ഋതുസംക്രമം

4

വാതിൽപ്പടിയിൽ പിടിച്ച്‌ പുറത്തേയ്ക്കു നോക്കിനിൽക്കുന്ന മുത്തശ്ശി . എന്താ കുട്ടി ഇത്രപെട്ടെന്ന് എത്തിയോ ?ദേവിയ്ക്ക് അർച്ചന കഴിച്ചൂല്ലോ ഇല്ലേ ?.മുത്തശിയുടെ ജിജ്ഞാസ കലർന്ന ചോദ്യം കേട്ട് .ഒരുനിമിഷം സ്തബ്ധയായിനിന്നു . അർച്ചന കഴിയ്ക്കാൻ മറന്നുപോയിരിക്കുന്നു. മിത്രന്റെ പെരുമാറ്റത്തിൽ മനം നൊന്ത താൻ എല്ലാം മറന്നു തിരിഞ്ഞോടുകയായിരുന്നല്ലോ !..

ഇല്ല മുത്തശ്ശി ഞാൻ അർച്ചന കഴിക്കാൻ മറന്നുപോയി … ” വിക്കിവിക്കി പറഞ്ഞു

എന്തെ കുട്ടിയിപ്പറയുന്നത് ?..നിന്റെ പക്കപ്പുറന്നാളാണിന്ന് .ദേവിയ്ക്ക് അർച്ചന കഴിക്കാതെ പോരരുതായിരുന്നു. ഏറെ കഷ്ടകാലമുള്ള സമയമാണ് നിനക്കിപ്പോൾ .എനിയ്ക്കാണെങ്കിൽ വയ്യാതായല്ലോ ദേവീ ,അല്ലെങ്കിൽ അത്രടം വരെ പോകാമായിരുന്നു. ”മുത്തശ്ശിയുടെ നിരാശ നിറഞ്ഞ ശബ്ദം പക്ഷെ താൻ കേട്ടില്ല. മനസ് വല്ലാതെ മുറിഞ്ഞിരുന്നു…..

മിത്രന്റെ മുറിപ്പെടുത്തുന്ന വാക്കുകൾ ഓർത്തു . വേദനയോടെ കിടക്കയിലേക്ക് വീണു., എപ്പോഴോ ഉറങ്ങിപ്പോയി .ഒരു തണുത്ത സ്പർശം ,തലോടൽ വീണ്ടും ഉണർത്തി .’കണ്ണു തുറന്നപ്പോൾ അരികിൽ മുത്തശ്ശി നില്പുണ്ടായിരുന്നു. എന്താ കുട്ടീ ,അമ്പലത്തിൽ പോയി വന്ന വഴിയെ കേറി കിടക്കണേ ….അതിരാവിലെ ഉണർന്നെണീറ്റ ക്ഷീണായിരിക്കും ഇല്ല്യേ ?..”

മുത്തശ്ശിയോട് അമ്പലത്തിൽ നടന്ന കാര്യങ്ങൾ പറയണമോ എന്നലോചിച്ചു .പിന്നെ വേണ്ടെന്നു വച്ചു . മുത്തശ്ശിയെക്കൂടി വിഷമിപ്പിയ്ക്കുന്നതെന്തിനെന്ന് വിചാരിച്ചു .തന്റെ ആലോചന മനസ്സിലാക്കിയിട്ടെന്നവണ്ണം മുത്തശ്ശി ചിരിച്ചുകൊണ്ട് പറഞ്ഞു .”നിന്റെ വിഷമം എനിയ്ക്കു മനസ്സിലാകും കുട്ടി ….ആ അമ്പലത്തിൽ ചില മോശം പെരുമാറ്റങ്ങൾ നിന്റെ നേർക്കുണ്ടായിട്ടുണ്ടാകും ഇല്ല്യെ ?നിനക്കറിയോ?..അത് പൂമംഗലം മനവക അമ്പലമാണ് പണ്ട് ധാരാളം സ്വത്തുണ്ടായിരുന്നവർ..ആ മനയിലെയാണ് മിത്രൻ . .ഞാനും നിന്റെ മുത്തശ്ശനുമൊക്കെ ആ മനവക പാടത്തും പറമ്പിലുമെല്ലാം പണിയെടുത്തിട്ടുണ്ട് . അവരുടെ കുടികിടപ്പുകാരായിരുന്നു ഞങ്ങൾ. ആ ഒരാധിപത്യ മനോഭാവം ,അവരിൽ ചിലർക്കിപ്പോഴും ഞങ്ങളോടുണ്ട്. ഇന്നിപ്പോൾ നമ്മളാണ് സാമ്പത്തികമായി അവരെക്കാൾ ഉയർന്നവർ .അതിന്റെ അസ്സൂയയാണ് ആ മിത്രന്റെ ഉള്ളിൽ ഇപ്പോഴും കത്തി നിൽക്കുന്നത് .മാത്രമല്ല സ്വത്തുക്കളൊക്കെ ക്ഷയിച്ചുവെങ്കിലും പൂമംഗലം മനയിലെ രുദ്രൻ നമ്പൂതിരിയുൾപ്പെടെ ഒന്ന് രണ്ടു നമ്പൂതിരിമാരുടെ വഷളത്തരത്തിനും ,അഹങ്കാരത്തിനും ഒരു കുറവൂല്യ .. . രുദ്രനിപ്പോൾ വയ്യാതെ കിടപ്പിലാണ് . പണ്ട് അയാളുടെ കീഴിൽ പണിയെടുത്തിരുന്നപ്പോൾ ഞങ്ങള് കുറെ അനുഭവിച്ചു .പിന്നെഅയാളുടെ അനുജനായ ഈ മിത്രന് കള്ളും ,കഞ്ചാവും പെണ്ണുപിടിയും അല്പം രാഷ്ട്രീയോക്കെ ഉണ്ടെന്നുകേൾക്കണുണ്ട് .

ഒരിക്കൽ പട്ടണത്തിലെ ഒരു ലോഡ്‌ജിന്ന് ഇയാളെയും ഒന്ന് രണ്ടു സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തൂത്രെ പത്രത്തിലൊക്കെ വാർത്തയും വന്നു .എന്നാൽ ആ കേസ്സിൽനിന്നും എങ്ങിനെയൊക്കെയോ അയാൾ തല ഊരിപ്പോന്നു .പോലീസിലേയും രാഷ്ട്രീയത്തിലെയും ചിലർ അയാൾക്ക് കൂട്ടുണ്ടെന്നും കേൾക്കണുണ്ട് .ഏതായാലും പണ്ട് ആ അമ്പലത്തിൽ ഇയാളായിരുന്നു പൂജാരി എന്നാൽ കേസും കൂട്ടവുമായപ്പോൾ അമ്പലം ഭരണ സമിതിക്കാർ ഇയാളെ പൂജാരി സ്ഥാനത്തൂന്ന് നീക്കി , ഉൽസ്സവം കമ്മിറ്റി പ്രസിഡന്റാക്കി .

മനവക അമ്പലായതോണ്ട് അയാളെ ഒഴിച്ച് നിർത്താനാവില്ലത്രേ . ഇതൊന്നുമല്ല നമ്മളോട് അയാൾക്ക്‌ വിരോധം വരാൻ കാരണം .അന്നൊരിയ്ക്കൽ നിന്റെ അച്ഛനുമായി ഈ മിത്രൻ ഒന്നുടക്കി .വർഷങ്ങൾക്കുമുമ്പാണത് .ഗിരിജയുടെ വിവാഹത്തിന് മുമ്പുള്ള കാലം. അന്നവൾക്കു പത്തുപതിനെട്ടു വയസ്സുണ്ടാകും .അന്നൊരിയ്ക്കൽ അമ്പലത്തിൽ തൊഴാനെത്തിയ അവളെ ആളൊഴിഞ്ഞ നേരത്തുനമ്പൂതിരി കടന്നുപിടിച്ചു . അവൾ എങ്ങിനെയൊക്കെയോ ഓടി രക്ഷപ്പെട്ടു .ഇതറിഞ്ഞ മാധവൻ ചോദിക്കാനായി അമ്പലത്തിലെത്തി . അന്ന് മാധവൻ ഗൾഫിൽ നിന്നും ലീവിൽ മടങ്ങിയെത്തിയ സമയമായിരുന്നു. അവൻ അമ്പലത്തിൽ ചെന്ന് മിത്രനെ തലങ്ങും വിലങ്ങും അടിച്ചു . .നാട്ടുകാരിൽ ചിലർ ഇടപെട്ടാണ് അവനെ പിടിച്ചു മാറ്റിയത് . അതിൽപ്പിന്നെ അയാളും അയാളുടെ കുറെ ശിങ്കിടികളും നമ്മളുമായി ബദ്ധ ശത്രുതയിലാണ്

തരം കിട്ടുമ്പോഴൊക്കെ ജാതിയുടെ പേരും പണ്ടത്തെ കാര്യങ്ങളും പറഞ്ഞ് നമ്മളെ തരം താഴ്ത്താൻ നോക്കും .”അതുവരെ എല്ലാം കേട്ട് മിണ്ടാതിരുന്ന പ്രിയ പറഞ്ഞു .”ശരിയാണ് മുത്തശ്ശി പറഞ്ഞത് .അയാൾ എന്നോടും അങ്ങിനെത്തന്നെയാ പെരുമാറിയത് .”.”അതെ കുട്ടി .തിരുമേനി സ്ഥാനത്തൂന്ന് അയാളെ മാറ്റിയെങ്കിലും ഇപ്പളും മറ്റു തിരുമേനിമാർക്ക് അസൗകര്യള്ളപ്പോ ഇയാളായിരിക്കുംപൂജാരി . .അങ്ങിനെയുള്ളപ്പോൾ അമ്പലത്തിൽ ചെന്നാലും അത്ര സുഖോല്യ കാര്യങ്ങൾ .ഞാൻ പിന്നെ എന്തൊക്കെ കേട്ടാലും കേട്ടില്ലെന്നു നടിയ്ക്കും .നമ്മള് ദേവിയെ അല്ലെ തോഴാൻ പോകുന്നത് നമ്പൂതിരിയെ അല്ലല്ലോ .ഇപ്പോൾ നാട്ടുകാരും പഴയതെല്ലാം മറന്നു അയാളെ ബഹുമാനത്തോടെ കാണുന്നുണ്ടെന്നു തോന്നുന്നു. അതിന്റെ അഹങ്കാരവും . അയാൾക്കുണ്ട് മുത്തശ്ശിയുടെ വിവരണങ്ങൾ കേട്ടപ്പോൾ കാര്യങ്ങൾ മനസിലായി .അതോടെ അല്പം ആശ്വാസം തോന്നി 

.” . പണ്ട് മലമുകളിലെ ഭദ്രകാളി ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്ന തിരുമേനിയെ മുത്തശ്ശിയ്ക് ഓർമ്മയുണ്ടോ .?സാത്വികനായ ആ തിരുമേനി എന്റെ ബാല്യത്തിലെ നല്ല ഓർമകളിൽ ഒന്നാണ് .പാവം !ആ തിരുമേനി സ്ട്രോക്ക് വന്നു കിടപ്പിലാണത്രെ .

.’ശരിയാണ് കുട്ടി .പൂമംഗലത്തെ രുദ്രൻ തിരുമേനിയുടെ വേറൊരു അനുജനാണത്.രാവണകുലത്തിൽ വന്നു പിറന്ന വിഭീഷണൻ .. അതുപോലൊരു നല്ല മനുഷ്യനെ ഇക്കാലത്തു കണ്ടു കിട്ടാൻ പ്രയാസമാണ് നല്ലവരെയാണല്ലോ ഈശ്വരൻ കൂടുതൽ പരീക്ഷിക്കുന്നത് .എന്റെ ദേവീ മുത്തശ്ശി ദീർഘനിശ്വാസം വിട്ടുകൊണ്ട് മുകളിലേയ്ക്കു നോക്കി. പ്രാർത്ഥിച്ചു .പിന്നെ പറഞ്ഞു ..”അല്ല കുട്ടി .നീ അമ്പലത്തിൽ പോയപ്പോൾ ദേവിക ഫോണിൽ വിളിച്ചിരുന്നു .അവൾക്കു നല്ല വിഷമംണ്ട് നിന്റെ ഈ സമയത്തെക്കുറിച്ച് .അല്ലാ .. നിനക്കെത്ര ആലോചനകൾ വന്നിട്ടും നടക്കാതെ പോയതു നിന്റെ കഷ്ടകാലം കാരണമാണത്രെ ഒരു പന്ത്രണ്ടു ദിവസം ദേവീടെ അമ്പലത്തിൽ കുളിച്ച് തൊഴുന്നത് നല്ലതാണെന്ന് ഏതോ ജ്യോത്സ്യൻ ദേവികയോട് പറഞ്ഞൂന്ന് ..”

ഹൊ !..ഈ അമ്മയുടെ ഒരു കാര്യം . .ഭക്തിയും ജ്യോത്സ്യവും തലയ്ക്കു പിടിച്ച മട്ടാണ് . ,മുത്തശ്ശിയോട് എന്റെ കല്യാണം നടക്കാത്തതിന്റകാരണങ്ങൾ നിരത്തിയിരിയ്ക്കുന്നു . അച്ഛനെപ്പോലെ അല്പം പുരോഗമനവാദിയായ തനിക്കിതൊന്നും ദഹിയ്ക്കുകയില്ലമനസ്സ് മന്ത്രിച്ചു. ”പന്ത്രണ്ടു ദിവസമോ ,.അതൊന്നും നടക്കുകയില്ല മുത്തശ്ശി .ഞാനപ്പോഴേയ്ക്കും ഗൾഫിലേക്കു തിരിച്ചുപോകും ഒരു കള്ളം പറഞ്ഞു . ഒരു മാസം ഇവിടെ നിന്ന് വഴിപാടൊക്കെ നടത്തിയിട്ട് തിരിച്ചു ചെന്നാൽ മതിയെന്ന അമ്മയുടെ കല്പന മനപ്പൂർവം മറന്നു

പന്ത്രണ്ട് ദിവസത്തിനുള്ളിൽ താൻ തിരിച്ചു പോകുമെന്ന് പറഞ്ഞത് മുത്തശ്ശിയ്ക്ക് ഒട്ടുംപിടിച്ചില്ല . പറഞ്ഞത് കള്ളമാണെന്ന് മുത്തശ്ശിയെ ബോധ്യപ്പെടുത്തേണ്ടിയിരിയ്ക്കുന്നു…. . മുഖം തരാതെ നടന്നുനീങ്ങിയ മുത്തശ്ശിയെ നോക്കി വിളിച്ചു പറഞ്ഞു .”പിണങ്ങേണ്ട മുത്തശ്ശി, ഞാൻപന്ത്രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചു പോവുകയൊന്നുമില്ല. അതോർത്ത് വിഷമിക്കേണ്ട. ” അടുത്തുചെന്ന് മുത്തശ്ശിയുടെ നനഞ്ഞ കവിൾ തുടച്ചു കൊടുത്ത് ആ കവിളിൽ ഉമ്മ വച്ചുകൊണ്ട് പറഞ്ഞു.

ഈ സ്നേഹക്കൂട്ടിൽനിന്നു ഞാൻ അത്ര പെട്ടെന്ന് പറന്നുപോകുമോമുത്തശ്ശി?.. . മുത്തശ്ശനെയും മുത്തശ്ശിയെയും വിട്ട് ഈ അമ്മുവിന് പോകാനാകുമോ.നാളെ മുതൽ ഞാൻ അമ്പലത്തിൽ പോയി തൊഴുതോളാം . ഇപ്പൊ സമാധാനമായില്ലേ മുത്തശ്ശിയ്ക്.” .പെട്ടെന്ന് കണ്ണുകൾ തുടച്ച് പുഞ്ചിരിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു . ”നിന്നെ എത്ര കാലം കൂടീട്ടാ ഒന്ന് കാണണത് അമ്മൂ… .നീ പോകുന്നെന്ന് പറഞ്ഞപ്പോൾ എനിയ്ക്കാകെ വിഷമായി.നിന്നെഞാൻ ഇപ്പോഴെങ്ങും മടക്കി അയക്കുകയില്ലനിന്റെ അച്ഛനമ്മമാർക്ക് വേണമെങ്കിൽ നിന്നെ ഇവിടെ വന്നു കാണട്ടെ . ഇനി നിന്റെ കല്യാണം വരെ നീയിവിടെ നിന്നാൽ മതി .നമുക്കിവിട്ന്ന് നല്ലൊരു പയ്യനെ കണ്ടെത്താംമുത്തശ്ശിതന്നെ ചേർത്തുപിടിച്ചു .

ഒന്ന് പോ മുത്തശ്ശി.എനിക്കിപ്പോൾ കല്യാണമൊന്നും വേണ്ട ”. താൻ മുത്തശ്ശിയെ പതുക്കെ ഉന്തി അല്പം നാണത്തോടെ പറഞ്ഞു . അതുകണ്ട് മുത്തശ്ശി ചിരിച്ചുകൊണ്ട് നടന്നകന്നു അല്പം കഴിഞ്ഞപ്പോൾ അമ്മയുടെ ഫോൺ വന്നു അമ്മുവിന്റെ ജന്മദിനമായിട്ട് അമ്പലത്തിൽ പോയി തൊഴുതോ എന്നന്വേഷിച്ചു .പോയിരുന്നു എന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് സമാധാനമായി  .”ഞങ്ങൾ ഉടനെതന്നെ അങ്ങോട്ട് വരുന്നുണ്ട് .അച്ഛൻ ഫ്ലൈറ്റ് ബുക്ക് ചയ്തു കഴിഞ്ഞു .ഞങ്ങൾ വരുമ്പോൾ നിനക്കുളള ജന്മദിനസമ്മാനവും കൊണ്ടുവരാംഅമ്മയുടെ വാക്കുകൾ ,കർണപുടങ്ങളിൽ ആനന്ദമഴ പെയ്യിച്ചു ഇത്രപെട്ടെന്ന് അച്ഛനെയും,അമ്മയെയും രഞ്ജുവിനെയും കാണാനാവുമെന്ന് വിചാരിച്ചില്ല .ആഹ്ലാദത്തോടെ മറുപടി പറഞ്ഞു.

 ”ഇതറിയുമ്പോൾ മുത്തശ്ശനും മുത്തശ്ശിയ്ക്കും വല്യമ്മയ്ക്കും വിനുവിനുമൊക്കെ വലിയസന്തോഷമാകും.  എന്നോടിപ്പോഴൊന്നും ഇവിടുന്ന് പോകേണ്ടാന്ന് പറഞ്ഞിരിയ്ക്കുകയാണ്  .ആ കമ്പനിയിലെ ജോലി അല്പകാലത്തേയ്ക്ക് വേണ്ടെന്നു വെച്ച്‌ ഇവിടെനിന്ന് ഐ എ എസ്സിന് പ്രിപ്പയർ ചെയ്താലോ എന്നാണ് ഞാനിപ്പോൾ ആലോചിയ്ക്കുന്നത് .അച്ഛന്റെ സമ്മതം ലഭിച്ചു കഴിഞ്ഞു. അമ്മ എന്ത് പറയുന്നു ?…പാവം മുത്തശ്ശനും ,മുത്തശ്ശിയും. അവർ കുറച്ചുകാലം കൂടിയല്ലേ ഉണ്ടാവുകയുള്ളൂ .അത്രയും കാലം അവർ സന്തോഷിക്കട്ടെ അല്ലെ അമ്മെ .” ‘അമ്മയുടെ മറുപടിയ്ക്കായി കാത്തു. .എന്നാൽ തനിക്കു വയസ്സ് ഇരുപത്തിയഞ്ചു കഴിഞ്ഞുവെന്നും അതിനാൽ വിവാഹം ഉടനെ നടക്കണം എന്നും അമ്മ നിർബന്ധം പിടിച്ചു .മാത്രമല്ല ഐ എ എസ്സിന് പ്രിപ്പയർ ചെയ്യാൻ ആ കുഗ്രാമത്തിൽ എവിടെയാണ് സൗകര്യം എന്നും അന്വേഷിച്ചു .അടുത്തുള്ളപട്ടണത്തിൽ കോച്ചിങ് സെന്ററും മറ്റെല്ലാസൗകര്യവുമുണ്ടെന്നും എല്ലാറ്റിനും ഒരനുജനെപ്പോലെ വിനു സഹായിക്കുമെന്നും താൻ അമ്മയെ അറിയിച്ചു . ഐ എ എസ് ലഭിച്ചു കഴിഞ്ഞാൽ ഒരു ഐ എ എസ് കാരനെ തന്നെ തനിക്കു ഭർത്താവായി ലഭിക്കുമെന്നും അപ്പോൾ ഇതിനേക്കാൾ നല്ല ഒരു ഗ്ലാമർ ലൈഫ് കിട്ടുമെന്നും പറഞ്ഞതോടെ അമ്മ വീണു .

ഏതായാലും നീ സ്വയം നിന്റെ കാര്യങ്ങൾ നോക്കാൻ പഠിയ്ക്കണം .ഒപ്പം നീ ഒരു പെണ്ണാണെന്ന ഓർമ്മ വേണം.സന്ധ്യകഴിഞ്ഞാൽ ഒരിടത്തും ഒറ്റയ്ക്ക് യാത്രചെയ്യരുതു് . വിനുവിനെയോ മറ്റൊകൂട്ടിക്കൊള്ളണം”മകൾഅകലെ യായിരിയ്ക്കുമ്പോഴുള്ളഒരമ്മയുടെ ആകാംക്ഷആയിരുന്നുഅത്.എന്നാൽ താൻ പറഞ്ഞതിങ്ങനെയാണ് ,എനിക്കിവിടെ ഒരു പേടിയുമില്ല അമ്മെ. ഈ ഗ്രാമത്തിന്റെ വിശുദ്ധി ഇവിടുത്തെ ആൾക്കാരിലും കാണാം ..”അമ്മയെ സമാധാനിപ്പിക്കാനായി അങ്ങനെ പറഞ്ഞുവെങ്കിലും രാവിലത്തെ സംഭവം ഒരിയ്ക്കൽ ക്കൂടി തന്നെ ഭയത്തിന്റ താഴ്വരയിലേക്ക് നയിച്ചു.ആ തിരുമേനിയെയും കൂട്ടരേയുംകുറിച്ച് അമ്മയോട് പറഞ്ഞാലോ എന്നാലോചിച്ചു വീണ്ടും അത് വേണ്ടെന്നുവച്ചു.അമ്മയ്ക്കതൊന്നും ദഹിയ്ക്കുകയില്ല..അമ്പലത്തിലെ പൂജാരിമാർ ദൈവത്തിന്റെ അടുത്ത ആൾക്കാരാണെന്നാണ് അമ്മയുടെ പക്ഷം .അവരോടു വിദ്വേഷം കാണിക്കുന്നതും പറയുന്നതും ദൈവവിരോധം ഉണ്ടാക്കുമത്രേ അപ്പോൾ ചിലതിരുമേനിമാർ ദൈവത്തെ പൂജിച്ചുകൊണ്ടു ആ തിരുമുമ്പിൽ വച്ചു തന്നെ ദൈവവിരോധം പ്രവർത്തിക്കുന്നതോ ?.അതിനമ്മയ്ക്കു ഉത്തരമുണ്ടാവാറില്ല .അമ്മയേക്കാൾ പുരോഗമന ചിന്താഗതിക്കാരിയാണ് മുത്തശ്ശി . ഒന്നും അന്ധമായി വിശ്വസിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാറില്ല .ധാരാളം വായിക്കുന്നസ്വഭാവക്കാരിയായതുകൊണ്ട് യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ മുത്തശ്ശിക്ക് കഴിയും. കുളിച്ചു തൊഴുന്ന കാര്യം വീണ്ടുമോർമിപ്പിച്ച്‌ അമ്മ ഫോൺ വച്ചു .

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയുണ്ണുമ്പോൾ മിത്രനെക്കുറിച്ച് ആലോചിച്ചു അയാളുടെ അധിക്ഷേപം തന്നെ അമ്പലത്തിൽ പോകുന്നതിൽ നിന്നും വിലക്കുമോ എന്ന് ഭയപ്പെട്ടു .എങ്കിൽ പിന്നെ അമ്മയോടെന്തു പറയുമെന്ന് ചിന്തിച്ചു. തന്റെ മനോഗതം മനസ്സിലാക്കിയതു പോലെ മുത്തശ്ശി പറഞ്ഞു .”കുട്ടീ ..ഒന്നുമാലോചിക്കേണ്ട .വിളിച്ചാ വിളിപ്പുറത്തെത്തുന്ന ദേവിയാ അതുമാത്രം ആലോചിച്ചാമതി .ദൈവങ്ങൾക്ക് മതവും ജാതിയുമൊന്നും ഇല്ലെന്ന് കുട്ടിക്കറിയാലോ എല്ലാ മനുഷ്യരെയും ദൈവം ഒരുപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത് .കേവലം മനുഷ്യരായിട്ടു മാത്രം ഇത്ര പഠിപ്പുള്ള കുട്ടിക്ക് മുത്തശ്ശി ഇതൊന്നും പറഞ്ഞു തരേണ്ടല്ലോ .നാളെ അതിരാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോകാൻ തയ്യാറായിക്കോളു

മുത്തശ്ശി പറഞ്ഞത് കേട്ട് വെറുതെ ചിരിച്ചു .വിദ്യാഭ്യാസം തീരെ കുറഞ്ഞ മുത്തശ്ശി പറഞ്ഞ വാക്കുകൾ എത്ര ശരിയാണെന്നോർത്തു അതുവരെയുണ്ടായിരുന്ന ആകുലതകളെല്ലാം ആ വാക്കുകളിൽ അലിഞ്ഞില്ലാതെയാകുന്നതായും ,ഒപ്പം ഭക്തിയുടേതായ ഒരു ആത്മീയ പരിവേഷം ഉള്ളിൽ വന്നു നിറയുന്നതായും തോന്നി . .

തുടരും

You can share this post!