കവിത എഴുതിക്കുന്നവർ

കണ്ണിൽ
കരളിൽ
സ്വപ്നങ്ങളിൽ
കവിത വിരിയിക്കാമെന്ന്
പരസ്പര വാഗ്ദത്തമേകി
കൈ പിടിച്ച്
ഹൃദയത്തിന്റെ ഉള്ളിൽ
പ്രതിഷ്ഠിക്കപ്പെട്ടവർ
മഴയിലും വെയിലിലും വേനലിലും
നിഴലിലും നിലാവിലും ഇരുളിലും
കവിത പറഞ്ഞു തന്നവർ
ആനന്ദപൂത്തിരി പുഞ്ചിരിച്ച കവിതകൾ
മധുരം കിനിഞ്ഞിറങ്ങുന്ന കവിതകൾ
കണ്ണിൽ കണ്ണിൽ നോക്കുമ്പോൾ
ഉണരുന്ന കവിതകൾ
കാതിൽ തേനിമ്പമായി പകരുന്ന കവിതകൾ
ചുംബന മഴയായ് പൊഴിയുന്ന കവിതകൾ
കാമത്തിന്റെ ഇഴകൾ പിരിഞ്ഞ അക്ഷരങ്ങളാൽ
അനശ്വരമായൊരു പ്രണയകാവ്യം
പിന്നെ
തൂലികയിലേക്ക് പകർന്നത്
മടുപ്പിന്റെ അക്ഷരത്തെറ്റുകൾ
കവിതകളിൽ കയ്പ്പിന്റെ അരുചി
അധികം വൈകാതെ ജനിച്ചത്
വിരഹ കവിതകൾ
ഒടുവിൽ കവി ഹൃദയരക്തം
ചാലിച്ചെഴുതി നിറയേ
യാത്രാമൊഴികൾ
വിലാപ മൊഴികൾ
അവസാനം
കവി എഴുതി തീർത്തു വിഷാദ കാവ്യം
നിരാശയുടെ കറുത്ത മഷി പുരണ്ട
കവിയുടെ മരണ മൊഴികൾ

..

 

You can share this post!