ഋതുസംക്രമം -21

ഗിരിജ ചിറ്റയുടെ അടുത്തു മടങ്ങിയെത്തുമ്പോൾ സുരേന്ദ്രൻ അങ്കിൾ ഒരു പുതിയ വാർത്തയുമായി അവിടെ വന്നു നിൽപ്പുണ്ടായിരുന്നു . പ്രൊഫസ്സർ കൃഷ്ണപ്പിഷാരടിയും ഭാര്യയും, മസ്തിഷ്ക മരണം സംഭവിച്ച തങ്ങളുടെ മകൻ സന്ദീപിന്റെ അവയവങ്ങൾ ദാനം ചെയ്യുവാൻ പോവുകയാണത്രെ. ഇതറിഞ്ഞ ഗിരിജ ചിറ്റ അലമുറയിട്ട് കരയാൻ തുടങ്ങി

.”എന്റെ വിനുക്കുട്ടൻ, അവനും അങ്ങിനെ വേണ്ടി വരുമോ സുരേട്ടാ ” .ഗിരിജ ചിറ്റകരയുന്നതു കണ്ട് ,ഹോസ്പിറ്റലിൽ ഇങ്ങനെ ബഹളമുണ്ടാക്കരുതെന്ന് ഒരു നേഴ്സ് വന്നു അറിയിച്ചു .

.”നമ്മുടെ മോൻ രക്ഷപ്പെടും ഗിരിജെ , നീയിങ്ങനെ ബഹളം വയ്ക്കാതെ പ്രാർത്ഥിക്കുകയാണ് ഇപ്പോൾ വേണ്ടത് സുരേന്ദ്രനങ്കിൾ പറഞ്ഞു . ഗിരിജ ചിറ്റയെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് താനും അടുത്തിരുന്നു . അൽപ സമയം കഴിഞ്ഞു ചിറ്റ ശാന്തയായി .

മണിക്കൂറുകൾ ഒരു മാർജ്ജാരന്റെ പാദപതനം പോലെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ഓരോരുത്തരും അവനവന്റെ ചിന്തകളിൽമുഴുകി നിശബ്ദമായിരുന്നു . താൻ ചിറ്റയുടെ സമീപത്തു നിന്നും എഴുന്നേറ്റ് ജനലിനടുത്തേക്കു ചെന്നു. അല്പം മുമ്പ തകർത്തു പെയ്തിരുന്ന കർക്കിടക മഴക്കും ഇപ്പോൾ ഒരു മുനിയുടെ പ്രശാന്തത കൈവന്നിരിക്കുന്നു . തങ്ങളുടെ പ്രിയപ്പെട്ട ആരോ അത്യാസന്ന നിലയിലായ ചിലർ മാത്രം, കോള് കൊണ്ട മേഘം പോലെ ഇരുണ്ട മുഖത്തോടെ ബദ്ധപ്പെട്ട് ഓടിക്കൊണ്ടിരുന്നു . ഇന്നലെ മുതൽ ഒരുതുള്ളി വെള്ളം പോലും കുടിക്കാതിരിക്കുന്ന ഗിരിജ ചിറ്റയെ തിരിഞ്ഞു നോക്കി. . മുത്തശ്ശി തന്നയച്ച ടിഫിനെക്കുറിച്ചപ്പോഴാണോർത്തത്.

ഹാൻഡ്ബാഗിലുള്ള ടിഫിൻ പുറത്തെടുത്തു . ഈ ഭക്ഷണം തന്റെ കൊച്ചുമകളേക്കാളേറെ മകൾക്കാണ് ആവശ്യം എന്ന് മുത്തശ്ശി അറിഞ്ഞാലുള്ള അവസ്ഥയെക്കുറിച്ചപ്പോൾ ചിന്തിച്ചു . ചിന്തകളിൽ നിന്ന് വ്യതിചലിച്ചു ചിറ്റയുടെ അടുത്തേക്ക് നടന്നു ചെന്നു. ചിറ്റയെ തൊട്ടു വിളിച്ചു , മുത്തശ്ശി തന്നയച്ച ഭക്ഷണത്തെപ്പറ്റി പറഞ്ഞു .

എനിക്കൊന്നും വേണ്ടാ മോളെ . എന്റെ വിനുക്കുട്ടന്റെ ശരിക്കുള്ള അവസ്ഥ അറിയാതെ ഒരു തുള്ളി വെള്ളം പോലും എനിക്കിറങ്ങില്ല ചിറ്റ കരഞ്ഞു കൊണ്ട് നിഷേധിച്ചു .

ഗിരിജ ചിറ്റയുടെ ആരോഗ്യനില മോശമാകുമെന്നു തോന്നിയപ്പോൾ , ഒരു ഭീഷണി മുഴക്കി .”ചിറ്റ ആഹാരം കഴിച്ചില്ലെങ്കിൽ ഞാനും പട്ടിണി ഇരിക്കും

.ഒടുവിൽ ഒന്നുരണ്ടുരുള മാത്രം ചിറ്റയെക്കൊണ്ട് കഴിപ്പിക്കാൻ കഴിഞ്ഞു . താനുമീ ആഹാരം ഉപേക്ഷിച്ചാൽ അത് മുത്തശ്ശിയോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നു തോന്നി . മുത്തശ്ശി തനിക്കു വേണ്ടി സഹിക്കുന്ന ബദ്ധപ്പാടുകളോർത്തപ്പോൾ ആ ആഹാരം മുഴുവൻ കഴിക്കാതിരിക്കാൻ തനിക്കു കഴിഞ്ഞില്ല. കർക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്തു ഒന്ന് മൂടിപ്പുതച്ചുറങ്ങാൻ കൊതിയുണ്ടായിട്ടും , അത് ചെയ്യാതെ പുലരും മുമ്പ് എഴുന്നേറ്റു തനിക്കു വേണ്ടി പാടുപെടുന്ന മുത്തശ്ശി. എഴുപത്തഞ്ചാം വയസ്സിലും അവശതകൾ മറക്കുന്ന മുത്തശ്ശി തനിക്കിന്നൊരു അദ്ഭുതമായിരിക്കുന്നു. അതിനിടയിൽ ”’അമ്മ വല്ലതും അറിഞ്ഞോ മോളെ എന്ന ഗിരിജ ചിറ്റയുടെ ചോദ്യത്തിനുത്തരമായി താൻ പറഞ്ഞു.

മുത്തശ്ശിയെ ഒന്നുമറിയിക്കാതിരിക്കാൻ ഞാൻ പാടുപെടുകയാണ് ചിറ്റേ

”.അമ്മയുമച്ഛനും ഒന്നുമറിയരുത് മോളെ . അവർക്ക്‌ നിങ്ങൾ കൊച്ചു മക്കൾ പ്രാണനെപ്പോലെയാണ്. അവരിതറിഞ്ഞാൽ സഹിക്കുകയില്ല. ”ചിറ്റ ഭീതിയോടെ പറഞ്ഞു .

മുത്തശ്ശി സംശയിക്കാതിരിക്കാൻ എനിക്കല്പം കഴിയുമ്പോൾ തിരിച്ചുപോകണം ചിറ്റേ .”താൻ പറഞ്ഞതുകേട്ട് ചിറ്റയുടെ മുഖം മങ്ങി . എങ്കിലും പറഞ്ഞു

ശരിമോളെ. നീ തിരിച്ചു പൊക്കോളൂ .എനിക്കിവിടെ സുരേട്ടനുണ്ടല്ലോ . ”

അപ്പോൾ വിനുവിന്റെ കാര്യം കൂടി അറിഞ്ഞ ശേഷം വീട്ടിലേക്കു പോകാമെന്നു കരുതി , മനുസാറിനെ ഫോണിൽ വിളിച്ചു . അപ്പുറത്തു മനുസാറിന്റെ ആഹ്ലാദ സ്വരം കേട്ടു.

പ്രിയ ,ഞാൻ ഒരു ഹാപ്പി ന്യൂസ് പറയാൻ വേണ്ടി അങ്ങോട്ട് വിളിക്കാൻ ഇരിയ്ക്കുകയായിരുന്നു. ഞാനിപ്പോൾ ഡോക്ടർ ദിനേശിനോട് സംസാരിച്ചിരുന്നു . അവൻ പറയുന്നത് വിനു അപകടനില തൊണ്ണൂറു ശതമാനവും തരണം ചെയ്തുകഴിഞ്ഞു എന്നാണ്. മരുന്നുകളെല്ലാം വിനുവിന്റെ ശരീരത്തിൽ വേണ്ടവിധം റിയാക്ട് ചെയ്തു തുടങ്ങിയത്രേ . ഏതായാലും ഈ ഹാപ്പി ന്യൂസ് താൻ ഗിരിജ ചിറ്റയോട് പറഞ്ഞോളൂ ..പാവം ഒന്ന് സന്തോഷിക്കട്ടെ . ”

അങ്ങനെ പറഞ്ഞു മനുസാർ ഫോൺ ഡിസ് കണക്ട് ചെയ്തു . താൻ ഗിരിജ ചിറ്റയോട് മനീഷ് പറഞ്ഞ കാര്യങ്ങൾ അറിയിച്ച ശേഷം, ആഹ്ലാദത്തോടെ പറഞ്ഞു .”അവൻ രക്ഷപ്പെടും ചിറ്റേ .നമ്മുടെ വിനുക്കുട്ടനെ നമുക്ക് പഴയപോലെ തിരിച്ചുകിട്ടും .”തന്റെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ കേട്ട് ചിറ്റയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു . നഷ്ടപ്പെട്ടു എന്ന് കരുതിയ പൊന്നോമനയെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷം ആ കണ്ണുകളിൽ തെളിഞ്ഞു . സജലങ്ങളായ കണ്ണുകളോടെ ചിറ്റ ചുറ്റും നോക്കി ചോദിച്ചു

എവിടെ സുരേട്ടൻ.. ഈ ഹാപ്പി ന്യൂസ് സുരേട്ടനെക്കൂടി അറിയിക്കേണ്ടേ ..ഈശ്വരാ ..ഗുരുവായൂരപ്പൻ കാത്തു . .” ചിറ്റയുടെ ശരീരം ക്ഷീണവും മനഃക്ഷോഭവും കൊണ്ട് വല്ലാതെ വിറകൊള്ളുന്നുണ്ടായിരുന്നു . അതുകണ്ടു ഞാൻ പറഞ്ഞു

ചിറ്റ ഇവിടെ ഇരുന്നോളൂ ഞാൻ പോയി സുരേന്ദ്രൻ അങ്കിളിനോട് പറഞ്ഞിട്ട് വരാം” .

പലയിടത്തും അന്വേഷിച്ചു, ഒടുവിൽ ഒരു ഭിത്തിയിൽ ചാരി ക്ഷീണിതനായിരിക്കുന്ന സുരേന്ദ്രൻ അങ്കിളിനെ കണ്ടെത്തി. മകൻ രക്ഷപ്പെട്ടതറിഞ്ഞ് അങ്കിളിന്റെ ക്ഷീണമെല്ലാം പമ്പ കടന്നു . അദ്ദേഹം തന്റെ കൂടെ നടന്നു കൊണ്ട് ഇതാരാണ് പറഞ്ഞതെന്നന്വേഷിച്ചു. മനീഷിന്റെ ഫ്രണ്ട് ഡോക്ടർ ദിനേശ് ആണ് പറഞ്ഞതെന്ന് പറഞ്ഞപ്പോൾ

ഞാൻ ആ ഡോക്ടറെ കണ്ടിട്ട് വരാംഎന്ന് പറഞ്ഞു അങ്കിൾ നടന്നകന്നു .

താനാകട്ടെ ഏതോ സന്തോഷ തിരത്തള്ളലിൽ അകപ്പെട്ടതുപോലെ സ്വയം മറന്നു, ചിറ്റയുടെ അരികിലെത്തി.  അപ്പോഴും ആനന്ദ കണ്ണീർ വാർത്തു ഈശ്വരനെ സ്തുതിച്ചു കൊണ്ടിരുന്ന ചിറ്റ അങ്കിളെവിടെഎന്നന്വേഷിച്ചു .

ഇന്നലെ ഒരുമൂന്നു മണിയായപ്പോൾ ഞങ്ങളറിഞ്ഞതാ വിനുവിന് കുത്തേറ്റ കാര്യം . അപ്പോൾ മുതൽ മനസ്സ് തകർന്നു നിൽക്കുകയാ ആ മനുഷ്യൻ . അല്ലെങ്കിലും ഞങ്ങളുടെ ഒരേയൊരു മകനല്ലേ അവൻ ……..”.

ചിറ്റ സന്തോഷം കൊണ്ട് സ്വയം മറന്നത് പോലെ പുലമ്പാൻ തുടങ്ങി. ചിറ്റയോട് , അങ്കിൾ ഡോക്ടറെ കാണാൻ പോയ കാര്യം പറഞ്ഞു. അതിനു ശേഷം അച്ഛനെ വിളിച്ച് ആഹ്ലാദവാർത്ത അറിയിച്ചു

. ”ഞാൻ ഇന്നലെ രാത്രിയിൽ ശരിക്കുറങ്ങിയത് പോലുമില്ല. ഈ വാർത്ത കേൾക്കാനാണ് ഞാൻ കാത്തിരുന്നത് . ഏതായാലും സന്തോഷമായി . നീ മനീഷിനോട് എന്റെയും കൂടി നന്ദി അറിയിച്ചോളൂ” . അച്ഛൻ പറഞ്ഞു. ഗിരിജ ചിറ്റയെപ്പറ്റിയുള്ള അച്ഛന്റെ അന്വേഷണത്തിനുമറുപടിയായി താൻ പറഞ്ഞു

.”ചിറ്റ സ്വർഗം കിട്ടിയ സന്തോഷത്തിലാണ് . എന്നേക്കുമായി നഷ്ട്ടപ്പെട്ടു എന്ന് കരുതിയത് തിരിച്ചു കിട്ടിയ സന്തോഷംതന്റെ വാക്കുകൾ കേട്ട് .ആത്മഹർഷത്തോടെ അച്ഛൻ ഫോൺ തിരികെ വച്ചു .

അന്തരീക്ഷം ശാന്തമായി എന്ന് തോന്നിയപ്പോൾ താൻ ചിറ്റയുടെ അടുത്തെത്തി പറഞ്ഞു

.”സന്ധ്യക്കുമുമ്പ് ഞാൻ വീട്ടിലെത്തട്ടെ ചിറ്റേ .അല്ലെങ്കിൽ മുത്തശ്ശി വിഷമിക്കും” . ”ശരി മോളെ .നിന്റെയും കൂടി പ്രാർത്ഥനയാണ് എന്റെ വിനുക്കുട്ടനെ തിരിച്ചുകിട്ടാൻ കാരണം . അവനെ ഉപദേശിച്ചു ഈ രാഷ്ട്രീയത്തിൽ നിന്നൊക്കെ പിന്തിരിപ്പിക്കുവാൻ നിനക്കു കഴിയുംചിറ്റ ആശയോടെ തന്നെനോക്കിപറഞ്ഞു .

അവൻ ആരോഗ്യം വീണ്ടെടുക്കുമ്പോൾ ഞാൻ ശ്രമിക്കാം ചിറ്റേ അങ്ങിനെ പറഞ്ഞ് അവിടെനിന്നും ഇറങ്ങി നടന്നു . നാട്ടിലേക്കുള്ള ബസ് സ്റ്റോപ്പിൽ കിടപ്പുണ്ടായിരുന്നു ബസിനകത്തുകയറിയപ്പോൾ ഒരു ഹലോ വിളി കേട്ട് തിരിഞ്ഞു നോക്കി . മനുസാറിനെക്കണ്ടു ഒരുപാട് ആഹ്ലാദം തോന്നി. അപ്പോഴാണ് മനുസാറിനടുത്തിരിക്കുന്ന ആളിനെ ശ്രദ്ധിച്ചത് .

You can share this post!