വാക് ക്ഷേത്രം/ 16-20

16
സന്യാസിയപ്പന്റെ മുഖത്ത്‌ ആശ്ചര്യത്തിന്റെ അളവൊത്തു – അത്‌ ഇടനിലക്കാരൻ തന്നെയല്ലേ!
അത്‌ ഇടനിലക്കാരൻ ഒന്നാമനാണ്‌.  വേഷങ്ങൾ കൊണ്ട്‌ നമുക്ക്‌ പരിചിതനായ ഇടനിലക്കാരനെപ്പോലെ – മാനസ അപരൻ സന്യാസിയപ്പനിൽ കുടുങ്ങിയ സംശയം അഴിച്ചിട്ടു – അവർ നാലു പേർ.  ഒരാൾ ഇരിക്കൂർ ഇടനിലക്കാരൻ ഒന്നാമൻ, അയാൾക്കൊപ്പമുള്ള മൂന്നുപേർ അനുയായികൾ.
അനുയായികളുടെ തലയിൽ പെട്ടകവും ഭാണ്ഡക്കെട്ടുകളും.  അവർ ശുദ്ധമായ പുഴയിൽ കുളിച്ച്‌ നീണ്ട യാത്രയിൽ  വിയർപ്പൊട്ടിയ ശരീരം വൃത്തിയാക്കി കുന്നു കയറി ഗ്രാമത്തിൽ എത്തി.  ഒരു വൻ വൃക്ഷച്ചുവട്ടിൽ പെട്ടകവും ഭാണ്ഡക്കെട്ടുകളും ഇറക്കി വച്ചു.  ഇടനിലക്കാരൻ ഒന്നാമന്റെ കണ്ണുകളിൽ  നവോന്മേഷം ഉണർന്നു.  അയാൾ ഗ്രാമത്തിനു മുകളിൽ  കൈ ചൂണ്ടി എന്റെ ഇരിക്കൂർ ഗ്രാമം എന്ന്‌ മൂന്നു വട്ടം അന്തരീക്ഷത്തിൽ എഴുതി. അപ്പോൾ മനസ്സും അതാവർത്തിച്ച്‌ ഉള്ളിൽ കുറിച്ചിട്ടു.
ഗ്രാമീണർ കൗതുകത്തോടെ  അവർക്കരികിലേക്ക്‌ വന്നു തുടങ്ങി.
എല്ലാവരും പൊള്ളയായ ഒരു ചിരി മുഖത്ത്‌ വരുത്തി വച്ചോളൂ – ഇടനിലക്കാരൻ ഒന്നാമൻ അനുയായികളെ ഓർമ്മപ്പെടുത്തി- നമ്മുടെ ചിരിയിൽ അവരുടെ മനസ്സ്‌ അലിയണം.  നമ്മുടെ വാക്കുകളെ അവരുടെ മനസ്സ്‌ ആലിംഗനം ചെയ്യണം. അവയിൽ  പിടിമുറുക്കി വേണം നമുക്ക്‌ ഇവിടെ ഇരിക്കൂർ വിശ്വാസത്തിനും  ഇരിക്കൂർ രാജ്യത്തിനും അടിസ്ഥാനമിടുവാൻ.
ഗ്രാമീണർ അവർക്കരുകിലേക്ക്‌ അലിവിന്റെ നിറവിൽ എത്തി.  ഏതോ മുൻകാല പരിചിതരെപ്പോലെ മനോഹരമായ്‌ ചിരിച്ചുകൊണ്ട്‌ നാലു പേർ! ഇത്ര വിടർന്ന ചിരി ഗ്രാമീണർ ആദ്യമായ്‌ കാണുകയായിരുന്നു.  അവരറിയാതെ  ഒരാകർഷണം നാലു പേരിലേക്കും പൊട്ടിപ്പുറപ്പെട്ടു – സ്നേഹ സമ്പന്നർ – ഗ്രാമീണർ പരസ്പരം പറഞ്ഞു.
നിങ്ങൾക്ക്‌  ക്ഷേമ ഐശ്വര്യങ്ങൾ – ഇടനിലക്കാരൻ ഒന്നാമൻ ഗ്രാമീണരെ സ്നേഹാർദ്രമായ്‌ അഭിസംബോധന ചെയ്തു.
നിങ്ങൾക്കും – ഉണ്ണിപ്പണിക്കർ നിറഞ്ഞ മനസ്സോടെ ആഗതരെ സ്വാഗതം ചെയ്തു.
ഞങ്ങൾ ദേശാന്തര ഗമനം നടത്തുന്ന ഇരിക്കൂർ വിശ്വാസികൾ.  പല ദേശങ്ങൾ ചുറ്റി ഇവിടെ എത്തി.  ഇനി കുറച്ചു നാൾ നിങ്ങളുടെ അനുഗ്രഹ ആശിർവാദങ്ങളോടെ ഇവിടെ വസിക്കണം എന്നാണ്‌ ആഗ്രഹം.  ഞാൻ ഇരിക്കൂർ വിശ്വാസത്തിന്റെ  സന്ദേശ വാഹകനായ ഇടനിലക്കാരൻ ഒന്നാമൻ.
ഗ്രാമത്തിന്‌ പുറത്തു നിന്ന്‌ അതിഥികളുടെ ആഗമനം അധികമുണ്ടാവാറില്ല.  എത്തുന്നവരാകട്ടെ  ഗ്രാമ്യഭംഗികളിൽ ഭ്രമിച്ച്‌ ഗ്രാമം വിട്ടു പോവുകയുമില്ല.  അതാണ്‌ ഈ ഭൂപ്രകൃതിയുടെ  ചരിത്രം – പല്ലവൻ പുതിയൊരറിവ്‌ അവർക്കു സമ്മാനിച്ചു.  ആ അറിവ്‌ ഇടനിലക്കാരൻ ഒന്നാമനിൽ ഉദ്ദേശ ലക്ഷ്യങ്ങൾ പൂവണിയിക്കുന്ന വാക്‌ വസന്തമായി.  അതിൽ പിടിച്ച്‌ ഇടനിലക്കാരൻ ലക്ഷ്യത്തിലേക്കുള്ള പടികൾ കയറുവാൻ തുടങ്ങി – ഒത്ത ഗ്രാമത്തിന്റെ  മുകൾപ്പരപ്പിലെ വിശാലമായ ഈ ഗ്രാമം ഞങ്ങൾ പോയതിൽ വച്ച്‌ ഏറ്റവും  മനോഹരം!  വിശാലമായ വനമധ്യത്തിൽ വനത്തിന്‌ ഒരു പൊട്ടു ചാർത്തിയതുപോലെ  വെട്ടിയും കിളച്ചും, നിലമൊരുക്കിയും വേറിട്ടു നിൽക്കുന്ന ഗ്രാമം!  വനം ചുറ്റിയെത്തുന്ന കാറ്റ്‌ സദാ ഗ്രാമത്തെ  വീശിത്തണുപ്പിച്ചുകൊണ്ടിരിക്കുന്നു.  ഞങ്ങൾക്കും ഇവിടെ സ്ഥിര താമസത്തിന്‌ മോഹമുണ്ട്‌ – ഇടനിലക്കാരന്റെ മുഖത്തെ ചിരി ഏറ്റവും  ആകർഷണമായ്‌ സംഭാഷണത്തിനിടയിലും നില നിന്നു.
എങ്കിൽ ഇവിടെ തങ്ങുക – ഉണ്ണിപ്പണിക്കർ ഉത്സാഹത്തോടെ പറഞ്ഞു – അതിഥികൾ ആയ്‌ അല്ല ഗ്രാമീണർ ആയ്‌ തന്നെ.  വിളവെടുക്കുവാൻ പാകമായ പാടങ്ങൾ ധാരാളം, കലവറയിൽ മിച്ച ധാന്യമുണ്ട്‌.  എല്ലാം നിങ്ങൾക്കും ഉപയോഗിക്കാം.  സ്വന്തമായ്‌ കൃഷിയിടങ്ങൾ ഒരുക്കി എടുക്കാം.
??ഹാ!? ഇടനിലക്കാരൻ ഒന്നാമൻ ചിരിച്ചു – നിങ്ങളുടെ ഗ്രാമം പോലെ മനസ്സും സമ്പൽ സമൃദ്ധമാണ്‌.  അപരിചിതരെ ഇത്ര ആദരവോടെ സ്വീകരിക്കുന്നവരെ മറ്റെങ്ങും കണ്ടിട്ടില്ല.  നിങ്ങൾ  അറിയാതെയാണെങ്കിലും നടപ്പാക്കുന്നത്‌ ഞങ്ങളുടെ ഇരിക്കൂർ വിശ്വാസ നീതിയാണ്‌ – ഇരിക്കൂർ ഇടനിലക്കാരൻ വികാര ഭരിതനായി – ഞങ്ങൾ ഇരിക്കൂർ വിശ്വാസത്തിന്റെ പ്രചാരകരാണ്‌.
പ്രചരിപ്പിക്കുന്നത്‌ മാനവ സാഹോദര്യം കാത്തു സൂക്ഷിക്കുവാൻ ഉതകുന്ന നന്മകളാണെന്ന്‌ ഉറപ്പു വരുത്തുക.  അല്ലങ്കിൽ പരസ്പരം പങ്കു വയ്ക്കലിനു പകരം കുറ്റം പറച്ചിലും സംഘർഷങ്ങളുമാകും ചെല്ലുന്നിടത്തൊക്കെ.
ഉവ്വ്‌ ഉവ്വ്‌ – ഇരിക്കൂർ ഇടനിലക്കാരന്റെ തല കുലുങ്ങി – ഇരിക്കൂർ വിശ്വാസം നന്മകളുടെ കളിക്കളമാണ്‌.നന്മകളിലൂടെ മാത്രമാണ്‌ ഇരിക്കൂർ വിശ്വാസം വളരുന്നത്‌.  നന്മകൾ മാത്രമാണ്‌ ഇരിക്കൂർ ഇടനിലക്കാർ പ്രചരിപ്പിക്കുന്നത്‌.  ഇരിക്കൂർ വിശ്വാസത്തിലേക്ക്‌  എത്തിപ്പെട്ടാൽ ജീവിതം ഒരു തൊട്ടിലാട്ടം പോലെ സുന്ദരമാകും.
?ഹ!? ഉണ്ണിപ്പണിക്കർ ചിരിച്ചു – മറ്റു ജീവിത രീതികൾ സുന്ദരമല്ല എന്നാണോ?
അല്ല, ഇരിക്കൂർ വിശ്വാസത്തിൽ അധിഷ്ടിതമായ ജീവിതം കൂടുതൽ സുന്ദരം എന്നാണ്‌.
മറ്റുള്ളതിനെ ഇടിച്ചു താഴ്ത്തൽ ആയിരിക്കരുത്‌ വളർച്ചയുടെ മാനദണ്ഡം,                                      വളരുന്നതിന്റെ മഹത്വമായിരിക്കണം.  എന്തായാലും അതിഥികളെ ഞങ്ങൾ മടക്കി                      അയയ്ക്കുകയില്ല.  ആദരവോടെ തന്നെ സ്വീകരിക്കുകയാണ്‌.
ഇടനിലക്കാരൻ ഒന്നാമൻ സ്വയം പറഞ്ഞു – ഈ വിശാല വീക്ഷണമാണ്‌ ഇരിക്കൂർ വിശ്വാസത്തിന്റെ വളർച്ചയുടെ പോഷക ആഹാരം.
അവർ ഗ്രാമീണരായി.  ആ ഗ്രാമത്തിന്റെ ഭാഗമായി – സന്യാസിയപ്പൻ ആ കാഴ്ചകളിലേക്ക്‌ നോക്കി ഇരുന്നു.  ഇരിക്കൂർ ഇടനിലക്കാരന്റെ അനുയായികൾ മൂന്നു പേരും  പറമ്പുകളിൽ പണിയെടുത്തും പാർപ്പിടം കെട്ടിയും ഗ്രാമജീവിതത്തിന്റെ ഭാഗമാകുന്നു.  ഇടനിലക്കാരന്‌ പുൽ മേഞ്ഞ പുര അവർ തന്നെ കെട്ടിയുണ്ടാക്കി.  പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും കൃത്യനിഷ്ഠയോടെ  അവർ അവിടെയെത്തി ഇരിക്കൂർ ഇടനിലക്കാരന്റെ പ്രഭാഷണങ്ങൾ സഹർഷം കേട്ടു. അനുയായികൾക്കു വേണ്ടി ഗ്രാമത്തിലെ പെൺകുട്ടികളിലേയ്ക്ക്‌  ആലോചനകൾ നീണ്ടു.  ആദ്യം ചില എതിർ ശബ്ദങ്ങൾ പൊന്തി ഉയർന്നു. ഉണ്ണിപ്പണിക്കരുടെ  സഹിഷ്ണത കയറി ഇടപെട്ടു – അവർ മനുഷ്യർ അല്ലേ? മനുഷ്യരുടെ ഭാഗത്ത്‌ നിന്ന്‌ അല്ലേ ആലോചന വന്നത്‌.  എന്തിന്‌ മാറ്റി നിർത്തണം.  അവരുടെ വിശ്വാസം  അവർ വച്ചു പുലർത്തട്ടെ.
മൂന്നു പേർക്കും  ഗ്രാമത്തിൽ നിന്ന്‌ സമംഗളം വേളി നടന്നു.
അതോടെ ഇടനിലക്കാരന്റെ പ്രഭാഷണങ്ങൾ പൊള്ളയാകുവാൻ തുടങ്ങി.  അതിശയോക്തിയുടെ ആഴവും പറപ്പും ആയാൾ ആവോളം ഉപയോഗിച്ചു.  പുതുബന്ധം കൂടിയവരോടു  ഇരിക്കൂർവിശ്വാസത്തിന്‌  ഇല്ലാത്ത മഹത്വങ്ങൾ എഴുന്നള്ളിച്ചു.  അതിനു നിറവും ഭംഗിയും വരുത്തുവാൻ അന്ധവിശ്വാസത്തിന്റെ അന്തരംഗം എടുത്തണിഞ്ഞു.  ഇരിക്കൂർ ഇടനിലക്കാരൻ കുട്ടിച്ചാത്തനെയും പിശാചിനെയും നിർവ്വീര്യമാക്കിയ കഥകൾ അയാൾ കേൾവിക്കാരുടെ മനസ്സുകളിൽ പട്ടം പോലെ പറത്തിക്കളിച്ചു.  അർദ്ധവിശ്വാസികളിൽ നിന്ന്‌ അനിയന്ത്രിതമായ ഒഴുക്ക്‌ ഇരിക്കൂർ വിശ്വാസത്തിലേക്ക്‌  തുടങ്ങി.  ആ ഒഴുക്കിനെ ശക്തിപ്പെടുത്തുവാൻ ഇടനിലക്കാരൻ അന്ധവിശ്വാസത്തിന്റെ പുതിയ പുതിയ പ്രവാഹങ്ങൾ വെട്ടിത്തെളിച്ചുകൊണ്ടിരുന്നു.  കാലം അങ്ങനെ കുറെ കടന്നു പോയി.  ഇരിക്കൂർ ഇടനിലക്കാരൻ ഒന്നാമന്‌ ശേഷം രണ്ടാമൻ വന്നു, മൂന്നാമൻ വന്നു.
ക്രമേണ ഇരിക്കൂർ ഇടനിലക്കാരന്റെ  നേതൃത്വത്തിൽ ആ വലിയ ഗ്രാമം ഒരു ചെറിയ രാജ്യമായ്‌ പ്രഖ്യാപിക്കപ്പെട്ടു.  ഭരണം ഇടനിലക്കാരന്റെ വിശ്വസ്തരുടെ കൈകളിൽ ഒരു പന്തുപോലെ ഒതുങ്ങി.  ആ പന്തുകളിയുടെ വലിയ കോർട്ടിൽ നിന്ന്‌ അർദ്ധ വിശ്വാസികളും അവിശ്വാസികളും കളിയുടെ ചതിക്കുഴികൾ കണ്ടെത്താൻ കഴിയാതെ കളിക്കളത്തിന്‌ പുറത്തെ നോക്കുകുത്തികൾ ആയി.  അപ്പോഴാണ്‌ അവർ കളിക്കളത്തിൽ ചതിക്കുഴികൾ ഉണ്ടെന്ന സാമാന്യ ബോധത്തിലേക്ക്‌ കാലു കുത്തിയത്‌.  വല്ലപ്പോഴും വഴുതി തെറിച്ചു വരുന്ന ഭരണത്തിന്റെ പന്തുകൾ അകത്തേക്ക്‌ ഉന്തിതള്ളിയിട്ട്‌ കൊടുക്കുവാനുള്ള കർത്തവ്യത്തിൽ അർദ്ധ വിശ്വാസികളും അവിശ്വാസികളും ഒതുങ്ങി.
മാനസ അപരൻ സന്യാസിയപ്പനെ ആ അതിശയക്കാഴ്ചയുടെ അകത്തളത്തിലേയ്ക്ക്‌ ക്ഷണിച്ചു – നമുക്കു പരിചയമുള്ള ഇപ്പോഴത്തെ ഇടനിലക്കാരൻ നാലാമൻ!
അയാളെ ഇരിക്കൂർ വിശ്വാസികൾ വിശ്വാസത്തിന്റെയും പരമഭക്തിയുടേയും പരവതാനിയിലൂടെ ഇരിക്കൂർ ഇടനിലക്കാരൻ ഒന്നാമന്റെ ഛായാചിത്രത്തിനു മുന്നിലേക്ക്‌ ആനയിക്കുകയാണ്‌.  ഛായാചിത്രത്തിനു മുന്നിൽ എത്തിയപ്പോൾ ശബ്ദം ഇടറി വീണു – ഇരിക്കൂർ നിയമങ്ങൾ അനുസരിച്ച്‌ വിശ്വാസികളിലെ വിശ്വാസം സംരക്ഷിക്കും. സത്യസന്ധനായ്‌ നിന്ന്‌ പുതിയ വിശ്വാസികളെ ഇരിക്കൂർ അകത്തളത്തിലേക്ക്‌ ആനയിക്കും.
മാനസ അപരന്റെ അരികിൽ നിന്ന്‌ സന്യാസിയപ്പന്റെ മനസ്സ്‌ അകന്നു മാറി.
17
സന്യാസിയപ്പന്റെ ശ്രദ്ധ കോടാലിക്കുന്നിനു മുകളിലേക്ക്‌ തിരിഞ്ഞു.  ഇടനിലക്കാരനും വിശ്വാസികളും അവിടെ എത്തി. കുന്നിറങ്ങാതെ അവർ അവിടെ തടിച്ചു കൂടി.  ആസുര താളമാണ്‌ അവരുടെ ഇന്നത്തെ പ്രാർത്ഥനയ്ക്ക്‌~!  പ്രാർത്ഥനയുടെ നിത്യഭാവമായ ഭക്തി അതിൽ അലിയുന്നതേയില്ല.
ചക്രവാളപ്പക്ഷി വാക്ക്ഷേത്രത്തിൽ നിന്ന്‌ പറന്നു വന്ന്‌ സന്യാസിയപ്പന്റെ അരുകിൽ ഇരുന്നു.  ഏതോ അപകട സൊ‍ാചന അതിന്റെ കണ്ണുകളിൽ നിഴലിച്ചു.  കണ്ണുകളിൽ നിന്ന്‌ സന്യാസിയപ്പനു നേരെ നീരാവിയുടെ നേർത്ത ഒരൊഴുക്കുണ്ടായി. തീർച്ചയായും എന്തോ പ്രതീക്ഷിക്കണം!
ഒരപകട സൊ‍ാചന! സന്യാസിയപ്പന്റെ മുഖത്ത്‌ ആ ഭാവം വന്നു നിറഞ്ഞപ്പോൾ ചക്രവാളപ്പക്ഷി നീരാവിയുടെ ചുറ്റു വലയം തന്നിലേക്ക്‌ പിൻവലിച്ച്‌ വീണ്ടും വാക്ക്ഷേത്രത്തിലേക്ക്‌ പറന്നു പോയി.
ഇടനിലക്കാരന്റെ ശബ്ദം വിശ്വാസികൾക്കിടയിൽ മുഴങ്ങി – വിശ്വാസികൾ അവിശ്വാസികളെ വിശ്വസിക്കരുത്‌. അവിശ്വാസിയുടെ ഔഷധം മായയാണെന്ന്‌ വീണ്ടും ഓർമ്മിപ്പിക്കുകയാണ്‌.  വിശ്വാസി അവന്റെ മായയിൽ കുടുങ്ങരുത്‌.  വിശ്വാസിക്ക്‌ പ്രാർത്ഥനയാണ്‌ രക്ഷ.  അവിശ്വാസിക്ക്‌ ഒന്നും കൊടുക്കുകയും അവനിൽ നിന്ന്‌ ഒന്നും സ്വീകരിക്കുകയുമരുത്‌ – വാക്കുകളുടെ ആ താണ്ഡവം സന്യാസിയപ്പന്റെയുളളിൽ സ്പർശിക്കാതെ ചെവിയിലൂടെ കയറി ചെവിയിലൂടെ ഇറങ്ങിപ്പോയി.
ഇനി കൊണ്ടു വന്ന വിശ്വാസിയുടെ ഉച്ഛിഷ്ടം അവിശ്വാസിയുടെ താവളത്തിനു നേരെ വലിച്ചെറിയുവിൻ – ഇടനിലക്കാരന്റെ ശബ്ദം വിശ്വാസികൾക്കിടയിൽ മുഴങ്ങി – ഈ നാറ്റത്തെ എങ്ങനെ അവൻ മായ കൊണ്ട്‌ ചെറുക്കും. ഹഹഹ…..
ഇരിക്കൂർ വിശ്വാസികൾ ഉച്ഛിഷ്ടപ്പൊതികൾ അഴിച്ചു.  അന്തരീക്ഷമാകെ ദുർഗന്ധം നിറഞ്ഞു.  പക്ഷികൾ പറന്നകന്നു.
സന്യാസിയപ്പൻ ശ്വസന താളം മന്ദഗതിയിൽ ആക്കി അതിവേഗം സന്യാസിപ്പാറയുടെ ഉള്ളിലേക്ക്‌ പടികൾ ഇറങ്ങി.  പാറയുടെ ഉള്ളറകളിൽ ഒന്നിൽ വച്ചിരുന്ന ഒരു സുഗന്ധതൈലം അന്തരീക്ഷത്തിലേക്ക്‌ അസ്വസ്ഥതയോടെ തുറന്നു വിട്ടു.  അത്‌ പാറയുടെ ഇത്തിരി ചുറ്റളവിൽ നിന്ന്‌ അശുദ്ധ ഗന്ധം തള്ളി മാറ്റി അവിടമാകെ നിർമ്മലമാക്കി.  വിശ്വാസികൾ അഴിച്ച ആഹാര അവശിഷ്ടങ്ങളുടെ നാറ്റപ്പൊതി കൂട്ടിപ്പിടിച്ചുകൊണ്ട്‌ താഴേക്ക്‌ നടന്ന്‌ വന്ന്‌ സന്യാസിപ്പാറയ്ക്കു നേരെ വലിച്ചെറിഞ്ഞു.
വിശ്വാസികൾ വീണ്ടും കുന്നിൻ ചറിവിൽ ഒത്തുകൂടി ആനന്ദ നൃത്തമാടി. യുവാക്കൾ ഹഹഹാ… എന്ന്‌ ഉച്ചത്തിൽ അട്ടഹസിച്ചു.
?നീ എവിടയായിരുന്നു?? തണുത്തു വിറച്ചു കയറി വന്ന മാനസ അപരനോട്‌ സന്യാസിയപ്പൻ ഇത്തിരി കുണ്ഠിത ഭാവത്തിൽ മനമിളക്കി.
പുഴ കണ്ടപ്പോൾ മുങ്ങുവാൻ മോഹമുണ്ടായി.  മുങ്ങിയപ്പോൾ ഉണ്ട്‌ വട്ടത്തിൽ കറങ്ങിക്കൊണ്ട്‌ ഒരു ചുഴി പുഴയുടെ ആഴങ്ങളിലേയ്ക്ക്‌ നീങ്ങുന്നു! എവിടെ പോകുന്നെന്നൊരു ചോദ്യം കൊടുത്തു.  ൻഘാ, കേട്ട ഭാവം നടിക്കാതെ തലയാട്ടം  കളിച്ചെന്റെ തലയെല്ലാം കറങ്ങുന്നേ എന്ന മട്ടിൽ താഴേക്കു തന്നെ!  ആ കടുത്ത അവഗണന എനിക്കു സഹിച്ചില്ല, ഞാൻ കയറിപ്പിടിച്ചു.  ഉടനെ എന്നെ കയറി ഒരു പിടിത്തം.  എന്തിനു പറയുന്നു, പിടി വലി പിടി വലി.  ഒടുവിൽ രാക്ഷസ ഭാവത്തോടെ  എന്നെയും ചുരുട്ടി വലിച്ചു ചുഴി വട്ടത്തിൽ കറങ്ങുവാൻ തുടങ്ങി.  ഭാരമില്ലാത്തതിന്റെ ഭാരം  അപ്പോഴാണ്‌ ഞാൻ തിരിച്ചറിയുന്നത്‌.  ഒടുവിൽ ഞാനങ്ങു ക്ഷീണിച്ചു.
എന്നെ കീഴടക്കുവാൻ ശേഷി ഇല്ലാത്ത അശു! ഒന്ന്‌ ശക്തമായ്‌ കൈകാൽ ഇട്ടടിച്ച്‌  എന്നെ ഇക്കിളിപ്പെടുത്തുവാൻ പോലും ശേഷി ഇല്ലാത്ത നീ എന്തിന്‌ എന്റെ അതിർത്തി ഭേദിച്ചു വന്നു – ഗൗരവത്തിൽ ഒരു ചോദ്യം.  എന്നിട്ട്‌ എന്റെ മരണപ്പിടച്ചിലിനു നേരെ ?ളഹ, ളഹാന്ന്‌? പൊട്ടിച്ചിരിച്ചുകൊണ്ട്‌ കറങ്ങുവാൻ തുടങ്ങി.
പിന്നെയോ – സന്യാസിയപ്പനിൽ ജിജ്ഞാസ ഊറി.
ജലദേവതയുടെ വാലാണ്‌ ചുഴി എന്ന്‌ എന്റെ കാതിൽ അജ്ഞാതമായ ഒരു ആമന്ത്രണം കേട്ടു – ജലദേവത തല കീഴായ്‌ നിൽക്കുമ്പോഴാണ്‌ ചുഴി ഉണ്ടാകുന്നത്‌ – പിന്നെ വൈകിയില്ല.  ഞാൻ ചുഴിയുടെ ആഴങ്ങളിലേക്ക്‌ വലിക്കപ്പെടുവാൻ അശക്തനായ്‌ കിടന്നു.  ആഴങ്ങളിൽ എത്തിയപ്പോൾ ഞാൻ ജലദേവതയുടെ മനസ്സിൽ ചെന്ന്‌ ശക്തിയായ്‌ മുട്ടി, എന്നെ മോചിപ്പിക്കണം.
?ദാഹിക്കുന്നവനും ചുട്ടു പൊള്ളുന്നവനും ഉടൽ വറ്റുവോളം ജലം നൽകി അവന്റെ ദാഹവും ചൂടും അകറ്റും.  കടന്നു കയറുന്നവനെയും എന്റെ ആഴങ്ങളിലേക്ക്‌ എത്തിയുളിയുന്നവനെയും  അവന്റെ വിധി വിളയാട്ടത്തിന്‌ വിടും.  പരാജയപ്പെടുന്നവന്‌ നിറയെ ജലം കൊടുക്കും.  കൊടുത്ത്‌ കൊടുത്ത്‌ അവന്റെ ശരീരത്തിൽ ജലം നിറയ്ക്കുവാൻ സ്ഥലമില്ലാതാകുമ്പോൾ ജലത്തിനു മുകളിൽ പൊക്കിക്കിടത്തും.  പക്ഷേ നിനക്കു ശരീരമില്ല.  അതുകൊണ്ട്‌ നിന്നെ എന്റെ ചുഴിയിൽ ഇട്ട്‌ വട്ടം കറക്കും, അടുത്ത വേനൽ വരെ ഹഹഹാ…! ജലദേവത ക്രൂരമായ്‌ ചിരിച്ചു.
സന്യാസിയപ്പാ…. എന്റെ വിളി ജലദേവതയുടെ മനസ്സിൽ ചെന്നിടിച്ചു.  ജലദേവതയുടെ ചിരി യാന്ത്രികമായ്‌ നിലച്ചു – നീ ജലഭാര മുക്തനെയാണോ വിളിക്കുന്നത്‌?
അതേ എന്ന എന്റെ ശബ്ദം പിടിച്ചെടുത്ത ജലദേവതയുടെ മനസ്സ്‌ തെളിഞ്ഞു – ഇപ്പോൾ എനിക്ക്‌ നിന്നെ മനസ്സിലാക്കുവാൻ കഴിയുന്നു!  നീ ആ ജലഭാര മുക്തനായ സന്യാസിയുടെ മാനസ അപരൻ!  പണ്ടൊരിക്കൽ എന്നോട്‌ സംവദിച്ചു സന്യാസിയപ്പനു ജലഭാര മുക്തി നേടിക്കൊടുത്തവൻ!
?അതേ? എന്റെ ശബ്ദം പുറപ്പെട്ടു ചെന്നു.
ഭൂമിയുടെ ജീവ രക്തമായ്‌ ഒഴുകുന്ന എന്നെ ഒന്ന്‌ തുപ്പിപ്പോലും അശുദ്ധമാക്കാത്ത ആ സസ്യഭോജിയിൽ പിറന്ന അപരമനസ്സ്‌! എന്തുകൊണ്ട്‌ ആദ്യമേ നീ ഇതു പറഞ്ഞില്ല? എങ്കിൽ, പീഢനം സഹിക്കേണ്ടി വരുമായിരുന്നില്ല- തുടർന്ന്‌ ജലദേവത അതിന്റെ വാൽ കുടഞ്ഞ്‌ എന്നെ പുറത്തേക്കു മാറ്റി.
ഈ പീഢനം നിന്റെ വിധി ആയിരുന്നു – സന്യാസിയപ്പൻ  മാനസ അപരനെ  വാത്സല്യപൂർവ്വം തൊട്ടു.
?ശരീരമില്ലാത്ത എനിക്കും വിധിയോ?? മാനസ അപരനിൽ അത്ഭുതം നിറഞ്ഞു.
നിനക്കും വിധി ഉണ്ട്‌.  അല്ലെങ്കിൽ പിന്നെ എന്തിനാണ്‌ പുഴയിൽ മുങ്ങുവാൻ ഇറങ്ങിയ നിനക്ക്‌ ചുഴിയിൽ ചെന്നു കയറുവാൻ തോന്നിയത്‌!  അവിടെ അരൂപിയായ നീ അനുഭവിച്ച പീഢനം തന്നെയാണ്‌ വിധി.  വിധിയെന്നാൽ കടുത്ത പ്രതിസന്ധികളോ, അതിൽ തളർന്നു വീഴലോ ആണ്‌.
അല്ല! എന്താണ്‌ ധൃതിയിൽ മരുന്നുകൾ കൂട്ടിയോജിപ്പിക്കുന്നത്‌ – മാനസ അപരൻ മനവാക്യത്തിൽ ചോദിച്ചു – ചീഞ്ഞളിയുന്ന ആഹാര അവശിഷ്ടങ്ങൾക്കു നേരെ പ്രയോഗിച്ച്‌ ദുർഗന്ധമില്ലാതെ ചീയിക്കുവാൻ തന്നെയാണോ?
അതേ – ചിരിയുടെ മുഖവുരയോടെ സന്യാസിയപ്പൻ പറഞ്ഞു – ആദ്യം നമ്മെ എലിയെപ്പോലെ കണ്ട്‌ പാറയ്ക്കു ചുറ്റും പുകയിട്ടു.  ഇപ്പോൾ സന്യാസിയെപ്പോലെ കണ്ട്‌ ചീഞ്ഞളിഞ്ഞ മത്സ്യ, മാംസ അവശിഷ്ടങ്ങൾ എനിക്കു നേരെ വലിച്ചെറിയുന്നു.  നാം ഇത്‌ രണ്ടും അല്ല കർമ്മനിരതൻ ആയ മനുഷ്യൻ ആണെന്ന്‌ അവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന വിധത്തിൽ പ്രതിരോധിച്ചല്ലേ നമുക്കു മതിയാകൂ.
18
സന്യാസിപ്പാറയ്ക്കു മുകളിൽ സന്യാസിയപ്പൻ യോഗനിദ്രയുടെ അകത്തളങ്ങളിൽ ആണ്ടിരുന്നു.  ഓളങ്ങൾ ഒന്നും ഇല്ലാത്ത ശാന്തമായ ഒരു തടാകം പോലെ സന്യാസിയപ്പന്റെ മനസ്സ്‌ നിശ്ചലതയിൽ നീരാടി.  ആ നിശ്ചലത സന്യാസിയപ്പന്‌ ആത്മീയ രതി ആയിരുന്നു.  എത്ര അനുഭവിച്ചിട്ടും മതിവരാത്ത ഒരു ഉത്സവ ലഹരി പോലെ സന്യാസിയപ്പൻ ആ ആത്മീയ രതി ജീവിതത്തിൽ കൊണ്ടാടിക്കൊണ്ടിരുന്നു.   കോടാലിപ്പുഴയോരത്ത്‌ വൃക്ഷച്ചില്ലകൾക്കിടയിലൂടെ പതുങ്ങിപതുങ്ങിയെത്തുന്ന സൂര്യ വെളിച്ചം ദരിദ്രമാക്കുന്ന പകലുകളിൽ സന്ധ്യമയങ്ങിക്കിടക്കും.  രാത്രിയിലും പകലിന്റെ  ആ ഇരുളിമയിലും മണിക്കൂറുകളോളം  സന്യാസിയപ്പൻ ആത്മീയ രതി അനുഭവിച്ചറിഞ്ഞു കൊണ്ടിരുന്നു.  ആത്മീയ രതി അനുഭവിച്ചറിയുന്നവൻ ജീവിതം നൽകുന്ന ഏറ്റവും വലിയ സൗഭാഗ്യം അനുഭവിച്ചറിയുന്നവനാണെന്ന്‌ തിരിച്ചറിയുകയായിരുന്നു സന്യാസിയപ്പൻ, ലൗകിക രതിയുടെ  നാനാത്വങ്ങൾ മനസ്സിനെ  എത്ര മാത്രം അനിയന്ത്രിതവും വികാര തീവ്രവും അശാന്തവുമാക്കുന്നുവോ  അത്രയും പക്വവും നിയന്ത്രിതവും ശാന്തവുമാക്കുന്നു ആത്മീയ രതി.  അത്‌ നിത്യ ജീവിതത്തിൽ അനുഭവിച്ചറിയാത്തവൻ സന്യാസത്തിന്റെ തുടക്കക്കാരൻ പോലും ആകുന്നില്ല.  ലൗകികാസക്തന്റെ ജീവിതം മുൾമുനകൾക്കു മുകളിലാണെങ്കിൽ ആത്മീയാസക്തന്റെ ജീവിതം വാസനാപുഷ്പങ്ങൾക്കു മുകളിലാണ്‌.  എന്നോ അനുഭവിച്ചറിഞ്ഞ ലൗകികാസക്തിയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആത്മീയാസക്തിയും തമ്മിൽ സന്യാസിയപ്പന്റെ മനസ്സിൽ ഒരു താരതമ്യം നടന്നപ്പോൾ അതിൽ നിന്ന്‌ ഈ ചിന്താധാര ആവേശത്തോടെ ഒഴുകി അടുക്കുകയായിരുന്നു.  അപ്പോൾ കാന്തികമായ ഒരുണർവ്വിൽ മനസ്സ്‌ പൂർണ്ണമായും ഉണർന്നു.  ചെയ്തു തീർക്കുവാനുള്ള ഒരു കർത്തവ്യം എവിടെയെന്ന്‌ തിരിച്ചറിയാതെ  സന്യാസിയപ്പന്റെ മനസ്സിൽ കറങ്ങി നടന്നു.  കലർന്ന്‌ ഒഴുകി വന്ന വണ്ടിന്റെ ശബ്ദവും, തേൻ തുമ്പിയുടെ ശബ്ദവും, കുയിലിന്റെ ശബ്ദവും, മറ്റു പലയിനം ജീവികളുടെ ശബ്ദവും ഒരേ സമയം വേർതിരിച്ചറിഞ്ഞു.  ഈ ശബ്ദങ്ങളെ പിൻ പറ്റി തനിക്കു നിർവ്വഹിക്കുവാൻ ഒന്നുമില്ല, പിന്നെ!
സന്യാസിയപ്പന്റെ മനസ്സ്‌ ദൂരെ നിന്നും ലോലമായ്‌ എത്തുന്ന ശബ്ദതരംഗങ്ങളിൽ പരതി നടക്കുവാൻ തുടങ്ങി.  അപ്പോൾ അതാ ചെറു തരംഗങ്ങളായ്‌ ഏറ്റവും ലോലമായ ഒരു വിദൂര ശബ്ദം! സന്യാസിയപ്പൻ ആ ശബ്ദത്തിന്റെ ദീന രസത്തിൽ നിന്ന്‌ അത്‌ പുറപ്പെടുന്ന ശരീരത്തിന്റെ വേദന അറിഞ്ഞു.  സമയം നഷ്ടപ്പെടുത്തുവാനുള്ളതല്ല എന്ന്‌  സന്യാസിയപ്പന്റെ മനസ്സിൽ ആരോ മന്ത്രിക്കുന്നതുപോലെ ആയിരുന്നു പിന്നത്തെ വേഗത.  സന്യാസിയപ്പന്റെ ഉളളിലെ ഭിഷഗ്വരൻ അതിവേഗം ചില ഔഷധങ്ങൾ അകപ്പൊരുളിൽ തിരഞ്ഞെടുത്തു.  അപ്പോൾ കാലുകളും ഊർജ്ജസ്വലരായ്‌  അതിന്റെ പരമാവധി വേഗതയിൽ പടികൾ ഇറങ്ങി കോടാലിക്കുന്ന്‌ കയറി ഗ്രാമം ലക്ഷ്യമാക്കി നടന്നു.  ഗ്രാമത്തിൽ അവശേഷിച്ച അവിശ്വാസികളുടെ ഒറ്റപ്പെട്ട വീടുകൾ ഇരുന്ന ഭാഗത്ത്‌ നിന്നാണ്‌ ആ ദയനീയ ശബ്ദം എത്തിക്കൊണ്ടിരുന്നത്‌.
സന്യാസിയപ്പൻ എത്തുമ്പോൾ മൂക്കു മൂടിക്കെട്ടിയ ഇരിക്കൂർ വിശ്വാസികൾ ഉച്ഛിഷ്ട പ്രയാണ ജാഥയായ്‌ അവിശ്വാസികളുടെ വീടുകളെ വലം വയ്ക്കുകയാണ്‌.  ഇരിക്കൂർ ഇടനിലക്കാരൻ അവർക്കു മുന്നിൽ നിന്ന്‌ ഉച്ചത്തിൽ പറഞ്ഞു – രോഗങ്ങൾ ഇരിക്കൂർ വിശ്വാസ പ്രാർത്ഥന സമൂലം പിഴുതെറിയും.  നിങ്ങൾ ഇരിക്കൂർ നാമത്തിൽ വിശ്വസിക്കുകയേ വേണ്ടു.  നിങ്ങൾക്കു മുന്നേ എത്രയോ അവിശ്വാസികൾ ഞങ്ങളോടൊപ്പം ചേർന്ന്‌ ഇരിക്കൂർ വിശ്വാസികൾ ആയി.  അവരിൽ രോഗികളുടെ രോഗം ഭേദമായി.  രോഗശാന്തി കിട്ടാത്തവരുടെ ആത്മാക്കളെ ഇരിക്കൂർ സ്വർഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടു പോയി രോഗ വിമുക്തരാക്കി.  അവർ സ്വർഗ്ഗത്തിലെ  ആരാമസുഖങ്ങളിൽ ആനന്ദത്തോടെയും ആരോഗ്യത്തോടെയും കഴിയുന്നു.  രോഗശാന്തിയിലേക്കും സ്വർഗ്ഗത്തിലേക്കുമുള്ള ഏക വഴി ഇരിക്കൂർ വിശ്വാസമാണ്‌.
രോഗ വിമുക്തി കാട്ടി കൊതിപ്പിച്ച്‌ നിങ്ങൾ ഞങ്ങളുടെ വംശത്തിനെ തിരോഭവിപ്പിക്കുകയാണ്‌.  തട്ടിപ്പിന്റെ  ഏറ്റവും ഹീനമായ മാർഗ്ഗമാണ്‌ രോഗാവസ്ഥയെ ചൂഷണം ചെയ്യൽ.  നിങ്ങളുടെ  ചീഞ്ഞുനാറുന്ന ഉച്ഛിഷ്ട പ്രയാണ ജാഥയാണ്‌ ഞങ്ങളുടെ വീടുകളിലേക്ക്‌ രോഗാണുക്കളെ കടത്തി വിടുന്നത്‌ – അവിശ്വാസികളുടെ ഭവനങ്ങളിൽ ഒന്നിൽ നിന്ന്‌ ഒരാൾ വിളിച്ചു പറഞ്ഞു – നിങ്ങളുടെ കൂടെക്കൂടെയുള്ള ഈ ഉച്ഛിഷ്ട പ്രയാണ ജാഥയുടെ ദുർഗന്ധം സഹിക്കുവാൻ കഴിയാതെയാണ്‌ ഞങ്ങളുടെ കൂട്ടർ പുഴ കടന്ന്‌ കാട്ടിൽ കുടിൽ കെട്ടി വസിക്കുന്നത്‌.  കൗശലങ്ങൾ കൊണ്ട്‌ നിങ്ങൾ ഞങ്ങളെ അടർത്തി മാറ്റി ചെറുതാക്കുമ്പോൾ പടർന്നു വ്യാപിക്കുന്നത്‌ അന്ധവിശ്വാസങ്ങളുടെ അന്ധകാരം കൂടിയാണ്‌.  ഞങ്ങൾ അവിശ്വാസികൾ സ്വതന്ത്രരാണ്‌.  ഒരു ഇടനിലക്കാരനോടും വിധേയത്വമില്ല.
നിങ്ങൾക്ക്‌ രണ്ടാണ്‌ മാർഗ്ഗം – ഇരിക്കൂർ ഇടനിലക്കാരന്റെ ശബ്ദം മുഴങ്ങി – ഒന്നുകിൽ നിങ്ങൾക്കു മുമ്പേ പോയവരെപ്പോലെ ഇരിക്കൂർ രാജ്യത്തിന്റെ അതിർത്തിയായ കോടാലിപ്പുഴ കടന്നു പോകാം.  അല്ലെങ്കിൽ ഇരിക്കൂർ വിശ്വാസം സ്വീകരിക്കാം.  ഇനി വിശ്വാസികൾ കൊണ്ടു വന്ന ഉച്ഛിഷ്ടപ്പൊതികൾ ഇവരുടെ വീടുകൾക്കു ചുറ്റും വിതറുവിൻ.  ഈ കർമ്മം ഇരിക്കൂർ വിശ്വാസത്തിന്റെ പട്ടികയിലെ വലിയ ത്യാഗമാണ്‌.  അവിശ്വാസികളെ വിശ്വാസികൾ ആക്കുവാനുള്ള ത്യാഗം.
ഉച്ഛിഷ്ടപ്പൊതികൾ വിതറുവാൻ തുടങ്ങിയ ഇരിക്കൂർ വിശ്വാസികൾ പെട്ടെന്ന്‌ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.  ഉള്ളിൽ നിന്ന്‌ ഇളകി വന്ന അജ്ഞാത സംതൃപ്തികളിൽ പിടിച്ച്‌ പൊട്ടിച്ചിരി കൊഴുത്തപ്പോൾ  അകമ്പടിയായ്‌ നൃത്തച്ചുവടുകൾ വന്നു.  നൃത്തച്ചുവടുകൾ വട്ടം കറങ്ങി വന്ന വഴിയേ തിരിച്ചു പോകുവാൻ തുടങ്ങി.
അവർ പൊയ്ക്കഴിഞ്ഞപ്പോൾ ദീന സ്വരത്തെ പിൻതുടർന്ന്‌ സന്യാസിയപ്പൻ ഒരു അവിശ്വാസിയുടെ ഭവനത്തിൽ എത്തി.  അവിടെ വേദന കടിച്ചമർത്തുന്ന ഒരു ശരീരത്തിൽ നിന്ന്‌ താൻ സൂക്ഷ്മാംശങ്ങളായ്‌ ശ്രവിച്ച ദീന സ്വരം പെയ്തൊഴിയുന്നത്‌ സന്യാസിയപ്പൻ കേട്ടു.
?സന്യാസിയപ്പൻ!? ഇടനിലക്കാരനുമായ്‌  പ്രതിഷേധ സ്വരത്തിൽ സംസാരിച്ച ആൾ ബഹുമാനത്തോടെ എഴുന്നേറ്റു.
സന്യാസിയപ്പൻ രോഗിക്കരുകിൽ എത്തി രോഗിയിൽ തന്റെ മരുന്നുകൾ സശ്രദ്ധം പ്രയോഗിച്ചു.
ഞങ്ങൾ വാതിലുകളും ജനലുകളും അടച്ചു പൂട്ടി ഉള്ളിൽ ഇരിക്കുകയായിരുന്നു.  അതുകൊണ്ട്‌ വിശ്വാസികളും  ഇടനിലക്കാരനും മടങ്ങിപ്പോയത്‌ എങ്ങനെ എന്ന്‌ അറിഞ്ഞില്ല.  നാറിച്ചീഞ്ഞ ആഹാര അവശിഷ്ടങ്ങൾ ഇവിടെ വാരി വിതറിയിട്ടാ ആവർ സാധാരണ മടങ്ങിപ്പോവുക – പുറത്തേക്കു വന്ന മറ്റൊരാൾ പറഞ്ഞു – എന്നാൽ ഇപ്രാവിശ്യം അടച്ചു പൂട്ടിയ വാതിലുകൾക്കിടയിൽ കൂടിയും ജനലുകൾക്കിടയിൽകൂടിയും ദുർഗന്ധം കടന്നു വരാത്തതെന്തെന്ന അത്ഭുതത്തിൽ ആയിരുന്നു ഞങ്ങൾ.  ഇപ്പോൾ സന്യാസിയപ്പന്റെ സാന്നിദ്ധ്യം അറിയുമ്പോൾ തികച്ചും വ്യക്തമാവുന്നു!  അങ്ങ്‌ വാക്ക്ഷേത്ര സംരക്ഷണത്തിന്‌ പ്രയോഗിക്കുന്ന ഏതോ വീര്യമേറിയ ?ചിരിഅഷധം? പ്രയോഗിച്ച്‌ ഞങ്ങളെയും രക്ഷപ്പെടുത്തിയെന്ന്‌
നിങ്ങളുടെ ഊഹം തെറ്റിയില്ല – സന്യാസിയപ്പൻ പതിയെ ചിരിച്ചുകൊണ്ട്‌ സമ്മതിച്ചു.
19
ദൂരെ, ദൂരെ ആകാശത്തിൽ നിന്ന്‌ ഒരു ചിറകടി ശബ്ദം താളത്തിൽ ഇറങ്ങി വരുന്നു!  അസംതൃപ്തിയിൽ മുറുകിയ ഒരു താളം പോലെ അത്‌ ഒന്നു രണ്ടാവർത്തിച്ചു.  വാക്ക്ഷേത്രത്തിൽ നിന്ന്‌ ചിറകടിച്ചു വന്ന ചക്രവാളപ്പക്ഷി സന്യാസിപ്പാറയെ വലം വച്ച്‌ ആശങ്ക അലിഞ്ഞിറങ്ങുന്ന ഒരു പ്രത്യേക രാഗം താളത്തിൽ മൂളി.
കോടാലിപ്പുഴയിൽ ജലനിദ്ര കൊണ്ടു കിടന്ന സന്യാസിയപ്പൻ പെട്ടെന്ന്‌ അന്തരീക്ഷത്തിലേക്ക്‌ ആശങ്ക മുറ്റിയ നോട്ടമിട്ടു കരയ്ക്കു കയറി.  വെള്ള കേറിക്കിടന്ന ആകാശപ്പരപ്പിൽ പെട്ടെന്ന്‌ മഞ്ഞ മേഘങ്ങൾ വളർന്നു വലുതാകുവാൻ തുടങ്ങി.  പകലിനെ തോൽപിക്കുവാൻ തുടങ്ങിയ അവയുടെ ഇരുണ്ട നിഴലുകൾ ഭൂമിയിൽ വന്നു വീണു.
മേഘങ്ങളെ കടത്തിക്കൊണ്ടു പോകുവാനായ്‌ അലഞ്ഞു നടന്ന കാറ്റിലേക്ക്‌ സന്യാസിയപ്പൻ ഒരു ചൂളമടിച്ചു.  ഐക്യ ബോധം നഷ്ടപ്പെട്ട കാറ്റ്‌ സന്യാസിയപ്പനെ ഗ്രഹിക്കാതെ വീണ്ടും മരച്ചില്ലകളിൽ അലസമായ്‌ പാറി നടന്നു.  മഞ്ഞ മേഘങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ്‌ മറ്റെല്ലാ കാഴ്ചകളെയും മറച്ചപ്പോൾ പകൽ തികച്ചും ഇരുട്ടിന്‌ കീഴടങ്ങി.
ചക്രവാളപ്പക്ഷി മരച്ചില്ലയിൽ നിന്ന്‌ പറന്ന്‌ സന്യാസിപ്പാറയിൽ വന്നിരുന്ന്‌ സന്യാസിയപ്പനെ ദയനീയമായ്‌ നോക്കി.  മഞ്ഞ മേഘങ്ങളിൽ നിന്നുള്ള ചൂട്‌ അതിനെ ഉരുക്കുവാൻ തുടങ്ങിയിരുന്നു.  സന്യാസിയപ്പന്റെ വിരലുകൾ നിറഞ്ഞ വാത്സല്യത്തോടെ ചക്രവാളപ്പക്ഷിക്കു മുകളിലൂടെ തലോടൽ പോലെ ഇഴഞ്ഞു നീങ്ങി.  ഉൾക്കൊള്ളുന്ന ആ സ്നേഹ വാത്സല്യങ്ങൾക്ക്‌ കുഞ്ഞ്‌ കുഞ്ഞ്‌ ശബ്ദങ്ങളായ്‌ ചക്രവാളപ്പക്ഷിയിൽ നിന്ന്‌ നന്ദി രേഖപ്പെടുത്തൽ ഉണ്ടായി.  ചൂടു താങ്ങുവാൻ കഴിയാതെ വീർപ്പു മുട്ടിയ ചക്രവാളപ്പക്ഷിയെ സന്യാസിപ്പാറയുടെ ഉൾമുറിയിലെ തണുത്ത പ്രതലത്തിലേക്ക്‌ സന്യാസിയപ്പൻ നയിച്ചു.  ചക്രവാളപ്പക്ഷിക്കു പിന്നാലെ മറ്റനേകം പക്ഷികളും സന്യാസിപ്പാറയിലേക്ക്‌ വന്നു.  സന്യാസിയപ്പൻ അവയെ കൂട്ടത്തോടെ സന്യാസിപ്പാറയുടെ ഉൾമുറികളിലേക്കു നയിച്ചു.
സന്യാസിയപ്പൻ ആകുല ചിത്തനായി – ഇരുണ്ട പകൽ നീണ്ടു രാത്രിയിലേക്കു സംക്രമിക്കുന്നു!  ഒന്നിനെ വികളമാക്കി മറ്റൊന്നിലേക്കു കടന്നു കയറുന്നു!  ഉള്ളിൽ നിറച്ചു വച്ചിരിക്കുന്നത്‌ കൊടും ചൂട്‌!  ആ ചിറകടി ശബ്ദത്തിനു പിന്നാലെ ഭൂമിയിൽ വന്നിറങ്ങിയതാണ്‌ ഈ മാറ്റങ്ങൾ! അതോ ആ ശബ്ദം പ്രകൃതിയുടെ താളത്തെ പ്രകോപിപ്പിക്കുകയായിരുന്നോ! അങ്ങനെ പ്രകൃതി ആ ശബ്ദത്തെ  തുരത്തുവാനായ്‌ സ്വയം പ്രതിരോധം സൃഷ്ടിച്ചതാകുമോ?  രണ്ടായാലും  ഹേതു ആ ശബ്ദം തന്നെയാണ്‌.  അതുകൊണ്ട്‌ അതൊരു ശുഭ ശബ്ദമല്ല.
രാത്രിയിൽ അത്യുഷ്ണം! ഉഷ്ണത്തിന്റെ ഉഗ്ര താണ്ഡവം!  അത്‌ നേരിടുവാൻ കഴിയാതെ സന്യാസിയപ്പൻ സന്യാസിപ്പാറയിൽ തനിക്കായ്‌ കൊത്തിത്തീർത്ത അറയിൽ കയറി മൂടി വലിച്ചു.  സന്യാസിയപ്പൻ ആലോചിച്ചു – കഴിഞ്ഞ നൂറ്റി എൺപത്‌ വർഷങ്ങളിലേയും ഋതുഭേദങ്ങൾ അനുഭവിച്ചറിഞ്ഞു.  ഋതു ചര്യ ശീലമാക്കിയില്ല.  കാറ്റും മഴയും മഞ്ഞും വെയിലും ഒരുപോലെ ഏറ്റു വാങ്ങി.  ശരീരം എല്ലാത്തിനെയും ഒരു പോലെ കണ്ടു,                        കൊണ്ടു.  ഇപ്പോൾ നൂറ്റി എൺപത്‌ വർഷങ്ങളുടെ അനുഭവത്തിൽ ഇല്ലാത്ത ഒരു പുതിയ ഋതുഭേദം അനുഭവിച്ചറിഞ്ഞിരിക്കുന്നു!
പുലരി ചില ശേഷിപ്പുകളും ആശങ്കകളും വെളിപ്പെടുത്തലുകളുമായ്‌ കടന്നു വന്നു.  ചക്രവാളപ്പക്ഷിയും മറ്റ്‌ പക്ഷികളും സന്യാസിപ്പാറയുടെ അറയിൽ നിന്ന്‌  ഇറങ്ങാതെ അവിടെ ഇരുന്ന്‌ പ്രഭാത ശബ്ദങ്ങൾ മുഴക്കി.  വെളള വീശുന്നതിനു പകരം അന്തരീക്ഷത്തിൽ മഞ്ഞ വീശി നിന്നു.  ഇലകളും പുൽ നാമ്പുകളും മഞ്ഞ നിറമായി.  ചരൽക്കൂനകളിൽ മഞ്ഞപ്പുള്ളികൾ പ്രത്യക്ഷപ്പെട്ടു. ചിത്രശലഭങ്ങൾ കൂട്ടത്തോടെ ചത്തു വീണു കിടക്കുന്നു.  ഉണർന്നു പാടിയ ഓരോ കിളി നാദവും മരവിച്ചിരുന്നു.  കരഞ്ഞുണർത്തുന്ന കാക്കകൾ കൂട്ടക്കരച്ചിലോടെ അന്തരീക്ഷത്തിൽ വട്ടമിട്ടു പറന്നു.  എല്ലാ പ്രഭാതത്തിലും കൈതച്ചുവട്ടിൽ പതുങ്ങിക്കിടന്നിരുന്ന പെരുമ്പാമ്പ്‌ മാളം വിട്ട്‌ പുറത്തേക്കു വന്നില്ല.  മറ്റു ജീവികളും ആഹാരം തൊടാതെ കാടുകളിൽ പതറി നടന്നു.  കുറുക്കന്മാർ മാത്രം പ്രഭാതത്തിലും മാളങ്ങളിലേക്ക്‌ കടന്നു കയറാതെ ഓടിക്കൂവി നടന്നു.
സൂര്യൻ കിഴക്കേ മലമുകളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പുതു പുത്തൻ മഞ്ഞക്കോടി ഉടുത്തതുപോലെ പ്രകൃതിയിലാകെ മഞ്ഞ വർണ്ണങ്ങൾ വിടർന്നു.  കുന്നിൻ ചരിവിലും, പുഴയിലും, പുല്ലിലും വൻ മരങ്ങൾക്കു മുകളിലും ശതകോടി മഞ്ഞ വൈഡൂര്യക്കല്ലുകൾ പോലെ വെളിച്ചം വെട്ടിത്തിളങ്ങി.  സൂര്യ കിരണങ്ങൾ ശക്തിപ്പെട്ടതോടെ പ്രകൃതിയും, ജീവജാലങ്ങളും പ്രസരിപ്പിലേക്കും പഴയ അവസ്ഥകളിലേക്കും മെല്ലെ, മെല്ലെ മാറിത്തുടങ്ങി.  സന്യാസിപ്പാറയുടെ അറകളിൽ നിന്ന്‌ പക്ഷിക്കൂട്ടത്തോടൊപ്പം ചക്രവാളപ്പക്ഷിയും ആനന്ദത്തോടെ പുറത്തേക്കു വന്നു.  അവ സന്യാസിയപ്പനു ചുറ്റും ഇത്തിരി നേരം വട്ടമിട്ടു പറന്ന ശേഷം മരക്കൊമ്പുകളിലേക്കു പറന്നിരുന്നു. സൂര്യകിരണങ്ങൾ ഏറ്റ്‌ മഞ്ഞ നിറം വാർന്ന്‌, വാർന്ന്‌ പ്രകൃതി അതിന്റെ സ്വാഭാവിക നിറത്തിൽ ലയിച്ചു.  അപ്പോൾ തലേ ദിവസത്തെ ചിറകടി ശബ്ദം സന്യാസിയപ്പൻ വീണ്ടും കേട്ടു.
മലർന്നു നോക്കി.
മലർത്തിയ രണ്ടു മഞ്ഞച്ചിറകുകൾ, മലർക്കം മറിയുന്നതുപോലെ കമിഴ്‌ന്നും ചരിഞ്ഞും അവ താഴ്‌ന്നു.  താഴ്‌ന്നപ്പോൾ ചിറകുകൾക്കു മദ്ധ്യേ ഒരു ഉടൽ കൂടി കാഴ്ചയിൽ വന്നു.
ശാന്തൻ, ഗംഭീരൻ – മാനസ അപരൻ സന്യാസിയപ്പനുള്ളിൽ പറഞ്ഞു
കണ്ടുടൻ മതിക്കരുത്‌, കാഴ്ചകൊണ്ടളക്കരുത്‌, മനമറിയണം  ഗുണമറിയണം – സന്യാസിയപ്പൻ പറഞ്ഞു.
പക്ഷി താഴ്‌ന്നു പറന്ന്‌ വന്ന്‌ ഒരു വൃക്ഷക്കൊമ്പിൽ ഇരുന്നു. തൂവലുകളും ചുണ്ടുകളും ഉൾപ്പെടെ ആകെ ഒരു മഞ്ഞ നിറം. കാൽ വിരലുകൾ മാത്രം  നീണ്ടതെങ്കിലും മനുഷ്യന്റേതിനു സമം!  അതേ ആകൃതി!
നോക്കൂ – മാനസ അപരൻ സന്യാസിയപ്പനുള്ളിൽ പറഞ്ഞു – മറ്റു പക്ഷികൾക്കു നേരെ, എന്തിന്‌ നമുക്കു നേരെ  കൂടി സൗമ്യമായ നോട്ടം.  കണ്ണുകളിൽ നിന്ന്‌ ഒഴുകി വരുന്ന സ്നേഹ പ്രവാഹം. ചുണ്ടുകൾ കൂർത്തതെങ്കിലും അതി മനോഹരം.  വിനാശമായ ഒരു ഭാവവും ഈ പക്ഷിയിൽ തുളുമ്പുന്നില്ല.
സ്നേഹപ്രവാഹമല്ല, ആർത്തി.  ആർത്തിയാണ്‌ അതിന്റെ കണ്ണുകളിൽ നിന്ന്‌ ഒഴുകുന്നത്‌.  ജീവജാലങ്ങളെ  സ്നേഹത്തോടെ നിരീക്ഷിക്കുമ്പോഴും അതിന്റെ കോങ്കണ്ണ്‌ പായുന്നതുകണ്ടോ?  വൻ വൃക്ഷത്തലപ്പുകൾ ആകെ അത്‌ ലക്ഷ്യമിടുന്നതു പോലെ!  പച്ചപ്പുകളും, കുന്നുകളും, പാറകളും അതിന്റെ നേത്രങ്ങളിൽ കൊതി പൂണ്ട്‌ നിൽക്കുന്നത്‌ എനിക്ക്‌ കാണാം.  എന്തിനെന്ന്‌ കാലം തെളിയിക്കുന്നതു വരെ നമുക്ക്‌ കാത്തിരിക്കാം.
ക്യോം, ക്യോം…… ആ പക്ഷിയിൽ നിന്ന്‌ ഒരു വലിയ ശബ്ദം പുറപ്പെട്ട്‌ ഗ്രാമമാകെ ഒഴുകി എത്തി.  ചില കാക്കകൾ ആ ശബ്ദം കേട്ട്‌ മഞ്ഞപ്പക്ഷിയോട്‌ അടുത്തു കൂടി.  അടുത്തു ചെല്ലുന്ന കാക്കകളുടെ ചുണ്ടുകളിൽ മഞ്ഞപ്പക്ഷി ചുണ്ടുരസി സ്നേഹം പങ്കിട്ടു.  കാക്കകൾ സംതൃപ്തിയിൽ ആ പക്ഷിക്കു ചുറ്റുംവട്ടമിട്ടു പറന്ന്‌, അതിന്റെ ആഢ്യരൂപങ്ങളിൽ അതിശയക്കണ്ണോടിച്ചു.  പക്ഷിയിൽ നിന്ന്‌ പല വിധ ശബ്ദങ്ങൾ കാക്കക്കൂട്ടത്തിലേക്ക്‌ സ്നേഹപ്രവാഹമായ്‌ ഒഴുകി.  ആ സ്നേഹപ്രവാഹം ചക്രവാളപ്പക്ഷിയിലേക്കും മറ്റു പക്ഷിക്കൂട്ടങ്ങളിലേക്കും സന്യാസിയപ്പനിലേക്കും ഒളികണ്ണിട്ടു, സ്നേഹ സൗഹൃദങ്ങൾ പിടിച്ചു പറ്റുന്ന മട്ടിൽ, സ്നേഹ സൗഹൃദങ്ങളുടെ ആഴമാണ്‌ തന്നിൽ എന്ന മട്ടിൽ.
ഗ്രാമത്തിലും വാർത്തയെത്തി.  മനുഷ്യന്റേതിനു സമമായ കാൽ വിരലുകൾ ഉള്ള ഒരു പക്ഷി!  ഗ്രാമീണർ അത്ഭുതത്തോടെ കുന്നിറങ്ങി പുഴവക്കിൽ എത്തി.  വൃക്ഷച്ചില്ലയിൽ ഇരുന്ന മഞ്ഞപ്പക്ഷിയിലേക്ക്‌ ഗ്രാമീണർ ഇമ വെട്ടാതെ നോക്കി നിന്നു – ശരിയാണ്‌ പരുന്തിനെക്കാൾ വലിപ്പമുള്ള മനോഹരമായ പക്ഷി, കേട്ടറിഞ്ഞതുപോലെയുള്ള കാൽ                  വിരലുകൾ!
ഒരു പക്ഷേ നമ്മുടെ ഏതോ പൂർവ്വികന്റെ പുനർജന്മമാകാം – ഒരാൾ പറഞ്ഞു.
ശരിയാണ്‌, ശരിയാണ്‌ – മനസ്സുകളിൽ സ്നേഹപ്രവാഹം.
പൂർവ്വികൻ, ഹാ! പൂർവ്വികൻ!
ഗ്രാമീണരുടെ കണ്ണുകളിലെ സ്നേഹപ്രവാഹത്തിൽ പക്ഷി കുളിർത്തു, ചുണ്ടുകൾ ഇളകി. നാവ്‌ ഇളക്കി പക്ഷി മധുര ശബ്ദമിട്ടു.  പാട്ടിന്റെ തരംഗങ്ങളെ കാറ്റിന്റെ തരംഗങ്ങൾ സ്വീകരിച്ചില്ല.  കാറ്റ്‌ കഴിഞ്ഞ ദിനത്തിന്റെ ഓർമ്മകളെ ഉളളിൽ പേറി പക്ഷിയുടെ ശബ്ദത്തിനെ മൂളിക്കുതിച്ചു വന്ന്‌ കറ, കറാ കീറി മുറിച്ചു.
മനുഷ്യന്റെ കാൽ വിരലുകൾ ഉള്ള പക്ഷി ദിവ്യനാണ്‌ – ഇരിക്കൂർ ഇടനിലക്കാരൻ ആൾക്കൂട്ടത്തിനിടയിൽ നിന്ന്‌ വിളിച്ചു പറഞ്ഞു.
ദിവ്യന്റെ ശബ്ദത്തിന്‌ മധുരമുണ്ടാവുകയില്ലേ? ഇത്‌ കേഴ്‌വിയെ  ആക്രമിച്ച്‌ അലോസരപ്പെടുത്തുന്ന വെറും ശബ്ദ മാലിന്യം – ഒരു വശ്വാസി ഇടനിലക്കാരന്‌ നേരെ പറഞ്ഞു.
ദിവ്യ ശബ്ദത്തിന്‌ മധുരമുണ്ടാവുകയില്ല.  നമുക്കറിയാത്ത അർത്ഥങ്ങൾ  ആ ശബ്ദത്തിൽ ലയിച്ചു കിടക്കുന്നുണ്ടാവും.  ആകാശങ്ങൾ താണ്ടി മുഴങ്ങി വന്ന ആദി ശബ്ദം കാറ്റിന്റേതായിരുന്നു.  അത്‌ ഉരുകി ഒലിച്ചുകൊണ്ടിരുന്ന ഭൂമിയെ വീശിത്തണുപ്പിച്ചു.  പിന്നീട്‌ കേഴ്‌വിയെ പിളർക്കുന്ന മിന്നൽപിണറുകളുടേതായി.  അവ ഭൂമിയെ പിളർന്നു നദികളും സമുദ്രങ്ങളും തടാകങ്ങളുമുണ്ടാക്കി.  അതുകൊണ്ട്‌ ഭൂമിയുടെ വാതിൽ നമുക്കായ്‌ തുറന്നു. ഈ ദിവ്യപ്പക്ഷിയും അതുപോലെ ആകാശങ്ങൾ താണ്ടി ഭൂമിയിൽ വന്നതാണ്‌.  മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രൂപഭാവങ്ങളോടെയുള്ള പക്ഷി, വിശ്വാസികളേ – ഇടനിലക്കാരൻ വിളിച്ചു – നിങ്ങൾ ശുശ്രൂഷിക്കുന്നവരും അന്നം കൊടുക്കുന്നവരുമാകിൽ പക്ഷി അതിന്റെ  ദിവ്യ കാരുണ്യങ്ങൾ നിങ്ങൾക്ക്‌ മുകളിൽ കോരിച്ചൊരിഞ്ഞ്‌ അനുഗ്രഹിക്കും.
ഇരിക്കൂർ വിശ്വാസികളും അർദ്ധ വിശ്വാസികളും മുന്തിയ ഇനം ഭക്ഷണ പദാർത്ഥങ്ങൾ നിരത്തി വച്ച്‌ പക്ഷിയെ കൈ കൊട്ടി വിളിച്ചു.  പക്ഷി ഒന്നു രണ്ടു വട്ടം താഴ്‌ന്ന്‌ പറന്ന്‌ വന്ന്‌ കൂടി നിന്നവരുടെ കണ്ണുകളിലെ  ഭാവം തീവ്രമല്ലെന്ന്‌ ഉറപ്പിച്ചു.  മൂന്നാം വട്ടം അത്‌ ആർത്തിയിൽതാഴ്‌ന്നു.  താഴ്‌ന്നുടൻ കൊത്തി, കൊത്തിയുടൻ വിഴുങ്ങി, വിഴുങ്ങിയുടൻ കൊത്തി.  കൊത്തിയും വിഴുങ്ങിയും നിറ വയറിൽ പക്ഷി പറന്നു പൊന്തി.  പൊന്തിയുടൻ കാഷ്ഠിച്ചു. കാഷ്ഠവും മഞ്ഞ!
കാഷ്ഠം കരിനിറമുള്ള കുഞ്ഞിക്കുറിയന്റെ തലയിൽ പതിച്ചു.
ഇടനിലക്കാരൻ ആഴത്തിൽ ആലോചിച്ചു  ? വിശ്വാസിയാണെങ്കിലും അവിശ്വാസിയുടെ ഒരു തനി നിറം അവനുള്ളിൽ കിടപ്പുണ്ട്‌.  അത്‌ കഴുകിക്കളഞ്ഞ്‌ അവനെ ശുദ്ധ വിശ്വാസിയാക്കണം.?
ദിവ്യത്വമുള്ള പക്ഷിയുടെ കാഷ്ഠം ദിവ്യകാഷ്ഠം – ഇടനിലക്കാരൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
ദിവ്യ കാഷ്ഠം, ദിവ്യ കാഷ്ഠം…. ജനചുണ്ടുകളിലെ ശബ്ദങ്ങൾ ഏക താളത്തിൽ ഓളം വെട്ടി, ഓളങ്ങൾ തിരകൾ ആയി.  തിരകൾ അടുത്തടുത്ത്‌ വന്ന്‌ വളഞ്ഞ്‌ കുഞ്ഞിക്കുറിയനെ വലയത്തിൽ ആക്കി.  ഭാഗ്യവാൻ, ഭാഗ്യവാൻ എന്ന്‌ ശബ്ദങ്ങൾ ഇളകിയാടി.  തുടർന്ന്‌ തുരുതുരാ ചുംബനങ്ങൾ.  അതിനിടയിൽ ചിലർ കുഞ്ഞിക്കുറിയനെ പൊക്കി ഉയർത്തി.
ദിവ്യ കാഷ്ഠം ഐശ്വര്യത്തിന്റെ പ്രതീകമാണ്‌.  അത്‌ ശേഖരിച്ച്‌ വീടുകളിൽ വെയ്പിൻ – ഇരിക്കൂർ ഇടനിലക്കാരന്റെ  വാക്കുകൾ കടന്നൽകൂട്ടിലെ കല്ലായി.  ജന മനസ്സുകളിൽ കടന്നലുകൾ ഇളകിപ്പറന്നു.  കുഞ്ഞിക്കുറിയന്റെ തലയ്ക്കു നേരെ കൈകളുടെ കൂട്ടപ്രവാഹമുണ്ടായി.  കൈകൾ ദിവ്യ കാഷ്ഠം തൊട്ടും തൊട്ടെടുത്തും മടങ്ങി.  തൊട്ടു മടങ്ങിയവരും കൈക്കൽ ആക്കിയവരും ദിവ്യകാഷ്ഠം തൊട്ടു വണങ്ങി.  കിട്ടാത്ത കൈകൾ ഉന്തിത്തള്ളിയും തിരുകിക്കയറ്റിയും പരതിപ്പരതിയും ബദ്ധപ്പെട്ടു.
ദിവ്യകാഷ്ഠം പുരണ്ട മുടിയും ദിവ്യമാണ്‌ – ഇടനിലക്കാരൻ കാഷ്ഠത്തിന്‌ കൈ നീട്ടുന്നവരിൽ കനിവുള്ളവനായി.
കുഞ്ഞിക്കുറിയന്റെ മനസ്സിൽ വെള്ളിടികൾ വെട്ടി, കുഞ്ഞിക്കുറിയൻ ആഴത്തിൽ ഞെട്ടി. അപ്പോഴേക്കും ആർത്തി പൂണ്ട കൈകൾ നാലു ഭാഗത്തു നിന്നും കുത്തിപ്പിടിച്ചു കഴിഞ്ഞിരുന്നു.
ഊരടാ, ഊരൽ.  മുടി അറ്റുമാറുന്നിടം നീറിപ്പുകഞ്ഞു. തൊണ്ട കീറി വിളിക്കുവാൻ കുഞ്ഞിക്കുറിയന്‌ ആർത്തി വന്നു. വായ്‌ തുറക്കുവാൻ വയ്യ! തലയനക്കുവാൻ വയ്യ! കുത്തിപ്പിടിച്ച കൈകൾ കുഞ്ഞിക്കുറിയനെ ഭദ്രമായി വായ്‌ അടച്ചു പിടിച്ചു നിർത്തിയിരിക്കുന്നു!  ഓരോ കൈകളും മുടി വലിച്ചൂരുമ്പോൾ കുഞ്ഞിക്കുറിയന്റെ തലയിൽ വിദ്യുത്‌ പ്രവാഹമുണ്ടായി.  അതിന്റെ ശക്തി കുഞ്ഞിക്കുറിയന്റെ സർവ്വ ശക്തിയേയും ആഞ്ഞടിച്ചു തളർത്തി.  ആരോ,  അരച്ച കാന്താരി മുളക്‌ തലയിൽ തീവ്രമായ്‌ തേച്ചു പിടിപ്പിക്കുന്നതുപോലെ അവന്‌ തോന്നി.  അവന്‌ കുളിർമ്മയുടെ സാന്ത്വനവുമായ്‌ വിയർപ്പു മാത്രം  അവന്റെ ആഴങ്ങളിൽ നിന്ന്‌ അതിവേഗം കരകയറി വന്നുകൊണ്ടിരുന്നു.
ഒടുവിൽ കൈകൾ അവനെ മോചിപ്പിച്ചു. കോഴിയുടെ തൂവൽ പിന്നിയ ശരീരം പോലെ അവന്റെ തല!  സ്വതന്ത്രമായ വായ അവൻ ആർത്തിയോടെ തുറന്നു.  അപ്പോൾ നാവ്‌ അലറി വിളിച്ചു – യ്യോ!
അവൻ കൈകൾ രണ്ടും തലയിൽ പൊത്തിപ്പിടിച്ചുകൊണ്ട്‌ പുഴയുടെ നിർവൃതിയിലേക്ക്‌ ഒരു ചാട്ടം.
തണുപ്പിലും തരിപ്പ്‌! അവൻ തല പൊന്തിച്ചു.  നാവ്‌ അലറി വിളിച്ചു. നാവിന്റെ വിളിയടക്കാൻ കുഞ്ഞിക്കുറിയൻ തല വീണ്ടും ജലത്തിൽ ആർദ്രമായ്‌ താഴ്ത്തി താഴ്ത്തി ഉയർത്തി.  ഒടുവിൽ തല പുഴുതെടുക്കുന്നേ എന്ന്‌ നാവ്‌ കൂകി വിളിച്ചപ്പോൾ കരയിൽകയറി നിന്നു.  എന്നിട്ടും നവ്‌ അലറിക്കരഞ്ഞു.
ദിവ്യകാഷ്ഠവും കുഞ്ഞിക്കുറിയന്റെ ദിവ്യ കാഷ്ഠം പുരണ്ട മുടികളും ഇലകളിൽ പൊതിഞ്ഞ്‌ ജനം പൊയ്ക്കഴിഞ്ഞു. സന്യാസിയപ്പൻ കാട്ടിനുള്ളിൽ നിന്ന്‌ ഔഷധച്ചെടികൾ സമൂലം പറിച്ചെടുത്ത്‌ കൊണ്ടു വന്ന്‌ പാറമുകളിൽ നിരത്തിയിട്ട്‌ വീണ്ടും പുഴ കടന്ന്‌ അതങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.  സന്യാസിയപ്പൻ കുഞ്ഞിക്കുറിയനെ അൽപസമയം നോക്കി നിന്നിട്ട്‌ സന്യാസിപ്പാറയുടെ പടികൾ കയറി ഒരു കുപ്പിയുമായി മടങ്ങി വന്നു.
സന്യാസിയപ്പൻ ഒരു കൈകൊണ്ട്‌ തറയിൽ തലയുരുട്ടിക്കിടന്ന കുഞ്ഞിക്കുറിയന്റെ ശരീരം അമർത്തിപ്പിടിച്ചു  കുപ്പി തലയിലേക്ക്‌ കമഴ്ത്തി.  ? നീറ്റലോട്‌ നീറ്റലേ? എന്ന്‌ നിലവിളിച്ചുകൊണ്ട്‌ കുഞ്ഞിക്കുറിയൻ പുഴയിലേക്കൊരു ചാട്ടം, ചാട്ടം ബലത്തില്ല.  കുഞ്ഞിക്കുറിയൻ പുഴയിലേക്ക്‌ എത്താതെ സന്യാസിയപ്പന്റെ കൈകളിൽ ആടിക്കളിച്ചു.  ചാടടാ ചാട്ടം.  ആടടാ ആട്ടം.   കുഞ്ഞിക്കുറിയൻ കുറച്ചു സമയം സന്യാസിയപ്പന്റെ കൈകളിൽ തൂങ്ങിക്കിടന്ന്‌ ആടിയും ചാടിയും നീറിപ്പുകഞ്ഞു.
തലയിൽ പറ്റിപ്പിടിച്ച ഔഷധം കുളിർകോരി നിറച്ചു.  കുളിർ നിറഞ്ഞ തല കുഞ്ഞിക്കുറിയന്റെ നാവിനെ ശാന്തമാക്കി, കൈകാലുകളെ ശാന്തമാക്കി.പുഴയോടുള്ള ആർത്തി വെടിഞ്ഞ കുഞ്ഞിക്കുറിയൻ പുൽപ്പരപ്പിൽ ശാന്തനായ്‌ ഇരുന്നു.
സന്യാസിയപ്പൻ പുഴ കടന്നു കാട്‌ കയറി ഔഷധച്ചെടികൾ പിഴുത്‌ കൊണ്ട്‌ വന്നു.  അത്‌ ഒന്ന്‌ രണ്ടു ആവർത്തിച്ച്‌ എത്തുമ്പോൾ കുഞ്ഞിക്കുറിയന്റെ മുഖത്ത്‌ തികഞ്ഞ ദയനീയത. ദയനീയത മുറ്റി കുഞ്ഞിക്കുറിയന്റെ കണ്ണുകളിൽ നീർച്ചാലുകൾ ഉരുണ്ടു കളിച്ചു.
എന്താ? നീർവറ്റിതൈലം വേദന സമൂലം കഴുകികളഞ്ഞില്ലന്നുണ്ടോ? സന്യാസിയപ്പൻ കുഞ്ഞിക്കുറിയനു നേരെ ചോദ്യവുമായ്‌ നിന്നു.
വേദന ശമിച്ചു, ശമിച്ചതാ ഇപ്പം ഖേദമായ്‌ വന്നത്‌.  അങ്ങയുടെ ഔഷധം സ്വീകരിക്കുകവഴി പാപം ചെയ്തു പോയില്ലേ?  വേദനയും നീറ്റലും വളർത്തിയ ഒരുതരം  വിഭ്രാന്തിയിൽ ആയിരുന്നു.  അല്ലെങ്കിൽ വാക്കുകൾ  താങ്കൾക്കു നേരെ തടസ്സമായ്‌ നിന്നനെ.  ഔഷധമാണെങ്കിൽ കൂടി അവിശ്വാസിയിൽ നിന്ന്‌ സ്വീകരിച്ചതു ഇഹലോക പാപം.  പാപങ്ങളുടെ പട്ടികയിൽ മുന്നോക്കക്കാരൻ.  ശത്രുവാകട്ടെ കീഴ്പ്പെടുത്തുവാൻ വരുന്നവനാകട്ടെ വിശ്വാസിയാണെങ്കിൽ അടുത്തറിയുന്നതും കൊടുക്കൽ വാങ്ങലും ഇരിക്കൂർ വിശ്വാസ നിഷേധമാകുന്നില്ല. പാപങ്ങളുടെ പട്ടിക ഇതിൻ പ്രകാരം സ്വർഗ്ഗത്തിൽ എത്ര കൂടുന്നുവോ ആവോ?
കുഞ്ഞിക്കുറിയന്റെ കണ്ണുകളിൽ ഭയത്തിന്റെ അസ്സൽ പൊന്തി വന്നു.
എന്റെ വേവലാതികളിൽ സ്വർഗ്ഗവും നരകവും ഇല്ല. വിശ്വാസിയും അവിശ്വാസിയും സമൻ.  ആപത്തിൽ പെട്ടവൻ അരുകിലേക്ക്‌ വന്നില്ലെങ്കിൽ അരുകിലേക്ക്‌ ചെല്ലും.  അപ്പോൾ മാനസിക പാപ്പരത്തത്തിന്റെ എതിർപ്പുകളും നിസ്സഹകരണവും അവഗണിക്കും – സന്യാസിയപ്പൻ പറഞ്ഞു.
അങ്ങ്‌ നാട്‌ വിട്ട്‌ പോകുവാൻ ഇടനിലക്കാരൻ ?പലായനയജ്ഞം? നടത്തുകയാണ്‌.  തടിയിൽ കൊത്തിയെടുത്ത അങ്ങയുടെ സാങ്കൽപിക രൂപം അർദ്ധരാത്രിയിലെ കൊടും കൂരിരുട്ടിൽ ഗ്രാമം ചുറ്റി വലിച്ചിഴച്ചു ചാട്ടവാറടി കൊള്ളിക്കുന്നു.  ഇഴക്കുന്നവനും ചാട്ടവാറടിക്കുന്നതും  ഇടനിലക്കാരൻ.  മലിന ജലത്തിൽ മുക്കിക്കുളിപ്പിച്ച്‌  പുറത്തേക്ക്‌ എടുത്ത്‌ കാന്താരിമുളകും ഉണക്ക മത്സ്യവും ചേർത്തുള്ള പുക.  പുകയ്ക്കുന്നവനും മുക്കിക്കുളിപ്പിക്കുന്നവനും  ഇടനിലക്കാരൻ.  പിന്നെ, ഇരിക്കൂർ സർവ്വജന പ്രാർത്ഥന.  പ്രഭാതമാകുമ്പോൾ ഒരു കൗതുക പാച്ചിൽ, കുന്നിൻ ചരിവിലേക്ക്‌, സന്യാസിയപ്പൻ പലായനം ചെയ്തോ ഇല്ലയോ എന്നറിയുവാൻ,  അപ്പോൾ സന്യാസിപ്പാറയിൽ യോഗ നിദ്രയിൽ ആണ്ട അങ്ങയുടെ സാന്നിദ്ധ്യം ഞങ്ങൾ വിശ്വാസികളേയും ഇടനിലക്കാരനെയും ഇത്തിരി, ഒത്തിരി നിരാശയിൽ ആക്കും.  കുറ്റങ്ങളുടെ ഒരു വലിയ ചങ്ങല ആണ്‌ ഞങ്ങൾ വിശ്വാസികൾക്ക്‌ സന്യാസിയപ്പൻ.  വിശ്വാസികൾക്കു നേരെ മായ കാട്ടി.  മായകൊണ്ട്‌ അസുഖങ്ങൾ സൃഷ്ടിച്ച്‌ ഗ്രാമത്തിൽ വിതറി.  മായ കൊണ്ട്‌ അവയെ പിൻവലിച്ചു. അങ്ങനെ വിശ്വാസികളിൽ വിശ്വാസം നേടി വിശ്വാസത്തെ കളങ്കപ്പെടുത്തുവാൻ ശ്രമിക്കുന്നു.  തട്ടിപ്പൊളിച്ചുകൊണ്ടിരിക്കുന്ന അവിശ്വാസത്തിന്റെ അടിക്കല്ലുകൾ പുനസ്ഥാപിക്കുവാൻ ശ്രമിക്കുന്നു.
കുഞ്ഞിക്കുറിയനു നേരെ ഒരു ഊറിച്ചിരിയിൽ ഉത്തരവും പ്രതികരണവും ഒതുക്കി സന്യാസിയപ്പൻ പിൻ തിരിഞ്ഞു.
ദിവ്യകാഷ്ഠവുമായി രാവിലെ കുന്നു കയറിപ്പോയവർ വൈകുന്നേരം വീണ്ടും കൂട്ടത്തോടെ കുന്നിറങ്ങി വരുവാൻ തുടങ്ങി.  പൂക്കളും മുന്തിയ ആഹാരങ്ങളും അവരുടെ കൈകളിൽ ഇരുന്ന്‌ താളത്തിൽ ആടി.  ആട്ടത്തിന്‌ വഴി നീട്ടിയത്‌ – നന്ദി, നന്ദി. ദിവ്യകാഷ്ഠത്തിന്‌ നന്ദി – എന്ന താളത്തിലുള്ളചാട്ടവും.
ദിവ്യ കാഷ്ഠം! കേട്ടതേയുള്ളൂ കുഞ്ഞിക്കുറിയനുള്ളിൽ കനൽചൂട്‌ ആളി.  ഭയത്തിന്റെ ചൂള ആഞ്ഞു വീശുമ്പോൾ കുഞ്ഞിക്കുറിയൻ  ഞെട്ടി വിറച്ചു.  തലയിൽ തടവി നോക്കിയ കൈ മൂക്കിനു കീഴേ മണത്തു, ഔഷധത്തിന്റെ നേരിയ വാസന മാത്രം.  വാസനയിൽ വീണ്ടും തടവി. ഒന്നു രണ്ടു കുറ്റി രോമങ്ങൾ തടഞ്ഞു.  കുഞ്ഞിക്കുറിയൻ കുറ്റിരോമങ്ങൾക്കു മുകളിൽ കൈ വച്ചു നിന്നു, കൈയിൽ വിറയൽ ചാഞ്ചാടി നിന്നു.
ഇടനിലക്കാരൻ കുഞ്ഞിക്കുറിയന്റെ കഴുത്തിൽ പൂമാല അണിയിച്ചു.  കാതിൽ ഭാഗ്യവാൻ, ഭാഗ്യവാൻ എന്ന്‌ മന്ത്രിച്ചു.
നിന്റെ മീശയിൽ ദിവ്യകാഷ്ഠത്തിന്റെ അംശം എന്തെങ്കിലും വീണിരുന്നോ?  വീണ്ടും കുഞ്ഞിക്കുറിയന്റെ കാതിൽ ഇടനിലക്കാരന്റെ ആമന്ത്രണത്തിന്റെ ആലിംഗനം.
?ഇല്ലാ‍ാ‍ാ….? ദീന ശബ്ദം കുഞ്ഞിക്കുറിയന്റെ തൊണ്ട തുറന്ന്‌ പുറത്തേക്ക്‌ ചാടി.  അവന്റെ മീശയുടെ നാലഞ്ചു രോമങ്ങൾ അപ്പോഴേക്കും ഇടനിലക്കാരൻ പിഴുതെടുത്തിരുന്നു.  പിഴുതെടുക്കൽ ജനത്തിന്‌ കൊതിയായി.  അവർ കുഞ്ഞിക്കുറിയന്റെ മീശയെ ലക്ഷ്യം വച്ച്‌ മുന്നോട്ടു തള്ളിക്കയറിയപ്പോൾ ഇടനിലക്കാരന്റെ കൈ നിഷേധാർത്ഥത്തിൽ ഉയർന്നു, നാവു ചലിച്ചു – കുഞ്ഞിക്കുറിയന്റെ മീശയിൽ ഭാഗ്യം എത്തിയിട്ടില്ല.  എന്നാലും ഇവൻ ഗ്രാമത്തിന്റെ പൊതു ഭാഗ്യമായി.
ഇടനിലക്കാരൻ കുഞ്ഞിക്കുറിയനെ തലോടി ചിരിച്ചു.  കുഞ്ഞിക്കുറിയന്റെ കണ്ണുകൾ, ഇടനിലക്കാരന്റെ കണ്ണുകളിൽ ദയാ ഹർജി നൽകി.  ഇളവുകൾ, ഇളവുകൾ നൽകണം എന്ന്‌ നോട്ടത്തിന്റെ ഭാഷ മന്ത്രിച്ചു.  ഇടനിലക്കാരൻ അവനെ ആനന്ദത്തോടെ ചുംബിച്ചു, കെട്ടിപ്പുണരലായ്‌ ആശ്വാസം നിറച്ചു.
ജനക്കൂട്ടം കുഞ്ഞിക്കുറിയനെ പൊക്കി ഉയർത്തി ചുംബിച്ചു.  അവൻ ജലോപരിതലത്തിലെ പൊങ്ങു തടി പോലെയായി.  പൊങ്ങുതടി കൈകളിൽ നിന്ന്‌ കൈകളിലേയ്ക്ക്‌ പിറകോട്ടൊഴുകി.  ഒരു വൻ ആഞ്ഞിലി വൃക്ഷച്ചുവട്ടിൽ എത്തിയപ്പോൾ ഇടനിലക്കാരൻ അവിടെ നിന്നു.  ജനം അയാൾക്കു പിന്നിൽ തടിച്ചു കൂടി.  അവസാന കൈയും പിന്നിലേക്ക്‌ ഉന്തിയപ്പോൾ കുഞ്ഞിക്കുറിയൻ നിലം പൊത്തുന്ന ഒരു പാഴ്‌ വസ്തുവായി.  അവൻ ഞരങ്ങി എഴുന്നേറ്റു.  മുന്നിൽ ആൾക്കൂട്ടം ഇടനിലക്കാരന്‌ കാതു കൊടുത്തു നിൽക്കുന്നു.  അവന്റെ മൂളിക്കരച്ചിലുകളും  ഞരക്കങ്ങളും  അവന്റേതായി, അവനെപ്പൊതിഞ്ഞു നിരാലംബമായി.  മനസ്സുകൊണ്ട്‌ അവൻ ഇളകി, ഓടി രക്ഷപ്പെടുവാൻ.  സ്നേഹപ്രകടനങ്ങൾ ഏറ്റു വാങ്ങിയ ശരീരം, ആളിക്കത്തുന്ന വിശപ്പ്‌, അതിന്റെ ക്ഷീണഭാരം താങ്ങുവാൻ കഴിയാതെ കാലുകൾ ഇരുന്നിടത്ത്‌ ഇരുന്നു.
പക്ഷിക്കായ്‌ കൊണ്ടു വന്നത്‌ ഇടനിലക്കാരൻ കഴിക്കുന്നതുപോലെയുള്ള മുന്തിയ ആഹാരം!  അത്‌ ഇലയിൽ പകർന്നു.  ചുറ്റും സുഗന്ധ പുഷ്പങ്ങൾ വിതറി.  പക്ഷി സുഗന്ധം ശ്വാസം കൊണ്ട്‌ ഏറ്റുവാങ്ങി ആഹാരം ആർത്തിയോടെ കൊത്തി വിഴുങ്ങുവാൻ തുടങ്ങി.
അപ്പോൾ ഗ്രാമീണരുടെ കാലുകൾ താളത്തിൽ ഇളകി, താളം നൃത്തമായി.  നാവുകളിൽ ചലനമായി.  ചലനം ഇടനിലക്കാരനിൽ നിന്ന്‌ തുടങ്ങി – നീ ദിവ്യൻ നിന്റെ ദിവ്യത്വം അസുഖങ്ങളെ അകറ്റും.  കൃഷിയിടങ്ങളെ പരിപോഷിപ്പിക്കും.  അത്യുഷ്ണവും കൊടുങ്കാറ്റും അകറ്റും.  സേവിപ്പേൻ, സേവിപ്പേൻ നിൻ കടാക്ഷം ഏറ്റു വാങ്ങുവാൻ – ചലനം ഇടനിലക്കാരന്റെ നാവിൽ നിന്ന്‌ വിശ്വാസികളുടെ നാവിലേക്ക്‌ ഉത്സാഹത്തിമിർപ്പിൽ ചാടിക്കടന്നു – സേവിപ്പേൻ, സേവിപ്പേൻ ഞങ്ങൾ …
ഹഹഹാ… ഒരു പൊട്ടിച്ചിരി ആടി ഉലഞ്ഞു വന്നു.  ഒരു ചീമുട്ട പക്ഷിക്കു നേരെ പാഞ്ഞു ചെന്നു.  പക്ഷി ഒഴിഞ്ഞുമാറി പറന്നു പോയി.  എവിട നിന്നോ ഓടിയെത്തിയ ചെന്തീര പക്ഷിയെ നോക്കി നിന്ന്‌ വീണ്ടും പൊട്ടിച്ചിരിച്ചു.
നോക്കൂ – മാനസ അപരൻ സന്യാസിയപ്പനെ തൊട്ടു – മന്ദബുദ്ധിയെന്നു നിനച്ചിരിക്കുന്നവർ ചിലപ്പോൾ ബുദ്ധിയുള്ളവരെക്കാൾ വിവേകശാലികളായ്‌ പെരുമാറുന്നു.  നമുക്ക്‌ നീണ്ട ജീവിത വർഷങ്ങളുടെ വെളിച്ചത്തിൽ നിന്ന്‌ തെളിഞ്ഞത്‌ അവളുടെ കുരുന്നു മനക്കണ്ണിൽ തെളിഞ്ഞിരിക്കുന്നു~!  അല്ലെങ്കിൽ എന്തിനാണ്‌ മറ്റുള്ളവർ ആർത്തു സ്വീകരിക്കുമ്പോൾ അവൾ ചീമുട്ട കൊണ്ട്‌ എതിരേറ്റത്‌?
സന്യാസിയപ്പൻ ചിരിച്ചു – മന്ദബുദ്ധിയെന്ന്‌ ആര്‌ പറഞ്ഞു, വിശാലമായ നെറ്റിത്തടം.  ആഴ്‌ന്നിറങ്ങുന്ന നോട്ടം.  വാചാലമാകാത്ത വാക്കുകൾ അവൾക്കുള്ളിൽ തപസ്സു ചെയ്യുകയാണ്‌.  തപസ്സു ചെയ്യുന്ന വാക്കുകൾ ഒരു പക്ഷേ  ഉൾക്കാഴ്ചയിൽ ഊർജ്ജപ്രവാഹമായ്‌ ഉണരും.  അതിന്റെ തിരതളളൽ ആയിരിക്കും അവളിൽ ഉണരുന്ന പ്രകോപന പാതയുടെ രത്നച്ചുരുക്കം.
വിശ്വാസികളുടെ കണ്ണുകളിൽ കോപാഗ്നി തിളങ്ങി.  കമ്പുകളിലേക്കും കല്ലുകളിലേക്കും ആവേശത്തോടെ കൈകൾ നീണ്ടു, എന്നാൽ ഇടനിലക്കാരന്റെ കണ്ണുകൾ അവരെ ശബ്ദം കൊണ്ടെന്നതിനെക്കാൾ തീവ്രമായ്‌ വിലക്കി.
ഇടനിലക്കാരൻ ചെന്തീരയ്ക്കരുകിൽ എത്തി.  അവളുടെ തോളിൽ കൈ വച്ചു. സ്നേഹ സാന്ത്വനം പോലെ വാക്കുകൾ – നീ എന്തിന്‌ ദിവ്യനായ മഞ്ഞപ്പക്ഷിക്കു നേരെ ചീ മുട്ട എറിഞ്ഞു?
അവൾ ?ഹഹഹീ…? എന്നു ചിരിക്കുക മാത്രം ചെയ്തു.
നിനക്ക്‌ സംസാരിക്കുവാൻ അത്ര കണ്ട്‌ കഴിയില്ലെങ്കിലും  കണ്ടു മനസ്സിലാക്കുവാൻ കഴിയുമല്ലോ – ഇരിക്കൂർ ഇടനിലക്കാരൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു – ഇവൾക്ക്‌ ആ സത്യം ബോധ്യപ്പെടുത്തിക്കൊടുക്കണം.  കൊണ്ടു വാ കുഞ്ഞിക്കുറിയനെ മുന്നിലേക്കു കൊണ്ടുവാ
കുഞ്ഞിക്കുറിയൻ കുതറി.  പിടി, വലി.  ഇങ്ങോട്ടു വലിച്ചുടൻ അങ്ങോട്ടൊരു വലി.  നാലഞ്ചാൾക്ക്‌ സമം നിൽക്കുവാൻ കുഞ്ഞിക്കുറിയനായില്ല..
ഇടനിലക്കാരന്റെ മുന്നിൽ കൊണ്ടിരുത്തുമ്പോൾ കുഞ്ഞിക്കുറിയന്റെ കണ്ണുകളിൽ ഭയം തുറിച്ചു നിന്നു.
വിശ്വസിക്കൂ, ഇരിക്കൂർ വിശ്വാസികളെ – ഇടനിലക്കാരൻ ചെന്തീരയെ നോക്കി പറഞ്ഞു – കുഞ്ഞിക്കുറിയൻ എന്ന ഈ ഭാഗ്യവാനായ വിശ്വാസിയുടെ തലയിൽ നിന്ന്‌ ദിവ്യകാഷ്ഠം വീണ കുഞ്ഞുരോമങ്ങൾ വരെ ഇന്ന്‌ രാവിലെ വിശ്വാസികൾ പ്രസാദമായ്‌ സ്വീകരിച്ചു വലിച്ചു പറിച്ചെടുത്തത്താണ്‌.  പക്ഷേ അതിന്റെ അടയാളങ്ങൾ ഒന്നുമില്ല.  മുടി വഴിച്ചിറക്കിയതുപോലെ  തല ഭദ്രം.  മുറിവുകളോ, പോറലോ, നീർ വീക്കമോ ഇല്ല.  കാരണം ഇരിക്കൂർ വിശ്വാസത്തിന്റെ ആഴം അവന്റെ  മനസ്സിൽ ഉദിച്ചു നിൽക്കുകയാണ്‌.
?ഹഹഹീ…? ചെന്തീര വീണ്ടും ചിരിച്ചു.  തിര പോലെ ആർത്തു ചിരിച്ചു.
ഒരു ബ്ലയിഡ്‌ – ചെന്തീരയുടെ ചിരിയിൽ തട്ടി ചിലമ്പിച്ച ഇടനിലക്കാരന്റെ ശബ്ദം!
കുഞ്ഞിക്കുറിയൻ കുതറി.  അവന്റെ ഭക്ഷണം പോഷക സമൃദ്ധമായിരുന്നില്ല.  അവന്റെ ഭക്ഷണം സമയ നിഷ്ഠ പാലിച്ചിരുന്നില്ല.  ഇടനിലക്കാരന്റെ കിറു കൃത്യമായ പിടി. പോഷക സമൃദ്ധമായ പിടി.  പിടിയിൽ കുഞ്ഞിക്കുറിയൻ ഇറുകി.  ഇറുകിയ നോട്ടത്തിൽ ദയ യാചിച്ചു.  യാചന ഇടനിലക്കാരന്റെ കണ്ണുകൾ കണ്ടു, മനസ്സ്‌ ഉൾക്കൊണ്ടില്ല.  ഇടനിലക്കാരൻ കുഞ്ഞിക്കുറിയന്റെ  തലയിൽ നാസിക വട്ടം കറക്കി മണം പിടിച്ചു.   കൈ വട്ടം കറക്കി അത്‌ തുടച്ചെടുത്ത്‌ ചെന്തീരയുടെ മൂക്കിനു നേരെ പിടിച്ചു.  ?എന്തൊരു  വാസനയാണ്‌? എന്ന്‌ വാ മൊഴിയും.  ഇടനിലക്കാരന്റെ വിരലുകൾ ചെന്തീരയുടെ മൂക്കിനോട്‌ അടുത്തടുത്ത്‌ മൂക്കിൽ തലോടി.  വിരലുകൾ തലോടലിന്റെ  പുളകമറിഞ്ഞു.  വീണ്ടും വീണ്ടും തലോടി – എങ്ങനെ ദിവ്യകാഷ്ഠത്തിന്റെ മണം – ഇടനിലക്കാരൻ വാക്കുകളും ഉരുട്ടി.  വാക്കുകൾ അവളുടെ  ശ്രവണ മണ്ഡലത്തിൽ കടന്നു കയറിയില്ല.  പൊട്ടിച്ചിരി മാത്രം ഒരു മൂന്നാര്റിയിപ്പുമില്ലാതെ ഹിഹിഹീ…., എന്ന്‌ പുറപ്പെട്ടു വന്നു.
വിശ്വാസമായില്ല ഇവൾക്ക്‌ ദിവ്യ കാഷ്ഠത്തിൽ വിശ്വാസമായില്ല.  ഒരു ബ്ലയിഡ്‌ – വീണ്ടും ഇടനിലക്കാരൻ ജനക്കൂട്ടത്തിലേക്ക്‌ വിളിച്ചു പറഞ്ഞു.
വിശ്വാസിയിൽ നിന്നൊരു ബ്ലയിഡ്‌ ഇടനിലക്കാരൻ കൈപ്പറ്റി.  കൈപ്പറ്റിയ ബ്ലയിഡ്‌ രണ്ടു നാലു വട്ടം കുഞ്ഞിക്കുറിയന്റെ തലയിൽ ചലിച്ചു.  കുഞ്ഞിക്കുറിയൻ അലറിക്കരഞ്ഞില്ല.  അവന്റെ നാവിന്‌ വേദനയുടെ ആഴത്തിലും അനങ്ങുവാൻ ശേഷി നഷ്ടപ്പെട്ടിരുന്നു.
നോക്കൂ – ഇടനിലക്കാരൻ ചെന്തീരയെ തട്ടി – ചോര പൊടിയുന്നുണ്ട്‌.  കുത്തൊഴുക്കില്ല.  അലറിക്കരയുന്നില്ല, കുതറിത്തെറിക്കുന്നില്ല, വേദനിക്കുന്നില്ല.  ഏതോ ദിവ്യ ഔഷധം തേച്ചു പിടിപ്പിച്ചതുപോലെ ദിവ്യ കാഷ്ഠം!
കുഞ്ഞിക്കുറിയന്റെ കണ്ണുകൾ ദയനീയമായി.  ദയ എവിടയാണ്‌. ഇടനിലക്കാരന്റെ കണ്ണുകളിൽ ദയ ഇല്ല.  വിശ്വാസികളുടെ കണ്ണുകൾ പൂർണ്ണമായും ഇടനിലക്കാരൻ കൈ അടക്കിയിരിക്കുന്നു.  ഒരു നിമിഷം! കുഞ്ഞിക്കുറിയന്റെ ശരീരത്തിന്റെ സർവ്വ ശക്തിയും  തൊണ്ടയിലേക്ക്‌ ഓടിക്കയറി.  തൊണ്ടയിൽ നിന്ന്‌ ഉച്ചത്തിൽ ശബ്ദം തെറിച്ചു വീണു – സന്യാസിയപ്പന്റെ ഔഷധം തലയിൽ പുരട്ടിയിരുന്നു.  അത്‌ വേദന തിന്നു, കാഷ്ഠത്തിന്റെ ദുർഗന്ധം തുടച്ചു മാറ്റി, സുഗന്ധം വർഷിച്ചു.  സത്യം, സത്യമായും സത്യം.
നിഷേധീ – ഇടനിലക്കാരന്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി – ദിവ്യ കാഷ്ഠത്തിൽ സംശയാലുവോ! ഇടനിലക്കാരനായ ഞാനും വിശ്വാസികളും തൊട്ടറിഞ്ഞ ദിവ്യകാഷ്ഠത്തെ  കപട സന്യാസിക്കുവേണ്ടി തള്ളിപ്പറയുന്നോ!  അതും ഒരു വിശ്വാസി – ഇടനിലക്കാരൻ  കുഞ്ഞിക്കുറിയനെ രൂക്ഷമായി നോക്കി പറഞ്ഞു – എങ്കിലും കുഞ്ഞിക്കുറിയൻ വിശ്വാസിയാണ്‌.  അതുകൊണ്ടാണ്‌ അവന്റെ തലയിൽ നിന്ന്‌ ചോരയുടെ  കുത്തൊഴുക്ക്‌ ഉണ്ടാകാത്തത്‌.  അത്‌ ദിവ്യകാഷ്ഠത്തിന്റെ മഹത്വമൊന്നുകൊണ്ടു മാത്രം.
ഇനി ഇവളിൽ പരീക്ഷിക്കാം.  ഇവളിൽ വിശ്വാസത്തിന്റെ  തരിയെങ്കിലും ഉണ്ടോ എന്ന്‌ പരീക്ഷിക്കാം, ആരുടെയെങ്കിലും  കൈയിൽ ദിവ്യകാഷ്ഠത്തിന്റെ അംശം? ഇടനിലക്കാരൻ കൂടി നിന്നവരിലേക്ക്‌ നോട്ടം അയച്ചു.
ഒരാൾ മുന്നോട്ട്‌ വന്ന്‌ ഒരു ഇലപ്പൊതി നീട്ടി.
?നോക്കൂ, ഭക്തിയുടെ ആഴം, ദിവ്യ കാഷ്ഠം ഭക്തിയോടെ ഒപ്പം സൂക്ഷിച്ചിരിക്കുന്നു!? ഇടനിലക്കാരൻ ദിവ്യ കാഷ്ഠം കൈയിൽ വാങ്ങി അയാളെ ആശിർവദിച്ചു.
ഇടനിലക്കാരൻ ദിവ്യകാഷ്ഠം ചെന്തീരയുടെ ചെറു വിരലിൽ പുരട്ടി. അവൾ ?ഛീ….? എന്ന ശബ്ദത്തോടെ വിരൽ മാറ്റി.  അപ്പോഴേക്കും ഇടനിലക്കാരൻ ബ്ലയിഡ്‌ ദിവ്യ കാഷ്ഠം പുരട്ടിയ അവളുടെ വിരലിൽ ആഞ്ഞു  വരഞ്ഞു കഴിഞ്ഞിരുന്നു.  ചോര കുത്തി ഒഴുകി.
എന്റെ വിശ്വാസം ശരിയാണെന്ന്‌ തെളിഞ്ഞു – ഇടനിലക്കാരൻ പറഞ്ഞു – അവിശ്വാസിയിൽ ദിവ്യ കാഷ്ഠം ഫലിക്കില്ല.  ചോര മുറിപ്പാടിൽ നിന്ന്‌ കുത്തി ഒഴുകുന്നു!  നീ അവിശ്വാസിയെന്ന്‌ ശക്തമായ്‌ തെളിഞ്ഞു.
ചെന്തീര കരഞ്ഞില്ല.  വേദന ഉണ്ടോ, ഇല്ലയോ; പുറം കൊണ്ട്‌ ആരും കണ്ടില്ല.  രക്തം ചീറ്റുന്നത്‌ കണ്ടവർ വാക്കുകൾ രണ്ടായ്‌ ഉരുട്ടി – അവിശ്വാസിയിൽ ദിവ്യകാഷ്ഠം ഫലിക്കും . വേദന കയറി വരാതെ രക്തം കുടുകുടാ കയറി വന്നു.
അവിശ്വാസിയിൽ ദിവ്യ കാഷ്ഠം ഫലിക്കുകയില്ല.  രക്തം തെറിച്ചു.  തെറിച്ചതു വേദനയോടെ.  മന്ദബുദ്ധിയിൽ വേദന തെളിയുകയില്ല.
വാക്കുകൾ വിപരീത ദിശയിൽ നിന്ന്‌  കൂട്ടി മുട്ടി. തീപ്പൊരി തീപ്പന്തം,  ആളിപ്പടർന്നത്‌ ഇടനിലക്കാരൻ മണത്തു. ഇടനിലക്കാരൻ ഉച്ചഭാഷിണിത്തൊണ്ട തുറന്നു –   അവിശ്വാസിയിൽ ദിവ്യകാഷ്ഠം ഫലിക്കില്ല.  വിശ്വാസികളേ, ഇടനിലക്കാരൻ ഒന്നു പറയുന്നു.  വിശ്വാസികൾ ചിന്തകളെ ഉരുട്ടി മറ്റൊന്ന്‌ കണ്ടെത്തുന്നു!  നോക്കൂ, ഉരുളുന്ന ചിന്തകൾ വിശ്വാസത്തിന്റെ  ആണിക്കല്ലിളക്കും.  ഇടനിലക്കാരന്റെ അന്നത്തിനു വേണ്ടി വിശ്വാസി പണിയെടുക്കുമ്പോൾ വിശ്വാസിക്കുവേണ്ടി നിങ്ങളുടെ  ഇടനിലക്കാരൻ ചിന്തിക്കുകയാണ്‌.  വിശ്വാസി കളേ കണ്ണടയ്ക്കുവിൻ, കണ്ണടച്ചു പ്രാർത്ഥിപ്പിൻ – ഇടനിലക്കാരന്റെ ശബ്ദം ആർദ്രമായി – നിങ്ങൾക്കുള്ളിൽ ഇരിക്കൂർ വിശ്വാസം ചിന്തകളെ മരവിപ്പിക്കുന്നു.  വാക്കുകളെ ക്രമപ്പെടുത്തുന്നു. ചൊല്ലി പ്രാർത്ഥിപ്പിൻ.  ഇടനിലക്കാരൻ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും വിശ്വസിക്ക്‌ ശരി –  വിശ്വാസികളുടെ ശബ്ദം താളത്തിലായി.  താളം അനുസരണയിൽ ഇടനിലക്കാരന്റെ താളമായി.
ചെന്തീര പുഴ നീന്തിക്കടന്ന്‌ ഓടി. ഓടുന്നതിനിടയിൽ വിശ്വാസികളെ നോക്കി കൂവി.  കൂവുന്നതിനിടയിൽ ഓടി, ഓടി കൂവി കുന്നു കയറി.   മുന്നിൽ ഔഷധച്ചെടികൾ.  കണ്ടപ്പോൾ അതിന്റെ ഇലകൾ വലിച്ചു പറിച്ചു.  പറിച്ചപ്പോൾ കശക്കാൻ മോഹം.  കശക്കി.  ഇലച്ചാർ മുറിവിൽ പറ്റിപ്പിടിച്ചു.  വീര്യമിട്ടു.  നീറി.  നീറ്റൽ അറ്റു.  വഴി അറ്റു.  അവിശ്വാസികളുടെ കുടിലിൽ എത്തി.
പുഴവക്കിൽ അപ്പോഴും ഇടനിലക്കാരൻ വിശ്വാസികളിൽ വിശ്വാസം കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നു.
മഞ്ഞപ്പക്ഷി ഭയം വെടിഞ്ഞ്‌ താഴ്‌ന്നു പറന്ന്‌ തീറ്റയിൽ കണ്ണിട്ട്‌ ചുറ്റിപ്പറന്നിട്ട്‌ തീറ്റയെടുത്തു പറന്നുയർന്നു.  ഉയരവേ അത്‌ വീണ്ടും കാഷ്ഠിച്ചു.  കാഷ്ഠം ഇരിക്കൂർ ഇടനിലക്കാരന്റെ തലയിൽ പതിച്ചു.
ദിവ്യ കാഷ്ഠം, ദിവ്യകാഷ്ഠം!
അർദ്ധ വിശ്വാസികളുടെ തൊണ്ട തുറന്നു.  വിശ്വാസികളുടെ പ്രാർത്ഥന നിലച്ചു.  വിശ്വാസികളും വിളിച്ചു പറഞ്ഞു – ദിവ്യ കാഷ്ഠം!
ജനത്തിര ഇളകി.  തിര തള്ളി.  ഇരിക്കൂർ ഇടനിലക്കാരൻ തിരമുകളിലായി.  ദിവ്യ കാഷ്ഠം പച്ചിലപ്പൊതികളിൽ അമർന്നു.  പച്ചിലകൾ വീണ്ടും, വീണ്ടും അടർന്നു.  പൊതികൾ, പൊതികൾ!
ദിവ്യകാഷ്ഠം തീർന്നു – ആരുടെയോ നൈരാശ്യ ശബ്ദം!  തീർന്നില്ല, മുടിയിൽ, മുടിയിൽ – അർദ്ധവിശ്വാസികൾ വിളിച്ചു പറഞ്ഞു.
മുറുക്കിപ്പിടിച്ച കൈകളിൽ മുടി!
ഇടനിലക്കാരൻ പിടഞ്ഞു, തൊണ്ട തുറന്നു – വിശ്വസിപ്പിൻ വിശ്വസിപ്പിൻ വിശ്വാസികളേ, പക്ഷി ഭൂമിയിൽ വർഷിച്ച ആദ്യ കാഷ്ഠമായിരുന്നു ദിവ്യ കാഷ്ഠം.  ഇത്‌ ദിവ്യകാഷ്ഠമല്ല.  വിശ്വാസികൾ ശാന്തരാകൂ, ശാന്തരാകൂ.  എന്നെ ഭൂമിയിൽ ചേർത്തു നിർത്തു.  കൈകൾ താഴ്‌ന്നു.  ഇരിക്കൂർ ഇടനിലക്കാരൻ ഇത്തിരി താഴ്‌ന്നു.
വിശ്വാസികളേ, അർദ്ധവിശ്വാസികളേ – ഒരു അർദ്ധവിശ്വാസിയുടെ ശബ്ദം ചാടി ച്ചലിച്ചു – ഇരിക്കൂർ ഇടനിലക്കാരനു തെറ്റി.  കാഷ്ഠം ഇപ്പോഴും ദിവ്യ കാഷ്ഠം തന്നെ.  അത്‌ ശേഖരിക്കൂ, അത്‌ പുരണ്ട മുടിയും.
ഇരിക്കൂർ ഇടനിലക്കാരൻ വീണ്ടും ഉയർന്നു.  മുടിയിൽ പിടി മുറുകി.
വിശ്വാസികളേ, എന്നെ വിശ്വസിപ്പിൻ.  ഇരിക്കൂർ നാമത്തിൽ വിശ്വസിപ്പിൻ.
ഇരിക്കൂർ വിശ്വാസികളുടെ കൈ അയഞ്ഞു.  അർദ്ധവിശ്വാസികളുടെ കൈ മുറുകി.
തിര താഴ്‌ന്നു, തിര ഉയർന്നു,  പിന്നെ വടം വലിയായി.  ഇരിക്കൂർ ഇടനിലക്കാരൻ കയർ പോലെ മുറുകി.
ഒടുവിൽ ഇരിക്കൂർ വിശ്വാസികൾക്ക്‌ വിജയം!  തോറ്റവർ തോറ്റില്ല.  അവരുടെ കൈകളിൽ ഇരിക്കൂർ ഇടനിലക്കാരന്റെ ശിരോ രോമങ്ങൾ ഇരുന്ന്‌ വിജയ പ്രഖ്യാപനം നടത്തി.
ഇരിക്കൂർ ഇടനിലക്കാരൻ തറയിൽ ചമ്രം പിടിച്ചിരുന്നു.  തലയിൽ അങ്ങിങ്ങ്‌ മുടിയില്ല. ചോര പൊടിഞ്ഞു വേദന പൊടിഞ്ഞു.  വേദന തീ പോലെ ആളി.  ആളിയപ്പോൾ ഇടനിലക്കാരന്റെ കാഴ്ച സന്യാസിപ്പാറ മുകളിലേക്ക്‌ പതുങ്ങി പതുങ്ങിപോയി.  ഇരിക്കൂർ വിശ്വാസികൾ അയാളെ പൊക്കി ഉയർത്തി കോടാലിക്കുന്ന്‌ കയറുവാൻ തുടങ്ങി. അപ്പോഴും അയാളുടെ മനസ്സും കാഴ്ചയും  സന്യാസിപ്പാറയിൽ പതുങ്ങി പതുങ്ങി നടന്നു.  കുഞ്ഞിക്കുറിയന്റെ തലയിൽ പുരട്ടിയിരുന്ന ഔഷധത്തിന്റെ ഇത്തിരിക്കുവേണ്ടി അയാളുടെ വേദന കൊതിച്ചു.
ഗ്രാമീണർ പൊയ്ക്കഴിഞ്ഞു.  ഇത്തിരി അകലത്തിൽ മഞ്ഞപ്പക്ഷി ബാക്കിയിട്ട ഭക്ഷണം!  കുഞ്ഞിക്കുറിയന്റെ കണ്ണുകളിൽ ആർത്തി കടന്നു കയറ്റം നടത്തി – വിശപ്പിന്റെ തിരയിളക്കത്തിൽ തല ഉയർത്തി.  നാലുകാലിൽ നാൽക്കാലിയായി. രണ്ടടി, നാലടി.  കുഞ്ഞിക്കുറിയൻ നാൽക്കാലിയിൽ നിന്ന്‌ ഇഴജന്തുവായി.  ഇഴജന്തുവിൽ നിന്ന്‌ വീണ്ടും നാൽക്കാലിയായി.  നാൽക്കാലിയിൽ നിന്ന്‌ ഇഴജന്തുവായി ഭക്ഷണത്തിനു മുന്നിൽ ഇഴഞ്ഞെത്തുമ്പോൾ ഇഴച്ചിലിൽ ചോര വാർന്നു.  വിശപ്പിന്റെ തിമിരത്തിൽ ചോര കണ്ടില്ല.  ഇഴജന്തുവിൽ കിടന്ന്‌ ഭക്ഷിച്ചു.  ഭക്ഷിച്ചപ്പോൾ ഇഴജന്തു വീണ്ടും നാൽക്കാലിയാവാൻ ശ്രമിച്ചു.  നാൽക്കാലി മനുഷ്യനാവാൻ ശ്രമിച്ചു. പരാജിതൻ വീണ്ടും ഇഴജന്തുവായി.  ഇഴഞ്ഞിഴഞ്ഞ്‌ പുഴവക്കോളമെത്തി.  സന്യാസിയപ്പൻ പുഴ നടന്നു കയറി വന്നു.  കുഞ്ഞിക്കുറിയന്റെ കൈ ഞരമ്പുതൊട്ടു കാൽ ഞരമ്പു തൊട്ടു.  തലയിൽ തല താഴ്ത്തി നോക്കി ദീർഘമായ്‌ നിശ്വസിച്ചു.   കുഞ്ഞിക്കുറിയൻ പറയുവാൻ നാവു ചലിപ്പിച്ചു.    നാവ്‌ ഭാഷയോളം കയറി ചലിച്ചില്ല.  അവ്യക്തമായ ചില ശബ്ദങ്ങളോടെ അത്‌ കുഴഞ്ഞ്‌ ഇളകി.
വേണ്ട – സന്യാസിയപ്പൻ കുഞ്ഞിക്കുറിയനുനേരെ  കൈ ഉയർത്തി – കണ്ടറിയുന്നു, പറഞ്ഞറിയുന്നതിനെക്കാൾ കണ്ടറിയുന്നു.
സന്യാസിയപ്പൻ സന്യാസിപ്പാറയിലേക്ക്‌ പോയി വന്നു.  ഇത്തിരി ഔഷധം, പുഴ ജലം.  രണ്ടും കൂടി പിടിച്ചപ്പോൾ കുഞ്ഞിക്കുറിയനിൽ രണ്ടയഞ്ഞു.  ക്ഷീണവും വേദനയും.
20
ഇടനിലക്കാരന്റെ ശബ്ദം ഉച്ചഭാഷിണിയുടെ ഉച്ചത്തിൽ ശോകമൂകമായ്‌ വിശ്വാസത്തറയിൽ മുഴങ്ങി.  അസ്വാഭാവികതയുടെ ധ്വനി കേട്ടാൽ വിശ്വാസികൾ ഉടൻ ഇടനിലക്കാരനരുകിൽ എത്തണം.  വിശ്വാസികൾ വിശ്വാസസ്ഥലിയിലേക്ക്‌ ഓടി. ഓടിയവർ വിശ്വാസ സ്ഥലിയിൽ കൂടി.  കൂടിയവർ ആകാംക്ഷയോടെ ഇടനിലക്കാരനിൽ മനമിട്ടു നിന്നു.
മുടി പോയ ഭാഗങ്ങളിൽ വിരൽ അമർത്തി വേദന ശമിപ്പിക്കുവാൻ ഇടനിലക്കാരന്റെ ഉള്ളം കൊതിച്ചുവേങ്കിലും സഹനശക്തിയിൽ പിടിച്ച്‌ ഇടനിലക്കാരൻ നിന്നു.  ഇടനിലക്കാരന്റെ കണ്ണുകൾ വിശ്വാസികൾക്കിടയിൽ ആർത്തിയിൽ പരതി.  ഉരുണ്ടുകൂടിയ ചോദ്യങ്ങളുമായ്‌ വിശ്വാസികൾ നിന്നു.  ആരും ഒന്നും ചോദിച്ചില്ല.  ചോദിക്കാതെ തന്നെ ഇടനിലക്കാരനിൽ നിന്ന്‌ കാര്യകാരണങ്ങൾ വഴുതി ഇറങ്ങി വന്നു – കുഞ്ഞിക്കുറിയൻ എവിടെ, കുഞ്ഞിക്കുറിയൻ?  അവനിൽ അടിഞ്ഞുകൂടിയ പാപം കഴുകിക്കളഞ്ഞ്‌ എത്രയും പെട്ടെന്ന്‌ വിശുദ്ധനാക്കണം.  അല്ലെങ്കിൽ അത്‌ പടർന്ന്‌ നിങ്ങൾ വിശ്വാസികളിലേക്ക്‌ വ്യാപിക്കും.  എവിടെ ആ കളങ്കിതനായ വിശ്വാസി.
പുഴവക്കിലാണ്‌.  പുഴ വക്കിലൂടെ നടന്നു വന്നപ്പോൾ കണ്ടു, കണ്ടപ്പോൾ                                      ക്ഷീണമുണ്ട്‌.  ഉണ്ടോ, ഉണ്ടീലയോ – ഒത്തൊരാൺ ശബ്ദം.
ഉണ്ടോ, ഉണ്ടീലയോ.  അത്‌ കാര്യം കുഞ്ഞിക്കുറിയന്റേത്‌.  വന്നോ, വന്നീലയോ, അത്‌ വിശ്വാസിയുടേത്‌.  കൊണ്ടു വരണം, നടത്തീട്ടായാലും, എടുത്തേച്ചായാലും,  കൊണ്ടു കയറ്റമാ, ഒത്തൊരാൾ നാലഞ്ചുപേർ പുറപ്പെട്ടോളൂ, വേഗം.
ഇടനിലക്കാരൻ പറയേ വേണ്ടൂ തടി മിടുക്കുള്ളോർ നാലഞ്ചുപേർ പുറപ്പാടായ്‌.  പുറപ്പാടെന്നു വച്ചാൽ  ഓടെടാ ഓട്ടം. ഓടിയതെന്തിന്‌! ഇടനിലക്കാരൻ വേഗം എന്ന്‌ നിർത്തി.  വിശ്വാസം അനുസരണ കൂടിയാണ്‌.
ഓടിയവർ ഓടിക്കൊണ്ടേയിരുന്നു.  ഓട്ടം പുഴവക്കിൽ നിന്നു.  ഓടിയവർ കിതച്ചില്ല.  ഓട്ടം വന്നടുക്കുന്നതുകണ്ട്‌ കുഞ്ഞിക്കുറിയൻ കിതച്ചു.  കിതപ്പോടെ ഇരുന്ന ഇരുപ്പിൽ മുന്നോട്ടു കൈ കുത്തി.  കാലു പിന്നോട്ടു വലിച്ചു നാൽക്കാലിയായി.  നാൽക്കാലി കൈകാലുകൾ മുന്നോട്ടു ചലിപ്പിച്ചു.  രണ്ടടി, മൂന്നടി, നാൽക്കാലിക്ക്‌ വേഗത ഇല്ല.  വേഗത മനുഷ്യനാണ്‌.  മനുഷ്യനാവാൻ കഴിയുന്നില്ല.  മനസ്സ്‌ പിന്നിലേക്ക്‌ ചലിച്ചു.  ഓടടാ , ഓട്‌.  ഒന്നാം വട്ടം പിഴുതെടുത്തു.  രണ്ടാം വട്ടം കീറി വിട്ടു.  മൂന്നാം വട്ടം?  കുഞ്ഞിക്കുറിയൻ മുന്നോട്ടു കുതിച്ചു.  രണ്ടു നാലടി മുന്നിൽ കിതച്ചു വീണു.  മുട്ടു കുത്തി, കൈ കുത്തി, കാലിഴച്ചു.  മുന്നോട്ടു പോകുന്നില്ല.  ഇഴജന്തുവിലും ഭാരം ഭാരം തന്നെ!
പ്രിയ സഹോദരാ, വിശ്വാസിയേ, മുട്ടുകാലിൽ ഇഴയുന്നതെന്തിന്‌? എഴുന്നേൽക്കൂ സഹോദരാ.  നിന്നെ വിശ്വാസികളാകെ തിരയുന്നു.  നമ്മുടെ ഇടനിലക്കാരന്റെ ശബ്ദം നിനക്കു വേണ്ടി ഗ്രാമത്തിൽ മുഴങ്ങുന്നു.  നിന്നെ സ്വാഗതം ചെയ്യുന്നു.  നീ ഭാഗ്യവാൻ.
കുഞ്ഞിക്കുറിയൻ മലർന്നു കിടന്നു. കണ്ണുകളിൽ പുഴ കയറിക്കിടന്നു.  പുഴക്കടിയിൽ കൺഗോളങ്ങൾ അങ്ങറ്റം ഇങ്ങറ്റം ചലിച്ചു.  വേണ്ട, വേണ്ട.  ദേഹത്ത്‌ അമർന്നിരുന്ന കൈയിൽ കൈപ്പത്തി ഇടം വലം ചലിച്ചു, വേണ്ടാ വേണ്ടാ…
വേണ്ട എഴുന്നേൽക്കണ്ട.  നീ ഗ്രാമത്തിന്റെ ഭാഗ്യ നക്ഷത്രം.  കിടന്നു കൊള്ളൂ, സ്വസ്ഥമായ്‌ കിടന്നു കൊള്ളൂ.  നാവനക്കണ്ട, കണ്ണനക്കണ്ട, കൈകാൽ അനക്കണ്ട.  ഈണമില്ലാത്ത താരാട്ടിൽ മയങ്ങിക്കോളൂ.
ആനയിപ്പേൻ ഞങ്ങൾ ആനയിപ്പേൻ, ആനയിപ്പേൻ ഞങ്ങൾ ആനയിപ്പേൻ…. അവരുടെ കാലുകൾ താളത്തിൽ ചാടി കുന്നു കയറുവാൻ തുടങ്ങി.  കാണിക്ക വയ്ക്കുവാനുള്ള ഒരു കാഴ്ചവസ്തുവായി അവരുടെ കൈകളിൽ കുഞ്ഞിക്കുറിയൻ അമർന്നു കിടന്നു.  അവന്റെ കണ്ണുകളിൽ അപ്പോൾ പുഴ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
ആനയിപ്പേൻ ഞങ്ങൾ ആനയിപ്പേൻ… ഇടനിലക്കാരന്റെ മുന്നിൽ കാൽത്താളം ചവിട്ടി ചവിട്ടി വന്നു നിന്നു.
ഭാഗ്യവാനായ ഈ വിശ്വാസിയെ തറയിലേക്ക്‌ വച്ചോളൂ – ഇടനിലക്കാരൻ പറയുമ്പോൾ കണ്ണുകൾ കുഞ്ഞിക്കുറിയനിൽ ദയാലുവായി.
ദിവ്യകാഷ്ഠത്താൽ അനുഗ്രഹീതനായ ഈ വിശ്വാസി ഒരവിശ്വാസിയാൽ കളങ്കിതനായി.  കളങ്കം ഭൂമിയിൽ കഴുകിക്കളയണം.  അല്ലെങ്കിൽ ഈ വിശ്വാസിക്കു മുന്നിൽ ഇരിക്കൂർ സ്വർഗ്ഗം കൊട്ടിയടക്കപ്പെടും.  അത്‌ ഒഴിവാക്കുവാൻ പീഢന പ്രാർത്ഥന അനിവാര്യം.  പീഢനത്തിന്റെ ഇന്നത്തെ ഈ അതിഥിക്ക്‌ കുഞ്ഞിക്കുറിയന്‌ ഹൃദയ പൂർവ്വം സ്വാഗതം.  അല്ലയോ വിശ്വാസി നീ നിന്റെ നാവിനാൽ കളങ്കിതനായി.  നിന്റെ നാവ്‌ ഒരവിശ്വാസിയുടെ ഔഷധം സ്വീകരിച്ചുവേന്ന്‌ കള്ളം പറഞ്ഞത്‌ പാപ കർമ്മങ്ങളുടെ പട്ടികയിൽ പരമ കാഷ്ഠയിലാണ്‌.  നിന്നിൽ പ്രവർത്തിച്ചതു അവിശ്വാസിയുടെ മായ.  മായയാൽ നിന്റെ  വിശ്വാസത്തിൽ തുള വീണു.  തുളയിൽ അവിശ്വാസിയുടെ മായ ഇരിപ്പിടം കൊണ്ടു.  തുളയടയ്ക്കണം.  എങ്ങനെ? ഒരിക്കൽ നീ കയറി ഇരുന്ന വിശ്വാസത്തിന്റെ കൊടു മുടിയിൽ തീവ്രവിശ്വാസത്തിന്റെ ഇരിപ്പിടത്തിൽ നീ എത്തണം.  നീ ഇരിക്കുമ്പോഴും കിടക്കുമ്പോഴും  നിന്റെ മനസ്സ്‌ വിശ്വാസത്തിന്റെ കൊടുമുടി കയറിക്കൊണ്ടിരിക്കണം. നിന്റെ മനസ്സ്‌ നരക പീഢന ചിന്തകളാൽ ഞെട്ടിത്തെറിക്കണം.  അത്‌ നിനക്കുള്ള നരക പീഢനത്തിന്റെ കാഠിന്യം കുറയ്ക്കും.  ഒരു വിശ്വാസി അയാളുടെ  വിശ്വാസത്തിൽ ഒരു പ്രാവശ്യം തുളയിട്ടാൽ അയാൾക്കു മുന്നിൽ സ്വർഗ്ഗവാതിൽ കൊട്ടിയടക്കും.  നരകത്തിൽ വച്ച്‌ അയാളുടെ ആത്മാവിൽ ആയിരം തവണ തുളയിടും.  നീ കേൾക്കുന്നുണ്ടോ കുഞ്ഞിക്കുറിയൻ?
കുഞ്ഞിക്കുറിയൻ വിറയലോടെ തലയാട്ടി.
കൊള്ളാം വിറയ്ക്കുന്ന നിന്റെ ശരീര ഭാഷ വിശ്വാസത്തിന്റെ അടയാളമാണ്‌.  ഇപ്പോൾ മുതൽ നിന്റെ മനസ്സ്‌  വിശ്വാസത്തിന്റെ കൊടുമുടി നടന്നു കയറുകയാണ്‌.  നീ കിതയ്ക്കും, വിറയ്ക്കും, തളർന്നു വീഴും.  അപ്പോഴും നിന്റെ മനസ്സ്‌ പാപഭാരം ചിന്തകളിൽ നിറയ്ക്കണം.  നിന്റെ മനസ്സിനെ നരക പീഢന ചിന്തകളിലൂടെ തള്ളി ഉന്തി നടത്തുവാൻ ഇടനിലക്കാരനായ എന്റെ മനസ്സ്‌ ഒപ്പമുണ്ടാകും.  നിനക്ക്‌ നരകത്തിൽ വിശ്വാസമുണ്ടോ?
കുഞ്ഞിക്കുറിയന്റെ തല ഉണ്ടെന്ന്‌ ആംഗ്യത്തിൽ ആടി.  കൊള്ളാം. നല്ല തുടക്കം.  നിന്റെ മനസ്സിന്റെ പാപഭാരം  താങ്ങിയുള്ള യാത്ര സുഗമമാക്കും.  വിശ്വാസത്തിൽ തുളയിട്ടവൻ നരകത്തിൽ പ്രവേശിച്ച്‌ നാനാവിധത്തിലുള്ള ജീവികളായ്‌ ആയിരം ജന്മങ്ങൾ ഏറ്റുവാങ്ങും.
വിശപ്പും ദാഹവും കുഞ്ഞിക്കുറിയനെ മയക്കത്തിലേക്ക്‌ നയിച്ചു.  അവൻ ജലത്തിനായ്‌ നാവു നീട്ടി.
പാപമോചനത്തിന്‌ പീഢനത്തിന്റെ കൊടുമുടികൾ കയറുമ്പോൾ ജലവും ആഹാരവും വർജ്ജ്യം – ഇടനിലക്കാരൻ പറഞ്ഞു.
കുഞ്ഞിക്കുറിയന്റെ കണ്ണുകളിൽ കയറി ഇരുന്ന ഭീരു വളരുവാൻ തുടങ്ങി.  ഇടനിലക്കാരൻ വളർച്ചയെ പീഢനത്തിന്റെ കണക്കുകൾ തട്ടിയിട്ട്‌ ഊതിപ്പെരുപ്പിച്ചു, തീപ്പൊരിയിൽ നിന്ന്‌ പന്തം പോലെ!
കുഞ്ഞിക്കുറിയന്റെ മനസ്സിൽ നിന്ന്‌ മെല്ലെ ചുറ്റുപാടുകളും യാഥാർത്ഥ്യങ്ങളും                                   ആവിയായിപ്പോയി.  അവന്റെ മനസ്സ്‌ പീഢന ചിന്തകൾ കൊണ്ട്‌ കത്തുന്ന ഒരു പന്തമായി.  പന്തം ശരീരത്തിലും ആളിപ്പിടിച്ചു. അവൻ ഉരുളുകയും നിലവിളിക്കുകയും ചെയ്തു.   നിലവിളിച്ചതു അവന്റെ ആത്മാവാണ്‌. ആത്മാവ്‌ നരകത്തിൽ ആണ്‌.  നരകത്തിലെ വറ ചട്ടിയിൽ അത്‌ വറണ്ടു  നീറുന്നു. ചുട്ടുപഴുത്ത ശൂലങ്ങൾ കൊണ്ട്‌ ആത്മാവിനെ കുത്തിത്തുളയ്ക്കുന്നു.  വേദന,  കൊടിയ മനോവേദനയിൽ അവൻ ഉരുണ്ടു പുളഞ്ഞു.
വിശ്വാസികളേ – ഇടനിലക്കാരൻ പ്രാർത്ഥനാ സ്ഥലിയിൽ നിന്നു വിളിച്ചു – വിശ്വാസത്തിന്റെ കൊടുമുടിയിൽ ഒരവിശ്വാസി വഴുക്കൽ പുരട്ടുവാൻ ശ്രമിക്കുന്നു.  ഇവിടെ ഒരു വിശ്വാസി കുഞ്ഞിക്കുറിയൻ അതിൽ തെന്നി നിലം പൊത്തി.  വഴുതുന്ന പ്രതലം തെന്നുന്ന കാലു-പോലെയാണ്‌.  അത്‌ എപ്പോഴും നില നിൽപ്പിന്‌ ഭീഷണിയാണ്‌.  നില നിൽപിന്റെ ഭീഷണിയിലാണ്‌ ആയുധങ്ങൾക്കു മൂർച്ച കൂട്ടേണ്ടത്‌.  വിശ്വാസിയുടെ ആയുധം പ്രാർത്ഥനയാണ്‌.  പ്രാർത്ഥനയുടെ ഉരുക്കു കോട്ടയിൽ അവിശ്വാസിയുടെ വഴുക്കൽ അടയിരിക്കുകയില്ല.  ഒരു വിശ്വാസി നമുക്കു മുന്നിൽ വീണു കിടന്നു ഉരുളുന്നതു കണ്ടില്ലേ?  ഇത്‌ ഈ വിശ്വാസിയെ പാപമുക്തനാക്കുമെങ്കിലും  എത്ര ദയനീയമാണ്‌ ഈ പ്രായശ്ചിത്തം! വിശ്വാസികളേ അവൻ പുഴവക്കിൽ വസിപ്പവൻ.  മായകൊണ്ട്‌ ശക്തൻ. മായകൊണ്ട്‌ നടപ്പവൻ.  അവന്റെ വാക്കുകളും ഔഷധങ്ങളും മായ.  അത്‌ വിശ്വാസിക്ക്‌ വർജ്യം.  വിശ്വാസി അവന്‌ പിടികൊടുക്കരുത്‌.  പിടികൊടുത്താൽ ഈ കുഞ്ഞിക്കുറിയനെപ്പോലെ….
ഇല്ല, ഇല്ല….. ഞങ്ങൾ പിടികൊടുക്കുകയില്ല – വിശ്വാസികളുടെ ശബ്ദം ഇടറി.
വിശ്വാസികളേ നിങ്ങളുടെ മനസ്സിനെയാണ്‌ അവൻ പിടി കൂടുന്നത്‌.  അവന്റെ  പിടി നിങ്ങളുടെ മനസ്സിൽ വീഴാതെ സൂക്ഷിക്കുക.  അവൻ നമ്മുടെ വിശ്വാസത്തടവറ ആക്രമിച്ചു വാക്‌ ക്ഷേത്രമുണ്ടാക്കി.  അവിടെ നമ്മൾ പടിയടച്ചു പുറത്താക്കിയവരുടെയും പിൻതിരിപ്പന്മാരുടെയും ചിന്തകളെ തുറന്നു വിട്ടിരിക്കുന്നു.  നമുക്ക്‌ അവന്റെ ചുറ്റുവട്ടത്ത്‌ അടുക്കുവാൻ കഴിയുന്നില്ല.  ഇരവും പകളും നമ്മുടെ കാവൽക്കാർ അവിടെയെത്തുമ്പോൾ അവന്റെ മായയാൽ പൊട്ടിച്ചിരിച്ചുകൊണ്ട്‌ പരിസര ബോധം പോലുമില്ലാതെ മടങ്ങിയെത്തുന്നു.   വാക്‌ ക്ഷേത്രത്തിൽ അവൻ നാളിൽ നാളിൽ അവന്റെ തോന്നലുകൾ എഴുതിപിടിപ്പിക്കുന്നു.  അത്‌ വായിച്ച്‌ ഹൃദയത്തിൽ കൊണ്ടാൽ ഇരിക്കൂർ വിശ്വാസിയിൽ നിന്ന്‌ വിശ്വാസം ഇളകിപ്പോകും.  പിൻതിരിപ്പന്മാരുടെ ചിന്തകൾ തുറന്നു വിട്ട ആശയങ്ങൾ വാക്ക്ഷേത്രത്തിലാകെ പതിഞ്ഞു കിടക്കുന്നു.  കൊടുങ്കാറ്റുപോലെ മനസ്സുകളിൽ ആഞ്ഞു വീശുവാൻ ശക്തിയുള്ള അത്‌ വിശ്വാസികൾക്കുള്ളിൽ കടന്ന്‌ വിശ്വാസത്തിന്റെ അടിത്തറ മാന്തിപ്പൊളിക്കും.  നിങ്ങളുടെ ഈ ഇടനിലക്കാരനെ സംബന്ധിച്ച്‌ അത്‌ ഭയാനകവും വേദനാജനകവുമാണ്‌.  എന്തെന്നാൽ പാളി വീണ വിശ്വാസിയുടെ ആത്മാവ്‌ നരകത്തിൽ പിടഞ്ഞു നീറുന്നത്‌ ആലോചിച്ചുകൊണ്ട്‌ ഇരിക്കൂർ ഇടനിലക്കാരൻമാർക്ക്‌ സ്വർഗ്ഗത്തിൽ സ്വസ്ഥമായ്‌ ഇരിക്കുവാൻ കഴിയുകയില്ല.  ആ ഭാവികാല അസ്വസ്ഥതയിലാണ്‌ നിങ്ങളെ വീണ്ടും വീണ്ടും ഉപദേശിക്കുന്നത്‌.  നിങ്ങൾ നിരന്തര പ്രാർത്ഥനയിൽ മുഴുകണം.  നാലു നാൾ നീണ്ടു നിൽക്കുന്ന നിരന്തര പ്രാർത്ഥനക്കൊടുവിൽ നിങ്ങൾക്കുമുന്നിൽ ?ഇരിക്കൂർ സത്ത? പ്രത്യക്ഷപ്പെടും.  അതോടെ നിങ്ങളിലേക്ക്‌ നീളുന്ന മായയിൽ പൊതിഞ്ഞ കരങ്ങളെ ഇരിക്കൂർ സത്ത തട്ടി മാറ്റും. നിങ്ങൾ എന്നെന്നേക്കുമായി മായയെ ജയിച്ചവരാകും.
നിങ്ങൾ നിരന്തര പ്രാർത്ഥനയ്ക്ക്‌ തയ്യാറാണോ?
സമ്മതം, സമ്മതം…. മൂപ്പെത്തിയ വിശ്വാസികൾ വിളിച്ചറിയിച്ചു.  സ്ത്രീകളെയും കുട്ടികളെയും ഇടനിലക്കാരൻ നിരന്തര പ്രാർത്ഥനയിൽ നിന്ന്‌ ഒഴിവാക്കി.  ?ഇരിക്കൂർ സത്ത? യെ നേരിട്ടു കാണുവാനുള്ള ആവേശത്തിൽ ചില സ്ത്രീകൾ തള്ളി ഉന്തി മുന്നോട്ടു വന്നെങ്കിലും ഇടനിലക്കാരൻ അവർക്കുള്ള അവസരം നിഷേധിച്ചു.
വിശ്വാസികളേ – ഇടനിലക്കാരൻ ആർദ്രനായ്‌ വിളിച്ചു – നിരന്തര പ്രാർത്ഥന തേൻ തുമ്പികൾ പൊതിഞ്ഞിരിക്കുന്ന തേൻ പോലെയാണ്‌.  ആദ്യം ചില കുത്തലുകൾ മനസ്സിൽ വേദന സൃഷ്ടിക്കാം.  അപ്പോഴും കൂടുതൽ ശക്തിയോടെ മനസ്സിനെ മുന്നോട്ടു നടത്തണം.  മുന്നോട്ട്‌, മുന്നോട്ട്‌…. ഇപ്പോൾ നിങ്ങൾ ഇരിക്കൂർ സത്ത എന്ന ഒരൊറ്റ ഓർമ്മയിലേക്ക്‌ മനസ്സിനെ നയിക്കുക.  മനസ്സിനെ  അവിടെ നിർത്തുക.  ആ ഓർമ്മയിലേക്ക്‌ കൂടുതൽ കൂടുതൽ കൂട്ടിക്കൊണ്ടുപോയി ഇരിക്കൂർ സത്തയെ മനസ്സിൽ ബലപ്പെടുത്തുക.  കടന്നുകയറ്റം നടത്താൻ ശ്രമിക്കുന്ന മറ്റെല്ലാ ചിന്തകളേയും ആട്ടിപ്പുറത്താക്കുക.  വിശ്വാസികളേ, ആ ഓർമ്മയിലൂടെ ഓടി, ഓടി ഇപ്പോൾ നമ്മുടെ മനസ്സ്‌ പൂർണ്ണമായും ഇരിക്കൂർ സത്തയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്‌.
അതേ, അതേ – അടിയുറച്ച വിശ്വാസികൾ വിളിച്ചു പറഞ്ഞു – അവരുടെ വാക്കുകളിലും ഭാവത്തിലും ഉള്ളിന്റെ ഉള്ളിൽ നിന്ന്‌ തുളുമ്പിയ ഇരിക്കൂർ ഭക്തി മാത്രം പറ്റിപ്പിടിച്ചു നിന്നു.
നാലു നാൾ ഇരിക്കൂർ സത്തയെ മനസ്സിൽ നിർത്തി തുടരെ പ്രാർത്ഥിക്കുക.  വിശ്വാസികളേ നാലാം നാൾ ഇരിക്കൂർ സത്ത നിങ്ങളിൽ അടിയുറച്ച വിശ്വാസികൾക്കു മുന്നിൽ  പ്രത്യക്ഷപ്പെടും. തുടരുക തുടരുക……
തുടർന്ന്‌ ഇടനിലക്കാരൻ അയാളുടെ ദിനചര്യകളിലേക്ക്‌ നടന്നു.

 

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006