പ്രിയദയുടെ പുരുഷാര്‍ത്ഥം/നോവൽ -7

7

ഗാന്ടകി
 പുതുരേണു ഇന്ദ്രനീലക്കണ്ണിനെ വിളിച്ചുവരുത്തി. അവര്‍ അവരുടെ ലാപ്പുകളില്‍ അക്ഷരങ്ങള്‍ തെളിയുന്നതും മായുന്നതും കണ്ടു.   ഭൂമിയിലെ മനുഷ്യര്‍ക്കിപ്പോള്‍ വിരല്‍ത്തുമ്പിന്റെ അകലം പോലുമില്ല. കാലവും ലോകവും എത്ര പെട്ടെന്നാണ് കൂടിച്ചേരുന്നത്, ഇന്ദ്രനീലം പറഞ്ഞു. ഇനി നമ്മുടെ ലോകവും അവരുടെ ലോകവും തമ്മിലും ബന്ധിപ്പിക്കപ്പെടാം. പുതുരേണു തന്നത്താന്‍ പറഞ്ഞു. “അതിപ്പോഴും സാധ്യമാണ്.  മനസ്സിനെ നിശ്ചലമാക്കാനാകുന്ന മനുഷ്യര്‍ ഏതു ലോകങ്ങളിലും എത്താന്‍ പറ്റുന്നവരാണ്.അതിനേക്കാളും നല്ലത് അവള്‍ പറയുന്നത് കേള്‍ക്കുന്നതാണ്. “
ആ രാത്രിയില്‍ ഫോണും ചെവിയോടു ചേര്‍ത്തു ഞാനൊരിരിപ്പ് ഇരുന്നിട്ടുണ്ട്. ഇപ്പോഴും അതെ ഗതിയില്‍ അതെ വെളിവില്‍. എനിക്കാ ഒഴുക്കില്‍ നിന്നും നീങ്ങാനാകുന്നില്ല. എനിക്കു ചുറ്റും നടക്കുന്നതൊന്നും എന്നെ തൊടുന്നില്ല.
സമയത്തിന്റെ മൂന്നു കാലത്തിനപ്പുറം പോകാന്‍ പ്രണയത്തിനെ കഴിയൂ
ഞാനിങ്ങനെ പേമാരിയായിട്ടെപ്പോഴും.
പെയ്യൂ.
ഇങ്ങോട്ടൊന്നും.
നേരം ഞാന്‍ ഉണ്ടാക്കുന്നുണ്ട്. എന്റെ വയസ്സ് കുറഞ്ഞുകൊണ്ടിരിക്കാ  അതുകൊണ്ട് എഴുത്ത് നിര്‍ത്തരുത്.
ഏയ്‌ , അതെന്നെ കൊണ്ടുപോകുകയല്ലേ, ഞാന്‍ കൂടെ പോകുന്നു എന്നേയുള്ളൂ.
പിന്നാലെ…ഞാനും വരാം.
തമ്മിലൊന്നു കാണാന്‍…..
തമ്മില്‍ കാണാന്‍ നമ്മളില്ലല്ലോ…പിന്നെങ്ങിനെ തമ്മില്‍ കാണും?… ഒന്നായിടത്ത്  രണ്ടില്ലല്ലോ.
മിഴിവിലുമൊഴിവിലും
നീ തന്നെ ഞാന്‍
നിനവില്‍ നിറവില്‍
നിദ്രയിലും.
ആവര്‍ത്തിച്ചീ കുറിപ്പുകള്‍ ….. ?
ഒന്നും ആവര്‍ത്തിക്കുന്നില്ല.. ഓരോ വായനയിലും ഓരോ അര്‍ഥങ്ങള്‍ .
എന്നെ സംബന്ധിച്ച് , എനിക്കാ കേന്ദ്രബിന്ദുവില്‍ നിന്നും നീങ്ങാന്‍ വയ്യ . എന്റെ മുഴുവന്‍ ശ്രദ്ധയും അവിടെയാണ് .ഒരു
സൈക്ലോണിന്‍റെ  കേന്ദ്രബിന്ദു.
ആരോ നമ്മളെ അടുപ്പിച്ചു. മുമ്പില്ലാതിരുന്ന സൗഹൃദം.
സൗഹൃദം ഇപ്പോള്‍  സുഖദമായ ഒരു കാവ്യമാകുന്നു. സംസാരിക്കാതെ സംവദിക്കാന്‍ കഴിയുന്ന സൗഹൃദമെന്ന സമശ്വാസം
നമുക്കങ്ങനെയാവാം  കാവ്യംപോലെ, മോഹനമായ സംഗീതം പോല്‍. ഒരു സൗഹൃദം. അതൊരൊറ്റ മരത്തിന്‍റെ പൂക്കലല്ല .
ഒരു കാടു മുഴുവന്‍ പൂക്കാലമാകുന്നതാണ്.
 സംസാരിക്കാതെ സംവദിക്കാന്‍ കഴിയുന്ന സുഹൃത്തുക്കള്‍ ഭാഗ്യമാണ്… വളരെ കുറവാണു, ഒരു നോട്ടം കൊണ്ട് പതിറ്റാണ്ടുകളെ ഇല്ലാതാക്കിയില്ലേ … പക്ഷെ അന്നീ തീവ്രതയില്ലായിരുന്നു. ഓര്‍ത്തെടുക്കാം, നമുക്കും.
ചില സ്മൃതികള്‍ വിസ്മൃതിയുടെ വാതില്‍ തുറക്കും. ഇടയിലുള്ള നൂല്‍രേഖ നീങ്ങിപോകുകയെ വേണ്ടു. പെയ്യാത്ത കര്‍ക്കടക കാറുകളെ പോലെ ഞാനെന്ന വഴിയും ഞാനെന്ന മൊഴിയും. ഒന്നു പെയ്തുനീങ്ങുമ്പോള്‍ തന്നെ മഴ തോര്‍ന്ന നിലാവ്. ഇനിയുമെത്ര പെയ്യണം ഈ ഞാനൊന്നു തീരാന്‍!‍. തൊണ്ട വരെ വന്നൊരു വിതുമ്പല്‍ , കണ്ണെന്തിനാണെന്നറിയില്ല  നനയുന്നു. ഓരോ മനുഷ്യര്‍ക്കും ട്രേഡ്മാര്‍ക്ക് ഉണ്ട്. എന്റെത് കണ്ണീരാണ്‌. എന്‍റെ  നിമിഷങ്ങള്‍  മഞ്ഞധൂളികളാകുന്നു. എപ്പോഴും  പ്രണയം തന്നെ,
സ്വാഭാവികമായി എന്ത് വരുന്നുവോ അതെഴുതണം. പ്രണയമെങ്കില്‍ അത്.
ഉം , സ്വാഭാവികതയുടെ  കാവ്യോപനിഷത്ത്
അതെ, സ്വാഭാവികതയാണ്‌ വേണ്ടത്… അതെന്തായാലും
എത്രവേഗമാണ്  വര്‍ഷങ്ങള്‍  പോകുന്നത്
സത്യം ദിവസങ്ങളുടെ ദൈര്‍ഘ്യം കുറഞ്ഞുവരുന്നു.
നമുക്ക് അവര്‍ കണ്ടപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ആരവങ്ങള്‍ക്കു പിന്നിലേക്ക്‌ പോകാം. കലാലയത്തിന്റെ ആരവങ്ങള്‍. പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള കാലം.  അവിടെയുള്ള അവനും അവളും. പച്ചയില്‍ ചന്ദനമണിഞ്ഞ പോലെ അവളും, ജ്വലിക്കുന്ന ചന്ദനം പോലെ അവനും. എന്തൊരു സുഖമാണ് അവരെ നോക്കി നില്ക്കാന്‍. ചുറ്റിലും ഉത്സാഹം വിതയ്ക്കുന്നവര്‍. എന്നിട്ടുമവര്‍ ചേര്‍ന്നില്ലല്ലോ, എന്തിനാണ് അവര്‍ പിരിഞ്ഞത്? പുതുരേണു ഒന്ന് നെടുവീര്‍പ്പിട്ടു. മനുഷ്യരെ നോക്കി നില്‍ക്കുന്നു എന്നുവെച്ചു നമ്മള്‍ മനുഷ്യരെപോലെ ആകാന്‍ പാടില്ല. ഇന്ദ്രനീലം ആശ്വസിപ്പിച്ചു.
അവര്‍ പരസ്പരം അറിഞ്ഞിരുന്നില്ല. രണ്ടുപേരും വിവരശേഖരണത്തിന്റെ പിന്നിലായിരുന്നു. അവന്‍ കശുമാവ് തോട്ടത്തിലും മണല്‍പ്പരപ്പിലും കലാലയത്തിലും വിപ്ലവം ചൊരിഞ്ഞു. നാടകത്തിലൂടെ അശ്വമേധം നടത്തി. അവള്‍ വായനയുടെ മൊത്തവിതരണത്തില്‍ മാത്രമൊതുങ്ങി. ഈ ജന്മത്തില്‍ അവള്‍ക്ക് അവനെ പറഞ്ഞിട്ടില്ലായിര്‍ന്നു.
പിന്നെ എങ്ങനെയാണിപ്പോള്‍ ?
അവളുടെ സഹനം അപാരമായിരുന്നു, ഭക്തിയും. അവള്‍ അതിലൂടെ പല ജന്മങ്ങള്‍ നീന്തിക്കേറി. അതായിരുന്നു നീ വരുമ്പോള്‍ ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്, ജാതക പരിശോധനയിലൂടെ,  അവള്‍ ജന്മങ്ങളെ തീര്‍ത്തെടുത്തത് എവിടെയൊക്കെ എങ്ങനെയൊക്കെ ആണെന്ന് അന്വേഷിക്കുകയായിരുന്നു. ഒരു ജന്മത്തില്‍ എത്ര ജന്മം തീര്ന്നുപോയെന്ന്. അവള്‍ ഗുരുകടാക്ഷം നേടിയിരുന്നു.
“അവരുടെ നാട്ടില്‍ വര്‍ഷക്കാലം തുടങ്ങി. ഈ മഴക്കാലം അവള്‍ അവനുമൊത്ത് പ്രണയം പറഞ്ഞു തീര്‍ക്കും. ഇനി മഴക്കവിതകളുടെ കാലമാണ്. ദിവ്യലോകത്തെ ഉദ്യാനത്തില്‍ മഴ സ്പര്‍ശമുള്ള പൂക്കളായിരിക്കും ഇനിയുള്ള നാളുകളില്‍ വിടരുക.” അവര്‍ അതും പറഞ്ഞു ധൂളികളായി തിരിഞ്ഞു ദിവ്യലോകത്തേക്ക് യാത്രയായി.
ദേശങ്ങൾ തേടിയിറങ്ങിയവനൊപ്പം അന്നും നാട്ടിൽ മഴ പെയ്തിരുന്നു.
നാട്ടിലെ മഴയും മരങ്ങളും വേനലും പൂവാകയും വിട്ടൊരു ലോകസഞ്ചാരി.
യാത്ര തന്നെ യാത്ര  ഒരു മാറ്റവുമില്ലാതെ.
വേറൊന്നുമില്ലാതെ. ഒന്നിലും പുതുമയില്ലാതെ.
വളർച്ച മാത്രമായി.
ഒരു വാക്കു പോലും അവർക്ക് അറിയില്ലായിരുന്നു.
അറിയണമെന്നുമില്ലായിരുന്നു.
യാത്രകളില്‍ വനങ്ങളെ കടന്നു.
കൃഷ്ണമൃഗങ്ങൾ കൊമ്പുകളുരസി തീപ്പൊരി ചിതറുന്ന വനാന്തർഭാഗങ്ങൾ
കൊമ്പുകളിൽ അഗ്നിജ്വാലകൾ മറച്ചുവയ്ക്കുന്ന അരണികൾ ,
വശ്യമായൊരു കാറ്റിൽ കൂട്ടിയുരസി തീ ചിതറി.
ഉൾവനങ്ങളിലെ രഹസ്യങ്ങൾ ആർക്കാണറിയുക.
മലമേടുകളിൽ നിന്നും പുറപ്പെടുന്ന തപ്താനിലനിൽ കാനനമധ്യേ തീ പിടിക്കുന്നു.
കാറ്റും കാടും തപ്തവായുവിന്റെ അന്തർവാഹിനിയാകുന്നു.
ഉരസലുകളിൽ തീപിടിക്കുന്നു.
അണയാത്ത തീ
പരിക്രമണത്തിന്റെ പ്രകാശ വഴിയിൽ അവന്റെ ചിത്രം പതിഞ്ഞപ്പോൾ,
കഥയൊന്നു മാറി.
പ്രകാശവഴിയിലെ യാത്രികർ അവളെയും തേടിയെത്തി. *
അലിയുന്ന മൃൺമയ രൂപത്തിൽ അലയുന്നവന്റെ അന്വേഷണം.
ദ്രാവിഡപ്പെരുമയുടെ കേളീ നാദം.
രാജസന്നിധിയിൽ മേളപ്രമാണം
കാലം മാറുന്നു.
കുശപ്പുല്ലുകളിൽ തട്ടി നാവു പിളർന്ന സർപ്പങ്ങൾ
മുടിയിഴകളിൽ നിന്നും ഊർന്നുവീഴുന്നു.
കാറ്റ് അതിശക്തമായി മണ്ണുലച്ചു വീശുന്നു
വീശിയൊഴിഞ്ഞ കുടിലിൽ
എന്തൊരു ശൂന്യത !
ആലിംഗനത്തിലൂടെ,
ഇടവപ്പാതിരാത്രികളും പകലുകളും
പണ്ട് പറിഞ്ഞുപോയ ഹൃദയത്തിലെ തിരകളെ തിരികെ എത്തിക്കുന്നു.
തിരമാലകളിൽ ആദ്യമഴയുടെ രസാനുഭൂതി.
വഴിക്കാറ്റിൽ വർഷമുല്ലകൾ എവിടെയോ വിതച്ച വസന്തത്തിന്റെ ഗന്ധം.
പടിയിൽ പ്രതീക്ഷയിൽ ശോകമെരിഞ്ഞു തണലറിയുന്നു.
ആലിംഗനം ഒരു തടവറയാണ്. ആർദ്രമായൊരു തടവറ .
അത് ഒരു നീർത്തണൽ നിവർത്തുന്നു.
നിഴൽ പോലും മോഹിക്കന്ന തണൽ.
കല്ലാൽത്തണലിൽ തെക്കോട്ടു തിരിഞ്ഞിരുന്ന് മൗനമുപദേശിക്കുന്ന ദക്ഷിണാമൂർത്തി.
അതുമൊരു തണലാണ്.
മൗനമെന്ന ആലിംഗനത്തിന്റെ
അതിദിവ്യമായ തണൽ
അകലങ്ങളിലിരുന്നിട്ടും ആലിംഗനം
ആനന്ദകരമായ ഗേഹം പണിയിക്കുന്നു.
വിഭാണ്ഡകന്റെ ക്രൗര്യം നിറഞ്ഞ
ശിലകളെ കടന്നു പോലും അതു നീണ്ടിട്ടുണ്ട്.
മഴ പെയ്യിച്ചിട്ടുണ്ട്.
കാളീഭക്തന്റെ മുല്ലവള്ളി തേൻമാവിനോടു ചേർന്നുനിന്നു സുഗന്ധത്തിന്റെ ധവളാരണ്യം തീർത്തത്.*
തിരക്കിനും തിരക്കില്ലായ്മയ്ക്കും ചേർന്നുപോകുമ്പോൾ ഒരു ചാരുതയുണ്ട്.
ആഴിയുടെ അനന്തനീലിമയോ,
അമാവാസിയുടെ ആകാശത്തിന്റെ ഘനശ്യാമവർണ്ണമോ
പൗർണ്ണമിയുടെ ശുഭ്രനൈർമ്മല്യമോ
പല വർണ്ണങ്ങളുടെ ചാരുത.
എപ്പോഴും തിരതള്ളുന്ന നദിയും.
ഒരു തിരയിലും അനങ്ങാത്ത തീരവും
തമ്മിലമരുമ്പോൾ
ഭൂഖണ്ഡങ്ങളുടെ അകലം ഇല്ലാതാകുന്നു.
പുക പോലെ മഞ്ഞുമൂടി നിൽക്കുന്ന നരച്ച വഴികളിൽ എത്ര പെട്ടെന്നാണ് വെയിൽ പൊൻകിരണങ്ങൾ ചാർത്തുന്നത്.
പ്രഭാതം പോലും ആ പ്രഭയിൽ അലിഞ്ഞു പോകുന്നു.
മുടിയിഴകളിൽ പോലും തീക്ഷ്ണത .
ഭസ്മഗന്ധമുള്ള സ്പർശം.
മഴയെക്കാരുങ്ങിയ മണ്ണിന്റെ ലഹരിയുള്ള ഉൾപ്പിടച്ചിൽ.
വിരലുകളിൽ നിന്നും മിന്നൽ പെയ്യുന്നു.
വർഷമേഘങ്ങളുടെ സാന്നിധ്യം മഴ പെയ്യുമെന്നറിയിക്കുന്നു.
മേരുതടങ്ങളിൽ ഉന്മാദത്തിന്റെ കദംബപ്പൂക്കൾ പെരുകുന്നു;
പുതിയ നീർച്ചാലുകൾ വഴി തുറക്കുന്ന സിരകളുടെ നേർത്ത മർമ്മരം.
നീർച്ചാലുകൾ സാഗരത്തിലേക്ക് വഴി തേടുന്നു.
നദിയിൽ കർപ്പൂര വിളക്കുകൾ തെളിയുന്നു.
ഓളങ്ങളിൽ ഉലഞ്ഞ്
തീരം ചേർന്നൊഴുകുന്നു.*
ശില ചലിക്കുന്നു.
നാദമുയർത്തുന്നു.
കടലിരമ്പുന്ന പോലെ , അല്ല
പാറക്കെട്ടുകളിൽ കാട്ടുചോല മുഖമമർത്തുന്ന പോലെ
നീർത്തുള്ളികളുടെ സംഘനൃത്തം.
കരിങ്കല്ലു പതിച്ച മുറ്റത്ത് തെളിഞ്ഞൊഴുകുന്ന കുഞ്ഞുനീർച്ചാലുകൾ പോലെയാണ് ഉള്ളിലെ മഴ.
പ്രണയത്തിന്റെ എത്ര ചാലുകൾ
ഓരോ ചാലിലും ഇലത്തോണികൾ,
വേനൽ ബാക്കി വെച്ചു കാറ്റു വീഴ്ത്തിയിട്ട പൂക്കൾ .
ചാലുകൾ സമൃദ്ധമാണ്.
ജലമൊഴുകുന്നതിനടിയിൽ നിലയ്ക്കാതെ നീണ്ടു പോയ ഗ്രീഷ്മത്തിന്റെ ഉണങ്ങി വിണ്ട പാടങ്ങൾ
പുല്ലു മുളക്കാത്ത മണൽപ്പരപ്പുകൾ
എന്നിട്ടും ഉണങ്ങിപ്പോകാതെ, കരിഞ്ഞു പോകാതെ,
വസന്തത്തിന്റെ നിറക്കാഴ്ചയുടെ പൂക്കാലം ഉള്ളിൽ ചേർത്ത് വിത്തുകളും.
വെള്ളച്ചാലിനടിയിൽ മണൽപ്പരപ്പുകൾ.
നനവിൽ മൃദുവാകുന്നു.
മൃദുവായ മണ്ണിന്റെ ജൈവഭാവം .
ഇച്ഛാദ്വീപുകളിൽ വസിച്ചവരാണ് മേഘങ്ങളിലേക്ക് വളരെ വേഗത്തിൽ ചേക്കേറുന്നത്.
ജലം കൊണ്ടു കൊട്ടാരം പണിയുന്നത്.*
അംബരവും ചിലപ്പോൾ പാട്ടു മൂളും.
നൂറ്റാണ്ടുകൾക്കു മുമ്പുള്ളത്.
ചില നൊമ്പരങ്ങൾ ചില നഷ്ടങ്ങൾ
എത്രയോ വിശിഷ്ട സംസ്കാരങ്ങൾ മണ്ണിനടിയിൽ , ആരുമറിയാതെ മറഞ്ഞിരിക്കുന്നു.
മോഹഞ്ചാദാരോ ഹാരപ്പ
നദീതീരങ്ങളിൽ എക്കാലവും മനുഷ്യൻ മഹാ ജീവിതങ്ങൾ പണിതു.
കാലങ്ങളെ അതിജീവിക്കുന്ന ഒന്നും ആരും പണിതില്ല.
ഖനനങ്ങൾ ഒരിക്കലും അവയെ തിരികെ കൊണ്ടു വരുന്നില്ല.
മുമ്പൊരു കാലത്ത് അതുണ്ടായിരുന്നു എന്നു മാത്രം അറിയിക്കുന്നു.
മണ്ണിനടിയിലും മനസ്സിനടിയിലും പെട്ട് എന്തൊക്കെ മറഞ്ഞു.
ചിലതൊക്കെ മനസ്സിനടിയിൽ പെട്ടു പോയാലും അതേപടി തിരിച്ചെടുക്കാനാകും.
മനസ്സിന്റെ ഇന്ദ്രജാലം.
പതിറ്റാണ്ടുകൾ കഴിഞ്ഞാലും.
അതിനത്രയേറെ ദ്യുതിയുണ്ടായിരുന്നു.
ചിലപ്പോൾ മറഞ്ഞുപോയ പുൽമേടുകൾ തിരിച്ചെത്തുന്നത് പൂങ്കാവനമായിട്ടാകും.
മറഞ്ഞു പോയ ചെറു കൂപം വിരൽ ചലനത്തിൽ നാടിനെ കുളിർപ്പിക്കുന്ന ജലാശയമായിട്ടാകും ഉണർന്നു വരിക.
ഒരു ശില മനോഹരമായ ശില്‍പ്പമായിട്ടാകും.
മഴ ഗ്രീഷ്മം കടക്കുന്നു.
കടക്കാനെത്ര ദിനരാത്രങ്ങൾ വഴിക്കണ്ണുവെച്ചു തെറ്റാതെ നോക്കി.
കാട്ടുപൊന്തയിൽ കവിത പോലെ നിന്നും കാണാപാടത്തു കണ്ണടച്ചും.
നാട്ടുകൂട്ടത്തിൽ കളി പറഞ്ഞും ചിരിച്ചെത്തുന്നു.
കൂടെ പുൽനാമ്പുകളറ്റമില്ലാതെ നിരക്കുന്നു.
മഴ പെയ്തും തോർന്നും,
സംസ്കാരങ്ങൾ രൂപം കൊണ്ടും  ഇല്ലാതായും.
കാലം തൊടാത്ത ചൈതന്യം
മനസ്സുകളുടെ ആർദ്രതയായി എന്നുമൊഴുകുന്നു.
ദിശ തെറ്റാതെ ദിശ നോക്കാതെ. *
മഴയിപ്പോൾ ഉരുളു പൊട്ടിക്കുന്നില്ല.
ഏകാന്തതയുടെ ചീളുകൾ കുത്തിക്കയറ്റി പടി കയറുന്നില്ല.
വിപരീത വചനങ്ങളുടെ പഴിയറിയുന്നില്ല.
പ്രിയദയായ് പെയ്തു നിറയുന്നു:
മഴയ്ക്കു മേലെ ഗോവർദ്ധനഗിരിയുയരുന്നു.
എന്നിട്ടും
മാമ്പൂവിന്റെ മണമുള്ള വിരഹമൊരു പരിഭവചിത്രം വരയ്ക്കുന്നു .
അപ്പോഴും ഒരു ചിരിയുടെ ഹിമധാവള്യം  എന്നെ മൂടുന്നു.
നിന്നിലേക്ക് കാൽ വെച്ച അന്നു മുതൽ വരൾച്ചയെന്നും ഉഷ്ണമെന്നും വാക്കുകളുണ്ടെന്ന് ഞാൻ മറന്നിരിക്കുന്നു..
മറവിയിൽ പിന്നെയും എന്നൊക്കെ.
ബഹളങ്ങളുടെ സ്നാനഘട്ടത്തിൽ ഞാനിന്നു നിശ്ശബ്ദതയിൽ മുങ്ങുന്നു.
മുങ്ങുമ്പോഴും മുങ്ങി നിവരുമ്പോഴും നീ തന്നെ.
അദ്രിജയുടെ വെൺചിലമ്പ് ശിവസ്തുതിയിലിളകുന്ന നിസ്വനം മാത്രം
അറിയില്ല,
മറ്റൊന്നും അറിയാതെ പോകുന്ന ഒറ്റ വികാരമോ
മനസ്സത്ര ശൂന്യമായ് ഒന്നിൽ പൂർണ്ണമായ് തീരുന്നു.*
നിന്നെക്കുറിച്ചു പറയുമ്പോൾ
ഞാൻ പ്രിയദമെന്നും ഹാർദ്ദമെന്നും മാറി മാറി
ഉപയോഗിക്കുന്നു. അതിലൊന്നുമില്ല.
അത് പലപ്പോഴും വികാരം പോലുമല്ലാതാകുന്നു.
അനുഭവത്തിന്റെ മാത്രം ലോകത്തേക്ക് ഏതോ യാനത്തിലേക്ക് കൈ പിടിച്ച്,
ഗന്ധമോ വെളിച്ചമോ സ്പർശമോ ……
ഞാനൊരു നിഴൽച്ചിത്രത്തിലേക്ക് കണ്ണടയ്ക്കുന്നു.
എല്ലാവിധ അലങ്കാരങ്ങളും നീക്കിക്കളഞ്ഞ് ,
അതിസുതാര്യമാക്കുന്നു.
നിറഭേദങ്ങളില്ലാതെ
എന്നാൽ വിസ്മയങ്ങളുടെ ആർദ്രമായ ലോകമുണരുന്നു.
നോക്കുന്നിടത്തെല്ലാം നീർത്തുള്ളികൾ തുളുമ്പുന്നു.
മഴയായും മഞ്ഞായും
ഗോളാകൃതിയിൽ നിന്നെ പ്രതിഫലിപ്പിക്കുന്ന നനുത്ത തുള്ളികൾ .
ഒരേ ആവേഗത്തിൽ ഹൃദയം മിടിക്കും പോലെ ഒരാൾ ഹൃദയത്തിൽ നിവരുമ്പോൾ
ഞാൻ വീണ്ടും ഹാർദ്ദമെന്നു തന്നെ ഒരു കുഞ്ഞു ചിരിയിലേക്ക്.
ആയിരം നുരകളൊന്നിച്ചൊറ്റ വെൺതിരയാകും പോലെ
അല്ലാ
തിരയൊതുങ്ങിയ ധവളസമുദ്രം പോലെ.*
പക്ഷികൾ പകലിന്റ വീട്ടെടുക്കുന്നു.
ചീട്ടിൽ ഉണർച്ചയുടെ ചിത്രം വീണു. ഇനിയുണരാം.
നടന്നു മറഞ്ഞ മൺപാതകൾ
ഓടി മറയുന്ന ദൃശ്യങ്ങൾ:
നിന്റെ കൈ പിടിക്കുമ്പോൾ മാത്രം പഴയ മൺപാതകൾ തിരികെയെത്തുന്നു.
കൗതുകത്തിന്റെ പകലെരിയുന്നു.
ഒറ്റയടിപ്പാതയോരത്തെ പൊന്തക്കാടുകളിൽ ആരോ വിതച്ചിട്ട പോലെ പൂ നിറയുന്നു.
അകത്ത്‌
അകന്നടുത്തു നില്‍ക്കുന്ന ശൂന്യതയിലേക്ക് മഴ പോലെ പൂ വിതറുന്നു.
പുറത്ത്
ഒരു സ്വർണ്ണവെയിലിലേക്ക് ചൂടുള്ള മഴ പെയ്യുന്നു.
വെയിലെന്തു കണ്ടു, മഴയും.
വെയിൽ കാഞ്ഞു നില്ക്കുന്ന മഴ.
മഴ കൊണ്ടു നില്ക്കുന്ന വെയിലും
മഴയുടെ അവിരാമമായ കാത്തിരിപ്പിനൊടുവിലാണ് വെയിൽ മഞ്ഞയുടുക്കുന്നത്.
മഞ്ഞവെയിലിൽ, ആർദ്ര മിഴിയുമായി
ഒറ്റയടിപ്പാത തീരും വരെയും ഞാൻ നിനക്കു പിന്നിലുണ്ട്.
വഴിയരികിലെ മുന്തിരിത്തോപ്പുകളും
ജലാശയങ്ങളും ഞാൻ കരുതി വെക്കുന്നു.
ഒറ്റയടിപ്പാത തീർന്നാൽ ഞാനൊപ്പമുണ്ട്.
അനുപമമായ രാജവീഥിയിലൂടെ
പകലിന്റെ ചീട്ടെടുത്ത പക്ഷി മുമ്പേ പറക്കുന്നു.  *
ഒന്നുമറിയാതെ ഹൃദയം തുറന്ന് അവളൊഴുക്കുന്ന വാക്കുകള്‍ എത്ര സത്യമാണ്. നാളെ ലോകം പ്രണയത്തിന്റെ പര്യായമായി അവരുടെ പേരുകളും ഉച്ചരിക്കും. ലോകം അവരെ ഏറ്റെടുക്കുമ്പോഴും അവര്‍ അതൊന്നും ശ്രദ്ധിക്കാതെ ശാന്തരായി കുഞ്ഞു കുഞ്ഞു തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കും. കഫേയിലിരുന്നു കഥ പറഞ്ഞു കാപ്പി കുടിക്കും. ശൈവ പാരമ്പര്യമുള്ള ഗുരുക്കന്മാരെ വണങ്ങും. അവര്‍ ആ പരമ്പരയില്‍ നിന്നുള്ളവരാണ്. ആധുനികലോകത്തിന്‍റെ ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു കാതോര്‍ക്കും.
വഴിക്കു പിന്നിൽ നറുക്കെടുപ്പുകാരൻ ബഹളം വെയ്ക്കുന്നു.
ജീവിതമോ മരണമോ എന്ന്
ഓരോ ദിവസവും നറുക്കെടുത്തു കൊണ്ടിരുന്നു.
കണക്കെടുപ്പുകള്‍ തീര്‍ന്നവർ മുന്നോട്ടു നീങ്ങുന്നു.
ഇനിയൊന്നും ഇല്ലെന്നറിഞ്ഞു തന്നിലേക്ക് തന്നെ തിരയാന്‍ തുടങ്ങുന്നു.
അകത്തേക്ക് , അറ്റമില്ലാത്ത അകത്തേക്ക്.
അകത്തെങ്കിലും വഴിയെത്ര !
എത്രയൊക്കെ തിരഞ്ഞു.
നറുക്കെടുപ്പുകാരൻ ഇപ്പോൾ വളരെ പിന്നിലാണ്.
അനന്തമായ പ്രയാണം
മണൽപ്പരപ്പുകളിൽ ഒട്ടകപ്പുറത്ത്.
യുദ്ധവീഥികളിൽ അശ്വാരൂഢനായി.
പാലങ്ങളെ വിട്ട് പുഴകളിൽ തോണിയിലുടെ
വഴിവിളക്കു കത്തുന്ന കുഞ്ഞുതോണികൾ
പറഞ്ഞു പോകുന്നതെല്ലാം യാത്രയുടെ അടയാളവാക്യമാകുന്നു
ശംഖും മുരളിയും തപ്പും തുകിലും തലേക്കെട്ടും എല്ലാമുണ്ട്.
മാറി മാറി കേൾക്കാം.
തേരോടിത്തകർന്ന മൺപുറ്റുകൾ
വിഷാദപർവങ്ങളെ തീർച്ചപ്പെടുത്തുന്നു.*
മഴയുടെ പ്രഭാത കീർത്തനം കഴിഞ്ഞു.
മഴ കണ്ടു നിൽക്കുന്നവർ ഏതൊക്കെ കിർത്തനങ്ങളാണ് പാടുന്നതെന്നറിയില്ല..
മഴയും കേൾക്കുന്നുണ്ടാകും ആ കീർത്തനങ്ങൾ .
എനിക്കു പാടാനറിയുമായിരുന്നെങ്കിൽ
ഞാൻ നമ്മളെ സംഗീതമാക്കി മാറ്റിയേനെ.
അപൂർവ രാഗങ്ങളുടെ ജൂഗൽബന്ദി.
ഹൃദയം പാടുമ്പോഴായിരിക്കും കവിത പിറക്കുന്നത്.
ഹൃദയത്തെ കേൾക്കാനാകുമ്പോൾ മാത്രം പിറക്കുന്നത്.
അറിയപ്പെടാത്ത പേരുള്ള ഒന്നിനു മാത്രം കേൾക്കാവുന്നത്.
അപ്പുറത്തു കണ്ടൊരു ലക്ഷ്യം ഇല്ലാതാകുമ്പോൾ താനെ വരുന്നത്.
എത്ര വേഗമാണ് ഇനിയൊന്നും തിരയാനില്ലെന്നു വരുന്നത്.
ലക്ഷ്യമെത്ര തരളിതമാണെന്നറിയുന്നത്
സിരകളിൽ ഉന്മാദം പകരുന്നത്.
നേടിയവരുടെ കൂട്ടത്തിൽ നമ്മുടെ പേരും എഴുതപ്പെടും.
കാലം ഹരിച്ചെടുത്ത ഒന്നിലൂടെയുമല്ലാതെ അലങ്കാരങ്ങളുടെയോ
ഐതീഹ്യങ്ങളുടെയോ പിന്തുണയില്ലാതെ
തങ്കത്തിന്റെ അക്ഷരങ്ങളിൽ ആ എഴുത്ത് തെളിയും,
ഖനികളിലെ മഞ്ഞത്തരികൾക്ക് അന്ന് വസന്തമായിരിക്കും.*
43
സന്ധ്യ ദേശവാതിൽ ചാരുന്നു.
കെട്ടിവച്ച മുടിയഴിച്ചു മുഖം കഴുകുന്നു.
നിദ്രയക്കു മുമ്പൊന്നു കൂടി സജീവമായി ലോകം ഒരുങ്ങുകയാണ്.
ധൃതി കൂട്ടി കൂട്ടി കൂട്ടപ്പെരുക്കം നടത്തുന്നു.
തിരക്കു കാണാതെ
പരദേശി വിശ്രമിക്കാനിടം തേടുന്നു.
മാറാപ്പിറക്കി വെച്ചു തല ചായ്ക്കാൻ ഒരു വെളിംപറമ്പ് കണ്ടെത്തുന്നു.
മാറാപ്പഴിക്കാൻ ഇനിയും സമയമുണ്ട്.
നഗരവീഥിയുടെ കാവൽക്കാരൻ അടഞ്ഞ വാതിലിനു പുറത്ത് പണി നിർത്തി പാടുന്നു.
നാടോടികളുടെ ഗാനങ്ങൾ
പരദേശി മാറാപ്പിലെ കരിമ്പടം കുടഞ്ഞു വിരിക്കുന്നു.
കുടയുമ്പോൾ തെറിച്ചതെല്ലാം ആകാശത്തു തിളങ്ങുന്നു.
നാടോടി എവിടെ നിന്നൊക്കെ ശേഖരിച്ചതാവും കുടയുമ്പോൾ തെറിച്ചത്.
പകൽ പിറക്കുമ്പോൾ കരിമ്പടം മടക്കുമ്പോൾ തെറിച്ചതെല്ലാം വീണ്ടും മാറാപ്പിലേറും.
പരദേശിക്കിതു പതിവല്ലെ.
പതിവില്ലാത്ത ചിലത് എനിക്കല്ലേ .
വീണു കഴിഞ്ഞ ഇരുട്ടിൽ വേറൊന്നും ചെയ്യാനില്ല, ഒരു നാദം കാത്തിരിക്കുകയല്ലാതെ .
കാതോർക്കുകയല്ലാതെ,
എന്തു മഴയാണു ചെയ്യുന്നത്.
പണ്ടേ പോലെയൊന്നു വന്നതാണ് മഴ,
നാട് വഴിയടച്ചു കോട്ട കെട്ടിയതറിയാതെ ഒഴുകി നീങ്ങാൻ വഴി നോക്കുന്നു.
മനുഷ്യനടച്ച വാതിലുകൾ അവൾ തകർത്തുതുറക്കുന്നു.
മഴ രണ്ടും കല്പിച്ചാണ് വരുന്നത്.
ഭൂമിയുമങ്ങനെ തന്നെ രണ്ടും കല്പിച്ച്.
പെരുമഴക്കാലങ്ങൾ, വെയിൽക്കാലങ്ങൾ,
മഞ്ഞുകാലം ഒക്കെയും സമനിലയ്ക്കു തയ്യാറില്ലാതെ കനത്തുപോകുന്നു.
നേർപ്പിച്ചു നേർപ്പിച്ചു വറ്റിപ്പോയ കാരുണ്യം കൊണ്ടു നടക്കുന്ന മനുഷ്യർക്കായി നേർപ്പിക്കാതെ വരുന്നു.
നാടോടിയുടെ കഥകൾക്ക് വീര്യം കുറയാതിരിക്കാൻ കാലമിപ്പോൾ ഇങ്ങനെയാണ്.*
43  ആമത്തെ ദിവസം. അവള്‍ അവനു കുറിക്കാന്‍ തുടങ്ങിയിട്ട് അത്രേം ദിവസമാകുന്നു. മഴ കഴുകി വൃത്തിയാക്കിയ കറുത്ത പാറയില്‍ അവള്‍ വെറുതെയിരുന്നു വെളുത്ത പൂഴിമണ്ണിനെ പരത്തിയിട്ടു. അതില്‍ വിരലുകള്‍ കൊണ്ടു ചിത്രം വരച്ചു. പന്തീരാണ്ടു കാലമെത്തി പൂത്ത നീലക്കുറിഞ്ഞികളുടെ താഴ്വരകള്‍ അവളെ പുളകിതയാക്കി.  എവിടെനിന്നോ നേര്‍ത്ത സ്ഥായിയില്‍ കേട്ടിരുന്ന  പ്രണവമന്ത്രത്തിനു ചെവിയോര്‍ത്താണവള്‍ അന്നു കിടന്നത്. രാത്രിയില്‍ അവളൊരു സ്വപ്നം കണ്ടു. മിനുസമാര്‍ന്ന പാറയില്‍ അവള്‍ വിരിച്ചിട്ട പൂഴിമണ്ണില്‍  അവള്‍ കേട്ട നാദം ചിത്രങ്ങള്‍ മെനയുന്നത്. അന്തരീക്ഷത്തിലെ ജലകണികകള്‍ കൊണ്ടും അതെ ചിത്രങ്ങള്‍. നടുവിലെ ഒറ്റ
ത്രികോണത്തെ ചുറ്റി ത്രികോണങ്ങളുടെ നിരവധി വലയങ്ങള്‍. ഉറക്കത്തില്‍ അവളതെണ്ണി  42 എണ്ണം.  നടുവിലെ ഒറ്റ ത്രികോണത്തിനുള്ളില്‍ അവളിരിക്കുന്നു.
*വെയിലെന്നുള്ള വാക്ക് മറന്നു.
എന്തു മഴയായിരുന്നു.
ഇലകൾ മഴകളിൽ പാടുന്നു എന്ന് ഇപ്പോൾ പറയാൻ വയ്യ.
ഭീതി വിതയ്ക്കുന്നു.
നിറങ്ങളുടെ പൊലിമയില്ല.
മങ്ങിയ ഉരുണ്ട നിറം മാത്രം ചുറ്റും.
ജല തരംഗത്തിന് എത്ര സുന്ദരമായ ശ്രുതി ഭേദമാണ്.
പക്ഷെ കേൾക്കുമ്പോൾ മണ്ണിന്റെ കരച്ചിൽ പോലെ തോന്നുന്നു.
നിത്യവും ചിലച്ചുണർത്താനുള്ള കിളികൾ വിലാപത്തിന്റെ സ്വരമാണുയർത്തുന്നത്.
*കർക്കടകത്തിന്റെ മുക്കുറ്റിപ്പാടുകൾ
കാലവർഷത്തിന്റെ വഴികളിൽ തെളിയുന്നു.
രാവിലെ മഴയ്ക്കൊപ്പം മഞ്ഞുമുണ്ട്.
പയറു പൂവിടുന്ന കാലം.
ഇളം വയലറ്റു നിറത്തിൽ പൂക്കൾ പയറിനു മേലെ ആകർഷണത്തിന്റെ തുണ്ടുകളായി.
പണ്ട് എത്ര നടന്നിരിക്കുന്നു, പയറു പൊട്ടിക്കാൻ.
ഓർമ്മകൾക്കെന്തൊരു വെളിച്ചം, ഉച്ച വെയിലു പോലെ.
അകത്തുണ്ട്,
അടുത്തുണ്ടെന്നത് പുറത്തേക്കുള്ള നോട്ടങ്ങൾക്ക് തടയിടുന്നു.
അല്ലെങ്കിൽ പുറത്തു കാണുന്നതെല്ലാം അകത്തേതു തന്നെയാകുന്നു.
ഒന്നാകുന്നു.
ഹൃദയത്തിൽ തണുപ്പുള്ള കരങ്ങൾ തൊട്ടപ്പോഴാണ് ഇവിടെയെന്റെ തംബുരു പാടാൻ തുടങ്ങിയത്.
പച്ച മലകൾ കുട പിടിച്ചത്.
നീലാകാശം ചേല ചുറ്റിയത്.
മൂടിക്കിടന്ന ഉറവിൽ നീർ കിനിഞ്ഞത്.
പുഴ ഒഴുകിയത്.
*പുഴ ചാലു തീർക്കുന്നു, ഹൃദയ രൂപത്തിൽ.
ഹൃദയത്തിനു ചുറ്റും പച്ച ചുറ്റുന്നു.
തീരത്ത് വെള്ളാരം കല്ലുകൾ വിതറുന്നു.
സുദർശനം വരച്ചിട്ട കല്ലുകൾ.
നാടുകാണി മന്ദഹസിക്കുന്നു.
പച്ച ചുറ്റിയ ഹൃദയം കണ്ട്, വെള്ളാരം കല്ലുകൾ കണ്ട്.
ഓട്ട വീണ കരിമ്പടത്തിലൂടെ രണ്ടു ഹൃദയങ്ങളുരുകുന്ന നിലാവിറങ്ങി വരുന്നതും കണ്ട്,
 ദേശവാതിലടഞ്ഞു. കിളികൾ പാട്ടിനെ കൂട്ടിലേക്കിട്ടു, നിദ്രയിലേക്ക്.*
പ്രഭാതം ഉൽക്കർഷ ചലനങ്ങളാൽ കടന്നുവരുന്നു.
മഴയിലും മഞ്ഞിലും പൊരിയുന്ന ചൂടിലും.
മഴ പെയ്യാത്ത നഗരങ്ങളുടെ ഉഷ്ണവാർത്തകൾ കേൾക്കുമ്പോഴാണ്
മഴക്കാലമാണ് അനുഗ്രഹമാണ് എന്നൊക്കെ അറിയുന്നത്.
മഴക്കാലത്തെ കടൽത്തീരങ്ങൾ അതു പറയില്ലല്ലൊ,
മഴയ്ക്കു കൊടുക്കേണ്ടി വരുന്ന കരപ്രദേശങ്ങളെ ചൊല്ലി വേവലാതിയിലല്ലേ
ഉരുൾപൊട്ടലിന്റെ മലഞ്ചെരിവുകളും അങ്ങനെത്തന്നെ.
അവർ തിരിച്ചു പറയുന്നു, അനുഗ്രഹത്തിന്റെ വിപരീത പദങ്ങൾ.
മഴ മുക്കിയ പാടങ്ങൾ നോക്കുന്ന കർഷകനും കൂട്ടു ചേരുന്നു.
വരൾച്ച കൊണ്ടു വിണ്ട പാടത്തിനു നടുവിൽ തൊണ്ട വരണ്ടപ്പോൾ കർഷകൻ
പറഞ്ഞതു കേട്ട് മണ്ണ് വരെ വിരണ്ടു.
മഴയില്ലാതെ മലയ്ക്കു മേലെ ജലം വറ്റിയ നീർത്തടങ്ങൾക്കു മുന്നിൽ നിന്നവനും അതല്ലാതെ എന്താണ് പറയാനുണ്ടായിരുന്നത്.
മഴയിലും കട പുഴകാത്ത മരങ്ങളിൽ ചേക്കേറുന്ന കിളികൾ വേനലും വർഷവും കാണുന്നു.
വേനലിൽ പച്ചപ്പിന്റെ തീരങ്ങളിലേക്ക് പറക്കുന്നു.
മഴയും  വേനലും കടന്നൊരു കാലത്തേക്ക് നിര്‍മ്മമരാകുന്ന  പ്രണയികള്‍ കാലത്തിന്‍റെ വസന്തമുണ്ണുന്നു.*
മഴ നാടുകാണികളുടെ വിശേഷം ചൊല്ലുന്നു.
മഴയ്ക്കു മുമ്പെയും പിമ്പെയും വെയിൽ നരച്ച തോർത്തിൽ
മഴ തോർത്തിയെടുക്കുന്നു.
മഴ വീഴ്ത്തിയ ചെമ്പകങ്ങൾ കാറ്റിൽ അവസാനത്തെ മണവും ചേർത്ത് മണ്ണിലേക്ക് തിരിയുന്നു.
മഴ ഇടയ്ക്കൊന്നു നിലക്കുന്നു.
നിലയ്ക്കാതെ തുടരാൻ മഴ പ്രണയമൊന്നുമല്ലല്ലോ.
വേനലിലുണങ്ങി മണ്ണിലേക്ക് തല വലിച്ച കിഴങ്ങുകളിൽ താമരയുടെ തളിരിലകൾ.
തളിരിനുള്ളിൽ മൃദുവായൊരു മൊട്ട് വേരുകളിൽ നിന്നും മർമ്മരമുണർത്തി നീങ്ങി
തളിർകൂടയിലൊരുങ്ങുന്നു.
സൂര്യനിൽ നിന്നും പ്രിയദമായൊരു ചുവപ്പേറ്റു ദളങ്ങൾ വിടർത്താൻ
ജലജകന്യ  മാത്രം കേട്ട മർമ്മരം
പ്രണയഗീതമായി പുറത്തൊഴുകും.
അത് ഉണർവിന്റെ ഗാഥയാണ്.
കാറ്റിലൂടെ നഗരങ്ങളും ഗ്രാമങ്ങളും കടക്കും.
തെക്കും വടക്കും ദിശ നോക്കാതെ,
കിഴക്കും പടിഞ്ഞാറും ദിക്കുനോക്കി
ആകാശത്തിലൂടെ
തണുപ്പുള്ള മനസുകളെ തേടി.*
മഴ തിരക്കിന്റെ തീരങ്ങളെ തൊടാനാകാതെ പുഴയിൽ പെയ്യുന്നു….
പുഴയോ
തീരത്തിലേക്ക് ഹൃദയത്തെ പെയ്യുന്നു.
ഒരു ലയനത്തിന്റെ അലൗകീക വാഴ്ത്തോടെ
ഉഡുരൂപികളായ ആകാശചാരികൾ പെയ്ത്തിന്റെ ഓരോ തുള്ളിയിലും അദമ്യമായ ദാഹത്തെ ചേർക്കുന്നു.
നന്ദനോദ്യാനത്തിന്റെ നിറക്കാഴ്ചകൾ ഒരുക്കിവെയ്ക്കുന്നു.
പുറത്തിറക്കാതെ.
സമൃദ്ധിയുടെ ആകാശത്ത് തിടം വെച്ച മേഘങ്ങൾ അക്ഷമയോടെ പതിയെ നീങ്ങുന്നു.
അക്ഷയലോകം ഇനിയും.
മഴ തിരഞ്ഞു തിരഞ്ഞു നില്ക്കുകയാണ്.
മൈലുകൾക്കപ്പുറത്ത് തിരക്കിൽ നിന്നൊരു മുഖം നിവരുന്നതും നോക്കി.
വഴികളിൽ ജലം നിറയുമ്പോൾ  വഴിക്കണ്ണു വെച്ച കണ്ണിലും ജലം നിറഞ്ഞൊരു മുഖം.
വേറെയും.
*മഴ മതി മറന്നു പെയ്യുന്നു.
വേനൽ മറന്ന മരങ്ങൾ മഴയുടെ മരവിപ്പിലും തളിർക്കുന്നു.
ഉച്ചമഴയിൽ ചൂടുള്ള പ്രണയം ഉള്ളിൽ
തള്ളുന്ന പ്രണയികൾ മഴ കാണുന്നു.
മഴ മലകളിൽ നിന്നും ഇറങ്ങി വരുന്നതു കാത്താണ് താഴ്വരകൾ പാടിയിരുന്നത്.
പുൽമേടുകളുടെ സംഗീതം ശ്രവിച്ചാണ് ഇടയൻമാർ മുളങ്കൊമ്പുകളിൽ സുഷിരമിട്ടിരുന്നത്.
ഹൃദയത്തിന്റെ താളത്തിൽ അവർ പാടി.
മൈലുകൾക്കപ്പുറത്ത് വിരഹത്തിന്റെ വിഷാദം പ്രണയത്തെ തപിപ്പിക്കുമ്പോൾ മുളങ്കാടുകൾ തീപ്പൊരി ചിതറും.
അപ്പോൾ പ്രണയവും മഴ കാത്തുനിൽക്കും.
മരവുരിയുടുത്ത് മഴവില്ലു ചൂടി തനി കാട്ടുപെണ്ണായി.
കവിത പെയ്തു നനഞ്ഞു താമരത്തോണി തുഴയും വരെയും നിൽപ്പു തുടരും.
മഴ വരുമ്പോൾ വിരഹം വിരിഞ്ഞു പോയ വഴിയിൽ പുൽമേടുകൾ കുറിഞ്ഞി പൂക്കുന്ന താഴ്വരയാകും
കാട്ടു പെണ്ണ് രണ്ടുടലുകളിലേക്ക് തിരിയും.
ഉയിരിലലിയും.
നീലത്താഴ്വരയുടെ അൾട്രാവയലറ്റ് രശ്മികൾ
മനസ്സുകളെ പിളർന്നു ഹൃദയത്തിൽ ജ്വലിക്കും.+
ജലം ശയ്യ നിർമ്മിച്ച അകത്തളം
പുറത്തു സൂര്യൻ വിതയ്ക്കുന്ന വെയിൽപുതപ്പിലേക്ക് ആവാഹനം നടത്തുന്നു.
നിന്നിലേക്ക് ഞാനെന്ന പോലെ ഉപമ ചൊല്ലുന്നാരോ, നേർത്ത മന്ത്രധ്വനി പോലെ.
വിഷാദം വെണ്ണ പോലെ തെളിഞ്ഞുരുളുന്നു.
അഗ്നിനാളത്തിൽ ഉരുകി നെയ്യിന്റെ നിലാവു പോലെ പരക്കുന്ന നറുമണം.
അതു മാത്രം, അതു മാത്രം.
നീയൊപ്പമെന്നു നിശ്ശബ്ദം മണം നിറയ്ക്കുന്നു.
പ്രളയമെന്നത് ജലത്തിന്റെ പ്രണയമെന്ന് മണ്ണറിഞ്ഞു പോകുമ്പോൾ .
തണുപ്പിൽ തിരയുടെ താളത്തിൽ പുനർജനിയുടെ ലഹരിയിൽ തകർന്നു പോയതെല്ലാം
പുതുവഴികളുടെ വിലാസ വേദിയെന്ന് രോമാഞ്ചം കൊള്ളുമ്പോൾ
നമുക്കു വിരൽ കോർക്കാം.
നാട്ടുകിളികളുടെ ചിലക്കൊപ്പം വന്നു പ്രഭാതം കാത്തു നിൽക്കുന്നു.
ചിലയിൽ കുതിരാത്ത, മുറ്റത്തെ മൗനം ഹൃദയത്തിൽ തൊടുന്നു.
ഇണക്കുയിലുകൾ കുറ്റിക്കാട്ടിൽ പതുക്കെ അങ്ങോട്ടുമിങ്ങോട്ടും സ്ഥാനം മാറിയിരുന്നു പാടുമ്പോൾ
എല്ലാം സ്ഥാനമാറ്റം മാത്രമെന്ന് ഭൂമി തത്വജ്ഞാനിയാകുമ്പോൾ
നേരെ പതിക്കുന്ന പ്രകാശം പ്രതലമാറ്റത്തിലും നേരെ തന്നെയെന്ന്
ചരിഞ്ഞു വീഴുമ്പോഴേ.
നിന്റെ കൈയിൽ വിരലൊന്നു മുറുക്കി
വെറുതെ വെറുതെ സാക്ഷിയാകുന്നു.*
പിന്നെയും എട്ടു ദിനങ്ങള്‍. കൃത്യമായി വക്കും മുനയും മൂലയുമുള്ള ത്രികോണങ്ങളുടെ  ഓരോ വശവും മനോഹരമായി വളഞ്ഞു. ഭംഗിയാര്‍ന്ന  രൂപമായി. നോക്കുമ്പോള്‍ ഒരു താമരയുടെ ഇതള്‍ അടര്‍ത്തി നിവര്‍ത്തി വെച്ചപോലെ. ത്രികോണ വലയങ്ങള്‍ക്കു ചുറ്റും അവള്‍ താമരയുടെ അഷ്ടദളങ്ങള്‍ നിരത്തി. മഴയുടെ നനവുള്ള ആ കവിതകള്‍ അവളുടെ സ്വപ്നങ്ങളെയും സങ്കല്‍പ്പങ്ങളെയും ഏറ്റെടുത്തു.
 പ്രളയം പിന്നിട്ട വഴികളിലൂടെയുള്ള സായാഹ്നസഞ്ചാരത്തിൽ
കാഴ്ചകൾ ഓരോന്നും സാരോപദേശകഥകളാകുന്നു.
ഓരോന്നും പറയാവുന്നത്ര പറയുന്നുണ്ട്.
കേൾക്കാവുന്നത്ര കേൾക്കുകയും ചെയ്യുന്നു.
ഇടവഴിയിൽ പായൽ പിടിച്ചിരുണ്ട പഴയ മതിലുകളെ നിലനിർത്തി,
ചായസുരക്ഷ ഉറപ്പു വരുത്തിയ മതിലുകൾ വീണു കിടക്കുന്നു.
രക്ഷ കിട്ടിയ പായൽ മതിലുകൾ ചായം പുരണ്ട മതിലുകൾക്ക് ആദരാഞ്ജലിയർപ്പിക്കുന്നു.
മണ്ണുപുരണ്ടു മറഞ്ഞു പോയ ഇലകളെ ഒന്നു തുടയ്ക്കാൻ പോലും നില്ക്കാതെ കുഞ്ഞു പെടികൾ പൂത്തിട്ടുണ്ട്.
ഉള്ളിലെ പൂവിന് പുറത്തേക്കു തെളിയണ്ടെ
വേരുകൾ പറിഞ്ഞു ചിതറി വീണു കിടക്കുന്ന വൻമരങ്ങൾക്കിടയിൽ അവയുമുണ്ട്.
വീഴാത്ത മരങ്ങൾക്കൊപ്പം
പ്രളയം പിൻതിരിഞ്ഞു പോയ വഴികൾ.
കെടുതികളെ അടർത്തിക്കളയുകയാണ്.
പകിട്ടു നഷ്ടപ്പെട്ടു കിടന്നിടത്തു നിന്നും വീണ്ടും വെയിൽ മിനുക്കത്തിൽ പഴം കാലരൂപത്തിലേക്ക്.
ഒരു വിലാപകാവ്യം കൊണ്ട് മറ്റുള്ളവരുടെ ഗദ്ഗദതിരമാലകളെ വർണ്ണിക്കുന്നതിനു പകരം
പ്രകൃതിയിലെ വ്രീളാവതികളെക്കുറിച്ചെഴുതാൻ തോന്നുന്നു.
തിരമാലകളടങ്ങിക്കഴിഞ്ഞു.
അന്തിച്ചായം പുരണ്ട ആകാശത്തേക്ക് നോക്കുന്ന കണ്ണുകളിൽ ഇനിയും ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഉത്സാഹം മിന്നിമറയുന്നുണ്ട്.
പിരിച്ചുവിടാത്ത ക്യാമ്പകത്തെ കൂടിക്കിടക്കുന്ന സാധനങ്ങൾ .
അവർ തല്ക്കാലത്തേക്കെങ്കിലും നഷ്ടത്തെ മറന്ന് ‘ഒരിക്കലും കണ്ടിട്ടില്ലാത്ത സമൃദ്ധിയെ കാണുകയാണ്.
“ഇന്നലെ കഴിഞ്ഞതല്ലേ
നാളെ വരുന്നല്ലേയുള്ളൂ.
ഇന്നിപ്പോൾ ….
മനുഷ്യരിലെ പുറത്തെത്താൻ സാഹചര്യം കിട്ടാത്ത കാരുണ്യമാണ് സമൃദ്ധി നിറയ്ക്കുന്നത്.
അവസരമെത്തുമ്പോൾ എത്ര മനോഹരമായാണ് മനുഷ്യനിലെ അലിവ് പുറത്തൊഴുകുന്നത്.
അതിലൊരു തുള്ളിയെങ്കിലുമൊക്കെ കൊടിയ തിന്മകളിൽ നിന്നും വരുന്നതാണെന്നും ,
പ്രകൃതിയുടെ സമതുലന പാഠങ്ങളിൽ വരവു വെയ്ക്കുന്നു
വഴിമടക്കത്തിൽ പുലിയിറങ്ങിയെന്നൊരു വാർത്ത.
മഴയ്ക്കും പുഴയ്ക്കും പിന്നാലെ മൃഗങ്ങളും നാടു കാണാൻ വരികയാണ്.
ഇനി കാടും വരുമായിരിക്കും.
തിരിച്ചു നടന്ന്, പായൽ പിടിച്ച ചുമരുകളെ തൊട്ടു തലോടുമ്പോൾ അതു കാണാനാകുന്നുണ്ട്.
കാടും പുഴയും മൃഗങ്ങളും ചേർന്നൊരു പഴയ നാടിനെ.*
കാലം മാറിയതറിയാതെ നീലപന്തൽ വിരിക്കുന്ന നീലക്കുറിഞ്ഞികളുടെ കാലമാണത്രെ.
അവരറിയുന്നില്ലെ പ്രളയങ്ങൾ , ഉരുൾപൊട്ടലുകൾ, ഭീതികൾ?
നീലയുടെ നിറഞ്ഞ ലാവണ്യം മാത്രം വിതറി വിളക്കു വെക്കുന്നു.
ആയുസ്സിലെ കണക്കില്ലാ കാലം നോക്കി കാത്തിരുന്നു വർഷങ്ങൾ പോയതു പോലുമറിയാതെ
അവരെത്ര സൂക്ഷ്മതയോടെ.
അപൂർവമായെത്തുന്ന സൗന്ദര്യത്തിന്, അനുഭൂതിക്ക്, അതിനിശ്ശബ്ദം ഒരുങ്ങിയിരുന്നു.
താഴ്വരയിൽ പല ഋതുക്കൾ വിരിച്ചു നീങ്ങിയ സൂര്യൻ എത്ര തവണ വന്നു പോയി.
പച്ചയിൽ ഇലയെത്ര മഞ്ഞച്ചു കൊഴിഞ്ഞു. എത്ര നാമ്പുകൾ മുള പൊട്ടി.
ഒരു നീലപ്പൊട്ടു പോലും വന്നില്ല.
നിത്യം വിടരുന്ന നീലാമ്പലുകൾക്കും നക്ഷത്രങ്ങൾക്കും അറിയില്ല
കാലങ്ങൾ കാത്തു നിന്നു പട്ടിന്റെ നീല വിരിയുന്ന ജനിതക രഹസ്യം.
ആർക്കു നിർവചിക്കാനാകും
നീലയും നിലാവും നീലക്കുറിഞ്ഞിയും. നിരാമയ ഭാവവും
*വെളിച്ചത്തിൽ നിന്നും നിഴലു സൃഷ്ടിക്കുന്ന മരങ്ങൾ കണ്ട്
നിഴലുണ്ടെന്നും മരമുണ്ടെന്നും രണ്ടും രണ്ടാണെന്നും
നിഴലിൽ നിന്നും പിന്തിരിഞ്ഞാൽ വെളിച്ചമാണെന്നും കാണുന്ന വഴിപോക്കൻ അറിഞ്ഞിരിക്കും.
നിഴലിൽ മിത്തുകളെയും മിഥ്യയെയും മിഴിനീരിനെയും കണ്ട് പുറം തിരിയുകയാണ്,
ഞാനും വെളിച്ചത്തിലേക്ക്.
തുറന്നിട്ട ജാലകത്തിനു പുറത്ത് എത്ര നിശ്ചലമാണ് ഭൂമി, ആകാശവും.
പതിവുള്ള ചിലകൾ നിർത്തി കിളികൾ ആ നിശ്ശബ്ദതയക്ക് കൂട്ടു ചേരുന്നു.
മയക്കത്തിലാണ്ട പുഷ്പങ്ങളുടെ ഗന്ധം പോലും വായുവിലലിയുന്നു
ഉൾവലിഞ്ഞു പോയ പുഴ, ലോകത്തെ മുക്കിക്കളഞ്ഞ നാളുകൾ മറന്നുതുടങ്ങി.
ഞാനും മറന്നു പോകുന്നു.
അതിവർഷത്തിന്റെ കെടുതികൾ.
ചളിമണ്ണിലെ കാലിടറലുകൾ
പിന്നെയും പിന്നെയും കഴുകി നീങ്ങിയ പുഴയിൽ കുളിച്ച്
ഒരു പദനിസ്വനത്തിന് കാതോർത്ത്.
നീലക്കുറിഞ്ഞികളുടെ നീലപ്രഭയിൽ വിളക്കു കണ്ട്.*
കാലങ്ങളായി ഉമ്മറത്തിരുന്നിട്ട് .
ചെളിയിൽ ചവിട്ടിയെത്തുന്ന ജീവികൾ അഴുക്കു പിടിപ്പിച്ച ഇറയത്തേക്ക് വാതിൽ തുറക്കാറില്ല.
ഇന്നലെ തുടച്ചിട്ട ഇറയത്ത് അവരെത്തിയിട്ടില്ല.
എന്തൊരു സുഖം.
പുഴ നോക്കി  തണുപ്പുള്ള കാറ്റേറ്റിരിക്കാൻ.
കാറ്റ് നിന്റെ മൃദുവായ ചുംബനം പോലെ തൊടുന്നു.
വന്നിരുന്നപ്പോഴേക്കും ഇണ ചെമ്പോത്തുകൾ കിഴക്കുനിന്നും പറന്നെത്തി.
അവർ ശബ്ദം കൊണ്ടു മാത്രം വെളിപ്പെടുത്തി മറഞ്ഞിരിക്കുന്നവരാണ്.
നീയെന്ന പ്രണയത്തിന്റെ പ്രകാശം അറിഞ്ഞാണോ അവരിപ്പോൾ മറ പറ്റാതെ നേരെ തന്നെ വെളിപ്പെടുന്നത്.
കൂടൊരുക്കാൻ കമ്പുകൾ തേടുന്നത്.
ചുവന്ന വാലുള്ള തുമ്പി എനിക്കടുത്ത് തായം കളിക്കുന്നു.
എന്തൊരോമനത്തമാണ്.
പ്രളയത്തിൽ മുങ്ങി പോയ ശ്രാവണത്തിൽ വരാനാകാതെ, തേടി വരുന്നതാണ്.
വീടിനു പുറകിൽ നിന്നും വണ്ണാത്തിപ്പുള്ളുകൾ പാടുന്നു.
കരിയിലക്കിളികൾ കൂട്ടം കൂടി ചില്ക്കുന്നു
ഞാനിട്ട അന്നം പോരാഞ്ഞിട്ടാണോ?
എന്നെ കാണാതെയാണോ?
ഞാനിവിടെ നീയെന്ന നിറവിൽ
കാറ്റിനിപ്പോൾ ശക്തി കൂടുന്നു.
എന്നെ കണ്ടിട്ടാണോ?*
പടികടന്നെത്തിയ പ്രളയം
പ്രളയകാലത്തെ പ്രണയമെഴുതി.
ജലം തന്നെയാണ് പ്രണയം
ഒഴുക്കിന്റെ രൂപത്തിൽ, നുരയിട്ടു ഹരം കാട്ടുമ്പോൾ
അടി കാണാവുന്നത്ര തെളിയുമ്പോൾ
എല്ലാം
പ്രണയം ജലവുമായി അഭേദ്യബന്ധം വരുത്തുന്നു.
നീലോത്പലങ്ങൾ വിരിയുമ്പോൾ,
പരൽ മീനുകൾ പിടയുമ്പോൾ
ഇടയ്ക്കൊരു തോണിക്കാരൻ പാതിയിൽ മറന്നു പോയ വരികൾ നീട്ടി മൂളുമ്പോൾ
ഇരുട്ടിൽ ഉറങ്ങുന്ന പ്രണയിയുടെ കണ്ണിൽ ആ പാട്ട് സ്വയം കുത്തി വിളിച്ചുണർത്തുമ്പോൾ ,
പാതിരാവിൽ നക്ഷത്രങ്ങൾക്കിടയിലെ അസിളി, നീരിൽ വീണ്ടും തെളിയുമ്പോൾ
ജലം തന്നെ പ്രണയം.*
പ്രളയത്തെ മറന്ന് മഴയിപ്പോൾ ഒതുങ്ങുന്നു.
മഴ നെല്ല് പൊലിക്കും പോലെ
സൂചിമുനകൾ തറപ്പിച്ച് മറ്റു ചിലപ്പോൾ ചുരുങ്ങുന്നു.
മഴ പെയ്തൊക്കെ നിർത്തി.
ആകാശത്തിന്റെ നീല നിറം. പച്ചിലകളാടുന്നു നല്ല വെയിൽ.
ഈർപ്പമില്ലാത്ത വെയിൽ. കിളിയൊച്ചകൾ
സന്ധ്യ കഴിഞ്ഞ് വരുന്ന രാത്രിയ്ക്ക് ഓണനിലാവിന്റെ തെളിച്ചം വന്നുതുടങ്ങി.
കാറ്റിൽ നേർത്ത തണുപ്പു മാത്രം.
നക്ഷത്രമുല്ല പൂത്തു നിൽപ്പുണ്ട്.
വെള്ളപ്പെക്കം കൊണ്ടുവന്ന പുതിയ വഴികൾ
നടത്തത്തിന്റെ സുഖങ്ങൾ
ആളുകൾ, കാഴ്ചകൾ.
പ്രണയത്തിന് മഞ്ഞ നിറമെന്നു പറയുമ്പോൾ
 അതിനു പഴുത്ത ഇലയുടെ മഞ്ഞ നിറമല്ല ഒരു നിലയ്ക്കാത്ത ധാരയാണ്.
സാന്ത്വനത്തിന്,
അലങ്കാരങ്ങളില്ലാത്ത സാന്ത്വനത്തിന്,
ആ മഞ്ഞ നിറമുണ്ട്.
പഴയ ഓർമ്മകൾ ഒരുക്കുന്ന കൂടിനുള്ളിൽ നരച്ചു മഞ്ഞ പൂണ്ടിരിക്കുമ്പോൾ അറിയാതെ പോകുന്നത്.
*പ്രഭാതം നാട്ടുകിളികളുടെ ചിലയ്ക്കാപ്പം വരുന്നു.
എന്നിട്ടും മുറ്റത്തെ മൗനം ആ ചിലയിൽ കുതിരുന്നില്ല.
വെറുതെ വെറുതെ സാക്ഷിയാകുന്നു.
കൂരിയാറ്റകൾക്കൊപ്പം അണ്ണാൻമാരും.
ചിലച്ചും കലഹിച്ചും പങ്കുവെച്ചും കൂടെ ചേരുന്നു.
കാറ്റ് മഴയെ ആകാശത്തു നിന്നും വലിച്ചു മറയ്ക്കുന്നു.
രവീന്ദ്രനാഥടാഗോറിന്റെ ചോക്കർ ബാലിയുടെ പേജുകൾ മാറുന്നു.
പച്ചയും മഴയും നീയാകുമ്പോഴേ
അനുഭൂതി മണ്ഡലത്തെ കാത്തു നില്ക്കുന്ന കാവൽ മാലാഖമാർ ചിറകനക്കുകയുള്ളൂ..
കുഞ്ഞു തൂവലുകൾ കൊണ്ടുരുമ്മി പ്രവേശന കവാടം തുറക്കുകയുള്ളൂ.
അപ്പോളെ
നിഴൽ തഴയ്ക്കുന്ന വെയിലിനെ പേടിച്ച് അകം പൂകുന്ന മനസ്സിനെ പുറത്തേക്ക് ആനയിക്കാനാകൂ.*
*വീണ്ടുമൊരു നാലുമണി
നാലു മണി ചായ വിളയിച്ച അവിൽ
വാവലുകൾ ബാക്കി വെച്ച പഴം.
കതിരോന്റെ പോക്കുവെയിൽ
കേൾക്കാൻ സുവി സുവി
പിന്നെയോ.
പിന്നെയാണ് എല്ലാം.
സ്വപ്നങ്ങൾ കൂടടക്കം പറഞ്ഞു വരും.
ഒരു പുൽത്തകിടി , ചാരുകസേര. അതിലിരുന്ന പാടുന്ന ഒരാളും.
പുല്ലിൽ കാലു മടക്കി കസേരയിൽ ചാരി മൗനമാകുന്ന പെണ്ണും
പുല്ലിൽ അലസമായി വിരിഞ്ഞുകിടക്കുന്ന ഷാളും
പെണ്ണിന്റെ പാതിയടഞ്ഞ കണ്ണും നിർവൃതിയും.
തലയിലൂടെ ഒഴുകുന്ന വിരലുകളും
അമീർ ഖുസ്രു വൈദ്യനോട് നീങ്ങി പോകാൻ പറയുന്നു:
പ്രണയത്തിന് മരുന്ന് പ്രണയിയുടെ ദർശനം മാത്രമാണെന്ന്.
ഒരു വമ്പൻ ഉടുമ്പ് വന്നു പോയി.
അതിന്റെ പിന്നാലെ തുമ്പികളുടെ ഒരു കൂട്ടമിളകി വന്നിട്ടുണ്ട്.
നീ പറയും ,
ഉറുമ്പിനെ പറ്റിയുള്ള എന്റെ പരാതി തീർക്കാനെന്ന്.
പ്രളയത്തിൽ വീണ പേരയെ പണിക്കാർ വെട്ടിയൊതുക്കുന്നു.
മുറ്റത്തിപ്പോൾ വലിയൊരു വെയിൽ വന്നിരിക്കുന്നു.
പേര നീക്കിയപ്പോൾ എന്തൊരു വലിയ വെയിലാണ്.
തെളിച്ചമാണ്.
ചിലപ്പോൾ ചില മറവുകൾ നീങ്ങുമ്പോളാണ്.
ചിലത് ഉദയം ചെയ്യുന്നത്.
പ്രണയത്തിന്റെ ബാഹ്യബോധങ്ങൾ തൃപ്തിപ്പെട്ടിരുന്ന മറവുകൾ കട പുഴകുമ്പോളാണ്
ആന്തരികമായ ഒരനന്തതയിലേക്ക് വിലയിക്കുന്ന വെളിച്ചമാണ് പ്രണയമെന്നും പ്രണയിയെന്നും
ഉൾക്കാട്ടിലൊരു തിരിത്തുമ്പൊന്നു കത്തുക.
സൂര്യനായി ജ്വലിക്കുക.*
ജലം മേൽക്കരയെയും പടിയെയും കവിഞ്ഞു പൊന്തിയിട്ടും
ഞാൻ ശാന്തയായത്. ഒരു ചൂട് ജലത്തിലൂടെ എന്നിലേക്ക് വഴി തുറന്നതു കൊണ്ടാണ്.
മധ്യദേശത്തെ തിരക്കിന്റെ ശോപുരത്തിനുള്ളിൽ ചില്ലുജാലകത്തിനരികിലിരുന്ന്
ദക്ഷിണദേശത്തെ പ്രളയത്തെയോർത്ത് നീ കൂട്ടിയ ഉഷ്ണത്തിന്റെ ചൂട് ,
പിന്നെ
മറഞ്ഞുപോയ സൂര്യനും ഇരുണ്ടുമൂടിയ ആകാശവും എന്നിൽ ഭീതി വിതച്ചില്ല
നിർത്താതെ പെയ്ത മഴവെള്ളത്തിൽ കലർന്നു നീങ്ങിപോയി.
പ്രണയിനിയായി , തീരത്തെ തഴുകി അരുമയായി ഒഴുകിയ പുഴ ,
വഴികളെ കീഴടക്കി സംഹാരകാരിണിയായി ‘ കാളിയായി ഒഴുക്കിന്റെ രുദ്രയായി നാടിനെ വിറപ്പിച്ചപ്പോൾ
ഒന്നു സ്തംഭിതയായി ഞാനുമാ വിറയിൽ ചേരാൻ തുടങ്ങിയതായിരുന്നു.
മുഖമൊന്നു ധ്യാനിച്ചപ്പോൾ സ്തംഭിതമാക്കി നിർത്തിയ മഞ്ഞ് ഒരു ചെറു ചെരാതിന്റെ നാളത്തിൽ ഉരുകാൻ തുടങ്ങി.
പിന്നെ
എത്ര വേഗമാണ് ഒരു നീർച്ചാലിലൂടെയെന്ന പോലെ ഞാൻ നടന്നു നീങ്ങിയത്.
നിശ്ശബ്ദമായി
വഴിവക്കിൽ പ്രളയം കവരാത്ത വർഷപ്പൂക്കളിൽ കൺനട്ട്.
ഒതുങ്ങി നിന്ന മഴയിൽ പൂക്കളെ ചുറ്റിട്ട ശലഭങ്ങളിൽ സ്മിതം ചൊരിഞ്ഞ്
വണ്ടിക്കു പകരം വന്നെത്തിയ വഞ്ചിക്കാരോട് വാക്കുകളാൽ ചിരിച്ച്,
വണ്ടിയോടിയിരുന്ന വഴിയിൽ
വലയിട്ടു മീൻ കൊയ്ത്തു നടത്തുന്ന
മീൻപിടുത്തക്കാരോട് വിശേഷം പറഞ്ഞ്.
പ്രളയമെന്നതേ മറന്ന്
ആനന്ദം എന്നത് എല്ലാ തിരക്കുകളുമൊഴിവാക്കി ശാന്തമാകുന്നിടത്തു മാത്രമല്ല.
എല്ലാ അസ്വസ്ഥതകളിലൂടെയും, ഒരു ശാന്തിയിൽ ചേർന്നു വർത്തിക്കുന്നിടത്തുമാണ് എന്ന് ആകാശം പാടി തെളിയുന്നു.
അത് ചിലപ്പോൾ
രഥവേഗം പൊടിപടലമുയർത്താത്ത,
എല്ലാ തിരക്കുകളും തീർന്നുപോയ വഴിയാത്രികരുടെ പാദങ്ങൾ മാത്രം പതിഞ്ഞ
വഴിയിലെ അറ്റമില്ലാത്ത ചര്യയാകുന്നു.
സാന്ത്വനത്തിന്റെ മഞ്ഞു കാറ്റു ദിശതെറ്റാത വീശുന്നതുമാകുന്നു.
അനുഭൂതിയുടെ അപരിമേയമായ ഉറവിടമാകുന്നു.
എല്ലാം നീയുമാകുന്നു.*
പകൽ കിനാവിന്റെ പട്ടങ്ങൾ ആകാശത്ത് പറക്കുമ്പോൾ
ചരടുകൾ കൈയിൽ ഭദ്രമാക്കി ശ്വാസം മുട്ടുന്നവർക്കൊപ്പം തന്നെ ഞാനും.
എന്റെ പൊട്ടിപ്പോയ പട്ടങ്ങൾ ആകാശത്തു മറഞ്ഞു പോയി.
കൈയിലെ നൂലുകളും വഴുതി വീണു.
മഴ വേറൊരു ലോകത്തെ പട്ടം പോലെ പറന്നിറങ്ങുന്നു.
മഴ തീരുമ്പോൾ മനസ്സിന് മറ്റൊരു ഭാവം.
വെള്ള സൂര്യനുദിച്ച പോലെ, എനിക്കിപ്പോളതു പരിചിതമാണല്ലൊ
പുഴക്കരയിൽ ഇരുട്ട് വീഴുമ്പോൾ
സന്ധ്യ പടിയിറങ്ങി പോകുമ്പോൾ
പക്ഷികൾ ദേശനടനം നിർത്തി പടർപ്പുകളിലെ കൂടുകളിൽ ചേക്കേറുമ്പോൾ
അപ്പോളെനിക്ക്
നിലാവ് വീഴണമെന്നു തോന്നും
വഴി മറക്കാതെ വഴി തെറ്റാതെ നേരെ തന്നെ എന്റെയടുത്തെത്തണമെന്ന്.
മൗനമപ്പോൾ തെരുവിലെ ഏതെങ്കിലും കൂട്ടപ്പൊരിച്ചിലിൽ കുടുങ്ങിക്കിടക്കും
കിഴക്ക് മഴമുകിലുകളെ മാറ്റി ചന്ദനനിറം പടരും വരെയും,
ശബ്ദം ഭീതമായ ഇരുട്ടിന്റെ ചാലിലുരുണ്ടു നീങ്ങും.
അങ്ങോട്ടുമിങ്ങോട്ടും.
ഒരു നേർത്ത വിരൽസ്പർശത്തിൽ, ഒരു നേർത്ത ഇമയനക്കത്തിൽ പതിയിരുന്ന നിലാവ് മുഖം കാട്ടും.
തെരുവിലെ പൊരിച്ചിലിൽ നിന്നും മൗനം കുതറി മാറി, അകത്തേക്ക് കടന്നു വരും
നിലാവിന്റെ അരികുചേർന്ന് മഞ്ഞു തിളങ്ങും.
ഉള്ളിലെ പ്രണയം മഞ്ഞായ് പുതയ്ക്കും.
എനിക്കു തോന്നും പ്രണയം പൂഴിമണ്ണിലൊഴുകുന്ന തെളിനീരാണെന്ന്.
ജീവിതത്തിലൊരിക്കലും അങ്ങനൊരു തെളിനീരായിട്ടേ ഇല്ലെന്ന്,
ഇപ്പോഴല്ലാതെ.
എന്തോ ത്രസിക്കുന്നു..
എപ്പോഴും തുടിക്കുന്നു.
എപ്പോ തൊട്ടു നോക്കിയാലും കൺകോണിൽ അടർന്നും അടരാതെയും നീർകണമുണ്ടാകും.*
വയലറ്റിന്റെ നേർത്ത പട്ടുവിരിച്ച പോലെ പുഴയ്ക്കു മേലെ വയലറ്റു പായൽ പടർന്നിരിക്കുന്നു.
പുതുമയുള്ള പകിട്ടിൽ വ്രീളാവതിയായി അവൾ.
പുഴയും ആധുനിക വർണ്ണങ്ങളെടുത്തണിയാൻ തന്നെയാണ് ശ്രമിക്കുന്നത്.
വർണ്ണങ്ങൾ വസന്താഗമനത്തിനുള്ള പരവതാനിയാണ്.
പട്ടു വിരിച്ചിടത്തെല്ലാം അവൾ പതുക്കെയാണ്.
അവൾ പതുക്കെയായിടത്തെല്ലാം പുഴ നിശ്ശബ്ദസംഗീതം പൊഴിക്കുന്നു.
ഹിമത്തണുപ്പുള്ള വിരലുകൾ അഗ്നിപ്രതലത്തിൽ വരികളെഴുതുന്നു.
ചിരകാലങ്ങളുടെ ആവർത്തനമെങ്കിലും
നവ്യമായ ഒരനുഭൂതിയിൽ ലയിച്ചുപോകുന്നു.
ആവർത്തിക്കപ്പെട്ടിട്ടില്ലാത്ത ഒന്നിന്റെ മുദ്ധമായ ലാളനയിൽ
ലാവണ്യത്തിന്റെ സിന്ദൂരമണിഞ്ഞ്.
പ്രണയമെന്നത് ഓളങ്ങളടങ്ങിയ സ്വരമാകുന്നു.
ചൈതന്യപൂർണ്ണമായ ഭാവവും
അടുത്തും അകലെയും പ്രശാന്തിയുടെ വെള്ളച്ചാൽ.
*കാലവർഷം വീഴ്ത്തിയിട്ട തണൽ മരങ്ങൾ കൊമ്പുകളും ചില്ലകളും വിടർത്തിക്കിടക്കുന്നു.
പക്ഷികൾ പെട്ടെന്നതിനു മേലെ താവളം കണ്ടെത്തി.
ഇനിയുള്ള കാലം മുഴുവൻ തണലില്ലാതെ നീണ്ടു കിടക്കേണ്ടി വരുമോ എന്ന ശങ്കയിൽ
വഴിമാത്രം വയലറ്റുപട്ടിന്റെയും കിളിയൊച്ചയുടെയും താളത്തിൽ നിന്നും മുക്തമായി
വളർന്നു വരുന്ന മരത്തൈയിലേക്ക് കണ്ണുനട്ടു.
മുള പൊട്ടുന്ന ജൈവനാദത്തിൽ തീർന്നുപോകുന്ന സംശയങ്ങൾ.
അശ്വമേധത്തിന്റെ പാട്ടുകൾ കാലം പൂകുന്നു.
നേർത്തയാ ജൈവനാദം മാത്രം ശ്രുതി മീട്ടുന്നു.
നീയെന്നത് അമേയമായ ആനന്ദത്തിന്റെ സ്ഫുരണമാകുന്നു.
ഞാനോ സുതാര്യമായ പ്രതലവും.
നിന്റെ ശുഭ്ര വർണ്ണം തന്നെ
എന്നിലെ മഴവിൽക്കാഴ്ചകൾ .*
കാലമെത്ര വേഗം മാറുന്നു.
വഴി തടഞ്ഞു പൊന്തിയ പ്രളയം എങ്ങോ പോയി.
അതെല്ലാം മണ്ണും പുഴയും സൂര്യനും പങ്കിട്ടെടുത്തു.
മണ്ണിൽ പ്രളയം കനിഞ്ഞ ജൈവാംശം.
നാളെയുടെ പച്ചകൾ
കാറ്റ് നനവുള്ള എന്തിനെയോ കൊണ്ടുവരുന്നു.
നീയെന്നത് നനവിനെയും നിലാവിനെയും മഞ്ഞിനെയും കടന്ന് എനിക്കുള്ളിൽ.
ഇരുട്ടിലെത്രയോ അകപ്പെട്ടു.
ബോധഹീനയെ പോലെ ചുറ്റിത്തിരിഞ്ഞു.
എന്നാലും എനിക്ക് വഴി നഷ്ടപ്പെട്ടില്ല.
നക്ഷത്രങ്ങൾ നിശ്ശബ്ദമായി പോയ പരിസരങ്ങളിൽ,
ഇരുട്ടിൽ മാത്രം വിടരുന്ന വെണ്മയാർന്ന പൂക്കൾ ഗന്ധം കൊണ്ട് വഴിയൊരുക്കി.
ഒറ്റയ്ക്കായിരുന്നു എന്നതല്ല കൂട്ടത്തിനുള്ളിൽ ഒറ്റയ്ക്കായിരുന്നു എന്നതാണ് വഴിയുടെ കാഠിന്യം അന്തമില്ലാതെ കൂട്ടിയത്.
പകൽ തണൽമരങ്ങളില്ലാ വഴികളിലൂടെ മാത്രം നടക്കേണ്ടി വന്നു.
തണലില്ലാ മുൾമരങ്ങൾ .
ഒരു പ്രണയം അത്രയേറെ വില പിടിച്ചതാണോ?
നീയല്ലേ പറഞ്ഞത്.
അതാണ് പ്രണയം….
കവികൾ അറിയാതെ പോയത്.
ഒടുവിൽ തന്നെ തന്നെയും നല്കി മാത്രം നേടാവുന്നത്.
ഒരു മുത്തുച്ചിപ്പിക്കുള്ളിൽ പെട്ടു പോയ മൺതരിയറിയുന്നുണ്ടോ?
മുത്തിലേക്കുള്ള പ്രയാണമാണെന്ന്.
കാറ്റും വെളിച്ചവും കിട്ടാതെ ഉരഞ്ഞുരഞ്ഞു നീങ്ങുമ്പോൾ വേദനയെക്കുറിച്ചല്ലാതെ മറ്റെന്തെങ്കിലും?*
മഴ താമസസ്ഥലം തേടി ഹിമാചലിലെത്തി.
അവിടന്നോടിക്കുമ്പോൾ എവിടേക്കാണാവോ
ഇപ്പോൾ വെയിൽ നിരുപദ്രവകാരിയാണ്.
സന്ധ്യ തികഞ്ഞ മൗനത്തിലും.
പൂർണ്ണിമ
അകലെയൊരു നഗരമധ്യത്തിലേക്ക് നീളുമ്പോൾ അതിനു ശുഭ്രവർണ്ണം മാത്രമാകുന്നു.
രാത്രി ഇരുട്ടിലേക്ക് ,
ഇരുട്ടിലാണ് രാത്രി നിഗൂഢതകള പുറത്തെടുക്കുക.
കണ്ടു മതിവരാതെ
കൺമിഴിക്കാതെ നോക്കുകയാണ്.
പ്രണയമെന്നത് രണ്ടു വ്യക്തികൾക്കിടയിലുള്ളതല്ല.
രണ്ടു വ്യക്തികളിലൂടെ സംഭവിക്കുന്നതാണെന്നും
രണ്ടു പേർ സജ്ജരാകുമ്പോൾ
രണ്ടു മണ്ഡലങ്ങൾ അനുഭൂതിയുടെ ആകാശത്തിലേക്ക് വിലയിക്കുന്നതാണെന്നും
ആർക്കെങ്കിലും അറിയാനാകുമോ?
വിരലുകളിൽ നിലാവുദിക്കുമെന്നും നിലാദ്യുതി പ്രവഹിക്കുമെന്നും
പരിസരങ്ങളിൽ പോലും അലൌകിക മാറ്റത്തിന്റെ അലയടിക്കുമെന്നും
ഇനിയാരെങ്കിലും പറഞ്ഞു തരണോ?
പ്രവാഹചാലകമാണ് ശരീരമെന്നും
മനസ്സെന്നത് ആവശ്യമുള്ളപ്പോൾ മാത്രം പ്രസരിപ്പിക്കുന്ന ഊർജ്ജസംഭരണിയാണെന്നും
അലിഖിതമായി. രവരഹിതമായി
നിശ്ചലമായ മാന്‍ കൂട്ടം മണ്ണിൽ കാലടികൾ നിറച്ചെഴുതുന്നു.
ജലക്ഷദങ്ങള്‍
———
നാട്, വീട്, ഓണം, വിഷാദം എന്നതെല്ലാം നേർരേഖയിൽ ഒന്നാകുന്നു.
ഞാൻ, എന്റെ എന്നതൊക്കെ ഇതിലെവിടെയാണ്?
പാലായനത്തിനിടയിലും ശ്രാവണം പൗർണ്ണമിയെ നിർമ്മിച്ചെടുക്കുന്നത് കാണുമ്പോൾ ,
കണ്ണ് നനവ് പുരണ്ടു വിടരുന്നു.
നീണ്ട സാന്ത്വനവീഥിയും നിലാവും നീ തന്നെയാകുന്നു.
വഴിയിൽ കൊങ്ങിണികൾ ഇല കാണാതെ പൂത്തിട്ടുണ്ട്.
പടർപ്പുല്ലുകളിൽ കുഞ്ഞു പൂക്കൾ നിലം മിനുക്കുന്നു.
ഇനിയെന്തിന്. ഓണത്തെ പടിക്കൽ നിർത്തണം.?
നാമൊന്നിച്ചല്ലേ.
ജലം പിൻവലിഞ്ഞു. കടൽപരപ്പിനെ തേടി.
കടലാഴങ്ങൾ മുത്തുകളെ പുറത്തേക്കെടുക്കാൻ വെമ്പുകയാണ്.
അഗാധതയിലേക്ക് സർവം മറന്നൂളിയിടുന്ന മനുഷ്യകരങ്ങളെ കാത്തുനിൽക്കുകയാണ്.
തുയിലുണർത്തുകാർ പുലർവേളയിൽ സംഗീതത്തിന്റെ പ്രസാദം നീട്ടാനെത്തി.
രാവ് നിലാവ് അണിയിച്ച പൊന്നിൽ തിളങ്ങിയിരുന്നു.
ഇനിയെന്തിനു മാറി നിൽക്കണം!
നീയെനിക്കൊപ്പമില്ലേ
ഇനി നമുക്കല്പം നടക്കാം .
പുലർമഞ്ഞു പൂക്കുന്ന വഴിയിലൂടെ,
ജലക്ഷദങ്ങളുടെ ഓർമ്മയിൽ ചളിയിറ്റുന്ന മണ്ണിൽ നഗ്നപാദരായ്,
മണ്ണു പൊതിഞ്ഞു കറുത്തുപോയ ഇലകളിൽ ശുഭ്രനിറം വിടർത്തുന്ന ഓണത്തുമ്പകളെ വിരലാൽ തഴുകി.
ഒന്നുമേ നടന്നിട്ടില്ലെന്ന് വീണ്ടുമോർമ്മിപ്പിച്ച്
കൂരിയാറ്റകൾക്കൊപ്പം അണ്ണാൻമാരും ഒന്നിച്ചു ചിലയ്ക്കുമ്പോൾ
ഓണപ്പൂവു തേടിയെത്തിയ കുഞ്ഞുങ്ങൾ മുറ്റത്ത് ചിരിയുതിർക്കുമ്പോൾ
നമുക്കൊന്നു നടക്കാം.
ജലഗോളം
——
ഒന്നിച്ചാകുമ്പോൾ വഴിയോരക്കാഴ്ചകൾ പതിവിലേറെ നിശ്ശബ്ദമാകുന്നു.
അല്ലാത്തപ്പോഴെല്ലാം കാൽപ്പനികതയുടെ മേലാട ചുറ്റി എനിക്കു മുന്നിൽ ന്യത്തലോലരാകുന്നതാണ്.
എവിടെയൊക്കെയോ ഒറ്റക്കവശേഷിച്ച ലാങ്കിലാങ്കികളുടെ മണം കൊണ്ട കാറ്റിലൊരു യാത്ര.
മറവിൽ നിലാവിൽ എന്തിന് ഇരുളിലും വെളിവിലും ഒരേ ഒന്ന് മാത്രം.
ഇരുട്ടിനെത്ര സൗന്ദര്യമാണ്.
രാവ് ഒറ്റ ദളമുള്ള നീലപുഷ്പം പോലെ നിഗൂഢഭംഗി കൊണ്ട് ഹൃദയം കവരുന്നു.
ചിലപ്പോളത് മഴയിൽ കുതിർന്നു നിറം വാർന്നു നിൽക്കും.
പിന്നെ വീണ്ടും നിറം ചേർത്തു തിളങ്ങും
അപ്പോൾ
രാത്രി ഇടയ്ക്കിടെ വിളിച്ചെണീപ്പിക്കും ആകാശത്തിലെ കാഴ്ചകളിലേക്ക്.
ഓരോ നോട്ടത്തിലും ഓരോ ചാരുത
എന്തൊക്കെ വിചിത്ര ലാവണ്യങ്ങൾ!
ലാസ്യങ്ങൾ! താണ്ഡവങ്ങൾ!
കിഴക്കിന്റെ അതിരിൽ കതിരവന്റെ വിളയാട്ടം ചുവന്നും ചുവപ്പിച്ചും വെളുത്തും വെളിച്ചമായും.
അതിരു പണിത ഇരുട്ടിന് നാടുവിടേണ്ടി വന്നു.
നീല ദളം ചുവക്കുന്നു
ചെങ്കനൽ മൂടിയെത്തുന്ന സൂര്യൻ
പഴയ വാമൊഴി വഴക്കങ്ങളെ കാണിക്കുന്നു.
ഒരു ഗോത്രഗീതം ഉള്ളിൽ നിന്നും ഉയരുന്നു.
കനലഴിയുന്നു. തീ പരക്കുന്നു.
കാണുന്നില്ലേ,. തീയാണ് വെളിച്ചമാണ്
എന്നൊക്കെ പിഞ്ചു പൈതലിനോടെന്ന പോലെ ഞാൻ സ്വയം പറയുന്നു.
തീ പാറുന്ന രശ്മികളെ ഭൂമിയാണ് തണുപ്പിച്ചെടുക്കുന്നത്.
ഒരു തീഗോളത്തിന്റെ സ്പന്ദനങ്ങളെ ജലഗോളം സ്വപ്നം കണ്ടിരുന്നുവെന്നും
സ്വയം ആവാഹിക്കുന്നുവെന്നും കൂട്ടിച്ചേർത്ത് ആത്മഗതം നിർത്തുന്നു.
മേഘജാലങ്ങളിൽ പടരുന്ന ചുവപ്പിൽ സ്വപ്നം കാണുന്നു.
നീലദളം ചുവക്കുന്നു. വെളുക്കുന്നു.
പിന്നെയും 16 ദിനങ്ങള്‍. ജലസ്പര്‍ശമുള്ള 16 ദിനങ്ങളില്‍ അവള്‍ നേര്‍ത്ത ചുവപ്പുള്ള 16 താമര ഇതളുകള്‍ കൂടി മെനഞ്ഞെടുത്തു.  താമര ഇതളുകള്‍ കൊണ്ടു രണ്ടാമത്തെ വൃത്തവും പൂര്‍ത്തിയാക്കി.  42 ത്രികോണങ്ങള്‍ 24 താമര ദളങ്ങള്‍. കവിതകള്‍ അവളൊരു ചിത്രം പൂര്‍ത്തിയാക്കി.
ഒരു മഴക്കാലവും പ്രളയ കാലവും മുഴുവന്‍ അവര്‍ കൈമാറിയ വാക്കുകള്‍ക്ക് തേന്മഴയുടെ മാധുര്യമുണ്ട്.  എത്രയൊക്കെ മഴയെ പറഞ്ഞിട്ടും അവള്‍ക്കു മതിയാകുന്നില്ല. കേട്ടിരിക്കുന്ന അവനും പുതുമ തീരാതെ കൌതുകത്തോടെ കേള്‍ക്കുകയാണ്. ദൈവമേ, എനിക്കു വീണ്ടും ഭൂമിയില്‍ പോയി മഴക്കാലം ആഘോഷിക്കാന്‍ തോന്നുന്നു. പുതുരേണുവും ഇന്ദ്രനീലക്കണ്ണും  ഒന്നിച്ചു പറഞ്ഞു.
====

 

You can share this post!