ഋതുസംക്രമം –40

 

ഇരുവരും ഉയർന്നനിലയിൽ തന്നെ പാസ്സായി . തനിക്ക് 52 ഉം ആരതിക്ക്‌ 91 ഉം. ഐ എ എസ് കിട്ടുമായിരുന്നിട്ടും ആരതിക്ക്‌ ഐ പി എസ് നു പോകണമെന്നായിരുന്നു ആഗ്രഹം .ഇരുവരുടെയും റിസൾട്ട് ആദ്യമറിഞ്ഞ മനുവേട്ടൻ ഫോണിലൂടെ തന്റെ ആഹ്ലാദം പങ്കു വച്ചു .

ആഹ്ലാദാവേശത്താൽ മനുവേട്ടന് വാക്കുകൾ കിട്ടാതായി . ”നമ്മുടെ ജീവിതത്തിലെ സന്തോഷകരങ്ങളായ നിമിഷങ്ങളാണിത് പ്രിയ . ഇപ്പോൾ നീ അരികിലുണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ എടുത്തുയർത്തിയേനെ . ഇന്ന് ഞാൻ ലീവെടുത്തു നിന്റെ അരികിലേക്കു വരികയാണ് . ഈ ദിനം നമുക്ക് ആഘോഷിക്കണം. ആരതിയോടും പറഞ്ഞോളൂ

ആ വാക്കുകൾ എന്നെ ആഹ്ലാദഭരിതയാക്കി . മുത്തശ്ശിയെ ഈ വർത്തമാനം അറിയിച്ചപ്പോൾ മുത്തശ്ശി സന്തോഷാതിരേകത്താൽ മതിമറന്നു .

എന്റെ കുട്ട്യേ കാണാൻ എനിക്ക് ധൃതിയായി .ഇന്നിങ്ങുട് വന്നിട്ട് പോകാൻ പാടില്ലേ നിനക്ക് ”.

താൻ പിറ്റേന്ന് തറവാട്ടിലേക്ക് ചെല്ലാമെന്നു മുത്തശ്ശിയെ അറിയിച്ചു . അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർക്കു സ്വർഗം കിട്ടിയ പ്രതീതിയായിരുന്നു . ഉന്നതങ്ങൾ കീഴടക്കിയ മകളെ അവർ അഭിനന്ദനങ്ങൾ കൊണ്ട് മൂടി . അച്ഛൻ ചില ഉപദേശങ്ങൾ നൽകാനും മറന്നില്ല .

നീ കീഴടക്കിയ ഉയരങ്ങൾക്കൊപ്പം നിന്റെ മനസ്സിനെ കീഴടക്കാനും നീ പഠിക്കണം മോളെ . നിന്റെ ആദർശങ്ങൾക്ക് വിഘാതമായ ഒന്നിനെയും സ്വീകരിക്കുകയില്ലെന്ന തീരുമാനം നീ എടുക്കണം സംശുദ്ധമായ ഒരു ഔദ്യോഗിക ജീവിതം കാത്ത് സൂക്ഷിക്കാൻ അന്യായമായ ഒന്നിനും കീഴ് പ്പെടാതിരിക്കാൻ നിനക്ക് കഴിയണം ”’

അച്ഛന്റെ ഉപദേശങ്ങൾ എത്രമാത്രം വിലപ്പെട്ടതാണെന്ന് തനിക്കറിയാമായിരുന്നു . ഇനിയുള്ള ഒരോ അടിവയ്‌പിലും ആ വാക്കുകളായിരിക്കണം തന്റെ മാർഗ ദീപം!… . താ ൻ തീരുമാനിച്ചുറച്ചു .

സുഹൃത്തുക്കളുടെ അഭിനന്ദനങ്ങൾക്കു മറുപടിയായി താൻ ആരതിയെ എടുത്തുകാട്ടി പറഞ്ഞു

എന്നെക്കാൾ ക്കൂടുതൽ നിങ്ങൾ അഭിനന്ദിക്കേണ്ടത് ആരതിയെയാണ് . ചളിക്കുണ്ടിൽ വിരിഞ്ഞ താമരയാണവൾ. തന്നെ ഗ്രസിച്ച ദുരനുഭവങ്ങൾക്കിടയിലും അവൾ ആത്മധൈര്യത്തോടെ പിടിച്ചു നിന്നു . ഈ നേട്ടം കൊയ്ത ആരതിയെപ്പോലൊരു പെൺകുട്ടിയെ എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല ”.

ആരതിയെയും തന്നെയും തേടി പത്ര മാധ്യമങ്ങൾ എത്തി . അവരോട് ആരതി പറഞ്ഞു

.” എന്റെ നേട്ടങ്ങൾക്ക് ഉത്തരവാദി പ്രിയേച്ചിയാണ് . പ്രിയേച്ചിയും മനീഷ് സാറുമില്ലായിരുന്നെങ്കിൽ ഞാനീ നിലയിലെത്തുമായിരുന്നില്ല. ആത്മഹത്യയുടെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് എന്നെ കൈപിടിച്ചുയർത്താൻ അവർക്കു കഴിഞ്ഞു . മാത്രമല്ല കോച്ചിങിനിടയിലെ ഓരോ ഘട്ടത്തിലും പണം നൽകി സഹായിക്കാനും പ്രിയേച്ചിക്ക് കഴിഞ്ഞു അവർ രണ്ടുപേരുമില്ലായിരുന്നെങ്കിൽ വെറുമൊരു ആദിവാസിയായ ഞാൻ ഇന്ന് ഒന്നുമാകുമായിരുന്നില്ല . അവരോട് എത്ര നന്ദിപറഞ്ഞാലും എനിക്ക് മതിയാവുകയില്ല . എന്റെ ജീവിതം മുഴുവൻ പ്രയത്‌നിച്ചാലും ഈ കടം വീട്ടുവാൻ എനിക്കാവുമെന്നു തോന്നുന്നില്ല . .. ” .അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ വികാരാധിക്യത്താൽ ആരതിയുടെ കണ്ണുകൾ നിറഞ്ഞു . കണ്ഠമിടറി . പത്രക്കാർ അവളുടെ വീട്ടിലും എത്തി ഇന്റർവ്യൂ നടത്തി .

പിറ്റെന്നാൾ പത്രവാർത്തകളിൽ നിറഞ്ഞു നിന്നതു ആരതിയാണ് . ആദിവാസി കോളനിയിൽ നിന്നും ആദ്യമായി ഐ എ എസ് നേടുന്ന പെൺകുട്ടി എന്ന വാർത്ത എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു . ഒപ്പം ശിവൻ കുട്ടി അമ്മാവനെയും , മുത്തിയെയും അവളുടെ വീട്ടിൽ ചെന്ന് ഇന്റർവ്യൂ ചെയ്തവാർത്തയും . ആദിവാസിയായ ആരതിയുടെ ജീവിതസാഹചര്യങ്ങൾ പത്രങ്ങളിൽ വായിച്ചറിഞ്ഞവർ അത്ഭുത പരതന്ത്രരായി . ജീവിതത്തോടും വിധിയോടും മല്ലിട്ട് നേട്ടങ്ങൾ കൊയ്ത ആരതിയെ അവർ പുകഴ്ത്തി . ഹോസ്റ്റലിൽ വച്ച് തന്നെ കണ്ടപ്പോൾ ശിവൻ കുട്ടിഅമ്മാവൻ ആനന്ദ തുന്ദിലനായി പറഞ്ഞു ”. കുഞ്ഞിന്റെ കാലുകളിൽ വീണു തൊഴണമെന്നുണ്ട് എനിക്ക് . ദൈവത്തിന്റെ അവതാര മാണ് കുഞ്ഞിപ്പോൾ ഞങ്ങൾക്ക് . ”

അയ്യോ എന്നെ അങ്ങിനെ ദൈവമൊന്നും ആക്കണ്ട അമ്മാവാ . നമ്മൾ ജീവിക്കുന്ന ഈ സമൂഹത്തോടും സഹജീവികളോടും നമുക്ക് ചില കടമകളുണ്ടെന്നു എന്നെ പഠിപ്പിച്ചു തന്നത് എന്റെ അച്ഛനാണ് ആ കടമകൾ ഞാൻ ചെയ്യുന്നു എന്ന് മാത്രം .”

അധ്വാനഭാരത്താൽ കുനിഞ്ഞു പോയ ശരീരവുമായി കൃതജ്ഞതയുടെ പ്രതിരൂപമായി അമ്മാവൻ നിന്നു . തൊഴു കൈകളോടെ അയാൾ വീണ്ടും പറഞ്ഞു.

കുഞ്ഞു ചെയ്ത ഉപകാരങ്ങൾക്കു പ്രത്യുപകാരം എന്ത് വേണമെങ്കിലും ചെയ്യാൻ ഞാൻ തയ്യാറാണ്. ഈ വൃദ്ധന് കഴിയുന്നതെന്തും കുഞ്ഞിനെന്നോട് ആവശ്യപ്പെടം . ”

താൻ ആ തൊഴു കൈകളിൽ പിടിച്ചു പറഞ്ഞു .”ശിവൻ കുട്ടി അമ്മാവൻ ഇനിയെങ്കിലും ആരതിയോടോത്തു സന്തോഷമായി ജീവിക്കണം . അതാണ് നിങ്ങൾ എനിക്കുനൽകേണ്ട പ്രത്യുപകാരം

കുഞ്ഞിന്റ നല്ല മനസ്സിന് ദൈവം നൽകിയ പ്രതിഫലമാണ് കുഞ്ഞിന് കിട്ടിയ ഈ ഐ എ എസ് .” .

എന്റെയല്ല .ഈശ്വരന്റെ നല്ല മനസ്സാണ് നമുക്ക് പ്രതിഫലം നൽകിയത് . അതിനു ദൈവത്തോട് നമുക്ക് നന്ദിപറയാം . ആദ്യം ആരതിയെയും കൂട്ടി അമ്മാവൻ അമ്പലത്തിൽ പോയിവരൂ . ഞാൻ മനുവേട്ടൻ വന്നിട്ട് വരാം അങ്ങിനെ അവർ സംസാരിച്ചു നിൽക്കുമ്പോൾ റിൻസി അടുത്തെത്തി

”. ”എനിക്ക് നാട്ടിലെ കോളേജിൽ ജോലി കിട്ടി . ഞാൻ അങ്ങോട്ടേക്ക് പോകുകയാണ് പ്രിയ

ഒരു നല്ല കൂട്ടുകാരി അകന്നു പോകുന്നതിൽ ദുഃഖം തോന്നി എങ്കിലും അത് മറച്ചുവച്ചു പറഞ്ഞു. ”റിൻസി ഭർത്താവിനെയും മകനെയും അകന്നു നില്ക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായില്ലേ . ഇനിയെങ്കിലും നല്ലൊരു കുടുംബ ജീവിതം നിങ്ങൾക്കുണ്ടാകട്ടെ ”. .

പ്രിയ നല്ലൊരു ഐ എ എസ് ഓഫീസർ ആയിത്തീരട്ടെ . ജനങ്ങൾക്ക് ഉപകാരപ്രദമായ നല്ല കാര്യങ്ങൾ ചെയ്യാൻ നിനക്കെന്നും കഴിയുമെന്ന് എനിക്കുറപ്പുണ്ട് . നിന്റ ഓരോ പാദപതനത്തിലും കർത്താവിന്റെ അനുഗ്രഹമുണ്ടാകുവാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് പ്രിയ”. അവൾ തിരിച്ചും ആശംസിച്ചു. ഞങ്ങൾ ആലിംഗനബദ്ധരായി . പിന്നെ പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞു .

അൽപ്പസമയം കഴിഞ്ഞു മനുവേട്ടൻ അവിടെ വന്നെത്തി . അദ്ദേഹത്തിന്റെ മുഖവും കണ്ണുകളും ആഹ്ലാദത്താൽ തുടുത്തിരുന്നു .കാറിൽ നിന്നിറങ്ങിവരുന്ന മനുവേട്ടനെ കണ്ടു എന്റെ മനസ്സും ഇളകിതുടിച്ചു .

മൈ ഹാർട്ടി കൺ ഗ്രാചുലേഷൻസ് പ്രിയ . താൻ ഞാൻ വിചാരിച്ചതിലും ഉയരങ്ങളിലെത്തി. ഈ നേട്ടം നമുക്കാഘോഷിക്കണ്ടേ . ”

വേണം മനുവേട്ടാ ..പക്ഷെ ആദ്യം അമ്പലത്തിൽ പോയി ഈശ്വരനോട് നന്ദി പറയണം ഇനിയുള്ള എന്റെ കർമപാതയിൽ തുണയായി നില്ക്കാൻ അപേക്ഷിക്കണം . ”

ശരി പ്രിയ . ഞാനിന്നു എന്തിനും റെഡിയാണ് . . . ”. തനിക്കു കാറിന്റെ ഡോർ തുറന്നു തന്നു കൊണ്ട് മനുവേട്ടൻ പറഞ്ഞു .

അല്ലആരതിയെവിടെ അവളെ കണ്ടില്ലല്ലോ ” .മനുവേട്ടന്റെ ചോദ്യം കേട്ട് താൻ ആരതി നേരത്തെ അമ്പലത്തിലേക്ക് പോയ കാര്യം പറഞ്ഞു . ” ”അവൾ അതീവ സന്തോഷത്തിലാണ് മനുവേട്ടാ താൻ പറഞ്ഞു .

അത് ശരിയാണ്. അവളെപ്പോലുള്ള ഒരു പെൺകുട്ടിക്ക് സ്വപ്നം കാണാനാവാത്ത നേട്ടത്തിലാണല്ലോ അവൾ എത്തിച്ചേർന്നിരിക്കുന്നത് .പാവം ആ അച്ഛനും മകളും… . ഇനിയെങ്കിലും സൗഭാഗ്യങ്ങൾ അവരെ തേടിയെത്തട്ടെ . ” മനുവേട്ടൻ നിറഞ്ഞ മനസ്സോടെ പറഞ്ഞു .

മനുവേട്ടന്റെ കൂടെ കാറിൽ യാത്ര ചെയ്യുമ്പോൾ മനസ്സു കാറ്റിൽ ഒഴുകി നീങ്ങുന്ന പട്ടം പോലെയായി തീർന്നിരുന്നു . മനസ്സിൽ അലയടിച്ചിരുന്ന ആഹ്ലാദകരമായ ചിന്തകളുടെ അകമ്പടിയോടെ താൻ ആകാശത്തു പറന്നു രസിച്ചു . തന്റെ മനസ്സിൽ തുടിക്കുന്ന ആനന്ദത്തിന്റെ പരിവേഷത്തെ തിരിച്ചറിഞ്ഞു മനുവേട്ടൻ പറഞ്ഞു

എനിക്കറിയാം പ്രിയയുടെ മനസ്സിപ്പോൾ അതിരുകളില്ലാത്ത ആകാശത്തു പറന്നു നടക്കുകയാണെന്ന് . കാരണം നീ കരവലയത്തിലാക്കിയിരിക്കുന്നതു ഒരു ചെറിയ നേട്ടമല്ല . പക്ഷെ ,. പ്രിയ നീ ഒന്നറിയണം നീ കാലെടുത്തു വക്കുന്നത് പൂക്കൾ വിരിച്ച പരവതാനിയിലേക്കല്ല . പകരം മുള്ളുകൾ നിറഞ്ഞ ഒരുപാതയിലേക്കാണ് .ദുർഘടം നിറഞ്ഞ ആ പാതയിലൂടെ പരിക്കൊന്നു മേൽക്കാതെ കടന്നുപോരാൻ അല്പം മിടുക്കൊക്കെ വേണം . പ്രത്യേകിച്ച് ഇന്നത്തെക്കാലത്തു . ഞാൻ പറയുന്നത് പ്രിയക്ക് മനസിലാകുന്നുണ്ടോ” .

ഇരുത്തം വന്ന ഒരു സാരോപദേശിയെപ്പോലുള്ള മനുവേട്ടന്റെ വാക്കുകൾ തന്റെ ആഹ്ലാദത്തിനു മങ്ങലേല്പിച്ചു . എങ്കിലും മനുവേട്ടൻ അർത്ഥമാക്കിയതെന്താണെന്നു മനസ്സിലായി . അല്പം കുറ്റബോധത്തോടെ താൻ പ്രതികരിച്ചു .

സോറി മനുവേട്ടാ. ഏറെക്കാലമായുള്ള ആഗ്രഹം സഫലമായപ്പോൾ ഞാൻ അല്പനേരത്തേക്കു എന്നെത്തന്നെ മറന്നുപോയി .പക്ഷേ ഞാൻ കടന്നെത്തുന്ന ആ കർമണ്ഡലത്തിന്റ പ്രാധാന്യത്തെക്കുറിച്ചു ഞാൻ ബോധവതിയാണ് മനുവേട്ടാ . അച്ഛനും ഓർമിപ്പിച്ചിട്ടുണ്ട് എന്റെ കർത്തവ്യങ്ങളെക്കുറിച്ചു .”

ശരിശരി .. പ്രിയ .ഞാൻ ഓർമിപ്പിച്ചുവെന്നേ ഉള്ളൂ . ഇനി മുതൽ നീ നടക്കേണ്ടതു മുള്ളുകൾ നിറഞ്ഞ പാതയിലൂടെയായതിനാൽ ഇപ്പോൾ നമുക്കല്പം പൂമെത്തയിലൂടെ സഞ്ചരിക്കാം . എല്ലാം മറന്നു ആഹ്ലാദിക്കാം .അതിനായി ലഭിക്കുന്ന ചുരുക്കം ചില അവസരങ്ങളിലൊന്നായിനമുക്കിതിനെകാണാക്കാക്കാം . ”

ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ കാർ അമ്പലനടയിലെത്തിക്കഴിഞ്ഞിരുന്നു . അമ്പലനടയിൽ തൊഴുതുനിൽക്കു ന്നവരുടെ കൂട്ടത്തിൽ ആരതിയെക്കണ്ടു, താൻ അടുത്തു ചെന്നു .പത്രങ്ങളിലൂടെയും ടി വിചാനലുകളിലൂടെയും ഞങ്ങളെ തിരിച്ചറിഞ്ഞ പലരും ശ്രദ്ധിക്കുന്നതായി തോന്നി . അവർ തന്റെയും ആരതിയുടെയും അടുത്തെത്തി അഭിനന്ദനങ്ങൾ അറിയിച്ചു . അപ്പോഴേക്കും ദീപാരാധനായി . ഭക്തി നിരതയായി തൊഴുകൈയോടെ നിന്ന് ഈശ്വരന് നന്ദിപറഞ്ഞു . ഇനിയുള്ള ജീവിതപ്പാതയിൽ തുണയേകുവാൻ മനം നൊന്തു പ്രാർത്ഥിച്ചു . തൊഴുതു കഴിഞ്ഞു ആരതി പറഞ്ഞു ഇപ്പോ ൾ മനസിന് എന്ത് ലാഘവത്വമാണെന്നൊ അനുഭവപ്പെടുന്നത് . ഇതുവരെയുള്ള എല്ലാ വ്യസനങ്ങളും എന്നിൽ നിന്ന് ഓടിമറഞ്ഞു കഴിഞ്ഞിരിക്കുന്നു

. ”അതെ മോളെ . നമ്മുടെ മുന്നിലുള്ള പാത അത്ര ലഘുവായ ഒന്നല്ല പരുക്കൻ യാഥാർഥ്യങ്ങളെ നേരിടുവാനുള്ള മനകരുത്തു ആർജ്ജിക്കുകയാണ് നമ്മളിപ്പോൾ വേണ്ടത് .”

ദുർഘടപാതകൾ താണ്ടി വന്ന ഒരു ഇഴജന്തുവിനെപ്പോലെയാണ് ഞാനിന്നു ചേച്ചി . എന്റെ മനസ്സിപ്പോൾ ഏതു പരുക്കൻ യാഥാർഥ്യങ്ങളോടും പൊരുത്തപ്പെടും .”

അതെ മോളെ .അത് തന്നെയാണ് ഈ ജോലിയിൽ ആവശ്യം. എന്തുവന്നാലും ഇളകാതെ നമ്മുടെ പാതയിലൂടെ മാത്രം സഞ്ചരിക്കാനുള്ള മനക്കരുത്തു നമ്മൾ ആർജ്ജിക്കണം . ”അപ്പോഴേക്കും മനുവേട്ടൻ അടുത്തെത്തി.

പ്രാർത്ഥിച്ചുകഴിഞ്ഞെങ്കിൽ ഏതെങ്കിലും റെസ്റ്റോറന്റിൽ പോയി ആഹാരം കഴിച്ചു നമുക്ക് മടങ്ങാം എന്നറിയിച്ചു .

മനുവേട്ടൻ ഞങ്ങളെ എത്തിച്ചത് പട്ടണത്തിലുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലാണ് . അത്രയുംപണമൊന്നും ചിലവാക്കേണ്ടെന്നു താൻ പറഞ്ഞു . പക്ഷെ മനുവേട്ടൻ പറഞ്ഞു

”. പ്രിയ ഞാനിന്നൊരു കോളേജ് ലക് ചററാണ് . ഒരു ഫൈവ് സ്റ്റാറിൽനിന്നും ഭക്ഷണം കഴിക്കാനുള്ള മടിശീലയൊക്കെ ഇന്നെനിക്കുണ്ട് .”

ആ വാക്കുകൾ തന്നെ നിശ്ശബ്ദയാക്കി . അത്തരം ഹോട്ടലുകളിൽ കയറി പരിചയമില്ലാത്ത ആരതിയും ശിവൻ കുട്ടിഅമ്മാവനും ആദ്യമൊന്നമ്പരന്നു .” എനിക്കല്പം കഞ്ഞിയും മീൻ കറിയും മാത്രം മതി കുഞ്ഞേ അമ്മാവന്റെ വാക്കുകളെ ചിരിച്ചു തള്ളിക്കൊണ്ട് മനുവേട്ടൻ ആ ഹോട്ടലിലെ നടപടിക്രമങ്ങളെക്കുറിച്ചു പറഞ്ഞു . പിന്നീടവർ അതുമായിപൊരുത്തപ്പെട്ടു തന്നത്താനെ ആഹാരം എടുത്തു കഴിച്ചുതുടങ്ങി . ആഹാരം കഴിച്ചിറങ്ങുമ്പോൾ മനുവേട്ടൻ ആരതിയോടും അമ്മാവനോടുമായി പറഞ്ഞു

”.ആരതിയുടെ ട്രെയ്നിങ് കഴിഞ്ഞാൽ ഇത്തരമൊരു ജീവിതമാണ് നിങ്ങൾ പിന്തുടരാൻ പോകുന്നത് . ആഡംബരങ്ങൾ മാത്രം നിറഞ്ഞ ആ ജീവിതത്തിൽ നിങ്ങൾ അഹങ്കരിക്കാതിരുന്നാൽ മാത്രം മതി . അതായിരിക്കും ദൈവത്തോടുള്ള നിങ്ങളുടെ ഏറ്റവും വലിയ നന്ദി പ്രകടനം

ഇല്ല കുഞ്ഞേ . ആരതി മോൾക്കു നല്ലതു വരണമേ എന്ന് മാത്രമായിരുന്നു എന്റെ ഇതുവരെയുള്ള പ്രാർത്ഥന . ആ പ്രാർത്ഥന ദൈവം കൈക്കൊണ്ടു . ഇനിയിപ്പോളീ വൃദ്ധൻ മറ്റൊന്നും ആഗ്രിഹിക്കുന്നില്ല . വല്ല കഞ്ഞീം കുടിച്ചു എന്റെ കുടിലിൽ ഞാൻ കഴിഞ്ഞോളാം .”.ആ വാക്കുകൾ അമ്മാവന്റെ നിസ്വാർത്ഥതയെയും ലാളിത്യത്തെയും വെളിപ്പെടുത്തുന്നവയായിരുന്നു .അതുകേട്ട് താൻ അടുത്തെത്തി പറഞ്ഞു

ശിവൻ കുട്ടി അമ്മാവൻ ഇത്രനാളും മകൾക്കു വേണ്ടി കഷ്ടപ്പെടുകയായിരുന്നു . .ഇനി ഈ വാർദ്ധക്യത്തിലെങ്കിലും ആരതിയോടൊപ്പം സുഖമായി കഴിയാനുള്ള അർഹത അമ്മാവനുണ്ട്” .തന്റെ വാക്കുകൾ ആ മനുഷ്യനിൽ ആഹ്ലാദത്തിന്റെ നേരിയ അല ഉണർത്തുന്നത് കണ്ടു . എങ്കിലും പക്വത കൈവന്ന ഒരു മനുഷ്യനെപ്പോലെ അയാൾ പറഞ്ഞു . ”എല്ലാം ഈശ്വര ഹിതം കുഞ്ഞേ . ഇതുവരെയും ഞാൻഅതനുസരിച്ചാണ് ജീവിച്ചത് . ഇനി മുന്നോട്ടുള്ള പാതയിൽഈശ്വരൻ എന്താണോ എനിക്കായി കരുതി വച്ചിട്ടുള്ളത് അതിനനുസരിച്ചു മുന്നോട്ടു പോകാനാണ് എന്റെ തീരുമാനം . എനിക്ക് ശത്രുത തോന്നിയിട്ടുള്ളത് ഒരാളോട് മാത്രമാണ്. ആ നെടുങ്ങാടി മാഷിനോട് . അയാളോടും ക്ഷമിക്കാനാണ് ദൈവം എന്നോട് ആവശ്യപ്പെടുന്നത് . ”

അങ്ങിനെ പറഞ്ഞെങ്കിലും ആ ഉള്ളിൽ ഒരു നെരിപ്പോട് കത്തിയമരുന്നത് ആരും കണ്ടില്ല . ആ അഗ്നിനാളത്തിന്റെ തീച്ചൂട് അയാളെ വല്ലാതെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു .

സുധ അജിത്

You can share this post!