ഒരു മുല്ലപ്പൂവിന്റെ സുഗന്ധം

പേരറിയില്ല
വീടറിയില്ല
നാടുമറിയില്ല
പക്ഷെ അവളെയറിയാം … .അവളെ മാത്രം.
അവൾ ആരാണെന്ന്‌ ചോദിച്ചാൽ ..
ഒരു വിൽപ്പനക്കാരി .വിൽക്കുന്നയാളും,
വിൽക്കപ്പെടുന്നയാളും അവളാണ്‌.
അവളെയാണ്‌ അവൾ ഓരോ ദിവസവും വിൽക്കുന്നത്‌.
വെയിൽ ചാഞ്ഞ്‌ ഇളം കാറ്റുള്ള ഒരു സന്ധ്യ സമയത്താണ്‌ ഞങ്ങൾ കാണുന്നത്‌ .തിരക്കുകൾ കഴിഞ്ഞ്‌ വീട്ടിലേക്കെത്തുവാൻ ബസ്സ്‌ പ്രതീക്ഷിച്ച്‌ ബസ്റ്റ്‌ സ്റ്റാൻഡിന്റെ വാതുക്കൽ തന്നെയായിരുന്നു ഞാൻ നിന്നത്‌. പൊതുവെ ആ സമയത്ത്‌ നല്ല തിരക്കുണ്ടാവുമായിരുന്നു .ഇത്തിരി ആശ്വാസത്തോടെ നിൽക്കുവാൻ ഒരിടം ഒത്താൽ ഇരിപ്പിടം ഇതിനു വേണ്ടി ബസ്സ്‌ സ്റ്റാൻഡിൽ പ്രവേശിക്കുമ്പോഴെ കയറണം. അതിന്‌ വേണ്ടി നിൽക്കുമ്പോഴാണ്‌ കുറച്ചകലെ നിറം മങ്ങിയ സാറിക്കൊപ്പം ഇത്തിരി മുല്ലപ്പൂവും ചൂടി പ്രതീക്ഷയോടെ നിൽക്കുന്ന അവളെ കണ്ടത്‌. അവളാരാന്നറിഞ്ഞില്ലെങ്കിലും  അവളെന്താണെന്ന്‌ കൃത്യമായി പറയുന്ന  ഭാവം. കണ്ണുകൾ എല്ലായിടങ്ങളിലേക്കും പോയ്ക്കൊണ്ടിരിക്കുന്നു .ഏതു വഴിയാണ്‌ ആ പ്രതീക്ഷ വരുന്നതെന്ന്‌ തന്നെയായിരുന്നു ആ നോട്ടം പറഞ്ഞു തന്നത്‌ .പക്ഷെ വല്ലാത്ത ഒരു അസ്വസ്ഥത അവളിലുണ്ടായിരുന്നു .ഒതുങ്ങി നിൽക്കാതെ അങ്ങോട്ടും ,ഇങ്ങോട്ടും തിരിഞ്ഞും ,ചെറുതായ്‌ നടന്നും  ഒക്കെ ഉറക്കാത്ത മനസ്സിനെക്കുറിച്ച്‌ എനിക്ക്‌ വായിച്ചെടുക്കുവാൻ അവൾ തുറന്നു തന്നു.
പ്രതീക്ഷകളിൽ മടുപ്പ്‌ തോന്നിയപ്പോഴായിരിക്കും ഒറ്റക്ക്‌ ആയ എന്റെയടുത്തേക്ക്‌ അവൾ വന്നത്‌ .ഒരു ചെറിയ അകലത്തിനപ്പുറം നിന്നു കൊണ്ട്‌ അവൾ ചോദിച്ചു – ഒരു അമ്പത്‌ റുപ്പിക തരോ? .
വല്ലാത്ത ഒരു ദയനീയ ഭാവം ആയിരുന്നു ആ വാക്കുകൾക്ക്‌ .മുഖമാവട്ടെ രക്തം വാർന്ന്‌ വെളുത്തു പോയിരിക്കുന്നു .കണ്ണുകൾക്ക്‌ ഏറെ പറയാനുണ്ടെങ്കിലും എല്ലാം സങ്കടത്തിൽ കുതിർന്നു കിടക്കുകയായിരുന്നെന്ന്‌ തോന്നി. ഞാനൊന്നും ചോദിച്ചില്ല. അവൾ ചോദിച്ചതു നൽകുക മാത്രം ചെയ്തു .അവളുടെ ചിരിയിൽ  നന്ദിയോ, കടപ്പാടോ, സ്നേഹമോ അല്ലെങ്കിൽ അതിനുമപ്പുറം എന്തെങ്കിലുമാണോ ഉണ്ടായിരുന്നതെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു .
ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ പ്രതീക്ഷിക്കാതെ അവൾ വീണ്ടും എന്റെയടുത്ത്‌ വന്നത്‌. കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ട്‌ എന്റെ നേരെ നീട്ടിയ പ്പോൾ  വലിയ ഒരു ചിരിയുണ്ടായിരുന്നു.
മോന്‌ വല്ലാത്ത പനിയായിരുന്നു. കയ്യിൽ ഒന്നും ണ്ടായിരുന്നില്ല. അതാ അന്ന്‌ പൈസ ചോദിച്ചതു – അവളിത്‌ പറയുമ്പോൾ ഞാൻ ജീവിതത്തെ ശരിക്കും കാണുകയായിരുന്നു. നിർബന്ധത്തെ തട്ടിമാറ്റി ആ നോട്ട്‌ ഞാൻ നിരസിച്ചപ്പോൾ  നൈർമല്യമുള്ള ഒരു നോട്ടത്തോടെ അവൾ തിരക്കുകളിലെവിടെയോ അലിഞ്ഞു പോയി. നഗരത്തിരക്കുകൾക്കിടയിലൂടെ പിന്നെയും പല പ്രാവശ്യം ഞങ്ങൾ കണ്ടു. ഞാൻ മാത്രമാവുമ്പോൾ  അവൾ ചിരിക്കും, പതുക്കെ, ചെറിയ വാക്കുകളിൽ സുഖവിവരം തിരക്കും അത്രമാത്രം. മറ്റുള്ളവർക്കൊപ്പമാകുമ്പോൾ  എന്നെ അറിയില്ല, എന്റെ ചിരി യിൽ നിന്നു പോലും ദൂരെ മാറും. അതായിരുന്നു അവൾ. അവളു സ്നേഹം അങ്ങനെയായിരുന്നു. ഏറെ നാളായി  അവളെ കണ്ടിട്ടിപ്പോൾ. എന്റെ അല്ലെങ്കിൽ അവളുടെ തിരക്കുകളാവാം. അതോ അവൾ ഈ നഗരം വിട്ടുപോയോ. അതുമറിയില്ല. വലിയ
കാഴ്ചകൾക്കിടയിൽ ഒരു നോട്ടം പ്രതീക്ഷിക്കുന്നു. വെറുതെ .

You can share this post!