തണൽതേടി അലയുന്ന കവിതകൾ

 

കെട്ടകാലത്തെ വേദനയോടെ വരച്ചിടുകയാണ് ഒറ്റയിലത്തണൽ എന്ന കവിതാസമാഹാരത്തിലൂടെ രാജൻ കൈലാസ്

 

കവിതയെക്കുറിച്ച് കേൾക്കുമ്പോൾ വായനക്കാർ അസ്വസ്ഥരാകുന്ന കാലമാണിത്. കവിസംഖ്യാ വർദ്ധനവും അവർ ദിനംപ്രതി ഉത്പാദിപ്പിക്കുന്ന കവിതകളുടെ പെരുപ്പവും വായനക്കാരെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും അച്ചടി മാദ്ധ്യമങ്ങളിലൂടെയും തനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന കവിതകളിൽ നിന്ന് നല്ലതൊരെണ്ണം കണ്ടെത്താൻ വായനക്കാർക്ക് ഏറെ ക്ഷമ വേണം. എഴുത്തുകാരുടെ വിപണ തന്ത്രം കൂടിയാകുമ്പോൾ പറയുകയും വേണ്ട. വരൂ, എന്റെ കവിതകൾ വായിക്കൂ, അവ ഗംഭീരമാണ്. എന്ന മട്ടിലുള്ള സ്വയം പ്രദർശനങ്ങളുടെ പടുകുഴിയിൽ കാൽതെറ്റി വീണുപോകുന്നവരാണ് വായനക്കാരിൽ മിക്കവരും.

താൻ വീണ പാഴ് കുഴിയുടെ ആഴത്തിൽ നിന്ന് തിരിച്ചുവരുന്നത് വല്ലാത്ത ഖേദത്തോടെയുമായിരിക്കും. കവിതയിലെ സമകാലിക സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. കവിസംഖ്യാപ്പെരുപ്പത്തെ കവിതയുടെ ജനാധിപത്യകാലമെന്നും പുഷ്‌കല കാലമെന്നും വ്യാഖ്യാനിക്കുന്നവരുണ്ട്. പക്ഷേ ആർക്കും കവിതയെഴുതാമെന്നും അവ മഹത്തരമാക്കി പ്രഖ്യാപിച്ചെടുക്കാമെന്നും കഴിയുന്നത് അപകടകരമായ സ്ഥിതിയാണ്. വ്യാജ സിദ്ധന്മാർ വഴിയോരക്കച്ചവടം നടത്തുന്ന തെരുവിൽ മികച്ച കവിതകൾ അവഗണിക്കപ്പെടും, ഒച്ചവയ്ക്കാൻ താത്പര്യമില്ലാത്തവരുടെ കവിതകൾക്ക് മീതേ പൊള്ളത്തരങ്ങളുടെ പൊയ്ക്കാൽ കുതിരകൾ പാഞ്ഞുനടക്കും. വായനക്കാരൻ എത്ര ക്‌ളേശിച്ചാലും കണ്ടെടുക്കാനാവാത്ത വിധം നല്ല കവിതകൾ ചവിട്ടിയരയ്ക്കപ്പെട്ടിരിക്കും.

രാജൻ കെലാസിന്റെ ഒറ്റമരത്തണൽ എന്ന കവിതാ സമാഹാരത്തിന്റെ വായനയ്ക്ക് ശേഷമാണ് ഈ വിധം ഒരു ചിന്ത ഉടലെടുത്തത്. നല്ല കവിതകൾ കണ്ടെടുക്കാൻ എത്ര കാത്തിരുന്നാലും അത് നഷ്ടമാകില്ല എന്ന ഉറപ്പ് ഈ പുസ്തകം നൽകുന്നുണ്ട്.
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളിൽ കവിതയെഴുത്തിലും കവിയരങ്ങുകളിലും സജീവമായി കടന്നുവന്ന എഴുത്തുകാരനാണ് രാജൻ കൈലാസ്. മികച്ച കവികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടും അർഹമായ പരിഗണന പുതിയ കാലം അദ്ദേഹത്തിന് നൽകിയോ എന്ന് സംശയമുണ്ട്. കവിത്വം എന്ന വാക്കിന്റെ ആഴവും പരപ്പും ഒറ്റയിലത്തണലിലൂടെ രാജൻ കൈലാസ് വീണ്ടും തെളിയിക്കുന്നു. എഴുത്തിലെ അട്ടിമറിയെന്നും നിഷേധമെന്നുമൊക്കെയുള്ളത് പൂർവികരെ ഭള്ളുപറയുന്നതാണെന്ന് തെറ്റിദ്ധരിച്ച പുതിയ എഴുത്തുകാർ പലരുണ്ട് .മാറിയ കവിതാമുഖത്ത് നിന്ന് പാരമ്പര്യ വഴികളെ .തുടച്ചുമാറ്റണമെന്നാണ് അവരുടെ ശാഠ്യം. കവിതയുടെ പരമ്പരാഗതമായ രീതികളുടെ നേർത്ത സ്പർശമെങ്കിലും കണ്ടാൽ അവർ നെറ്റിചുളിക്കുകയും പഴഞ്ചൻ എന്ന് വിലയിരുത്തുകയും ചെയ്യും.

രാജൻ കൈലാസ്

ഏറെക്കുറെ നാട്ടുനടപ്പായി മാറിക്കഴിഞ്ഞ ഈ പ്രവണതയോട് പക്ഷേ രാജൻ കൈലാസ് നന്നായി കലഹിക്കുന്നുണ്ട്. താൻ വായിച്ചും ധ്യാനിച്ചും വളർന്ന കവിതകൾ നൽകിയ ഊർജ്ജത്തെ അദ്ദേഹം നിഷേധിക്കുന്നില്ല. ആവിഷ്‌കാരത്തിലെ ഈ സത്യസന്ധത ഓരോ കവിതകളെയും അനുഭവവേദ്യമാക്കുന്നുണ്ട്.

ഹിമാലയം എന്ന കവിതയെ സുന്ദരമാക്കുന്നത് നേരത്തെ സൂചിപ്പിച്ച ഊർജ്ജത്തിൽ നിന്നുള്ള വാക് പ്രവാഹമാണ്.

കനകകാന്തിയിൽ കുളിച്ചുനിൽക്കുന്ന
ഗിരിനിരകളെ തൊഴുതു നിൽക്കുക,
രജത ശോഭയിൽ തിളങ്ങി മിന്നുന്ന
മഹിത സ്വർഗത്തെ വണങ്ങി നിൽക്കുക

ഈ വരികളിലെ ലാളിത്യവും വാക് പൊരുത്തവും വായനയെ അനുഭൂതിയാക്കി മാറ്റുന്നുണ്ട്. വായനക്കാരനെ ഒപ്പംകൂട്ടിക്കൊണ്ടു പോകണമെന്നുള്ള നിർബന്ധബുദ്ധി കവിക്കുണ്ടെന്ന് എല്ലാ കവിതകളും തെളിയിക്കുന്നുണ്ട്. ബൗദ്ധികമായ സാഹസം കാട്ടി വായനക്കാരനെ ഭയപ്പെടുത്തരുതെന്ന് അദ്ദേഹം തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ഏതൊരു പ്രമേയത്തെയും കാവ്യരൂപമാക്കുമ്പോൾ അനുവാചകനെക്കൂടി അദ്ദേഹം മുൻകൂട്ടി പരിഗണിക്കുന്നുണ്ട്.
കവിതയിൽ ന്യൂനപക്ഷം മാത്രമേ ഇടപെടുന്നുള്ളു എന്ന് തീർപ്പുകൽപ്പിച്ചിട്ടുണ്ട് നമ്മുടെ മിക്കവാറും എല്ലാ എഴുത്തുകാരും . ആ ധാരണ ഒരു അലിഖിത നിയമമായിത്തന്നെ സാഹിത്യരംഗത്ത് നിലനിൽക്കുന്നുണ്ട് . ന്യൂനപക്ഷത്തിനപ്പുറത്തുള്ളവരെ കവിതയിലേക്ക് എത്തിക്കരുതെന്ന വാശിയുണ്ടെന്ന് തോന്നും അവർക്ക്. ജനകീയമായ എഴുത്തുകളെ അവർ നിന്ദിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യും.

അതുവരെയുണ്ടായിരുന്ന ഭാവുകത്വങ്ങളെ മുഴുവൻ അട്ടിമറിച്ച് കവിതയുടെ ആഖ്യാനത്തിൽ നവീന മുഖം കൊണ്ടുവന്നത് ആധുനികതയായിരുന്നു. വൃത്തവും അലങ്കാരവും പാടേ നിരാകരിച്ച് കാല്പനിക ബിംബങ്ങളെ മാറ്റിനിർത്തി നൂതനമായ ശൈലിയാണ് ആധുനികത അവതരിപ്പിച്ചത്. തങ്ങൾ വായിച്ചുശീലിച്ച രീതികളിൽ നിന്ന് ഭിന്നമായ കവിതയുടെ പുതിയ അവതാരം കണ്ട് പകച്ചുപോയ പരമ്പരാഗത വായിക്കാരിലേക്ക് അന്നത്തെ കവികൾ കവിയരങ്ങളുകളിലൂടെയും ചൊൽക്കാഴ്ചയിലൂടെയും ഇറങ്ങിച്ചെന്നു. കവിതയെ ജനകീയമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിൽ അവർ നന്നായി വിജയിക്കുകയും ചെയ്തു. കവിതയുടെ ഉത്സവകാലമായിരുന്നു ആധുനികത. പുതിയകാലത്ത് പക്ഷേ കവിത കവികളിൽ മാത്രം ഒതുങ്ങുന്ന സവിശേഷ വസ്തുവായി മാറിയിരിക്കുന്നു. കവിത എഴുതുന്നവർ മാത്രമാണ് ഇന്ന് കവിതയുടെ വായനക്കാർ. കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ കാട്ടുന്ന വിമുഖത മതിയല്ലോ വായനക്കാ‍ർക്കിടയിൽ കവിതയുടെ സ്ഥാനം എന്തെന്ന് മനസിലാക്കാൻ.
എഴുപതുകളിൽ കവിതയുടെ ജനകീയ മുഖമായിരുന്ന കവിയരങ്ങുകളുടെ ഇന്നത്ത അവസ്ഥയിൽ വേദനിക്കുന്നുണ്ട് കവി. കടമ്മനിട്ടയും ചുള്ളിക്കാടും ഉൾപ്പടെയുള്ള മഹാ പ്രതിഭകൾ കവിതചൊല്ലി ജനമനസുകളെ ജ്വലിപ്പിച്ച നാളുകൾ കണ്ടും കേട്ടും വളർന്നവർക്കൊക്കെ തോന്നുന്ന വേദനയാണിത്. ജീവനറ്റ വേദികളായി കവിയരങ്ങുകൾ ഇന്ന് മാറിയിരിക്കുന്നു. അവിടെ കവികൾ മാത്രമേയുള്ളു. കേൾക്കാൻ ആസ്വാദകരില്ല, കവിതമുട്ടിയിരിക്കുന്ന കവികൾ കവിയരങ്ങിലെത്തി ആ മുട്ടൽ ഒഴിച്ചാസ്വദിക്കുന്ന പുതിയകാല ചിത്രത്തെ രാജൻ കൈലാസ് കവിയരങ്ങ് എന്ന കവിതയിലുൂടെ വരച്ചുകാട്ടുന്നുണ്ട്. ആ കെട്ട കാഴ്ചകൾ കണ്ട് തലകുനിച്ച് നടക്കുന്ന ഒരു കവിയുടെ ചിത്രമാണിത്,

കവിയരങ്ങിലെ തിക്കും തിരക്കിലും
കവിതമാത്രം വിറുങ്ങലിച്ചീടവേ
കണ്ടുനിൽക്കുവാനാവാതെ ക്യൂവിന്റെ
പിന്നിൽ നിന്നു ഞാൻ
യാത്രയാവുന്നിതാ.

പ്രപഞ്ചത്തിലെ വിശുദ്ധമായ കാഴ്ചകളിലൂടെ അലയുന്ന കണ്ണുകളുണ്ട് കവിക്ക്. ക്രൂരമായ കാഴ്ചകളിൽ നോവുമ്പോൾ സാന്ത്വനം പോലെ ചില നിമിഷങ്ങൾ പ്രപഞ്ചം ഒരുക്കിനൽകുന്നുണ്ട്. അത്തരം നിമിഷങ്ങളില്ലെങ്കിൽ മനുഷ്യജീവിതം എത്ര വ്യർത്ഥമാകുമായിരുന്നു. ആ നിമിഷങ്ങളുടെ സൗന്ദര്യത്തെ എല്ലാക്കാലത്തും കവികൾ ചിത്രീകരിച്ചിട്ടുണ്ട്. പ്രപഞ്ച സൗന്ദര്യമെന്ന ലഹരിയെ എത്ര ആവിഷ്‌കരിച്ചിട്ടും മതിയാകാത്ത ചങ്ങമ്പുഴയും ആ സൗന്ദര്യത്തിന്റെ ആഴങ്ങളെ അന്വേഷിച്ച ജി.ശങ്കരക്കുറുപ്പും വൈലോപ്പള്ളിയും പി.കുഞ്ഞുരാമൻ നായരുമൊക്കെ കവിതാ ചരിത്രത്തിലെ തിളക്കമാർന്ന ഏടുകളിലുണ്ട്. അത്തരം ആവിഷ്‌കാരങ്ങളെ കാല്പനികതയെന്ന ചട്ടക്കൂട്ടിലേക്ക് മാറ്റിനിർത്തുമ്പോഴും പ്രകൃതി എന്ന മഹാ വിസ്മയത്തിലേക്ക് പുതുകവിതയും എത്തിച്ചേരാറുണ്ട്. രാജൻ കൈലാസിനെ സംബന്ധിച്ചിടത്തോളം ഈ വിസ്മയം വായനക്കാരിലേക്ക് പകരാനുള്ള അവാച്യമായ അനുഭൂതിയാണ്

.പുലരി മഞ്ഞിലെ പനീനീർ ദളങ്ങളിൽ
രണ്ടു പൂമ്പാറ്റകൾ ഉമ്മവയ്ക്കുമ്പോൾ
ഒരു നിമിഷം പങ്കുവയ്ക്കപ്പെടുന്നത്
ഭൂമിയിലെ സ്‌നേഹം ഒന്നാകെയാണ്. (ഒരു നിമിഷം)

തനിക്ക് സമൂഹത്തോട് ചിലത് പറയാനുണ്ടെന്നും അത് കഴിയുന്നത്ര ആളുകൾ അറിയേണ്ടതുണ്ടെന്നും നിർബന്ധമുണ്ടെന്ന് തോന്നുന്നു രാജൻ കൈലാസിന്. തനിക്കിണങ്ങുന്ന മാദ്ധ്യമമായ കവിതയിലൂടെ അത് പറയുമ്പോൾ ബോധപൂർവമായ കെട്ടുകാഴ്ചകളൊരുക്കാൻ അദ്ദേഹം ശ്രമിക്കാത്തത് ഈ നിർബന്ധംകൊണ്ടാണ്. യാന്ത്രികമായ ആഖ്യാനത്തിലൂടെയോ ദുരൂഹമായ ബിംബങ്ങളിലൂടെയോ വായനക്കാരന് അലോസര മുണ്ടാക്കാൻ അദ്ദേഹം ശ്രമിക്കുന്നില്ല. അത്തരത്തിൽ മുന്നോട്ടുപോകുന്നവരെ എതിർക്കുന്നുമില്ല. ആത്മപ്രകാശനത്തിന് പലതരം വഴികളുണ്ടെന്ന വസ്തുതയെ വിനയപൂവം അംഗീകരിച്ചുകൊണ്ട് തന്റെ വഴിയിലൂടെ അദ്ദേഹം മുന്നോട്ടുപോകുന്നു.
പരിസ്ഥിതി ബോധത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ വിശദീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചകൾ എന്ന കവിത ഉന്നതമായ ഒരു ദർശനത്തെയാണ് മുന്നോട്ടുവയ്ക്കുന്നത്,
നാട്ടിൻപുറങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കമ്മ്യൂണിസ്റ്റ് പച്ചകൾ. അത് വെറും പാഴ്‌ചെടിയല്ല. മുറിവുണക്കാനുള്ള ഔഷധം കൂടിയായിരുന്നു. അവ പാടേ നശിക്കുകയും പകരം ആന്തൂറിയങ്ങൾ വളരുകയും ചെയ്തു. കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റ് പച്ചയേയും കുറിച്ചുള്ള താരതമ്യ പഠനം കൂടിയാണ് കവിത,

വിചിത്രമായ ഈ പേരുകൊണ്ടാണ്
കമ്മ്യൂണിസ്റ്റ് പച്ചയെ ശ്രദ്ധിച്ചുതുടങ്ങിയത്
നാടുമുഴുവൻ തഴച്ചുവളരുന്ന
ആ കാട്ടുപച്ചയ്ക്ക്
ആരാണാവോ ഈ പേരിട്ടത്.
അറിയപ്പെടാത്ത പഴയൊരു സഖാവ്
അല്ലെങ്കിൽ
പാർട്ടിവിരുദ്ധനായ ഒരു മാടമ്പി

പാരിസ്ഥിതികമായ ചിന്തകൾകൊണ്ട് അസ്വസ്ഥമായ കവിതകളാണ് രാജൻ കൈലാസിന്റേതിൽ കൂടുതലും. മണ്ണും മനുഷ്യനുമായുള്ള ജൈവ ബന്ധം ഇല്ലാതാകുന്ന കലികാലത്തെക്കുറിച്ചുള്ള വേദനകൾ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് കവി. നാളെയെക്കുറിച്ചുള്ള വല്ലാത്ത വേവലാതിയുണ്ട് വരികളിൽ. ഒറ്റയിലത്തണൽ എന്ന പുസ്തക ശീർഷകം തന്നെ ഈ വേവലാതി അടയാളപ്പെടുത്തുന്നുണ്ട്. മനസിന്റെ ചില്ലറയിൽ കാട്ടുചെമ്പകം പൂത്ത കാഴ്ച സൂക്ഷിക്കുകയും അതിൽ ആനന്ദിക്കുകയും ചെയ്യുന്ന കവിയുടെ ആത്മഗാഥ തന്നെയാണ് ഒറ്റയിലത്തണൽ എന്ന കവിത, അന്തകം എന്ന കവിത ഭയനകമായ ചില ദൃശ്യങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പുതിയ കാലത്ത് ഏറ്റവും കൂടുതൽ മാറ്റത്തിന് വിധേയമായ സാഹിത്യരൂപം കവിതയാണ്. ആവിഷ്‌കാരത്തിലും ആശയ വൈവിദ്ധ്യത്തിലും നിരന്തരമായ മാറ്റങ്ങൾ കവിതയിൽ തുടരുകയുമാണ്. കവിതയുടെ പരമ്പരാഗത വായനക്കാരെ ആ മാറ്റം വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. ആധുനികതയുടെ കാലത്ത് കവിതയ്ക്ക് നേരെ നെറ്റിചുളിച്ചവർ നവ കവിതകൾക്കു നേരെയും അത് തുടരുന്നു. എഴുത്തിലുണ്ടായ ഭാവുകത്വ പരിണാമം അവരെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. അത്തരക്കാരോട് വിശദീകരിക്കാൻ പുതുകവിതകളുടെ വക്താക്കൾക്ക് ധാരാളമുണ്ട് വാദങ്ങൾ. വാദപ്രതിവാദങ്ങൾ അവിടെ നടക്കുന്നുമുണ്ട്.
പക്ഷേ രാജൻ കൈലാസ് അവിടെ നിന്നെല്ലാം വഴിമാറി നടക്കുകയാണ്. തന്റെ കവിതകൾ കാല്പനികമോ ആധുനികമോ ഉത്തരാധുനികമോ എന്നൊക്കെ വിശദീകരിക്കാനും വെല്ലുവിളിക്കാനും വിവാദങ്ങളിൽപ്പെടാനും അദ്ദേഹം ആഗ്രഹിക്കുന്നില്ല. തന്റെ വേവും വേവലാതിയും വായനക്കാരുമായി പങ്കുവയ്ക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും കവിക്കില്ല. ഒറ്റയിലത്തണൽ എന്ന പുസ്തകത്തിൽ നിറയെ ആ ചൂടും ചൂരുമുണ്ട്. ഫേബിയൻ ബുക്‌സാണ് പ്രസാധകർ.

വിനോദ് ഇളകൊള്ളൂർ

——————————

 

You can share this post!