ഹേ മനുഷ്യാ

12മണിക്കൂർ നേരത്തെ നിരന്തര യാത്രക്ക് ശേഷം ക്ഷീണം തീർക്കാൻ വേണ്ടി പകൽ രാത്രിയുടെ വക്ഷസിൽ ചാഞ്ഞു. പുതിയൊരു പകലിന്റെ ജനനത്തിനതു കാരണമായി. പുതിയ പ്രഭാതത്തിന്റെ വരവറിയിച്ചു കൊണ്ട് പൂങ്കോഴിയുടെ പുഷ്കല കണ്ഠനാളം മുഴക്കിയ വലിയൊര ലാറം ഞാൻ കേട്ടു. കിഴക്കൻ മാനത്തു സുവർണ അലുക്കുകൾ തൂക്കി, വര്ണരാജികളാൽ മനോഹരമാക്കി, ദിവാകരന്റെ വരവിനെ ചേതോഹരമാക്കി വിണ്ണിൻ നാഥൻ. കിളികുലജാലത്തിന്റെ കളകൂജനം പ്രഭാത ഭേരിയായി. ക്ഷേത്രങ്ങളിൽ നിന്നുണർന്ന മണിനാദം അതിനു താളമിട്ടു. ഒരു പുതിയ പ്രഭാതം പൊട്ടി വിടർന്നു. ഒരുപുതിയ സൂര്യൻ തങ്കത്തേരിൽ അണഞ്ഞു. പവിത്ര ഗംഗാ തീർത്ഥത്തിൽ, അരയൊപ്പം വെള്ളത്തിൽ നിന്ന് ഭൂസുരൻ സൂര്യഗായത്രി ജപിച്ചു. എത്രസുന്ദരം എത്ര മനോഹരം ഈ കാഴ്ചകൾ. എന്നാൽ, ആയുസ്സിൽ നിന്നൊരു ദിവസം അടർന്നുമാറിയതു ആരും അറിഞ്ഞില്ല.
പ്രവൃത്തിയുടെ ഫലം ആമോദത്തോടെ അനുഭവിക്കുമ്പോൾ വന്നതോ വരാനിരിക്കുന്നതോ ആയ നഷ്ടത്തെപ്പറ്റി നാം ഓർക്കാറില്ല.
മലകളിടിച്ചു നിരത്തി. മലകൾ മൊട്ടക്കുന്നുകളാക്കി. മഴവെള്ളത്തിനു ഭൂമിയിലേക്ക് താഴാനാവാതായി. അതൊഴുകി എങ്ങോ മറഞ്ഞു. മരങ്ങൾ വെട്ടിവിറ്റു് കാശുണ്ടാക്കി. അതോടെ, മഴമേഘങ്ങൾ അവയുടെ ധർമം നിറവേറ്റാനാവാതെ പറന്നുപോയി. എന്നിട്ട്, കാലി കുടങ്ങളുമായി ജനം ഭരണ സിരാകേന്ദ്രങ്ങളിലേക്കു പ്രകടനം നടത്തി.
പെട്ടിമുട്ടി ദുരന്തം എങ്ങനെ ഉണ്ടായി.? വെള്ളം നിറഞ്ഞ മണ്ണും വിഘടിച്ച പാറകളും താഴോട്ടൊഴുകി താഴ്വരയെ തകർത്തു. ഇന്നും കണ്ടെത്താതുള്ള ശവശരീരങ്ങൾ ഭൂമാതാവിന്റെ നെഞ്ചകത്തെവിടെയോ ചീഞ്ഞു അസ്ഥികൂടമായി കിടക്കുന്നുണ്ട്.
വന്യജീവികൾ മനുഷ്യവാസകേന്ദ്രങ്ങളിലേക്കിറങ്ങി. കൃഷി നശിപ്പിച്ചു. വളർത്തു മൃഗങ്ങളെ കൊന്നു. മനുഷ്യനെ ആക്രമിച്ചു. ജനം വനപാലകർക്കെതിരെ തിരിഞ്ഞു. സ്വന്തം മക്കൾ അച്ഛനമ്മമാരെ അനുസരിക്കാത്ത ഇക്കാലത്തു വന്യ മൃഗങ്ങൾ വനപാലകരെ അനുസരിക്കുമോ. വനം മാഫിയയും റിസോർട് മുതലാളികളുമാണ് കാരണക്കാർ. ഇവരൊക്കെ ചേർന്ന് മൃഗങ്ങളുടെ ആവാസവ്യവസ്ഥ തകർത്തു. അവയുടെ ആഹാരവും വെള്ളവും മുട്ടിച്ചു. പലതിനെയും കൊന്നു തിന്നു. അവ നാട്ടിലേക്കിറങ്ങി.
മനുഷ്യൻ പ്രകൃതിക്കൊരാവശ്യമേയല്ല. എന്നാൽ മനുഷ്യനു പ്രകൃതിയില്ലെങ്കിൽ നിലനിൽപ്പില്ല. കുടിവെള്ളത്തിന് വേണ്ടിയുള്ള പരക്കം പാച്ചിൽ തന്നെ തെളിവ്. പ്രകൃതിക്കു ദോഷം മാത്രം ചെയ്യുന്ന വർഗം അതാണ് മനുഷ്യൻ.
മനുഷ്യന്റെ പ്രധാന ശത്രു അവൻ തന്നെയാണ്. മനുഷ്യർക്കെതിരായ മൃഗങ്ങൾ സന്ഘിച്ചതായി കേട്ടിട്ടുണ്ടോ?. മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നത് മൃഗങ്ങളാണോ. “ഞങ്ങളല്ലാതെ മറ്റാരും കട്ടിൽ വേണ്ടെന്നു സിംഹമോ കടുവയോ കാറ്റുപോത്തോ പ്രഖ്യാപിച്ചിട്ടുണ്ടോ? ഇതെല്ലാം മനുഷ്യൻ ചെയ്യുന്നു. അവർ തമ്മിൽ തമ്മിൽ തല്ലി ചാകുന്നു. മൃഗങ്ങളെ കൊന്നു തിന്നുന്നു.
ഒരു പ്രവൃത്തി ചെയ്യുന്നതിനുമുമ്പ് അതിന്റെ ഭവിഷ്യത്തിനെ പറ്റി ആലോചിക്കണം. സ്വയം ചോദിക്കണം, “what is the good out of it, what is the bad out of it”. ചെയ്യുന്നവന് ഗുണമുണ്ടാവുമെങ്കിലും അന്യനു ദോഷം വരുമെങ്കിൽ അതു ചെയ്യാതിരിക്കണം.
ഹരിതാഭ നിറഞ്ഞ വയലുകളിന്നില്ല. വരമ്പത്തു കൂടി, നെല്ചെടികളെ തലോടി നടന്നതിന്റെ രസം ഇന്നും മറന്നിട്ടില്ല. കുയിലിന്റെ പാട്ടിനു എതിർ പാട്ടു പാടണം എന്നുണ്ട്. പക്ഷേ കുയിലില്ല. മഴക്കാലത്ത് ചെളിവെള്ളത്തിൽ കിട്ടഞ്ഞ ക്രോം ക്രോം മുഴക്കുന്ന മാക്രിയെ കല്ലെറിയണമെന്നുണ്ട്. അതിനു മാക്രി വേണ്ടേ !അതിനേം മനുഷ്യൻ തിന്നു തീർത്തു. തുമ്പിയെക്കൊണ്ട്, അരുതാത്തതാണെങ്കിലും, കല്ലെടുപ്പിക്കണമെന്നുണ്ട്. അതിനു തുമ്പി ഇല്ലാ. പ്രകൃതിയുടെ scavenger എന്നറിയപ്പെട്ടിരുന്ന കാക്ക പോലും ഇല്ലാതാവുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
തേനീച്ച ഇല്ലാതായാൽ 4.5 വർഷത്തിൽ കൂടുതൽ മനുഷ്യന് നിലനിൽപ്പുണ്ടാവുകയില്ലെന്നുശാസ്ത്രം പറയുന്നു. എന്നാൽ മനുഷ്യനില്ലാതായാൽ പ്രകൃതിക്കൊന്നും സംഭവിക്കില്ല. മാത്രവുമല്ല, അങ്ങനെ സംഭവിച്ചാൽ ഒരുപാട് ഗുണമുണ്ടാവുകയും ചെയ്യും. വനങ്ങൾ തെഴുത്തു വളരും. വൃക്ഷങ്ങളുടെ ആയുസ്സ് പതിന്മടങ്ങു വർധിക്കും. മൃഗങ്ങൾ സ്വൈര ജീവിതം നയിക്കും. കിളികൾ പാടും മൈലുകളാടും. കടലും കായലും നദിയും തെളിനീർ വാഹിനികളാകും. ഉദയാസ്തമയങ്ങൾ കൃത്യമായി നടക്കും.
കാണാൻ പോലുമാകാത്ത ഒരു വൈറസിന്റെ മുൻപിൽ തോറ്റു തുന്നം പാടി നിൽക്കുകയാണ് ഗോളാന്തര യാത്രക്ക് തയ്യാറെടുക്കുന്ന മനുഷ്യൻ. ലോകത്തെ ചുട്ടു ചാമ്പലാക്കാനുള്ളതെല്ലാം അവന്റെ കയ്യിലുണ്ട്. എന്നാൽ, ഒരു കുഞ്ഞുറുമ്പിന്റെ ചന്തിയിൽ ഒന്ന് ചൊറിയാൻ അവനാകുമോ !
ഹേ മനുഷ്യാ, ഒരു ചർമ്മ സഞ്ചിക്കുള്ളിൽ മലമൂത്രാദികൾ ചുമന്നു നടക്കുന്ന വൃത്തികെട്ട ജന്തുവാണ് നീ. ഭാവമോ, എന്നേക്കാൾ വലുതായി ഒന്നുമില്ലെന്നും.
സ്വയം അറിയുക. അത്രയേ പറയാനുള്ളു.

മത്തായി, നീ എവിടെ?

ഏതുസംഭവവും ഭൂതകാല സ്മരണയായി കഴിയുമ്പോഴാണത് ചിന്തനീയ മാവുന്നതു.
സൈക്കിൾ ചവിട്ടാൻ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരിക്കൽ വീണു തലപൊട്ടി. ആശുപത്രിയിൽ കൊണ്ടുപോയി. തുന്നലിട്ടപ്പോൾ അലറി കരഞ്ഞു. അതു വേദനാജനകമായിരുന്നു. എന്നാൽ ഇന്നത് മധുരിക്കുന്നോരോർമ.
ആറു പതിറ്റാണ്ടുകൾക്കുമുന്പ് നാട്ടിലുണ്ടായിരുന്നത് ഇടവഴികളും തൊണ്ടുമൊക്കെ ആയിരുന്നു. (ടാറിടാത്ത, രണ്ടു വശത്തും കയ്യാലയുള്ള, ഇടുങ്ങിയ വഴി )വീട്ടിൽ നിന്ന് 100 അടി മാറി വാഴപ്പിള്ളിൽ എന്നൊരു പറമ്പുണ്ടായിരുന്നു രണ്ടേക്കറോളം, വലിയ മരങ്ങളുള്ള, കാടുപിടിച്ച സ്ഥലം. വഴിയുടെ ഒരു വളവിലാണ് ഇത് തുടങ്ങുന്നത്. അവിടെ നിൽക്കുന്ന വലിയൊരു മരത്തിൽ യക്ഷി ഉണ്ടെന്ന് ഒരു വിശ്വാസം കുട്ടികളുടെ ഇടയിൽ ഉണ്ടായി. ആ വളവുമുതൽ പറമ്പിന്റെ അതിരു വരെ നടക്കുമ്പോൾ തിരിഞ്ഞു നോക്കരുതെന്നായിരുന്നു ധാരണ. നോക്കിയാൽ യക്ഷി പിടിക്കും. ഒറ്റക്ക് പോകേണ്ടിവന്നാൽ ദൈവത്തെ വിളിച്ചു കൊണ്ടാണ് പോയിരുന്നത്.
ഒരു ദിവസം സ്കൂളിൽ നിന്ന് വന്നപ്പോൾ വൈകിട്ട് 5 മണി കഴിഞ്ഞിരുന്നു. കടയിൽ നിന്ന് വാങ്ങിയ കുറെ സാധനങ്ങൾ കയ്യിലുണ്ടായിരുന്നു. പകൽ പോലും ശരിക്കു വെളിച്ചം വീഴാത്ത വഴിയിൽ വെളിച്ചം വളരെ കുറവായിരുന്നു. വളവു കഴിഞ്ഞാൽ രക്ഷപെട്ടു. വളവിലെത്തി, ഏതാണ്ട് സമാധാനമായി. പെട്ടെന്ന് ‘എന്താ ഇത്ര താമസിച്ചത് ‘എന്നൊരു ചോദ്യം കേട്ടു ഞെട്ടി. കയ്യിലിരുന്ന പൊതി താഴെവീണു പൊട്ടി. പഞ്ചസാര വഴിയിൽ തൂവി.
വാഴപ്പിള്ളി പറമ്പിൽ കയ്യാലയോട് ചേർന്ന് ഒരു രൂപം നിൽക്കുന്നുണ്ടായിരുന്നു. ഒറ്റമുണ്ടു, മേല്വസ്ത്രമില്ല. മാറിടം ശീമ കപ്പളങ്ങ പോലെ തുങ്ങി കിടക്കുന്നു. പല്ലിന്റെ വംശനാശം സംഭവിച്ച വായ. കാതിൽ വലിയ തോട. വടികുത്തി കൂനി യുള്ള നിൽപ്. വെളുത്ത നിറം. 80 വയസ്സെങ്കിലും പ്രായം. സംശയമില്ല, യക്ഷി തന്നെ
രാമപുരത്തു വാര്യർ പാടിയപോലെ ‘പാരവശ്യം മറ്റൊരീശ്വരനുണ്ടോ ‘എന്ന അവസ്ഥയിൽ വീട്ടിലെത്തി. യക്ഷിയെ കണ്ട കാര്യം ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. അമ്മയും ചേച്ചിമാരും ചിരിയോടു ചിരി. അവർ പറഞ്ഞു : അതാ വാഴപ്പിള്ളി മഠത്തിലെ നേത്യാരമ്മയാ. നിന്നെ അവർക്കറിയാം. പാവം ലോഹ്യം.
ചോദിച്ചതാ. ഇന്നതോർക്കുമ്പോൾ നാണം വരുന്നു.
പ്രൈമറി ക്‌ളാസ്സിലെ സതീർഥ്യനായിരു മത്തായികുരുത്തക്കേടിനു നോബൽ സമ്മാനാർഹൻ.
ഒരിക്കൽ അവൻ ചോദിച്ചു :തനിക്കു ഇടിയും മിന്നലും പേടിയാണോ?
അതേ എന്നു പറഞ്ഞു.
:അര്ജുനമന്ത്രം ജപിച്ചാൽ മതിയെന്ന് മത്തായി പറഞ്ഞു. അതെന്താണെന്നു ചോദിച്ചു. അതറിയാതെ താൻ ഹിന്ദുവാണോ എന്നു മത്തായി പ്രതിവചിച്ചു.
അടുത്ത പെരിയഡിൽ മലയാളം സാറിനോട് ചോദിച്ചു. സാർ B B യിൽ എഴുതി
അർജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും വിശ്രുതമായ പേര് പിന്നെ കിരീടിയും svethasvanennum ധനഞ്ജയൻ ജിഷ്ണുവും ഭീതീഹരൻ സവ്യസാചി ബീഭൽസവും.
വിശദീകരണം തന്നത് മത്തായി ആയിരുന്നു.
കുരുക്ഷേത്ര യുദ്ധം നടക്കുന്ന അവസരം. അർജുനൻ അമ്പെടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്തു വില്ലിൽ നിന്ന് പോകുമ്പോൾ 1000, ലക്ഷ്യത്തിൽ കൊള്ളുമ്പോൾ 10000.അമ്പു വില്ലിൽ നിന്ന് പോകുമ്പോഴആണ് മിന്നൽ, വായുവിനെ തുളച്ചു പോകുമ്പോഴത്തെ ശബ്ദമാണ് ഇടി. (വിമാനം പോകുമ്പോഴത്തെ ശബ്ദം പോലെ ).അശേഷം യുക്തിയില്ലെങ്കിലും, ഇന്നും, ഇടിയും മിന്നലുമുണ്ടാകുമ്പോൾ ഞാനിതുരുവിടാറുണ്ട്, മത്തായിയെ ഓർക്കുകയും ചെയ്യും.
കുട്ടികളിൽ ജിഞ്ജാസ ഉണ്ടാകേണ്ടത് അറിവ് സമ്പാദനത്തിൽ അത്യാവശ്യമാണ്. ഒരിക്കൽ മത്തായി എന്നിട്ടു ചോദിച്ചു :കല്യാണം കഴിഞ്ഞാൽ ഭാര്യാഭർത്താക്കന്മാർ രാത്രിയിൽ തുണിയുടുക്കാറില്ല. തനിക്കറിയാമോ? ഇല്ലാ എന്നു പറഞ്ഞു. (ഇന്നത്തെ പിള്ളേർക്ക് അറിയാമെന്നതിനു സംശയമില്ല )മത്തായി വിശദീകരിച്ചു. സദാചാരത്തിന്റെ പതാക വാഹകരെ ഭയന്നു ഞാനവർത്തിക്കുന്നില്ല. അദ്‌ഭുതത്താൽ തുറന്നു പോയ വായ എപ്പോഴാണ്അടഞ്ഞതെന്നു ഓർമയില്ല.
സ്കൂൾ വിട്ടതിനു ശേഷം മത്തായിയെ പ്പറ്റി കേട്ടിട്ടുപോലുമില്ല. ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. എന്നാൽ, ഇന്നും അവനെന്നിൽ ജീവിക്കുന്നു.
ഭൂമിയിലോ സ്വർഗ്ഗത്തിലോ എവിടെ ആയാലും പ്രിയപ്പെട്ട മത്തായി നിനക്ക് സ്വസ്തി

You can share this post!