പേടി

പേടി
———-
എവിടെയും പേടിയുടെ ചിഹ്നങ്ങൾ ചിന്നം വിളിക്കുന്നു:

കുന്തിക്കു കർണ്ണനെ പേടി
പുരുവിന് യയാതിയെ പേടി
നളന് ദമയന്തിയെ പേടി
ശകുന്തളക്കു ദുഷൃന്തനെ പേടി
ഗൗതമന് അഹലൃയെ പേടി
ആബേലിന് കായേനെ പേടി
മൊസാർട്ടിന് സലീറിയെ പേടി
ഏകലവൃന് ദ്രോണരെ പേടി

എവിടെയും പേടിയുടെ ചിഹ്നങ്ങൾ
ചിന്നം വിളിക്കുന്നു ;

ഘടികാരത്തിനു സ്പന്ദിക്കുവാൻ പേടി
സൂരൃനു പകലു കടയുവാൻ പേടി
പൂവിനു വിടരുവാൻ പേടി
കാക്കയ്ക്ക് കരയുവാൻ പേടി
കുയിലിനു പാടുവാൻ പേടി
പ്രാവിനു കുറുകുവാൻ പേടി
കുരുവിക്കു കൊക്കുരുമ്മാൻ പേടി
മധുപനു മധു നകരുവാൻ പേടി
മയിലിനു മയിൽപ്പീലി പേടി
മഴവില്ലിനു വർണ്ണങ്ങൾ പേടി

എവിടെയും പേടിയുടെ ചിഹ്നങ്ങൾ
ചിന്നം വിളിക്കുന്നു ;

പ്രജകൾക്ക് രാജാവിനെ പേടി
രാജാവിനു മന്ത്രി യെ പേടി
കാട്ടാളനു നാട്ടാളനെ പേടി
വിത്തിനു മുളയ്കുവാൻ പേടി
പേരുകൾക്കു പേരുകളെ പേടി
ബുദ്ധനു ബോധിത്തണൽ പേടി
നിദ്രക്കു കിനാവുകൾ പേടി
അമാതൃന് അക്ഷരങ്ങൾ പേടി
തുഞ്ചനു തത്തയെ പേടി
ശവപ്പെട്ടിക്കു ശവങ്ങളെ പേടി

എവിടെയും പേടിയുടെ ചിഹ്നങ്ങൾ
ചിന്നം വിളിക്കുന്നു;

മണ്ണിനും വിണ്ണിനും കുന്നിനും
കടലിനും കാടിനും കാട്ടാറിനും
മനുജനെ പേടി

ആരു ഭേദിക്കും പേടിയുടെ പത്മവ്യൂഹം?
ആരു തകർക്കും പേടിയുടെ മസ്തകം?

 

 

 

You can share this post!