ചിത്രശലഭങ്ങളെ പിടിക്കാന്‍ /നോഷി ഗിലാനി / ഉറുദു

സൗരഭ്യത്തെ കൈക്കലാക്കാന്‍,
വര്‍ഷസന്ധ്യകളെ പിടിച്ചടക്കാന്‍,
വീട്ടിലിക്കുമ്പോള്‍
നക്ഷത്ര വെളിച്ചത്തെ എത്തിപ്പിടിക്കാന്‍
എളുപ്പമാണെന്ന്
ഞാനൊരിക്കല്‍ കരുതി.

സൗരഭ്യത്തെ കൈക്കലാക്കാന്‍,
മിന്നാമിനുങ്ങിന്‍റെ മന്ത്രണത്താല്‍
എന്‍റെ
നടുമുറ്റമാകും പുഷ്പത്തെ പ്രകാശിപ്പിക്കാന്‍
എളുപ്പമാണെന്ന്
ഞാന്‍ കരുതി.

കിനാവുകാണുന്ന എന്‍റെ കണ്ണുകളില്‍
തടാകത്തില്‍ പനിനീര്‍പ്പൂക്കളെന്ന പോലെ
അവന്‍റെ ഓര്‍മ തങ്ങിനിര്‍ത്തുവാന്‍
എളുപ്പമാണെന്ന് ഞാന്‍ കരുതി.

ഞാന്‍ സ്വയം വിഡ്ഢിയായി.
അതെങ്ങനെയാണ് സംഭവിക്കുക?
ചിത്രശലഭങ്ങളെ പിടിക്കുവാന്‍
നിങ്ങള്‍ക്കേറെ ദൂരം പോകേണ്ടതുണ്ട്.

You can share this post!