ഒരു കഥാകൃത്ത് ജീവിതത്തെ നോക്കുകയാണ്

മലയാളകഥയുടെ മുറ്റത്തേക്ക് ഇതാ ഒരു കഥാകൃത്ത് കാലെടുത്തു വയ്ക്കുകയാണ്. സതീശൻ എന്ന ഈ കഥാകൃത്തു നമ്മുടെ നാടിന്റെ പുരാണങ്ങളിലും പഴയ ശീലുകളിലും ആകൃഷ്ടനായ വ്യക്തിയാണ്. അദ്ദേഹം ഈ കഥകൾ വളരെക്കാലമായി മനസ്സിൽ കൊണ്ടുനടന്നിരുന്നതാണ്. ജീവിതത്തിന്റെയും ജോലിയുടെയും തിരക്കിൽ അത് പൂർത്തീകരിക്കാൻ സമയം കിട്ടിയിരുന്നില്ല. ഇപ്പോൾ അദ്ദേഹം സ്വസ്ഥമായി തന്റെ കഥനപർവത്തിനു ഉചിതമായ രീതിയിൽ ഒരു പ്രമുക്തി നൽകിയിരിക്കുന്നു.കഥ പറയാനുള്ള സിദ്ധി മിക്കവരിലും കാണാം. എന്നാൽ അത് ഒരു ശില്പമാക്കി കടലാസ്സിൽ എഴുതാൻ എല്ലാവർക്കും ശേഷിയില്ല. കഥാതന്തു വല്ല എഴുതുന്നത്. അതിനെക്കുറിച്ചുള്ള അവബോധം സക്രിയമായി രൂപപ്പെടണം. ഒരു ക്യാൻവസിലേക്ക് നാം നോക്കുന്നത് നേരെ നിന്നാണെങ്കിലും അതിലേക്കുള്ള നോട്ടം സജ്ജീകരിച്ചിരിക്കുന്നത് ചിത്രകാരനാണ്.
പതിനാറാം നൂറ്റാണ്ടിലെ മഹാ ചിത്രകാരനായ പീറ്റർ ബ്രൂഗൽ ദ എൽഡർ വരച്ച ‘നെതർലാൻഡിഷ്‌ പ്രോവെർബ്സ് ‘എന്ന ചിത്രം ഗ്രാമജീവിതത്തെ മുകളിൽ നിന്നും നോക്കുന്ന രീതിയിൽ ആണ് ക്രമപ്പെടുത്തിയിരിക്കുന്നത്. സുവ്യക്തതയ്ക്കും നാടകീയതയുടെ മൂർച്ചയ്ക്കും ,മുകളിൽ നിന്നുള്ള ഫോക്കസ് അനിവാര്യമാണ് എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അതൊരു ക്രെയ്ൻ ഷോട്ടാണ്.
ഇതുപോലൊരു നോട്ടം അഥവാ ഫോക്കസ് കഥാകൃത്തിനും ആവശ്യമാണ്. താൻ പറയാൻ പോകുന്ന കഥയെ എങ്ങനെ നോക്കിക്കാണണമെന്ന ബോധം നിർണായകമാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഇതിന്റെ അനിവാര്യതയുണ്ടാകുന്നത്. സതീശന്റെ ചില കഥകൾ വായനക്കാരനെ ഒരു പ്രത്യേക ഫോക്കസിലേക്ക് കൊണ്ടുപോകുന്നുണ്ട്.കൂത്താട്ടുകുളത്തിനടുത്തു ജനിച്ചു വളർന്ന അദ്ദേഹം കുട്ടിക്കാലത്തെ അനുഭവങ്ങളെ ചികഞ്ഞെടുക്കുന്നതു കാണാൻ രസമുണ്ട്. കൂത്താട്ടുകുളത്തെ വള്ളോൻ എന്ന കഥ ഇതിലൊന്നാണ്. വള്ളോൻ തന്റെ കുട്ടിത്തത്തെ എങ്ങനെയാണ് അപഹരിച്ചതെന്ന് അറിയുന്നത് വർഷങ്ങൾ കഴിഞ്ഞാണ്. അതിനോടുള്ള പ്രതിബദ്ധത, ആ ഓർമകളോടുള്ള ആത്മാർത്ഥത കഥനായകൻ ആ പാവം നിരാലംബന്റെ കുഴിമാടത്തിനു മുമ്പിൽ പോയി നമസ്കരിക്കുമ്പോൾ സ്ഫുടമാവുന്നു. 

സതീശൻ എൻ എം

സതീശന്റെ കഥകൾ കാമാഖ്യയിലെ ആട്ടിൻകുട്ടി, ലൂസി ഗ്രേ, കത്രീനയെന്ന കൃഷ്ണഭക്ത, വരിക്കപ്ലാവ് കഥ പറയുമ്പോൾ തുടങ്ങിയ കഥകൾ വായനക്കാരെ നിരാശപ്പെടുത്തില്ല. വളരെ അനാർഭാടമായ ഒരു ശൈലിയിലും ഭാഷയിലുമാണ് സതീശൻ എഴുതുന്നത്.  ഈ കഥാകൃത്തിന്റെ രചനകളെ വായനക്കാരുടെ മുമ്പിൽ സമർപ്പിക്കുന്നു. ഇദ്ദേഹത്തെ കഥകൾ വായിച്ചു പ്രോത്സാഹിപ്പിക്കുന്നതിലൂടെ വായനക്കാർ എന്ന നിലയിലുള്ള നമ്മുടെ കടമ നാം നിറവേറ്റുകയാണ് ചെയ്യുന്നത്.

*കാമാഖ്യയിലെ ആട്ടിൻകുട്ടി
സതീശൻ എൻ എം

publisher: nlue ink books thallasserry

satheesan phone: 94469 06732

 

 
 
 
 
 

You can share this post!