ഹൈവേ/ഡോ അനിൽകുമാർ എസ് ഡി

“കമ്പനിയിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നല്ലോ .രാജനും കൂട്ടുകാരും കമ്പനി വിടുകയും ചെയ്തു .ഗൾഫിലെ സാമ്പത്തിക മാന്ദ്യം കയറ്റുമതി കുറയ്ക്കുകയും ചെയ്തു .പിന്നെ പോകുന്ന പോക്കിൽ രാജൻ ഒരു ആപ്പും വെച്ചല്ലോ .ഒരു ടൺ ഫിഷ് പ്രോഡക്റ്റ്സ് ആണ് ദുബായിൽ നിന്നും തിരിച്ചു വന്നത് .രൂപ പോയതു മാത്രമല്ല കമ്പനിയുടെ സൽപേരും പോയി .വളരെ ആസൂത്രിതമായ ചതിയായിരുന്നു ഇതിൻ്റെ പുറകിൽ .രാജനും അവൻ്റെ ഭാര്യയും സഹോദരനും എന്ത് നാറിയ കളിയും കളിക്കാൻ മടിയില്ലാത്തവരല്ലേ .കൂടാതെ കൊച്ചിയിലെ അധോലോകവുമായി രാജന് അടുത്ത ബന്ധവും ഉണ്ടല്ലോ .ശരിക്കും അവൻ്റെ വിളിപ്പേരു തന്നെ ഫോർട്ട് കൊച്ചി രാജൻ എന്നല്ലേ .
ഇവൻ നേരുത്തേ വെറും തറയായിരുന്നില്ലേ .ഫോർട്ട് കൊച്ചിയിലെ നാലണ ഗുണ്ട .സത്യനേശൻ മുതലാളിയുടെ ബാറിലും ഷാപ്പിലും ഒഴിച്ചു കൊടുത്തും മുതലാളിയ്ക്കായി ഗുണ്ടാപ്പണണി ചെയ്തും കഴിഞ്ഞവൻ . “

എൻ്റെ കഥകൾ തുടർന്നപ്പോഴാണ് വിക്ടർ പറഞ്ഞത്

” സമയം പത്ത് കഴിഞ്ഞ് ഹരി ,രാത്രി തിരുവനന്തപുരം പോകേണ്ടതല്ലേ ,ഡ്രൈവറും ഇല്ല .ശത്രുക്കളുമുണ്ട് .ഞങ്ങൾ കൂടെ വരണമോ .”

” എൻ്റെ ബെൻസുകാറും ഈ പിസ്റ്റളും മതി വിക്ടറെ എൻ്റെ രക്ഷയ്ക്ക് .രണ്ട് വിസ്ക്കി വീശിയതല്ലേ ,കട്ട് ഇറങ്ങിയിട്ട് പതിനൊന്നിന് തിരിക്കാം .”

” ഹരി സൂക്ഷിക്കണം ,രാജൻ ചെറ്റയാണ് ,കൂടാതെ കൂറകളുമായുള്ള ചങ്ങാത്തവും .”

” അവനും കൂറയല്ലേ .ഷാപ്പിലെ ഒഴിപ്പുകാരനായ അവൻ സത്യനേശൻ മുതലാളിയുടെ ഭാര്യയെ സ്വന്തമാക്കി .അയാളെ കൊന്ന് .മകളെ ഭാര്യയുമാക്കി .”

” അപ്പോൾ അതാണ് കഥ .ആദ്യം അമ്മയെ ആണോ?”

” ഈ നാറി രാജൻ്റെ കഥ തന്നെ നാറ്റമല്ലേ ,വിക്ടറിനറിയില്ലേ”

” ഹരി ,ഞാൻ ബാംഗ്‌ളൂരിലായിരുന്നില്ലേ .കൊച്ചിയിൽ വന്നിട്ട് രണ്ട് വർഷമല്ലേ ആയുള്ളൂ .”

“വിക്ടറേ ,ഇവൻ ഷാപ്പിലെ ഒഴിപ്പുകാരനായി തുടങ്ങി ,സത്യനേശൻ്റെ ഡ്രൈവറായി വീട്ടിൽ കയറിയില്ലേ .സത്യനേശൻ്റെ ആദ്യ ഭാര്യയെ അയാൾ ചവിട്ടി കൊന്നതല്ലേ .അപ്പോൾ ഈ രാജൻ്റെ ഭാര്യയായ അയാളുടെ ഒരേയൊരു മകൾക്ക് മൂന്ന് വയസ്സ് .ശരിക്കും വിമല സത്യനേശൻ്റെ രണ്ടാം ഭാര്യയല്ലേ .അവൾ പി.എ യായി വന്ന് കിടക്കറയിൽ കയറിയപ്പോഴാണ് ഭാര്യ എതിർത്തതും അവരെ തൊഴിച്ച് സത്യനേശൻ കൊന്നതും .”

” എന്നിട്ട് കേസ് ആയില്ലേ .”

” എവിടെ കേസ് വരാൻ .ആ ഭ്യന്തര മന്ത്രിയും പോലീസുകാരും സത്യനേശൻ്റെ പോക്കറ്റിലല്ലേ .”

“എന്നിട്ട് “

” വിമലയെ സത്യനേശൻ ഭാര്യയാക്കി .”

” സത്യനേശനെ തട്ടിയതോ?”

” വിമല തന്നെ .സത്യനേശൻ്റെ തൊഴിലു തന്നെ പെണ്ണുപിടിത്തമല്ലേ .വിമല കുറേയൊക്കെ എതിർത്തു .പിന്നെ പ്രതികാരമായി ചെറുപ്പക്കാരനായ രാജനെ ഒളിക്കാരനാക്കി .എല്ലാ അവിഹിതവും പുകയില്ലേ .പുകഞ്ഞു തീയായി .രാജനും വിമലയ്ക്കും ജീവന്മരണ പോരാട്ടമായപ്പോഴാണ് ഒരു അപകടത്തിൽ സത്യനേശനെ തീർത്തത് . “

” രാജനും പരിക്ക് പറ്റിയില്ലേ .”

” ബെൻസ് കാറിൻ്റെ ഇടതു വശം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു കയറ്റി തീർത്തതല്ലേ .ബുദ്ധിപൂർവ്വമായ കൊല .”

” എന്നിട്ട് മകളെ കെട്ടിയതോ?”

” സത്യനേശൻ്റെ മകൾക്ക് ഒരു പൈസയുടെ ബുദ്ധി കുറവല്ലേ .അതുകൊണ്ട് വേലക്കാരന് കെട്ടിക്കൊടുത്താലും ആരും ഒന്നും പറയില്ലല്ലോ .ബുദ്ധിയില്ലാത്ത സത്യനേശൻ്റെ മകളെ കെട്ടിയിട്ട് വിമലയുടെ രഹസ്യക്കാരനായി വാഴാമല്ലോ.”

” രാജൻ അപ്പോൾ ഒരു രാജവെമ്പാലയാണ് .”

” നീർക്കോലി ,അത്താഴം മുടക്കുന്ന നീർക്കോലി .വിക്ടറേ ഞാൻ ഇറങ്ങട്ടേ .പതിനൊന്നായി .ചവിട്ടി വിട്ടാൽ മൂന്നിനു മുമ്പ് കവടിയാർ പിടിക്കാം .”

“ഹരി ,സൂക്ഷിക്കണേ ,രാജനെ വിശ്വസിയ്ക്കാനാവില്ല .”

ഹരി ,KLO1 999 ബെൻസ് കാർ യൂ ടേൺ എടുത്ത് വളച്ച് വലതു വശത്തെ ഗ്ളാസ് താഴ്ത്തി തൻ്റെ ഇറ്റാലിയൻ പിസ്റ്റൽ വിക്ടറിനെ കാട്ടിയിട്ട് ഏകദേശം 80 കിലോ മീറ്റർ സ്പീഡിൽ തെക്കോട്ട് യാത്രയായി .

അരൂർ മുതൽ ഹരിയ്ക്ക് തൻ്റെ കാറിനെ ആരോ പിന്തുടരുന്നു എന്ന ഒരു തോന്നൽ വരുന്നുണ്ട് .ചേർത്തലയ്ക്’ടുത്ത് എത്തിയപ്പോൾ വണ്ടി ലേശം വേഗത കുറച്ച് ഹരി നോക്കി .മനസ്സിലെ തോന്നലല്ലാതെ അസ്വാഭാവി കമായി ഒന്നും തോന്നിയില്ല .ഇറ്റാലിയൻ പി സ്റ്റൾ ഒരിക്കൽ കൂടി കൈയകലത്തിൽ കരുതി വച്ചു .എന്നാൽ മനസ്സിലും മുന്നിലെ ഇരുട്ടിലും തൻ്റെ രക്തത്തിനായി കൊതിക്കുന്ന ഒരു കൊലയാളി നിൽക്കുന്നതായി തോന്നി .ആലപ്പുഴ ശവക്കോട്ട പാലത്തിനടുത്തെത്തിയപ്പോഴാണ് ഒരു ടാങ്കർ ലോറി തന്നെ പിന്തുടരുന്നതായി തീർച്ചയായത് .രാത്രി റോഡ് ഏകദേശം വിജനവും ആയിരുന്നു .ഫോൺ ഒരു കൈ കൊണ്ട് ഡയൽ ചെയ്ത് കുട്ടപ്പായിയെ വിളിച്ചു .ആലപ്പുഴ പുന്നപ്ര ഭാഗത്ത് അവൻ്റെ ഒരു ടീമിനെ ശരിയാക്കി .ബെൻസ് കാറല്ലേ കഴിവതും വേഗതയിൽ മുന്നോട്ട് പോകാം .കളർകോട് അമ്പലത്തിന് അടുത്തെത്തിയപ്പോഴാണ് ഒരു ഹോണ്ടാകാർ വട്ടം പിടിച്ചത് .ഞാൻ കഷ്ടിച്ച് വലത്തോട്ട് വെട്ടിച്ചു .ഒരു ലോറിയിൽ തട്ടാതെ നേരിയ വ്യത്യാസത്തിലാണ് ഞാൻ രക്ഷപെട്ടത് .പുന്നപ്രയിൽ എത്താറായപ്പോഴാണ് കുട്ടപ്പായിയുടെ ഫോൺ വന്നത് .എന്തോ അവനെ ആരോ പൊക്കിയെന്നാണ് അവൻ്റെ വാക്കുകളിൽ തോന്നിയത് .നിമിഷങ്ങൾക്കു ശേഷമാണ് രാജൻ്റെ ഫോൺ വന്നത് .

” ഹരി ,പ്രിയപ്പെട്ട മിത്രമേ ,നീ സമാധാനമായി മരിക്ക് .”

” പോടാ പട്ടീ ,എന്നെ തൊട്ടാൽ .”

” നീ തീർന്നെടാ ,നാറി കഴിവേറി ,പുലയാടി മോനേ “

രാജൻ്റെ തെറിക്കിടയിലാണ്
വിക്ടറിൻ്റെ ചിരി ഞാൻ തിരിച്ചറിഞ്ഞത് .

” അളിയാ രാജാ ,അവൻ്റെ കൈയ്യിൽ ഇറ്റാലിയൻ പിസ്റ്റൾ ഉണ്ടെടാ .”

” റോഡിൽ ചരയുന്ന ആ പട്ടിക്ക് പിസ്റ്റള് എന്ത് ഉലത്തുമെടെ – – – – – വിക്ടറേ “

എനിക്കു മുന്നിലും പുറകിലും കുറേ വാഹനങ്ങൾ കാണാം .കുറേ ഗുണ്ടകളും ഉണ്ട് .ഓടി രക്ഷപെടുകയാണ് ഏക മാർഗ്ഗം .എന്നാൽ ഓടുന്ന വഴികളിലെല്ലാം രാജൻ്റെ ആയുധങ്ങൾ .ഒരു നിമിഷം ഞാൻ മരണം മുന്നിൽ കണ്ടു .വണ്ടിയുടെ വേഗത കൂട്ടി .ഒരു ലോറിയുടെ ഇടതു വശത്തുകൂടെ മറ്റൊന്നിൻ്റെ വലതു വശത്തുകൂടെ പാഞ്ഞു .എൻ്റെ വലതു വശത്തെ സൈഡ് മിറർ തെറിച്ചു പോയി .കാറിനു മുകളിലേക്ക് ഭാരമുള്ള ഏതോ സാധനം വന്നു വീണു .ഞാൻ മരണത്തെ മുഖാമുഖം കണ്ടു .പുറത്ത് ചില ആക്രോശങ്ങളും കേട്ടു .ഞാൻ വേഗത കൂട്ടി .അകലെയായി
എനിക്ക് പുന്നപ്ര പോലീസ് സ്റ്റേഷൻ കാണാം . ഞാൻ ഭ്രാന്തമായ വേഗതയിൽ കാർ സ്റ്റേഷൻ്റെ അടുത്തെത്തിച്ചു .ഒരു നിമിഷം തുറന്ന ഗേറ്റിലേക്ക് ഞാൻ വണ്ടി ഒടിച്ചു കയറ്റി .സ്റ്റേഷൻ്റെ പോർട്ടിക്കോവിൽ ഒരു തൂണ് തകർത്ത് ബെൻസ് കിതച്ചു നിന്നു .
പിന്നെ നിങ്ങൾ അറിഞ്ഞ ചരിത്രമാണ് .
അസാധാരണമായ ഈ അപകടത്തിൻ്റെ ദുരൂഹത ചാനലും പത്രങ്ങളും ഒരാഴ്ച്ചയായി ചർച്ച ചെയ്യുകയാണ് .
മദ്യപിച്ച് ലക്കുകെട്ട പ്രമുഖ വ്യവസായി പുന്നപ്ര പോലീസ് സ്റ്റേഷനിൽ കാർ ഇടിച്ചു കയറ്റി .നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു കാർ ഓടിച്ച വ്യവസായി ഹരി .എന്നാൽ ഹൈവേയിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് വണ്ടി ഓടിച്ചു കയറ്റിയ ദുരൂഹതയെക്കുറിച്ച് ഹരി ഒന്നും വെളിപ്പെടുത്തിയില്ല .തൻ്റെ ഓർമ്മയ്ക്ക് തകരാർ പറ്റിയെന്നാണ് ഹരി പറയുന്നത് .അപകട സമയത്ത് സംശയകരമായ മറ്റ് വാഹനങ്ങളും ചില ഗുണ്ടാസംഘങ്ങളും അവിടെയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു .

ഈ ദുരൂഹത മാസങ്ങളോളം മാധ്യമങ്ങൾ അലക്കി .ഞാൻ രാജൻ എന്ന ശത്രുവിൻ്റെ ശക്തി തിരിച്ചറിഞ്ഞതിനാൽ മൂടോടെ പിഴുതെറിയാനുള്ള മണ്ണുമാന്തിയുടെ അന്വേഷണത്തിലായിരുന്നു .രാജനും പല പദ്ധതികളും ആലോചിക്കുന്നുണ്ടാവാം .

കഴിഞ്ഞയാഴ്ച്ച പുന്നപ്രയിൽ ബെൻസുകാറിൽ ഒരു ശവം കത്തിക്കരിഞ്ഞു കണ്ടില്ലേ . ആ ശരീരം എൻ്റെ ആകില്ലല്ലോ .രാജൻ്റെയാണോ എന്ന് ചില ചെറ്റപോലീസുകാരും വിക്ടറും സംശയിക്കുന്നു .രാജനെ കാണാനുമില്ല .രാജൻ്റെ ഫോൺ ഇപ്പോൾ ബോംബയിലാണ് .രണ്ടാഴ്ച്ച മുമ്പ് ഡൽഹിയിൽ പോയ രാജനെ കുറിച്ച് ഒരു വിവരവുമില്ലന്നാണ് വിമല പറയുന്നത് .അവൾക്ക് ഒരു സംശയവും ഇല്ല .ഡൽഹി കലാപത്തിൽ രാജന് എന്തെങ്കിലും പറ്റിയോ എന്ന സംശയം രാഷ്ട്രീയക്കാർക്കും പോലീസിനും ഉണ്ട് .കത്തിക്കരിഞ്ഞ ശവം ഗുണ്ടാ നേതാവ് കുട്ടപ്പായിയുടേതാണെന്ന് തിരിച്ചറിഞ്ഞല്ലോ .തിരുവനന്തപുരത്തേക്ക് വിമലയുടെ സഹോദരനെ വിളിക്കുവാൻ ബെൻസു കാറിൽ കുട്ടപ്പായിയെ വിട്ടത് വിമലയല്ലേ .വിമലയും സഹോദരനും മൊഴി കൊടുത്തു .കൊലപാതകത്തിനായി മോനച്ഛൻ്റെ കൂട്ടത്തിലുള്ള നാലു ഗുണ്ടകളെ പോലീസ് തപ്പി . പിന്നെ വിമലയ്ക്കും നാട്ടുകാർക്കും പോലീസിനു മില്ലാത്ത സംശയം വിക്ടറിനു മാത്രം .അവന് എന്നെ സംശയം ,എന്നെ പേടിയും .പേടിയോടെയും സംശയത്തോടെയും ജീവിതം തള്ളിനീക്കുന്നത് ദുസ്സഹമല്ലേ ,ഭീകരമല്ലേ .

വിക്ടറിൻ്റെ വേദന തിരിച്ചറിഞ്ഞാണ് ഈ കൊച്ചു വെളുപ്പാൻ കാലത്ത് ഞാൻ ഹൈവേയിൽ നിൽക്കുന്നത് . വിക്ടറിൻ്റെ സംശയത്തിന് ഒരു മറുപടിയും ,ദു:ഖത്തിന് ശാശ്വതമായ ഒരു പരിഹാരവുമായി .കാറിൽ വിമല എല്ലാത്തിനും സാക്ഷിയായി ചാരിക്കിടക്കുന്നു .ജീവിതത്തിലല്ലേ നമുക്ക് ചില ടിസ്റ്റുകൾ കൊടുക്കാനാവൂ .

You can share this post!