കുറെ വാക്കുകളുടെ
വലിയൊരു കലവറയുണ്ട്
അൽപ്പാപം നുളളിപ്പെറുക്കി
ഒരു വലിയ വാക്കുബോംബുണ്ടാക്കണം.
നന്നായൊന്നു മെഴുക്കിപ്പുരട്ടി
ചേർന്നുനിൽക്കും വിധം
കണ്ടാലൊന്നെടുത്ത്
വായിച്ചുമണക്കാൻ
കൊതിപ്പിക്കും വിധം
അസ്സൽ ഗന്ധക്കൂട്ടുകൾ വേണം
രസനകൾ ത്രസിക്കും വിധം
രുചിക്കൂട്ടുകളും വേണം
വറുത്തും പൊരിച്ചും
പൊടിച്ചരച്ചും
നല്ല കുശിനിത്തിരക്കിലാണ്
ഞാനിപ്പോൾ
ചേരുവകളെ
ചേരുംപടി കൂട്ടിക്കുഴച്ച്
ഉരുട്ടിയുരുട്ടി
പരത്തിച്ചുരുട്ടി
പിന്നെയുമുരുട്ടി
കദനക്കൊഴിപ്പിറ്റിച്ച്
പതമേറ്റിപ്പതപ്പിച്ച്
ക്ഷോഭച്ചൂടാളിച്ച്
തിളപ്പിച്ചോ
ആവി തൂവിയോ
രോഷത്തിൽ
വറുത്തുകോരിയോ
ഉവ്വ്
ഉടൻ പാകപ്പെടും…
ഇരയെ ഞാൻ
ചൂണ്ടില്ല
എറിയേണ്ട ദിശയോ
സമയസൂചികയോ
ചോദിക്കരുത്
എനിക്കാദ്യം കാണണം
പ്രഹരമേൽക്കുമ്പോൾ
പിടഞ്ഞുപുളയുന്ന
ഹൃദയങ്ങളെ
മനസ്സിലെ വരക്കൊപ്പം
ഒരു പൊട്ടിത്തെറിയിൽ…
ചാവേറാകാൻ
ഞാനിതാ വരുന്നു.