ജ്ഞാനഘട്ടത്തിൽ മുങ്ങിനിവരാം

എസ്‌. സുജാതൻ അനുഗൃഹീതനായ ചെറുകഥാകൃത്താണ്‌. നോവൽ രചന ഇതാദ്യമാണ്‌. അതിന്‌ അദ്ദേഹം സ്വീകരിച്ച പ്രമേയം ഏറെ പ്രയത്നം ആവശ്യപ്പെടുന്ന ഒന്നാണെന്നതും വസ്തുതയാണ്‌. സ്വാമി വിവേകാനന്ദന്റെ ജീവിതം ആവിഷ്കരിക്കുന്ന ഒരു നോവൽ മലയാളത്തിൽ ഇതാദ്യമാണ്‌. ഇങ്ങനെയൊരു നോവൽ രചിക്കുകയെന്നത്‌ അതിസാഹസം തന്നെയാണെന്ന്‌ പറയേണ്ടിയിരിക്കുന്നു. ഇത്തരം ഒരു സാഹസം കുറച്ചുനാൾമുമ്പ്‌ മറ്റൊരു യുഗപുരുഷനായ ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ നോവലാക്കുകവഴി എം.കെ.ഹരികുമാർ നിർവഹിച്ചതു ഇവിടെ സ്മരണീയമാണ്‌.
ദക്ഷിണേശ്വരത്ത്‌ വസിച്ചിരുന്ന അത്രയധികം ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരെ സന്ദർശിക്കുന്ന സന്ദർഭംമുതൽ ആരംഭിക്കുന്ന വിവേകാനന്ദന്റെ അവിശ്വസനീയവും സംഭവബഹുലവുമായ ത്യാഗോജ്വല ജീവിതത്തിന്റെ കോരിത്തരിപ്പിക്കുന്ന ചുരുളുകളാണ്‌ സുജാതൻ വിവേകാനന്ദം എന്ന നോവലിലൂടെ അനാവരണം ചെയ്യുന്നത്‌. അതെല്ലാം ഇവിടെ വിസ്തരിക്കുന്നത്‌ ഉചിതമല്ലെങ്കിലും കുറച്ചൊക്കെ പറയാതിരിക്കാൻ നിർവാഹമില്ല.
ചെറുപ്പത്തിൽ യുക്തിചിന്ത ഭരിച്ചിരുന്ന നരേന്ദ്രന്റെ മനസ്സ്‌ ഈശ്വരനെ അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ദൈവത്തെ കണ്ടവരാരുമില്ലെന്നും അദ്വൈതമൊക്കെ സന്യാസിമാർ എഴുതിപ്പിടിപ്പിച്ച നുണകളാണെന്നും കരുതിയിരുന്ന നരേന്ദ്രനെ കണ്ടമാത്രയിൽതന്നെ, നിന്നെ ഞാൻ കാത്തിരിക്കുകയായിരുന്നെന്നും വരാൻ വൈകിയതെന്തെന്നും പരമഹംസർ ചോദിക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഈ ബന്ധത്തെ ചുച്ഛിക്കുകയും വിലക്കുകയും ചെയ്തുവേങ്കിലും നരേന്ദ്രൻ അത്‌ തുടരുകതന്നെ ചെയ്തു.  ബി.എ പാസ്സായയിടയ്ക്ക്‌ അച്ഛൻ ഹൃദയാഘാതമൂലം മരിച്ചതിനാൽ വീട്ടിൽ നിത്യദാരിദ്ര്യം. ഈശ്വരനെപ്പറ്റിയുള്ള സംശയം മാറാനും നിത്യദാരിദ്ര്യത്തിൽനിന്നും മോചനം നേടാനും കാളീക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ ഗുരു നരേന്ദ്രനെ പറഞ്ഞുവിടുന്നു. മൂന്നുതവണ പോയിട്ടും സ്വന്തം ദുഃഖങ്ങൾ മാത്രം പറയാതെ മടങ്ങുകയാണുണ്ടായത്‌. ആറുവർഷക്കാലത്തെ നിശബ്ദശിക്ഷണത്തിനിടയിൽ ഭിക്ഷയെടുത്ത്‌ കിട്ടുന്നത്‌ വച്ച്‌ ആഹാരം കഴിച്ചു. ഇതിനിടയിൽ രോഗബാധിതനായി. ബുദ്ധമതഗ്രന്ഥങ്ങൾ വായിച്ചപ്പോൾ ഗയയിലേക്ക്‌ പോകണമെന്ന്‌ തോന്നി. താരകൻ, കാളീപ്രസാദ്‌ എന്നീ സഹശിഷ്യരൊത്ത്‌ യാത്ര തിരിച്ചു. ഈ അവസരമാണ്‌ പെട്ടെന്ന്‌ ഗുരു അതീവ ബുദ്ധിമുട്ടുസഹിച്ച്‌ ജീവിതത്തിൽനിന്ന്‌ വിടവാങ്ങിയത്‌. നരേന്ദ്രനും കൂട്ടരും തീർത്ഥാടനയാത്ര ആരംഭിച്ചു. അയോദ്ധ്യ, ആഗ്ര, വൃന്ദാവനം, രാധാനികുഞ്ജം, ഋഷികേശ്‌ എന്നിവിടങ്ങളിലൊക്കെ തങ്ങുകയും തുടർന്നും യാത്ര നടത്തുകയും ചെയ്തുകൊണ്ടിരുന്നു. ഋഷികേശിലേയും വരാഹനഗരത്തിലേയും താമസത്തിനിടയിൽ ജ്ഞാനത്തിന്റെ പാഠങ്ങൾ വ്യാഖ്യാനിച്ച്‌ മറ്റുള്ളവരെ പ്രബുദ്ധരാക്കി. ഈ തീർത്ഥാടന യാത്രയിലുണ്ടായ നരേന്ദ്രന്റെ സുഖദുഃഖ സമ്മിശ്രമായ അനുഭവങ്ങളെപ്പറ്റി നോവലിസ്റ്റ്‌ ഹൃദയസ്പൃക്കായി വായനക്കാരന്റെ മുന്നിൽ തുറന്നുവയ്ക്കുന്നു.
കാശിയിൽ ഗുഹവിട്ടിറങ്ങാത്ത പാവനാഹരിയെ കണ്ടുമുട്ടി. അവിടെ കുറച്ചുനാൾ തങ്ങി. ആ മഹാഗുരു തന്നെ അനുഗ്രഹിക്കണമെന്ന്‌ നരേന്ദ്രനോട്‌ ആവശ്യപ്പെട്ടു. ബദരീനാഥിൽ ശങ്കരാചാര്യർ സ്ഥാപിച്ച ജോഷിമഠിൽ വന്നു. നൈനിത്താൾ, ബദരീനാഥ്‌ എന്നിവിടങ്ങൾ കടന്ന്‌ ഹിമാലയത്തിലേക്ക്‌ കാൽനട യാത്രയാരംഭിച്ചു. അൽമോറയിലെത്തിയപ്പോൾ അഖണ്ഡാനന്ദസ്വാമി സഹോദരിയുടെ ആത്മഹത്യ വാർത്ത അറിയിക്കാൻ കാത്തുനിൽക്കുകയായിരുന്നു. ഡെറാഡൂണിൽ ഭിക്ഷയെടുത്ത്‌ കഴിഞ്ഞുകൂടി. പിന്നീട്‌ ഋഷികേശിലേക്ക്‌ യാത്ര. അവിടെ രാജാവിനെ കണ്ടു. സൗമ്യമായ തർക്കങ്ങൾ പരസ്പരം നടത്തി. രാജാവ്‌ ദിവാൻ വഴി നരേന്ദ്രന്‌ സർവ്വസഹായങ്ങളും ഏർപ്പെടുത്തി. അഹമ്മദാബാദിൽ ഭിക്ഷയെടുത്തു ജീവിച്ചു. സോമനാഥക്ഷേത്രം സന്ദർശിച്ചശേഷം പോർബന്ധറിൽ എത്തിച്ചേർന്നു. ഒരുവർഷം അവിടെ തങ്ങി.
ഇതിനിടയിൽ ഫ്രഞ്ച്‌ ഭാഷ പഠിക്കാനിടയായി. പല രാജാക്കന്മാരെയും യാത്രയിൽ പരിചയപ്പെട്ടു. സംവാദങ്ങൾ നടത്തി. നന്മകളെക്കുറിച്ച്‌ ഉത്ബോധിപ്പിച്ചു. ദ്വാരകയിൽ ശങ്കരാചാര്യർ സ്ഥാപിച്ച ശാരദാമഠം സന്ദർശിച്ചു. മഠാധിപതി തന്നെ അവിടെ തങ്ങാൻ നിർബന്ധിച്ചു. പൂന-ബോംബെ യാത്രയിൽ ബാലഗംഗാധര തിലകനെ തീവണ്ടിയിൽവെച്ച്‌ കണ്ടുമുട്ടി. തുടർന്ന്‌ ബൽഗാം, ഗോവ, ബാംഗ്ലൂർ സന്ദർശനങ്ങൾ. മൈസൂർ രാജാവിന്റെ അതിഥി. കൊട്ടാരംവിട്ടിറങ്ങുമ്പോൾ രാജാവ്‌ കാൽക്കൽ വീണ്‌ നമസ്കരിച്ചു. മൈസൂറിൽവെച്ച്‌ ഡോ. പൽപ്പുവിനെ കാണുന്നതും ഷൊർണൂരിൽനിന്നും തൃശൂരിലേക്കുള്ള കാളവണ്ടിയാത്രയും എറണാകുളത്തേക്ക്‌ ചരക്കുവഞ്ചിയിലെ യാത്രയും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തിയപ്പോൾ ജാതി അറിയിക്കാത്തതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടതും അവിടെ അരയാൽ ചുവട്ടിൽ മൂന്നുദിവസം കഴിയേണ്ടിവന്നതും ചട്ടമ്പിസ്വാമിയെ എറണാകുളത്തുവെച്ച്‌ കണ്ടതുമൊക്കെ വായിക്കുമ്പോൾ അനുവാചകന്‌ കോരിത്തരിപ്പുണ്ടാകുംവിധമാണ്‌ നോവലിസ്റ്റ്‌ വർണിച്ചിരിക്കുന്നത്‌.
വഞ്ചിയിൽ തിരുവനന്തപുരത്തേക്ക്‌ ഏഴുദിവസം യാത്ര. തുടർന്ന്‌ കന്യാകുമാരിയിലെത്തി. ബംഗാൾ ഉൾക്കടലിൽ തെളിഞ്ഞുനിന്ന കൂറ്റൻ പാറക്കൂട്ടത്തിലേക്ക്‌ തിമിംഗലങ്ങളെ ഭയക്കാതെ നീന്തിച്ചെന്നു. ഇന്ത്യയുടെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ എല്ലാ സ്ഥലങ്ങളും അങ്ങനെ സന്ദർശിച്ചുകഴിഞ്ഞു. രാമനാട്ടുരാജാവ്‌ നരേന്ദ്രനെ ചിക്കാഗോവിലെ സർവ്വമത സമ്മേളനത്തിന്‌ പോകാൻ പ്രേരിപ്പിച്ചു. ഇതിനിടയിൽ മുമ്പ്‌ പരിചയപ്പെട്ടിരുന്ന ഖെത്രിരാജാവ്‌ ഈ വിവരമറിഞ്ഞു. നരേന്ദ്രനെ അടിയന്തരമായി കാണുവാൻ ദൂദനെ അയച്ചു. വിവിധ രാജ്യങ്ങളിലെ രാജാക്കന്മാരുടെ സാന്നിധ്യത്തിൽ ഖെത്രി മഹാരാജാവ്‌ നരേന്ദ്രന്റെ പാദം വന്ദിച്ചു.
‘സ്വാമി വിവേകാനന്ദൻ’ എന്ന പേരും തലപ്പാവും അദ്ദേഹമാണ്‌ മുമ്പ്‌ നൽകിയത്‌. അന്ന്‌ മുതൽ നരേന്ദ്രൻ വിവേകാനന്ദൻ എന്ന പേരിലാണ്‌ അറിയപ്പെട്ടുതുടങ്ങിയത്‌. ചിക്കാഗോ യാത്ര ഈ രാജാവ്‌ തന്നെ തരപ്പെടുത്തുകയും ചെയ്തു. കൊളംബോയിലേക്ക്‌ കപ്പൽ യാത്രപോയ വിവേകാനന്ദൻ അവിടെ തങ്ങുകയും പിന്നീട്‌ ഹോങ്കോങ്ങിൽ വന്ന്‌ മൂന്നുദിവസം താമസിക്കുകയുമുണ്ടായി. കാൻടണിലെ ബുദ്ധവിഹാരങ്ങൾ സന്ദർശിച്ചു. മതസമ്മേളനത്തിൽ പങ്കെടുക്കാൻ അധികാരപത്രം ബോസ്റ്റൺ യാത്രയിൽ പരിചയപ്പെട്ട മിസിസ്സ്‌ ഹെയ്‌ലിയാണ്‌ തയ്യാറാക്കി അധികാരികൾക്ക്‌ കൈമാറിയത്‌. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സമ്മേളനം ഡോ. ബാരോസ്‌ ഉദ്ഘാടനം ചെയ്തു. പ്രഗത്ഭരായ നിരവധി പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ബാരോസ്‌ വിവേകാനന്ദനെ സദസിന്‌ പരിചയപ്പെടുത്തി. സഹോദരീ സഹോദരന്മാരേ എന്ന സംബോധന സദസ്സാകെ ഇളക്കിമറിച്ചു.
മിസിസ്സ്‌ ജോൺ ലിയോണിന്റെ വീട്ടിലായിരുന്നു വിവേകാനന്ദന്‌ താമസമൊരുക്കിയിരുന്നത്‌. അവരെ ‘അമ്മേ’ എന്ന്‌ വിളിച്ചാണ്‌ അദ്ദേഹം സംസാരിച്ചതു. വിവേകാനന്ദനെ അമേരിക്കൻ പത്രങ്ങളെല്ലാം വാനോളം പുകഴ്ത്തിപ്പറഞ്ഞു. ചിക്കാഗോ കൂടാതെ അമേരിക്കയിലെ നിരവധി നഗരങ്ങളിൽ ദിവസങ്ങളോളം സംവാദങ്ങളിലേർപ്പെട്ടു. ന്യൂയോർക്കിൽനിന്നും ലണ്ടനിലേക്ക്‌ പോയി. ഓക്സ്ഫോർഡ്‌ സർവ്വകലാശാലയിലെ മാക്സ്മുള്ളറെ പരിചയപ്പെട്ടു. ശ്രീരാമകൃഷ്ണനെപ്പറ്റി ഇരുവരും ദീർഘമായി സംസാരിച്ചു. റെയിൽവേ സ്റ്റേഷൻവരെ മുള്ളർ അനുഗമിക്കുകയും വിവേകാനന്ദനെ യാത്രയാക്കുകയും ചെയ്തു.
സ്വിറ്റ്സർലണ്ടിലെ മഞ്ഞുമലയിൽക്കൂടി സംഘത്തോടെയുള്ള യാത്രയാരംഭിച്ചു. മിലാനിലേക്കും പിസാനഗരത്തിലേക്കും ഫ്ലോറൻസ്‌, റോം എന്നിവിടങ്ങളിലേക്കുമൊക്കെ സഞ്ചാരം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ലങ്കാതീരത്തെത്തിയപ്പോൾ ആർഭാടമായ സന്നാഹത്തോടെയുള്ള വരവേൽപ്പ്‌. അവിടെ  കാൻഡിയിലും ജാഫ്നയിലുമൊക്കെ ധാരാളം സമ്മേളനങ്ങളിൽ പങ്കെടുത്തു. ഒടുവിൽ ഭാരതത്തിലേക്ക്‌ കപ്പലിലുള്ള തിരിച്ചുവരവ്‌. മദ്രാസിൽ മധുര, ശിവഗംഗ, തൃച്ചിനാപ്പള്ളി എന്നിവിടങ്ങളിൽ പര്യടനങ്ങൾ. ശ്രീരാമകൃഷ്ണ മഠത്തിലെത്തിച്ചേർന്ന വിവേകാനന്ദൻ ഒടുവിൽ അവിടെത്തന്നെ താൻ കണ്ടതും കേട്ടതും അനുഭവിച്ചതുമൊക്കെ അയവിറക്കി ധ്യാനനിരതനായി അങ്ങനെ ഉൺമയിൽ വിലയം പ്രാപിച്ചു.
സംഭവബഹുലമായ വിവേകാനന്ദന്റെ ജീവിതകഥ നോവലാക്കിയ ഉദ്യമത്തിൽ ശിൽപപരമായ വിജയം തന്നെയാണ്‌ സുജാതന്‌ അവകാശപ്പെടാവുന്നത്‌. കിനാവങ്ങാടിയിലെ പെൺകുട്ടി എന്ന ചെറുകഥാസമാഹാരത്തിന്റെയും സംസ്കൃതഭൂമിയിലെ ദേവക്കാഴ്ചകൾ, ഹിമഗിരിയിലെ സുകൃതദർശനം എന്നീ യാത്രാ വിവരണഗ്രന്ഥങ്ങളുടെയും കർത്താവുകൂടിയായ ഇദ്ദേഹത്തിന്റെ ഈടുറ്റ ഈ കൃതി വായിക്കാൻ കഴിയുന്നത്‌ ഒരു ദിവ്യാനുഭവംതന്നെയാണെന്ന്‌ പറയേണ്ടിയിരിക്കുന്നു.
വിവേകാനന്ദം
(നോവൽ)
എസ്‌. സുജാതൻ
മെലിൻഡ ബുക്സ്‌
വില: 210 രൂപ

You can share this post!