വൺവേയ്ക്കറ്റത്ത്
അടിമുടി
നിന്നെക്കോരി
പ്രണയിച്ചതാണ്
നിന്റെ രണ്ടടിക്കു പിറകെ
ഒന്നരയടി
കാലുകൾ
നിരങ്ങിയതാണ്
മൃദുചൂളമടിച്ചെന്റെ
ചങ്കു തുളഞ്ഞതാണ്
ഏറുകണ്ണുകളാൽ
നിനക്ക് നിത്യാഭിഷേകം
അർച്ചിച്ചതാണ്
എന്റെ നാസ്തികമനം
നിന്റെ ശ്രീകോവിലിൽ മാത്രം
കാണിക്കകളിട്ടതാണ്
മോഹിച്ചു പോയി
ഒരുങ്ങിനിൽക്കണം
തിളക്കം, നിന്റെ മിഴികളിൽ
പുഞ്ചിരി, ചുണ്ടിണയിൽ
തുടപ്പ് ,കവിൾ ചെപ്പിൽ
എനിക്കായ് മാത്രം.
ഇനിയും
നിന്റെ നടപ്പുവേഗം
അതിക്രമിച്ചാൽ
കാഴ്ചരശ്മികൾ
ദിശമറന്നാൽ
അലംഭാവത്തിൽ
അക്ഷോഭ്യതയുടെ
കുടുക്കിട്ടെന്നെ
കിറുക്കനാക്കിയാൽ…
പറഞ്ഞില്ലെന്നു വേണ്ട
ഞാനതു ചെയ്യും
ഹും –
ചില ബോധ്യങ്ങൾ, യുദ്ധശേഷം*
തകർക്കപ്പെടാനായി
നിർമ്മിക്കപ്പെടുന്ന
ഓരോ തുരങ്കവും
ഒരോ യുദ്ധത്തെ ക്ഷണിക്കുന്നുണ്ട്
നീയാദ്യം
കണ്മുനകൾകൊണ്ട്
എന്റെ ഹൃദയം തുരന്നത്
കണ്ണുവച്ചവരെല്ലാം
ശത്രുനിരയിലുണ്ട്
അവർതൊടുക്കുന്ന
ഒളി പീരങ്കികൾ
ഒളിഞ്ഞും തെളിഞ്ഞും
കുഞ്ഞുമോഹങ്ങളെ
ബലിയറവിൽ
തീയിടുന്നുമുണ്ട്…
എന്നിട്ടും ഞാൻ
എന്റെ ഉള്ളറകളിൽ
നിന്റെ സുരക്ഷയുടെ
പാതകൾ സൂക്ഷിക്കുന്നു…
യുദ്ധം
കയർക്കുന്ന
എന്റെ നെഞ്ചിടത്തിലെ
നാളെ വിരിഞ്ഞേക്കാവുന്ന മൊട്ടുകൾ
പിഴുതുരിഞ്ഞടങ്ങുമ്പോൾ
ഇനി നമ്മുടെ നിലനിൽപ്പെന്തിനെന്ന്
ഓരോ
നിലവിളിക്കുരുന്നുകളും
എന്റെ കാതോരങ്ങളിൽ
കുത്തിനോവിക്കുന്നുണ്ട്…
