സൂര്യഗീതം

(ബാലചന്ദ്രൻ ചുള്ളിക്കാടിന്‌)
ഗഗനമണ്ഡലം ചുടലപ്പറമ്പുപോൽ
ഗ്രീഷ്മരാശിയിൽ വെന്തുനിന്നീടവേ
ഭ്രമണചക്രത്തിൽ നിന്നും തെറിച്ചു നീ
വ്രണിത ചിത്തനായ്‌ വന്നത്തെന്തിനീ ഭൂമിയിൽ?
അന്ധതിമിരം ഗ്രസിച്ച കാലങ്ങളിൽ
ഭ്രാന്തബോധങ്ങൾ നിന്നെ വലംവച്ചു പോയതും
കുപിത ഗാനത്തിലോങ്കാര ദീപ്തിയും
മെർക്കുറിപ്പൂക്കളും ഒന്നിച്ചുണർന്നതും
ശിഥിലമൗനം കടഞ്ഞു കണ്ണീരിന്റെ
കാകോളമെല്ലാം തനിയെ കുടിച്ചതും
നഗരസത്രത്തിലേതോ വെറുപ്പിന്റെ
പെരിയ കീർത്തനം ചൊല്ലിക്കിടന്നതും
എത്ര പകലുകൾ പത്മതീർത്ഥങ്ങളിൽ
മോക്ഷഭിക്ഷുവായ്‌ പാടെയലഞ്ഞതും
ധ്യാനബിന്ദുവിൽ മൊട്ടിട്ട സഹശ്രദള-
പത്മത്തിൽ മിഴിനട്ടു നിന്നതും
ഓർക്കുന്നുവോ ഹേ സൂര്യ, നീ നട്ട
ചെമ്പകത്തയ്യിന്റെ തണലിന്നുമെൻ
ജീവവാടിയിൽ പൂത്തുനിൽക്കുന്നിതാ!
ചിറ കെട്ടി നിർത്തിയ കോപതാപങ്ങളെ
ഒറ്റയൂക്കിൽ പ്രവാഹങ്ങളാക്കിയും
നരകഗർത്തത്തിലാണ്ടു കിടക്കുന്ന
മൃത്യുദാഹങ്ങൾക്കാനന്ദമേകിയും
പകളൊടുങ്ങും തിരസ്കാരസന്ധ്യയിൽ
ചിരവിഷാദം പകുത്ത വേദങ്ങൾ തൻ
ജ്വരവികാരം വാക്കിൽ പകർന്നതും
പ്രണയസ്വപ്നം വെടിഞ്ഞു പിനാകിയായ്‌
ശിശിരശൃംഗത്തിലംഗാരമായതും
ത്വരിതവേഗത്തിലീറൻ നിലാവിന്റെ
നാന്മറയ്ക്കുള്ളിലേക്കോടി നീ പോയതും
ഓർക്കുന്നുവോ ഹേ സൂര്യ, നീ നിന്റെ
ഗതകാല ജന്മങ്ങൾ പാടെ മറന്നുവോ?
രക്തനക്ഷത്രം ശപിച്ച സഞ്ചാരിതൻ
ഭഗ്നസംഗീതിക കേട്ടു നിൽക്കുമ്പൊഴും
കഠിനശിലകളിൽ അതിഗോ‍ൂഢവാക്യങ്ങൾ
വെറുതെ കോറിക്കുറിച്ച കൗമാരമേ
കൊടിയ ദുഃഖങ്ങളൊക്കെ മറക്കാൻ ശ്രമിച്ചു നീ
ബോധിച്ചുവട്ടിൽ മയങ്ങിക്കിടക്കവേ
ആരു വിളിച്ചങ്ങുണർത്തി? നിൻ നെഞ്ചകം
ബോധോദയത്തിന്റെ താമരക്കുമ്പിളായ്‌!
ഹേ, ദിഗംബരഗായകാ! ഹേ ചിദംബര നായകാ!
ദ്യുതിവിടർത്തും പൊരുളിന്റെ കാമുകാ!
ഇവിടെയെപ്പോഴും നിന്നെക്കുറിച്ചുള്ള
സ്നേഹസല്ലാപങ്ങളാകുന്നു ചുറ്റിലും
അവയനന്തത്ത പൂക്കും തടങ്ങളിൽ
ഭ്രമരഗീതമായ്‌ പാറിപ്പറന്നിടാം!!
എന്റെ മലയാളം
മധുരമാണ്‌ മലയാളം
മഹിമയാണ്‌ മലയാളം
മലകളോളമുയരമുള്ള
പെരുമയാണു മലയാളം
അമ്മ തന്ന പാലിലുണ്ട്‌
നാടു തന്ന നേരിലുണ്ട്‌
കടലിനേക്കാളാഴമുള്ള
മനസ്സിലുണ്ട്‌ മലയാളം
ഹൃദയമാണു മലയാളം; മാതൃ-
സ്നേഹമാണു മലയാളം
ജാതിമതവേലികൾക്കു-
മുപരിയാണു മലയാളം
കൈരളിയെയൊന്നു ചേർക്കു-
മൊരുമയാണു മലയാളം
നന്മയാണു മലയാളം; ഉൾ-
ത്താളമാണു മലയാളം
എന്റെ നോവിലുണ്ട്‌, നിനവിലുണ്ട്‌
കനവിലുണ്ട്‌ മലയാളം
എന്റെ വാക്കിലുണ്ട,‍്‌ നോക്കിലുണ്ട്‌
ചിരിയിലുണ്ട്‌ മലയാളം
എന്നെ ഞാനാക്കിയ മലയാളം
ഞാൻ ഞാനാകുമൊരടയാളം
അമ്മ

You can share this post!