ഋതുസംക്രമം- 41

ട്രെയിനിങ്ങിനായി വിളിക്കപ്പെടുന്ന ദിനവും കാത്ത് താൻ അക്ഷമയോടെ നാളുകൾ പിന്നിട്ടു . ആരതിയുടെ നിലയും വ്യത്യസ്തമായിരുന്നില്ല .ആദിവാസി ഗോത്രത്തിൽ നിന്നു മാത്രമല്ല ,.ആ നാട്ടിൽ നിന്നുതന്നെ ആദ്യമായി ഐ എ എസ് ലഭിച്ച അവളെ അഭിനന്ദിക്കാനുംആദരിക്കാനും നാട്ടുകാർ അവൾ പഠിച്ച സ്കൂളിൽ യോഗം ചേർന്നു . അവളെ മാതൃകയാക്കുവാൻ പുതുതലമുറയോട് അധ്യാപകർ അഭ്യർഥിച്ചു .

അങ്ങിനെ ഉൽക്കണ്ഠാഭരിതമായി കടന്നുപൊക്കോണ്ടിരുന്ന നാളുകൾക്കൊടുവിൽ ട്രെയിനിംഗിന്റെ ലെറ്റർ വന്നു . അസിസ്റ്റൻറ് കമ്മീഷണറുടെ പോസ്റ്റിൽ രണ്ടു വർഷത്തെ ട്രെയിനിങ് കോഴ്സ് മുസ്സോറിയിലെ എൽ ബി എസ് അക്കാദമിയിൽ ആരംഭിക്കുന്നത് അറിയിച്ചുകൊണ്ടുള്ള കത്തായിരുന്നു ആരതിക്കും തനിക്കും ലഭിച്ചത് . മനസ് ആഹ്ലാദാരവങ്ങളിലേക്ക് പറന്നുയരുമ്പോഴും നേരിയ ദുഃഖം മനസ്സിൽ അവശേഷിച്ചു. അത് വീട്ടിൽ എല്ലാവരെയുംപ്രത്യേകിച്ച് മനുവേട്ടനെ പിരിഞ്ഞു ദൂരദിക്കിൽ താമസിക്കുന്നതോർത്തായിരുന്നു . തന്റെ ഉള്ളു അതോർത്തു പിടഞ്ഞു കൊണ്ടിരുന്നു . ദിവസങ്ങൾക്കകം മുസോറിയിലെ എൽ ബി എസ് അക്കാദമിയിലേക്കു യാത്രക്കുള്ള ഒരുക്കങ്ങൾ താൻ ചെയ്തു തുടങ്ങി . പോകാൻ നേരം ആരതിയുംവന്നെത്തി .താൻ മുത്തശ്ശിയുടെ യുംമുത്തശ്ശന്റെയുംകാൽ തൊട്ടു വന്ദിച്ചു .

അപ്പോൾ താൻ വിങ്ങിപ്പൊട്ടുകയായിരുന്നു . മുത്തശ്ശി തന്നെ കണ്ണീരോടെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു . ”എന്റെ അമ്മു മറ്റൊന്നും ഓർത്തു വിഷമിക്കരുത് . ഏറ്റവും നന്നായി തന്നെ ട്രെയിനിങ് പൂർത്തിയാക്കണം . രണ്ടു വർഷം പെട്ടെന്ന് കഴിഞ്ഞുപോകും . അതുവരെഇവിടെ മുത്തശ്ശനും മുത്തശിയും ദിവസ്സങ്ങളെണ്ണി നീ വരുന്നതും കാത്തിരിക്കും” . താനരികിൽച്ചെന്നപ്പോൾ മുത്തശ്ശനും പറഞ്ഞു

.” നീയില്ലാത്ത ഒരു ദിനം പോലും ഞങ്ങൾക്കിപ്പോൾ ഓർക്കാൻ വയ്യാതായിരിക്കുന്നു അമ്മൂ . എങ്കിലും നിന്റെ നന്മക്കായി എല്ലാം സഹിക്കാൻ ഞങ്ങൾ തയ്യാറാണ് . ”മൂത്തശ്ശന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ താൻ തുടച്ചുകൊടുത്തു .

ഒന്നുംവേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു മൂത്തശ്ശാ .ഞാനീ പരീക്ഷ പാസ്സാകാതിരുന്നാൽ മതിയായിരുന്നു . എങ്കിൽ നിങ്ങളെയൊന്നും വിട്ട് പോകേണ്ടിവരുമായിരുന്നില്ല . ”അതുകേട്ടു മുത്തശി തന്റെ വായ് പൊത്തിക്കൊണ്ടു പറഞ്ഞു

.’കൊച്ചുകുട്ടികളെപ്പോലെ ഇങ്ങനെയൊന്നും പറയരുത് അമ്മൂ . നീയ്യ് ഈ നാട്ടിൽ കലക്ടറായി വരുന്നത് കാണാൻ ഞങ്ങളൊക്കെ എത്ര മാത്രം ആഗ്രഹിക്കുന്നുണ്ടെന്നു അറിയോ?…. . നിന്നെയൊരു വലിയ ആളായിക്കാണുന്നതിൽപ്പരം സുകൃതം ഞങ്ങൾക്കെന്താണുള്ളത് അമ്മൂ .”

ഈ മുത്തശ്ശനും മുത്തശ്ശിയുംനിന്റെ അച്ഛനുമമ്മയുമെല്ലാം നോമ്പ് നോറ്റത് ഇതിനുവേണ്ടിയായിരുന്നില്ലേ അമ്മൂ . ഭാഗ്യം ചെയ്തൊരാ ഞങ്ങള് അല്ലെങ്കിൽ നിന്നെപ്പോലെ ഇത്ര മിടുക്കിയായ ഒരു മോളെ ഞങ്ങൾക്ക് കിട്ടുമായിരുന്നോ . മൂത്തന്നൂർ ദേവി എന്റെ അമ്മൂനെ കാത്തുകൊള്ളും

മുത്തശ്ശി തലയിൽ കൈ വച്ച് അനുഗഹിച്ചു . എല്ലാം വീക്ഷിച്ചു കൊണ്ട് മനുവേട്ടൻ അടുത്തു നിന്നിരുന്നു . മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അനുഗ്രഹാശിസ്സുകൾ വാങ്ങി തിരികെയെത്തിയപ്പോൾ മനുവേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു. ” ഇനി കണ്ണീരൊക്കെ തുടച്ചു പുഞ്ചിരിയോടെ വേണം ഇവിടെ നിന്ന് യാത്രയാവാൻ . ”

ശരി മനുവേട്ടാ . നിങ്ങൾക്കൊക്കെ വേണ്ടി സന്തോഷമായിട്ടിരിക്കാൻ ഞാൻ ശ്രമിക്കാം . ”.

സന്തോഷപൂർവം ചിരിച്ചുകൊണ്ടുതന്നെ താൻ എല്ലാവരോടും യാത്ര പറഞ്ഞു . പടിപ്പുര വരെ അനുഗമിച്ച്‌ മുത്തശ്ശി ഞങ്ങളെ കാറിൽ യാത്രയാക്കി ..കാർ കണ്ണിൽ നിന്നുംമറയുന്നതുവരെ നോക്കി നിന്നു. ഒടുവിൽ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് മുത്തശ്ശി തിരിഞ്ഞു നടന്നു .

വിനു ഓടിച്ചിരുന്ന കാറിൽ അവന്റെ തമാശകൾ കേട്ട് കൊണ്ട് ഞങ്ങൾപുറകിലിരുന്നു . . അപ്പോൾ തൽക്കാലത്തേക്കെങ്കിലും വേദനകൾ ശമിച്ചിരുന്നു .

ആരതിയെ തന്റെ സമീപമിരുത്തി വിനു മനപ്പൂർവം ഡ്രൈവിംഗ് ഏറ്റെടുക്കുകയായിരുന്നു . ബാക്ക് സീറ്റിൽ തങ്ങളെ ഇരുത്തി ഡ്രൈവ് ചെയ്യുമ്പോൾ അവൻ ഓർത്തു കാണും ഇനി രണ്ടു വർഷത്തേക്ക് വിരഹവേദന അനുഭവിക്കേണ്ട കാമുകീകാമുകന്മാരാണല്ലോ തങ്ങളെന്ന് .എന്നാൽ ആ വേദന അവനും അറിഞ്ഞു തുടങ്ങിയിരുന്നെന്നു അപ്പോൾ താനറിഞ്ഞിരുന്നില്ല . .

മനസ്സിൽ വിവിധ വികാരങ്ങൾ അലയടിക്കുന്നുണ്ടായിരുന്നു . അൽപ സമയത്തിനുള്ളിൽ ,ഏതോ വിദൂര തീരങ്ങളിലിരുന്നു സ്വപ്നം കാണാൻ വിധിക്കപ്പെട്ട ഇരു ഹൃദയങ്ങളായി തങ്ങൾ മാറും എന്ന അറിവ് കടലല പോലെ ഹൃദയത്തെ പ്രക്ഷുബ്ധമാക്കികൊണ്ടിരുന്നു . മനുവേട്ടന്റെ മാറിൽ തല ചായ്ച്ചിരുന്നു . തൻറെ ഉള്ളിൽ വിങ്ങുന്ന ഉറവയെ പുറത്തേക്ക് ഒഴുക്കിക്കളയാനുള്ള ആഗ്രഹത്തെ പണിപ്പെട്ടടക്കി . മനുവേട്ടനാകട്ടെ തന്നെ മാറിലണച്ചു ആശ്വസിപ്പിക്കണമെന്നുണ്ടായിട്ടും മറ്റുള്ളവരെ ഓർത്തു പിൻവാങ്ങി . ഒടുവിൽ ഞങ്ങൾ വിമാനത്താവളത്തിലെത്തിച്ചേർന്നു . എയർ പോർട്ടിലെ സന്ദർശക മുറി വരെ മാത്രമേ മറ്റുള്ളവർക്ക് പ്രവേശനമുള്ളൂ . അതറിയാവുന്നതു കൊണ്ടു തന്നെ മനുവേട്ടൻ തന്റെ ലഗേജെല്ലാം എടുത്തു ക്യാരിയറിൽ വച്ച് ഉന്തിക്കൊണ്ട് അവിടം വരെ വന്നു . കൂടെ വിനുവും . ഒടുവിൽ വിടപറയലിനുള്ള സമയം ആഗതമായി .ആളൊഴിഞ്ഞിടത്തെത്തിയപ്പോൾ മനുവേട്ടൻ തന്നെ പിടിച്ചു നിർത്തി . അതുവരെ ഒതുക്കിപിടിച്ചിരുന്ന ഹൃദയവേദന ഏതാനും കണ്ണുനീർ തുള്ളികളായി മനുവേട്ടനിൽ നിന്നും പുറത്തേക്കു വന്നു . അദ്ദേഹം നിറകണ്ണുകളുമായി നിന്ന എന്റെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു .

പ്രിയ തന്നെപ്പിരിഞ്ഞു ഒരു നിമിഷം പോലും കഴിയുന്നത് എനിക്കിപ്പോൾ ഓർക്കാൻ വയ്യാതായിരിക്കുന്നു . എന്റെ മനസ്സിന്റെ ഓരോ അറകളിലും ഇപ്പൊ നീ മാത്രമാണുള്ളത് . ”

ആ വാക്കുകൾതന്നെഹർഷ പുളകിതയാക്കി .എങ്കിലും ആ ഉൾപ്പുളകം അധികസമയം നീണ്ടു നിന്നില്ല . പകരം തന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അതുകണ്ട് മനുവേട്ടൻ വീണ്ടും പറഞ്ഞു .

പ്രിയ ….രണ്ടു വർഷം കാണാതിരിക്കണമെന്നോർക്കുമ്പോൾ നമുക്കിരുവർക്കും ദുഖമുണ്ട് . പക്ഷെ നീ എല്ലാം കൺട്രോൾ ചെയ്യണം . കാരണം ഈ വേർപിരിയലിനൊടുവിൽ ഒരു പുതു ജീവിതം നമുക്ക് ലഭിക്കുമെന്ന് എന്റെ മനസ്സു പറയുന്നു . അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു അതിനുള്ള വഴി ഞാൻവെട്ടിത്തെളിക്കുന്നുണ്ട് . നീ .സമാധാനമായിട്ടിരിക്കണം ”.

അതിനുള്ള മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു .അതുവരെ അടക്കിപ്പിടിച്ചിരുന്ന ദു:ഖമെല്ലാം തന്നിൽ നിന്നും അണപൊട്ടിയൊഴുകി . മനുവേട്ടന്റെ മാറിൽ തലചായ്ച്ചു പരിസരം മറന്നു പൊട്ടിക്കരഞ്ഞു .അതുകണ്ട് ആരതിയോടൊപ്പം അല്പം അകന്നുമാറിനിന്നിരുന്ന വിനു തമാശ മട്ടിൽ പറഞ്ഞു .

പ്രിയേച്ചി ഇത് എയ്‌റോഡ്രോമാണ് . മറക്കേണ്ട. മാത്രമല്ല ഇതുകണ്ടാൽ നിങ്ങൾ ഭാര്യാഭർത്താക്കന്മാരാണെന്ന് ആരെങ്കിലുംതെറ്റിദ്ധരിക്കും” .

വിനു വിളിച്ചുപറഞ്ഞത് കേട്ട് താൻ ജാള്യതയോടെ അകന്നു മാറി . പിന്നെ കണ്ണീരിനിടയിലൂടെ പുഞ്ചിരിച്ചു താൻ പറഞ്ഞു .

ഞാൻ എല്ലാ ദിവസവുംഫോൺ ചെയ്യും . മനുവേട്ടൻ എത്ര തിരക്കാണെങ്കിലും ഫോൺ എടുക്കാതിരിക്കരുത് ,. പിന്നെ ഫേസ് ബുക്കിൽ കൂടിയും ഇ മെയിൽ ആയും ഞാൻ ഫോട്ടോയും സന്ദേശങ്ങളുമയക്കും. വാട്സാപ്പിലും ഞാനുണ്ടാകും .ഇതിൽക്കൂടിയൊക്കെ എന്നെ തിരിച്ചും കോണ്ടാക്ട് ചെയ്യണം .”

പിന്നെ വിനുവിനെ അടുത്തു വിളിച്ച് താൻ പറഞ്ഞു .

വിനു നീ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാർത്തിക വല്യമ്മയുടെയും കാര്യങ്ങൾ നല്ലതുപോലെ നോക്കണം . നല്ലോണം പഠിച്ചു റാങ്കോടെ പാസ്സാകുകയും വേണം . വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ അപ്പപ്പോൾ അറിയിക്കണം” .

പ്രിയേച്ചി സമാധാനമായിട്ടു പോയിവരൂ . തറവാട്ടിലെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം വേണമെങ്കിൽ മനീഷേട്ടന്റെ വീട്ടിലെ കാര്യങ്ങളും ”. അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ കുസൃതി ഒളിഞ്ഞു കിടന്നിരുന്നു . അത് വെറും കുസൃതി അല്ലെന്നു തനിക്കു അറിയാമായിരുന്നു . താൻ അതെ രീതിയിൽ തമാശ മട്ടിൽ തിരിച്ചടിച്ചു

. ”അതെല്ലാം നീ പഠിച്ചു ഉദ്യോഗസ്ഥനായ ശേഷം മതി .കേട്ടോ ”.

അതുകേട്ട് വിനുവിന്റെ മുഖം വല്ലാതെയായി . അപ്പോഴേക്കും ആരതി ഞങ്ങളുടെ അടുത്തെത്തി . അവളെ യാത്രയയക്കാൻ ശിവൻകുട്ടിഅമ്മാവനും എത്തിയിരുന്നു . ”കുഞ്ഞേ ഇവളുടെ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളണെ . ഒന്നുമറിയാത്ത ഒരു പൊട്ടിപ്പെണ്ണാ” 

ശിവൻ കുട്ടി അമ്മാവൻ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ . ആരതി ക്ക് ഇപ്പൊ എല്ലാം അറിയാം . അല്ലെ ആരതി ”. താൻ ആരതിയെ നോക്കി ചോദിച്ചു . ആരതി മന്ദസ്മിതത്തോടെ തല കുനിച്ചു . അത് കണ്ടു മനുവേട്ടൻ പറഞ്ഞു

. ”അമ്മാവൻ നോക്കിക്കോളൂ . ട്രെയ്നിങ് കഴിഞ്ഞു തിരിച്ചു വരുന്ന ആരതി മറ്റൊരാളായിരിക്കും . ”

അവളുടെ കണ്ണുകളിൽ ഒരായിരം ചിത്രശലഭങ്ങൾ പറക്കാൻ വെമ്പി നിൽക്കുന്നത് കാണാമായിരുന്നു . കൂടാതെ അനേകായിരംമഴവിൽ വർണ ങ്ങളെയും . അതുകണ്ടു മനുവേട്ടൻ പറഞ്ഞു

.” ആരതി ശരിക്കും പ്രിയയേക്കാൾ മിടുക്കിയാണ് . പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ആരതിക്കുള്ളകഴിവ് മറ്റാർക്കുമില്ലെന്നു അവൾ തെളിയിച്ചു കഴിഞ്ഞു .” ആ വാക്കുകൾ ശിവൻകുട്ടിഅമ്മാവൻ സംതൃപ്തിയോടെ കേട്ടുനിന്നു . പിന്നെ മകളെ കെട്ടിപ്പിടിച്ചു അനുഗ്രഹ വാക്കുകൾ ചൊരിഞ്ഞു

.” പോയി നന്നായി വാ . നീ വരുന്നതും കാത്തു ഞങ്ങൾ മാത്രമല്ല ആദിവാസി ഗ്രാമം മുഴുവനുമുണ്ട്

ശരി അച്ഛാ . മുത്തിയമ്മക്കും അച്ഛനും ഞാൻ കത്തയക്കാം . കഴിയുമ്പോഴൊക്ക ഫോൺ ചെയ്യുകയുംചെയ്യാം ”. അവളുടെ കണ്ണുകളും നനഞ്ഞിരുന്നു .

അപ്പോഴേക്കും എയർ പോർട്ടിലെ നടപടിക്രമങ്ങളിലേക്കു തിരിയുവാൻ ഞങ്ങൾക്കു സമയമായി . എല്ലാപേരോടുമായി കൈവീശി യാത്ര പറഞ്ഞുഞങ്ങൾ നടന്നകന്നു . ഞങ്ങളെ നോക്കി അവർ മൂവരും അൽപനേരം കൂടി അവിടെ നിന്നശേഷം തിരിഞ്ഞു നടന്നു. അവരുടെ ഹൃദയംഅപ്പോൾ വേദനയാലും പ്രാർത്ഥനയാലും മൂകമായിരുന്നു

. . എയർപോർട്ടിലെ നടപടിക്രമങ്ങൾ ഞങ്ങളൊന്നിച്ചാണ്‌ പൂർത്തീകരിച്ചത് . അതിനിടയിൽ അവിടെ , ഐപിഎസ് കേഡറിൽ സെല ക് ക്ഷൻ ലഭിച്ച മറ്റൊരു മലയാളി കൂടി ഉണ്ടായിരുന്നു . അയാൾ അല്പം വൈകിയാണ് എത്തിയത് . എങ്കിലുംക്യൂ വിൽ ഞങ്ങളുടെ തൊട്ടു പുറകിൽ ആയാളും ഉണ്ടായിരുന്നു . ഞങ്ങൾ നടപടികളെല്ലാം പൂർത്തീകരിച്ചു ലോഞ്ചിലിരിക്കുമ്പോൾ അയാൾഞങ്ങളെ തിരിച്ചറിഞ്ഞ് പരിചയപ്പെടാനെത്തി. ..

 

You can share this post!