ബേപ്പൂർ കനവുകൾ

 

വെയിലാറിയിരുന്നില്ല. കോഴിക്കോട് നഗരത്തിൽ ഇത് ആദ്യമാണ്. വഴി ചോദിക്കും മുമ്പ് ഒരു വെള്ളം കുടിച്ചേക്കാമെന്ന് കരുതി വഴിയരുകിൽ കണ്ട കടയിൽ കയറി. അപരിചതനെ കണ്ടപ്പോൾ തന്നെ പീടികക്കാരൻ ചോദിച്ചു. “ബഷീർ സാഹിബ്ബിന്റ പൊരേലേക്കാ?”
“ഉം ”
ഉത്തരം ഒരു മൂളലിൽ ഒതുക്കി അയാൾ നടന്നു.
തന്റെ വേഷവും ഭാവവും കണ്ടിട്ടാകാം. അഥവാ അദ്ദേഹം അഥിതി സൽക്കാര പ്രിയനാണല്ലോ. അതു കൊണ്ടാകാം.
ബേപ്പൂർ സുൽത്താന്റെ സമീപമെത്തുക ഏറെ നാളത്തെ സ്വപ്നമാണ്. വൈക്കം മുഹമ്മദ് ബഷീർ എന്ന മലയാളത്തിന്റെ സുൽത്താനിൽ നിന്ന് ഒരു ആശീർവ്വാദം വാങ്ങണം. അടുത്തു ചെല്ലുന്നവരെ അനുഗ്രഹിക്കാതെ വിടുന്ന പതിവ് അദ്ദേഹത്തിനില്ലല്ലോ.

അനുഗ്രഹം സ്വീകരിക്കാനാണ് പോകുന്നത്. ഒരു ബേജാറിന്റെയും കാര്യമില്ല. ആരാവും പ്രവേശനത്തിന് അനുമതി നൽകുക. ഒരുപക്ഷെ മുൻകൂട്ടി അനവാദം വാങ്ങാത്ത തന്നെ ഓടിക്കുമോ? നീ ആരെന്ന് ചോദിച്ചാൽ പറയാൻ ഉത്തരമില്ല. പിന്നെ ബഷീറിയൻ ഡയലോഗ് പറയാം.
” ഈ ഭൂമി മലയാളത്തിൽ ഒരു പരമാണുവിനെക്കാൾ ഇന്മണി ചെറിയ ഒരാൾ . ”

കഴിഞ്ഞ ദിവസം വരെ ബഷീർ സാഹിബിന്റെ പുരയും പുരയിടവും കുടുംബാംഗങ്ങളും എല്ലാം തിരക്കിലായിരുന്നു. സത്യത്തിൽ ബഷീറിനല്ല തിരക്ക്. അദ്ദേഹം തിരക്കുകൾക്കും അപ്പുറത്താണല്ലോ. അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽക്കുന്നവർക്കാണ് തിരക്ക്. ഒറ്റക്കണ്ണൻ പോക്കർക്കും പാത്തുമ്മയ്ക്കും ആനവാരി രാമൻ നായർക്കും പൊൻകുരിശു തോമയ്ക്കും എട്ടുകാലി മമ്മൂഞ്ഞിനും ഒക്കെ ഇപ്പോഴും തിരക്കാണ്. അവർക്കൊക്കെ ഭൂമിയും ആകാശവുമായ സുൽത്താന് തിരക്കില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ലോകപ്രശസ്ത സംവിധായകൻ ബൾഗേറിയൻ സായ്പ് ഫുൾത്രേ കേരളത്തിലുണ്ടായിരുന്നു. ബഷീറിന്റെ കഥാലോകം ചിത്രീകരിക്കാൻ. അതു നടന്നോ ഇല്ലയോ എന്ന് ബഷീർ അറിഞ്ഞിരിക്കില്ല. നടന്നാലും നടന്നില്ലെങ്കിലും ബഷീറിന് ഒരു ചുക്കമില്ലല്ലോ.

പ്രപഞ്ചം മുഴുവൻ ചുറ്റുന്ന ഗസൽ സംഗീതവും ബീഡിപ്പുകയും മാഞ്ചുവടും എല്ലാം ബഷീറിലാണ്. സകല സൃഷ്ടിയും ബഷീറിലും ബഷീർ അവയിലുമാണല്ലോ.

ചിന്തിച്ച് ചിന്തിച്ച് പുരയിടത്തിലേക്ക് കയറിയത് അറിഞ്ഞില്ല. പടർന്നു പന്തലിച്ച മാഞ്ചുവടും താഴെ വീണ നിഴലും കാതുകളിലുടെ കേൾക്കാതെ കേട്ട ഗസൽ സംഗീതവും ഒരു മായാ ലോകത്ത് താൻ എത്തിയതായി അയാൾക്ക് തോന്നി. യാഥാർത്യങ്ങളുടെ ലോകത്തു നിന്ന് സ്വപ്നങ്ങളുടെ ലോകത്തേക്ക് ഒരു തെന്നി വീഴ്ച. കാണാക്കാഴ്ചകൾ കാണുന്ന സ്വപ്ന കാമുകനായ ബഷീറിന്റെയൊപ്പം ആ വീഴ്ച സുഖകരമായ ഒരു അനുഭൂതിയായിരുന്നു.

ഗസൽ സംഗീതം ഒഴുകി വരുന്നിടത്തേക്ക് അയാൾ നോക്കി. ആ മാഞ്ചുവട്ടിൽ പഴയ റിക്കാർഡ് പ്ലെയർ ….. അതിനരുകിൽ എരിയുന്ന ബീഡി ….. പുകച്ചുരുൾ…. ചാരുകസേരയിൽ ഒരു കയ്യിൽ മുഖം താങ്ങി കണ്ണടച്ച് മലയാളത്തിന്റെ പ്രിയ സുൽത്താൻ . പതിവിരിപ്പ് അങ്ങനെയാകാം. കണ്ണുതുറക്കാതെ തന്നെ സുൽത്താൻ കിടന്ന കിടപ്പിൽ കിടന്ന് ചോദിച്ചു.
“ആരാ ”
ഗുഹക്ക് അകത്തുനിന്നെന്ന പോലെ തോന്നി ആ ശബ്ദം .എന്തു പറയും ഉത്തരം ? പിന്നെ ധൈര്യം അവലംബിച്ച് അയാൾ പറഞ്ഞു.
“ഞാനാ ”
“ഏതു ഞാൻ …. ഇവിടെ ഒരു ഞാനേയുള്ളു. അതു ഞാൻ തന്നെ ”
വാക്കു മുട്ടി. പിന്നെ പറഞ്ഞൊപ്പിച്ചു.
“പറഞ്ഞാൽ അറിയില്ല … ”
” പറഞ്ഞാൽ അറിയാത്തത് കണ്ടാൽ അറിയുമോ?”
സുൽത്താൻ കണ്ണുതുറക്കുന്നില്ല.
അയാൾ അടുത്തെത്തി. എന്നിട്ടും അദ്ദേഹത്തിന് ചലനമില്ല. കണ്ണടച്ചു തന്നെ സുൽത്താൻ പറഞ്ഞു.
“ഇവിടെ ഇങ്ങനെ പലരും വന്നു പോകുന്നു ….. പേരു പറഞ്ഞാൽ അറിയാത്തവർ…. പേരിനു പോലും പരിചയമില്ലാത്തോർ …. എന്നാൽ എല്ലാവരും ഇവിടെ ഒന്നുപോലെ ….”
“ഞാൻ തെക്കു നിന്നാണ് ”
” എന്നു വച്ചാൽ ഭൂമിയുടെ ദക്ഷിണ ധ്രുവത്തിൽ നിന്ന് ….?”
“അല്ല എറണാകുളം ….”
അദ്ദേഹം തിരുത്തി.
” ഓ…എറണാകുളം തെക്കല്ല….. ”
ആകെ സംശയമായി. അയാൾ അറിയാതെ ചോദിച്ചു പോയി. ” അല്ലേ? ”
” അല്ല. ഞാൻ തിരുവനന്തപുരത്തു നിന്ന് ചിന്തിക്കുന്നു. എറണാകുളം വടക്കാണ് ….. ”
അദ്ദേഹം പൊട്ടിച്ചിരിച്ചു.
” ഞാൻ തോറ്റു ” അയാൾ പറഞ്ഞു.
കണ്ണു തുറന്ന് സുൽത്താൻ ഹഞ്ഞു.
” ഇല്ല തോൽവിയില്ല. തോൽവിയെ ഭൂമി മലയാളത്തിൽ എന്നേക്കുമായി ഞാൻ തോൽപ്പിച്ചിരിക്കുന്നു.”
ഒന്നു നിറുത്തി സുൽത്തൻ പറഞ്ഞു.
“ഇരിക്ക് ”
അയാൾ ഇരുന്നു. യഥാർത്ഥത്തിൽ ആ തോൽവി ഒരു സുഖാനുഭവം തന്നെയായിരുന്നു. അയാൾ ഇരുന്ന ഉടനെ സുൽത്താൻ പിന്നിലേക്കു തിരിഞ്ഞ് വിളിച്ചു.
“ഫാബീ… ”
ആ വിളിയുടെ അർത്ഥം തിരിച്ചറിഞ്ഞ് ഫാബി എത്തി. കയ്യിൽ വെള്ളം നിറച്ച ഗ്ലാസ് …
” ഭക്ഷണം കഴിച്ചോ ”
ബഷീർ സാഹിബ് ചോദിച്ചു.
വിശപ്പിന്റെ എരിച്ചൽ ഒട്ടേറെ അനുഭവിച്ച ഒരാളാണല്ലോ അദ്ദേഹം. വിശപ്പിനപ്പുറം മനുഷ്യന് വേറെ മുഖച്ഛായ ഇല്ലെന്ന് കരുതുന്നതു കൊണ്ടാണോ ചോദ്യം. സത്യം പറയാതിരിക്കാൻ കഴിഞ്ഞില്ല.
” കഴിച്ചില്ല ”
സുൽത്താൻ ഫാബിയെ നോക്കി. ആ നോട്ടത്തിന്റെയർത്ഥം ഫാബിക്കറിയാം. അവർ അകത്തേയ്ക്കു പോയി. വിശക്കുന്ന ഓരോ മനുഷ്യനിലും ബഷീർ തന്നെത്തന്നെ കാണുന്നുണ്ടെന്ന് അയാൾക്ക് തോന്നി.
” പാട്ട് ഇഷ്ടമാണോ ”
സുൽത്താൻ ചോദിക്കുന്നു. അദ്ദേഹത്തോട് നുണ പറയാൻ വയ്യ പാട്ട് ജീവനായ ഒരാളോട് മറുത്തു പറയാനും വയ്യ.
“സംഗീതം മനസിനെ തണുപ്പിക്കും.”
ആ മുഖത്തേക്ക് നോക്കിയിരുന്നു. ജീവിതത്തിൽ കഷ്ടതകളും യാതനകളും താണ്ടിയ മൻഷ്യൻ .
“അല്ല സംഗീതം ആത്മാവാണ് ”
അത്രയും ആയപ്പോൾ പത്തിരിയും കോഴികറിയുമായി ഫാബി വന്നു. അതു വാങ്ങി കഴിക്കുമ്പോൾ കൗതുകത്തോടെ സുൽത്താൻ നോക്കിയിരുന്നു
” ദൈവം ഏറ്റവും അധികം സന്തോഷിക്കന്നത് മനുഷ്യൻ ഭക്ഷിക്കുമ്പോഴാണ് ”
ബീഡി ആഞ്ഞു വലിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ” കഴിച്ചിട്ട് സംസാരിക്കാം.”
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ കൈ കഴുകാനുള്ള വെള്ളം. കയ്യ് കഴുകി തിരിച്ചു വന്നിരുന്നപ്പോൾ മരത്തിലിരുന്ന കാക്ക സുൽത്താന്റെ കാലിൽ കാഷ്ഠിച്ചു. സുൽത്താൻ ഉറക്കെ ചിരിച്ചു.
“ഓൾക്ക് കൊടുക്കാതെ നീ തിന്നതിന്റെ ദേഷ്യം”

ഇത്രയും നേരമായിട്ടും എന്തേ വന്നതെന്ന് സുൽത്താൻ ചോദിച്ചില്ല. ആരാണെന്നറിയാൻ താൽപര്യമില്ല. ചോദിച്ചാൽ എന്തു പറയണമെന്ന് ഒരു ധാരണയുമില്ല.
അദ്ദേഹം പറഞ്ഞു.
“ഞാനിപ്പോൾ യാത്ര ചെയ്യാറില്ല ”
“ആരോഗ്യ പ്രശ്നം…”
അയാൾ ചോദിച്ചു.
“ഏയ്…. ഐ ആം പെർഫക്ട് ഇടക്ക് അൽപ്പം വട്ടുള്ളതൊഴിച്ചാൽ ”
അദ്ദേഹം തുടർന്നു.
” ഞാനൊരു ഫയൽവാൻ തന്നെയാണിപ്പൊഴും ”
കയ്യിലെ മസിലിൽ തട്ടിക്കൊണ്ട് സുൽത്താൻ ചോദിച്ചു.
“എന്താ ഒരു കയ്യ് നോക്കുന്നോ ”

“പിന്നെന്ത്യേ യാത്ര ഒഴിവാക്കി. യാത്ര ജീവനാണെന്ന് കേട്ടിട്ടുണ്ട്. ”
അയാൾ ചോദിച്ചു
ബഷീർ സാഹിബ് പറഞ്ഞു.
” ഞാൻ സകല പ്രപഞ്ചത്തിന്റെയും നടുവിൽ. സമസ്ത പ്രപഞ്ചവും എന്റെയുള്ളിൽ. പിന്നെ ഞാൻ എവിടെ പോകാൻ. ”
സുൽത്താൻ ചിരിക്കുന്നു.
“നിങ്ങളൊക്കെ അന്വേഷണത്തിന്റെ ലോകത്തും കാലത്തുമാണ്. ”
“അതെ ”
അയാൾ സമ്മതിച്ചു.
സുൽത്താൻ പറഞ്ഞു.
“എന്റെ ഓട്ടം കഴിഞ്ഞു. ഇനി അത് എനിക്കു ചുറ്റും ഭ്രമണം ചെയ്യും”
പ്രപഞ്ചത്തിന്റെ കേന്ദ്രമായി തന്നെ കാണാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടില്ല.

“ബേപ്പൂരു വരണമെന്നും അങ്ങയെ കാണണമെന്നും വലിയ മോഹമായിരുന്നു.”
അയാൾ പറഞ്ഞു.
” അതിൽ അത്ഭുതമില്ല. മുഹമ്മദ് നബി പോലും അങ്ങനെ മോഹിച്ച് ഇവിടെ വന്നിട്ടുണ്ട്. ”
അയാളുടെ മുഖത്തെ വിസ്മയം കണ്ട് സുൽത്താൻ പറഞ്ഞു.
“ചിലപ്പോൾ യക്ഷിയും മാടനുമൊക്കെ വരും ”
അയാൾ അത് അംഗീകരിച്ചു. പറയുന്നത് സുൽത്താനാണ്.
ബഷീർ ചോദിച്ചു.
“നിനക്ക് എന്നെ കാണണമെന്ന് ആയിരം കോടി റുപ്പിയയെക്കാൾ മോഹമായിരുന്നോ?”
അയാൾ മറുപടി പറഞ്ഞില്ല.
“സുബർഗ്ഗത്തിലെ റൂഹിമാരേക്കാൾ …? ”
അയാളുടെ മൗനം നീണ്ടപ്പോൾ സുൽത്താൻ അലറി.
“കള്ള കാഫറേ നീ ആരോടാ നുണ പറയുന്നത്?”
ബഷീർ അരയിലെ പിച്ചാത്തി പുറത്തെടുത്തു.
” നിന്നെ വെട്ടി നുറുക്കി കഷണം കഷണമായി ബേപ്പൂരെ പക്ഷികൾക്ക് ഞാൻ ഭക്ഷണമാക്കും… ”
അയാളുടെ തൊണ്ടയിലെ വെള്ളം വറ്റി. മുഖം വിളറി. പിന്നെ കിതച്ചു കൊണ്ട് സാഹിബ് സ്വയം പറഞ്ഞു.
” ക്ഷമിക്ക് …. പോട്ടെ ക്ഷമിക്ക്… ”
അത് സ്വയം സ്വാന്തനമായിരുന്നു. അടുത്ത നിമിഷം ഒന്നും അറിയാത്തതു പോലെ ബഷീർ വിഷയം മാറ്റി.
” നീ എഴുതാറുണ്ടോ?”
“അൽപം ”
അയാൾ ഭവ്യതയോടെ പറഞ്ഞു.
അടുത്ത ബീഡിക്ക് തീകൊളുത്തിക്കൊണ്ട് ബഷീർ പറഞ്ഞു.
” മേലാൽ എഴുതരുത് ”
” മലയാള സാഹിത്യത്തിൽ എഴുതാൻ. ഉള്ളതെല്ലാം ഞാൻ എഴുതിക്കഴിഞ്ഞു. ”
മലയാളത്തിന്റെ സുൽത്താൻ പറഞ്ഞു.
“യാത്ര ചെയ്യ് പാട്ടുകൾ കേൾക്കു്. എന്നിട്ട് വിശന്നു മരിക്ക് …. തെരുവിൽ കിടക്ക് ….. സമരം ചെയ്യ്…. ”
അയാൾക്ക് ശ്വാസം മുട്ടി. അയാൾ ശ്വാസത്തിനായി പിടഞ്ഞു. പാത്തുമ്മയും ആയിഷയും പോക്കറും മൂക്കനും ദിവ്യനും എല്ലാവരും ചിരിക്കുന്നു.
” വിശപ്പിലാണ് ദൈവം ….. കണ്ണീരിലാണ് ദൈവം …. സംഗീതത്തിലെ ദൈവം വേശ്യയിലും ….”
ബഷീർ ഒരു വ്യക്തിയിൽ നിന്നും ഉയർന്ന് പരിസരമായി വളർന്നു. അദ്ദേഹത്തിൽ നിന്നും ഓടി ഒളിക്കുക സാധ്യമല്ല
” എഴുതണമെങ്കിൽ ജീവിക്കണം. പരാതിയില്ലാതെ പരിഭവമില്ലാതെ കാറ്റുപോലെ ജീവിക്കണം”
അയാൾ ചെവി പൊത്തി കണ്ണുതുറന്നു സുൽത്താന്റെ മാവിൻ ചുവട്ടിൽ താനൊറ്റയ്ക്കാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ഒപ്പം ബഷീർ സാഹിബ് ആശീർവ്വാദങ്ങളുമായി കൂടെയുള്ളതും.
ഇതു കേൾക്കുന്നവർ പറയും അയാൾക്ക് വട്ടാണെന്ന്. ലോകം കേട്ടത് അദ്ദേഹം മരിച്ചെന്നാണല്ലോ. പക്ഷെ അയാൾ അദ്ദേഹത്തെ കണ്ടു. കേട്ടു .
അപ്പോൾ വീണ്ടും ആ ശീൽ കേട്ടു ….
നേർത്ത ശബ്ദത്തിൽ
”സോ…. ജാ …. രാജകുമാരി

You can share this post!