കവി പൂവ്/സുധാകരൻ ചന്തവിള

പൂവിൽ നിന്നൊരാശാൻ
ആശാനിൽ നിന്നൊരു പൂവ്
കാവ്യഭൂവിലുയർന്നു നില്പൂ
കാലം കഴിഞ്ഞാലും കൊഴിയാതെ

പൂവിലുണ്ടൊരു ജീവിതം, അതു-
പൂ വിരിയുന്ന പോൽ മൃദുവല്ല
പൂവിലുണ്ടൊരു കാലം ,അതു –
പൂകൊഴിയുമ്പോലെളുതല്ല

അഴകാണ,ഴലാണടയാളം
അതുയിരാ,ണുടലിൻ തുട ലാണ്
പെണ്ണുയിരിൻ്റെ പിടച്ചിലുപോലെ
മണ്ണകനോവിൻ വാഴ് വാകാം,
പേരില്ലാത്തൊരു പൂവാം നിന്നെ
പേരു വിളിച്ചു ‘വീണപൂവ് ‘

വീണ്ടും വീണ്ടും പൂവുകൾ വന്നു
വരിയായ് അക്ഷര കാവ്യങ്ങൾ
നളിനിയിൽ പൂത്തു ‘വഹിച്ചുപൂമണം’
ലീലയിലെത്തി’ചെമ്പക ഗന്ധം’
‘പൂത്ത വാകയായ് ‘ ചണ്ഡാലി
വാസവദത്തയിൽ ‘പൊന്നശോകം’
മുല്ലകൾ പിച്ചികളെല്ലാരും ,നിര-
നിരനില്പൂ ‘പുഷ്പവാടി’
പൂവുകളങ്ങനെ ചന്തത്താൽ
‘ചിത്രചാതുരി’ കാട്ടുന്നു!

പൂവില്ലാത്തൊരു ലോകത്തിൽ
കവിയില്ല ,കഥ-കാവ്യങ്ങൾ
കവിയും പൂവും ഒന്നാണ്
കവിയുമ്പോഴത് കടലാകും
കടലതുകാവ്യക്കടലാകും!

കായിക്കരയിൽ കടലോരത്ത്
കാലം കേട്ടൊരു കവിയാശാൻ
പല്ലനയാറ്റിനുമപ്പുറമേറി,
ഉച്ചത്തിൽ കവിപൂവു വിരിയുന്നു

You can share this post!