റൂം നമ്പർ 64/കാവ്യ എൻ

റൂം നമ്പർ 64 ൽ ഇരുന്ന് എണീറ്റപാടെ ടാബ് എടുത്ത് കുത്തി കുറിക്കാൻ തുടങ്ങിയതാണ് സൈമ. ഒറ്റമുറി, അത്യാവശ്യം പണം, ടേബിൾ, ടാബ്, ചാർജർ, കടലോരം കാണുന്ന ജനലരിക്, വെള്ളം, ഇടക്ക് നോക്കാൻ കണ്ണാടി തുടങ്ങി വേണ്ടതെല്ലാം കാലേകൂട്ടി തിട്ടപ്പെടുത്തി വെച്ചിട്ടാണ് എഴുതാൻ ഇരുന്നത് തന്നെ. എന്നിട്ടും ഒന്നും ഒത്തു വരാത്ത പോലെ തോന്നിയത് കൊണ്ടാണ് അവൾ കൂട്ടുകാരെ വിളിക്കാമെന്നും സിനിമക്ക് പോകാമെന്നും തീരുമാനിച്ചത്. അതും പോരെങ്കിൽ പുതുതായി സിറ്റിയിൽ തുടങ്ങിയ നിശാ ക്ലബിൽ പോവാമെന്നും അവളോർത്തു. പിന്നീട് അതു രണ്ടും വേണ്ടെന്ന് വെച്ചു. പെട്ടെന്ന് കതകിൽ മുട്ടിയ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത് .  ഹോട്ടലിലെ ഹൗസ് കീപ്പിങ് ബോയ് ആണ്. ഏതാണ്ട് ഇരുപതിനും ഇരുപത്തഞ്ചിനും  ഇടക്ക് വരുന്ന പ്രായം. എണ്ണ തേച്ച് പറ്റിച്ച മുടിയുടെ രണ്ടിഴകൾ നെറ്റിയിലേക്ക് വീണിരിക്കുന്നു. മെലിഞ്ഞ ശരീരവും ഇല്ലാത്ത ഗൗരവം ഉണ്ടാക്കിയെടുത്ത് കൊണ്ടുള്ള അയാളുടെ നിൽപ്പും പഴയ ഏതോ സിനിമയിലെ രംഗത്തെ ഓർമിപ്പിച്ചു.

“മേ ഐ കം ഇൻ മാഡം “

“യെസ്.”

“ബ്രേക്ക്‌ ഫാസ്റ്റ് ആണ്. വേറെന്തെലും വേണോ? “

“വേണ്ട.”

റൂമിന്ന് പുറത്ത് പോവുന്നതിനു മുമ്പ് അയാൾ ചുറ്റുപാടും ഒന്ന് പരിശോധിച്ചു.

“മാഡം എന്നാ റൂം ഒഴിയുന്നത്? “

കൃത്യമായി പറയാൻ ഒരുത്തരമില്ലാത്തതുകൊണ്ട് അവൾ തർക്കിക്കാൻ നോക്കി. 

“താനെന്തിനാ ഇതൊക്കെ ഇപ്പോ അന്വേഷിക്കുന്നത്. കാശ് തന്നിട്ടല്ലേ ഇവിടെ റൂം എടുത്തിരിക്കുന്നത്.”

” അതെ മാഡം. പക്ഷെ ഇവിടങ്ങനെ ആരും ഒറ്റക്ക് കൊറേ ദിവസം നിക്കാറില്ല. “

“അതെന്താ? പിന്നെന്തിനാ ഇങ്ങനൊരു കെട്ടിടം ഇവിടെ പണിത് വെച്ചേക്കുന്നത്?”

“അതല്ല മാഡം. ഫാമിലി ആണെങ്കിൽ കുഴപ്പമൊന്നുമില്ലാരുന്നു.”

“ഓഹോ.. എന്നിട്ട് അപ്പുറത്തെ റൂമിലൊക്കെ ഒറ്റക്കാണല്ലോ താമസം.”

“അത്.. മാഡം. അവരൊക്കെ ആണുങ്ങളല്ലേ? നിങ്ങളെ നേരത്തെ കണ്ട് പരിചയവുമില്ല. അതോണ്ട് പറഞ്ഞെന്നേയുള്ളൂ.”

“ഹും.. മനസിലായി.. ഏതായാലും ഇനിയൊരു മൂന്നു ദിവസം കൂടി ഞാനിവിടെ കാണും.”

“മാഡം, വേറെ കുഴപ്പമൊന്നു …?”

“ഇല്ല.. പ്രണയനൈരാശ്യവും, കടക്കെണിയുമില്ല. അതു കൊണ്ട് ആത്മഹത്യ ഉണ്ടാവില്ല.”

അയാൾ പാതിസമാധാനത്തോടെ പുറത്തേക്ക് നടന്നു. ഇനിയെങ്ങാനും ഇവിടെന്ന് എന്തേലും ആപത്ത് സംഭവിച്ചാൽ തന്നെയും നാളെ വരുന്ന പത്ര കുറിപ്പുകളിൽ അതൊരു ആത്മഹത്യയാവുമെന്ന് അവൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഓർത്തു. അല്ലെങ്കിലും അവരെ പറഞ്ഞിട്ടും കാര്യമില്ല. കഴിഞ്ഞ വർഷത്തിൽ രണ്ട് ആത്മഹത്യകളും ഒരു കൊലപാതക ശ്രമവും ഈ കെട്ടിടത്തിൽ നടന്നിട്ടുണ്ടല്ലോ. അപ്പോൾ പിന്നെ സിനിമക്ക് വേണ്ടി കഥ എഴുതാൻ വന്നുവെന്ന് പറയുന്നതിലൊന്നും വലിയ കാമ്പില്ല. അതും എപ്പോ വേണേലും കാലു മാറാൻ നിക്കുന്ന പ്രോഡ്യുസ്റെയും മുൻ നിർത്തി കൊണ്ട് സ്വന്തമായി സംവിധാനം ചെയ്യാൻ പോവുന്നു എന്ന് കൂടിയാവുമ്പോൾ.. സൈമയുടെ തലയിലൂടെ അങ്ങനെ പലതും കടന്ന് പോയി.

അവൾ ടൈപ്പ് ചെയ്ത് നിർത്തുമ്പോൾ സമയം ഉച്ചതിരിഞ്ഞിരുന്നു. 7334 വാക്കുകൾ പൂർത്തീകരിച്ചെന്ന് സ്‌ക്രീനിൽ കണ്ടു. സൈമ വെയിൽകൊള്ളാനും ആറ് മണിക്കുള്ള ഈവെനിംഗ് ഷോ കാണാനും മുറി പൂട്ടി പുറത്തേക്കിറങ്ങി. കടൽ തീരം നിറഞ്ഞിരുന്നു. കൈകോർത്തു പിടിക്കാനും തിരയിൽ കളിക്കാനും കൂട്ടമായി ചിരിക്കാനും പട്ടം പറപ്പിക്കാനും ആളുകൾ തിരക്ക് കൂട്ടി. സൈമ ഒറ്റക്ക് നടക്കുന്നത് കണ്ട് അവരിൽ പലരും ഒരുപക്ഷെ സഹതപിച്ചേക്കാം എന്നവൾ വിചാരിച്ചു. അപ്പോഴാണ് പുറകീന്ന് ഒരു വിളി “മാഡം!”

“ഏഹ് നിങ്ങളോ? എന്താ ഇവിടെ? ആത്മഹത്യ ചെയ്യാൻ വന്നതാണോന്ന് അറിയാൻ ആയിരിക്കുംലെ?”

“അല്ല മാഡം. എനിക്ക് ഇന്നു ഡേ ആണ്. ഡ്യൂട്ടി കഴിഞ്ഞു.അപ്പൊ ചുമ്മാ..”

“ഓഹ്. ഒറ്റക്കാണോ?”

“അതെ. മാഡം എന്താ ഒറ്റക്ക്.?”

“നിങ്ങടെ പേരെന്താ?”

“ഹരി. ഹരിദേവൻ. മാഡത്തിന്റെ പേര്. “

“സൈമ.”

“സൈമ മാഡം ആരേലും കാത്തിരിക്കുവാണോ ഇവിടെ?”

“അല്ല. ഹരിക്കെന്താ അറിയേണ്ടേ?”

“അത് പിന്നെ.. ഞാൻ പറഞ്ഞല്ലോ രാവിലെ. സാധാരണ പെണ്ണുങ്ങൾ തനിച്ചിവിടെ റൂം എടുക്കാറില്ല. ഇനിയെങ്ങാനും എടുത്താൽ തന്നെ ആരെങ്കിലുമൊക്കെ അവരെ കാണാനായി വരും. ഇതു രണ്ടും അല്ലെങ്കി..”

“അതെന്താ ഹരി പെണ്ണുങ്ങൾക്ക് വേറെ ഒന്നിനും ഇവിടെ വന്നുകൂടെന്നാണോ?”

“അങ്ങനല്ല മാഡം. സാധാരണ കാണാറില്ല.”

“അങ്ങനെ കാണാൻ നിങ്ങള് സമ്മതിക്കാറില്ലെന്ന് പറയുന്നതല്ലേ ശെരി.”?

“അത്..”

“ഹരി.. നിങ്ങളിപ്പോ വന്നതെന്തിനാണെന്ന് കുറേ കൂടി എനിക്കിപ്പോ മനസിലായി.”

“മാഡം ക്ഷമിക്കണം. ഞാനങ്ങനെ ഒന്നും..” അയാൾ മുഖം താഴ്ത്തി.

ഹരിയുടെ നാണത്തോടെയുള്ള നിൽപ്പ് കണ്ട് സൈമക്ക് ചിരി പൊട്ടി. “ഹരി വീട്ടിലേക്ക് പോണില്ലേ?”

“പോണം. വീട്ടിലേക്കല്ല ഹോസ്റ്റലിലേക്കാണ്. വീട് കുറച്ച് ദൂരെയാ.”

“പഠിക്കുന്നുണ്ടോ?”

“ഡിസ്റ്റന്റ് ആയിട്ട് ഡിഗ്രി ചെയ്യുന്നുണ്ട്. ഇവിടെത്തെ പണിന്നു കിട്ടണ കാശ് വീട്ടിലേക്കു കൊടുക്കും. ബാക്കി ഉള്ളത് കൊണ്ട് ഞാനും.”

“ഉം.. ഹരി എന്റെ കൂടെ ഒരു സിനിമക്ക് വരുന്നോ? ടിക്കറ്റ് ഞാനെടുക്കാം.”

“ഉം..” അവൻ പാതി സമ്മതത്തിൽ മൂളി.

പിറ്റേന്ന് ഉച്ചയൂണ് തരാനാണ് ഹരി റൂമിൽ എത്തിയത്. രാവിലെ വന്ന തലനരച്ചൊരാൾ സംശയത്തോടെ നോക്കിയതിനു ശേഷമാണ് ആ മുറി വിട്ട് പോയത്. ഇവള്ടെ വീട്ടുകാരിതൊക്കെ അറിന്നുണ്ടോ എന്നയാൾ പിറുപിറുക്കുന്നതും സൈമ കേട്ടിരുന്നു.

“സൈമ മാഡം, ലഞ്ച് റെഡി. വേറെന്തേലും?”

“ഒന്നും വേണ്ട. അവിടെ വെച്ചോളൂ.”

“മാഡത്തിന്റെ സിനിമ കഥ തീരാറായോ?”

“ഇല്ല. എന്തെ “?

“മാനേജർ ചോദിച്ചിരുന്നു. ഇവിടെന്താ പരിപാടിന്ന്”?

“ഉം.. എന്നിട്ട് ഹരി എന്ത് പറഞ്ഞു?”

” ഞാനെന്ത് പറയാൻ. അറീല്ലന്ന് പറഞ്ഞു. “

സൈമ അവളുടെ ടാബ് എടുത്ത് അവനു കാണിച്ചു. അവൻ താഴോട്ട് കുറേ സ്ക്രോൾ ചെയ്തിട്ടും തീരുന്നില്ലെന്നായപ്പോൾ നിർത്തിട്ടു പറഞ്ഞു. “മാഡം ഇതു കുറെയുണ്ടല്ലോ.?”

“ഇപ്പൊ ബോധിച്ചോ?”

“സിനിമ എഴുതാനും പിടിക്കാനും ഇതുവരെ പെണ്ണുങ്ങൾ അധികവും വന്നിട്ടേയില്ല. അതെന്താ മാഡം?”

സൈമ വെറുതെ കൈ മലർത്തി കാണിച്ചു.

“മാഡത്തിനറിയോ. ഇവിടത്തെ അമ്പത്തി നാലാം നമ്പർ മുറിയിലിരുന്നാ രാഘവൻ സർ സിനിമ കഥ എഴുതിയത്. അതുപോലെ പാട്ടെഴുതാൻ രാമേന്ദ്രൻ മാഷും, ജെയിംസ് പോളുമൊക്കെ ഇവിടെ വരാറുണ്ടെന്ന്. അവരുടെ മുറിക്കൊക്കെ അതേ പേരാണ് ഇപ്പോഴും കൊടുത്തിരിക്കുന്നത്. ചിലരൊക്കെ ആ മുറികൾ ചോദിച്ചു വരാറുണ്ട്.”

“എന്നിട്ടാണോ താൻ എന്നെ ഇവിടെന്ന് കെട്ട് കെട്ടിക്കാൻ തിടുക്കം കാണിക്കുന്നത്?”

“അത് മാഡം. മാനേജർ പറഞ്ഞിട്ടാണ് ഇതൊക്കെ അന്വേഷിച്ചത്. “

“അതിരിക്കട്ടെ. വേറെ ഏതൊക്കെ പ്രശസ്തമായ മുറികളാണ് ഇവിടെയുള്ളത്?”

“നമ്മുടെ നടൻ പ്രേം ജിത്തിന്റെ റൂം 101, കുഞ്ഞിക്കണ്ണൻ സാറിന്റെ റൂം 65, തിരക്കഥാകൃത്ത് വിശ്വംബരൻ സാറിന്റെ റൂം 86.. അങ്ങനെ കുറേ ഉണ്ട്.”

“ഉം..ചുരുക്കി പറഞ്ഞാൽ പെണ്ണുങ്ങൾക്കിവിടെ റൂം ഇല്ലെന്ന്. അല്ലേ?”

“അത് പിന്നെ.. ഇവിടെ ആത്മഹത്യ ചെയ്ത രണ്ടും പെണ്ണുങ്ങളാരുന്നു. മുപ്പത്തി നാലാം റൂമിൽ വിനിത, പതിനഞ്ചാം റൂംമിൽ ഷൈനി.”

“ഉം.. “

അന്ന് രാത്രി വെട്ടി തിരുത്തി വെട്ടി തിരുത്തി അവൾ സമയം പോയതറിഞ്ഞില്ല. 11.30 ആയപ്പോഴാണ് വീണ്ടും ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ടത്. ചുവന്ന ഷർട്ടും വീതികുറഞ്ഞ കരയുള്ള മുണ്ടും ഉടുത്തു ചിരിച്ചുകൊണ്ട് ഒരാൾ സൈമയുടെ മുന്നിൽ നിന്നു. പകൽ മുഴുവൻ കൗണ്ടറിൽ ഇരിക്കുന്ന അയാൾ ഈ ഹോട്ടലിന്റെ മാനേജർ ആണെന്ന് സ്വയം പരിചയപ്പെടുത്തി.

“മോളെ.. ഞാൻ മാധവേട്ടൻ. ഇതിനു മുമ്പ് എങ്ങും കണ്ടിട്ടില്ലാലോ നിന്നെ.” അയാൾ ആലോചിച്ചു കൊണ്ട് നിന്നു.

” ഇല്ല. ഇവിടെ ആദ്യായിട്ടാണ്. “

‘ആ അതാണ്‌ ഞാനും സംശയിച്ചത്. അപ്പൊ എനിക്കിവിടൊന്ന് ഇരിന്നു സംസാരിക്കാല്ലോ? ” അവൾ അതിനു മറുപടി കൊടുക്കുന്നതിനു മുൻപേ അയാൾ റൂമിൽ കയറി ഇരുന്നു.

“സൈമ അല്ലേ? താനിവിടെ വന്നപ്പോ തൊട്ടേ ഞാൻ ശ്രെദ്ധിക്യാ. ഇന്നലെ ആ ചെക്കൻ ഹരിടെ കൂടെ സിനിമക്ക് പോയതൊക്കെ ഞാനറിഞ്ഞു കേട്ടോ.”

“അതിനു?”

“അതിനൊന്നുല്ല.. സിനിമ പിടിക്കാനൊക്കെ പോവാണ് ലെ. പ്രൊഡ്യൂസറെ വേണേൽ പറഞ്ഞാ മതി. നമ്മടെ കയ്യിലും കൊറേ പണമുണ്ടേ.”

സൈമ ഒന്നും പറയാതെ അയാൾക്ക് നേരെ രൂക്ഷമായി നോക്കുക മാത്രം ചെയ്തു.

“മോൾക്ക് പത്തു മുപ്പത് വയസ്സല്ലേ ഉള്ളു. ഒറ്റക്ക് റൂമിലൊക്കെ താമസിച്ചെന്ന് പുറത്തറിഞ്ഞാൽ ആൾക്കാരെന്താ പറയാ..?”

“എന്ത് പറയാൻ?”

“പത്രക്കാർക്കൊക്കെ എഴുതാൻ വല്ലതും ഉണ്ടായിട്ട് വേണോ..? പക്ഷെ മാധവേട്ടൻ ആരേം ഒറ്റികൊടുക്കില്ല” അതും പറഞ്ഞു അയാൾ പതുക്കെ എണീറ്റു സൈമയുടെ അടുത്തേക്ക് വന്നു. സൈമ ഇതെല്ലാം നേരത്തെ എഴുതി വെച്ച സീൻ പോലെ മനസ്സിൽ കണ്ടിരുന്നു. അവൾ കയ്യിൽ കിട്ടിയതെടുത്തു അയാളുടെ തലക്കടിച്ചതും പുറത്ത് നിന്ന് ആരോ കതക് തള്ളി തുറന്നതും ഒന്നിച്ചായിരുന്നു. എന്നിട്ടും അവൾ നിർത്തിയില്ല. വിറക്കുന്ന കൈകൾ കൊണ്ട് പിന്നെയും അവൾ അയാളെ നിലത്തിട്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. അയാളുടെ ഷർട്ടിൽ രക്തം പറ്റി ചുവക്കുന്നത് വരേം സൈമ അയാളെ തല്ലി.

കടൽ തീരത്ത് നനുത്ത കാറ്റ് വീശുമ്പോൾ സൈമയും ഹരിയും കെട്ടിപിടിച്ചിരുന്നു കരയുകയായിരുന്നു. വൈകുന്നേരങ്ങളിൽ പെരുകുന്ന ആർപ്പു വിളികളുള്ളിടത്ത് ഇപ്പൊ കനത്ത മൗനം പിടിപെട്ടിരിക്കുന്നു. അവളുടെ ഉള്ളിലെ തിരകൾ ഒന്ന് കെട്ടടങ്ങിയപ്പോൾ സൈമ ചോദിച്ചു. “ഹരി.. നീ എന്തിന് അവിടെ വന്നു? എങ്ങനെ വന്നു ?”

” മാഡം. റൂം നമ്പർ 34 ഉം 15 ഉം എനിക്കിത് പോലെ തള്ളി തുറക്കാൻ കഴിഞ്ഞില്ല, അതുകൊണ്ട്!” അവൻ മുഖം പൊത്തി കരഞ്ഞു. 

അപ്പോൾ കടലോരം കൂടുതൽ കൂടുതൽ ഒറ്റപ്പെടുനതായി സൈമക്ക് തോന്നി

,

You can share this post!