മാർകഴി കാറ്റ്/കഥ

സന്ധ്യ ആകുന്നതിനു മുൻപേ
പുറത്ത് ഇരുട്ട് വ്യാപിച്ചു കഴിഞ്ഞു, തണുപ്പും.,
ബസ്സിൽഅധികമൊന്നും യാത്രക്കാർ ഉണ്ടായിരുന്നില്ല ഉള്ളവരാകട്ടെ തണുപ്പിനെ പ്രധിരോധിക്കുവാനുള്ള കമ്പളി തൊപ്പികളും, ഷാളുകളും ധരിച്ചിരുന്നു.

ഇത്രയും തണുപ്പുണ്ടാവുമെന്ന് കരുതിയില്ല. അയാൾ കൈവശമുണ്ടായിരുന്ന തൂവാല കഷ്ടിച്ച് ചെവി മറയ്ക്കുന്ന രീതിയിൽ കെട്ടിയുറപ്പിച്ചു. അയാളോട് ചേർന്നിരുന്ന് ചുരിദാറിന്റെ ഷോൾ കൊണ്ട് തല മൂടി കെട്ടി, മകൾ ഉറങ്ങുകയായിരുന്നു .യാത്രയിലുടനീളം അവൾ എന്തൊക്കെയോ സംശയങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു’  അതിനൊക്കെ പരസ്പര ബന്ധമില്ലാത്ത ഉത്തരങ്ങൾ നൽകി  ചിന്താധീനനായി ഉറക്കം നടിച്ചു.!
ഏതൊക്കെയോ ബസ്സുകൾ മാറിക്കയറി ഒടുവിൽ ലക്ഷ്യത്തിലേക്കുള്ള ഈ ബസ്സിൽ: !
മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ മകൾക്കും അപരിചിതനായ ഒരു തമിഴനുമിടയിൽ ആയിരുന്നു അയാൾ ഇരുന്നത്. ഷട്ടർ താഴ്ത്തി വച്ചതിനാൽ ഏതൊക്കെ സ്ഥലത്തു കൂടിയാണ് ബസ്സ്പോകുന്നതെന്ന് അറിയാനും കഴിയുന്നില്ല .അല്ലെങ്കിലും അപരിചിതമായ ഈ നാട്ടിൽ ഭാഷ പോലും ശരിക്കറിയാതെ …. –
അയാൾ അടുത്തിരുന്ന തമിഴനെ നോക്കി:
“മുഖത്ത് മസൂരി കുത്തുകൾ ഉള്ള ഏതാണ്ട് അൻപതു വയസ്സുള്ള ,തടിയനായ ഒരാൾ

“അണ്ണാച്ചി … അംബാൾപുരം പോകാൻ എവിടെ ഇറങ്ങണം”
തമിഴൻ ഒരു നിമിഷം അയാളുടെ നേർക്ക് തുറിച്ചു നോക്കി .താൻ പറഞ്ഞതു മനസ്സിലായില്ലെന്ന് കരുതി അയാൾ വികലമായ തമിഴിൽ അംബാൾപുരം പോകണമെന്ന് ആംഗ്യം കാണിച്ചു
” മനസ്സിലായി… അംബാൾപുരത്തിനു പോകാൻ രണ്ടു, മൂന്ന് സ്റ്റോപ്പു പുറകിൽ ഉള്ള ജംങ്ങ്ഷനിൽ ഇറങ്ങണമായിരുന്നു അവിടെ നിന്നും ഓട്ടോ വിളിച്ചു വേണമായിരുന്നു അംബാൾ പുരത്തേക്ക് പോകാൻ ”

അതു കേട്ടപ്പോൾ  ആകെ പരിഭ്രമിച്ചു: അയാൾ ഉറങ്ങുന്ന മകളെ തട്ടിയുണർത്തി
” ആളെറങ്ങണം ഒന്നു നിർത്തൂ പ്ലീസ്”

അയാളുടെ പരിഭ്രമം കണ്ടിട്ട് സ്റ്റോപ്പിൽ അല്ലായിരുന്നിട്ടും കണ്ടക്ടർ ബെല്ലടിച്ചു വണ്ടി നിറുത്തി.

തമിഴൻ “ഇവിടെ ഇറങ്ങരുത് ” എന്ന് വിലക്കിയിട്ടും അതു കേൾക്കാതെ
അയാൾ തിടുക്കത്തിൽ മകളുടെ കൈയ്യും പിടിച്ച് പുറത്തേക്കിറങ്ങി .
ബസ്സ് അവരേയും കടന്നു മുന്നോട്ട് പോയി ഇരുട്ടും തണുപ്പും അവരെ പൊതിഞ്ഞു

വിജനമായ സ്ഥലം ഒരു ഭാഗത്ത് കാടാണെന്നു തോന്നുന്നു മറുഭാഗത്ത് വിശാലമായ കൃഷി സ്ഥലം. അവർ റോഡിൽ കയറി നിന്നു – ഏതെങ്കിലും വാഹനം എതിരേ വരികയാണെങ്കിൽ അതിൽ കയറി അംബാൾ പുരത്തേക്കു പോകുന്ന കവലയിൽ ഇറങ്ങാം എന്നായിരുന്നു അയാൾ കണക്കുകൂട്ടിയത്: പക്ഷെ?””

അയാൾ ചുറ്റും നോക്കി എവിടേയും ഒരു വെളിച്ചം പോലും ഇല്ല .
എവിടെയോ മറഞ്ഞിരുന്ന് ഓലിയിടുന്ന കുറുക്കന്മാർ:. ചീവീടുകളുടേയും, പുൽച്ചാടികളുടേയും നിലയ്ക്കാത്ത രോദനങ്ങൾ-…
അയാളോട് ചേർന്ന് നിന്ന് മകൾ വിറയ്ക്കാൻ തുടങ്ങി. ഉറക്കത്തിൽ നിന്നും തട്ടിയുണർത്തി പൊടുന്നനെ തണുപ്പിലേക്കും ,ഇരുട്ടിലേക്കും.. അവൾ വല്ലാതെ പേടിച്ചു പോയി.
തങ്ങൾ വന്നു പെട്ട അവസ്ഥയുടെ ഗൗരവം ഓർത്തപ്പോൾ അയാൾ നടുങ്ങിപ്പോയി: പന്ത്രണ്ടു വയസ്സേ ആയിട്ടുള്ളുവെങ്കിലും അതിലേറേ വളർച്ചയുള്ള തന്റെ മകൾ ,…. പത്രവാർത്തകളിലും നാട്ടുവർത്താനങ്ങളിലും പ്രായഭേദമന്യേ പെൺ ജന്മങ്ങൾ പീഡിപ്പിക്കപ്പെടുന്നതിന്റേയും ,കൊല ചെയ്യപ്പെടുന്നതിന്റേയും വാർത്തകൾ അയാളിലെ അച്ഛനെ ജാഗരൂഗനാക്കി അയാൾ മകളെ ചേർത്തു പിടിച്ചു: അടുത്ത വണ്ടിയിൽ കയറി തങ്ങൾക്ക് അംബാൾ പുരത്തേക്ക് പോകാമെന്ന് ആശ്വസിപ്പിക്കയും ചെയ്തു.

തണുത്ത കാറ്റ് വീശുന്നുണ്ട് അവർ അടുത്ത കണ്ട പുളിമരത്തിന്റെ ചോട്ടിൽ ചേർന്നിരുന്നു.കയ്യിൽ കരുതിയിരുന്ന ചെറിയ ബാഗ് തുറന്നു ആദ്യം കൈയ്യിൽ തടഞ്ഞത് ” സഫിയ ” യുടെ സാരിയായിരുന്നു.. ഇൻസ്റ്റാൾമെന്റ് കാരൻ ജോസഫിൽ നിന്നും വാങ്ങിയത്.ചുവപ്പിൽ മഞ്ഞ കരയുള്ള സാരി അവൾക്ക് ഇത് ഇഷടമാവും’ അയാൾ എന്തോ ഓർത്ത് ഒന്നു നിശ്വസിച്ചു. വീണ്ടും ബാഗിൽ തപ്പി അയാളുടെ നിറം മങ്ങിയ കള്ളിമുണ്ട് പുറത്തേക്കെടുത്തു അത് വിടർത്തി മകളെ പുതപ്പിച്ചു.
നക്ഷത്രാങ്കിതമായ ആകാശത്തിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി.

ഏറെ നേരം കാത്തിരുന്നിട്ടും ഒരു വാഹനവും വന്നില്ല. ഈ തണുപ്പത്ത് മകളേയും കൊണ്ട് ബെസ്സ് വന്ന വഴിയേ തിരികേ നടക്കുന്നത് സുരക്ഷിതമല്ലെന്ന് അയാൾക്ക് തോന്നി. തിടുക്കത്തിൽ ബസ്സിൽ നിന്നും ഇറങ്ങിയത് ബുദ്ധിമോശമായിപ്പോയി: തണുപ്പിനോടൊപ്പം ഇരുട്ടും ശക്തിയാർജിച്ചു തുടങ്ങി..

പൊടുന്നനെ ബസ്സ് പോയ വഴിയിൽ നിന്നും ആരോ നടന്നു വരുന്ന കാലടി ശബ്ദം കേട്ട് അയാൾ തല ഉയർത്തി.
വല്ലാത്തൊരു ഭയം: ..
നടന്നു വന്നയാൾ അവർക്ക് തെല്ല കലെയായി നിന്നു.
അയാൾ പോക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്ത് കത്തിച്ച് തീപ്പെട്ടിക്കൊള്ളിയുടെ പ്രകാശത്തിൽ ചുറ്റും നോക്കി – ഭയം കൊണ്ട് വിറച്ച് പുളിമരത്തിനോട് ചേർന്ന് രണ്ട് ശിലാ പ്രതിമകളെപ്പോലെ ശ്വാസമടക്കി അവർ ഇരുന്നു.
അഗതൻ പിന്നേയും റോഡിനു ഇരുവശവും ആർക്കോ വേണ്ടി തിരയുകയാണ്:
അയാൾ മകളുടെ കൈയ്യും പിടിച്ച് മെല്ലേ എഴുന്നേറ്റു – ആഗതൻ വീണ്ടും വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയും ചുറ്റും തിരയുകയും ചെയ്യുന്നത് ബീഡി വെളിച്ചത്തിൽ അയാൾ കണ്ടു.
ഇനിയും താമസിക്കുന്നത് ഉചിതമല്ല അയാൾ മകളുടെ കൈയ്യും പിടിച്ച് റോഡിലൂടെ ഓടാൻ തുടങ്ങി:
ആഗതൻ അവരുടെ പിറകേ ഓടി വരുന്ന ശബ്ദം: ‘നിൽക്കൂ ” നിൽക്കൂ; എന്നു് വന്നയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു മകൾക്ക് അയാളുടെ വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല പിറകിലൂടെ ഓടി വന്നയാൾ കുട്ടിയെ കടന്നുപിടിച്ചു
“നിൽക്കവിടെ ഓടരുത്..”
അയാൾ ആഗതനെ ആക്രമിക്കാനായി കൈ വീശി ആഗതൻ അയാളുടെ ദുർബലമായ കൈയ്യിൽ പിടിച്ചു.

“ദയവു ചെയ്തു നിൽക്കൂ: ശത്രുവല്ല”
അയാൾ കൈവിടുവിച്ചെടുത്തു മകളെ ചേർത്ത് പിടിച്ചു കിതപ്പടക്കി ആ തണുപ്പിലും അയാൾ വിയർത്തു !..
വന്നയാൾ വീണ്ടും തീപ്പെട്ടി ഉരച്ചു: ! മസൂരി കുത്തുള്ള മുഖം. ബസ്സിൽ സഹയാത്രികനായിരുന്ന തമിഴൻ…
അയാൾ റോഡിൽ കുത്തിയിരുന്നു:
“ഇരിക്കൂ”
പകൽ വെയിൽ കുടിച്ചു വറ്റിച്ച റോഡിൽ അപ്പോഴും നേർത്ത ചൂടുണ്ടായിരുന്നു.

“ഞാൻ അടുത്ത സ്റ്റോപ്പ് എത്തുന്നതിനു മുൻപേ ഇറങ്ങി നിങ്ങളെ ഈ ഇരുട്ടത്തും തണുപ്പത്തും അനാഥരായി വിടാൻ  തോന്നിയില്ല. ഈ സ്ഥലം അത്ര ശരിയല്ല അതുകൊണ്ടാ ഞാൻ….”

അയാൾ അപ്പോഴും അവിശ്വസനീയതയോടെ തമിഴനെ നോക്കി: !
അല്ലെങ്കിലും ഈ രാത്രി ഏതാനും മണിക്കൂർ മാത്രം കണ്ടു പരിചയമുള്ള ഒരാളുടെ സാമീപ്യം ആശ്വാസകരം തന്നെ.
” ഇനി ഇതു വഴി ബസ്സ് ഇല്ലേ?”

“ഇല്ല ഇനി നാളെ രാവിലെ ഇപ്പോൾ പോയ ബസ്സ് തിരികേ വരണം – മറ്റു വാഹനങ്ങൾ ഒന്നും ഈ വഴി പോകാറില്ല…. നിങ്ങൾ കാണിച്ചത് മണ്ടത്തരം തന്നെ ഇവിടെ അടുത്ത് പിടിച്ചുപറിക്കാരുടെ ഒരു താവളം ഉണ്ട് ! അവരുടെ കൈയ്യിൽ നിങ്ങൾ ചെന്നുപെട്ടാൽ: പ്രത്യേകിച്ച് ഈ പെൺകുട്ടി.-.. അതു വിചാരിച്ചാ ഞാൻ…. എനിക്കും ഈ പ്രായത്തിൽ ഒരു മോൾ ഉണ്ട് ‘..!”

“അണ്ണാച്ചീ എനിക്കൊന്നും അറിയില്ല എത്രയും വേഗം അംബാൾപുരത്ത് എത്തണമെന്നേ ഉണ്ടായിരുന്നുള്ളൂ”

“ഇവിടെ നിന്നും അംബാൾപുരത്തേക്ക് റോഡുമാർഗ്ഗം പോകാൻ പത്തു കിലോമീറ്റർ നടന്നു് ഉമയാൾപുരം ജംങ്ങ്ഷനിൽ എത്തി അവിടെ നിന്നും മൂന്നു കിലോമീറ്റർ ഓട്ടോറിക്ഷയിൽ പോകണം.” പക്ഷെ ഇവിടെ നിന്നും അവിടം വരെ നടന്നെത്തിയാൽത്തന്നെ രാത്രിയിൽ ഓട്ടോറിക്ഷ ഒന്നും കാണില്ല ഫലത്തിൽ പതിമൂന്ന് കിലോമീറ്റർ നടക്കണം: ”

അണ്ണാച്ചി പറയുന്നതു കേട്ട് അയാൾ ദീർഘനിശ്വാസമുതിർത്തു മകൾ ആകട്ടെ ആകെ തളർന്ന് വിറച്ചു കൊണ്ട് അയാളോട് ചേർന്നിരുന്നു.

” ആട്ടെ അംബാൾ പുരത്ത് നിങ്ങൾക്കെവിടെയാണ് പോകേണ്ടത്?”

” ആഞ്ജനേയാ ഹോസ്പിറ്റൽ ”

“ഓ ‘അവിടെ ചികിത്സിക്കാനാണോ?
എന്നാൽ പിന്നെ നിങ്ങൾക്ക് വെല്ലൂർ പോകാമായിരുന്നില്ലേ?”

” ചികിത്സിക്കാനല്ല…… അവിടെ ‘… ഒരു പേഷ്യന്റിനെ കാണാൻ … ”

അതു പറയുമ്പോൾ അയാളുടെ സ്വരം നേർത്ത് ഒരു കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.:

“അച്ഛാ” വെള്ളം വേണം … ”
മകൾക്ക് നന്നായി വിശക്കുന്നുണ്ടാവുമെന്ന് അയാൾക്കറിയാം പക്ഷെ അയാളുടെ പക്കൽ ഒന്നുമില്ലായിരുന്നു.
അപ്പോഴേക്കും വിശാലമായ കൃഷി സ്ഥലത്തിനപ്പുറം വൃത്താകാരമാർന്ന ചന്ദ്രൻ ഉദിച്ചുയരാൻ തുടങ്ങി മകൾ ആ കാഴ്ചയിലേക്കും നോക്കി വിശപ്പും ദാഹവും മറന്ന് മിഴിച്ചിരുന്നു’
അണ്ണാച്ചി കൈവശമുണ്ടായിരുന്ന ബാഗ് തുറന്ന് വെള്ളക്കുപ്പിയും, കുട്ടികൾക്കായി വാങ്ങി വച്ചിരുന്ന ബിസ്കറ്റും,  പലഹാരങ്ങളo പുറത്തേക്കെടുത്തു
അരണ്ട ചന്ദ്ര വെളിച്ചത്തിൽ ആർത്തിയോടെ വെള്ളം കുടിക്കുകയും പലഹാരങ്ങൾ കഴിക്കുകയും ചെയ്യുന്ന പെൺകുട്ടിയേയും ‘ അയാളേയും നോക്കി അണ്ണാച്ചി വെറുതേ പുഞ്ചിരിച്ചു.

ദൂരെ എങ്ങോ കുറുക്കൻമാർ ഓലിയിടുന്നു ഏതോ മര ശാഖിയിൽ ഒരു രാക്കുയിൽ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു പാടി നിറുത്തിയ പല്ലവി ആവർത്തിച്ചു.

വെള്ളവും പലഹാരങ്ങളും ഒട്ടും ബാക്കി വയ്ക്കാതെ കഴിച്ചതിൽ നിന്നും അവരുടെ വിശപ്പ് എത്രത്തോളം ഉണ്ടായിരുന്നു എന്നു് അണ്ണാച്ചിക്കു മനസ്സിലായി:
പെൺകുട്ടി ചന്ദ്രനെയും നോക്കി മിഴിച്ചു നിന്നു.

” എന്റെ പേര് ,പെരുമാൾ, ഞാൻ കാരക്കോട്ട് പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നു. ചാമിത്തെരുവിലാണ് വീട്, ബസ്സ് പോയ വഴി പത്തു കിലോമീറ്റർ ദൂരമുണ്ട്…….

അയാൾ വിറയാർന്ന കൈ നീട്ടി പെരുമാളിനെ തൊട്ടു:

” എന്റെ പേര് ‘ശിവരാമൻ, മകൾ കീർത്തി :: ഞങ്ങൾ കേരളത്തിൽ ‘ അടിമാലിയിൽ നിന്നും വരുന്നു…… ഭാര്യ സഫിയ ‘ഇവിടെ അംബാൾ പുരത്ത് ആഞ്ജനേയ ആശുപത്രിയിൽ കിടപ്പുണ്ട് .. !?കഴിഞ്ഞ മാസം പുതുക്കോട്ടയിൽ  പ്രൈവറ്റ് സ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ ആയി ജോലി ചെയ്യാൻ വന്നതായിരുന്നു: വഴിക്ക് വച്ച് ബസ്സ് അപകടത്തിൽ പെട്ടു .ആരൊക്കെയോ മരിച്ചു. ഇവിടത്തെ പോലീസ് സ്റ്റേഷനിൽ നിന്നും അറിയിച്ച പ്രകാരം വന്നതാ ‘ ‘ ആകെയുള്ള മൊബൈൽ ഫോൺ അവൾ കൊണ്ടുപോയിരുന്നു”’ അവൾക്കു് ചെറിയ പരിക്ക് പറ്റിയിട്ടുണ്ടെന്നാ അറിയിച്ചേ –

“ഓ :അങ്ങിനെയോ? – സാരമില്ല വിഷമിക്കേണ്ട..”

. ശബ്ദമില്ലാതെ കരയുന്ന ശിവരാമന്റെ കൈ പിടിച്ച് പെരുമാൾ ആശ്വസിപ്പിച്ചു.

” നിങ്ങളെ കണ്ടപ്പോഴേ എന്തോ വിഷമം ഉള്ളിൽ ഉണ്ടെന്നു തോന്നി: ശരി: ഇവിടെ ഇനി വണ്ടി കാത്തു നിന്നിട്ട് കാര്യമില്ല. ഈ മാന്തോപ്പിലൂടെ മൂന്നു കിലോമീറ്റർ നടന്നാൽ ഹൈവേയിൽ എത്തും അവിടെ നിന്നും ഏതെങ്കിലും വാഹനം കിട്ടാതിരിക്കില്ല – ഇവിടെ നിൽക്കുന്നതിനേക്കാളും എന്തുകൊണ്ടും സുരക്ഷിതം നടക്കുന്നതു തന്നെ: ”

ആദ്യം കാടെന്നു് തോന്നിപ്പിച്ച വൃക്ഷ നിരകൾ വിശാലമായ മാന്തോപ്പാണെന്ന് അയാൾക്കു അപ്പോഴാണ് മനസ്സിലായത്.

ഭക്ഷണവും വെള്ളവും കഴിച്ചു കഴിഞ്ഞപ്പോൾ കീർത്തി ഉഷാ റായി നിലാവിലും, മഞ്ഞിലും അങ്ങിനെ നടക്കുമ്പോൾ താൻ ഉറക്കത്തിൽ സ്വപ്നം കാണുന്നതാവുമോ എന്നവൾ ശങ്കിച്ചു?…

നിലാവിലൂടെയും, നിഴലിലൂടെയും പെരുമാളിനു പുറകേ നടക്കുമ്പോൾ ശിവരാമൻ ചിന്താധിക്യത്താൽ ദീർഘനിശ്വാസമുതിർത്തു കൊണ്ടേയിരുന്നു

“നിങ്ങൾ എന്തു ചെയ്യുന്നു ശിവരാമൻ?

പെരുമാളിന്റെ ചോദ്യം കേട്ട് അയാൾ ഒന്നു നിന്നു.
“എനിക്കൊരു ബീഡി തരാമോ?”
പെരുമാൾ അയാൾക്ക് ഒരു ബീഡി കൊടുത്തു തീപ്പെട്ടി കൊള്ളിയുടെ പ്രകാശത്തിൽ ശിവരാമന്റെ കുഴിയിലാണ്ട കണ്ണുകളും,കുറ്റി രോമം നിറഞ്ഞ മുഖവും അയാൾ ഒന്നുകൂടി കണ്ടു’!
തണുപ്പിൽ അയാൾ വിറയ്ക്കു ന്നുണ്ടായിരുന്നു. രണ്ടു മൂന്നു പുക ആഞ്ഞു വലിച്ച് അയാൾ ഒന്നു ചുമച്ചു!

” ഞാൻ ഒരു തയ്യൽക്കാരൻ ആയിരുന്നു. ഇപ്പോ മിഷ്യൻ ചവിട്ടാനൊന്നും സാധിക്കില്ല ഒരു ബൈക്ക് അപകടം !…. ഞങ്ങളുടേത് പ്രേമവിവാഹമായിരുന്നു നല്ല വിദ്യാഭ്യാസമുള്ള പെണ്ണായിരുന്നു അവൾ ബിഎഡ്ഡ് ഒക്കെ കഴിഞ്ഞു നിൽക്കുമ്പോളായിരുന്നു ഞങ്ങളുടെ രജിസ്റ്റർ കല്യാണം. രണ്ടു മതമായിരുന്നതിനാൽ സ്വാഭാവികമായും രണ്ടു വീട്ടുകാരും സഹകരിച്ചില്ല
ഞങ്ങൾ ഞങ്ങളുടെ നാട് ഉപേക്ഷിച്ച് അടിമാലിയിൽ എത്തി അവിടെ ഒരു വീട് വാടകയ്ക്കെടുത്ത്  ജീവിക്കാൻ തുടങ്ങി. അവിടെത്തന്നെ ഞാൻ ഒരു തയ്യൽക്കട തുടങ്ങി. ആദ്യം അൽപ്പം ബുദ്ധിമുട്ടായിരുന്നെങ്കിലും ക്രമേണ നല്ല തയ്യൽ കിട്ടി സഫിയ ആകട്ടെ സ്കൂൾ കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും ഇടയ്ക്കു തയ്യൽ ജോലികളിൽ സഹായിക്കുകയും ചെയ്തു…അങ്ങിനെ ഒരു വിധം ജീവിതം പച്ച പിടിച്ചു. മോൾ ഉണ്ടായി: സ്വന്തമായി ചെറിയൊരു വീടുണ്ടായി:
മോളുടെ എട്ടാം പിറന്നാൾ ആഘോഷിക്കാൻ കേക്ക് വാങ്ങാനിറങ്ങിയതായിരുന്നു ഞാൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു ടിപ്പർ ലോറി വന്നിടിച്ചു: ഏകദേശം മരിച്ചു പോയതായിരുന്നു. എന്റെ സഫിയയുടെ പ്രാർത്ഥനയും കരുതലും കൊണ്ട് ക്രമേണ ജീവിതത്തിലേക്ക് തിരിച്ചു കയറി പക്ഷെ അതോടെ തയ്യൽ ജോലി ചെയ്യാൻ അപ്രാപ്തനായി, ജീവിതം വഴിമുട്ടി, ട്യൂഷനെടുത്തും, തൊഴിലുറപ്പ് ജോലിക്ക് പോയും സഫിയ കുടുംബം പുലർത്താൻ പെടാപാടുപെട്ടു. ഞങ്ങളുടെ ജീവിതം വളരേ കഷ്ടത്തിലായി – അങ്ങിനെയിരിക്കേയാണ് സഫിയയുടെ കൂടെ ബീ എഡ്ഡിന് പഠിച്ചിരുന്ന സുഹൃത്തിനെ കണ്ടത് അവരാണ്, പുതുക്കോട്ടയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജോലി ശരിയാക്കി കൊടുത്തത്: ഒരു പാട് സ്വപ്നവുമായാണ് അവൾ ഒറ്റയ്ക്ക് പുതുക്കോട്ടയിലേക്ക് യാത്ര ചെയ്തത് പക്ഷെ കർപ്പക നഗറിൽ വച്ച് സഫിയ സഞ്ചരിച്ചിരുന്ന ബസ്സ് അപകടത്തിൽപെട്ടു.അംമ്പാൾ പുരത്തെ പോലീസ് സ്റ്റേഷനിൽ നിന്നും അടിമാലി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറയുകയായിരുന്നു: ചെറിയ പരിക്കേ പറ്റിയിട്ടുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത് —
“എന്റെ സഫി:;: ”

അയാൾ ശബ്ദമില്ലാതെ കരഞ്ഞു.പെരുമാൾ അയാളുടെ കൈ ചേർത്തു പിടിച്ചു..

“വിഷമിക്കേണ്ട: എല്ലാം ശരിയാകും:,,

മര ശിഖരങ്ങൾക്കിടയിലൂടെ ഒളിച്ചു കളിക്കുന്ന ചന്ദ്രനേയും നോക്കി, രാക്കിളികളുടെ സംഗീതവും കേട്ട്, രൂക്ഷമായിക്കൊണ്ടേയിരിക്കുന്ന തണുപ്പും മറന്ന് അപരിചിതമായ ഇടങ്ങളിലൂടെ, വിസ്മയ നൂലിൽ ബന്ധിപ്പിക്കപ്പെട്ട പാവ പോലെ അവൾ നടന്നു കൊണ്ടേയിരുന്നു.

എന്തോ ശബ്ദം കേട്ട് പെരുമാൾ നിന്നു. അയാൾ ശിവരാമനെ കൈ നീട്ടി തൊട്ടു കൊണ്ട് മിണ്ടരുത് എന്ന സംജ്ഞാ ശബ്ദം പുറപ്പെടുവിച്ചു വലിയൊരു മാവിന്റെ ഇരുട്ടിനോട് ചേർന്നു അവർ മറഞ്ഞുനിൽക്കുന്നതിനു മുമ്പുതന്നെ
പൊടുന്നന്നെ ടോർച്ചു വെളിച്ചം പായിച്ചു കൊണ്ട് മൂന്നു നാലു പേർ അവരെ വളഞ്ഞു. ആദി ദ്രാവിഡ ശബ്ദാക്രോശങ്ങൾ” അവരുടെ കൈയ്യിൽ വടികളും കത്തികളും ഉണ്ടായിരുന്നു.
ഓടി രക്ഷപ്പെടാൻ പഴുതുകളില്ല ശിവരാമന്റേയും കീർത്തിയുടെയും മുന്നിൽ ഒരു രക്ഷാ ഭടന്റെ ചിറകുവിരിച്ച് പെരുമാൾ നിന്നു.
ആരൊക്കെയോ അവരുടെ മുഖത്ത് ലൈറ്റ് തെളിച്ചു’

പെരുമാൾ ഘനഗംഭീരമാർന്ന ശബ്ദത്തിൽ ഭീതിരഹിതമായി തങ്ങൾ വഴിപോക്കരാണെന്നും അംബാൾപുരത്തേക്കു് പോകുകയാണെന്നും അവരെ അറിയിച്ചു.
അത് വിശ്വാസത്തിലെടുക്കാതെ ഒരാൾ തലമുടിപ്പുതച്ചു നിന്ന കീർത്തിയുടെ ചുമലിൽ കൈവച്ചു’
ഒരടിയുടെ ശബ്ദം കീർത്തിയുടെ മേൽ കൈ വച്ച വന്റെ കരണത്തു തന്നെ പെരുമാളിന്റെ കരം പതിച്ചു ടോർച്ച് തെറിച്ച് ഉരുണ്ടു പോയി അപ്രതീക്ഷിതമായി അങ്ങിനെ ഒരു നീക്കം അവർ പ്രതീക്ഷിച്ചിരുന്നില്ല
കൊച്ചിന്റെ ദേഹത്ത് കൈ വച്ചാൽ കൊന്നുകളയും.. ! പെരുമാൾ കോപം കൊണ്ടു വിറച്ചു രണ്ടു പേർ ആക്രോശിച്ചു കൊണ്ട് പെരുമാളിന്റെ നേർക്ക് ചാടി.
ശിവരാമൻ തൊണ്ടയിലെ വെള്ളം പറ്റി വിറച്ചുകൊണ്ട് കീർത്തിയേയും ചേർത്തു പിടിച്ചു നിന്നു.
” നിറുത്തിനെടാ ”
മുഴക്കമുള്ളൊരു ശബ്ദം കേട്ട് അവർ നിശ്ചലരായി.
പെരുമാളിന്റെ അടി കൊണ്ടു താഴെ വീണവൻ എഴുന്നേറ്റു നിന്നുമുരണ്ടു.
“നിങ്ങൾ ആരാണ് എന്തിനിവിടെ വന്നു?”
പെരുമാൾ കാര്യം വിശദീകരിച്ചു.

ഓ… ക്ഷമിക്കണം … നിങ്ങൾ മോഷ്ടാക്കൾ ആയിരിക്കുമെന്നു കരുതിയാണ് പിള്ളേർ

ഈ രാത്രി ഇനി യാത്ര അപകടമാണ് തന്നെയല്ല ആശുപത്രിയിലെ സന്ദർശക സമയം കഴിഞ്ഞു… വരൂ ഞങ്ങളുടെ വീട്ടിൽ തങ്ങി രാവിലെ പോകാം:
പെരുമാൾ ഒന്നു സംശയിച്ചെങ്കിലും ശബ്ദത്തിലെ ആത്മാർത്ഥത തിരിച്ചറിഞ്ഞ് അവരോടൊപ്പം പോകാൻ തന്നെ തീരുമാനിച്ചു.

വന്നവർ ഒരു വൃദ്ധ കർഷകനും അയാളുടെ മൂന്ന് ആൺമക്കളും ആയിരുന്നു.അവർ കാട്ടിയ വഴിയേ കുറച്ചു ദൂരം സഞ്ചരിച്ച് അവർ ഒരു വലിയ ഓടിട്ട വീടിനു മുന്നിലെത്തി!

അന്നു രാത്രി കർഷകരുടെ സ്നേഹപൂർണ്ണമായ സൽക്കാരങ്ങൾ ഏറ്റുവാങ്ങി അവർ സുഖമായി ഉറങ്ങി.

പിറ്റേന്ന് രാവിലെ തന്നെ കർഷകർ ഏർപ്പാട് ചെയ്ത വാഹനത്തിൽ അവർ അംബാൾപുരത്തേക്ക് യാത്രയായി:

ആഞ്ജനേയ ആശുപത്രിയുടെ റിസപ്ഷനിൽ പോയി കാര്യങ്ങൾ തിരക്കിയത് പെരുമാൾ ആയിരുന്നു.

അപകടത്തിനു ശേഷം തിരിച്ചറിയപ്പെടാതെ കഴിഞ്ഞ ഒരു മാസമായി ഐ സി യു വിൽ കിടക്കുകയായിരുന്ന യുവതിക്ക് സംസാരശേഷി നഷ്ടപ്പെട്ടു പോയിരുന്നു., അതോടൊപ്പം തന്നെ തലയ്ക്കേറ്റ ക്ഷതം ഓർമ്മയേയും ബാധിച്ചിരുന്നു’

കാര്യങ്ങൾ അറിഞ്ഞപ്പോൾ അലറി കരയണമെന്ന് തോന്നി ശിവരാമന് പക്ഷെ അയാൾ കീർത്തിയേയും ചേർത്തു പിടിച്ചു | C U വിന്റെ വാതുക്കൽ വിറച്ചു കൊണ്ടു നിന്നു.
ഒടുവിൽ അകത്തേക്ക് പ്രവേശിപ്പിച്ചു: ജീവഛവം പോലെ കിടക്കുന്ന യുവതിയുടെ അരികിലെത്തി;

“സ ഫീ “…
അല്ല: ഇതു സഫിയ അല്ല: വേറേ ആരോ ആണ് :
അയാൾ ഐ സി യു വിൽ നിന്നും പുറത്തേക്കിറങ്ങി

പെരുമാളും, കൃഷിക്കാരും ആകാംഷയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു’
ശിവരാമൻ പറഞ്ഞതു കേട്ട് അവരും ആശ്വസിച്ചു.

പക്ഷേ സഫി എവിടെയാണ്:
ഒരു പക്ഷെ ജോലി സ്ഥലത്തായിരിക്കും വിളിക്കാനുള്ള സൗകര്യങ്ങൾ ഒന്നുമില്ലായിരിക്കാം…..

അപ്പോഴേക്കും റിസപ്ഷനിൽ നിന്നും ഒരു നഴ്സ് അവരെ കൈകാട്ടി വിളിച്ചു: വാഹന അപകടത്തെക്കുറിച്ച് ആരെങ്കിലും അന്വേഷിച്ചു വന്നാൽ അബോൾപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം എന്ന അറിയിച്ചു

പെരുമാൾ ഒരു നിശ്വാസത്തോടെ ശിവരാമനെ നോക്കി കർഷകർ ജീപ്പ് സ്റ്റാർട്ടാക്കി അവർ അംബാൾപുരം പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു’

ഹൈവേയോട് ചേർന്ന് ഒരു പഴയ കെട്ടിടം .. പോലീസ് സ്റ്റേഷന്റെ മുന്നിൽ അവർ നിന്നു. ഒരു പോലീസുകാരൻ അവരുടെ ആഗമനോദ്ദേശം തിരക്കി’
വാഹന അപകടത്തിൽ പെട്ട ആളെ തിരക്കി വന്നതാണെന്നറിയിച്ചപ്പോൾ ഒരു പോലീസുകാരൻ മോട്ടോർ അപകട വിഭാഗം കൈകാര്യം ചെയ്യുന്ന പോലീസ് ആപ്പീസറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി –
കാര്യങ്ങൾ തിരക്കിയ ശേഷം  ഒരു ആധാർ കാർഡ്കാണിച്ചു
അതേ അതു സഫിയയുടേത് തന്നെ:
പൊട്ടിപൊളിഞ്ഞ്, റബ്ബർ ബാന്റിട്ട നോക്കിയ ഫോൺ:.. ശിവരാമന്റെ നെഞ്ചു പിടഞ്ഞു പെരുമാൾ അയാളെ ചേർത്തു പിടിച്ചു തിരിച്ചറിയാനാവാത്ത വിധം ചിന്നഭിന്നമായിപ്പോയ ശരീരത്തിന്റെ ചിത്രങ്ങൾ ഓരോന്നായി കാണവേ: അയാൾ തളർന്നുവീണു.
അനാഥശവമെന്ന നിലയിൽ അംബാൾ പുരത്തെ പൊതു ശ്മശാനത്തിൽ സഫിയയും…..
പോലീസ് നടപടികൾ വേഗത്തിൽ തീർത്ത് അവർ പുറത്തേക്കിറങ്ങി.

ഇനി നഷ്ടപരിഹാരം സംബന്ധിച്ചുള്ള ചില കടലാസുകൾ ശരിയാക്കേണ്ടതിനാൽ ഒന്നു രണ്ടു ദിവസം അവിടെ താമസിക്കേണ്ടതുണ്ട്.
പെരുമാളൂം കർഷകരും അവർക്ക് സുരക്ഷിതമായ ഒരു സ്ഥലത്ത് വാടകമുറി എടുത്തു നൽകിയ ശേഷം എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ ഫോൺ നമ്പറുകളും നൽകി പിരിഞ്ഞു പോയി

വൈകിട്ട് അയാൾ കീർത്തിയോടൊപ്പം പുറത്തേക്കിറങ്ങി ലോഡ്ജ് ഉടമയോട് പറഞ്ഞ് ഉറപ്പിച്ച പ്രകാരം എത്തിയ ഓട്ടോറിക്ഷയിൽ കയറി അവർ ബസ്സപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.

കർപ്പക നഗർ ‘
അപകടം നടന്ന സ്ഥലം ഓട്ടോ ഡൈവർ വിശദമായി കാണിച്ചു ശിവരാമനും, കീർത്തിയും അവിടെ ഇറങ്ങി ”അസാധാരഞത്യം ഒന്നുമില്ലാത്ത തെരുവോരം അയാൾ ആ മണ്ണിൽ ഒന്നു തൊട്ടു ‘ഒരു തുള്ളി കണ്ണുനീർ മണ്ണിലേക്ക് ഉതിർന്നു വീണു…… ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു നിൽക്കെ ആരോ തൊട്ടു വിളിക്കുന്നു
കണ്ണു തുറന്നപ്പോൾ മുഷിഞ്ഞ് കീറിയ ചേലച്ചുറ്റിയ ഒരു സ്ത്രീ ..അവളുടെ ഒക്കത്ത് ചെമ്പുനിറത്തിൽ തലമുടിയുള്ള ഒരു കുഞ്ഞ്:

അവൾ ദയനീയതയോടെ കൈ നീട്ടി ഭിക്ഷയാചിക്കുകയാണ്…

അയാൾ തന്റെ തോൾ ബാഗ് തുറന്നു സഫിയക്ക് വേണ്ടി കരുതിവച്ച, ചുവപ്പിൽ മഞ്ഞ കരയുള്ള സാരി എടുത്തു അവളുടെ കൈയ്യിൽ വച്ചു കൊടുത്തു പിന്നെ പോക്കറ്റിൽ നിന്നും കുറച്ചു രൂപയും ….

അവിശ്വസനീയതയോടെ നിൽക്കുന്ന ഭിക്ഷക്കാരിയേയും പിന്നിട്ട് കീർത്തിയുടെ കൈയ്യും പിടിച്ച് നടക്കുമ്പോൾ ,ആര്യവേപ്പ് മരങ്ങൾക്കിടയിലൂടെ ഒഴുകി വന്നൊരു അന്തിക്കാറ്റ് മെല്ലേ വന്ന് തഴുകുന്നത് അയാൾ അറിഞ്ഞു ….

 

gopanmuvattupuzha@gmail.com

whatsApp 919446852482.
mob: 7907085478.

You can share this post!