ഒക്ടോബറിലെ പ്രകൃതി ദൃശ്യം/ഹിരണ്‍ ഭട്ടാചാര്യ – അസം

(ഹിരണ്‍ ഭട്ടാചാര്യ – അസം)

ഒക്ടോബറിലെ പ്രകൃതി ദൃശ്യം

നൃശംസമായ ഒരു വാനത്തിന്‍റെ
ഉന്മത്തത അവസാനിച്ചിരിക്കുന്നു.
അസ്വസ്ഥമായ വയലുകളിലൂടെ
പച്ച അലകള്‍
കല്ലോല മാലകളായിളകുന്നു.

കരിമ്പിന്‍ വയലിലെ
വെളുത്ത പുഷ്പങ്ങള്‍
കൃഷ്ണവര്‍ണ്ണമാര്‍ന്ന വാനത്തെ
പിളര്‍ക്കുന്നു.
ശരത്‌കാലം മന്ത്രിക്കുന്നപോലെ-
ഓരോ കവിതക്കും
അതിന്‍റെതായ ഋതുഭേദമുണ്ട്.

ഓരോ പ്രകാശ കിരണത്തോടൊപ്പവും-
ഉണരുന്നു വിസ്മയം.
ഓരോ അഭിനിവേശത്തോടൊപ്പവും-
ഉണരുന്നു വാക്കുകള്‍.

(മൊഴിമാറ്റം മുരളി ആര്‍)
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
മൂന്ന് ഗീതകങ്ങള്‍.
(ഷണ്‍ടാരോ തനിക്കാവ – ജപ്പാന്‍)

1. ശബ്ദരഹിതം.

മാറ്റൊലിയില്ല,
മുഴക്കമില്ല.
നിലത്തു കിടന്നിരുന്ന
ഒരു മൃതദേഹത്തില്‍
പതിച്ചു,
ആദ്യത്തെ മഴത്തുള്ളി.

2. ഒരു മുഖം.

ഒരു മുഖം-
ലോകത്തിലെ ഏക മുഖം…..

ഒരു മുഖം-
വിധിയുടെ ഒരു തള്ളല്‍……

ദര്‍പ്പണത്തിന്‍റെ അഗാധതയില്‍
അരണ്ട വെളിച്ചത്തില്‍
അന്ധാളിച്ച്,

മറ്റൊരു മുഖം തേടാന്‍ കഴിയാതെ
കാത്തു നില്‍ക്കുന്നു, ഞാന്‍
ഹൃദയത്തിന്‍റെ രാവില്‍
അന്തിമ സൂര്യോദയത്തിന്നായി.

3. പഴന്തുണികള്‍.

മലിന വാക്കുകളണിഞ്ഞ്
കവിതയെത്തി,
പ്രഭാതത്തിനു മുമ്പ്.

എനിക്കൊന്നുമില്ല,
അതിനു നല്‍കാന്‍.
ഞാനേ നല്‍കപ്പെട്ടവന്‍.

കീറിപ്പറിഞ്ഞ ഇഴകളിലൂടെ
തിളങ്ങി,
അതിന്‍റെ നഗ്ന ശരീരം.

നന്നാക്കുന്നു, ഞാന്‍
അതിന്‍റെ കീറലുകള്‍,
ഒരിക്കല്‍ കൂടി.

 

You can share this post!