അരുമമലയാളം/എം ടി ഗിരിജകുമാരി




തകിട തില്ലാന വിടരുമഴകിൻ്റെ
പുലരി മലയാളം
തിമില കേട്ടെന്റെ സിരയിൽ പൂക്കുന്ന
ലഹരി മലയാളം
മകരമഞ്ഞിൻ്റെ കുളിരുപോലെൻ്റെ
ഹൃദയമലയാളം
മധുരമൊഴുകുന്ന കളഭനദിയൂറു –
മമൃതു മലയാളം
ഹൃദയവനി പൂക്കുമുദയമലരിൻ്റെ –
യഴകു മലയാളം
ഇനിയുമൊരുകോടി കവിത വിരിയുന്നൊ-
രെളിമ മലയാളം…
വിവിധ മത ജാതി മനുജനിറവിൻ്റെ
തെളിമ മലയാളം
കരുണ നിറയുന്ന ഹൃദയമലരിൻ്റെ
പൊലിമ മലയാളം!
അകലെയരുണാഭ വിതറിയവധൂത –
നണയുമിതുവഴിയെ
ഒഴുകുമഴകിൻ്റെ കുളിരിലുണരുന്ന
വരദയിവളല്ലേ …..
(2)
തപ്പുകൊട്ടി തുയിലുണർത്തി
തുഞ്ചനിതുവഴിയേ
പണ്ടു തന്നു കടന്നുപോയൊരു
നന്മ മലയാളം
തുള്ളിയാർപ്പുവിളിച്ചു പാടി
പിന്നെ വന്നൊരുവൻ
തന്നതാണൊരു നൂറുമേനി
നിറഞ്ഞു പത്തായം!
നല്ല വിത്തു വിതച്ചു വേർപ്പി-
ന്നുപ്പു ചേർന്നപ്പോൾ
ധന്യയായ് ശിരസ്സങ്ങുവാനിലു-
യർന്ന മലയാളം
പിഞ്ചുനാവിലൊരക്ഷരക്കുറി –
യെഴുതുമറിവിൻ്റെ
പൊൻവിളക്കു തെളിച്ചുനിർത്തുവ-
തെൻ്റെ മലയാളം !
അമ്മയെന്ന മഹാവെളിച്ചത്തിരി
കെടാതിന്നെൻ
കൺമണിക്കു പകർന്നു നിൽപൂ ഞാ-
നെൻ്റെ മലയാളം
കൊട്ടുയർത്തി കുഴൽ വിളിച്ചി –
ന്നെൻ്റെ വഴിയെ ഞാൻ
കൊണ്ടുപോവുകയാണു പണ്ടവർ
തന്ന മലയാളം….
(3)
മലകളും മരതകനിറമെഴും താഴ്വാരവും
മലരണിക്കാടുംനിറഞ്ഞെൻ മലയാളം
കനകവർണ്ണത്തിൽ നിറസമൃദ്ധിതൻ പുഞ്ചവയൽ-
ക്കിളികളും ചോലകളും വേറെങ്ങാനുണ്ടോ?
കളകളം പാടും പുഴക്കൊഴുകാനെൻ മലയാളം
കഥകളിപ്പദമുദ്രത്തറവാടല്ലേ!
അടവുകൾ പതിനെട്ടുമാടീട്ടങ്കംകുറിച്ചെത്ര –
വീരഗാഥ രചിച്ചതുമീമണ്ണിലല്ലേ
പറയുവാൻ നിളക്കില്ലേ മാമാങ്കത്തിൻ നിണക്കഥ
തോൽപ്പാവക്കൂത്തിവിടാടിത്തിമിർത്തതില്ലേ
പന്തിരുകുലപ്പെരുമക്കൂറ്റമെഴും നാടിതല്ലേ
പണ്ട് വരരുചി വന്നുപോയ നാടല്ലേ
വന്നു പോകാൻ മാവേലിക്കും ചിങ്ങത്തിരുവോണമില്ലേ
ഉതൃട്ടാതിപ്പൂരം പമ്പക്കുത്സവമല്ലേ

You can share this post!