ഇന്നത്തെ ഓണം/സുജാത ശശീന്ദ്രൻ

ചിങ്ങമിങ്ങെത്തിയല്ലോ…
ഓണമിങ്ങെത്തിയല്ലോ…
പൂക്കളം തീർക്കണ്ടേ…
ആർപ്പു വിളിക്കേണ്ടേ…

തുമ്പപ്പൂവെവിടെ മുക്കുറ്റിയെവിടെ
കാക്കപ്പൂവെവിടെ മഞ്ഞപ്പൂവെവിടെ!
അതിരാണിപ്പൂവും അരിപ്പൂവും
ചെണ്ടുമല്ലിയും ഓർമ്മയായി.

പൂക്കളം തീർക്കാൻ മുറ്റമെവിടെ!
ഫ്ലാറ്റിനു സ്വന്തമായ് മുറ്റമുണ്ടോ!
വിദ്യാലയത്തിനും ഓഫീസിനുമുള്ള
മത്സരമായിപ്പോയ് പൂക്കളമിന്ന്

ഓണസദ്യതൻ മാധൂര്യമെവിടെ?
എല്ലാം വിപണിയിൽ കിട്ടുമെന്നായി!
പാഴ്സലിലെത്തുന്ന ഓണസദ്യ
സ്വാദറിയാതെ വിഴുങ്ങുന്നു നാം

തുമ്പിതുള്ളലും പുലിക്കളിയും
കൈകൊട്ടിക്കളിയും കുമ്മാട്ടിക്കളിയും
ഊഞ്ഞാലാട്ടവും വടംവലിയും
എല്ലാമെല്ലാം സ്വപ്നത്തിൽ മാത്രം

കളിസ്ഥലമില്ല കളിക്കാരുമില്ല
ചാനൽക്കളികളിൽ മാത്രമൊതുങ്ങി
ഓരോരോ ചാനലും മാറ്റിമാറ്റി
സംതൃപ്തരായി ചടഞ്ഞു കൂടുന്നു

കാലം മാറി കോലം മാറി
ഓണം മാറി ഒരുമയും മാറി
കാലം തെറ്റി പ്രകൃതിയും മാറി
മാറും തോറും കെടുതിയും ഏറി

      ✍️ സുജാത ശശീന്ദ്രൻ

You can share this post!

One Reply to “ഇന്നത്തെ ഓണം/സുജാത ശശീന്ദ്രൻ”

Comments are closed.