലെ ആനന്ദതാളത്തിൽ ആടിപ്പറന്നു വന്നു. മദലഹരിയിലാണ്ട മണിക്കൂറുകൾക്കൊടുവിൽ ഇരിക്കൂർ ഇടനിലക്കാരനും സംഘവും വീശി ഇറങ്ങിയ വിയർപ്പിന്റെ അകമ്പടിയിൽ താളം തളർന്നു തനു താങ്ങി കുന്നു കയറുവാൻ തുടങ്ങി. അപ്പോഴും നിഴലാണ്ട നിശ്ശബ്ദ പകലിന് ഇടവിട്ട പൊട്ടിച്ചിരികൾ കുളിർ താളമായി , കുറു താളമായി.
പാറയെ പുൽകി വലയം ചെയ്ത പുക കെട്ടണഞ്ഞപ്പോൾ സന്യാസിയപ്പൻ മൗന ശ്വാസത്തിൽ നിന്ന് ശ്വാസോഛ്വാസങ്ങളുടെ ക്രമ താളത്തിലേക്ക് തെന്നി ഇറങ്ങി.
നിന്നിലെ സംതൃപ്തിക്കുറവ് ഒരു പോറലിന്റെ നിണ അടരുപോലെ ഊറിക്കൂടുന്നത് എനിക്കു കാണാം. നീ ചെയ്ത സ്വയം രക്ഷക്ക് മന:ക്കുത്തേറ്റ് നിർവ്വികാരന്റെ നിറം ചൂടി ഇരിക്കുന്നതെന്തിന്? മാനസ അപരൻ ചോദിച്ചു.
വലിയ ഒരു ജനക്കൂട്ടത്തിനു നേരെയാണ് ഞാൻ ശാന്ത തൈലം പ്രയോഗിച്ചതു. പ്രക്ഷുബ്ധവും പ്രകോപനപരവുമായ അവരുടെ മാനസിക അവസ്ഥയ്ക്കു നേരെ ശാന്തവും സമാധാനപരവുമായ മറ്റൊരു മാർഗ്ഗം ഇല്ലായിരുന്നു. നിരവധി വർഷങ്ങളിലെ നീണ്ട പ്രയത്നം കൊണ്ട് സശ്രദ്ധം സംസ്ക്കരിച്ചെടുത്തതിന്റെ ഒരംശമാണ് ഇപ്പോൾ വിനിയോഗിച്ച ശാന്ത തൈലം. മാത്രമല്ല അത് ഇത്തിരി കൂടിയ അളവിൽ പ്രയോഗിക്കുകയും ചെയ്തു. അതുകൊണ്ടാണ് ചിരിക്കൊപ്പം ഓട്ടവും തുടങ്ങിയത്.
മാനസ അപരന്റെ മനസ്സിൽ കാറ്റിൽ ഇളകുന്ന ആലില പോലെ ഒരു ചിരി ഇളകി വാക്കുകളായ് വഴുതി മാറി – അപ്പോൾ വൻ വീറോടെ വാക്ക്ഷേത്രം വളഞ്ഞുപിടിക്കുവാൻ എത്തുന്നവരെ ചിരിയുടെ ചിലമ്പണിയിച്ച് അകറ്റാൻ ഉപയോഗിക്കുന്നവയോ?
അവിടെ ശാന്ത തൈലം നാലഞ്ചുപേർക്കു നേരെ മതി. ഇവിടെ പുകയുടെ പ്രത്യാക്രമണത്തെ ചെറുത്തു മുന്നേറുവാൻ മാത്രം അതിന്റെ നൂറിരട്ടി. ആക്രമിക്കുവാൻ എത്തുന്ന അശാന്ത വന്യമൃഗങ്ങൾക്കു നേരെ പ്രയോഗിക്കുവാൻ തയ്യാറാക്കി വച്ചിരുന്നതാണ്. പക്ഷേ, വന്യമൃഗങ്ങൾ വാനോളം എന്നെ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു. മൃഗത്തിനുള്ളത് മനുഷ്യന് നേരെ പ്രയോഗിക്കേണ്ടി വന്ന കലികാല ദു:ഖമാണ് എനിക്ക് ഇപ്പോൾ.
പരക്കെ പരദൂഷണത്തിനും , വെറുപ്പിനും, വിദ്വേഷത്തിനും അപ്പുറം സ്നേഹത്തിനും ആനന്ദത്തിനുമുള്ള ഒരു ധാർമ്മിക ഇടവേള ഇരിക്കൂർ ഇടനിലക്കാരനും സംഘത്തിനും സരസമായ് ലഭിച്ചുവല്ലോ! അസാധ്യതയിൽ ആ സാധ്യത തെളിഞ്ഞു വന്നതിൽ നമുക്ക് ആനന്ദിക്കാം.
? ഹാ…..? സന്യാസിയപ്പൻ ചിരിച്ചു – കർമ്മ സാഫല്യത്തിന്റെ ഒരു ചെയ്തിയായ് ഇതിനെ വ്യാഖ്യാനിക്കുകയാണോ! അവരെ സംബന്ധിച്ചുകൂടി അത് ശരി എന്ന് തോന്നുമ്പോഴല്ലേ കർമ്മ സാഫല്യം അതിന്റെ അർത്ഥപൂർണ്ണിമയിൽ പ്രവേശിക്കുകയുള്ളൂ.
ശരിയാണ് – മാനസ അപരൻ സമ്മതിച്ചു.
ഗ്രാമമാകെ അതിശയം അലയടിച്ചു നടന്നു. ഇടനിലക്കാരനും വിശ്വാസികളും ആ അതിശയത്തിന്റെ കാര്യ കാരണങ്ങളായി ആടിയും പാടിയും നടന്നു. ഗ്രാമീണരാകെ അവർക്കു പിന്നാലെ ഒഴുകി. അവർ ആനന്ദത്തോടെ പാടിക്കൊണ്ടിരുന്നത് ഇരിക്കൂർ ഭക്തിഗാനങ്ങൾ അല്ല. മനസ്സിന്റെ ആഴങ്ങളിൽ നിന്ന് ഊറി വരുന്ന വാക്കുകളിൽ വളരുന്ന വരികൾ! അതിൽ തെളിയുന്നതോ മനുഷ്യസ്നേഹത്തിന്റെയും , മാനവികതയുടെയും മാമൂലുകൾ! താളം ചവിട്ടുമ്പോൾ അവരുടെ ശരീരങ്ങൾ ഏറ്റവും അയഞ്ഞ മട്ടിൽ ചലിച്ചുകൊണ്ടിരുന്നു. മനസ്ശയഞ്ഞു ലജ്ജ എന്ന രസഭാവം ബാഷ്പീകരിച്ചപ്പോൾ അടുത്തു ചെല്ലുന്നവരെ ആശ്ലേഷിച്ച് മുത്തം എന്ന സ്നേഹത്തിന്റെ അപരനെ മുഖ പാളികളിൽ നിർലോഭം അർപ്പിച്ചു കൊടുത്തു. അങ്ങനെ അവരുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാംസ്ക്കാരിക വ്യതിയാനത്തിൽ അവർ ഗ്രാമത്തിൽ ആടിത്തിമിർത്തു.
14
സന്യാസിയപ്പൻ പ്രഭാത മഞ്ഞ് അമ്മിഞ്ഞപോലെ അലിച്ചിറക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരു സന്ദേഹം മുഖത്ത് സദാ മിന്നി നിൽക്കുന്ന ശാന്തഭാവത്തെ നക്കിത്തുടച്ചു. ഗൗരവം കയ്യേറ്റക്കാരനെപ്പോലെ അവിടം കൈഅടക്കി. വായുവിൽ നിന്ന് പുൽമണവും പൂമണവും ഉള്ളിലേക്ക് വലിച്ച് സന്യാസിയപ്പൻ അരിച്ചരിച്ചു നോക്കുമ്പോൾ വിഷവും ചോരയും കൂടിക്കലർന്ന ? മദഗന്ധം? അതിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ദിശതേടി നിന്നു തിരിയുമ്പോൾ അവിശ്വാസിയുടെ വാസസ്ഥലം അഗാധമായ ഉൾവെളിച്ചത്തിൽ തെളിഞ്ഞു. ആ ഗന്ധത്തിന്റെ നവധാരയിൽ സന്യാസിയപ്പൻ അപകടം മണത്തു. അതിന്റെ രാസക്രിയയിൽ സന്യാസിയപ്പന്റെ മനസ്സിനും ശരീരത്തിനും വേഗത വർദ്ധിച്ചു. പാറയുടെ ഉൾമുറിയിൽ കയറി നിമിഷമൊന്ന് വലം വച്ച് കൂട്ടിയോജിപ്പിച്ച ചില പച്ചില മരുന്നുകളുമായ് പുറത്തേക്കിറങ്ങി. നൂറ്റി എൺപത് വർഷങ്ങൾ ശരീരത്തിന്റെ യൗവ്വനത്തുടിപ്പിനെ തീണ്ടി കീഴ്പ്പെടുത്തിയില്ലയെന്ന് തെളിയിച്ചുകൊണ്ട് പുഴ കടന്ന് കുന്ന് ഓടിക്കയറി. പാതി വഴിയിൽ വച്ച് ഒരു പച്ചിലപ്പൊടി വായിലേക്കിട്ടു വേഗതയ്ക്കു വീണ്ടും വേഗമാവാഹിച്ചു. അവിശ്വാസികളുടെ വാസസ്ഥലത്ത് എത്തുമ്പോൾ സന്യാസിയപ്പൻ അത്ര കണ്ട് കിതച്ചില്ല. വിയർപ്പ് മാത്രം ആലിംഗനം കഴിഞ്ഞ ആവേശത്തോടെ പൊടിഞ്ഞു പെയ്ക്കൊണ്ടിരുന്നു. സന്യാസിയപ്പന്റെ കാഴ്ച പരിസര വീക്ഷണത്തിൽ ലയിച്ച് ചുറ്റിലും ചുറ്റിക്കറങ്ങി. കോടാലിക്കുന്നിന് എതിർകുന്നിൽ ആയിരുന്നു അവിശ്വാസികളുടെ വാസസ്ഥലം. നിറയെ ഔഷധച്ചെടികളും കാട്ടു ചെടികളും വൃക്ഷങ്ങളും നിറഞ്ഞ മനോഹരമായ ഒരു കുന്നിൻ ചരിവ്. ശുദ്ധമായ അരുവി കാട്ടു ചെടികളിൽ ഉരുമി, ഉരുമി താഴേക്ക് ഒഴുകുന്നു. ഇടയ്ക്കിടെ ഇത്തിരി വട്ടത്തിൽ കാട് വെട്ടിത്തെളിച്ച് വച്ചിരിക്കുന്ന കുടിലുകൾ. വിവിധ ഇനം പൂച്ചെടികൾ കുടിലുകൾക്കു മുകളിൽ പൂക്കളം ചാർത്തി ഞാന്നു കിടക്കുന്നു. അഗാധമായ ഉത്കണ്ഠയും ദു:ഖവും മുഖത്ത് നിഴൽ പരത്തിയ കുറച്ചു പേർ ഒരു കുടിലിനെ വലം വച്ചു നിൽക്കുന്നു. ഇടയ്ക്ക് ചില തേങ്ങിക്കരച്ചിലുകൾ ആ നിശ്ശബ്ദതയിൽ ഓളങ്ങളായ് പൊങ്ങി വരുന്നു. സന്യാസിയപ്പൻ ചുറ്റുമുള്ള മണം ഒന്നുകൂടി വലിച്ചു ഗ്രഹിച്ചു, അതേ… സന്യാസിയപ്പനുമാത്രം തിരിച്ചറിയുവാൻ കഴിഞ്ഞ ? മദഗന്ധം? കുടിലിനുള്ളിൽ നിന്നും വായുവിലൂടെ പുറത്തേക്ക് ഒഴുകി വന്നുകൊണ്ടിരുന്നു!
സന്യാസിയപ്പൻ തിടുക്കത്തിൽ വലിച്ചു വച്ച കാലടികൾക്കു മുന്നിൽ നിന്ന് ജനം ജിജ്ഞാസ അറ്റവരെപ്പോലെ മാറി നിന്നു. മരണത്തിന്റെ തണുത്ത കാറ്റ് മനസ്സുകളിൽ വീശുവാൻ കുടിലിനുള്ളിൽ നിന്ന് ഇറങ്ങി വന്നുകൊണ്ടിരുന്നു.
നാട്ടുവൈദ്യൻ കൈ ഒഴിഞ്ഞു ഇനി രക്ഷയില്ല – കുടിലിൽ മയങ്ങിക്കിടന്ന യുവാവിനെ നോക്കി തേങ്ങലുകൾ ഇടകലർന്ന ഒരു സ്ത്രീ ശബ്ദം സന്യാസിയപ്പനു നേരെ ഉയർന്നു.
നാലഞ്ചു കരിക്കിൻ വെള്ളം – കൂടി നിന്നവരുടെ നിസ്സഹായതയെ ഒഴുക്കിക്കളയുന്ന ശബ്ദ ഗാംഭീര്യത്തിൽ സന്യാസിയപ്പൻ ആവശ്യപ്പെട്ടു. മുറിപ്പാടിൽ നിന്ന് ഒഴുകുന്ന കറുത്ത ചോരയുടെ മണം സന്യാസിയപ്പൻ മുഖം കുനിച്ച് ശ്വാനനെപ്പോലെ അടുത്തറിഞ്ഞു. അപ്പോൾ മനസ്സ് ആ ഗന്ധവുമായ് പാഞ്ഞു നടന്ന് രുചിഭേദങ്ങളിൽ നിന്ന് വിഷത്തിന്റെ ഇനം മനസ്സിന്റെ സ്വന്തം കടലാസ്സിൽ പതിച്ചിട്ടു. യോജിച്ച മരുന്നു കൂട്ടുണ്ടാക്കി പുരട്ടിയപ്പോൾ പയ്യ, പയ്യെ മുറിപ്പാടിനു മുകളിൽ ഒരു തിള ഉയർന്നു. അതിലൂടെ കറുത്ത ചോര ഒരു വരപോലെ താഴേക്കു ചാടി. വായിൽ ഇട്ടുകൊടുത്ത മരുന്നിനൊപ്പം കരിക്കിൻവെള്ളം ഇറ്റിച്ചു. ഒന്നു രണ്ടു നാഴിക ഇടവിടാതെ അതങ്ങനെ തുടരെ തുടർന്നു. അപ്പോൾ യുവാവ് അബോധത്തിൽ നിന്നുള്ള തിരിച്ചു കയറൽ തുടങ്ങി. കൺപോളകൾ വെട്ടി വെട്ടി വിറച്ചു. കൈകാലുകൾ ഞെട്ടി അനങ്ങി. കൺപോളകൾ തുറന്നപ്പോൾ അഗാധ മയക്കം കണ്ണുകളിൽ കുടുങ്ങിക്കിടന്നു. കൂടി നിന്നവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നാമ്പുകൾ പിറവികൊണ്ടു.
അപകട സാധ്യത ഒഴിഞ്ഞു – ചുറ്റിലും കൂടി നിന്നവരുടെ കടപ്പാടു മുറ്റിയ കണ്ണുകളിലേക്ക് നോക്കി സന്യാസിയപ്പൻ പറഞ്ഞു – ചില മരുന്നുകളും പ്രയോഗവിധിയും സന്യാസിയപ്പൻ പുറത്തിറങ്ങുന്നതിന് മുമ്പ് നൽകി. ചുറ്റിലും നിന്നവരുടെ കൈകൾ സന്യാസിയപ്പനുനേരെ കൂപ്പു കൈയായ്.
നിങ്ങൾ ആർക്കുനേരെയും തൊഴുകൈ ഉയർത്തുകയില്ല എന്നാണ് ഞാൻ കേട്ടിരിക്കുന്നത് – സന്യാസിയപ്പൻ ശാന്തമായ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞങ്ങളുടെ കൂപ്പുകൈ കാണപ്പെടുന്ന നന്മകൾക്കു നേരെ ഉയരും. താങ്കൾ പ്രതിഫലം വാങ്ങുകയില്ല എന്ന് ഞങ്ങൾക്ക് അറിയാം, അതുകൊണ്ടാണ് വന്നു വിളിക്കാത്തത്. ഒരു ജീവനുവേണ്ടിയായാലും നിങ്ങളുടെ വിലപ്പെട്ട സമയവും പ്രയത്നവും ഞങ്ങൾ കടം കൊള്ളുന്നത് മൗലിക അർത്ഥത്തിൽ ശരിയല്ല – എന്നാണ് ഞങ്ങൾ അവിശ്വാസികൾക്കിടയിൽ പരമ്പരാഗതമായ് നില നിൽക്കുന്ന നിഗമനം.
ഈ കാലത്തിന്റെ സ്വാർത്ഥമായ അവിശുദ്ധികൾ ഒരളവിലും നിങ്ങളെ തൊട്ടു തീണ്ടുന്നതേയില്ല! നിസ്വാർത്ഥതയുടെ ജീവിത അടയാളമാണ് നിങ്ങളിൽ നിഴലിച്ചു നിൽക്കുന്നത് – സന്യാസിയപ്പൻ അവർക്കു നേരെ പരത്തിയ പുഞ്ചിരിക്കൊപ്പം വാക്കുകളും ഊർന്നിറങ്ങി വന്നു.
തിരിഞ്ഞു നടക്കുമ്പോൾ സന്യാസിയപ്പൻ ശ്രദ്ധിച്ചു – ഗ്രാമത്തിന്റെ കെട്ട ഗന്ധം ഈ കുടിൽകൾക്കു ചുറ്റിൽ നിന്നും ഉയരുന്നതേയില്ല. ഓരോ കുടിൽകൾക്കു ചുറ്റിലും ഭംഗിയുള്ള ചെറു പൂന്തോട്ടങ്ങളും ഔഷധച്ചെടികളും വച്ചു പിടിപ്പിച്ചിരിക്കുന്നു.
കുന്നിറങ്ങുവാൻ തുടങ്ങിയപ്പോൾ പ്രാചീന സ്മൃതികളുമായ് മാനസ അപരൻ മലർപോലെ സന്യാസിയപ്പനിൽ മനസ്പർശനം നടത്തി – ഞാൻ ഈ അവിശ്വാസികളുടെ മനസ്സുകളിൽ കള്ളനെപ്പോലെ കയറിഇറങ്ങി നടക്കുകയായിരുന്നു.
എന്നിട്ടോ? അവരുടെ ചരിത്രവും അതിന്റെ ആദിമ ഗതിയുമൊക്കെ കണ്ടെത്തിയോ?
ഉവ്വ്, കടന്നു കയറ്റങ്ങളുടെയും ചതിപ്രയോഗങ്ങളുടെയും മുന്നിൽ പ്രതിഷേധത്തിന്റെ ഐക്യ അലയടികൾ സൃഷ്ടിക്കുവാൻ ഏക ഭാവമില്ലാതെ ചിതറിത്തെറിച്ചു പോയവരുടെ ചരിത്രം ! അതാണ് അവരുടെ മനസ്സുകളിൽ അട്ടിയിട്ടു കിടക്കുന്ന ആദിമ അവശിഷ്ടങ്ങൾ.ഏറെയും വാമൊഴികളിൽ കൂടി മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് യാത്ര ചെയ്ത് എത്തിയത്. വരമൊഴിയിലെ അവരുടെ ചരിത്രം പോലും കടന്നു കയറ്റത്തിന്റെ പടയാളികൾ വർത്തമാന കാലത്തിൽ നിന്ന് തുടച്ചു മാറ്റിയിരിക്കുന്നു!
ശരിയാണ് സന്യാസിയപ്പനും സമ്മതിച്ചു – വംശീയ ബോധമില്ലാത്തവൻ തീറെഴുതിക്കൊടുക്കുന്നത് അവന്റെ കുലവും വംശവുമാണ്. രണ്ടിനെയും നിലനിർത്തുവാൻ അവന്റെ പരമശുദ്ധിക്കാവില്ല. അതു രണ്ടും നാമാവശേഷമാകുമ്പോൾ അവന്റെ ചിരിത്രത്തിന്റെ ശേഷിപ്പുകളും എടുത്തു മാറ്റിക്കളയും, അതിൽ നിന്ന് പുനർജ്ജനി ഉണ്ടാകാതിരിക്കുവാൻ.
മാനസ അപരൻ ഉണർവ്വിന്റെ ഊർജ്ജത്തിൽ അവിശ്വാസികളുടെ മനസ്സുകളിൽ കൂടി സഞ്ചരിച്ച ഓർമ്മകളെ തേച്ചു മിനുക്കി സന്യാസിയപ്പനോട് പറഞ്ഞു – നീ അധിബോധമണ്ഡലത്തെ എന്നോടു ചേർത്തു വയ്ക്കൂ. നിനക്കും അവരുടെ ചരിത്രം എന്നിലൂടെ ദൃശ്യമാകും.
അങ്ങനെയും ഒരു ദൃശ്യമോ? സന്യാസിയപ്പൻ അതിശയിച്ച് നിൽക്കേ മാനസ അപരനിൽ ഒരു നിഴൽ പരന്നു വ്യാപിച്ച് അഭ്രപാളി പോലെ രൂപ പരിണാമമുണ്ടായി. അതിൽ ഭൂതകാലത്തിന്റെ ജീവിതക്കാഴ്ചകൾ അടിവച്ചടിവച്ച് കയറി വന്നു – നെടും പറമ്പിൽ ഉണ്ണിപ്പണിക്കർ നാട്ടിൽ നിന്ന് കാട്ടിലേക്ക് നടപ്പാത വെട്ടി നയിക്കുന്നു. നയിക്കപ്പെടുന്നവർ നാലുപേർ. ചെറു വൃക്ഷങ്ങളിൽ അവർ അലകൾ ഉയർത്തി പിഴുതെറിയുമ്പോൾ ഏകാന്ത താളത്തിൽ മുറുകുന്ന അവരുടെ ശബ്ദം കാട്ടാനകളുടെ കാടു കുലുക്കുന്ന ശബ്ദ ഗരിമയാകുന്നു.
ഉണ്ണിപ്പണിക്കർ കൂട്ടരിൽ കടഞ്ഞെടുത്തവൻ. ബലത്ത ശരീരവും കൈകാലുകളും. ഒത്ത പൊക്കം, പൊക്കത്തിന് തികഞ്ഞ ഗാംഭീര്യം. പിന്നിൽ നിന്ന് തെളിച്ചു കയറുന്നവരും പിന്നിൽ അല്ല, ശരീരം കൊണ്ടും ഗാംഭീര്യം കൊണ്ടും. അവർക്ക് അഞ്ചുപേർക്ക് ഇണകൾ ഉരുണ്ടു കൊഴുത്ത അഞ്ചു യുവതികൾ. തികഞ്ഞ അവയവ വടിവ്, നീണ്ട കേശഭാരം. ആ, വശ്യ രൂപങ്ങളിൽ സന്യാസിയപ്പന്റെ കണ്ണുകൾ ഉടക്കിയില്ലെങ്കിലും മനസ്സ് മനന സാക്ഷിയായി – ശുദ്ധവായു, ശുദ്ധജലം, ശുദ്ധ ഭക്ഷണം. മൂന്നും കൊണ്ട് പുഷ്ടിപ്പെട്ടത് നാലിൽ എത്തി. നാലാമൻ പുരുഷൻ. അവന്റെ നൈതിക ശാന്തത്തയും, സദ് വാക്കും, കരുത്തും കൊണ്ട് അത് നിലനിർത്തുന്നതിന്റെ അടയാളം സ്ത്രീഭാവങ്ങളിൽ സംതൃപ്തിയായും ശാന്തത്തയായും നിലകൊള്ളുന്നു.
കുട്ടികൾ കുട്ടിക്കുറുമ്പൻമാർ. മുതിർന്ന ഭാവം , സംസാര ശൈലി. ഇടയ്ക്കിടക്ക് അമ്മേ തളർന്നോ ഭാണ്ഡക്കെട്ട് ഞാനെടുക്കാം, ഞാനെടുക്കാം…. എന്ന ചൊല്ലുകൾ, ഇടയ്ക്കിടക്ക് വൃക്ഷങ്ങളുടെ മുകളിലേയ്ക്കും പാറക്കെട്ടുകൾക്ക് മുകളിലേയ്ക്കും നോക്കി നായ്ക്കളുടെ നീട്ടിപ്പിടിച്ച കുര. ആ കാഴ്ചയുടെ ആഹ്ലാദത്തിൽ കുട്ടികൾ വിളിച്ചു കൂവി – ഹായ് ഒരു പെരുമ്പാമ്പ്, ഒരു മലം പാമ്പ്, ഒരു പുലി …. പുലിയും മറ്റു കാട്ടു ജന്തുക്കളും ആ മനുഷ്യരുടെ ശബ്ദഗാംഭീര്യത്തിലും ആകാര വടിവിലും ഭയന്ന് പിന്നോക്കം ചാടി മറയുന്നു.
മുതിർന്നവർ ഉണ്ണിപ്പണിക്കരും കൂട്ടാളികളും അതിൽ അശ്രദ്ധരായ് അതൊക്കെ കുട്ടിക്കാര്യങ്ങൾ അവരുടെ രസകാഴ്ചകൾ എന്ന മട്ടിൽ പിഴുതും വെട്ടിയും കാൽ ചവിട്ടി മുന്നേറി. കാട്ടു ചോലകളിൽ നിന്ന് കുടം കണക്കിന് കുടിക്കുന്ന ജലം വിയർത്തൊഴുകി കന്നി മണ്ണിൽ പതിക്കുന്നുണ്ടായിരുന്നു. മണ്ണ് കോടാനു കോടി വർഷങ്ങളിലെ കാത്തിരുപ്പിൽ മനുഷ്യ ഗന്ധം രുചിച്ചറിഞ്ഞു. ഉപ്പിന്റെ രുചി, ഉപ്പിന്റെ ഗന്ധം! വിയർത്തു പണിയെടുക്കാത്ത ജീവജാലങ്ങളെ പാർപ്പിച്ചു മടുത്ത മണ്ണിന് പുതിയ രുചി പുളകമായി, ആഹ്ലാദമായി. പിഴുതു മറിക്കുന്നവൻ, ഇളക്കി മറിക്കുന്നവൻ…. മനുഷ്യൻ! കാട്ടു മണ്ണിന്റെ ആത്മാവ് സംതൃപ്തയായി. നിനക്കു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. എന്നെ ഉഴുതു മറിക്കുവാൻ, മറിച്ച്, മറിച്ച് എന്നെ പുളകമണിയിക്കുവാൻ. കോടാനു കോടി വർഷങ്ങളായ് പ്രേമ സാഫല്യത്തിന് ഞാൻ നിശ്ശബ്ദം നിർന്നിമേഷയായ് നിന്നെ കാത്തിരിക്കുകയായിരുന്നു.
മണ്ണിന്റെ ആത്മാവിന് മുകളിൽ അതിന്റെ പരമാത്മാവ് അഗാധമായ് ഞെട്ടി അരുൾ ചെയ്തു – നീ രുചിച്ചതു പാപ ജലമാണ്. കോടാനുകോടി വർഷങ്ങളിൽ നീ കുടിച്ച മഴയെത്ര, മഞ്ഞെത്ര! നീ കഴിച്ച വന്യജീവികളും, കാട്ടു ചെടികളും വൻ വൃക്ഷങ്ങളുമെത്ര! നിന്റെ ശരീരം ഇപ്പോൾ പോഷക സമൃദ്ധമാണ്, ജല സമൃദ്ധമാണ്. നിന്റെ ഞരമ്പുകൾ ശുദ്ധജല വാഹിനികളായ് പുളഞ്ഞൊഴുകുന്നു. എന്നിട്ടും നീ ദാഹാർദ്ദയായിരുന്നോ! കാമത്തിന്റെ ഉരുൾ പൊട്ടലുകൾക്കായ് നീ കാതോർത്തു കിടക്കുകയായിരുന്നോ! മനുഷ്യൻ മറ്റു ജീവജാലങ്ങളെപ്പോലെ നിസ്വാർത്ഥം നിനക്ക് കാവലാളായ് നിന്റെ മടിത്തട്ടിൽ കഴിയുകയില്ല. അവൻ മണ്ണിന്റെ നിത്യ കാമുകൻ അല്ല. നിന്നെ ഇളക്കി മറിക്കുകയും ഊറ്റി അനുഭവിക്കുകയും ചെയ്യും. അവനുമായുള്ള നിന്റെ അനുഭൂതി ഒരു രാത്രിയിലെ മദ പ്രളയം പോലെ കെട്ടണയും. കോടാനു കോടി വർഷം കൊണ്ട് നീ ശേഖരിച്ചു വച്ച ജീവിത ഊർജ്ജത്തെ ഒരു രാത്രികൊണ്ട് ഊറ്റിക്കുടിച്ച് നിന്നെ ചണ്ടിയാക്കും. നിന്റെ മൃതപ്രായമായ ശരീരത്തിന്റെ തേങ്ങലുകൾക്ക് അവൻ കാതോർക്കുകയില്ല. അവൻ ഭാവനകൊണ്ട് നിന്നെ വിരൂപിയാക്കും. അവൻ ബൗദ്ധിക ലക്ഷണങ്ങൾ നഷ്ടപ്പെട്ട് ഭാവനാ സമ്പന്നനാകുമ്പോഴാണ് നീ അവനെ ഏറ്റവും ഭയപ്പെടേണ്ടത്. അപ്പോൾ അവൻ നിന്നെ ആഴത്തിൽ പ്രാപിക്കും. നിന്റെ ജലകുംഭങ്ങൾ കശക്കി എറിയും. നിന്റെ നീർത്തടങ്ങൾ നിർദ്ദയം അടച്ച് നിന്നെ വന്ധീകരിക്കും. ഒടുവിൽ നിന്റെ ചേതന നിഷ്ഠൂരമായ കാമത്തിൽ മൃതപ്രായമാകുമ്പോൾ അവന്റെ ഭാവന നിനക്കു മുകളിൽ താങ്ങുവാൻ കഴിയാത്ത ഭാരമായ് ഇഴഞ്ഞു കയറും. ആ ഭാരത്തിനു മുകളിൽ ആകാശം മുട്ടി നിന്ന് ആവൻ വീണ വായിക്കും. അവന്റെ വീണയിൽ നിന്ന് പ്രകൃതിയിലേക്ക് ശ്രുതി മധുര നാദം ഒഴുകുകയില്ല. പകരം നിനക്ക് അപരിചിതമായ വിഷ വാതകങ്ങളും, ദ്രാവകങ്ങളും അവന്റെ വീണയിൽ നിന്ന് ഒഴുകി എത്തും. ഒപ്പം പ്രചണ്ഡമായ ചുടുകാറ്റും. അതോടെ നിന്റെ ശരീര കോശങ്ങൾ ദ്രവിച്ച് നീ വാത, പിത്ത, കഫദോഷങ്ങളുടെ ഏക സ്വരൂപമായ് ചുരുങ്ങി ചുരുങ്ങി നാമാവശേഷമാകുന്ന നശ്വരതയെ പ്രാപിക്കും.
പരമാത്മാവേ – കന്നിമണ്ണ് നിറ പുച്ഛത്തോടെ വിളിച്ചു – എന്റെ യൗവ്വനം ഞാൻ ആഘോഷിക്കുന്നത് നിനക്കു സഹിക്കുവാൻ കഴിയുന്നില്ലല്ലേ? നീ അസൂയയുടെ ആഴത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അല്ലെങ്കിൽ എന്തിനാണ് വെറും സംശയാലുവിനെപ്പോലെ എന്നെ എപ്പോഴും നിരീക്ഷിക്കുന്നത്! ശരീരമില്ലാത്ത നിനക്ക് അനുഭവിക്കുവാൻ കഴിയാത്തത് ഞാൻ അനുഭവിക്കുന്നത് നിന്നിലെ പരമ കൊതിയൻ സഹിക്കുന്നില്ല. നീ ഞാനുണ്ടായ കാലം മുതൽ വെറും കൊതിക്കെറുവുമായ് എന്റെ പിന്നാലെ അലഞ്ഞു നടക്കുകയാണ്.
പരമാത്മാവ് ചൊടിച്ചു – കാമതിമിരത്തിൽ മൂടിയ നിന്റെ മനസ്സ് അന്ധകാരത്തിന്റെ ആഴങ്ങളിൽ പെട്ടുപോയിരിക്കുന്നു. അവിടേക്ക് സദ് വചനങ്ങൾ കടന്നു കയറുകയില്ല. നിന്നിലെ മദാലസ അലകടൽ പോലെ ആടി ഇളകുകയാണ്. ഇക്കിളിപ്പെടുത്തുന്ന മനുഷ്യന്റെ പുറം പുഞ്ചിരിയിലും തലോടലിലും നീ മയങ്ങി രമിക്കുകയാണ്. കിട്ടിയത് കളഞ്ഞു കുളിച്ചാൽ ഇനിയൊരായുസ്സ് മറ്റേതിനും എന്ന പോലെ നിനക്കും ലഭിക്കുകയില്ല. നിന്നെ ആശ്രയിക്കുന്ന ജീവജാലങ്ങൾ മനുഷ്യനുമായുള്ള നിന്റെ അതി സമ്പർക്കം മൂലം കഷ്ടനഷ്ടങ്ങളുടെ വേലിയേറ്റത്തിൽ കടപുഴകി വീഴും. അവയുടെ വംശം കെട്ടടങ്ങും. കന്നിമണ്ണേ അവൻ മനുഷ്യൻ വന്ന വഴികളിലൊക്കെ ഇത് സംഭവിച്ചു.
കന്നിമണ്ണ് പരമാത്മാവിനു നേരെ പല്ലിളിച്ചു വറണ്ട ഒരു ചിരിപോലെ പുച്ഛത്തിന്റെ അടയാളം പൊഴിച്ചിട്ടു.
പരാത്മാവ് വീണ്ടും കയർത്തു കയറി – നീ കന്നിമണ്ണ്, കന്നിപ്പെണ്ണ്. കണ്ടു പഠിക്കാൻ ഊരു ചുറ്റാതെ കാമത്തിന്റെ ഭ്രമണ പഥത്തിൽ കുരുങ്ങിക്കിടപ്പവൾ. ഞാൻ നിന്റെ മനസ്സിന്റെ രക്ഷാകവചത്തിൽ എഴുതിച്ചേർക്കുന്നു, മനുഷ്യനെ ഉപായം കൊണ്ട് നിന്റെ യൗവ്വനത്തുടിപ്പുകളിൽ നിന്ന് അകറ്റുവാൻ. നിനക്ക് ഞാൻ ദീർഘായുസ്സ് നേരുന്നു.
പരമാത്മാവ് അപ്രത്യക്ഷമായപ്പോൾ കന്നിമണ്ണ് രക്ഷാകവചം പൊട്ടിച്ചെറിഞ്ഞ് മനസ്സിനെ മാദക ചിന്തകൾക്കായ് വീണ്ടും തുറന്നു. സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിൽ മണ്ണ് മനുഷ്യന്റെ വിയർപ്പു രസം മട, മടാ അയവിറക്കി, വീണ്ടും അതിന്റെ നവധാരയ്ക്കായ് മദിച്ചു കിടന്നു.
15
ഹായ് പുഴ…..പുഴ!
നിറഞ്ഞ പുഴപോലൊരു സംതൃപ്തി കുട്ടിക്കൂട്ടങ്ങളുടെ കൂക്കി വിളിയിലും നിറഞ്ഞു. ഉണ്ണിപ്പണിക്കരിലും കൂട്ടാളികളിലും ആവേശത്തിന്റെ ഊർജ്ജം ആഞ്ഞുതള്ളി, ആഞ്ഞു വെട്ടി. പുഴയോരത്ത് എത്തി വഴി നിന്നു. പുഴ, വിരിഞ്ഞ മാറു പോലെ വിസ്തൃതമായ പുഴ. പുഴയ്ക്കിരുവശവും പരന്ന മണൽത്തട്ട്. മണൽപ്പരപ്പിൽ മനുഷ്യന്റെ കാൽപ്പാദങ്ങൾ അമർന്നു താഴ്‌ന്നു. മണൽ ഛിൽ ഛിൽ എന്ന് ഭയത്തോടെ ഇളകി വിളിച്ചു. കന്നി മണ്ണിന്റെ മാദകത്തുടിപ്പ് മണലിന് ഇല്ലായിരുന്നു. അത് മഴ നൃത്തത്തിൽ ഇളകി മറിഞ്ഞതാണ്. കാലങ്ങളിലൂടെ ദിക്കുകളും ദിശകളും കണ്ട് എത്തിയതാണ്. അതിന് ലോക പരിചയവും അനുഭവജ്ഞാനവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് മനുഷ്യന്റെ പാദസ്പർശം ഏറ്റപ്പോൾ ഭയത്തിന്റെ പെരുമ്പറയിൽ വിറച്ചതു. ആ വിറയൽ സ്വത്വഭീതിയുടെ താളമായിരുന്നു. മനുഷ്യൻ തങ്ങളുടെ സ്വതന്ത്ര ജീവിതത്തെ തടസ്സപ്പെടുത്തി ബന്ധനസ്ഥരാക്കും. ഒടുവിൽ പശ ചേർത്ത് ഏതെങ്കിലും കട്ടയിലോ തൂണിലോ ഒട്ടിച്ചു വയ്ക്കും. അതോടെ ശാപമോക്ഷം കാത്തിരുന്ന അഹല്യയെപ്പോലെയാകും. ഒരു രാമനോ കൃഷ്ണനോ ആരെങ്കിലും വന്നെങ്കിലായി ഇല്ലെങ്കിലായി, ഒരു മോക്ഷ പ്രാപ്തിക്ക്. പുഴയാകട്ടെ മനുഷ്യപാദം സ്പർശിച്ചപ്പോൾ ക്ലിം, ക്ലിം എന്ന് പ്രതിഷേധിച്ചു. മനുഷ്യൻ തന്റെ ശരീരത്തെ കീറി മുറിച്ച് എടുക്കുമെന്ന് അത് ഏതോ പുരാതന അറിവിൽ നിന്ന് മനസ്സിലാക്കിയിരുന്നു. പുഴയുടെ ആത്മാവ് നിസ്സഹായയായ് ഒരു നെടുവീർപ്പ് ഉതിർത്തു. അതിൽ നിന്ന് നാലഞ്ച് നീർകുമിളകൾ പൊന്തി വന്ന് ഇത്തിരി നേരം മനുഷ്യനെ നോക്കി നിന്നു. അപ്പോൾ അതിനുള്ളിൽ നിന്ന വായു പറഞ്ഞു – നിന്റെ സന്ദേഹങ്ങൾ നിസംശയം ശരിയാണ്. ഇവൻ നന്ദിയില്ലാത്തവനാണ്. ബുദ്ധിയില്ലാത്തവനാണ്. നിന്നെ കോരി കുടിക്കുന്ന കൈകൾ കൊണ്ട് നിർലജ്ജം മലീമസമാക്കും. നിന്നെ മാത്രമല്ല, നിന്നെപ്പോലെ അവന്റെ ശരീരത്തെ നില നിർത്തുന്ന എന്നെയും അവൻ മൃതപ്രായനാക്കും. ചരിത്രത്തിന്റെ ഓർമ്മകളിൽ നിന്ന് പറഞ്ഞുകൊണ്ട് വായു നീർക്കുമിളയിൽ നിന്ന് പുറത്തേക്കു ചാടിപ്പോയി.
മണൽപ്പരപ്പിന്റെ മിനുമിനുത്ത മിനുങ്ങൽ കുഞ്ഞു മനസ്സുകളിൽ കുടിയേറി. കുട്ടിക്കൂട്ടങ്ങൾ മണൽപ്പരപ്പിൽ വട്ടമിട്ടു കളിച്ചു രസിക്കുവാൻ തുടങ്ങി.
കുട്ടിക്കൂട്ടങ്ങളുടെ ഉത്സവലഹരി നോക്കി നിന്ന ഉണ്ണിപ്പണിക്കർ പിന്നിലേക്ക് ചോദ്യമിട്ടു- രണ്ടുനാൾ ഇവിടെ വാസം എന്താ?
പിന്നിൽ നിന്നവർ ഏകസ്വരത്തിൽ ഉചിതം എന്ന് ഉത്തരം പറഞ്ഞു.
പുഴ, ശുദ്ധമായ പുഴ. നിറയെ മത്സ്യങ്ങൾ! മത്സ്യങ്ങൾ പുഴയോരത്തു നിന്ന ഉണ്ണിപ്പണിക്കരെ പുതു കൗതുകത്തിൽ നോക്കി നിന്നു. ഇതുവരെ കണ്ട ശത്രുക്കളുടെ മുഖമല്ല. പുതിയൊരു മുഖം മുഖഭാവം! ശത്രുക്കളുടെ വന്യഭാവവും, കൂർത്ത പല്ലുകളും വലിയ വായും നീണ്ട കൊക്കുകളുമൊന്നും ഈ ഇരുകാലിക്കില്ല. എങ്കിലും തീർപ്പ് അറിയുന്നതുവരെ സസൂക്ഷ്മം നിരീക്ഷിക്കണം. മത്സ്യങ്ങൾ ഗോൂഢം സ്വരക്ഷയിൽ ചിന്ത കലർത്തി നിൽക്കേ ഒരു കൂറ്റൻ ചേർ മത്സ്യം പുഴ ഇളക്കിക്കൊണ്ട് അവിടേക്കു കുതിച്ചുവന്നു. ഉണ്ണിപ്പണിക്കരുടെ കണ്ണുകൾ ചേർ മത്സ്യത്തെ ഉഴിഞ്ഞു, ഉഴിച്ചിലോടെ ചാടി ജലോപരിതലം തൊട്ട് ആഞ്ഞൊരു വെട്ട്; വെള്ളത്തിലേക്ക്. വെള്ളം തെറിച്ചു , ചേർ മത്സ്യം രണ്ടായ് തെറിച്ചു. അപ്പോൾ ഉണ്ണിപ്പണിക്കരും കോടാലിയും താഴ്‌ന്നു പോയി. പോയ വഴി വലിയ കുമിളകൾ കയറി വന്ന് മലർക്കേ ചിരിച്ചു. കുമിളകൾ കുഞ്ഞാവാൻ തുടങ്ങിയതോടെ കൂട്ടാളികൾ കുറേ ആശങ്കകളുമായ് പുഴയിലേക്ക് കുതിച്ചു ചാടി. നോക്കുമ്പോൾ ഉണ്ണിപ്പണിക്കർ പുഴയുടെ ആഴങ്ങളിൽ നിന്ന് മുകളിലേക്ക് തുഴഞ്ഞു വരുന്നു. ഉണ്ണിപ്പണിക്കർ മാത്രം ! വെട്ടിയ കോടാലി ഇല്ല!
കരയിൽ കയറി നിന്ന് ഉണ്ണിപ്പണിക്കർ പറഞ്ഞു – കോടാലി സ്വയം വലിച്ചുകൊണ്ടു പോയി! പിടിച്ച പിടി വിടാത്തതുകൊണ്ട് ഞാനും താഴേക്കു പോയി. താഴെയെത്തിയപ്പോൾ താഴ്ത്തറ ഒരുന്ത്! കോടാലിയിൽ നിന്ന് പിടി വിട്ട് ഞാൻ തെറിച്ചു വരും പോലെ മുകളിലേക്ക് .
കേട്ടു നിന്ന കുട്ടികൾ ആർത്തു ചൊല്ലി – കോടാലി വലിച്ചുകൊണ്ടുപോയ പുഴ, കോടാലിപ്പുഴ.
ഉണ്ണിപ്പണിക്കരും സംഘവും ചുട്ട പുഴ മത്സ്യം രുചിക്കുമ്പോൾ പുഴ ?ഛീ? എന്ന് മുഖം തുടച്ചു – ഞാൻ വളർത്തി വലുതാക്കിയ മത്സ്യത്തെ അവൻ ക്രൂരമായ് വേട്ടയാടി തിന്നിട്ട് അതിന്റെ മുള്ളും തോലും എന്റെ ശരീരത്തിലേക്കു തന്നെ വലിച്ചെറിഞ്ഞിരിക്കുന്നു! നന്ദികേടിന്റെ പര്യായം. മറ്റൊരു ജീവിയും എന്നോട് ഇത്ര മ്ലേച്ഛമായ് പെരുമാറിയിട്ടില്ല.
ഇവിടെ നിന്റെ ശരീരത്തെ സാരാംശം മലിനമാക്കുവാനുള്ള ചുവടു വയ്പാണ് അവൻ നടത്തിയിരിക്കുന്നത് – വായു ജലത്തിനെ തഴുകി പറഞ്ഞു – സാരമില്ല. നമ്മൾ, ഞാനും നീയും കോടിക്കണക്കിനു വർഷങ്ങൾക്കുമുമ്പ് അസ്തിത്വ ദു:ഖത്തിന്റെ പൊരുൾ അന്വേഷിച്ചു കണ്ടെത്തുവാൻ കഴിയാതെ നിത്യാനന്ദത്തിൽ മുഴുകി ഇരുന്ന് അന്തമില്ലാത്ത ജീവിതത്തിന്റെ നെടുനീളൻ വിരസത ചർച്ച ചെയ്തില്ലേ! അപ്പോൾ നീ ഒന്ന് ഉയരുവാൻ പോലും കഴിയാതെ വിങ്ങിപ്പൊട്ടി കരഞ്ഞു പോയില്ലേ, അന്ന് സൂര്യൻ നിന്നിൽ അലിഞ്ഞ് നിനക്ക് ജന്മാന്തരങ്ങൾ തന്നത് ഓർക്കുന്നില്ലേ, മഞ്ഞായും, മഴയായും, നീരാവിയായും മാറി, മാറി ജീവിച്ച് നിന്റെ ജീവിത വിരസത ലഘൂകരിക്കുവാൻ!
ഉവ്വ് – ജലം വായുവിനൊപ്പം ആ കാലത്തെ സൂക്ഷ്മമായ് അയവിറക്കി. അന്ന് നമ്മൾ ജീവിച്ചു മടുത്തവരായിരുന്നു. ജീവിതം അന്തമില്ലാത്തത്താണെന്ന മൗഢ്യചിന്തയിൽ നിന്ന് ഉടലെടുത്ത വിരസ ദു:ഖം! ഇന്ന് നിലനിൽപ്പിന്റെ പരുങ്ങളിൽ പെട്ട് മനുഷ്യനാൽ സഞ്ചാര പാത പോലും നഷ്ടപ്പെട്ട് തുടങ്ങിയപ്പോൾ അസ്തിത്വദു:ഖത്തിന്റെ ആഴം നമ്മെവേദനിപ്പിച്ചുകൊണ്ട് വേട്ടയാടുന്നു!
അന്ന് ആകാശത്തിന്റെ അനന്തത്തയിൽ നിന്ന് ഇറങ്ങി വന്ന ഒരു ശബ്ദം നിന്റെ ഓർമ്മയിൽ വ്യക്തമാവുന്നുണ്ടോ? വായു ചോദിച്ചു.
ഉണ്ട് – ഓർമ്മയിൽ ആ കാലം ദർശിച്ച് പുഴ അയവിറക്കി – ആഴത്തിലുള്ള ഒരു ചോദ്യമായിരുന്നു അത് ?അസ്തിത്വദു:ഖം അറിയണുമോ?? അന്ന് നമ്മുടെ സ്വരം
ഒന്നായിരുന്നു – വേണം, വേണം
അസ്തിത്വ ദു:ഖത്തിന്റെ തീവ്രത നിങ്ങൾ ഇന്നോളം അനുഭവിച്ചിട്ടുള്ള എല്ലാ രുചികളിൽ നിന്നും വ്യത്യസ്ഥമാണ്. അതിന്റെ അനുഭൂതി നിത്യ ദു:ഖത്തിൽ ചാലിച്ച മരവിപ്പും ഭയാനകതയുമാണ്. അത് നിങ്ങളുടെ നില നിൽപിനു മുകളിൽ കടുത്ത ഭാരങ്ങൾ കയറ്റി വയ്ക്കും. നിങ്ങളെ ചുട്ടുപൊള്ളിക്കുകയും ഞെക്കി ഞെരുക്കി മൃതപ്രായർ ആക്കുകയും ചെയ്യും – അശരീരി ഓർമ്മപ്പെടുത്തി.
ഇതൊന്നും ഞങ്ങൾക്കു പരിചിതമായ അനുഭവങ്ങളോ അനുഭൂതികളോ അല്ല. അനുഭവിക്കാത്തതിനെക്കുറിച്ച് ഞങ്ങൾക്ക് വേവലാതി ഇല്ല. ഞങ്ങൾക്ക് അസ്തിത്വ ദു:ഖം അറിയണം – നമ്മുടെ സ്വരം ഏകമായിരുന്നു അന്ന്.
ശരി – അന്ന് ഗാംഭീര്യമായ് നമുക്കു മുകളിൽ മുഴങ്ങിയ ആ ശബ്ദത്തിൽ നിറഞ്ഞു നിന്നത് ഇന്ന് പരക്കെ കാണുന്ന നമ്മുടെ വ്യാകുലതയാണെന്ന് എനിക്ക് ഇപ്പോൾ ബോധ്യമാകുന്നു.
എനിക്കും – വായു ഓർമ്മകളിലേക്ക് ജലത്തെ ക്ഷണിച്ചു – ആ അശരീര ശബ്ദം പിന്നീട് ഒരു പൊട്ടിക്കരച്ചിൽ പോലെ വീണ്ടും ഉച്ചത്തിൽ ഉയർന്നത് – ഇരുകാലിയായ ഒരു ജീവി ഭൂമിയിൽ നിങ്ങളെ അസ്തിത്വ ദു:ഖം അറിയിക്കുവാൻ. ആർത്തി മൂത്ത അവൻ വളർന്നു പടരുമ്പോൾ നിങ്ങൾ അസ്തിത്വ ദു:ഖം അനുഭവിച്ച് തുടങ്ങും.
അതേ – പുഴ വായുവിന്റെ തലോടലിൽ ഇളകി പറഞ്ഞു – നമുക്കു മുന്നിൽ നിൽക്കുന്ന ഈ മനുഷ്യർ അസ്തിത്വ ദു:ഖം അനുഭവിക്കുവാൻ നമ്മൾ ചോദിച്ചു വാങ്ങിയ വരം! ഇപ്പോൾ എന്നിലേക്ക് നിർദ്ദയം കോടാലിയുമായ് താഴ്‌ന്നിറങ്ങിയവന്റെയുള്ളിൽ ഒരു മൗഢ്യം ജന്മസിദ്ധമായ് കിടപ്പുണ്ട്.
മൗഢ്യമോ? വായുവിന്റെ ചോദ്യത്തിൽ അൽപം അതിശയം ചുവച്ചു.
അതേ, സ്വന്തം നിലനിൽപ്പിനെ ഛേദിക്കുവാനുള്ള ആധുനിക മനുഷ്യന്റെ ജന്മവാസന! ആ മൗഢ്യം ആർത്തിയായ് തിളച്ചുയരുന്നത് അവനെ തൊട്ടു നിന്നപ്പോൾ ഞാൻ അറിഞ്ഞു. അത് വിഭിന്ന രൂപങ്ങളിൽ പുറത്തേക്ക് ഇറങ്ങി വരും. വാളും കോടാലിയും ആവശ്യം എന്ന അതിർവരമ്പ് ഭേദിച്ച് ചിലപ്പോൾ മനുഷ്യന്റെ അത്യാർത്തിക്ക് കൂടെ കൂടും.
ഇപ്പോൾ മനസ്സിലായി, നീ ആ മനുഷ്യന്റെ കോടാലി നിന്റെ മടിത്തട്ടിൽ പിടിച്ചു വച്ചതിന്റെ പൊരുൾ. പക്ഷേ, അത് പാഴ് വേലയാണെന്ന് നീ അറിയുന്നില്ലേ?
അതേ – പുഴ സമ്മതിച്ചു – അവന്റെ മനസ്സ് ആയുധങ്ങളുടെ വിളനിലമാണ്. ഒന്നിനു പകരം മറ്റൊന്ന് അവൻ മെനഞ്ഞുണ്ടാക്കും. എന്നാലും അവന്റെ പ്രവർത്തികളോട് ഒരു ബാഹ്യ നീരസം കാണിക്കാതിരിക്കുവാൻ വയ്യായിരുന്നു.
നോക്കൂ – സന്യാസിയപ്പൻ മാനസ അപരനോട് പറഞ്ഞു – ഇന്ന് നമ്മൾ കാണുന്ന വാർദ്ധക്യസ്വരൂപിയായ ഈ കോടാലിപ്പുഴയും ഭൂപ്രകൃതിയും തന്നെയാണ് ഉണ്ണിപ്പണിക്കരും കൂട്ടാളികളും സ്പർശിച്ച ആദിമ മണ്ണും വലിയ പുഴയും എന്ന സത്യം വിശ്വസിക്കുവാൻ നമ്മൾ കാലത്തിന്റെ ചരിത്രം തന്നെ വിശ്വാസത്തിനു നേരെ തുറന്നു പിടിക്കണം.
അതേ – മാനസ അപരനിൽ ഒരു നൊമ്പരം ഊറിക്കൂടി – ഭാവികാലം കണ്ട് പുഴ ഊഹിച്ച അസ്തിത്വ ദു:ഖം ഇന്ന് അതിന്റെ നടപ്പു ദീനമാണ്, ദു:ഖമാണ്. പുഴ വറ്റി വരണ്ട് നേർത്തു പോയിരിക്കുന്നു. അതിന്റെ മാംസളമായ മണൽപ്പരപ്പ് വാർന്നെടുത്തിരിക്കുന്നു. പട്ടിണികൊണ്ട് എല്ലും തോലുമായ ഒരാദിവാസിയെപ്പോലെ കിതച്ചുകൊണ്ട് പുഴ അതിന്റെ പ്രാണനുവേണ്ടി നിലവിളിക്കുകയാണ്. ഉണ്ണിക്കോരനും സംഘവും വഴിതെളിച്ച വനഭൂമി വെടിയേറ്റു വീണ പന്നിയെപ്പോലെ വടിച്ചു വൃത്തിയാക്കി, വെട്ടി നുറുക്കി അതിനു മുകളിൽ മരുഭൂമി വച്ചു പിടിപ്പിക്കുകയാണ്.
അതാ – സന്യാസിയപ്പൻ പറഞ്ഞു – നാലു ദിവസത്തെ പുഴയോര വാസത്തിനു ശേഷം നാലാം നാൾ ഉണ്ണിക്കോരനും സംഘവും പുഴ മുറിച്ചു കടന്ന് കുന്നു കയറുവാൻ വഴി വെട്ടിത്തെളിക്കുന്നു. കുന്നിനുമുകളിൽ എത്തിയപ്പോൾ വിശാലമായ വനഭൂമിക! നിറയെ കായ്ഫലമുള്ള മാവുകളും പ്ലാവുകളും മറ്റനേകം ഭക്ഷ്യയോഗ്യമായ ഫലവൃക്ഷങ്ങളും!
ഉണ്ണിക്കോരനും സംഘവും യാത്രയുടെ സഫലത അയവിറക്കി വന വിസ്തൃതിയിൽ കുടിൽ വട്ടം വെട്ടി അഞ്ചു കുടിലുകൾ കെട്ടി പുൽ മേഞ്ഞു. ചുറ്റിലും ചെറു കൃഷിയിടങ്ങൾ ഉണ്ടാക്കി. കൃഷിയിടത്തിന്റെ ചുറ്റു വിസ്തൃതി വർദ്ധിപ്പിക്കുന്ന തിരക്കിൽ ഉണ്ണിക്കോരനും കൂട്ടാളികളും മുഴുകി. അങ്ങനെ വനഭൂമിയുടെ നടുത്തളത്തിൽ വിശാലമായ ഒരു കൃഷിയിടം രൂപപ്പെട്ടു. മഴയും മഞ്ഞും വെയിലും വേണ്ട സമയങ്ങളിൽ സമൃദ്ധിയായ് വന്ന് കൃഷിഭൂമിയെ അനുഗ്രഹിച്ചു. കാട്ടു ജീവികൾ മനുഷ്യരുടെ അധ്വാനം കവർന്നെടുക്കുവാൻ വന്നില്ല. വിളകൾ കണ്ടാലും കണ്ടില്ലെന്ന് നടിച്ചു ഒഴിഞ്ഞു മാറിപ്പോയി. അവയ്ക്ക് വേണ്ടുവോളം ഭക്ഷണവും ജലവും സുലഭമായിരുന്നതുകൊണ്ട് കവർന്നെടുക്കുവാനും കട്ടു തിന്നുവാനുമുള്ള വാസന ഉൾച്ചേർന്നിരുന്നില്ല.
ഒരു നാൾ ഒരപരിചിത ഗന്ധം സാന്ധ്യമാരുതനൊപ്പം കടന്നു വന്നു. പുതിയ ഗന്ധത്തിൽ സംഭ്രമിച്ച് ഉണ്ണിപ്പണിക്കരുടേയും കൂട്ടാളികളുടേയും കുടുംബിനികൾ ചുറ്റിലും കണ്ണോടിച്ചു. വൃക്ഷങ്ങൾക്കു ചുറ്റിലും മുകളിലും ആകാശത്തിലും സംഭ്രമത്താൽ അവരുടെ നോട്ടം ഉഴറി നടന്നു. പേയും, പിശാചും അവരുടെ മനോ മുകുളങ്ങളിൽ മൂർത്ത ദൃശ്യങ്ങളായ് തെളിഞ്ഞു.
കൂട്ടാളികളുടെ മുഖത്തും ആ ഭയം ആധിപത്യം ഉറപ്പിക്കുന്നതു നോക്കി ഉണ്ണിപ്പണിക്കർ ഉറക്കെ ചിരിച്ചു – കാടു വെട്ടിത്തെളിച്ചു നാടുണ്ടാക്കിയ നമ്മൾ ഒരജ്ഞാത ഗന്ധത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ഭയപ്പെടുകയോ!
ഉണ്ണിപ്പണിക്കരുടെ വാക്കുകൾ ഭയത്തിന്റെ അലകളെ തടഞ്ഞു നിർത്തി.
പിറ്റേ ദിവസത്തിനു മുകളിലും ഇരുൾ വ്യാപിക്കുവാൻ തുടങ്ങിയപ്പോൾ രൂക്ഷ ഗന്ധം കാറ്റിൽ പറന്നിറങ്ങി. ഉണ്ണിപ്പണിക്കരുടെ പത്നി പാറുക്കുട്ടിയുടെ ഉള്ളിലെ സംശയത്തിന്റെ നിഴൽ വീണ്ടും പൈശാചിക ശക്തികളിലേയ്ക്ക് നീണ്ടു – അരൂപികൾ ആകാശത്ത് കറങ്ങി നടക്കുകയാണ്, ഗ്രാമത്തിലേക്ക് ഇറങ്ങി വരുവാൻ തക്കം പാർത്ത്. ഗ്രാമത്തിന്റെ അതിരുകളിൽ വാൾക്കല്ല് തീർത്തു നാട്ടണം. വാൾക്കല്ല് കണ്ടാൽ അശരീരികൾ അടുക്കുകയില്ല. അതികാലെ കുട്ടികൾ കുളിച്ച് വാൾക്കല്ല് ചുറ്റി വരണം. വാൾക്കല്ല് ചുറ്റിയാൽ ആ ദിനം ശുഭമാകും. പിശാചുകൾ അടുക്കുകയില്ല.
പത്നി പാറുക്കുട്ടിയുടെ വാക്കുകൾ കേട്ട് ഉണ്ണിപ്പണിക്കരുടെ മുഖത്ത് ആശ്ചര്യത്തിന്റെ നിഴൽ പരന്നു – വാൾക്കല്ല്! ഒന്നും വരുന്ന വഴി അന്വേഷിക്കുകയില്ല. സത്യമേത്, മിധ്യയേത് എന്ന് ചിന്തിക്കുകയില്ല. ചിന്താ മണ്ഡലത്തെ വിനിയോഗിക്കാതെ തോന്നുന്നത് അപ്പടി ചൊല്ലും.
അല്ലേ, അല്ല – പാറുക്കുട്ടി ഉറപ്പിച്ചു പറഞ്ഞു – ഇന്നലെ സ്വപ്നത്തിൽ എല്ലാം വ്യക്തമായ് കണ്ടിരുന്നു. നമ്മൾ വാൾക്കല്ല് നാട്ടുന്നതും അതു കണ്ട് ഗ്രാമത്തിലേക്ക് ദുരന്തങ്ങൾ വിതറുവാൻ വന്ന അശരീരികൾ ആകാശത്തിലൂടെ ഓടി മറയുന്നതും അവയ്ക്കു പിന്നാലെ അവയുടെ മദിപ്പിക്കുന്ന ഗന്ധവും പാഞ്ഞു പോകുന്നതും. എന്തു വലിപ്പമായിരുന്നു അവറ്റകൾക്ക്.! പാദങ്ങൾ ഭൂമിയിലും ഉടലും തലയും ആകാശത്തിന്റെ ഉയരങ്ങളിലും.!
ഉണ്ണിപ്പണിക്കരിൽ നിന്ന് യുക്തിയുടെ വെളിച്ചം വീശി – കണ്ടതും കാണാത്തതുമൊക്കെ ഞാനും സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. സ്വപ്നം സ്വതേ ഭീരുവാണ്. അത് നാം ഉറങ്ങുമ്പോൾ മാത്രമാണ് ഉണർച്ചയുടെ ലക്ഷണങ്ങളിൽ നമ്മെ സമീപിക്കുന്നത് ഉണർന്നിരിക്കുമ്പോൾ ഉശിരോടെ നമുക്ക് അടുത്തേക്കു വരുവാൻ ധൈര്യമില്ല. ഭീരുക്കളുടെ വാക്ക് ചഞ്ചലമാണ്. വിശ്വാസ യോഗ്യവുമല്ല. അതുകൊണ്ട് പാറുക്കുട്ടി സ്വപ്നത്തെ വിട്ടു കളയുക. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുവാൻ സ്വപ്നത്തെ പിൻതുടരുന്നത് അന്ധവിശ്വാസത്തിൽ ജീവിതത്തെ കൂട്ടിക്കെട്ടലാണ്. വാൾക്കല്ല് കൊത്തിയുണ്ടാക്കി ഗ്രാമത്തിൽ സ്ഥാപിക്കുന്ന സമയം കൊണ്ട് ഏക്കറുകണക്കിന് കൃഷി ഭൂമി ഒരുക്കാം. കുട്ടികൾ വാൾക്കല്ല് ചുറ്റു
ന്നതിനു പകരം അതികാലെ തണുത്ത വെള്ളത്തിൽ കുളിച്ച് യോഗയും, കളരിയും കൂടുതൽ ശ്രദ്ധയോടെ അഭ്യസിക്കട്ടെ. അതാണല്ലോ നമുക്ക് പാരമ്പര്യ പരിചയവും.
വയ്യ, ഈ ഗന്ധം ശ്വസിച്ചു വയ്യ – പാറുക്കുട്ടി മൂക്കു പൊത്തിപ്പിടിച്ചു – അശരീരികൾ കുട്ടികളെ ഉപദ്രവിക്കുന്നതായും സ്വപ്നത്തിൽ കണ്ടു. അതാ ഇപ്പം ഉൾഭയം – വന ഗർഭം പേറിയ സന്ധ്യ അവരെ ചുറ്റി കൂടുതൽ ഇരുണ്ടു.
ഉണ്ണിപ്പണിക്കർ ഒരജ്ഞാത സംതൃപ്തിയുടെ അടി ഒഴുക്കോടെ ഉണങ്ങി നേർത്ത കരിയില ഒന്ന് കാട്ടുകമ്പിൽ കെട്ടിത്തൂക്കി.
നോക്കൂ – പാറുക്കുട്ടിയുടെ പാറിപ്പറക്കുന്ന ആശങ്കകൾക്കു നേരെ ഉണ്ണിപ്പണിക്കർ കരിയില കെട്ടിത്തൂക്കിയ കാട്ടു കമ്പ് സ്വസ്ഥം നീട്ടിപ്പിടിച്ചു – ഇപ്പോൾ കാറ്റിന്റെ ദിശയേത്?
കിഴക്കോട്ട് – ഞാന്ന് പറക്കുന്ന കരിയിലയുടെ ദിശ നോക്കി പാറുക്കുട്ടി അസംതൃപ്തിയുടെ അരങ്ങേറ്റം പോലെ ചുണ്ടു ചലിപ്പിച്ചു.
അലോഹ്യം അശേഷം വേണ്ട – ഉണ്ണിപ്പണിക്കർ മയക്കി അടുപ്പിക്കുന്ന ചിരി പൊഴിച്ചു – കിഴക്കോട്ടു പായുന്ന പടിഞ്ഞാറൻ കാറ്റിൽ ഗന്ധമുണ്ടോ?
ഇല്ല – പാറുക്കുട്ടിക്ക് വർദ്ധിച്ച സങ്കടത്തിലും ചിരിയുടെ അലകൾ ഇളകി ഉയർന്നു വന്നു.
?ഇപ്പോൾ കാറ്റിന്റെ ദിശ?? ഉണ്ണിപ്പണിക്കർ ചോദ്യം ആവർത്തിച്ചു.
ഇതെന്തൊരു വട്ടു കളി! അശരീരികൾ അവിടത്തെ മനസ്സിനെ അടിച്ചിട്ടോ? പാറുക്കുട്ടിയിൽ സന്ദേഹങ്ങൾ നിഴൽ പരത്തി.
പറയൂ – ഉണ്ണിപ്പണിക്കർ ഊർജ്ജസ്വലനായ് അധികാര സ്വരം കൊണ്ടു.
ദിശ വടക്കോട്ട് – പാറുക്കുട്ടിയുടെ കണ്ഠമിടറിപ്പോയി. ഉണ്ണിപ്പണിക്കരുടെ സമനിലയിൽ പാറുക്കുട്ടി അടിമുടി സംശയിച്ചു നിൽക്കേ ഉണ്ണിപ്പണിക്കരുടെ ശബ്ദം വീണ്ടും മുഴങ്ങി – ഇപ്പോൾ തെക്കു നിന്ന് വടക്കോട്ടു പായുന്ന കാറ്റിൽ ഗന്ധമുണ്ടോ?
ഉണ്ട് – പാറുക്കുട്ടി അസ്വസ്ഥതയോടെ മൂക്കു പൊത്തിപ്പിടിച്ചു.
ഉണ്ടാവും, ഉണ്ടാവണം – ഉണ്ണിപ്പണിക്കരിൽ ഹാസ്യഭാവം പടി കയറി വന്നു.
പാറുക്കുട്ടിയും ഉണ്ണിപ്പണിക്കരുടെ കൂട്ടാളികളും ഉണ്ണിപ്പണിക്കരെ ആശങ്കകളുടെ നിഴലിൽ കണ്ടു നിന്നു.
അതാ – ഉണ്ണിപ്പണിക്കർ ഉശിര് ഊതി വീർത്ത ജേതാവിനെപ്പോലെ തെക്കോട്ട് വിരൽ ചൂണ്ടി. തെക്ക് ഇത്തിരിയകലത്തിൽ പീത പുഷ്പങ്ങൾ വിടർന്നു നിൽക്കുന്ന കുറെ വൃക്ഷങ്ങൾ.
ആ പീത വർണ്ണ പുഷ്പങ്ങളാണ് തെക്കൻ കാറ്റിൽ രൂക്ഷ ഗന്ധം കലർത്തി വിടുന്നത്. ഞാൻ ഇന്ന് അതികാലെ രാപ്പരിമണത്തിന്റെ പൊരുൾ തേടി ചുറ്റുപാടാകെ നടന്നു പരത്തുമ്പോൾ ആ പൂവുകൾ ഗന്ധസമാനതയിൽ ലയിച്ചു കിടക്കുന്നു. അതിൽ നിന്ന് ഒരു പൂവെടുത്ത എന്റെ കയ്യിൽ ആ ഗന്ധം പറ്റിപ്പിടിച്ചു. ഹോ! പിന്നെ എത്രവട്ടം കൈ കഴുകിയിട്ടാ എന്നെ ചുറ്റി നിന്ന ആ ഗന്ധം വിട്ടകന്നു പോയത്.
ഹാവൂ – ഉത്കണ്ഠകൾ പെയ്തൊഴിഞ്ഞു പോകുവാൻ തുടങ്ങിയ സ്വസ്ഥിയിൽ പാറുക്കുട്ടി കുടിലിനു മുന്നിൽ ഇട്ടിരുന്ന നടക്കല്ലിൽ ഇരുന്നു.
?എങ്ങനെയുണ്ട് ഉണ്ണിപ്പണിക്കർ!?? മാനസ അപരൻ സന്യാസിയപ്പനോട് ആരാഞ്ഞു.
നയിക്കുവാൻ പ്രാപ്തനാണ്. നയിക്കുന്നത് പ്രാപ്തിയിലേക്കും.
ഉണ്ണിപ്പണിക്കരും കൂട്ടരും തെളിച്ച വഴിയേ മറ്റൊരു കൂട്ടർ വിദൂരത താണ്ടി അടുത്തടുത്തു വരുന്നു! സ്ത്രീകളും പുരുഷന്മാരും കുട്ടികളുമായ് കുറച്ചു പേർ. നയിക്കുന്നത് പല്ലവൻ. ആടിയും പാടിയും അവർ മുന്നേറി വരുന്നു. പുറകറ്റം തലയിൽ ഭാണ്ഡക്കെട്ടുകളുമായ് നാലു പുരുഷന്മാർ.
അവരുടെ തലയിലെ ഭാണ്ഡക്കെട്ടുകൾ ശ്രദ്ധിച്ചോ – സന്യാസിയപ്പൻ മാനസ അപരനോട് ചോദിച്ചു.
ഉവ്വ്, ഏറ്റവും ആയാസകരമായാണ് ആ നാലു പുരുഷന്മാരും ചുവടുകൾ വയ്ക്കുന്നത്. നാലുപേർക്കിരുവശവും എട്ട് സ്ത്രീകൾ നടന്നു വീശുന്നു! എന്നിട്ടും ഉരുക്കുപോലെ ഉറച്ച അവരുടെ ശരീരമാകെ വിയർപ്പുറവകൾ നക്കി നനച്ചുകൊണ്ടിരിക്കുന്നു. അപ്പോഴാണ് സന്യാസിയപ്പൻ ശ്രദ്ധിച്ചതു, അവർ വീശുന്നത് ഭാരം ചുമക്കുന്നവരെയല്ല, ഭാണ്ഡക്കെട്ടുകളെയാണ്. ഒരു പക്ഷേ പ്രായം ചെന്ന സ്ത്രീകളോ പുരുഷന്മാരോ ആയിരിക്കാം. ഭാണ്ഡക്കെട്ടുകൾ നീളത്തിൽ ആണല്ലോ – മാനസ അപരൻ പറഞ്ഞു.
ഹഹ….. ജീവനുള്ളവർക്ക് ശ്വാസം കഴിക്കാതെ എങ്ങനെയാ ഭാണ്ഡക്കെട്ടുകൾക്കുള്ളിൽ – സന്യാസിയപ്പൻ ചോദിച്ചു.
അബദ്ധനായതുപോലെ മാനസ അപരൻ മങ്ങിയ ചിന്തയിൽ മനസ്സു കുടഞ്ഞു.
സവിസ്താരത്തിലുള്ള പുഴയുടെ കര അവരും കൂട്ടത്തോടെ വിശ്രമത്താവളമാക്കി. മുമ്പേ വന്ന പുരുഷന്മാരിൽ പല്ലവൻ ഉൾപ്പെടെ നാലുപേർ പുഴയെ നമസ്കരിച്ചു ഝടുതിയിൽ കുളിവസ്ത്രമണിഞ്ഞ് ദേഹ ശുദ്ധി വരുത്തുന്നതുപോലെ പുഴയിലൊന്ന് മുങ്ങിപ്പൊങ്ങിയിട്ട് കരയ്ക്കു കയറി വന്ന് ഭാണ്ഡക്കെട്ടുകൾ അങ്ങേയറ്റം ആയാസത്തോടെ ഇറക്കി വച്ചു. പല്ലവൻ ഭാണ്ഡക്കെട്ടിലൊന്നിന്റെ മൂടി അഴിച്ചു മാറ്റി. ഭംഗിയായ് മിനുസപ്പെടുത്തിയ ഒരാൾ നീളത്തിൽ ഉള്ള ഒരു വേലിക്കല്ല്! അതിന്റെ ഒരറ്റത്ത് വാൾക്കല്ല് എന്ന് കൊത്തി വച്ചിരിക്കുന്നു.
വാൾക്കല്ല് ചുമന്നുകൊണ്ടു വന്നവരിൽ ഒരാൾ പുഴക്കരയിൽ ഒരു കുഴി കുത്തി. അതിൽ വാൾക്കല്ല് ഇറക്കി വച്ച് മണ്ണിട്ട് ബലപ്പെടുത്തി.
പല്ലവനും അനുയായികളും മൂന്നു നാൾ പുഴയുടെ നേർത്ത സംഗീതം ആസ്വദിച്ച് ഗജവീരന്മാരെപ്പോലെ പുഴവെള്ളം കുടിച്ചും കുളിച്ചും പുഴവക്കിൽ തങ്ങി. നാലാം നാൾ അതികാലെ പുഴയിൽ കുളിച്ചു യാത്രക്കൊരുങ്ങി. വെയിലിന്റെ ഉഗ്രത ഏൽക്കാതിരിക്കുവാൻ രണ്ടു പേരെ പകൽ വാൾക്കല്ലു വീശുവാൻ നിർത്തി. യാത്രക്കു മുമ്പേ പല്ലവൻ അവരെ കണിശം ഓർമ്മപ്പെടുത്തി – ഇരുൾ വീഴുവോളം വാൾക്കല്ല് വീശൽ തുടരുക. ചൂട് അധികരിച്ചാൽ ലോകത്തെ സദാ സംരക്ഷിച്ചു നിർത്തുന്ന വാൾക്കല്ലുകളുടെ ഉഗ്ര ശക്തി കോപാഗ്നിയായ് എങ്ങും നാശം വിതക്കും. അവശേഷിക്കുന്ന മൂന്നു വാൾക്കല്ലുകളും നമ്മൾ പുഴക്കപ്പുറം കുന്നു കയറി ഒരുക്കുവാൻ പോകുന്ന പുതിയ ഗ്രാമത്തിന്റെ മൂന്നു മൂലകളിലും കുഴിച്ചിട്ടു ഗ്രാമത്തെ വാൾക്കല്ലുകളുടെ ത്രികോണ സംരക്ഷണത്തിൽ ആക്കും.
ഒരു ചൈതന്യത്തെയും ആവാഹിക്കാതെ ഇങ്ങനെ കുഴിച്ചിട്ടാൽ ഈ കല്ലുകൾക്ക് എന്തു സാങ്കൽപ്പിക ശക്തിയാണ്? മാനസ അപരൻ ചോദിച്ചു.
ആവോ , എനിക്കറിയില്ല – സന്യാസിയപ്പൻ കൈ മലർത്തി.
പല്ലവനും അനുയായികളും പുഴയോരം സമ്മാനിച്ച നവ ഊർജ്ജത്തിന്റെ നെടും തണലിൽ കോടാലിക്കുന്ന് കയറി. അവർ അവിശ്വാസികളുടെ ഗ്രാമം പിന്നിട്ട് പുതിയ ഗ്രാമസ്ഥലി തിരഞ്ഞെടുത്തു. അവിടെ കോണു മുഴക്കാതെ കുടിലുകൾ കെട്ടി. ദിശയും ദിക്കും ഒപ്പിച്ച് വാതിലുകൾ ഇട്ടു. സ്ഥലമൊരുക്കി പൂർണ്ണ ചന്ദ്രപ്പിറവി നാളിൽ ആദ്യ കൃഷിയിറക്കി.
ആ കാലഘട്ടത്തിന്റെ ഉദയത്തിൽ ഒരിടത്ത് വച്ച് സന്യാസിയപ്പന്റെ ശ്രദ്ധയെ മാനസ അപരൻ സശ്രദ്ധം വനാന്തർ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
ഹോ! മനസ്സിന്റെ ഓരോ അറകളിലും സംതൃപ്തി നിറഞ്ഞൊഴുകുന്നു! അത് ഓളങ്ങൾ തീർത്ത് മനസ്സിനെ മായാവലയത്തിൽ ആക്കുന്നതു പോലെ ! ആ സുഖ ദർശനം സുസാധ്യമാക്കുന്ന സ്ത്രീയും പുരുഷനും ആരാണ്. പുരാണങ്ങളിൽ പറയുന്ന പുണ്യ ദൈവങ്ങളോ! നമ്മുടെ ചിന്താശക്തിക്കപ്പുറത്ത് അങ്ങനെ വല്ല യാഥാർത്ഥ്യവും നിലനിൽക്കുന്നുണ്ടോ? സന്യാസിയപ്പൻ മാനസ അപരനിൽ ചോദ്യത്തിന്റെയും അത്ഭുതത്തിന്റെയും നിഴലിട്ടു. ആ അറിവുകൾക്കിപ്പുറത്താണ് നീയും നിന്റെ മാനസ അപരനായ ഞാനും. എന്നാൽ ഭൂതകാലത്തിൽ നിന്ന് അടുക്കുന്ന ആ സ്ത്രീയും പുരുഷനും തീർത്തും വ്യക്തരാണ്. നിന്റെ ഓർമ്മയിൽ കാലം തെളിയിച്ചെടുക്കുവാൻ കഴിയുന്നുണ്ടോ? മാനസ അപരൻ സന്യാസിയപ്പന്റെ മനസ്സിനെ നേർക്കുനേർ നോക്കി.
സന്യാസിയപ്പൻ ഓർമ്മയിൽ പരതി-അവ്യക്തമായ ചില പൊട്ടുകളും പൊടികളും ഓർമ്മയിൽ കിടന്ന് ഇടം വലം ഓടുന്നു, മനസ്സിനുള്ളിലെ വെളിച്ചത്തിനു പിടി തരാതെ ! എത്ര മുൻ തിരിഞ്ഞിട്ടും എത്ര പിൻതിരിഞ്ഞിട്ടും അതു തന്നെ അവസ്ഥ.
ശരിയാണ് – മാനസ അപരൻ സന്യാസിയപ്പന്റെ മനസ്സിലാകെ നോക്കിയിട്ട് തല കുലുക്കി സമ്മതിച്ചു – നിനക്ക് എത്ര പിന്നോട്ട് നടന്നാലും നിന്റെ ജനനം വരെ എത്തുവാനേ കഴിയൂ. കാരണം നീ കാണുന്നത് അവിശ്വാസികളുടെ മനസ്സിലൂടെ ഞാൻ അവരുടെ ഓർമ്മകളെ താണ്ടി ഇവിടത്തെ അവരുടെ മുൻ തലമുറകളുടെ ആരംഭത്തിലേക്ക് സഞ്ചരിക്കുന്നതിന്റെ നേർക്കാഴ്ചയാണ്. നടന്നു വന്ന പുരുഷനും സ്ത്രീയും മറ്റൊരു താഴ് വഴിയുടെ സന്തതികളാണ്. നീ ഓർമ്മവച്ച ശേഷം കണ്ടിട്ടില്ലാത്ത നിന്റെ മാതാവും പിതാവും. നീ എന്നിലൂടെ ദർശിക്കുന്ന ഭൂതകാലത്തിൽ നിന്റെ ശരീരമുണ്ട് ഒപ്പം കുഞ്ഞു മനസ്സും. നിന്നിൽ അതി സൂക്ഷ്മ മാനസനായി ഞാനും. നീ ആ കാണുന്ന നിന്റെ മാതാവിൽ ഭദ്രമായ് ഉറങ്ങുകയാണ്. ആ കാഴ്ചയാണ് നിന്റെ ആനന്ദത്തിന്റെ അടിസ്ഥാനം, നിന്റെ ശൈശവ പൂർവ്വ ദശ!
ഉവ്വ്, അവ്യക്തമായ ചില സൊാചനകൾ അനുഭവിക്കുന്നു! ചുണ്ടുകളിലേക്ക് നീളുന്ന ഒരാദിമ മധുരവും വാത്സല്യവും.
ഇതാ അവർ നമ്മുടെ അച്ഛനും അമ്മയും ഉണ്ണിപ്പണിക്കരെ യാദൃച്ഛികമായ് കണ്ടു മുട്ടുന്നു. ഉണ്ണിപ്പണിക്കർക്കൊപ്പം അവർ നീ ഇരിക്കുന്ന സന്യാസിപ്പാറയിലേക്ക് അടുക്കുകയാണ്!
പുരുഷനും ഉണ്ണിപ്പണിക്കരും ചേർന്ന് പാറമുകളിലേക്ക് മുള വെട്ടി പാലം തീർത്തു. സ്ത്രീയുടെ കൈ സശ്രദ്ധം പിടിച്ചുകൊണ്ട് അംഗ വടിവൊത്ത പുരുഷൻ മുമ്പേ. അവർ രണ്ടാളും സന്യാസിപ്പാറയിൽ ചമ്രമിട്ടിരുന്നു.
ഒളി ജീവിതത്തെക്കുറിച്ചുള്ള ഉണ്ണിപ്പണിക്കരുടെ ചോദ്യത്തിന് ആ പുരുഷന്റെ പൗരുഷ വചനം ഇങ്ങനെ ആയിരുന്നു – അധാർമ്മികമായ ഒരു രാജ കൽപനയ്ക്ക് എതിർ നിന്നതിന് കിട്ടിയ രാജകീയ സമ്മാനം.
സന്യാസിയപ്പൻ തന്റെ തന്നെ കുഞ്ഞിക്കരച്ചിൽ കേട്ടു- അതാ, അതാ … എന്ന് ഇരുന്ന സ്ഥലത്തേക്ക് വിരൽ ചൂണ്ടി എഴുന്നേറ്റു. താൻ പിറന്നു വീഴുന്നു. സന്യാസിയപ്പൻ താൻ പിറന്നു വീണ പാറയിൽ ആഞ്ഞു നമസ്ക്കരിച്ചു. പാറയുടെ പരുപരുത്ത പ്രതലത്തെ തലോടി ആനന്ദ നർവൃതികൊണ്ടു.
അമ്മ താനെന്ന കുഞ്ഞിന്റെ മുർദ്ധാവിൽ ഉമ്മ വയ്ക്കുന്നു! നാലഞ്ചു ദിവസങ്ങൾക്കു ശേഷം അവർ ആ കൈക്കുഞ്ഞുമായ് എങ്ങോട്ടോ യാത്രയാവുന്നു.
അതേ – മാനസ അപരൻ ഇടപെട്ടു – ഭൂമിയിൽ നീ പിറന്ന ദിനവും നിന്റെ ശൈശവാരംഭവും നമ്മൾ കണ്ടു.
ഈ മഹാത്ഭുതത്തിനിടയിൽ മറ്റൊരു വലിയ സംശയത്തിന്റെ നിഴൽ എന്നെ ഗ്രസിക്കുകയാണ്. അവിശ്വാസികളുടെ മുൻകാല ചരിത്രം അവരുടെ മനസ്സുകളിലൂടെ തേടിയപ്പോൾ ആ ചരിത്ര ഗതിയിൽ ഞാൻ എങ്ങനെ പെട്ടു!
അവിശ്വാസികളുടെ ചരിത്രാന്വേഷണത്തിൽ ഒന്നവശേഷിക്കാതെ എല്ലാം നമ്മുടെ ദൃഷ്ടി പരിധിയിൽ വന്നു എന്നതാണ് അത് സൂചിപ്പിക്കുന്നത്. അവിശ്വാസികൾ കണ്ടു മുട്ടിയവർ പോലും നമ്മുടെ ദൃഷ്ടി പരിധിയിൽ വന്നു. അതായത് പഴയ കാല ചരിത്രം അത്രത്തോളം പുതു തലമുറയുടെ മനസ്സിൽ വായ് മൊഴികളിലൂടെ കടന്നെത്തിക്കിടക്കുന്നു എന്നർത്ഥം.
സന്യാസിയപ്പന്റെ മനസ്സ് വീണ്ടും മാനസ അപരനിലൂടെ ഭൂതകാലങ്ങളിൽ ചുറ്റിക്കറങ്ങി.
പുഴയിൽ തീർത്തിരുന്ന മുളകെട്ടിയ പാലം പെരു മഴയിൽ പാടെ ഒലിച്ചു പോയി മറി കടക്കുവാൻ കഴിയാത്ത വണ്ണം കരകവിഞ്ഞൊഴുകുന്ന പുഴ. എന്നാൽ അന്തരീക്ഷം ചൂടു പിടിച്ചു തന്നെ. വാൾക്കല്ലിന് ചൂട് പിടിക്കുന്നു.
വീശിത്തണുപ്പിക്കേണ്ടവർ ഇക്കരെ. പല്ലവന്റെ തല ചൂടുപിടിക്കുവാൻ തുടങ്ങി. വാൾക്കല്ലിന് ചൂടിൽ ഉൾക്കോപം പിറക്കും. വിശ്വാസക്കോട്ടകളിൽ എവിട നിന്നോ പകർന്നു കിട്ടിയ അറിവിൽ പല്ലവൻ ഞെട്ടി വിറച്ചു. പിറവി കൊള്ളുന്ന ഉൾക്കോപം അർദ്ധ വിശ്വാസികളിൽ രോഗങ്ങളായും മാരണങ്ങളായും പരതി നടക്കും ! പല്ലവന്റെ വിശ്വാസങ്ങൾ സ്വ മനസ്സിന്റെ സ്വസ്ഥത കെടുത്തി.
ഒക്കെ എന്റെ തെറ്റ് – പല്ലവൻ സ്വയം കുറ്റപ്പെടുത്തി നിന്നു – പാലം കുറച്ചുകൂടി ഉറപ്പുള്ളതാക്കേണ്ടിയിരുന്നു. വർഷ ദിനങ്ങളിൽ നദിയിൽ ഇത്രത്തോളം കവിഞ്ഞൊഴുകൽ പ്രതീക്ഷിച്ചില്ല. പല്ലവനെ മൗനം പൊതിഞ്ഞു. അതിനിടയിൽവിഷാദാഗ്നി ആളിക്കത്തി. കടന്നലുകളെപ്പോലെ അത് പല്ലവന്റെ മനസ്സിനെ കുത്തി വീർപ്പിച്ചു. അപ്പോൾ ഒരാന്തരിക ശബ്ദം പല്ലവനിൽ ഉൾക്കിടിലമുണ്ടാക്കി – ഞാൻ പിറവി കൊണ്ടു – പല്ലവന്റെ മനസ്സ് ഭയത്തിന്റെ അലകളിൽ ഞെട്ടി വിറച്ചു. വിറയലോടെ പല്ലവൻ പിറു പിറുത്തു – പിറവിയെടുത്തത് വാൾക്കല്ലിന്റെ ഉൾക്കോപം ! ഒരു വിറയൽ പല്ലവന്റെ മനസ്സിൽ നിന്ന് ശരീരത്തിലേക്ക് പാഞ്ഞുകയറി. അത് ഉള്ളിൽ ശക്തി പ്രാപിച്ചപ്പോൾ വിയർപ്പ് പുറത്തേക്ക് ചാടി രക്ഷപ്പെടുവാൻ തുടങ്ങി. പല്ലവന്റെ മനസ്സിലെ തീപ്പൊരികൾ തീയായ് ആളിപ്പടർന്നു. തീഗോളം വാൾക്കല്ലിന്റെ മുകളിൽ പല്ലവൻ കണ്ടു. അത് പല്ലവനെ വിഴുങ്ങുവാൻ ആഞ്ഞടുത്തു. പല്ലവൻ ഓടി. ഓട്ടം നെടു നീളത്തിലെ കോടാലിക്കുന്നു കയറി.
ഭാര്യ, ബന്ധുമിത്രാദികളുടെ ചോദ്യങ്ങൾക്ക് പല്ലവൻ ഇത്രമാത്രം പറഞ്ഞു – ചൂടു പിടിച്ച വാൾക്കല്ല് വിഴുങ്ങുവാൻ വരുന്നു!
രണ്ടുനാൾ, മൂന്നു നാൾ, നാലുനാൾ…………… പല്ലവൻ എഴുന്നേറ്റില്ല. ചോദ്യങ്ങൾക്കു മുന്നിൽ നനവു വറ്റിയ നാവ് ചലനമറ്റു കിടന്നു. ഇടയ്ക്കിടെ അവ്യക്തമായ ചില പിറു പിറുക്കൽ ഉണ്ടായി – വാൾക്കല്ല് പൽ നഖങ്ങൾ കാട്ടി നിൽക്കുന്നു! തുറിച്ച കണ്ണുകളുമായ് ആകാശത്തിലൂടെ പറന്നു വരുന്നു.
പല്ലവന്റെ അനുയായികൾ ഒരുമയോടെ ഒത്തു കൂടി. പല പരിഹാര നിർദ്ദേശങ്ങളും വായ് തുറന്നു വന്നു. ഒടുവിൽ വാൾക്കല്ല് വെയിൽ മുറ്റുമ്പോൾ മാത്രം വീശിയാൽ പോരാ, പകൽ രാത്രി ഭേദമില്ലാതെ വീശണം എന്ന നിർദ്ദേശം പൊതു സ്വീകാര്യമായി.
പരിഹാരക്രിയ ദിനരാത്രങ്ങൾ പിന്നിട്ടു. വാൾക്കല്ല് രാപ്പകൽ ഭേദമില്ലാതെ തണുത്തു കിടന്നു. പല്ലവൻ തണുത്തില്ല. പഴയ പടി തന്നെ, ലേശമില്ല മാറ്റം.
കേട്ടറിഞ്ഞ ഉണ്ണിപ്പണിക്കർ പുതിയ ഗ്രാമത്തിൽ കാൽ ചവിട്ടി.
പല്ലവന്റെ വീട്ടുപടിക്കൽ എത്തിയപ്പോൾ ഭാര്യ കുഞ്ഞിലക്ഷ്മി ഭവ്യതയോടെ എഴുന്നേറ്റ് കൈത്തലം കൊണ്ട് മാറ് മറച്ച് തേങ്ങലോടെ മാറി നിന്നു.
അനുയായികൾ പല്ലവനെ പുൽമേഞ്ഞ പുരയുടെ പുറം തളത്തിലേക്ക് എടുത്തു കിടത്തി. പല്ലവന്റെ കണ്ണുകളിൽ ഭയം മുറ്റിക്കിടന്നു. ഇടയ്ക്കിടെ അവ്യക്തമായ ചില ശബ്ദങ്ങൾ വായിൽ നിന്ന് വഴുതി വീണു.
ഉണ്ണിപ്പണിക്കർ ഇത്തിരി നേരം നിശ്ചലം നോക്കി നിന്നിട്ട് പറഞ്ഞു – കുഴി കുത്തണം.
കൂടി നിന്നവർ അന്ധാളിച്ചു. അതിനു മുകളിൽ കുഞ്ഞിലക്ഷ്മിയുടെ ശബ്ദം ?അയ്യോ? എന്ന് ഞെട്ടിത്തരിച്ചു വീണു.
ശുദ്ധ അഞ്ജാനം! കുഴികുത്തുന്നതിന് നില വിളിക്കുകയോ! ഉണ്ണിപ്പണിക്കർ ആശ്ചര്യപ്പെട്ടു.
?അല്ല, മരിക്കാതെ കുഴികുത്തുക എന്നു വച്ചാൽ കേട്ടു ശീലമില്ല തന്നെ!? നാട്ടു കൂട്ടത്തിൽ നിന്ന് ബഹുസ്വരം ഉയർന്നു.
മരിക്കാതിരിക്കുവാനാ കുഴി കുത്തുന്നത്. കുഴി കുത്തി കുഴ മണ്ണിൽ മലർത്തി കിടത്തണം. ഉടൽ മുഴുവനും, തല പാതി കുഴച്ച മണ്ണിൽ മറച്ച്, മനസ്സിലായോ?
കുഴി കുത്തി. കുഴിക്കുള്ളിൽ കുഴഞ്ഞു കലങ്ങിയ മണ്ണും ജലവും.
കുഴിയിൽ പല്ലവൻ. തല പാതി മാത്രം വെളിയിൽ. എന്നു വച്ചാൽ കണ്ണും, ചെവിയും, മൂക്കും, വായും മാത്രം പുറമേ കാണാം. കൈകാലുകളിൽ അമർത്തിപ്പിടിച്ചുകൊണ്ട് നാലുപേർ കുഴിക്കരയിൽ അമർന്നിരുന്നു. പല്ലവന്റെ ഭയം നിറഞ്ഞ കണ്ണുകളിലേക്ക് കുഞ്ഞിലക്ഷ്മി ആറ്റിത്തണുപ്പിക്കുന്ന നോട്ടമയച്ചു നിന്നു. ഇടയ്ക്കിടെ സാരമില്ല, സാരമില്ല എന്ന് കുഞ്ഞുലക്ഷ്മിയുടെ ചുണ്ടുകൾ അനങ്ങി.
കിടക്കട്ടെ ഒരു പകൽ ഇടവിട്ട മണിക്കൂറുകളിൽ. അതായത് ഒരു മണിക്കൂർ കുഴിയിൽ, ഒരു മണിക്കൂർ കരയിൽ – ഉണ്ണിപ്പണിക്കർ നടന്നു നീങ്ങി.
സമയം തെറ്റിക്കാതെ ഉണ്ണിപ്പണിക്കർ മടങ്ങിയെത്തി. കണ്ണുകൾകൊണ്ട് ആഴത്തിൽ കണ്ണുകൾ അളന്ന് ഇത്തിരി നേരം നിന്നു.
കൊള്ളാം, ലക്ഷണം കൊള്ളാം – ചുറ്റിലും നിന്ന നാട്ടു കൂട്ടത്തെ നോക്കി ഉണ്ണിപ്പണിക്കർ പറഞ്ഞു – കണ്ണുകൾ ശാന്തമാണ്. ഇനി അടുത്ത പടി തുടങ്ങും മുമ്പ് തണുത്ത ജലത്തിൽ കുളിപ്പിച്ചു കൊണ്ടു വരിക.
നാലാൾ ശക്തിയിൽ താങ്ങി എടുത്തു. നാലാൾ ഒപ്പം നടന്നു.
എട്ടാളും കൂടി കുളിപ്പിച്ചു തികികെ കൊണ്ടു വന്നു.
ഉണ്ണിപ്പണിക്കർ അരച്ചുകൊണ്ടു വന്ന പച്ചില ഔഷധം പല്ലവന്റെ തലയിൽപൊതിഞ്ഞു വാട്ടില കൊണ്ട് കെട്ടി.
നാലു നാൾ വിശ്രമിക്കട്ടെ – ഉണ്ണിപ്പണിക്കർ കടപ്പാടോടെ നോക്കിനിന്ന നാട്ടു കൂട്ടത്തേയും കുഞ്ഞിലക്ഷ്മിയെയും നോക്കിയിട്ട് നടന്നു നീങ്ങി.
നാളുകൾ വന്നു, പോയി. നാലാം നാൾ ഉണ്ണിപ്പണിക്കർ വരുമ്പോൾ പല്ലവൻ ചിരിച്ചുകൊണ്ട് എഴുന്നേറ്റു. പാറിപ്പറന്ന കേശഭാരവും കണ്ണീരണിഞ്ഞ മുഖവുമായ് കണ്ടിരുന്ന കുഞ്ഞിലക്ഷ്മി മുടി ഒതുക്കി കെട്ടി വച്ച് സംതൃപ്തിയുടെ ഇത്തിരി ആഴത്തിൽ ഉണ്ണിപ്പണിക്കരെ നോക്കി ചിരിച്ചു.
കണ്ണുകളിലെ കലക്കം തീർത്തും മാറിയിട്ടില്ല. മനസ്സിൽ തെറ്റൽ ബാക്കിയുണ്ട് – ഉണ്ണിപ്പണിക്കർ തലയിൽ നിന്ന് കെട്ടഴിച്ചുമാറ്റി പറഞ്ഞു – ഒക്കെ നാട്ടുകൂട്ടം പറഞ്ഞിരിക്കുന്നു. വാൾക്കല്ലുകളിൽ വീശാത്തതുകൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നുമില്ല. മനസ്സിലാവുന്നുണ്ടോ?
ഉവ്വ് – പല്ലവൻ തലയാട്ടി, ചിരിയിൽ സ്നേഹപ്പെരുമഴ പെയ്തു. ചിരി നാട്ടുകൂട്ടങ്ങൾക്കിടയിൽ മൗനമായ് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു.
നമ്മുടെ രക്ഷയ്ക്ക് വച്ചിരിക്കുന്ന വാൾക്കല്ല് ഒരൽപം ചൂട് അധികരിച്ചെന്നു വച്ച് നമ്മെ ശിക്ഷിക്കുകയൊന്നുമില്ല. വെറുതേ ഓരോരോ തോന്നലുകൾ മൂത്ത്, മൂത്ത് ഇപ്പടുതിയായി – ലക്ഷ്മിക്കുട്ടിയും പല്ലവന്റെ ആശങ്കകളെ ലഘൂകരിക്കുവാൻ അറിയാവുന്നതു പറഞ്ഞു.
ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. ചെയ്യാൻ കഴിയാത്തതിനെക്കുറിച്ച് രാപ്പകൽ ചിന്തിച്ചു ചൂടായ ചൂടൊക്കെ തലയിൽ ചുമന്നു നടക്കാതിരുന്നാൽ മതി – ഉണ്ണിപ്പണിക്കർ ഉറച്ച കാലടികൾ വച്ച് മുന്നോട്ട് പോകവേ പറഞ്ഞു.
ദിനം നാലഞ്ചു കഴിഞ്ഞൊരു ദിനത്തിൽ പ്രഭാതം മുടേ ഉണ്ണിപ്പണിക്കർ കണ്ടു പല്ലവനും ഭാര്യ കുഞ്ഞിലക്ഷ്മിയും നാലഞ്ച് അനുയായികളും ആനന്ദചിത്തം ചിരിയിൽ ആവാഹിച്ച് കെട്ടുകാഴ്ചകളുമായ് വീട്ടുപടിക്കൽ!
അല്ലാ! എന്തായിപ്പം ഇങ്ങനെ ഒരു വലിയ വരവ്? ഉണ്ണിപ്പണിക്കരുടെ വാക്കുകൾ അതിശയച്ചുവകൊണ്ടു. അപ്പോഴേക്കും ഉണ്ണിപ്പണിക്കരുടെ ഭാര്യ പാറുക്കുട്ടിയും കുടിലിനു പുറത്തേക്കു ചിരി തൂകി വന്നു.
ദീനം മാറ്റിത്തന്നില്ലേ, ക്ലേശിച്ചിട്ടാണേലും. അതിന്റെ ഒരു തൃപ്തി അറിയിക്കുവാൻ – പല്ലവൻ പറഞ്ഞു.
ഹോ, അതിലെന്തു കാര്യം ഇരിക്കുന്നു. മനുഷ്യന്റെ കർത്തവ്യത്തിന്റെ ഭാഗമായ് അത് കണക്കാക്കിയാൽ മതി.
പല്ലവൻ ഉണ്ണിപ്പണിക്കരെ ഉറ്റു നോക്കി – വലിയ ഒരാഗ്രഹം മനസ്സിൽ ചുറ്റുന്നു.
ഉവ്വോ, എന്താണ്. ഛേദമില്ലാത്തത്താണെങ്കിൽ ആവാമല്ലോ.
?ഗ്രാമങ്ങൾ തമ്മിൽ സഹകരിച്ചു കൂടേ?? പല്ലവന്റെ കണ്ണുകൾ എളിമയുടെ തെളിച്ചത്തിൽ ഉണ്ണിപ്പണിക്കരുടെ വട്ട മുഖം ഉഴിഞ്ഞു.
പോര – ഉണ്ണിപ്പണിക്കർ ഉത്സാഹത്തോടെ ചിരിച്ചു – മനുഷ്യർ തമ്മിലും വേണം സഹകരണം.
ഹഹ!! നല്ല കഥ – പല്ലവൻ ചിരിയിൽ ഒരു നിമിഷം കുടുങ്ങിക്കുലുങ്ങി – ഗ്രാമങ്ങൾഎന്നു വച്ചാൽ പിന്നെ ഗ്രാമങ്ങൾക്ക് കൈയും വായും ഉണ്ടോ പാരസ്പര്യത്തിന്!
സന്തോഷമുണ്ട് – ഉണ്ണിപ്പണിക്കർ സ്വഗതം ഉരുവിട്ടു – ഒരു തമാശ ആസ്വദിക്കുവാനുള്ള പൂർണ്ണ ആരോഗ്യത്തിലേക്ക് പല്ലവന്റെ മനസ്സ് പടി ചാടിക്കടന്നതിന്
പുരയുടെ അകത്ത് പാറുക്കുട്ടിയും ലക്ഷ്മിക്കുട്ടിയും ചിര പരിചിതരെപ്പോലെ വർത്തമാനം പറഞ്ഞിരുന്നു.
ചിരിച്ചും പരസ്പരം വർത്തമാനം പറഞ്ഞും അന്ന് അവർ പിരിഞ്ഞു. അതൊരു പതിവിലേക്ക് ഇറങ്ങി. ദിനവും ഒരു വട്ടമെങ്കിലും ഗ്രാമത്തിലുള്ളവർ അങ്ങോട്ടു പോയി, ഇങ്ങോട്ടു വന്നു. കാറ്റ് കൈമാറുന്ന വൃക്ഷങ്ങളെപ്പോലെ അവർ കിട്ടിയതൊക്കെ പരസ്പരം പങ്കുവച്ചും സ്നേഹം പങ്കുവച്ചും അടുപ്പത്തിന്റെ ആഴം കൂട്ടി.
തമ്മിൽ സംബന്ധം ആയിക്കൂടേ എന്നൊരാലോചന അങ്ങോട്ടു പോയി. ആലോചിക്കാം എന്നൊരു മറുപടി ഇങ്ങോട്ടു വന്നു. സംബന്ധം നടന്നു, സംബന്ധങ്ങൾ നടന്നു. അതിനിടയിൽ വാൾക്കല്ല് വിശ്വാസവും വിശ്വാസമില്ലായ്മയും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു. ഉണ്ണിപ്പണിക്കരുടെ കൂട്ടത്തിൽ നിന്ന് ചിലർ വാൾക്കല്ല് വിശ്വാസത്തിന്റെ പുതു ചട്ട അണിഞ്ഞു. പല്ലവന്റെ ഭാഗത്ത് നിന്ന് ചിലർ യുക്തി യുക്തം വാദിച്ച് വാൾക്കല്ല് വിശ്വാസത്തിൽ നിന്ന് പടി ഇറങ്ങി.
മനുഷ്യരുടെ സൗഹൃദം മണ്ണിലേക്കും വ്യാപിച്ചു. ഗ്രാമങ്ങൾക്കിടയിൽ നിന്ന് അതിർ വരമ്പുകൾ അപ്രത്യക്ഷമായി. ചേർച്ചയിൽ അവർ വളർന്നു വലിയ ഗ്രാമമായി.