വിശപ്പിന്റെ വില/കനുലാൽ ഷണ്മുഖൻ

മുഴു പട്ടിണിയായിരുന്നു വീട്ടിൽ,
വല്ലപ്പോഴും അടുപ്പെരിഞ്ഞെങ്കിലായി.
കഞ്ഞിയായിരുന്നു മിക്കപ്പോഴും
ആണ്ടിലൊരിക്കൽ ചോറ് കിട്ടിയാലായി—
അമ്മ അതിലൊരൽപ്പം ഉപ്പുനീരൊഴിച്ചു തരും,
വേറെ വിഭവങ്ങളൊന്നുമില്ലാതെ
അതു കൂട്ടി സ്വാദോടെ കഴിച്ചിരുന്നു.

പിന്നീടൊരു നാൾ അച്ഛനും പോയി,
അമ്മ പണിക്കു പോയി തുടങ്ങി.
പതുക്കെ പതുക്കെ
ഞാനും വളർന്നു—
പഠിച്ചു പഠിച്ചു
സർക്കാരിൽ കയറി.

കഞ്ഞി ചോറായി,
ചോറ് ബിരിയാണിയായി.
കയ്പ്പ് നിറഞ്ഞ ജീവിതത്തിൽ
വെളിച്ചം വന്നു.
അങ്ങനെ ഒരു നാൾ
വിവാഹം കഴിഞ്ഞു—
മകനുണ്ടായി.
അവനെ അല്ലലൊന്നുമില്ലാതെ വളർത്തി.

ഇന്നിപ്പോൾ
മകന് ജീവിതത്തിന്റെ കയ്പ്പറിയില്ല,
വിശപ്പിന്റെ വിലയറിയില്ല,
വിയർപ്പിന്റെ മൂല്യമറിയില്ല,
ദാരിദ്ര്യത്തിന്റെ കാഠിന്യമറിയില്ല.

അറിയുന്നതോ
അതിന്റെ മധുരം മാത്രം—
അതിനാലിന്നവൻ
ആഹാരം ഭൂമിദേവിയുടെ മേൽ
വലിച്ചെറിയുന്നു.

You can share this post!