ഋതു സംക്രമം   30

ആരാ കുഞ്ഞേ ചോദ്യം ചെയ്യാൻ .എല്ലാറ്റിന്റെയും അധികാരികൾ അവർ മാത്രമല്ലേ ?അന്നൊക്കെ അവരെ ചോദ്യം ചെയ്യാൻ എല്ലാർക്കും പേടിയായിരുന്നു . .പിന്നെ കാലം മാറി . …അവരുടെ അധികാരത്തെ ഞങ്ങളിൽ ചിലർ ചോദ്യം ചെയ്തു , അതോടെ കാഴ്ചക്കുലകൾ എത്തിക്കുന്ന പതിവൊക്കെ നിന്നു . കൃഷി ചെയ്യുന്നവർ ഞങ്ങളായതു കൊണ്ട് അതിൽ നിന്നുള്ള ആദായത്തിനുള്ള അവകാശവും കുറെയൊക്കെ ഞങ്ങൾക്കുമുണ്ടെന്നു മനസിലാക്കി . അന്നത്തെ ചില കമ്മ്യൂണിസ്റ്റ് നേതാക്കന്മാരാണ് ഞങ്ങളിൽ ആ ചിന്തയൊക്കെ വളർത്തിയെടുത്തത് . അതോടെ തമ്പുരാക്കന്മാർക്കെതിരായി സമരമുറകൾ ആവിഷ്ക്കരിച്ചു . ഞങ്ങൾ താമസിക്കുന്ന ഭൂമിയുടെ അവകാശവും ഞങ്ങൾക്കാണെന്ന് വാദിച്ച് പിക്കറ്റിങ്ങും ജാഥയുമൊക്കെ സംഘടിപ്പിച്ചു . പിന്നെ പോലീസിന്റെ തേർ വാഴ്ചയായിരുന്നില്ലേ?…ഞങ്ങളിൽ കുറേപ്പേരെ അവർ അടിച്ചു പതം വരുത്തി . കുറേപ്പേർ പോലീസിന്റെ ചവിട്ടും തൊഴിയുമേറ്റ് പിടഞ്ഞു മരിച്ചു . ഞാനായിരുന്നു അവരുടെ നേതാവ് . ലോക്കപ്പിലിട്ടു എന്നെയും അവർ കുറെ ഉപദവിച്ചു . ഒടുവിൽഞങ്ങൾ തന്നെ ജയിച്ചു . ഞങ്ങളുടെ അവകാശങ്ങളെല്ലാം ഞങ്ങൾക്ക് തന്നെ കിട്ടി . പക്ഷെ അപ്പോഴേക്കും ഞങ്ങളിൽ കുറേപ്പേർ അതൊന്നും അനുഭവിക്കാനാകാതെ മരിച്ചു പോയിരുന്നു . കുറേപ്പേർ നിത്യ രോഗികളായി . അക്കൂട്ടത്തിൽ ഞാനും നിങ്ങളുടെ വല്യച്ഛനുമൊക്കെ പെട്ടു . എന്ത് പറയാനാ കുഞ്ഞുങ്ങളെ .. അതൊരു കാലം… .എല്ലാമനുഭവിച്ചനുഭവിച്ച് ഞങ്ങളിന്നീ നിലയിലായി

മതി മുത്തശ്ശാ ..ഇനി മുത്തശ്ശൻ പഴയതൊന്നും ഓർക്കേണ്ട. . ഇനി മുതൽ പുതിയ കാലത്തെപ്പറ്റി നമുക്ക് ചിന്തിക്കാം പ്രിയ പറഞ്ഞു

അതെ മക്കളെ ഞാനും പഴയതൊക്കെ മറക്കാൻ ശ്രമിക്കുകയാണ് . ആട്ടെ ..നമുക്കിനി ഈ ഓണക്കാലത്തെപ്പറ്റിയും ഇവിടെ നടക്കാൻ പോകുന്ന വിശേഷങ്ങൾക്കുള്ള ഒരുക്കങ്ങളെപ്പറ്റിയും ചിന്തിക്കാം

പിന്നെ മുത്തശ്ശനും ഞങ്ങളും കൂടി നവതിക്കും , ജന്മദിനത്തിനും വിളിക്കേണ്ട ആളുകളുടെ ഒരു ലിസ്റ്റുണ്ടാക്കി . …

മഴമേഘങ്ങൾ ആകാശത്ത് ഉരുണ്ടുകൂടുന്ന ഒരു പ്രഭാതത്തിലാണ് തിരുവോണം കടന്നു വന്നത് . ശ്രാവണപ്പുലരിയിൽ സാധാരണ കാണുന്ന തെളിച്ചമൊന്നും ആ പ്രഭാതത്തിനുണ്ടായിരുന്നില്ല . അത് കണ്ടു തന്റെ മനസിലും അകാരണമായ ഏതോ വിഷാദവും ഉൽക്കണ്ഠയും കൂട് കൂട്ടി . അച്ഛനുമമ്മയും രഞ്ജുവും അടുത്തുള്ളതു കൊണ്ട് കഴിഞ്ഞ ദിനങ്ങളെല്ലാം ആഹ്ലാദഭരിതമായിരുന്നു . എങ്കിലും അന്നത്തെ പ്രഭാതത്തിൽ ആ ആഹ്ളാദമെല്ലാം കൈവിട്ടു പോകുന്നതായി തോന്നി . തന്നെ പ്രതീക്ഷിച്ച് അഹിതമായ എന്തോ ഒന്ന് വിധി ഒരുക്കിവച്ചിരിക്കുന്നതായും !…..

മുത്തശ്ശിയും ,അമ്മയും തന്റെ വിവാഹ കാര്യത്തിൽ എതിരഭിപ്രായം പറഞ്ഞു കഴിഞ്ഞിരിക്കുന്നു . മനീഷുമായി ഒരു വിവാഹം സ്വപ്നം കാണേണ്ട എന്ന് അവർ താക്കീതു നൽകിക്കഴിഞ്ഞു . അക്കാര്യം സംസാരിച്ചപ്പോൾ മനുവേട്ടൻ പറഞ്ഞത് താൻ ഈ തീരുമാനവുമായി മുൻപോട്ടു തന്നെ പോകുമെന്നാണ് . അദ്ദേഹം ഇവിടെ വന്നു അച്ഛനെയും അമ്മയെയും എല്ലാം ബോധ്യപ്പെടുത്തിക്കൊള്ളാമെന്നും നമ്മുടെ വിവാഹം ഉറപ്പിച്ച ശേഷമേ മടങ്ങുകയുള്ളൂ എന്നും പറഞ്ഞിട്ടുണ്ട് . എങ്കിലും തന്റെ മനസ്സിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു . ഇന്ന് ഇവിടെ എത്തിയ ശേഷം, മനുവേട്ടൻ വിവാഹക്കാര്യം എടുത്തിട്ടാൽ ,അഛനുമമ്മയും എതിർക്കുമെന്ന് തന്നെ തന്റെ മനസ്സ് പറയുന്നു . ഏതായാലും ഏതാനും ദിവസം മുമ്പ് വരെ നിലനിന്നിരുന്ന മനഃസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു . അതോർത്തു പൂമുഖത്തെ ചാര് ബെഞ്ചിൽ താൻ വിഷാദമൂകയായിരുന്നു . …..

അപ്പോഴാണ് രെഞ്ചു ഒരു പൂക്കൂടയുമായി ചിരിച്ചുല്ലസിച്ച് അടുത്തെത്തിയത് .

എന്താ മിസ് കേരളക്ക് രാവിലെ തന്നെ ഒരു മൂഡ് ഔട്ട് . ഇന്ന് തിരുവോണമായതിന്റെ സന്തോഷമൊന്നും ആമുഖത്തു കാണാനില്ലല്ലോ . ങാ ഞാൻ മറന്നുപോയി. .ഇന്ന് ചേച്ചിയുടെ ബർത് ഡേ ആണല്ലോ അല്ലെ . ഹാപ്പി ബർത്ത് ഡേ ടു യൂ

അവളുടെ സംസാരവും ചിരിയും തന്നിൽ ഒരു ചലനവും ഉണ്ടാക്കിയില്ല. അത് കണ്ടു അവൾ തന്നെ പിടിച്ചു കുലുക്കി വീണ്ടും ചോദിച്ചു .

പ്രിയേച്ചിക്ക് എന്താ പറ്റിയത് . ഇത്ര സങ്കടത്തോടെ പ്രിയേച്ചിയെ മുമ്പ് ഞാൻ കണ്ടിട്ടില്ലല്ലോ . പ്രിയേച്ചിയുടെ ഉള്ളിൽ എന്തോ ഇരുന്നു വിങ്ങുന്നുണ്ട് . എന്താണെങ്കിലും എന്നോട് പറഞ്ഞോളൂ പ്രിയേച്ചി ” .

ഇന്ന് മനുവേട്ടൻ ഇവിടെ വന്ന് വിവാഹക്കാര്യം എടുത്തിട്ടാൽ എന്തൊക്കെ ഉണ്ടാകുമെന്നോർത്തിട്ട് എനിക്ക് ഭയം തോന്നുന്നു മോളെ .”

അപ്പോഴേക്കും തന്റെ കണ്ണുകൾ നിറഞ്ഞു വന്നു . താനനുഭവിക്കുന്ന മാനസിക സംഘർഷം എത്രത്തോളമുണ്ടെന്ന് രഞ്ജുവിനു മനസ്സിലായി .

പ്രീയേച്ചി ഇത്ര ഭീരുവാണെന്നു ഞാൻ കരുതിയില്ല .സ്വന്തം ഇഷ്ടത്തിന് പ്രിയേച്ചി തിരഞ്ഞെടുത്ത ആളെ അച്ഛനുമമ്മയും അംഗീകരിക്കുകയില്ലെന്ന് പ്രിയേച്ചി കരുതുന്നുണ്ടോ . ”

അവളുടെ ചോദ്യം കേട്ട് താൻ ദുഖത്തോടെ തലകുനിച്ചു .

അതല്ല മോളെ . മനുവേട്ടൻ ഉയർന്ന ജാതിക്കാരനാണ് . ഞാൻ താഴ്ന്ന ജാതിക്കാരിയും . ഞങ്ങൾ തമ്മിലുള്ള ഒരു വിവാഹം ഈ നാട്ടുകാരും വീട്ടുകാരും അംഗീകരിക്കുമോ എന്നാണു പേടി ”.

എന്താ പ്രിയേച്ചി ഇപ്പറയുന്നത് . പ്രിയേച്ചി ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് . ഫോറിനിലൊക്കെ പ്രിയേച്ചി പോയി പഠിച്ചത് ഇങ്ങനെയൊരു ചിന്താഗതി വളർത്തിയെടുക്കാനാണോ . അവിടെയൊക്കെ അയച്ചു ചേച്ചിയെ പഠിപ്പിച്ച അച്ഛൻ ഇങ്ങനെയൊരു ചിന്താഗതി വച്ചു പുലർത്തുന്നുണ്ടെന്നു ചേച്ചിക്ക് തോന്നുന്നുണ്ടോ ?”

ഇല്ല മോളെ . അച്ഛൻ സമ്മതിച്ചേക്കും. പക്ഷെ ബാക്കിയുള്ളവരെ ഓർത്താണ് എനിക്ക് പേടി . മുത്തശ്ശിയും അമ്മയും ആ രീതിയിലെന്നോട് സൂചിപ്പിക്കുകയും ചെയ്തു . ഈ നാട്ടുകാരിൽ ചിലരെ മുത്തശ്ശിയും വല്ലാതെ ഭയപ്പെടുന്നുണ്ട് .”

നാട്ടുകാർ എന്ത് ചെയ്യാനാണ് ചേച്ചി. അൽപം ചിലർ നെറ്റിചുളിച്ചേക്കാം .അസ്സൂയ കൊണ്ട് . അല്ലാതെ ആരും ഇക്കാലത്തു ഇതിനൊന്നും വലിയ വില കല്പിക്കുകയില്ല

അത് ശരിയാണ് .പക്ഷെ മിത്രൻ നമ്പൂതിരിയും അയാളുടെ ഏതാനും ശിങ്കിടികളും നമ്മളെ ദ്രോഹിക്കാൻ ശ്രമിക്കുന്നുണ്ട് .നിശ്ചയം നടന്നാൽ അവർ എന്തിനും മുതിരുമെന്നാണ് പറഞ്ഞു കേൾക്കുന്നത്

പക്ഷെ അയാൾ മാത്രം വിചാരിച്ചാൽ ഒന്നും നടക്കുകയില്ല ചേച്ചി . വിവരമുള്ള നാട്ടുകാർ കുറേപ്പേരെങ്കിലും ഇവിടെ ഉണ്ടാവുകയില്ലേ

അല്ല മോളെ നിനക്കറിയാഞ്ഞിട്ടാണ് . ഈ നാട്ടുകാർക്കെല്ലാം അയാളെയും കൂട്ടരെയും പേടിയാണ് . ഒരു പക്കാ റൗഡി . എന്തിനും മടിക്കാത്തവൻ . വലിയ വിദ്യാഭ്യാസമില്ലാത്ത ഈ നാട്ടുകാരിൽ പലരുടെയും അജ്ഞതയെയാണ് അയാൾ മുതലെടുക്കുന്നത്. കൂ ടാതെ അമ്പലം കമ്മിറ്റിയിലുള്ള സ്വാധീനവും

പ്രിയ പറഞ്ഞത് കേട്ട് രെഞ്ചു ആലോചന നിമഗ്നയായിരുന്നു . എങ്ങിനെയാണ് തന്റെ ചേച്ചിയെ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കേണ്ടതെന്ന് അവൾ ചിന്തിച്ചു . അപ്പോഴാണ് പടി കടന്നു ഉത്സാഹത്തോടെ എത്തുന്ന വിനുവിനെയും ഗിരിജ ചിറ്റയെയും സുരേന്ദ്രൻ ചിറ്റപ്പനെയും അവർ കണ്ടത് . വിനു അസുഖമെല്ലാം മാറി നല്ല ഉന്മേഷവാനായിരിക്കുന്നത് അവർ കണ്ടു .

എന്താ രണ്ടു ദേവസുന്ദരികളും അനക്കമറ്റിരിക്കുന്നതു ഞങ്ങളെക്കണ്ടിട്ട് ഒരു മൈൻഡുമില്ലല്ലോ . രണ്ടിന്റെയുംകാറ്റ് ?”പോയോ

വിനു അടുത്തു വന്ന് കൈ കൊണ്ട് ചില ആംഗ്യവിക്ഷേപങ്ങൾ നടത്തി ഞങ്ങളെ ഉണർത്താൻ നോക്കി . ഞങ്ങളുടെ മൗഢ്യം കണ്ടു അവനു വേദന തോന്നി. എങ്കിലും ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു .

അല്ല തിരുവോണമായിട്ട് മാവേലിയെക്കാണാത്തതാണോ രണ്ടു പേരും വിഷാദിച്ചിരിക്കാൻ കാരണം . ഇവിടെ രണ്ടു പേർ കഴിഞ്ഞ ദിവസങ്ങളിലെല്ലാം തകൃതിയായി പൂവിട്ടു കൊണ്ടിരിക്കുകയാണ് എന്നാണല്ലോ ഞാനറിഞ്ഞത് . ഇന്നിപ്പോൾ തിരുവോണമായിട്ട് ആ ഉത്സാഹമൊന്നും കാണുന്നില്ലല്ലോ . എന്തുപറ്റി ?..

വിനുവിന്റെ സംഭാഷണം കേട്ട് പുറകെയെത്തിയ ഗിരിജ ചോദിച്ചു

എന്തുപറ്റി മക്കളെ ഇന്ന് പൂമാറ്റമൊന്നും നടത്തുന്നില്ലേ ?..രണ്ടുപേരെയും കണ്ടിട്ട് എന്തോ സങ്കടമുള്ളതുപോലെ തോന്നുന്നു ” .

ഗിരിജചിറ്റയുടെ ചോദ്യം കേട്ട് , ഞാൻ തലയുയർത്തി നോക്കി . .

ഒന്നുമില്ല ചിറ്റേ . ഇന്ന് നല്ല സുഖം തോന്നിയില്ല. അതുകൊണ്ടു പൂമാറ്റലെല്ലാം അല്പം താമസിച്ചുപോയി . അത് സാരമില്ല. ഞങ്ങളിപ്പോൾ തന്നെ തുടങ്ങാം

എന്നാൽ വേഗം വരൂ . നമുക്ക് പൂമാറ്റിത്തുടങ്ങാം”.

അങ്ങിനെപറഞ്ഞുകൊണ്ടു ഗിരിജ പൂക്കളത്തിന്റെ മധ്യത്തിൽ വച്ചിരുന്ന ഓണത്തപ്പന്റെ മുകളിൽ കുരുത്തോലക്കഷണങ്ങൾ വാരിവിതറി . പിന്നെ അരിമാവ് കൊണ്ട് അലങ്കരിച്ചു . എല്ലാറ്റിനും പ്രിയയും രഞ്ജുവും യാന്ത്രികമായി കൂടി . അല്പം കഴിഞ്ഞു മുത്തശ്ശി ഒരു ചെറിയ ഓട്ടുരുളിയിൽ പൂവടയുമായെത്തി

.”അല്ല നിങ്ങൾ എപ്പോളെത്തി ?..എവിടെ വിനുക്കുട്ടൻ ?..അവന്റെ മുറിവെല്ലാം ഉണങ്ങിയോ ?.”അപ്പോൾ വിനുക്കുട്ടൻ മുത്തശ്ശിയുടെ സമീപമെത്തി പറഞ്ഞു .

ഞാനിവിടെത്തന്നെ ജീവനോടെയുണ്ട് മുത്തശ്ശി .എനിക്കൊന്നും പറ്റിയിട്ടില്ലല്ലോ

എന്നാലും എന്റെ പൊന്നുമോനെ നിനക്ക് അപകടമുണ്ടായിട്ട് മുത്തശ്ശി അറിഞ്ഞില്ലല്ലോടാ . എല്ലാം കുറേക്കഴിഞ്ഞ് അമ്മു പറയുമ്പോഴാണ് ഞാനറിഞ്ഞത് . ഈശ്വരൻ തുണച്ചു . അല്ലെങ്കിൽ എന്റെ കുട്ടിയെ ….”ബാക്കി പറയുവാനാകാതെ മുത്തശ്ശി വിതുമ്പി നിന്നു . മുത്തശ്ശിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി താഴെ പതിച്ചു .

അതുകണ്ടു വിനു മുത്തശ്ശിയെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു .

എനിക്കൊന്നും പറ്റിയില്ലല്ലോ മുത്തശി .പിന്നെ മുത്തശ്ശി എന്തിനാ വെറുതെ വിഷമിക്കുന്നത് .”അവൻ മുത്തശ്ശിയുടെ കണ്ണുകൾ തുടച്ചു കൊടുത്തു . എന്നിട്ട് വിഷയം മാറ്റാനായി പറഞ്ഞു

മുത്തശ്ശി ഇതുകണ്ടോ രണ്ടു പ്രതിമകൾ ഇരിക്കുന്നത് . ഇവരെ ഓണത്തപ്പന് പകരമായി ആരെങ്കിലുംഇവിടെ കൊണ്ടുവന്നു സ്ഥാപിച്ചതാണോ ?”മറ്റുള്ളവരുടെ ശ്രദ്ധതിരിക്കാനായി, ഞങ്ങളെ ചൂണ്ടി വിനു പറഞ്ഞത് കേട്ട് മുത്തശ്ശിയടക്കം എല്ലാവരും ചിരിച്ചു .

. അപ്പോൾ ഗിരിജ പറഞ്ഞു . .

അതെ അമ്മെ ഞാൻ നോക്കുമ്പോൾ രണ്ടു മഹതിമാർ ഇവിടെ കല്ലുപോലെ ഇരിക്കുന്നു . പൂമാറ്റാനുള്ള പരിപാടിയൊന്നും കണ്ടില്ല . എങ്കിൽപ്പിന്നെ ഞാൻ ചെയ്തുകളയാം എന്ന് വിചാരിച്ചു

മുത്തശ്ശി അതുകേട്ട് എന്നെ നോക്കി. എന്റെ ഉത്സാഹമില്ലായ്മ മുത്തശി രാവിലെ മുതൽ ശ്രദ്ധിച്ചിരുന്നു . എന്താണതിന് കാരണമെന്ന് അവർ കുറെയൊക്കെ ഊഹിച്ചിരുന്നു. . താൻ എടുത്തു ചാടുന്നത് തീയിലേക്കാണോ എന്നസംശയം മുത്തശ്ശിയുടെ ഉൾത്തടത്തെയും വല്ലാതെ ചുട്ടുപൊള്ളിച്ചു. തന്റെ പേരക്കുട്ടിയോട് സഹതാപത്തിന്റെ നേർത്ത അല മനസ്സിൽ പൊന്തി വരുകയും ചെയ്തു .

ഈ പ്രതിസന്ധി ഘട്ടത്തിൽനിന്നും തൻറെ കൊച്ചുമകളെ രക്ഷിക്കേണ്ടത് എങ്ങിനെയെന്നറിയാതെ ആ പഴമനസ്സു കുഴങ്ങി നിന്നു

അല്ല അമ്മയുമിപ്പോൾ പ്രിയമോളെപ്പോലെയായല്ലോ . ഇന്ന് തിരുവോണമായിട്ട് നിങ്ങൾക്കൊക്കെ എന്ത് പറ്റി ?..” .ഗിരിജയുടെ ചോദ്യം മുത്തശ്ശിയെ ഉണർത്തി

ഗിരിജ കഥയറിയാതെ ആട്ടം കാണുകയാണെന്നു മുത്തശ്ശിക്ക് അറിയാമായിരുന്നു .അവർ വിഷാദം വെടിഞ്ഞു ഉത്സാഹം നടിച്ചു

അല്ല സുരേന്ദ്രൻ എവിടെ ?..കണ്ടില്ലല്ലോ . ”

അച്ഛന്റെ അടുത്തുണ്ടാകുമമ്മേ” . മുത്തശ്ശിയുടെ ചോദ്യം കേട്ട് ഗിരിജ അലക്ഷ്യ ഭാവത്തിൽ പറഞ്ഞു . എന്നിട്ട് മുത്തശിയെ ക്ഷണിച്ചു കൊണ്ട് പറഞ്ഞു .”അമ്മയും ഞങ്ങളുടെ കൂടെ കൂടിക്കോളൂ

മൂവരും കൂടി പൂമാറ്റൽ ആരംഭിച്ചു. ഇതിനിടയിൽ വിനുവും അയ്യപ്പനും കൂടി മുത്തശ്ശനെ അകത്തു നിന്നും എടുത്തു കൊണ്ട് വന്നു ചാരുകസേരയിൽ ഇരുത്തി . സുരേന്ദ്രനും അവരെ സഹായിച്ചു . ആർപ്പു വിളികളുടെ അകമ്പടിയോടെ, ഗിരിജ ഓണ വില്ലുകൊണ്ടു അട കുത്തിയെടുത്തു . പിന്നീട് ശർക്കരയും തേങ്ങയും ചേർത്ത് സ്വാദിഷ്ടമാക്കിയ അട മുത്തശ്ശി എല്ലാവർക്കും വിതരണം ചെയ്തു. ഞങ്ങൾ അപ്പോഴേക്കും നഷ്ടപ്പെട്ട ഉത്സാഹം വീണ്ടെടുത്തു കഴിഞ്ഞിരുന്നു . പൂമാറ്റൽ കഴിഞ്ഞ് മുത്തശ്ശിയോടൊപ്പം അടുക്കളയിലേക്കു ചെന്നു . വിഭവങ്ങൾ ഒരുക്കുവാൻ എല്ലാവരും ഒത്തു കൂടി . രണ്ഞു തമാശകൾ പറഞ്ഞു എല്ലാവരെയും ചിരിപ്പിച്ചു . വിനു എത്തിയതോടെ പൂരപ്പറമ്പിൽ വെടിക്കെട്ടിന് തീപിടിച്ചത് പോലെ അരങ്ങു കൊഴുത്തു . മുത്തശ്ശിയുടെ പുറകിൽഒളിഞ്ഞു നിന്ന് വിനു കാച്ചിവക്കുന്ന പപ്പടങ്ങൾ മോഷ്ടിച്ച് കൊണ്ടിരുന്നു . അത് രഞ്ജുവാണെന്നു മുത്തശ്ശി വിചാരിച്ചു .

രഞ്ജുമോളെ പപ്പടം കാച്ചി വക്കുന്നത് തീർത്താൽ നമ്മൾ മാത്രമല്ലല്ലോ . ഉച്ചയൂണിനു ആൾക്കാരെ ക്ഷണിച്ചിട്ടില്ലേ മുത്തശ്ശി അവളെ ശാസിച്ചു .

അത് കേട്ട് പരിഭവത്തോടെ രണ്ഞു പറഞ്ഞു .

മുത്തശ്ശിക്ക് എപ്പോഴും എന്നെയാണ് സംശയം . പപ്പടക്കള്ളൻ മുത്തശ്ശിയുടെ തൊട്ടു പുറകിൽ തന്നെയുണ്ട്”.

മുത്തശ്ശി തിരിഞ്ഞു നോക്കി . വിനുവാണെന്നു കണ്ടു ചെവിയിൽ പിടിച്ച് തിരിച്ചു കൊണ്ട് പറഞ്ഞു . ”അമ്പടാ കള്ളാ നിന്റെ കുഞ്ഞിലത്തെ കുറുമ്പിനു ഒട്ടും കുറവില്ലല്ലോ കുട്ട്യേ ?”

പണ്ട് മുത്തശ്ശി കാണാതെ പറമ്പില് വല്ല മരപ്പൊത്തിലും മറഞ്ഞിരിക്കണ വിനുക്കുഞ്ഞിനെ എത്ര തവണയാ ഞാൻ പിടിച്ചുകൊണ്ടുവന്നിട്ടുള്ളത് . ഇപ്പഴും ആ ചെറിയകുട്ടീടെ അന്തി തന്നെയാ വിനൂ

അമ്മിണിയമ്മയുടെ പറച്ചിൽ കേട്ട് മുത്തശ്ശി ചെവിയിലെ പിടുത്തംവിട്ടു വാത്സല്യത്തോടെ പറഞ്ഞു . ”ഇപ്പഴും നീയെന്നെ പറ്റിക്കുകയാണല്ലേ ”.

അതോടെ വിനു ചെവി തിരുമ്മിക്കൊണ്ട് വേഗത്തിൽ അവിടെ നിന്നും നടന്നു നീങ്ങി . നടക്കുന്നതിനിടയിൽ പറഞ്ഞു .

ഹോ മുത്തശ്ശിക്കിപ്പോഴും വയസ്സായിട്ടൊന്നുമില്ലാട്ടോ. എന്തൊരു ശക്തിയാ പിടുത്തതിന് . എന്റെ ചെവി മുറിഞ്ഞൂന്ന് തോന്നണു . ”

അതുകേട്ട് എല്ലാവരും ഉച്ചത്തിൽ ചിരിച്ചു. അങ്ങനെ തമാശകളും പൊട്ടിച്ചിരികളുമായി പെണ്ണുങ്ങൾ പാചകത്തിൽ ഏർപ്പെട്ടു . പുറത്തു സുരേന്ദ്രനും മാധവനും വെടിവട്ടവുമായി കൂടുന്നിടത്ത് വിനു എത്തി .

You can share this post!