ഋതുസംക്രമം /19

 

താൻ കൈവീശിക്കാണി ച്ചു . ഉടനെ മനു സാർ ബസ്സിൽകയറി ,തന്റെ അടുത്ത് വന്നിരുന്നു . തന്റെ മുഖം വല്ലാതെയിരിക്കുന്നതുകണ്ടു വിനുവിനെങ്ങനെയുണ്ടെന്നു അന്വേഷിച്ചു .

”അല്പം ക്രിട്ടിക്കലാണെന്നാണ് അറിയാൻ കഴിഞ്ഞത് . ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും അറിയാൻ കഴിയുകയുള്ളൂ എന്നാണത്രെ ഡോക്ടർമാർ അറിയിച്ചത് . ഗിരിജ ചിറ്റയെ സമാശ്വസിപ്പിക്കേണ്ടതെങ്ങിനെയെന്നാണ് എനിക്കറിയാത്തത് . . പാവം ചിറ്റ ഇപ്പോൾ കരഞ്ഞു തളർന്നു കാണും ”താൻ തേങ്ങലോടെ പറഞ്ഞു .

”’ഒന്നും സംഭവിക്കുകയില്ലെന്നു നമുക്ക് വിശ്വസിക്കാം പ്രിയ. നമ്മളാരും അതിനും മാത്രം തെറ്റുകളൊന്നും ചെയ്തിട്ടില്ലല്ലോ .”’ തന്നെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു .

ബസ് പട്ടണത്തിലെത്തി നിന്നപ്പോൾ ഞങ്ങൾ ഇരുവരും ഇറങ്ങി നടന്നു . പെട്ടെന്ന് താൻ മനുസാറിനോട് പറഞ്ഞു .

”ഇന്ന് ആരതി കോച്ചിങ് ക്‌ളാസിൽ ചേരുവാനായി എത്തുന്ന ദിവസമാണ് . അവൾക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്യണം . പിന്നെ ഹോസ്റ്റലിൽ എനിക്കായി അലോട്ട് ചെയ്തിരിക്കുന്ന റൂം ഇപ്പോൾ അവൾക്കു നൽകുവാനും , രണ്ടു ദിവസം കഴിഞ്ഞു ഞാൻ എത്തുമ്പോൾ അവളെ മറ്റൊരു റൂമിലേക്ക് മാറ്റുവാനും പറയണം . മനുസാർ പറഞ്ഞാൽ ഹോസ്റ്റൽ അധികൃതർ സമ്മതിക്കും ”എല്ലാം കേട്ട് മനുസാർ സമ്മതമറിയിച്ചു, .

ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരോട്ടോ പിടിച്ചു താനും ഹോസ്പിറ്റലിലേക്ക് യാത്ര തിരിച്ചു . ഇടയ്ക്കുവച്ച് , തങ്ങൾ കോച്ചിങ് ക്‌ളാസിൽ എത്തിയിട്ടുണ്ടെന്നു അറിയിച്ചു കൊണ്ട് ശിവൻ കുട്ടിയമ്മാവൻ ഫോണിൽ വിളിച്ചു . അവിടെ മനുസാർ ഉണ്ടെന്നും എല്ലാ സഹായവും ചെയ്തു തരുമെന്നും , തന്റെ ഒരു കസിൻ കുത്തേറ്റ് ഹോസ്പിറ്റലിൽ കിടക്കുന്നതുകൊണ്ടു അങ്ങോട്ട് പോകുകയാണെന്നും താനും അറിയിച്ചു .

”ആരാണ് ചേച്ചി ഈ കസിൻ ?. വിനു സാറാണോ ”

തങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഓട്ടോ ഡ്രൈവർ അന്വേഷിച്ചു . താൻ അതെ എന്ന് പറഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ വിനുവിന്റെ ഗുണഗണങ്ങൾ വർണിക്കുവാൻ തുടങ്ങി .

”പാവം വിനു സാർ .ഞങ്ങളെപ്പോലുള്ള പാവങ്ങളോട് വലിയ ദയവാണ് വിനു സാറിനു . വല്ലപ്പോഴും ഓട്ടോയിൽ കേറുമ്പോഴെല്ലാം മീറ്ററിലുള്ളതിനേക്കാൾ കൂടുതൽ കാശ് തരും . പിന്നെ ഞങ്ങളുടെ വീട്ടുകാര്യങ്ങളെല്ലാം ചോദിച്ചറിയും ”.അയാൾ പറഞ്ഞു .

തങ്ങളുടെ കൂടെയുള്ള ഒരു ചെറുപ്പക്കാരൻ കാശുള്ള വീട്ടിലെ പെണ്ണിനെ പ്രേമിച്ചപ്പോൾ എതിർപ്പുകളെ എതിരിട്ട് വിനുവും കൂട്ടരുംഅവരുടെ കല്യാണം നടത്തിക്കൊടുത്ത കഥയും അയാൾ പറഞ്ഞു .

”വിനുസാറും കൂട്ടുകാരും നല്ല കാര്യങ്ങൾക്കു വേണ്ടിയാണു ചേച്ചി ഗുണ്ടായിസം കാണിക്കുന്നത് . അല്ലാതെ മറ്റു ചിലരെപ്പോലെ രാഷ്ട്രീയക്കാരുടെ കയ്യാളുകളായല്ല .”

അപ്പോഴേക്കും ഞങ്ങൾ ഹോസ്പിറ്റലെത്തി . അയാൾ പറഞ്ഞതുകേട്ട് താൻ കരഞ്ഞു കൊണ്ട് ഓട്ടോയിൽ നിന്നുമിറങ്ങി . ചാർജ് കൊടുക്കാനായി പേഴ്‌സ് തുറന്നപ്പോൾ അയാൾ തടഞ്ഞു .

”വേണ്ട ചേച്ചി. വിനയൻ സാർ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് . ആ സാറിനൊരാപത്ത്‌ വന്നപ്പോൾ ആ സാറിന്റെ ചേച്ചിയുടെ കയ്യിൽ നിന്നുംഞാൻ പൈസ വാങ്ങുന്നത് ശരിയാണോ ചേച്ചി . ..എനിക്കീ പൈസ വേണ്ട ”.

അവൻ ഓട്ടോ തിരിച്ചെടുത്തു ഓടിച്ചുപോയി അല്പദൂരം ചെന്നശേഷം തിരിച്ചെത്തി അവൻ ആരാഞ്ഞു .”വിനയൻ സാറിന്റെ നാളും പേരും പറഞ്ഞെ ചേച്ചി . എനിക്കൊരു അർച്ചന നടത്താനാ ” താൻ നാളും പേരും പറഞ്ഞു കൊടുത്തു . അയാൾ തിരിച്ചു ഓട്ടോഓടിച്ചു പോകുന്നതും നോക്കി താൻ ആസ്തപ്രജ്ഞയായി നിന്നു . തന്റെ അനുജനും തന്നെപ്പോലെ ഒരു മനുഷ്യ സ്നേഹിയാണെന്നു അയാളുടെ വാക്കുകളിൽ നിന്നും മനസ്സിലായി . ഒരാപത്ത്‌ വരുമ്പോഴായിരിക്കും ഒരു മനുഷ്യനെ മറ്റുള്ളവർ കൂടുതൽ തിരിച്ചറിയുന്നതെന്നും തോന്നി . ചിലപ്പോളതൊരു പക്ഷെ അയാളുടെ മരണ ശേഷം ആവാനും മതി . എല്ലാ മനുഷ്യരിലും ഒളിഞ്ഞു കിടക്കുന്ന നന്മയെക്കുറിച്ചാലോചിച്ച് അൽപനേരം കൂടി അവിടെത്തന്നെ നിന്നു . പിന്നെ മെല്ലെ , ഇടനാഴിയുടെ അറ്റത്തുള്ള ലിഫ്റ്റ് കയറി മുകളിലെത്തി . ഇടനാഴിയിലൂടെ നടക്കുമ്പോൾ ചിന്തിച്ചത് വിനുവിന് ഒരാപത്തും വരാതെയിരിക്കുവാൻ ഇവരുടെയൊക്കെപ്രാർത്ഥന കൂട്ടിനുണ്ടാകുമല്ലോ എന്നാണ് . തേർഡ് ഫ്ലോറിലാണ് ഐ സി യു . അതിനടുത്തു തന്നെയാണ് ഓപ്പറേഷൻ തീയേറ്ററും . ദൂരെ നിന്ന് തന്നെ കണ്ടു .

ഐ സി യു വിനടുത്ത് കണ്ണുനീർ വാർത്തിരിക്കുന്ന ഗിരിജ ചിറ്റയെ . അടുത്തെത്തി ചിറ്റേ എന്ന് തൊട്ടു വിളിച്ചയുടനെ തലയുയർത്തി നോക്കി . പിന്നെഅടുത്തു വന്നു തന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു .

”എന്റെ പൊന്നുമോളെ …എന്റെ വിനുക്കുട്ടനെ എനിക്ക് തിരിച്ചു കിട്ടുമോ മോളെ…. . കല്യാണം കഴിഞ്ഞു എട്ടുവർഷങ്ങൾക്കു ശേഷം ആറ്റുനോറ്റുണ്ടായ പൊന്നുണ്ണിയാണവൻ .. ഗുരുവായൂരപ്പന് നേർച്ചകൾ നേർന്നു ഭഗവാൻ കനിഞ്ഞരുളിയ പൊന്നുണ്ണി ……..ഭഗവാൻ തന്നെ അവനെ തിരിച്ചെടുക്കുകയാണോ മോളെ…”ചിറ്റ ആർത്തലച്ചു കരയുവാൻ തുടങ്ങി. ചിറ്റയെ സമാശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു .

”വിനുക്കുട്ടന് ഒരാപത്തും വരികയില്ല ചിറ്റേ . അവനു വേണ്ടി നമ്മൾ മാത്രമല്ല പ്രാർത്ഥിക്കുന്നത് . അവൻ സഹായിച്ച മറ്റനേകം പേർ അവനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് . ഇന്നെനിക്കതു മനസ്സിലായി . അവരുടെയും നമ്മുടെയുമൊക്കെ പ്രാർത്ഥന തള്ളിക്കളയുവാൻ ഭഗവാനാവുകയില്ല ചിറ്റേ ….” .അൽപ സമയത്തേക്ക് ചിറ്റ കണ്ണീരടക്കി പ്രാർത്ഥനാനിരതയായി ഇരുന്നു . അതുകണ്ടപ്പോൾ തന്റെ വാക്കുകൾ അവർക്കു സമാശ്വാസം പകർന്നത് പോലെ തോന്നി . ഏതാനും നിമിഷം കഴിഞ്ഞു സുരേന്ദ്രനങ്കിൾ അവിടെ വന്നെത്തി .

.”പ്രിയമോളെപ്പോഴെത്തി ?. ”

അങ്കിളിന്റെ ചോദ്യം കേട്ട് താനെഴുന്നേറ്റു . ”ഞാനിപ്പൊളെത്തിയതേ ഉള്ളൂ . ഇപ്പോൾ വിനുവിനെങ്ങിനെയുണ്ട്അങ്കിൾ . ഡോക്ടർ എന്ത് പറഞ്ഞു. ?”.

”അവന്റെ സ്ഥിതി വളരെ ക്രിട്ടിക്കലാണെന്നാണ് ഡോക്ടർ അല്പം മുമ്പ് പോലും പറഞ്ഞത് ഒരുപാട് രക്തം മുറിവിൽ നിന്നും വാർന്നു പോയിട്ടുണ്ട് . ഞങ്ങളുടെ ഒരേയൊരു മകനാണവൻ . അവനെ നഷ്ടപ്പെട്ടാൽ…എനിക്കറിയില്ല ദൈവം ഞങ്ങളെ കൈവിടുമോ എന്ന് . അവനോടൊപ്പം കുത്തു കൊണ്ട മറ്റൊരു പയ്യനും കൂടി ഉണ്ട് . അവന്റെയും നില ക്രിട്ടിക്കലാണെന്നാണ് ഡോക്ടർ പറഞ്ഞത് ”. നിറഞ്ഞു വന്ന കണ്ണുകൾ കൈ കൊണ്ടൊപ്പി അങ്കിൾ പറഞ്ഞു .

”ഒരു പയ്യനും കൂടി കുത്തേറ്റിട്ടുണ്ടെന്നോ ? . അതാരാണങ്കിൾ ?” ..

”അതെ മോളെ . അവനോടൊപ്പം പഠിക്കുന്ന കുട്ടിയാണ് . സന്ദീപ് . ഒരു കോളേജ് പ്രഫസറുടെ മകനാണവൻ . അദ്ദേഹവും ഭാര്യയും ഇത്രനേരവും ഇവിടുണ്ടായിരുന്നു . അല്പം മുമ്പ് ഭാര്യയ്ക്കു പ്രെഷർ കൂടി ബോധക്കേട് പോലെ വന്നത് കാരണം, ഭാര്യയെ ഡോക്ടറെ കാണിക്കാൻ പോയതാണയാൾ ”

”വിനുവിന് ഇതെങ്ങിനെ സംഭവിച്ചു അങ്കിൾ ?.

”വിനുവും കൂട്ടുകാരും ലൈബ്രറിയിൽ എത്തിയപ്പോൾ അവരുടെ എതിർ ചേരിക്കാരും അവിടെ എത്തി . അന്ന് സിനിമാതീയേറ്ററിൽ നടന്ന സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ഏതാനും പേരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു . അവർ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഉടനെ പ്ലാൻ ചെയ്തതാണത്രേ . ലൈബ്രറിക്കുള്ളിൽ വച്ച് തന്നെ എന്തൊ രാഷ്ട്രിയം പറഞ്ഞു നടന്ന വാക്കേറ്റം ഉന്തും തള്ളുമായി . അപ്പോൾ ലൈബ്രെറിയൻ ഇടപെട്ട് അവരെ പുറത്താക്കി. പിന്നീട് ലൈബ്രറിക്ക് വെളിയിൽ വച്ചായി സംഘട്ടനം .അതിനിടയിലാണ് വിനുവിനും സന്ദീപിനും കുത്തേറ്റത് . വിനുവിന്റെ ബെസ്‌റ്റ് ഫ്രണ്ടാണ് സന്ദീപ് . സ്വാഭാവികമായും എതിർ പാർട്ടിക്കാർ സന്ദീപിനെയും നോട്ടമിട്ടിരുന്നു ”.

അങ്കിൾ പറഞ്ഞു നിർത്തിയപ്പോൾ തന്റെ സങ്കടം ഇരട്ടിയായി . ഒരു പക്ഷെ അറിഞ്ഞോ അറിയാതെയോ താനും വിനുവിന് കുത്തേൽക്കാൻ ഒരു കാരണക്കാരിയായല്ലോ എന്നോർത്തായിരുന്നു സങ്കടം .

”എന്തായാലും സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു. ഇനി എന്ത് വില കൊടുത്തായാ ലും അവനെ രക്ഷിക്കണം മോളെ . അതുമാത്രമേ ഇപ്പോൾ എന്റെ മനസ്സിലുള്ളൂ . ഞാൻ ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം . ”

സുരേന്ദ്രനങ്കിൾ അവിടെ നിന്നും നടന്നകന്നു . ഗിരിജ ചിറ്റ എല്ലാം കേട്ട് തേങ്ങിക്കരഞ്ഞു കൊണ്ടിരുന്നു . ചിറ്റയെ സമാശ്വസിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ താനും വിഷമിച്ചു . പെട്ടെന്ന് വിനുവിനെ ഒന്ന് കാണണമെന്ന് ആഗ്രഹം തോന്നി ചോദിച്ചു

”വിനുവിനെ ഒന്ന് കാണാനാവുമോ ചിറ്റേ ? ”ചിറ്റ കരച്ചിലിനിടയിൽക്കൂടി പറഞ്ഞു .

”ങാ . ഗ്ളാസ്സിൽക്കൂടി ഐ സി യു വിനു പുറത്തു നിന്നും കാണാം മോളെ .”

അത് കേട്ട് താൻ ഐ സി യു വിലേ ക്കു നടന്നു . അവിടെ വയറ്റിലും മറ്റും ബാൻഡേജിട്ടു കിടക്കുന്ന വിനുവിനെക്കണ്ടു. അബോധാവസ്ഥയിൽ ഒരുകുഞ്ഞിനെപ്പോലെ ശാന്തനായുറങ്ങുന്ന വിനു . പൊട്ടി വന്ന തേങ്ങലുകളടക്കി താൻ വേഗം പുറത്തുകടന്നു . അവന്റെ ഈ കിടപ്പിൽ അറിഞ്ഞോ അറിയാതെയോ തനിക്കുള്ള പങ്കിനെക്കുറിച്ചോർത്തപ്പോൾ അറിയാതെ ഒരിക്കൽകൂടി തല കുനിഞ്ഞു . താനിരുന്ന കസേരക്കടുത്തേക്കു നടക്കുമ്പോൾ എതിരെ മനു സാർ വരുന്നത് കണ്ടു . അദ്ദേഹം അടുത്തെത്തി പറഞ്ഞു .

;”ആരതിയും അച്ഛനും കോച്ചിങ് സെന്ററിൽ വന്നിരുന്നു . ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് ആരതിയെ ക്‌ളാസിൽ കൊണ്ടിരുത്തിയിട്ടാണ് ഞാൻ വരുന്നത് ” അങ്ങനെ പറഞ്ഞു കൊണ്ട് തന്റെ അടുത്തുള്ള ഒഴിഞ്ഞ കസേരയിൽ ഇരുന്നു . അപ്പോൾ ഗിരിജ ചിറ്റ സംശയഭാവത്തിൽമനു സാറിനെ നോക്കി ചോദിച്ചു .

”ഇത് മംഗലം വാര്യത്തെ ശ്രീദേവി വാരസ്യാരുടെ മകനല്ലേ?” താൻ ചിറ്റയുടെ സംശയം തീർക്കാനായി പറഞ്ഞു

”അതെ ചിറ്റേ . മംഗലത്തെ മനീഷ് ആണ് . ”

”ഇപ്പോൾ എന്ത് ചെയ്യുന്നു ”

”ഞാൻ പിഎച് ഡിക്കുപ്രിപ്പയർ ചെയ്തു കൊണ്ടിരിക്കുന്നു . ” ഗിരിജചിറ്റയുടെ കലങ്ങിയ കണ്ണുകളിലേക്കു നോക്കി മനു സാർ പറഞ്ഞു . എന്നാൽ ആകെ കലങ്ങിമറിഞ്ഞ അവസ്ഥയിലായിരുന്നഗിരിജ ചിറ്റ ആ ഉത്തരം കേട്ടില്ലെന്നു തോന്നി. സാർ അടുത്തു വന്നിരുന്നപ്പോൾ സാമാന്യ മര്യാദ പാലിക്കാൻ വേണ്ടി ചിറ്റ അപ്പോൾ അങ്ങിനെ ചോദിച്ചതാണ് . പിന്നീട് അവർ ഒന്നും മിണ്ടാതെ നിശബ്ദയായി , അകലേക്ക് കണ്ണുകൾ പായിചിരുന്നു . അത് കണ്ടു മനു സാർ തന്നോട് ചോദിച്ചു

”എങ്ങിനെയുണ്ട് പ്രിയ വിനുവിനിപ്പോൾ ?’. .

”അവന്റെ സ്ഥിതി ക്രിട്ടിക്കലായി തന്നെ തുടരുന്നു . ഡോക്ടർമാർ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല . ” . താൻ ഇടറിയ തൊണ്ടയോടെ ശബ്ദം താഴ്ത്തി പറഞ്ഞു . അതുകേട്ട് സാർ ഗൗരവം പൂണ്ടു .

”ഞാൻ എന്റെ ആ ഫ്രണ്ട് ദിനേഷുമായി ഒന്ന് സംസാരിച്ചു നോക്കട്ടെ . അവൻ ഇവിടത്തെ ഹാർട് സ്പെഷ്യലിസ്റ് ആണെന്ന് തോന്നുന്നു ”

അങ്ങിനെ പറഞ്ഞു കൊണ്ട് അദ്ദേഹംഅവിടെ നിന്നും എഴുന്നേറ്റു നടന്നു .

(തുടരും)

 

You can share this post!