ആയുധങ്ങൾ സംസാരിക്കുന്നിടത്ത്
വടിവാൾ കത്തി എത്തുമ്പോൾഒരാളേയും ഉപദ്രവിക്കാതെ
കൊടുവാൾ തേങ്ങയുമായെത്തി
ഒരാളേയും വെട്ടിമറിക്കാത്ത മഴു
പുരപ്പുറത്ത് ചാഞ്ഞ
പുളിമരം മുറിച്ചുമാറ്റി .
മൺകലത്തിലെ വെള്ളം പോലെ
മുകളിലേക്ക് കയറി വരാൻ
പടവുകളില്ലാതെ നിശബ്ദത
ബാക്കിയായി .
ചെറിയൊരു ദ്വാരം മതി
വലിയ കപ്പലിനെ
മുക്കി താഴ്ത്താൻ
ഒരാണിക്ക് കഴിയും
ചീറിപ്പായും വാഹനത്തിന്റെ
ടയർ പഞ്ചറാക്കാൻ .
ഭരണഘടനയിൽ എഴുതിയത്
ത്വായിച്ചാലറിയാം
കൈ വീശലിന്റെ കൺകെട്ട് .
ആടിനെ പട്ടിയാക്കിയ കഥ
തിരിച്ചു വന്നിരിക്കുന്നു
പേര് എന്നെ
ഭീകര ജീവിയാക്കിയെന്ന് പശു
എന്നെ ദേശീയ മൃഗമായി
പ്രഖ്യാപിക്കണമെന്ന് ഇരുമ്പാന (മണ്ണുമാന്തി) .
മരണം രുചിനോക്കുന്ന മുറിയുമായി
വീട് കരച്ചിലോടെ നിൽക്കുന്നു
ജാലകമില്ലാത്ത കുഴിമാടത്തിന്റെ
വ്യസനവുമായി ഇരുപത്തൊന്നാം നൂറ്റാണ്ട് .
പറ്റ് പുസ്തകം എഴുതുന്നു
സമയം _ കാലം .