ആർത്തവം ഭയക്കുന്ന അച്ഛൻ ——————

ആർത്തവം
ഭയക്കുന്ന
അച്ഛൻ
—————————–
മഴുവേന്തി
മരംതേടി
ഇടം കാലോ
വലം കാലോ
നീട്ടിയിറങ്ങിയ
അമരക്കാരന്റെ
കാതിൽ
മിന്നലേൽക്കാത്ത മിന്നിന്റെ
ആമന്ത്രണം:
‘മോളു തിരണ്ടു’.
മല്ലിക അപ്സരസാകുന്നു
ഭ്രമരം ഗന്ധർവ്വനാകുന്നു
_ നിലാവു ചുരത്തുന്ന ഗർഭശയ്യ
അമ്പറയുമായി നീങ്ങുന്ന ബീജം
ചിറകുകൾ കനവു കാണുന്ന അണ്ഡം
മഴുവിന്റെ കാഴ്ചയുടെ ജലദർപ്പണത്തിൽ ഉടലുടച്ചു പറക്കുന്ന മരങ്ങളും ഇലകളും
ഋതുമതിയുടെ ഗഗന നീലിമയിലേക്ക് നാലു കണ്ണുകൾ
_ എഴുത്താശാന്റെ ചൂരൽ പാഠമേറ്റു
ചിണുങ്ങുന്ന മനോരമ
കക്കുകളിക്കുന്ന കാലുകളുടെ
ഹിരണ്യശുദ്ധി
ശലഭങ്ങളിൽ നങ്കൂരമിട്ട മിഴി വിസ്മയം
കബരി വനത്തിലെ
മുല്ല നിലാവ്
– പക്ഷികളുടെ വസന്തവും
അരുവികളുടെ ഹേമന്തവും
തെന്നലിന്റെ സീൽക്കാരവും
കാനന മഞ്ജരിയും
എല്ലാമെല്ലാം
മനോരമക്കു പിൻനിലാവ്.
കാഴ്ചയുടെ ഖനിയിലേക്ക്
ഇഴഞ്ഞിറങ്ങുന്ന രാഹു
‘രാഹുവിന്റെ ഖനനം’
മനോരമയുടെ
പഞ്ചേന്ദ്രിയങ്ങളിൽ
ഋതുസംഹാരം
അമരക്കാരൻ
മരവും വേരുകളും
ഇലകളും പൂക്കളുമില്ലാത്ത
പിതൃവനം
മഴു-
പവിത്രം ധരിച്ച്
ആപന്നമിവൾക്ക്
മനോരമക്കു കാവൽ.

 

You can share this post!