നാരീജന്മം നരകം

ബസ്സിന്റെ ഇരമ്പൽ കേട്ടു. അമ്മ ധൃതി പിടിച്ചു മകനെ യൂണിഫോം ഇടുവിക്കുവാൻ തുടങ്ങി. ഷെഡ്‌ഡി, നിക്കർ, ഷർട്ട്‌ ഓരോന്നായി ഇടുവിച്ചു. ബസ്സിന്റെ ഡ്രൈവർ ഹോൺ അടിച്ചു രസിച്ചു കൊണ്ടേയിരുന്നു. മകന്റെ കൈ പിടിച്ചുകൊണ്ട് അമ്മ ഓടി. മകൻ അതേ ശക്തിയിൽ പുറകോട്ടു വലിച്ചു. വടം വലിയെ ഓർമിപ്പിക്കുന്ന വലി. അവൻ കരയുകയും അരയുടെഭാഗത്തു ചൊറിയുകയും ചെയ്യുന്നുണ്ടായിരുന്നു. എന്തിനാണ് കരയുന്നതെന്നു ചോദിക്കുവാനുള്ള സാവകാശവുമില്ല.
ബസിൽനിന്ന് ആയ വിളിച്ചുപറഞ്ഞു, “ചേച്ചീ, ഉടുപ്പിലോ മറ്റെന്തിലെങ്കിലുമോ ഉറുമ്പുണ്ടോയെന്നു നോക്ക്., “വണ്ടി അതിന്റെ വഴിക്കു പോയി.
കൊച്ചിന്റമ്മ പതം പറഞ്ഞു തുടങ്ങി. ആണുങ്ങൾക്ക് വല്ലതുമറിയാണോ, എല്ലാം പെണ്ണിന്റെ തലയിൽ. എന്തു ചെയ്താലും, നന്ദി വേണ്ട, ഒരു പരിഗണന എങ്കിലും ഉണ്ടോ, അതും ഇല്ല. ഇങ്ങേരെ അടുത്ത ജന്മം പെണ്ണാക്കണേ ദൈവമേ.
മുറിയിൽ കയറ്റി കൊച്ചിന്റെ വസ്ത്രം ഒന്നൊന്നായി അഴിച്ചു. ഷെഡ്‌ഡി അഴിച്ച അമ്മ അയ്യോ എന്നറിയാതെ വിളിച്ചുപോയി. ചുവന്ന ഉറുമ്പുകൾ അരഭാഗത്തു കൂട്ട പ്രകടനം നടത്തുന്നു. ഊതി, പൌഡർ കുടഞ്ഞിട്ടു തൂത്തു. കൊച്ചൊന്നടങ്ങി. അപ്പോൾ കൊച്ചിന്റെ അച്ഛൻ വാതുറന്നു. രമേ, എന്റെ ഷെഡ്‌ഡി എവിടെ? ഒരുത്തരവാദിത്വം ഇല്ല ഒന്നിലും. ഭാര്യ വിളിച്ചു പറഞ്ഞു, “അതു ഞാൻഇട്ടേക്കുവാ “.
എന്തു ചോദിച്ചാലും തർക്കുത്തരത്തിനൊരു കുറവുമില്ല. ഇതിന്റെ ഒക്കെ കൂടെ ജീവിക്കുന്ന എന്നെ സമ്മതിക്കണം. പ്രിയതമൻ വായടക്കുന്നമട്ടില്ല.
എവിടെയും തോൽക്കേണ്ടത് സ്ത്രീ ആണല്ലോ. ഭാര്യ ഷെഡ്‌ഡി എടുത്തുകൊണ്ടുവന്നു. അതു കൈ നീട്ടി മേടിച്ച അച്ഛനോട് മകൻ ഉറക്കെ പറഞ്ഞു, “അച്ഛാ അതിൽ ഉറുമ്പുണ്ടോയെന്നു നോക്കണേ !

You can share this post!