ഇരുളിന്റെ ചുവപ്പ് നിറം/ജിത്തു നായർ


എവിടെയോ എന്തോ തകരുന്നുണ്ട്. പൊട്ടിയടർന്നു വീഴുന്ന ശബ്ദങ്ങൾ മുഴങ്ങി കേൾക്കുന്നുണ്ട്.

അല്ല !
അത് പുഴ ഒഴുകുന്ന ശബ്ദമല്ലേ?

കുത്തി ഒലിച്ചു വരുന്ന തിരകൾ പാറകളിൽ ചെന്നിടിച്ചു തകർന്നു തെറിക്കുമ്പോളുണ്ടാകുന്ന ശബ്ദം.
അല്ല, അതുമല്ല…. തിരിച്ചറിയുവാനാകുന്നില്ല…
ഇരുട്ടാണ്. കനത്ത ഇരുട്ടിന്റെ കോട്ടയ്ക്കുള്ളിൽ അകപ്പെട്ടു പോയിരിക്കുന്നു ഞാൻ. പുറത്തു കടക്കുവാനാകാത്ത പോലെ എന്നെ ഇരുട്ട് കൊണ്ട് ഒരു പുതപ്പ് പോലെ പൊതിഞ്ഞിരിക്കുകയാണ്‌. പൊളിച്ചെറിയുവാൻ നോക്കിയിട്ടും കഴിയാത്ത വിധം ബന്ധനത്തിലായ പോലെ.
ഒന്ന് പിടയുവാൻ പോലും കഴിയുന്നില്ല..
ശരീരം ചുട്ട് പൊള്ളുന്ന അവസ്ഥ!

ഞാൻ എവിടെയാണ്?
എങ്ങനെ ഇവിടെയെത്തി ?

മുൻപ് കേട്ടിരുന്ന ശബ്ദം കൂടുതൽ ഇരമ്പലോടെ ഇപ്പോൾ കേൾക്കുവാൻ കഴിയുന്നു..

അത് പുഴയല്ല!

പെട്ടെന്നൊരു പൊട്ടിത്തെറി ഉണ്ടായി..
ആ ഞെട്ടലിൽ ഞാനെന്റെ കൺപോളകൾ പരമാവധി ശക്തിയോടെ വലിച്ചു തുറന്നു.
മറഞ്ഞു പോയ ബോധമണ്ഡലങ്ങൾ പുനർജനിച്ചാലെന്ന പോലെ എന്റെ വിചാരങ്ങളിലൂടെ ഒഴുകുവാൻ തുടങ്ങി..
ശരീരം നുറുങ്ങുന്ന വേദന..
എവിടെയൊക്കെയോ തീയെരിയുന്നു!
ഇരുളിൽ ചാലിച്ചു ചേർത്താലെന്ന പോലെ നേർത്ത അരണ്ട വെളിച്ചം മാത്രം…
ചുവപ്പ് കലർന്നാലെന്ന ചോരനിരമായിരുന്നു ഇരുളിന് പോലും…
എങ്കിലും ഞാൻ എവിടെയെന്ന് തിരിച്ചറിയുവാൻ വൈകി..

ചലനമറ്റ ശരീരങ്ങൾക്കടിയിലാണ് ഞാൻ എന്ന തിരിച്ചറിവെന്നെ നടുക്കി.

ഭാരം കൊണ്ടനങ്ങുവാൻ വയ്യ. ഒന്ന് ശ്വാസം വലിച്ചെടുത്തു ഞാൻ. ജഡങ്ങളുടെ മനം മടുപ്പിക്കുന്ന ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി. അതെന്നിൽ അറപ്പ് ജനിപ്പിച്ചു…

യുദ്ധം കഴിഞ്ഞോ ?
ആരാണ് ജയിച്ചത്?
എല്ലാവരും മരിച്ചുവോ?

വലതു ഭാഗത്തൊരനക്കം കേട്ടു.
കിടന്ന കിടപ്പിൽ തന്നെ തല ചരിച്ചു നോക്കി. തൊട്ടപ്പുറത്തു കയ്യെത്തും അകലത്തിൽ ഒരാൾ അനങ്ങുന്നുണ്ട്. എന്റെ കണ്ണുകൾക്ക് മങ്ങലുണ്ട്. എന്നാലും തിരിച്ചറിഞ്ഞു. ശത്രുവാണ്. എന്റെ മനസ്സിൽ പക നിറഞ്ഞു. കണ്ണുകൾ കൊണ്ടൊന്ന് ചുറ്റും പരതി. ഇടതു ഭാഗത്തായി കയ്യെത്തും അകലെ ഒരു ഇരുതല വാൾ..
അതെടുക്കാനായി ഇടതു കൈ അതിവേഗം ചലിപ്പിച്ചു..
ഇല്ല എനിക്കാ വാളിൽ സ്പർശിക്കുവാൻ പോലുമാകുന്നില്ല..
അത്ഭുതം തോന്നി! ഇത്രയടുത്തുണ്ടായിട്ടും എനിക്കത് കൈക്കലാക്കുവാൻ സാധിക്കുന്നില്ല..
ഒന്ന് കൂടി ശ്രമിച്ചു. കഴിയുന്നില്ല..

ഒരു നടുക്കം! വിസ്ഫോടനം തലക്കുള്ളിൽ…

ഞാൻ വിയർത്തു പോയി…

എന്റെ ഇടതു കയ്യുടെ സ്ഥാനം ശൂന്യമായിരുന്നു..

ഞെട്ടറ്റ പൂവിന്റെ തണ്ടു പോലെ എന്റെ കൈമുട്ടിനു താഴെയായി പുതിയൊരു ശൂന്യത ജനിച്ചിരിക്കുന്നു. എന്റെ കൈ മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു..

ഭാരമേറിയ ജഡങ്ങൾക്കിടയിലൂടെ നൂണ്ട് ഞാൻ പുറത്തു കടക്കുവാൻ ശ്രമിച്ചു. ഇഴഞ്ഞും, നിരങ്ങിയും, എങ്ങനെയൊക്കെയോ ചോരച്ചാലുകൾ കൊണ്ട് ചെളി കുളം തീർത്ത മണ്ണിൽ സ്വതന്ത്രനായി എങ്കിലും നിസ്സഹായനായി, നിരാലംബനായി ഞാൻ കിടന്നു. എവിടെയൊക്കെയോ വീണ്ടും സ്ഫോടന ശബ്ദങ്ങൾ.

പതിയെ എഴുന്നേൽക്കുവാൻ ശ്രമിച്ചു. തലയ്ക്കു പിന്നിലും നട്ടെല്ലിലും വല്ലാത്ത ഭാരം. വലതു കാൽ ആനക്കുവാൻ കഴിയാത്ത വിധം മരവിച്ചിരിക്കുന്നു. വലതു നെഞ്ചിനു താഴെ അതി കഠിനമായ വേദന.
അവശേഷിച്ച വലതു കൈ കൊണ്ട് തൊട്ടു നോക്കി. ഉണങ്ങാത്ത ചോര, കൊഴുപ്പ് പോലെ മേലങ്കിയിൽ ഒട്ടിപിടിച്ചിരിക്കുന്നു.
യുദ്ധത്തിൽ ആരുടെയോ വെട്ടേറ്റതാണ്…

അത്ഭുതം തോന്നിയത് അറ്റ് പോയ ഇടത് കൈ അല്പം പോലും എന്നെ വേദനിപ്പിക്കുന്നില്ല. ആകെ മരവിച്ച അവസ്ഥയിലാണ് മുറിവുകൾ. തല ചുറ്റുന്നുണ്ട്.

പതിയെ ചെളിയിൽ പൂണ്ട് കിടന്ന ഒരുവാൾ ഞാൻ എങ്ങനെയോ ഉയർത്തി. കുറച്ചു മുൻപ് ഞരക്കം കേട്ട ഭാഗത്തേക്ക് നീങ്ങി. വാളോങ്ങിയെങ്കിലും എനിക്ക് അയാളെ ഉപദ്രവിക്കുവാൻ തോന്നിയില്ല. പതിയെ ഉയർത്തിയ വാൾ താഴെക്കിട്ട് അയാൾക്കരികിലേക്ക് കുനിഞ്ഞു, മുട്ടു കുത്തിയിരുന്നു ഒരു വിധം.
അയാളുടെ ഞരക്കം നിലച്ചിരിക്കുന്നതായി തോന്നി. നെഞ്ചിൽ അയാളുടെ ഹൃദയഭാഗത്ത് കയ്യമർത്തി നോക്കി.
ഇല്ല.. അനക്കമില്ല…

സ്ഥീരീകരിക്കുവാനായി അയാളുടെ തൊണ്ടയിലെ ഞരമ്പിൽ തോട്ടു നോക്കി.
അയാൾ മരണപ്പെട്ടിരിക്കുന്നു..

പെട്ടെന്ന് വീണ്ടുമൊരു സ്ഫോടനം കൂടിയുണ്ടായി. ഇത്തവണ സത്യത്തിൽ എനിക്ക് ഭയമാണ് തോന്നിയത്. യുദ്ധഭൂമിയിൽ ഞാനല്ലാതെ മറ്റൊരാൾ പോലും ജീവനോടെയുണ്ടെന്ന് തോന്നുന്നില്ല. കത്തിയമരുന്ന രഥങ്ങളും കൊടിമരങ്ങളും. ജഡങ്ങൾ മനുഷ്യന്റേത് മാത്രമായിരുന്നില്ല. സ്വാർത്ഥമതിയായ മനുഷ്യന് വേണ്ടി മൃതിയടഞ്ഞ മൃഗങ്ങളുടേതുമുണ്ടായിരുന്നു. പതിയെ ഞാൻ എഴുന്നേറ്റു…
ഇവിടെ നിന്നും എങ്ങനെയും രക്ഷപ്പെടണം എന്ന് തോന്നി..

പെട്ടെന്നെനിക്ക് എന്റെ അറ്റ് പോയ കൈ ഓർമ്മ വന്നു..
ഞാൻ ആ മുറിവിലേക്ക് നോക്കി..
നഷ്ടബോധം നിറഞ്ഞു തൂവി മനസ്സിൽ…
ജനിച്ചപ്പോൾ മുതൽ കൂടെയുണ്ടായിരുന്നതെന്തോ നഷ്ടമായിരിക്കുന്നു. എന്റെ സ്വന്തമായിരുന്നതെന്തോ. എന്റെ ഉടലിന്റെ ഭാഗമായിരുന്നതെന്തോ. പെട്ടെന്നുണ്ടായ ആവേശത്തിൽ ഞാനെന്റെ കൈ തിരയുവാൻ തുടങ്ങി. ജഡങ്ങൾ മറിച്ചിട്ടും, തകർന്ന രഥ ചക്രങ്ങൾ ഒറ്റക്കയ്യാൽ ഉരുട്ടി മാറ്റിയും. രക്തം വീണു കുതിർന്ന മണൽ കൂന വകഞ്ഞു മാറ്റിയും ഞാൻ തിരഞ്ഞു.
യുദ്ധം തന്ന മുറിവുകളുടെ തളർച്ച മാത്രം ആയിരുന്നില്ല, ഒരു കൈ കൊണ്ട് ഇതൊക്കെ ചെയ്യുക എനിക്ക് വളരെ അസ്സഹനീയമായി തോന്നി. ഞാൻ കൂടുതൽ കൂടുതൽ തളരുകയായിരുന്നു..

അവസാനം മടുത്തു ഞാൻ മണ്ണിലേക്ക് വീണു..

ആകാശം നോക്കി കിടന്നു ഞാൻ കിതച്ചു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

എന്തിനായിരുന്നു?
ആർക്ക് വേണ്ടിയായിരുന്നു?
അവസാനം ആര് ജയിച്ചു?

ആർക്കോ വേണ്ടി ആരെയൊക്കെയോ കൊന്നൊടുക്കി. ഒരിക്കലും കണ്ടിട്ട് കൂടിയില്ലാത്തവർ എന്റെ വാൾമുനയാൽ രക്തം ചീന്തി. നിസ്സഹായരായി എത്രയോ ഭടന്മാർ, ആശ്വാരൂഢന്മാർ, ഗജങ്ങളേറിയ പോരാളികൾ… എവിടെയെല്ലാവരും?

അവസാനം ആരും ഒന്നുമായിരുന്നില്ല എന്ന സത്യം മാത്രം ബാക്കിയായി…

എന്റെ കണ്ണുകൾ ചുട്ടുപൊള്ളി. അവ ലാവയായ് കവിളിലൂടെ ഒഴുകിയിറങ്ങി കൊണ്ടിരുന്നു..
ഒരിക്കലും മനസ്സിലാക്കുവാൻ കഴിയാതെ പോയതെന്തൊക്കെയോ തിരിച്ചറിയുകയായിരുന്നു ഞാൻ..
ദൂരെ എവിടെയോ ഒരാരവം കേൾക്കുന്നു..
രഥ ചക്രങ്ങൾ മണ്ണിലുരയുന്ന ശബ്ദം.. കുതിരകളുടെ കുളമ്പടി ശബ്ദം.
അധികം ദൂരെയല്ലാതെയാണതന്നെനിക്ക് മനസ്സിലായി.
വീണ്ടും ഞാനൊരുവിധം എഴുന്നേറ്റു..
ശബ്ദം കേട്ട ഭാഗത്തേക്കേന്തി വലിഞ്ഞു ഞാൻ നടന്നു. നന്നായി കിതക്കുന്നുണ്ടായിരുന്നു ഞാൻ.
ദൂരെ.. അങ്ങ് ദൂരെയായി ഒരു വെളിച്ചം കാണാം. അത്തടുത്തടുത്തു വരികയാണ്. ഒരു രഥമാണത്.
ശത്രുവോ മിത്രമോ?
മനസ്സിലാകുന്നില്ല…

അരികിലായി കത്തിയമരുന്ന തീകുണ്ഡം. യുദ്ധത്തിൽ തീ പിടിച്ച ഏതോ രഥമാവാം. അതിൽ നിന്നും കത്തിക്കൊണ്ടിരുന്ന ഒരു കൊള്ളി ഞാൻ വലിച്ചെടുത്തു.
അത് തലക്ക് മുകളിൽ ഉയർത്തി ഞാൻ വീശി.
രഥത്തിൽ വരുന്നത് ആരായാലും അവരെന്നെ തേടി വരണം. അതിനായി ഞാൻ അലറി വിളിച്ചു കൂവി…
അതിൽ വരുന്ന ആളെന്നെ കണ്ടെന്ന് തോന്നുന്നു. അധികമല്ലാത്ത ദൂരത്തു അതിന്റ വേഗത കുറഞ്ഞു.

ആശ്വാസം തോന്നി!

ഈ മരണ ഭൂമിയിൽ നിന്നെനിക്ക് രക്ഷപെടാമെല്ലോ….

പെട്ടെന്നെന്തോ അന്തരീക്ഷത്തിലൂടെ എന്റെ നേരെ ചീറി വന്നു..

അതെൻറ നെഞ്ചിൽ തറച്ചു കയറി. ഒരു നിമിഷത്തിന് ശേഷം മാത്രമാണ് അതൊരു അമ്പാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. മുറിവിൽ നിന്നും ചോര വാർന്നൊഴുകി. എന്റെ വായിലൂടെയും മൂക്കിലൂടെയും ചെവികളിലൂടെയും ചോര പുറത്തേക്കൊഴുകി. അവശേഷിച്ച ഒറ്റക്കൈ കൊണ്ട് ആ അമ്പൂരിയെടുക്കാൻ ഞാനൊരു വിഫല ശ്രമം നടത്തി നോക്കി. അവസാനം പരാജിതനെ പോലെ നിലത്തേക്ക് മുട്ട് കുത്തി വീണു..

ഒന്നുറക്കെ കരയുവാൻ പോലുമായില്ല എനിക്ക്‌. ശ്വാസകോശങ്ങൾ വലിഞ്ഞു മുറുകി പൊട്ടി പോകുന്നതായി തോന്നിയെനിക്ക്..
കണ്ണുകൾ അടഞ്ഞു പോകുന്നു. നെഞ്ചിലെ വേദന നിറഞ്ഞ ഭാരം പക്ഷേ എന്നെ നിലത്തേക്ക് വലിച്ചിട്ടു. കണ്ണുകൾ മുഴുവനായി അടഞ്ഞു മരണത്തിന്റെ ലോകത്തേക്ക് യാത്രയാകുമ്പോൾ മങ്ങൽ പോലെ ആരോ എന്റെ നേർക്ക് നടന്നടുക്കുന്നത് ഞാൻ കണ്ടിരുന്നു അവസാനമായി…

ശത്രുവോ? മിത്രമോ?

You can share this post!