ഹരോള്‍ഡ് പിന്‍റ്റിന്‍റെ രണ്ടു കവിതകള്‍.

 പ്രേതം

മൃദുലാംഗുലികളുടെ സ്പര്‍ശം അനുഭവപ്പെട്ട
എന്‍റെ കഴുത്ത്
ആരോ ഞെരിക്കുന്നത് പോലെ തോന്നി.

പരുക്കന്‍ ചുണ്ടുകള്‍;
മധുരിക്കുന്നതും.
ആരോ എന്നെ ചുംബിക്കുന്നത് പോലെ തോന്നി.

പൊട്ടാനാഞ്ഞു നില്‍ക്കും
നട്ടെല്ലുകള്‍.
അത്ഭുതത്തോടെ ഞാന്‍ നോക്കി
അപരന്‍റെ കണ്ണുകളിലേക്ക്.

പരിചിതമായൊരു മുഖമായിരുന്നു അത്.
മനോഹരം;
എന്നാല്‍ ഭയാനകവും.

അത് പുഞ്ചിരിച്ചില്ല.
അത് കരഞ്ഞില്ല.
തുറന്നിരുന്നു അതിന്‍റെ കണ്ണുകള്‍;
വെളുത്തിരുന്നു അതിന്‍റെ ചര്‍മ്മം.

ഞാന്‍ ചിരിച്ചില്ല,
ഞാന്‍ കരഞ്ഞില്ല.
കൈയുയര്‍ത്തി സ്പര്‍ശിച്ചു,
ഞാനതിന്‍റെ കവിള്‍ത്തടം.

കണ്ടുമുട്ടല്‍

പാതിരാവ്.

എന്നോ മരിച്ചവര്‍,
അവരുടെ ദിശയിലേക്ക് നടന്നു വരുന്ന,
പിന്നീട് മരിച്ചവരെ നോക്കുന്നു.

മരിച്ചവര്‍ ആലിംഗനം ചെയ്യുമ്പോള്‍-
എന്നോ മരിച്ചവരും
അവരുടെ ദിശയിലേക്ക് നടന്നു വരുന്ന
പിന്നീട് മരിച്ചവരും-
അവിടെ
സൗമ്യമായൊരു ഹൃദയ സ്പന്ദനം.

അവര്‍ കരയുന്നു,
അവര്‍ ചുംബിക്കുന്നു,
ആദ്യമായും
അവസാനമായും
വീണ്ടും കണ്ടു മുട്ടുമ്പോള്‍.

MURALI R

You can share this post!