ഗിയൂസെപ്പേ ഊങ്ങ്ഗാറെട്റിയുടെ നാല് കവിതകള്‍.

 

1. ഗൃഹാതുരത്വം.

വസന്തത്തിന്‍റെ ആഗമനത്തിന് തൊട്ടു മുന്‍പ്
ജനങ്ങള്‍ അപൂര്‍വമായി കടന്നു പോകുമ്പോള്‍,
രാവ് ഏറെക്കുറെ അവസാനിക്കാറാവുമ്പോള്‍,

പാരീസിന് മുകളില്‍
ഘനീഭവിക്കുന്നു
ദുഃഖത്തിന്‍റെ ഒരിരുണ്ട നിറം.

പാലത്തിന്‍റെ ഒരു കോണില്‍,
വീക്ഷിക്കുന്നു ഞാന്‍,
ഒരു മെലിഞ്ഞ പെണ്‍കുട്ടിയുടെ
അനന്തമായ മൗനം.

ഞങ്ങളുടെ രണ്ടു വ്യാധികളും
ഒരുമിച്ച് ചലിക്കുന്നു.

മറ്റെവിടെയോ വഹിച്ചു കൊണ്ടുപോയ പോലെ
നില്‍ക്കുന്നു ഞങ്ങള്‍,
അവിടെ.

2. മറ്റൊരു രാത്രി.

ഈ ഇരുട്ടില്‍
തണുത്തുറഞ്ഞ കൈകള്‍ കൊണ്ട്
എന്‍റെ മുഖം തിരിച്ചറിയുന്നു, ഞാന്‍.

അനന്തമായ ശൂന്യതയില്‍
സ്വയം നിരാലംബനായിത്തീരുന്നത്
കാണുന്നു, ഞാന്‍.

3. ആനന്ദം

വെളിച്ചത്തിന്‍റെ
പ്രവാഹത്തിന്‍ ജ്വരത്തില്‍
എരിയുന്നു, ഞാന്‍.

ഈ ദിവസത്തെ
ഒരു മധുരിക്കുന്ന പഴത്തെപ്പോലെ
സ്വാഗതം ചെയ്യുന്നു, ഞാന്‍.

ഇന്നു രാത്രിയില്‍
മരുഭൂമിയില്‍ നഷ്ടപ്പെട്ടു പോയ
ഒരു ഓരിയിടല്‍ പോലെ
പശ്ചാത്തപിക്കും, ഞാന്‍.

4. നിശ്ശബ്ദത

എല്ലാ ദിവസവും
സൂര്യ പ്രകാശത്തില്‍ നിറഞ്ഞു നില്‍ക്കുന്ന,
ആ വേളയില്‍ എല്ലാം മോഹിതമാക്കുന്ന
ഒരു നഗരത്തെ എനിക്കറിയാം.

ഒരു സായാന്ഹത്തില്‍
ആ നഗരത്തോട്
വിട പറഞ്ഞു, ഞാന്‍.

എന്‍റെ ഹൃദയത്തില്‍
ചീവീടുകളുടെ കിറുകിറു ശബ്ദം കേട്ടുകൊണ്ടേയിരുന്നു.

വെള്ളച്ചായം തേച്ച കപ്പലില്‍ നിന്ന്,
അലട്ടുന്ന അന്തരീക്ഷത്തില്‍
അല്‍പ നേരത്തേക്ക്
വെളിച്ചങ്ങളുടെ പരിരംഭണം തൂങ്ങി നിര്‍ത്തിക്കൊണ്ട്‌
എന്‍റെ നഗരം അപ്രത്യക്ഷമാകുന്നത്
കണ്ടു, ഞാന്‍.

 

You can share this post!