ഋതുസംക്രമം -42

തികച്ചും സ്മാർട്ടായ സുമുഖനായ ഒരു ചെറുപ്പക്കാരൻ

” . ഹലോ ..ഞാൻ നിധീഷ് ..തൃശൂരിൽ നിന്നും ഐ പി എസ് ട്രയി നിങ്ങിനായി പോകുന്നു

ഞാനും ആരതിയും സന്തോഷപൂർവം തിരികെ വിഷ് ചെയ്തു കൊണ്ട് സ്വയം പരിചയപ്പെടുത്തി .

എനിക്കറിയാം . നിങ്ങളെ ഞാൻ പത്രത്തിലും ടി വി യിലും കണ്ടിരുന്നു . പ്രത്യേകിച്ച്ആരതിയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.താൻ ആദിവാസി സമൂഹത്തിൽ നിന്നും പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് എത്തിയതാണെന്നു ഞാൻ മനസിലാക്കുന്നു . യുആർ ഗ്രേറ്റ് . തന്റെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു. ”. അയാൾ ആരതിയെ നോക്കിതിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞു . പിന്നെ തന്റെ നേരെ തിരിഞ്ഞു

”.യൂ ആർ പ്രിയംവദ . താങ്കൾ ദളിത് ഫാമിലി ബാക് ഗ്രൗണ്ടിൽ നിന്നുമാണെന്ന് ഞാനറിഞ്ഞു. ഗ്രാൻഡ് ഫാദർ പഴയ ഒരു വീരനായകനാണ് അല്ലെ. ഐ മീൻ പേരുകേട്ട ഒരു തൊഴിലാളി നേതാവ് . ”

അതെ . പഴയ കാലത്ത് മുത്തശ്ശൻ ഒരുപാട് സമരങ്ങൾ നയിച്ചിട്ടുണ്ട് .ഇപ്പോൾ വയ്യാതായി” .

ഏതായാലും നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷം. ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം ”” .അയാൾ ഇത്രയും അല്പം ഹിന്ദിച്ചുവയുള്ള മലയാളത്തിൽ പറഞ്ഞു . പിന്നെഅടുത്തപടിയായി ഇംഗ്ലീഷിൽ സ്വയം വിശദീകരണങ്ങളിലേക്കു കടന്നു .

”. ഫാദറുംമദറുമൊത്തു വളരെക്കാലം ഞങ്ങൾ ഡൽഹിയിലായിരുന്നു എന്റെ ഡാഡി സെൻട്രൽ ഗവൺമെന്റിൽ ഉയർന്ന ഉദ്യോഗസ്ഥൻ ആയിരുന്നു .അതുകൊണ്ടു ഡൽഹി എനിക്ക് പുത്തരിയല്ല .” അങ്ങിനെ വിശേഷങ്ങളുടെ ഒരു ഭാണ്ഡക്കെട്ട് അയാൾ ഞങ്ങൾക്ക് മുന്നിൽ തുറന്നു വച്ചു . നല്ല ഒഴുക്കുള്ള ഇംഗ്ളീഷിൽ അയാൾ സംസാരിച്ചു കൊണ്ടിരുന്നു . അപ്പോഴേക്കും ഫ്ലൈറ്റ് വന്നെത്തി . ഫ്ലൈറ്റിൽ ആരതിയും നിധീഷും അടുത്തടുത്താണ് ഇരുന്നത് . താൻ ഒറ്റയ്ക്ക് മറ്റൊരു സീറ്റിലും . നിധീഷിന്റെ സാമിപ്യം അവളെ സന്തോഷിപ്പിക്കുന്നതായി തോന്നി . അത് കണ്ടു താൻ മനപൂർവം അകലം പാലിച്ചു .അയാൾ ഒരു നല്ല ഫ്രണ്ടിനെപ്പോലെ  അവളോട് പെരുമാറുന്നത് താൻ ശ്രദ്ധിച്ചു . സീറ്റ് ബെൽറ്റ് മുറുക്കുന്ന വിധവും മറ്റും അയാൾ കാണിച്ചു കൊടുത്തു .

വിൻഡോ സീറ്റിലൂടെ അല്പനേരം പുറത്തെ കാഴ്ചകൾ കണ്ടു താനിരുന്നു . മേഘപാളികൾക്കിടയിലൂടെ വെള്ളിവരകൾ തീർത്തു കുതിച്ചു പായുന്ന വിമാനത്തെ നോക്കിയിരുന്നപ്പോളേതോ അഭൗമശക്തിയുടെ സാന്നിധ്യം താൻ അനുഭവിച്ചറിഞ്ഞു . ഒരുപക്ഷെ മനുഷ്യനെ സ്വയമറിയാതെ അജ്ഞാത തീരങ്ങളിലേക്കു നയിക്കുന്ന ആ അഭൗമ ശക്തിയായിരിക്കും തന്നെയും ആരതിയേയും നയിക്കുന്നതെന്നും ഓർത്തു . . ജാലക കാഴ്ചകൾ ബോറടിച്ചപ്പോൾ താൻ കൈയ്യിലിരുന്നഏർണെസ്റ് ഹെമിംഗ് വേയുടെ” ”ദി ഓൾഡ് മാൻ ആൻഡ് ദി സീ എന്ന പുസ്തകം തുറന്നു വായിക്കാൻ തുടങ്ങി .താൻ ചെറുപ്പം മുതൽ ഇഷ്ടപ്പെട്ടിരുന്ന പുസ്തകം . പല ആവർത്തി വായിച്ചു കഴിഞ്ഞിരിക്കുന്നു . എന്നിട്ടും മടുപ്പില്ലാതെ വീണ്ടും!…. അപ്പോൾ അടുത്തിരുന്ന ഹിന്ദിക്കാരൻ എങ്ങോട്ടാണ് യാത്ര പോകുന്നത് എന്നന്വേഷിച്ചു . താൻ സ്ഥലപ്പേര് പറഞ്ഞപ്പോൾ അയാൾ താനൊരു ബിസിനസ്സ്മാനാണെന്നും . ബിസിനെസ്സ് ആവശ്യങ്ങൾക്കായി ഡൽഹിക്കു പോകുകയാണെന്നും അറിയിച്ചു . അയാളുമായി കൂടുതൽ സംസാരിക്കാൻ താല്പര്യം തോന്നിയില്ല . താൻ വീണ്ടും പുസ്തകത്തിലേക്ക് ശ്രദ്ധ തിരിച്ചു . അയാളാകട്ടെ കൂർക്കം വലിച്ചു ഉറങ്ങാനും തുടങ്ങി . ഉറക്കം കൺപോളകളെ തഴുകിത്തുടങ്ങിയപ്പോൾ പുസ്തകം അടച്ചുവച്ചു സീറ്റിലേക്ക് ചാരിക്കിടന്നു . മയക്കത്തിൽ ഏതോ മരച്ചുവട്ടിൽ നിന്ന് കരയുന്ന തന്നെ, സമാശ്വസിപ്പിക്കുന്ന മനുവേട്ടനെ സ്വപ്നം കണ്ടു !…

ഏതാനും നിമിഷം കഴിഞ്ഞ് ഞെട്ടി ഉണരുമ്പോൾ ഒരു തേങ്ങൽ മനസിൽ അവശേഷിച്ചിരുന്നു . ചുറ്റും നോക്കിയപ്പോൾ ആരതിയും പുതിയ സുഹൃത്തും തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നതുകണ്ടു .ഈ പുതിയ ബന്ധം ചിലപ്പോൾ ഒരു വഴിത്തിരിവ് അവളുടെ ജീവിതത്തിൽ സൃഷ്ടിച്ചേക്കുമെന്നു തോന്നി . ആരതി ഭാഗ്യമുള്ളവളാണ് .എല്ലാമറിഞ്ഞു കൊണ്ട് ഒരാൾ അവളുടെ ജീവിതത്തിലേക്ക് കടന്നെത്തിയിരിക്കുന്നു..

അപൂർവ നേട്ടത്തോടെ അവളുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളൊക്കെ ചാരം മൂടപ്പെട്ടു കഴിഞ്ഞു . മിക്കവാറും അണഞ്ഞു തുടങ്ങിയ ആ കനൽ അവളുടെ ജീവിതത്തെ കൂടുതൽ സുഭഗമായ ദിശകളിലേക്ക് തിരിച്ചു വിട്ടുകൊണ്ടിരിക്കുന്നു . ഒരു പക്ഷെ കൂടുതൽതെളിമയാർന്ന മറ്റൊരു വഴിത്താരയിലേക്ക്!…..

ഒടുവിൽ ഞങ്ങളുടെ ഫ്ലൈറ്റ് താഴേക്ക് നൂണ്ടിറങ്ങാൻ തുടങ്ങി . ഒരു വലിയ പക്ഷിയെപ്പോലെ അത് നിലം തൊടുമ്പോൾ ഞങ്ങൾ സീറ്റ് ബെൽറ്റ് വേർപെടുത്തി, ഇറങ്ങാനായി തയാറെടുത്തു .,ഫ്ലൈറ്റ് താഴേക്ക് ചലിക്കുമ്പോൾ ചിലർക്ക് ചെവിവേദന അനുഭവപ്പെടാറുണ്ട് .ആരതിയും വേദന കാരണം തന്റെ ചെവി പൊത്തിപ്പിടിച്ചു നിലവിളിച്ചു . അപ്പോൾ നിധീഷ് അവളെ ചേർത്തുപിടിച്ചു സമാശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു . കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ തമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിൽ ആയിത്തീർന്നുവെന്നു മനസ്സിലാക്കാൻ അത് മതിയായിരുന്നു . എങ്കിലും ഉള്ളിൽ തോന്നിയ ആഹ്ലാദം പുറമെ പ്രകടിപ്പിക്കുവാൻ താനൊരുങ്ങിയില്ല. അവർ തമ്മിലുള്ള . ഏതാനുംമണിക്കൂറിലെ പരിചയം ഒരു പുരുഷനെ അറിയാൻ പോരെന്നു തോന്നി . ഒടുവിൽ നിലത്തിറങ്ങിയപ്പോൾ ,”താൻ കൊച്ചുകുട്ടികളെപ്പോലെയാണെന്ന് പറഞ്ഞു നിധീഷ് ആരതിയെ കളിയാക്കുന്നുണ്ടായിരുന്നു.

.” ഹോ ഈ ചെവിവേദന അനുഭവിക്കുന്നവർക്കല്ലേ അറിയൂ ”.ആരതി പരിഭവത്തോടെ പറഞ്ഞു .

ഫ്ലൈറ്റിൽ കയറുമ്പോൾ ചെവിയിൽ പഞ്ഞി വെക്കേണ്ട കാര്യം നിധീഷ് ആരതിയെഒരിക്കൽക്കൂടി ഓർമിപ്പിച്ചു .

ഋഷികേശ്വിമാനത്താവളത്തിൽ നിന്നും എൽബിഎസ് അക്കാദമിയിലേക്ക് ഒരു ടാക്സിയിലാണ് ഞങ്ങൾ പുറപ്പെട്ടതു . അപ്പോളോർത്തു നിധീഷിനെപ്പോലെയൊരു ആൺ സുഹൃത്തിനെ കിട്ടിയതു നന്നായി എന്ന് . ഏതാണ്ട് ഒരു മണിക്കൂറോളം സഞ്ചരിച്ചു ഞങ്ങൾ അക്കാദമിയിൽ എത്തിച്ചേർന്നു .ലേഡീസ് ഹോസ്റ്റലിൽ ഞങ്ങൾക്കും, പുരുഷന്മാരുടെ ഹോസ്റ്റലിൽ നിധീഷിനും താമസ സൗകര്യവും ഒരുക്കിയിരുന്നു . ടിവിയും ,എയർ കണ്ടീഷണറുമുൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും നിറഞ്ഞ മുറി ആരതിക്കും തനിക്കുമായിലഭിച്ചു . മുറിയിലെത്തിയ ഞങ്ങൾ കുളി കഴിഞ്ഞ് ഹോസ്റ്റൽ മെസ്സിൽ നിന്ന് ഭക്ഷണവും കഴിച്ച്‌ വിശ്രമിച്ചു . യാത്രാക്ഷീണം ഒട്ടൊന്നു മാറിയപ്പോൾ ഞാൻ മൊബൈലിലൂടെ മനുവേട്ടനെ വിളിച്ചു

.”ഹലോ പ്രിയ ”.ഇടർച്ചയോടെ മനുവേട്ടൻ പ്രതികരിച്ചു

തന്നെ വേർപിരിഞ്ഞതിലുള്ള ദുഃഖം എത്രത്തോളമുണ്ടെന്ന് അപ്പുറത്തുനിന്നും ഒഴുകിയെത്തിയ മനുവേട്ടന്റെ സ്വരത്തിലെ ഇടർച്ചയിൽ നിന്നും താനറിഞ്ഞു .

പ്രിയ എന്താ ഒന്നും മിണ്ടാത്തെ ? യാത്ര സുഖമായിരുന്നോ.?നിങ്ങളെപ്പോഴാണ് അവിടെയെത്തിയത് ” .

മൈലുകൾക്കപ്പുറത്തു നിന്നും .ഒഴുകിയെത്തിയ മനുവേട്ടന്റെ ,ആകാംക്ഷ നിറഞ്ഞ , പതറിയ ശബ്ദം കേട്ടതോടെ തന്റെ നിയന്ത്രണവും വിടുകയായിരുന്നു .

പൊടുന്നനെ ഉയർന്ന കരച്ചിലിനെ പാടുപെട്ടു നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു .” ”അതെ മനുവേട്ടാ ..യാത്ര സുഖമായിരുന്നു .പക്ഷെ മനുവേട്ടനെയും വീട്ടിലാരെയുംകാണാത്തതു കൊണ്ട് ..”മുഴുവനാക്കാൻ കഴിയാതെ താൻ തേങ്ങിക്കരഞ്ഞു .

എന്താ പ്രിയ ..വിദേശത്തൊക്കെ ഒറ്റക്കു താമസിച്ചു ശീലിച്ചിട്ടുള്ള തനിക്കു ഇപ്പോളെന്താ പറ്റിയത് ? അതുമല്ല അച്ഛനെയും അമ്മയെയും വേർപിരിഞ്ഞു കുറെനാളായില്ലേ താൻ തറവാട്ടിൽ താമസിക്കുന്നു . അപ്പോഴൊന്നും തോന്നാത്ത വിഷമം ഇപ്പോഴെന്തേ തോന്നാൻ .”

എനിക്കറിയില്ല മനുവേട്ടാ ..എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ഇപ്പോഴെനിക്കാവുന്നില്ല .ഒരു പക്ഷെ മനുവേട്ടനെ വേർപിരിയേണ്ടി വന്നത് കൊണ്ടാകും അത് . മനുവേട്ടനും ആ വിഷമം അനുഭവപ്പെടുന്നില്ലേ ?”

ഉണ്ട് പ്രിയ . ഓരോ നിമിഷവും തന്നെ കാണുവാനുള്ള മോഹം എന്റെ ഉള്ളിലും തുടിക്കുന്നുണ്ട്. പക്ഷെ നമ്മൾ നമ്മളെ നിയന്ത്രിച്ചേ തീരൂ ഏതായാലും ട്രെയ്നിങ് തുടങ്ങുമ്പോൾ തന്റെ ഈ വിഷമമെല്ലാം മാറും അല്ലെങ്കിൽ മനഃപൂർവം മാറ്റിയെടുക്കണം അതല്ലെങ്കിൽ അത് തന്റെ പ്രൊഫഷനെ പ്രതികൂലമായി ബാധിക്കും . രണ്ടുവർഷം കഴിഞ്ഞു താനീ ജില്ലയിൽ സബ് കളക്ടറായിട്ട് എത്തുന്ന ദിനവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഞാൻ . മറ്റെല്ലാ ദുഖവും അതിനു മുമ്പിൽ ഒന്നുമല്ലെനിക്ക് . താനും അങ്ങിനെ തന്നെ കരുതി എല്ലാറ്റിനെയും അഭിമുഖീകരിക്കണം . ഒട്ടും ധൈര്യം ചോർത്തിക്കളയരുത് . ട്രെയ്നിങ്ങിൽ എല്ലാ പരീക്ഷകളിലും ഒന്നാമതെത്തണം. അങ്ങിനെ ചെയ്യില്ലെ പ്രിയാ ?..”മനുവേട്ടന്റെ ശബ്ദത്തിൽ ആകാം ക്ഷ കലർന്നിരുന്നു .

അങ്ങിനെ ചെയ്യാം മനുവേട്ടാ .. ഞാൻ ധൈര്യം സംഭരിച്ച് എല്ലാറ്റിനെയും നേരിടാം . ട്രനിങ്ങിൽ ഒന്നാമതെത്താമെന്ന് ഞാൻ വാക്കു തരുന്നു

ശരി പ്രിയ . ഇനി മുതൽ ഫേസ്ബുക്കിൽ കൂടിയോ ,വാട്സ്പ്പിൽക്കൂടിയോ,വീഡിയോകാളിൽക്കൂടിയോ ഒക്കെ നമ്മൾ കോൺടാക്ട് ചെയ്യും . അപ്പോൾ തന്റെ സന്തോഷം നിറഞ്ഞ മനസ്സാണ് അതിൽ ഞാൻ കാണേണ്ടത്” .

അങ്ങിനെ തന്നെ കൊണ്ടു പ്രോമിസ് ചെയ്യിച്ച് മനുവേട്ടൻ ഫോൺ വച്ചു .

You can share this post!