ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ജിബ്രാൻ വായനയിലൂടെ*/രത്നപ്രിയ ജിജിത്ത്

രത്നപ്രിയ ജിജിത്ത്

“എന്റെ ഹൃദയമേ നീ നിന്റെ പ്രണയം രഹസ്യമായി സൂക്ഷിക്കുക ലോകത്തിനു മുന്നിൽ അത് ഒളിച്ചു വെക്കുക. നിനക്ക് നല്ല ഭാവി  ഉണ്ടാകും രഹസ്യം വെളിപ്പെടുത്തുന്നവനെ ലോകം വിഡ്ഢിയായി കരുതുന്നു പ്രണയത്തിനു ഏറ്റവും നല്ലത് നിശബ്ദതയും നിഗൂഡതയുമാണ്. “- ജിബ്രാൻ കുറിച്ചിട്ട
“ദൈവത്തിന്റെ ചുംബനങ്ങൾ” എന്ന കൃതിയിലെ വരികൾ. അമേരിക്കൻ എഴുത്തുകാരിയായ തന്റെ പ്രണയിനി ജോസഫൈനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രണയ കുറിപ്പുകൾ ദൈവത്തിന്റെ ചുംബനങ്ങൾ എന്ന കൃതി.

ഓരോ കലാകാരനും അവരുടെതായ മാനസികാവസ്ഥയുണ്ട് പ്രണയത്തിന്റെ വക്താവായിട്ടാണ് ജിബ്രാന്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതമണ്ഡലം അയാള്‍ സൃഷ്‌ടിച്ച സാഹചര്യങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു, കഥാപാത്രങ്ങളും കഥയും തമ്മില്‍ അഭേദ്യ ബന്ധം പുലര്‍ത്തി.
“ഒടിഞ്ഞ ചിറകുകളില്‍” അദ്ദേഹം ആവിഷ്കരിച്ച സല്‍മാകരാമ അതിനുദാഹരണമാണ്, കവിതകളില്‍ സ്നേഹത്തിന്റെ ഒഴുക്ക് തെളിഞ്ഞ നീരുറവ പോലെയായിരുന്നു.
കവിതാലോകത്തെ കവിതയുടെ സുഗന്ധം കൊണ്ടു നിറച്ച ജിബ്രാന്റെ എല്ലാ കവിതാസമാഹാരങ്ങളും വ്യത്യസ്ത ശൈലികള്‍ ഉള്‍ക്കൊള്ളുന്നു. ദാര്‍ശനികനും ചിത്രകാരനും അറബിഭാഷാ പണ്ഡിതനുമായ ജിബ്രാൻ ജീവിതത്തിന്റെ മനോഹാരിതയെ ഒരുപാടു വര്‍ണ്ണിച്ചു അതിരുകളില്ലാത്ത പ്രേമത്തെ കുറിച്ചു ഒരുപാടെഴുതി.
പ്രണയകാലം, പ്രവാചക൯, ഒടിഞ്ഞ ചിറകുകള്‍, ആത്മാവിന്റെ രോദനം എന്നീവ ജിബ്രാനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കിയ രചനകളാണ്. കാവ്യാസ്വാദകര്‍ക്ക് കിട്ടിയ അമൂല്യരത്നങ്ങളിലൊന്നായി ജിബ്രാൻ കവിതകള്‍. തന്റെ തൂലികയുടെ കരുത്തും ലാളിത്യവും അനുവാചക ഹൃദയങ്ങളില്‍ തൂവല്‍സ്പര്‍ശ മേകുന്നു എന്നതാണ് ജിബ്രാൻ കവിതകളുടെ പ്രത്യേകത. കവിതയിലെ വാത്സല്യം തന്നെയായിരുന്നു കവിക്ക് ഭാഷയോടും. തന്റെ കവിതകളിലെല്ലാം ഭാഷാഭംഗികൊണ്ടും പ്രണയ സങ്കല്‍പം കൊണ്ടും സൗന്ദര്യം നിറച്ചു.
ജിബ്രാന്റെ പ്രണയക്കുറിപ്പുകളില്‍ മേരി ഹസ്‌കല്‍, എമിലി, സാറ, ഹാല എന്നിങ്ങനെ പല പേരുകളും നമുക്ക് കാണാനാവും. എന്നാല്‍ അതില്‍നിന്നെല്ലാം ഒരു വിശുദ്ധ നക്ഷത്രമായി മേ വേറിട്ടു നില്‍ക്കുന്നു. അസാധാരണമായ അവരുടെ പ്രണയവും.
ജിബ്രാന്‍ തന്‍െറ രചനകളിലൂടെ മാനവകുലത്തെയാകെ ഉദ്ദീപിപ്പിക്കുന്നു. ചിന്തകളില്‍ വര്‍ണം വിതറാന്‍ ആഹ്വാനം ചെയ്യുന്നു. സ്ഥാപനവത്കരിക്കപ്പെട്ട മതത്തെ നിരാകരിക്കുന്ന നായകന്മാരോടായിരുന്നു ജിബ്രാന് ബഹുമാനമുണ്ടായിരുന്നത്. ജിബ്രാന്‍െറ രചനകളിലെ ദാര്‍ശനികതയും ഉള്‍ക്കാഴ്ചയും വായനക്കാരനെ അവരവരുടെ ഉള്ളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. എഴുത്തിലെ ലാളിത്യത്തേക്കാളധികം സ്വത്വബോധത്തിലൂന്നിയ കാഴ്ചപ്പാടുകള്‍ വായനക്കാരനെ പിടിച്ചുലയ്ക്കുന്നു. അവരെ അതീന്ദ്രിയജ്ഞാനത്തിന്‍െറ കാണാക്കയങ്ങളില്‍ നീരാടാന്‍ വിടുന്നു. ഓരോ വരിയും ഓരോ പുതിയ ചോദ്യവും ഓരോ പുതിയ ഉത്തരവും നല്‍കുന്നു. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും അഴിയാകണ്ണികള്‍ കൃതി അവസാനിക്കുന്നിടം വരെയും അതിനു ശേഷവും പുതിയ ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും നയിക്കുന്നു. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും രസച്ചരട് പൊട്ടാതിരിക്കാന്‍ മിക്കവരും ജിബ്രാന്‍െറ കൃതികള്‍ ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കുന്നതാണ് പതിവ്. അദ്ദേഹത്തിന്‍െറ ഓരോ കവിതയും നിര്‍മലസ്നേഹത്തിന്‍െറയും പുത്തന്‍ പ്രത്യാശകളുടെയും പുതിയ സൂര്യനെ സമ്മാനിക്കുന്നുണ്ട്.

home page

m k onappathipp

You can share this post!

One Reply to “ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ജിബ്രാൻ വായനയിലൂടെ*/രത്നപ്രിയ ജിജിത്ത്”

Comments are closed.