എന്റെ കവിത   

ഞാനൊരു കവിയാവണമെന്ന് ഇല്ലത്തുള്ളവരാരും മോഹിച്ചിട്ടില്ല. കവിയാവുന്നതു കുറെ അന്തസ്സാണല്ലോ എന്ന തെറ്റിദ്ധാരണയും ഇല്ലായിരുന്നു. പക്ഷേ, ഈ അമേറ്റൂര്‍ അക്കിത്തത്തുമന കുറ്റിമുടിയരുത്. ഉണ്ണിയുണ്ടാവണം.  തിരുവോണമൂട്ടുകള്‍, ഗണപതിഹോമം, ഈശ്വരസേവകള്‍, കാലുകഴുകിച്ചൂട്ടുകള്‍, ജാതിമതഭേദമില്ലാതെ വരുന്നവര്‍ക്കൊക്കെ സദ്യയും എണ്ണയും മുണ്ടും, വലിയ പയറ്റുകണ്ടം മുഴുവന്‍ കായ്ച്ചുനില്ക്കുമ്പോള്‍ പശുക്കളെക്കൊണ്ടു തീറ്റുക, അത്,ഇത്! ഇത്രയെല്ലാം കണ്ണീര്‍കണ്ടപ്പോള്‍ ഞാനങ്ങു തീരുമാനിച്ചിരിക്കാം: ശരി, ഭൂമിയില്‍ച്ചെന്നു ജനിക്കുകതന്നെ.
പക്ഷേ, ഉണ്ണിയുണ്ടായിക്കണ്ടപ്പോള്‍ കാരണവന്മാര്‍ പലതും ആശിച്ചു. ഓത്തനാക്കണം. നല്ലൊരു ഓതിക്കന്‍, തേവാരി, ‘ശാസ്ത്ര’വും കടുകട്ടി, ‘ബ്രാഹ്മണ’വും കടുകട്ടി എന്നെല്ലാം കേള്‍ക്കണം. എങ്കില്‍പ്പിന്നെ ഈ ഇല്ലത്തേക്കുള്ള പലപല കുടുംബങ്ങളുടെ വാധ്യാര്‍പ്രവൃത്തി മുറയ്ക്കു നടക്കുമല്ലോ.
 ഈ കൊതിയും വെച്ചാണു പതിന്നാലു കൊല്ലം അച്ഛന്‍ പാടുപെട്ടത്. ‘അടിയിലും മീതെ ഒടിയില്ല’ എന്നായിരുന്നു പരമേശ്വരമുത്തപ്ഫന്റെ  പ്രമാണം. തുറന്ന വാതിലടയ്ക്കണം, എടുത്ത കിണ്ടി കമിഴ്ത്തണം, കിടന്ന പായ മടക്കണം, ഇരുന്ന പലക ചാരണം – ഇങ്ങനെ ഒരു ചങ്ങലയായിട്ടാണ് മുത്തപ്ഫന്റെ തത്വോപദേശങ്ങള്‍. പ്രഭാതത്തില്‍ അഞ്ചുമണിക്ക് എണീറ്റാല്‍ പിന്നെ പകല്‍ പതിനൊന്നുമണിക്കാണ് പ്രാതല്‍. രാത്രി പതിനൊന്നുമണിക്കാണ് ഉറക്കം. ശാരീരികവും മാനസികവുമായി ഞാനനുഭവിച്ച നോവിന്നൊരു കണക്കില്ല. ‘അരുതു’കളുടെ ഒരു വല്ലാത്ത ലോകം. പക്ഷേ, എന്റെ അരയില്‍ പൊന്നേലസ്സുണ്ടായിരുന്നു.
മറ്റൊരു കാരണംകൂടി കാരണവന്മാരുടെ ഉല്ക്കണ്ഠാഗ്നിയില്‍ നെയ്യൊഴിക്കാനുണ്ടായി. ആളുകള്‍ പറയാന്‍ തുടങ്ങി: അക്കിത്തത്തെ ഉണ്ണി ഇത്തിരി മന്ദബുദ്ധിയാണ്. മനോരാജ്യക്കാരനാണ്. കാര്യം നേരാണെന്ന് എനിക്കും തോന്നി. ആളുകള്‍ എന്റെ മുന്നില്‍വെച്ചു വളരെനേരം സംസാരിക്കുന്നു. കുറെ കഴിഞ്ഞാല്‍ എനിക്കൊരു സംശയം, “അപ്പോള്‍ എന്തേ പറഞ്ഞിരുന്നത്.?”
ശരി, ഞാനൊരു മന്ദബുദ്ധിതന്നെ, എതിരില്ല. അതുകൊണ്ട് ഇടയ്ക്കിടെ അമ്പലങ്ങളിലുണ്ടാവുന്ന വാരങ്ങള്‍ക്കും ഭഗവതിസേവകള്‍ക്കും മറ്റും പോകമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു: മറ്റുള്ളവരെപ്പോലെ കേമനല്ലാത്ത സ്ഥിതിക്ക് ഒന്നൊഴിഞ്ഞു നിന്നേക്കണം. അല്ലെങ്കില്‍ത്തന്നെ അധികം  സംസാരിക്കുവാനെനിക്കറിഞ്ഞുകൂടാ; ലജ്ജയുണ്ട്. പക്ഷേ, കളി കുട്ടികളുടെ അവകാശമാണല്ലോ. അതിനിടയ്ക്കു ശക്തരായ കൂട്ടുകാര്‍ ഈ ഭിണ്ണയ്ക്കനെ അടിക്കും, കിഴുക്കും, കളിയാക്കി മശക്കും. ചെവിത്തട്ട കൂടുതല്‍ വലുതായതുകൊണ്ട് ‘ ആനച്ചെവിയന്‍’ എന്നാണു ചിലര്‍ വിളിക്കുക. നന്നെച്ചെറുപ്പത്തില്‍ ഒരു പൂച്ച കാലിന്മേലൊക്കെ കടിക്കുകയും മാന്തുകയും ചെയ്തിട്ടുണ്ടായിരുന്നതുകൊണ്ടു ചിലര്‍ വിളിക്കുന്നത് ‘പൂച്ചകടിയന്‍’ എന്നായിരിക്കും. ഒരു വിഡ്ഢി തികച്ചും ആക്ഷേപാര്‍ഹന്‍തന്നെ എന്നായിരുന്നു കൂട്ടുകാരുടെ ഭാവം. വിഡ്ഢിയാണ്, കാതിന്റെ തട്ട വലുതാണ്, തടിയനാണ്, അശക്തനാണ് – ഇക്കാര്യത്തിലൊക്കെ ഞാനും അവരുടെ ഭാഗത്തു തന്നെ. ഇതൊന്നും ഞാന്‍ ഹര്‍ജികൊടുത്തു സമ്പാദിച്ചതല്ലല്ലോ എന്നൊരു വേദന മനസ്സില്‍ കൂമ്പിനിന്നിരുന്നു. വിടരാന്‍ അതിനു ഭയമാണ്. തന്മൂലം പലപല ദിവസവും ഏകാന്തമായ രാത്രികളില്‍, അല്ലെങ്കില്‍ നിര്‍ജ്ജനമായ മൂലകളില്‍ വെച്ചു ഞാന്‍ അന്തരാത്മാവിന്റെ ഇരുണ്ട അഗാധതകളിലേക്കു ചുഴിഞ്ഞു ചുഴിഞ്ഞിറങ്ങി; തേങ്ങിത്തേങ്ങിക്കരഞ്ഞു.
ഇതിനിടയ്ക്കു നിലത്തെഴുത്തും മറ്റും നടക്കുന്നുണ്ട്. ചിലപ്പോള്‍ അമ്മയുടെ അടുത്തിരുന്നു കുറേശ്ശെ വായിക്കുകയും ചെയ്യും. ഉച്ചതിരിയുമ്പോഴാണ്. അമ്മയ്ക്ക് ‘ഒരിണശ്ശീല വിരിച്ച് ഒന്നു നടുനിവര്‍ത്താനുള്ള നേരമാണത്. എഴുത്തശ്ശന്‍കൃതികള്‍ മലര്‍ത്തിവെച്ചു മധുരമായ ഈണത്തോടുകൂടി നീട്ടിനീട്ടി മെല്ലെമെല്ലെ വായിക്കുന്നുമുണ്ടാവും. എന്നെ കണ്ടാല്‍ അടുത്തുവിളിച്ചിരുത്തി വായിക്കേണ്ട വരികളെ വിരല്‍വച്ചു നിര്‍ദ്ദേശിച്ചുതരും. വിരലിന്റെ നീക്കത്തോടൊപ്പം ഓരോ അക്ഷരമായി ചൊല്ലുകയേ വേണ്ടൂ.
അപ്പോഴാണു വടക്കുപുറത്തുനിന്നാരെങ്കിലും പറയുക: “തമ്പുരാട്ടീ, വിശന്നിട്ടു വയ്യല്ലോ.” അമ്മ എണീറ്റുചെന്നു പാതിയാംപുറത്തുള്ള ചോറെടുത്ത് ആ ധര്‍മ്മക്കാരത്തിക്കു കൊടുക്കും; അവളുടെ ആര്‍ത്തിയോടുകൂടിയുള്ള ഊണും കണ്ടു വടക്കുപുറത്തെ തൂണുംചാരി നില്ക്കുകയും ചെയ്യും. തന്റെ കാലില്‍ പറ്റിനില്ക്കുന്ന എന്റെ തലയില്‍നിന്ന് ഓരോ പേനിനെ പറിച്ചെടുത്തു കുപ്പയിലേക്കെറിയുന്നുമുണ്ടാവും. എന്റെ കണ്ണുകളും ധര്‍മ്മക്കാരത്തിയുടെ മേലായിരിക്കും. മണലിയാര്‍കാവിലും കുന്നുകുളങ്ങരക്കാവിലും  ശുകപുരത്തും മൂക്കുതലെയുമൊക്കെ തൊഴുതു നട്ടുച്ചയ്ക്കു മടങ്ങിവരുമ്പോള്‍ എന്തൊരു വിശപ്പാണെന്നോ!
ഇതിനിടെ ഒരു തമാശ: സ്ത്രീകളോടുകൂടി ആണ്‍കുട്ടികള്‍ അമ്പലക്കുളത്തില്‍ കുളിക്കുകയെന്നതു സന്മാര്‍ഗ്ഗഭ്രംശമൊന്നുമാവില്ലല്ലോ. ഞങ്ങളില്‍ പലരും അങ്ങനെ കുളിച്ചിരുന്നു. അപ്പോള്‍ നഗ്നമായ സ്ത്രീശരീരം കാണാനിടവരുകയും ചെയ്യും. അതാരും ശ്രദ്ധിക്കില്ല. ഒരു ദിവസം എമ്പ്രാന്തിരിയമ്മയും ഉണ്ടായരുന്നു കടവില്‍. എന്റെ കൂടെയുള്ള ശേഖരന്‍ എന്ന ബാലന്‍ ആയമ്മയുടെ അരയിലുള്ള കറുത്ത ചരടും വെളുത്ത കോണകവും എനിക്കു ചൂണ്ടിക്കാണിച്ചുതന്നു. സ്ത്രീകള്‍ക്കു ചരടും കോണകവും! അതൊരു   തമാശതന്നെ! ഞങ്ങള്‍ അതു തന്നെ നോക്കിനിന്നു. എനിക്കൊരു വികൃതി തോന്നി. ചരടും കോണകവുമായി നില്ക്കുന്ന എമ്പ്രാന്തിരിയമ്മയെ കരിക്കട്ടക്കൊണ്ടു ചിത്രീകരിക്കുക! ചിത്രം കാണേണ്ട താമസം, പെണ്ണുങ്ങളെല്ലാംപാടെ ചിരിയോടുചിരി. ചിരിച്ചിട്ടും ചിരിച്ചിട്ടും അവര്‍ക്കു മതിവരുന്നില്ല!
ഇത്രയൊക്കെ ചിരിക്കാന്‍ എന്താണുണ്ടായത്? എത്ര ചിന്തിച്ചിട്ടും  എനിക്കതു മനസ്സിലായില്ല. എമ്പ്രാന്തിരിയമ്മയാവട്ടെ, അവിടുന്നങ്ങോട്ട് എന്നെക്കണ്ടാല്‍ മിണ്ടുകയില്ല. അതെന്നെ വേദനിപ്പിച്ചു. ഒരു ദിവസം അവര്‍  കരയുന്നതു കണ്ടു. ഞാനും കരഞ്ഞു.
വഴിയെ, കണ്ട ചുമരിന്മേലൊക്കെ ചിത്രം വരയ്ക്കുകയായി. കൈകള്‍          വടിത്തലപ്പിന്മേലൂന്നി നിവര്‍ന്നു നില്ക്കുന്ന രാജാജിയുടെ കറുത്ത കണ്ണടയോടുകൂടിയുള്ള ചിത്രം ഒരു നൂറു തവണയല്ലാ ഞാന്‍ വരച്ചിട്ടുണ്ടാവുള്ളൂ– ചുമരിലും സ്ളേറ്റിലും മണലിലും! ഇക്കാര്യത്തില്‍ ഭൂമിയിലുള്ള മറ്റേതു ചിത്രകാരനേക്കാളും മേലെ ഞാനാണ് എന്നൊരഭിപ്രായവും ഉണ്ടായിരുന്നു. ‘ദാ’ എന്നു പറയേണ്ട താമസം  – അതാ നില്ക്കുന്നു ഒരു രാജാജി!
ഒന്നുംകൂടി പറയട്ടെ! എല്ലാ ചിത്രത്തിന്നു താഴെയും എഴുതും: ‘അച്യുതന്‍ ഉണ്ണി’.
എന്നല്ല, അന്നെനിക്കു ചിത്രകലയെപ്പറ്റി ഒരു തത്വശാസ്ത്രം തന്നെ ഉണ്ടായിരുന്നു. ആ അമൂല്യമായ അനുഭവജ്ഞാനം ചിത്രകലാവിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി താഴെ ചേര്‍ക്കുന്നു: മുഖം വരയ്ക്കാന്‍ പ്രയാസമില്ല; പാര്‍ശ്വവീക്ഷണം പ്രത്യേകിച്ചും. തലമുടിമൂലം മുമ്പോട്ടുള്ള തുറിപ്പ്, മൂക്ക്, വായ, കീഴ്ത്താടി എന്നിവ വരയ്ക്കുമ്പോളുണ്ടാവുന്ന ചുരുളന്‍വരകള്‍ എത്ര കണ്ടാലും  മതിയാവലില്ല. ഏറ്റവുമധികം ക്ളേശമുള്ളതു കൈയിന്റേയും കാലിന്റേയും  അടികള്‍, വിശേഷിച്ചും വിരലുകള്‍, വരയ്ക്കാനാണ്.
പിന്നീടാ കല കൈമോശം വന്നു.
ഏഴെട്ടു വയസ്സിലെ ആ ചിത്രമെഴുത്തുകമ്പത്തിനിടയിലാണ് അരമംഗലത്തമ്പലത്തിന്റെ ചുവരുകളില്‍ കുട്ടികള്‍ കുത്തിവരച്ച വികൃതരൂപങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് അലക്കുകണക്കെഴുതുന്നപോലെ എഴുതിവെച്ചത്:
“അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകില്‍
വമ്പനാമീശ്വരന്‍ വന്നി-
ട്ടെമ്പാടും നാശമാക്കിടും.
– അച്യുതന്‍ ഉണ്ണി.”
അതു കവിതയുടെ ആരംഭമാണെന്നു ധരിച്ചില്ല. അപ്പോഴേക്കു വരുന്നു:
ഒറവങ്കരയുടെ ഭക്തിമയങ്ങളായ ശ്ളോകങ്ങള്‍ തലയ്ക്കു പിടിച്ച കാലം. അക്ഷരശ്ളോകങ്ങള്‍ എല്ലാ വേലക്കളത്തിലും വെച്ചു കേള്‍ക്കുന്നു. വയസ്സു പതിനൊന്ന്, ഒരോനിച്ചുണ്ണി. അമ്പലത്തില്‍ തൊഴുതുവരികയാണ്. പറങ്കിമാന്തോപ്പിലെത്തിയപ്പോഴുണ്ട് കുറെ ‘കണ്ടാലൊരു വേശിക’ളങ്ങനെ കാറ്റത്താടി നില്ക്കുന്നു, ചുവന്ന പ്രഭാതകിരണങ്ങളുമേറ്റ്. നമ്പൂതിരിക്കു പറങ്കികളുടെ മാങ്ങ തിന്നാന്‍ പാടില്ല. ഓനിച്ചുണ്ണിക്കു തീരെ അരുത്. തിന്നുപോയാല്‍ ‘പാഹി’ വേണം; ‘അഴിച്ചുപനയനം’ തന്നെ വേണ്ടേ? ഓനിക്കാത്ത ഉണ്ണിയാണെങ്കില്‍, തേവാരം കഴിഞ്ഞു തീര്‍ത്ഥം സേവിക്കുന്നതിനു മുമ്പേ ജലപാനം പോലും നിഷിദ്ധവുമാണല്ലോ. ആ സ്ഥിതിക്കു മാവിന്മേല്‍ കയറി രണ്ടോ നാലോ എണ്ണം അറുത്തുതിന്നുകതന്നെ! അതും കഴിഞ്ഞു യാത്ര ആരംഭിച്ചപ്പോഴാണ് – അപകടമുണ്ട്. ആരോ തലയ്ക്കകത്തു സംസാരിക്കുന്നു. ഇല്ലത്തെത്തിയപ്പോഴേക്കിതാ, ഗുരുവായൂരപ്പനെപ്പറ്റി അഞ്ചാറു ശ്ളോകങ്ങള്‍ – സ്രഗ്ദ്ധരയല്ലെങ്കില്‍ ശാര്‍ദൂലവിക്രീഡിതമാണ് വൃത്തം. പ്രാസാനുപ്രാസബഹുലം! ആഹ്ളാദിക്കാതെ കഴിയുമോ? അതിലേറെ അമ്പരക്കുകയും ചെയ്തു.
എന്നാല്‍ സ്രഗ്ദ്ധര, പ്രാസം എന്നൊക്കെയുള്ള പേച്ചുകള്‍ പല വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ കേട്ടത്.
ഒരൊറ്റച്ചിന്ത: എന്താണിനി വേണ്ടത്? കുറുക്കന്ന് ആമയെ കിട്ടുക എന്നു കേട്ടിട്ടേയുള്ളു. ഞാനിതാ ഒരു പക്ഷേ, കവിത നിര്‍മ്മിച്ചിരിക്കുന്നു! നേരോ? എട്ടു വരിവീതമുണ്ട്. അത്രയും ശരി. വായിച്ചുനോക്കാനൊരാളെ കിട്ടണമല്ലോ. അറിവുള്ള ആളാവണം, പരിഹസിക്കുന്ന ആളാവരുത്.
ഭേഷ്! ഞാന്‍ തെക്കിനിയേടത്തേക്കോടി. ഒരു ഫര്‍ലോംഗ്. രണ്ടു മിനിട്ട്, മങ്ങാട്ടെ മഹളായ പാപ്പിയമ്മയ്ക്ക് എഴുത്തശ്ശന്‍കൃതികളും മറ്റു പുരാണങ്ങളും പാട്ടുകളും നന്നായിട്ടു ചൊല്ലാനറിയാം. അര്‍ത്ഥവും പറഞ്ഞുതരും. എന്തെല്ലാം കഥകളാണവര്‍ പറയുക!
“ഇതച്ചുതന്‍തന്നെ എഴുതീതാണോ?”
അപ്പോള്‍ ഒരു പുതിയ കവി ജനിച്ചിരിക്കുന്നു!
“അതേ.”
“ന്നാല്‍ കൊറേറേണ്ടേയ് അത്ഭുതം. എന്തൊരു ചേര്‍ച്ചയാ വാക്കിന്! ഞാനിതു കാണാണ്ടെ വെശാക്കും. എന്നിട്ടു ദിവസേന ഗുരുവായൂരപ്പനെ സേവിക്കും.”
അപ്പോഴേക്കും ഞാനൊരു കുടിച്ചുതളര്‍ന്ന തേനീച്ചയായിക്കഴിഞ്ഞി                രിക്കുന്നു.
പാപ്പിയമ്മയാകട്ടെ, കണ്ടവരോടൊക്കെ പറയുകയായി – എന്റെ അമ്മ            യോടും, “അച്ചുതന് കേമാ കവിതയ്ക്ക് വാസന.” ആയ്യായി! എനിക്കാരുടെ മുഖത്തും നേരെ നോക്കാന്‍ വയ്യ. എനിക്കുണ്ടോ കവിത? ഇതെങ്ങനെയോ ഒരാപത്തുപിടിച്ച മുഹൂര്‍ത്തത്തില്‍ പുറത്തു ചാടി എന്നല്ലാതെ? മിണ്ടേണ്ടിയിരുന്നില്ല.
പക്ഷേ, അമ്മ ഈ വാര്‍ത്ത കേട്ടപ്പോള്‍ അവര്‍ണ്ണനീയമായ വികാരങ്ങളാണനുഭവിച്ചത്. വെറുതെ ഒരു നിമിഷം എന്നെ ഊന്നി നോക്കി. പിന്നീടു വളരെ നേരം മിണ്ടിയതുമില്ല. അങ്ങനെയിരിക്കെ ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടെന്നെനിക്കു മനസ്സിലായി.
കാരാഗൃഹസ്ഥയായ ദേവകിക്കു തന്റെ ഉദരത്തില്‍ നിന്നു പുറത്തേക്കു വന്ന ശ്രീകൃഷ്ണന്‍ ശംഖചക്രഗദാപദ്മധാരിയായി എണീറ്റുനിന്നപ്പോള്‍ കണ്ണീരല്ലെ വന്നത്? “മകനേ, നീയീ അത്ഭുതരൂപമൊന്നുപേക്ഷിക്ക്” എന്നാണല്ലോ ദേവകി പറഞ്ഞത്. അതിന്റെ അര്‍ത്ഥം, “മറ്റൊന്നും വേണ്ടിയിരുന്നില്ല, ഇതിന്നായുസ്സണ്ടായാല്‍ മതിയായിരുന്നു, നാക്കൂറാപ്പെടാഞ്ഞാല്‍ മതിയായിരുന്നു” എന്നൊക്കെയാണല്ലോ. എന്റെ അമ്മയുടെ ഹൃദയവും ഇതേ വാക്കുകളാണു മന്ത്രിച്ചത്. മനുഷ്യന്റെ സാഹസം കാണുമ്പോള്‍ ഇതേ വാക്കുകള്‍ ഈ ഭൂമിയുടെ ഹൃദയത്തിലും തുടിക്കാറില്ലേ? എങ്കില്‍, എന്താണീ അമ്മ എന്നു പറയുന്ന ആശയം?
ആ ദിവസമാണ് എന്റെ ഹൃദയത്തിന്നു കണ്ണുണ്ടെന്നും അതൊരാകാശംപോലെ വിടര്‍ന്നുവിരകയാണെന്നും മനസ്സിലായത്. ഈ ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും അമ്മയുണ്ട്!
കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ പാപ്പിയമ്മയ്ക്ക് ആ കവിത ഒന്നു കിട്ടണം. പകര്‍ത്തിയെടുക്കണമല്ലോ? പക്ഷേ, എന്റെ കയ്യില്‍ നിന്ന് അതെന്നേ പോയ്ക്കഴിഞ്ഞിരിക്കുന്നു!
ആ ശ്രദ്ധക്കുറവിനെപ്പറ്റി പശ്ചാത്തപിച്ചതു പിന്നീടു സംസ്കൃതം പഠിക്കാന്‍ തുടങ്ങിയ കാലത്താണ്. സംസ്കൃതം പഠിയ്ക്കുന്നതിന്നുമുമ്പ് ആ ഏര്‍പ്പാടു നിര്‍ത്തേണ്ടിവന്നുവെങ്കിലും, കവിത അക്കാലത്തു വീണ്ടും പുറത്തുചാടി. അതൊരു തടുക്കാന്‍ വയ്യാത്ത പ്രവാഹമായിരുന്നു. പ്രതിദിനം കവിത രചിക്കുക. നോട്ടുപുസ്തകങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, അതിനിടെ ഒരിക്കല്‍ ഗുരുവായൂരു ചെന്നപ്പോള്‍ ശീവേലിപ്പുരയിലൊരു തൂണിന്മേലുണ്ട് ഒരു കവിത തൂങ്ങിനില്ക്കുന്നു. കുറെ പ്രാര്‍ത്ഥനാശ്ളോകങ്ങള്‍ ചില്ലിട്ടു തൂക്കിയിരിക്കുകയാണ്. ഇതെനിക്കും ചെയ്യാമായിരുന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹം കവിതയ്ക്കും നല്ലതാവാതെ വയ്യല്ലോ!
ഇതിനൊക്കെ മുമ്പു മറ്റൊരു സംഭവമുണ്ടായി. സായംസന്ധ്യയ്ക്കു ഞാന്‍ അമ്പലക്കുളത്തില്‍ കുളിച്ചുകൊണ്ടു നില്ക്കുകയാണ്. കുമരനല്ലൂര്‍ ഹൈസ്ക്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പാസ്സായശേഷം ഉദ്യോഗമൊന്നും കിട്ടാതെ നടന്നിരുന്ന രണ്ടാള്‍ പെട്ടെന്നെന്റെ കടവില്‍ കുളിക്കാനിറങ്ങി. വരുമ്പോള്‍ അവര്‍ സംസാരിച്ചിരുന്നതു മലയാളത്തിലാണ്. എന്നെ കണ്ടവഴി അത് ഇംഗ്ളീഷിലാക്കി. അതെന്നെ അവമാനിക്കലാണ്. ആട കേമന്മാരേ, ഞാനും പഠിക്കും ഇംഗ്ളീഷ്!
ഉഗ്രങ്ങളായ ശരീരപീഡകള്‍ക്കുശേഷമാണ് ഇംഗ്ളീഷ് വിദ്യാഭ്യാസമാരംഭിക്കുവാന്‍ സമ്മതം ലഭിച്ചത്. അപ്പോള്‍ സംസ്കൃതപഠനം ഇല്ലാതായി. ഇംഗ്ളീഷ്ട്യൂട്ടറായിരുന്ന ടി. ഉണ്ണികൃഷ്ണമേനോനില്ലെങ്കില്‍ എന്റെ കവിതയുമില്ല ഞാനുമില്ല എന്നു തോന്നാറുണ്ട്. സമഗ്രവും ഗാഢവുമായിരുന്നു അദ്ദേഹത്തിന്നു ജീവിതത്തെക്കുറിച്ചുള്ള ബോധം. അക്കാലത്തെ ഒരു എലിമെന്ററിസ്കൂള്‍മാസ്റ്ററില്‍ നിന്ന് അത്രയധികം അറിവും പാകതയും ധര്‍മ്മധീരതയും ത്യാഗശീലവും പ്രതീക്ഷിക്കുകയില്ല. നല്ല ഫലിതക്കാരനുമായിരുന്നു  അദ്ദേഹം. തന്നെപ്പറ്റി ധാരാളം വീമ്പു പറയുകയും ചെയ്യും. കുടുമയും കെട്ടിവെച്ച്, മുറുക്കാന്‍ ചണ്ടിയോടൊപ്പം തൊണ്ണുകളിലൂടെ കുത്തിച്ചാടുന്ന തുറന്ന ചിരിയുമായി ഉറക്കെ സംസാരിച്ചുകൊണ്ടു വരുന്ന ആ കൂസലില്ലാത്ത കറുത്ത കുമ്പക്കാരന്‍ എന്റെ മുന്നില്‍ ഇപ്പോഴും ജീവിച്ചുനില്ക്കുന്നുണ്ട്.
ഒരു ദിവസം തന്റെ ഒരു ശിഷ്യന്‍ മാസ്റ്റരെപ്പറ്റി ഒരു കവിത കെട്ടിയുണ്ടാക്കി സ്കൂള്‍ഗേറ്റില്‍ പതിച്ചു. തന്റെ ശിഷ്യന്മാരെപ്പറ്റി പിതൃനിര്‍വ്വിശേഷമായ സ്നേഹത്തോടെ മാത്രം ചിന്തിക്കാന്‍ കഴിവുള്ള മാസ്റ്റര്‍ക്ക് ഈ ഗുരുനിന്ദ സഹിച്ചില്ല. അന്നു രാത്രി എന്റെ ഇല്ലത്തു വന്നു ട്യൂഷനുമൊക്കെ കഴിഞ്ഞു ഞങ്ങള്‍ കിടക്കാനുള്ള ഭാവമായിരുന്നു. അദ്ദേഹം മെല്ലെമെല്ലെ എന്റെ നേരെ നീങ്ങി. അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്റെ പുറകിലുള്ള ചുമരിന്മേലായിരുന്നു. പെട്ടെന്ന് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു തേങ്ങിത്തേങ്ങിക്കരഞ്ഞു. കാരണമെന്ത്? തിരക്കിച്ചോദിച്ചപ്പോള്‍ പറയുകയാണ്, “എനിക്കു ഭാര്യയും കുട്ടികളുമില്ല. വിഷയസുഖം ദുഃഖകാരണമാകയാല്‍ അതെല്ലാം ഞാനുപേക്ഷിച്ചു. എന്നിട്ടം ഈശ്വരന്‍ ആയിരമായിരം മക്കളെ എനിക്കു തന്നു. അവരെന്നെ മറക്കില്ല. അവരില്‍ ഒന്നാമന്‍ നമ്പൂരിയാണ്. നമ്പൂരി വലുതായി കേമനായിത്തീരും. അതിലെനിക്കു സംശയമില്ല. നമ്പൂരി ഒരിക്കലും ഗുരുനിന്ദ ചെയ്യുകയില്ല. പക്ഷേ, കേമനായിട്ടിരിക്കുന്നതു കാണുവാന്‍ ഞാനുണ്ടാവില്ലല്ലോ!”
ആ രാത്രി ഈ ഭൂമിയിലുള്ള രണ്ടു മന്ഷ്യാത്മാക്കള്‍ ഉറങ്ങുകയു
ണ്ടായില്ല.
കൈയെഴുത്തുമാസികകളില്‍ എന്റെ കവിതകളും കഥകളും ലേഖനങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ കാലം. ഇയാള്‍ക്കു കവിത തൊട്ടുതെറിച്ചിട്ടേയില്ല. ഇയാള്‍ യാതൊരു നിബന്ധനയും അനുസരിക്കുന്നില്ല എന്നൊക്കെ കേള്‍ക്കുന്നു. നിരൂപണങ്ങള്‍ പുറത്തുവരുന്നു. വള്ളത്തോളിനെപ്പോലെ ഒരുയര്‍ന്ന കവിയായിട്ടല്ലാതെ ഞാന്‍ നില്ക്കില്ല എന്നൊരു ശബ്ദം എന്റെ ഹൃദയത്തില്‍ മുഴുങ്ങുകയുണ്ടായി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ വള്ളത്തോളിനെപ്പോലെ എന്ന അതിര്‍ത്തിരേഖ മായ്ച്ചുകളഞ്ഞു. അദ്ദേഹത്തിനതു ഭൂഷണമാവില്ല!
ഇട്ടീരിമുത്തപ്ഫനെന്നൊരു കാരണവരുണ്ടായിരുന്നു. തലങ്ങും വിലങ്ങും ഫലിതം പറയും. അദ്ദേഹത്തിന്റെ മകനാണ് പരേതനായ കുടമാളൂര്‍ കെ.കെ. ഗോപാലപിള്ള. സ്നേഹൈകരൂപനായ ഗോപാലപിള്ളയാണ് എന്റെ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത് – തന്റെ പത്രാധിപത്യത്തില്‍ തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകരയില്‍നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ‘രാജര്‍ഷി’ മാസികയില്‍. തന്റെ പിതൃഗൃഹത്തിലൊരുണ്ണിയുണ്ടാവാനായി വളരെക്കാലം പിള്ള കൊതിച്ചു: ആ ഉണ്ണി കവിതക്കാരന്‍കൂടിയാണെന്ന വസ്തുത പിള്ളയെ എത്രമാത്രം സന്തോഷിപ്പിച്ചു എന്നതിന്നു കണക്കില്ല.
ഇതിനിടെ ഉണ്ണികൃഷ്ണമേനോന്‍മാസ്റ്റര്‍ പല സാഹിത്യകാരന്മാര്‍ക്കും എന്നെ പരിചയപ്പെടുത്തുകയുണ്ടായി. അവരില്‍ രണ്ടാളാണു കുട്ടികൃഷ്ണമാരാരും ഇടശ്ശേരി ഗോവിന്ദന്‍നായരും. ഇടശ്ശേരി മാസ്റ്റരുടെ പ്രാക്കാലശിഷ്യനായിരുന്നതിനാല്‍ പരിചയപ്പെടുത്തിയതിങ്ങനെയാണ്: “ഞാനിയാളെ ഗോവിന്ദന് ഏല്പിച്ചുതരുന്നു. നേരെയാവുമോ എന്നു പരീക്ഷിക്കൂ.” കവിതയെഴുതിയിട്ടു ഞാന്‍ നന്നാവില്ലെങ്കില്‍പ്പിന്നെ അപ്പണിക്കു മിനക്കെടാന്‍ പാടില്ല എന്നായിരുന്നു മാസ്റ്റരുടെ ആജ്ഞ.
അങ്ങനെ, ഉണങ്ങിവരളാന്‍ വിധിക്കപ്പെട്ടിരുന്ന എന്റെ ജീവിതചൈതന്യത്തെ നനച്ചുവളര്‍ത്തിയതു മാസ്റ്റരായിരുന്നുവെങ്കില്‍ സൂര്യരശ്മി നല്കാനുണ്ടായിരുന്നത് ഇടശ്ശേരിയാണ്. പിന്നീടു ഞാന്‍ പലകുറി അനുഭവിച്ചറിയുകയും തന്മൂലം ഞരമ്പുകളിലാകെ സചേതനവും ശീതളവും രൂഢവുമായ ഒരു വീക്ഷണമായി പടരുകയും ചെയ്ത ഇടശ്ശേരിയുടെ ഒരു വാക്യം പുതിയ കുട്ടികളുടെ അറിവിന്നായി അത് ഇവിടെ രേഖപ്പെടുത്തുന്നു. സങ്കീര്‍ണ്ണവും ദുഃഖമയവുമായ ജീവിതയാത്രിയില്‍ ഇതവര്‍ക്കൊരൂന്നുവടിയായിത്തീര്‍ന്നേക്കാം: “ആത്മാവിന്മേല്‍ പറ്റിപ്പിടിച്ചുനില്ക്കുന്ന തൊപ്പകളെല്ലാം പറിച്ചുനീക്കൂ, അപ്പോള്‍ കാണാം, ജന്മനാ ഏതു മനുഷ്യനും നല്ലവനാണ്.”
ആകാശംപോലുള്ള ഒരു ഹൃദയം മാത്രം കീശയിലിട്ടു നിരത്തിലേക്കിറങ്ങിയ ആ മനുഷ്യന്‍  – തീവ്രദുഃഖത്തിന്റെ തണ്ടും വലിച്ചുകൊണ്ടു കുനിയാത്ത ചുമലുമായി നീങ്ങുന്ന ആ മഹത്വത്തിന്റെ രശ്മി-ചുറ്റുപാടുംവാരി വിതച്ചുകൊണ്ടേയിരിക്കുന്ന അടക്കമില്ലാത്ത പൊട്ടിച്ചിരിയുടെ അലകളില്‍ ഒരിക്കലെങ്കിലും ആണ്ടു മുങ്ങിയിട്ടുള്ളവരേ, നിങ്ങള്‍ ഭാഗ്യവാന്മാരത്രേ. ആ കൈകളിലുള്ള നിര്‍മ്മാണശേമൂഷിയുടെ വലുപ്പം സമുദായത്തുമ്പത്തിരിക്കുന്ന മാന്യന്മാര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍!
അപ്പോള്‍ ‘എന്റെ കവിത’യെപ്പറ്റി ഇവിടെ ലേഖനമെഴുതുന്നതു
മുല്ലപ്പൂവല്ല, കല്ലാണ്.
അന്നെന്റെ വയസ്യനായിരുന്ന മറ്റൊരു യൂവാവിനെപ്പറ്റി ഓര്‍മ്മവരുന്നു. തുറിച്ച കണ്ണുകളും കുടുക്കിടാത്ത വെള്ളക്കുപ്പായവും “മോനേ, എന്തിനും തയ്യാര്‍” എന്നൊരു തുമ്പപ്പൂച്ചിരിയുമായി വരുന്ന കടവനാട് കുട്ടികൃഷ്ണന്‍. ഉള്ളതു പറയട്ടെ. എനിക്ക് ഈ കവിതക്കാരനോടു നല്ല അസൂയയുണ്ട്, അന്നെന്നപോലെ ഇന്നും. പരേതനായ ഇ. നാരായണന്റെ കവിതയ്ക്കൊരു പുനര്‍ജ്ജന്മം – അതേ, പുനര്‍ജ്ജന്മം – അതാണ് കടവനാട് കുട്ടികൃഷ്ണന്റെ കവിത. എന്റേതെന്നപോലെ കുട്ടികൃഷ്ണന്റെ കവിതയും പിച്ചവെച്ചു നടന്നത് ഇടശ്ശേരിയുടെ മടിയിലാണെന്നു ചുരുക്കം. ഇടയ്ക്കിടെ കുട്ടികൃഷ്ണമാരാര്‍, പി.സി. കുട്ടികൃഷ്ണന്‍, എന്‍.പി. ദാമോദരന്‍, ടി.വി. ശൂലപാണിവാരിയര്‍ എന്നിവരും ഞങ്ങളുടെ സാഹിത്യസദസ്സുകളില്‍ എത്തുപെടും. എന്നാല്‍ പി.സി.യും ഞാനുമായി ഇക്കാലത്തൊന്നും അഭിമുഖദര്‍ശനമുണ്ടായില്ല. പല വര്‍ഷങ്ങള്‍ക്കുശേഷം തൃശ്ശൂര്‍വെച്ചാണതുണ്ടായത്. എന്‍.പി.യെ അന്നു പൊന്നാനിവെച്ചുതന്നെ കാണ്മാനിടവന്നിരുന്നു. പക്ഷേ, ഒരിക്കല്‍ മാത്രം. അഭിമുഖപരിചയത്തിന്റെ കഥ ഇതായിരുന്നിട്ടും ഈ രണ്ടുപേരും അന്ന് എന്റെ കാതിന്നും മനസ്സിന്നും മറ്റവരെപ്പോലെ നിത്യവേഴ്ചക്കാരായിരുന്നുതാനും.
ഈ സാഹിത്യസദസ്സിനെല്ലാംപാടെ രണ്ടുസ്ഥിരം ‘ഓഡിയന്‍സു’ണ്ട്. ടി. ഗോപാലക്കുറുപ്പും പി. നാരായണന്‍വൈദ്യരും. ‘ഞങ്ങള്‍ കലാകാരന്മാരൊന്നുമല്ലേ’ എന്നൊരു മാന്യത ചമഞ്ഞു നടക്കുന്ന രണ്ടു നല്ലവര്‍.
മാരാരെപ്പറ്റി കൂടുതലായി ചിലതു പറയേണ്ടതുണ്ട്: അദ്ദേഹം തിരുത്തിയിട്ടോ വായിച്ചിട്ടോ ഉള്ള എന്റെ കവിതകളില്‍, ഒന്നിനെപ്പറ്റിമാത്രമേ നല്ല വാക്കു പറഞ്ഞിട്ടുള്ളൂ. അതും ആദ്യത്തെ തവണ. എന്നിട്ടും കവിത മുഴുവനും നന്നെന്നു പറഞ്ഞില്ല; ഇരുപത്തിരണ്ടു ശ്ളോകം വായിച്ചശേഷം, “ഇതില്‍ ഒരു ശ്ളോകത്തില്‍ കവിതയുണ്ട്” എന്നു സമാധാനിപ്പിച്ചു. ആ ശ്ളോകത്തിന്റെ താഴെ വരച്ചു. അതിന്റെ ഗുണവും മറ്റെല്ലാറ്റിന്റേയും ദോഷവും വിശദീകരിച്ചുതരികയും ചെയ്തു. ഈ സംഭവം എന്റെ ആത്മപരിശോധനാശീലത്തെ എത്രമേല്‍ വളര്‍ത്തി എന്നുപറഞ്ഞറിയിക്കാന്‍ വയ്യ. അദ്ദേഹത്തിനു വേണമെങ്കില്‍ എന്റെ കവിതയെ നശിപ്പിക്കാമായിരുന്നു. അത്രമേല്‍ മുഗ്ദ്ധനായികുന്നു ഞാനാ പ്രഭാപരിവേഷമുള്ള വ്യക്തിയില്‍.
തേര്‍ഡ് ഫോറത്തില്‍ പഠിക്കുന്ന കാലത്തു ഞാന്‍ മാരാരെ വഞ്ചിച്ചിട്ടുണ്ട്. ‘മാതൃഭൂമി’യുടെ  കവിതാവിഭാഗം എഡിറ്റ്ചെയ്യുന്നതു മാരാരാണ് എന്നു ഞാന്‍ ധരിച്ചുവശായി. ഒരു കവിത പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പക്ഷേ, പിന്നീടയച്ചതൊന്നും പുറത്തുവന്നില്ല. ഇതെന്നെ നിരാശനാക്കി. അപ്പോളൊരു സുഹൃത്തുപറഞ്ഞുതന്നു: പെണ്ണുങ്ങളുടെ പേരുവെച്ചയച്ചാല്‍ പ്രോത്സാഹനം കിട്ടും. (അന്നു ബാലപംക്തിയും വനിതാപംക്തിയുമൊന്നുമില്ലല്ലോ) ഭേഷ്! ഞാന്‍ ടെക്സ്റ്റ്പുസ്തകത്തിലുള്ള ഠവല ആലഴഴമൃാമശറ എന്ന കവിത തര്‍ജ്ജമചെയ്തു: ആശയം ബാലിശമാണ് എന്നു വരില്ലല്ലോ. കെ.എസ്. സരോജിനി എന്നു പേരും വെച്ചു. കൂടെ മാരാര്‍ക്കൊരെഴുത്തും. താനൊരു ദരിദ്രവിദ്യാര്‍ത്ഥിനിയാണെന്നും മറ്റുമാണ് എഴുത്തില്‍. മുഴുവന്‍ നുണകളും ഇപ്പോളോര്‍മ്മയില്ല. എന്തോ ആവട്ടെ, മാരാരതു പ്രസിദ്ധീകരിച്ചു. പ്രസ്തുതകവിയെപ്പറ്റി (പിന്നീടു കവിതയൊന്നും കാണാഞ്ഞിട്ടായിരിക്കണം) മാരാര്‍ ശൂലപാണിവാരിയരോടും മറ്റും ചോദിച്ചുവത്രേ. അതു കേട്ടതിന്നുശേഷം പലതവണ മാരാരോടു സംഗതി തുറന്നുപറയണമെന്നു ഞാനാഗ്രഹിച്ചിട്ടുണ്ട്. അത്രത്തോളമെത്തുമ്പോള്‍ നാവു പേരില്ല. എഴുതാന്‍ കൈ അനങ്ങില്ല. ഇപ്പോള്‍ ആ ദുരഭിമാനം ചീന്തി വലിച്ചെറിയുന്നു. ഹേ, കുട്ടികൃഷ്ണമാരാര്‍, ഞാന്‍ താങ്കളെ വഞ്ചിച്ചിട്ടുണ്ട്.
ഇതുവരെ പറഞ്ഞത് ‘എന്റെ കവിത’യെപ്പറ്റിയല്ല. എന്നെപറ്റിത്തന്നെയാണ് എന്നാക്ഷേപമുണ്ടാവാം. ക്ഷമിക്കണം. എന്റെ കവിതയും ഞാനും തമ്മില്‍ അത്രമേല്‍ കൂടിപ്പിണഞ്ഞാണു കിടക്കുന്നത്. മിക്ക ആളുകളെപ്പറ്റിയും ഇതാവും സ്ഥിതി. അല്ലാത്തവരുടെ കവിത നിര്‍ജ്ജീവമായിരിക്കുകയും ചെയ്യും.
പക്ഷേ, ഒന്നു മനസ്സിരുത്തിയിട്ടുണ്ട്. എന്റെ ജീവിതത്തിന്മേല്‍ പടരുന്ന ഒരു ലതയാണ് ‘എന്റെ കവിത’യെന്നു ധ്യാനിക്കൂ. ആ ലതയുടെ കമ്പുകളില്‍ പൊട്ടുന്ന വേരുകള്‍ മരത്തിന്മേല്‍ പൂഴ്ന്നുകിടക്കുമല്ലോ; അങ്ങനെയാണല്ലോ ആ ലത പുരണ്ടുവീഴാതെ നില്ക്കുന്നത്. അത്തരം  ഓരോ വേരിനെ മാത്രമാണിവിടെ തൊട്ടു കാണിച്ചിട്ടുള്ളത്. അതും ലതയുടെ തുടക്കത്തിലുള്ളവയെമാത്രം. പിന്നീടുപിന്നീടുള്ള എന്റെ കവിതയുടെ സത്തായി ഒരു ജീവിതവീക്ഷണം ഊറിക്കൂടിയിട്ടുണ്ടെന്നു സാമാന്യമായി പറയാമെന്നു തോന്നുന്നു. ഭൌതികമായും ആത്മീയമായുമുള്ള ജീവിതപ്രതിഭാസങ്ങളെ ഞാനംഗീകരിക്കുന്നു. ഇവിടെ അണ്ടിയോ മാവോ മൂത്തതെന്ന പ്രശ്നം എന്നെ അലട്ടുന്നില്ല. സത്യത്തിന്ന് ആയിരം മുഖങ്ങളുണ്ട്. ഈ പ്രപഞ്ചത്തിലുള്ള എല്ലാ ചലനങ്ങളും എല്ലാ വസ്തുതകളും അന്യോന്യ സഹകാരികളായിത്തന്നെ വര്‍ത്തിക്കുന്നു. അപ്പോളാണവ ശക്തവും സുന്ദരവുമായിത്തോന്നുന്നത്. കാണാവുന്നവയുടെ ലക്ഷാംശംപോലും നാം കണ്ടുകഴിഞ്ഞിട്ടില്ല. ഭൌതികവും മാനസികവുമായ എല്ലാത്തരം ചൂഷണങ്ങളേയും ഞാനതിനാല്‍ വെറുക്കുന്നു. എല്ലാവരും വേലചെയ്യുന്നതും കൈയിലും നാവിലും ചങ്ങല വീഴാത്തതും തലയും വയറും നിറയുന്നതുമായ ഒരു നവലോകത്തെപ്പറ്റി ഞാനും സ്വപ്നം കാണുന്നു. എങ്കില്‍ക്കൂടി മനുഷ്യമനസ്സു സംതൃപ്തിയടയുന്ന കാലം ഉണ്ടാവുകയില്ല എന്നാണെന്റെ ചെറുബുദ്ധിക്കു തോന്നുന്നത്. ചക്രവാളം എത്ര സുന്ദരമാണ്! എങ്കിലും അതെപ്പോഴും അകലയേ നില്ക്കൂ. ക്ഷമാശീലന്നുമാത്രമേ സുഖമുള്ളു. അഥവാ സുഖം എന്നതു ദുഃഖത്തെ മറക്കല്‍ മാത്രമാണ്. ദുഃഖത്തിന്നൊരൊറ്റ പ്രത്യൌഷധമേ ഉള്ളൂ: സ്നേഹം. അവിടെയാണ് മനുഷ്യന്‍.
എല്ലാ സാഹിത്യകാരന്മാരും വിചാരിക്കാറുള്ളത് അര്‍ഹിക്കുന്ന പ്രശസ്തി തനിക്കു കിട്ടുന്നില്ലല്ലോ എന്നാണത്രെ. ഇതേ ബോധം എനിക്കും ഉണ്ടാകാറുള്ളതാണ്. എങ്കിലും, അര്‍ഹിക്കുന്ന പ്രശസ്തി ആര്‍ക്കും കിട്ടാതെപോവുന്നില്ല – ഇന്നല്ലെങ്കില്‍ നാളെ – എന്നൊരു ഊഹം എനിക്കുണ്ട്. എന്നെ സംബന്ധിച്ചാണെങ്കില്‍, ഒരു ദിവസം കാലത്തെണീറ്റു നില്ക്കുമ്പോള്‍ ഭാഗ്യം തലയിലേക്കിടിഞ്ഞുവീഴുക എന്നത് ഉണ്ടായിട്ടില്ല. ഭാഗ്യത്തിന്നു കീഴില്‍ ‘അതൊന്നിടിഞ്ഞു വീണെങ്കിലായി’ എന്ന വിചാരത്തോടെ പലപ്പോഴും ചെന്നു നിന്നിട്ടുണ്ടെന്നു തുറന്നു പറയാന്‍ ലജ്ജിക്കുന്നുമില്ല. എങ്കിലും പറയട്ടേ: വിവേചനബുദ്ധിയോടുകൂടി ഇന്നിന്നതെല്ലാം പ്രതീക്ഷിക്കാമെന്നു കണ്ടതില്‍ കാലംശം എപ്പോഴും എനിക്കു ലഭിച്ചിട്ടുണ്ട്. അതാകട്ടേ, ഓര്‍ക്കാതിരിക്കുമ്പോഴാണ് വന്നുചേരാറുള്ളതും. തന്മൂലം പ്രതീക്ഷ മുഴുന്‍ ഫലിച്ചാലത്തെ സന്തോഷം ഞാനനുഭവിക്കുന്നു. അതുകൊണ്ടാവാം, എനിക്കു പരാതിയൊന്നുമില്ല.
എന്റെ രചനകളില്‍ എഴുപത്തഞ്ചു ശതമാനവും ജീവനുറ്റവയാണെന്നുതന്നെ വിചാരിക്കുന്നു. താങ്ങാന്‍ വയ്യാത്ത വിധം കനത്ത പ്രശംസ അറിയാതിരിക്കെ കയറിവരുന്നു. ചിലപ്പോള്‍ ഉഗ്രമായ നിരൂപണമായിരിക്കും. രണ്ടും തെളിയിക്കുന്നത് ഒന്നുതന്നെയാണല്ലോ. പൊതുവേ പറഞ്ഞാല്‍, നിരൂപണം എന്നെ രസിപ്പിക്കുകയാണ് പതിവ്. ഞാന്‍ ഗൌനിക്കപ്പെടുന്നുവല്ലോ എന്നൊരു രസം. ദുര്‍ല്ലഭം ചിലപ്പോള്‍ നിരൂപകന്റെ ഉദ്ദേശം സത്യാന്വേഷണത്തിനപ്പുറം വല്ലതുമാണെന്നു മനസ്സിലാകുമ്പോള്‍ ദുഃഖം തോന്നിയിട്ടുണ്ട്. എന്തായാലും ആരോടും പിന്നേക്കു നില്ക്കുന്ന യാതൊരു വിരോധവും എനിക്കില്ല. കാരണം, ഏതു മനുഷ്യനും തന്റെതായ ഒരു ലോകത്തുവെച്ചു കരയുന്നവനാണെന്ന വിചാരം എന്നില്‍ മുന്നിട്ടുനില്ക്കുന്നു.
ഏറ്റവും നല്ല എന്റെ കവിത എഴുതപ്പെടാനിരിക്കുകയാണെന്നാണ് എപ്പോഴും വിശ്വാസം. ഓരോന്നും എഴുതിത്തീരുമ്പോള്‍, അതു മുമ്പത്തേതിലും മീതെയായിട്ടുണ്ട് എന്നാണു ഭാവം. എഴുതിവരുമ്പോള്‍ അഭൂതപൂര്‍വ്വമാംവിധമുള്ള ഓരോ ആനവാതിലുകള്‍ ഹൃദയത്തിലേക്കു ‘ടുടും’ എന്നു തുറക്കപ്പെടുന്നതായിത്തോന്നുന്നു. പകുതിക്കല്‍വെച്ചു പലതും ചീന്തിക്കളയുന്നു. എല്ലാം പലപലതവണ തിരുത്തപ്പെടുന്നു. മദ്ധ്യത്തിലോ അവസാനത്തിലോ – ഇന്നേടത്തെന്നു പറഞ്ഞുകൂടാ – ഉള്ളവരികളാവും ചിലപ്പോള്‍ ആദ്യം പുറത്തു ചാടുന്നത്. അവ കടലാസ്സില്‍ വീണശേഷം എത്രയോ കഴിഞ്ഞാവാം ആ കവിതയുടെ ഭാവസന്ധിശില്പങ്ങള്‍ തെളിഞ്ഞു കിട്ടുന്നത്. എത്രയോ മുമ്പുമുതല്‍ ഭാവസന്ധിശില്പങ്ങളൊരുക്കിക്കഴിഞ്ഞ കവിതകള്‍ ഇന്നും എഴുതാന്‍ കഴിയാതെ കിടക്കുകയാണ്. ഇനി അവ എഴുതുന്നതാകട്ടെ, ഇപ്പോളുള്ള ഭാവസന്ധിശില്പങ്ങളെ അപ്പടി അവഗണിച്ചുകൊണ്ടായെന്നും വരും. ‘ഞാനിതു രചിക്കുമെന്നു വിചാരിച്ചിട്ടില്ല’ എന്നു തോന്നത്തക്കവിധം  പല കവിതകളും രണ്ടോ  നാലോ മണിക്കൂറുകള്‍കൊണ്ടു പണിതീര്‍ന്നു കിട്ടിയിട്ടുമുണ്ട്. ഞാനല്ലാ ഇതൊന്നും ചെയ്യുന്നത്. മനസ്സിലുള്ള മറ്റൊരാളാണ് എന്നു  പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതൊക്കെ എന്റെ അറിവിലുള്ളതാണോ എന്നമ്പരക്കേണ്ടിവന്നിട്ടുണ്ട്. ഈ കവിത എനിക്കു മുഴുമിക്കുവാന്‍ സാധിക്കില്ല എന്ന് ഒരിക്കല്‍ തോന്നും. അടുത്ത നിമിഷം ഒരുനുഭൂതികല്ലോലം രൂപപ്പെട്ടുവന്ന് എല്ലാം എഴുതിക്കുകയും ചെയ്യും. എഴുതുവാന്‍ ആരംഭിച്ചാല്‍ പിന്നെ അസഹ്യമായ ഒരു വേദനയാണ്, ഭ്രാന്താണ്, ദിവസങ്ങളോളം അതു നീണ്ടുനിന്നേക്കാം. അതിനിടയ്ക്കു ഭക്ഷണവും ഉറക്കവുമൊന്നും ശരിക്കു നടക്കുകയില്ല. വല്ലതും വല്ലപ്പോഴും കുറച്ചു വാരിത്തിന്നും, വല്ലപ്പോഴും കുറച്ചുറങ്ങും, എഴുതിയെഴുതി കൈകടയുമ്പോഴേക്കെ ഓരോന്നു മുറുക്കും. അല്ലെങ്കില്‍  പുകവലിക്കും.
കഴിഞ്ഞാലോ, അതൊരു നിര്‍വൃതിതന്നെയാണ്. ഞാനൊരു വല്ലാത്ത           മനുഷ്യന്‍തന്നെ എന്നു തോന്നിപ്പോവുന്നു.
കുറെ കഴിഞ്ഞാല്‍ തോന്നും: ഇനി ഞാനൊരിക്കലും ഒരു സാഹിത്യസൃഷ്ടിയും ചെയ്യില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. മനസ്സുറയ്ക്കുന്നില്ല, ആലോചിക്കാന്‍ വയ്യ, വായിക്കാനും വയ്യ!
ഞാന്‍ എന്തിനുവേണ്ടി കവിതയെഴുതുന്നു? സമുദായത്തെ സേവിക്കാന്‍വേണ്ടിയാണോ? അതു ചെയ്യണമെന്ന തീവ്രാഭിവാഞ്ഛ ഉണ്ടെന്നുള്ളതു വാസ്തവം. പക്ഷേ, അതിനു മാത്രമാണെങ്കില്‍ വിഷയമെല്ലാം ഒരുങ്ങിയിട്ടും പുറമേനിന്നുള്ള ആവശ്യം വരുമ്പോഴൊക്കെ എഴുതുവാന്‍ സാധിക്കുന്നല്ലില്ലോ! എന്നാല്‍ എനിക്കു വേണമെന്നു തോന്നുമ്പോഴൊക്കെ എഴുതാന്‍ കഴിയേണ്ടതാണ്. അതും സാധിക്കുന്നില്ല. എന്നല്ല, പിന്നെയൊരിക്കല്‍ ആവാമെന്നുവെച്ചു തടുത്തുനിര്‍ത്തുവാന്‍ സാധിക്കാത്ത അസ്വസ്ഥത ചിലപ്പോള്‍ കവിതയായി പുറത്തു ചാടുകയും ചെയ്യുന്നുണ്ട്.
ഇതാണ് ആകപ്പാടെ സ്ഥിതി. എന്തുവേണമെങ്കിലും ഊഹിച്ചു കൊള്ളുക.

You can share this post!