ഫുലാൻ :ചമ്പൽക്കാട്ടിലെ അഗ്നിപുത്രി

ചമ്പൽ നദിയൊഴുകുന്നു രൗദ്രം

രണഭൂമിയാകുമീ കർമ്മഭൂവിൽ

കലിയാർന്നു കുത്തിപ്പായുന്ന തീരേ

കലി തുള്ളി ആർത്തവൾ, അഗ്നിപുത്രി

തോക്കിന്റെ കാഞ്ചിയിൽ വിരലുകൾ ചേർത്തവൾ

തോൽക്കാത്ത വീര്യത്തിൽ കരുത്തുറച്ചോൾ ..

കർണ്ണങ്ങളിലലയ്ക്കും ആർത്തനാദങ്ങളാൽ

കത്തുന്നു കണ്ണുകൾ പന്തങ്ങളായ്

പൂത്തുമ്പിയായെങ്ങും പാറുന്ന ബാല്യത്തിൽ പൂത്താലി കൊണ്ടവൾ ബന്ദിയായി

പൂത്തിരി പോലെങ്ങും പുഞ്ചിരി ചിതറേണ്ട

ശൈശവപുഷ്പം അടർന്നു വീണോ?

സഹന ശ്രൃംഗത്തിൻ കൊടുമുടി താണ്ടിയാ

ബന്ധനം തകർത്തവൾ സ്വതന്ത്രയായ്

താലിയറുത്തവൾ ചങ്ങല തകർത്തവൾ

ഏകയായ് പഥികയായ് യാത്രയായി…

ബന്ധുവായെത്തിയ ശത്രുവിൻ കരങ്ങളും

കാക്കിയാൽ മൂടിയ കുടിലതയും

ഒന്നല്ല രണ്ടല്ല മുഖമറിയാ കലപ്പകൾ

പലതുമാ തളിരുടൽ ഉഴുതു പോകേ

രുധിരം കിനിഞ്ഞതു അധരത്തിലല്ല

പെരുമ്പറ കൊട്ടിയ ഹൃത്തിലാണ്

ദംഷ്ട്രകളാഴ്ന്നത് മേനിയിലല്ല

ആത്മാഭിമാനത്തിൻ കടയ്ക്കലത്രേ.

മനസ്സിൽ പ്രതികാരം കത്തിപ്പടർന്നവൾ

ചമ്പൽ വിഴുങ്ങുന്ന അഗ്നിയായ്

ചമ്പൽകാട്ടിലെ റാണി, അവളാ –

കനലിൽ തുള്ളിയുറയും കോമരമായ്

പെണ്ണുടൽ കണ്ടാൽ കത്തുന്ന കാമത്തിൻ

തലയെടുത്തും നിറയൊഴിച്ചും

ശത്രുവേ ഹോമിച്ചു ഭസ്മമാക്കി

ഫുലാൻ

സംഹാര താണ്ഡവമാടിടുന്നു .

കൊടുങ്കാറ്റു വേഗത്തിൽ അശ്വാരൂഡയായ്

കൊള്ളക്കാരിയായ് ഭീതി വിതച്ചവളെങ്കിലും

കുടികളിലെല്ലാം തീയെരിഞ്ഞെവിടെയും

പട്ടിണി നാളങ്ങൾ കെട്ടണഞ്ഞു

കൊള്ളക്കാരിയാം ചമ്പൽ റാണിയെ പൂജിച്ചു ജനതതി ദേവിയായ്

അന്യായമൊടുക്കാൻ അവതരിച്ചവളാ

പ്രാമാണിത്വങ്ങളെ തച്ചുടച്ചു…

കദനമൊഴുകുന്ന മിഴികളെയൊപ്പാൻ

ദേശത്തിൻ അധികാരമാളിയോൾ ചെങ്കോലുമേന്തി..

അചഞ്ചലചിത്തവും പതറാത്ത ലക്ഷ്യവും

കണ്ടു ഭയന്നവർ ചകിതരായി

ധീരയാമവളുടെ ജീവനെടുക്കാനവർ

കുതന്ത്രങ്ങളോരോന്നായി മെനഞ്ഞെടുത്തു

ഭീരുത്വം വിഴുങ്ങിയ മൂഢൻമാരവവളുടെ

ചങ്കിനു നേരെ നിറയൊഴിച്ചു …

ആത്മാഭിമാനത്തിൻ അഗ്നിയിൽ കുരുത്ത

ജീവിക്കുമിതിഹാസം ധീര ഫൂലാൻ

പുഞ്ചിരി തൂകുമൊരു പൊൻ താരമായവൾ

ചമ്പലിൻ കാവൽ മാലാഖയായെന്നും.

You can share this post!