ചൂടു സഹിക്കാനാവാതെ കുട്ടി കരയാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റ് അവനേയും കൊണ്ട് വാതിലിനരികിലേക്കു നടന്നു. തിളയ്ക്കുന്ന പാലക്കാടൻ ചൂടുകാറ്റ് വണ്ടിക്കകത്തേക്ക് അടിച്ചു കയറാൻ തുടങ്ങിയപ്പോൾ കുട്ടി കരച്ചിൽ ഉച്ചത്തിലാക്കി. വെക്കേഷൻ സമയത്തുള്ള സ്ലീപ്പർ യാത്ര ദുസ്സഹമാണ്. കരച്ചിൽ ഏറുന്നതിൻ്റെ ആകാംഷയിൽ കുട്ടിയുടെ അമ്മ സീറ്റിൽ നിന്ന് എത്തിവലിഞ്ഞു നോക്കുന്നുണ്ട്.
“അപ്പുറത്ത് ഏസി കോച്ചാണ്. കുട്ടിയേയും കൊണ്ട് ഇത്തിരി നേരം അതിൽ പോയി ഇരുന്നോളൂ” :വാതില്ക്കൽ നിന്ന കാക്കി യൂണിഫോമിട്ട റെയിൽവേതൊഴിലാളി ഉപദേശിച്ചു.
ഏസി കോച്ചുകളോടും, അതിലെ യാത്രക്കാരോടും കടുത്ത കുശുമ്പായിരുന്നു ഇത്ര നാൾ.
അനർഹമായിടത്തേക്ക് ചെന്നു കയറുമ്പോഴുള്ള വൈക്ലബ്യത്തിൽ അകത്തെ കുളിർമയിലേക്ക് കയറുമ്പോൾ ആദ്യത്തെ സീറ്റിൽത്തന്നെ പരിചിതമുഖങ്ങൾ!
സീറ്റിനു നടുവിൽ മുഖാമുഖമായി മുല്ലപ്പള്ളിയും, പുത്തഞ്ചേരിയും. വിൻ്റോയ്ക്കരികിൽ എമ്പ്രാന്തിരി ഏതോ പദം
മൂളി പുറത്തേക്കു നോക്കിയിരിപ്പുണ്ട്. പുതിയ സ്ഥാനലബ്ധിയിൽ മുല്ലപ്പള്ളിയെ പുത്തഞ്ചേരി അഭിനന്ദിച്ച മട്ടുണ്ട്. അദ്ദേഹം മൂക്കിൻ്റെ ദ്വാരങ്ങൾ വിടർത്തി താങ്ക്സ് പറഞ്ഞു ചിരിക്കുന്നു.
കുട്ടിയുടെ കരച്ചിലടങ്ങും വരെ അല്പനേരം ഇവിടെ ചുറ്റി നിന്നേ മതിയാവൂ. മുല്ലപ്പള്ളിയെ നോക്കി നമസ്കാരം പറഞ്ഞ്, പുത്തഞ്ചേരിയെ അവഗണിച്ച് അവിടെയിരുന്നു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിൽ കുട്ടി അത്ഭുതപ്പെട്ട് ചുറ്റും നോക്കി. മുല്ലപ്പള്ളി കുട്ടിയുടെ കവിളിൽ തട്ടി “മോൻ്റെ പേരെന്താണെ” ന്നു ചോദിച്ചു.
തുടർന്ന്, ഹൈദ്രബാദിൽ എന്തു ചെയ്യുന്നുവെന്നും, അവിടുത്തെ കാലാവസ്ഥ, പുതിയ രാഷ്ട്രീയം, ഐടി സെക്ടർ, റിയൽ എസ്റ്റേറ്റ് വികസനം എന്നീ വിഷയങ്ങളെപ്പറ്റിയുള്ള അന്വേഷണം. വളരെ സൗഹാർദ്ദപരമായിരുന്നു സംഭാഷണങ്ങൾ. ഇടയ്ക്ക്, തന്ത്രത്തിൽ പുത്തഞ്ചേരിയുടെ മുഖത്തേക്ക് ഞാൻ പാളിയൊന്നു നോക്കി. സമൃദ്ധമായ പുഞ്ചിരിയോടെ അങ്ങേർ എന്നെത്തന്നെ നോക്കിയിരിക്കുന്നു. വല്ലാത്ത
ഒരേർപ്പാടായിപ്പോയി! എമ്പ്രാന്തിരിയാകട്ടെ, അകെ മൊത്തത്തിൽ ഒരവജ്ഞ ചുട്ടി കുത്തി, മനസ്സിൽ മൂളുന്ന രാഗത്തിൽ ലയിച്ച പോലെ തലയിളക്കിയിരുന്നു.
മുല്ലപ്പള്ളിക്ക് ഫോൺ കോൾ വരികയും “ഹലോ, ജീ” എന്നു പറഞ്ഞ് ധൃതിയിൽ കതകു തുറന്ന് ഇടനാഴിയിലേക്ക് ഇറങ്ങിപ്പോവുകയും ചെയ്തു. മുല്ലപ്പള്ളി പോയതും, ഞങ്ങൾക്കുനേരെ തിരിഞ്ഞിരുന്ന് എമ്പ്രാന്തിരി “കുവലയ വിലോചനേ” പാടാൻ തുടങ്ങി. പുത്തഞ്ചേരി കണ്ണുകളടച്ച് സീറ്റിൽ ചേങ്ങലത്താളമിട്ടു. കരച്ചിലിനൊടുവിലെ ദുർബ്ബലമായ ഏങ്ങലവസാനിപ്പിച്ച് കുട്ടി
എമ്പ്രാന്തിരിയുടെ പാട്ടിലേക്ക് വാ തുറന്നിരുന്നു. “ചാരുശീലേ” എന്ന ഭാഗത്ത് കുത്തിട്ട പോലെ പാട്ടു നിറുത്തിയിട്ട് എമ്പ്രാന്തിരി പുത്തഞ്ചേരിയെ ഞോടി.
“താൻ പാട്ടെഴുത്തൊക്കെ നിർത്തിയോ? പുതിയതായി ഒന്നും കേൾക്കാറില്ല്യാലോ?”
“ലേശം തിരക്കുണ്ട്. രണ്ടു മൂന്നു തിരക്കഥകളുടെ വർക്കിലാണ്.”
“ഉവ്വോ? നടക്കട്ടെ! തിരുവന്തോരത്തേക്കാവും!”
പുത്തഞ്ചേരി അതേയെന്ന് താടിയുഴിഞ്ഞു. ഓടിയകന്നു പോകുന്ന പുഴയുടെ വരണ്ട മണൽത്തിട്ടകളിലേക്ക് നോക്കിയിരുന്ന പുത്തഞ്ചേരി ആലോചനയിൽ നിന്നുണർന്ന് പെട്ടെന്ന് എനിക്കു നേരെ മുഖമുയർത്തി.
“രാജനല്ലേ? കഥയെഴുതുന്ന രാജൻ കാക്കശ്ശേരി?”
“അതേ. “എനിക്ക് ബോധക്കേടുണ്ടായേക്കുമെന്ന് ഭയപ്പെട്ടു.
“ലിറ്റററി ഫെസ്റ്റിൽ ഞാൻ കണ്ടിരുന്നു”
പുള്ളിക്കാരൻ കുട്ടിയെ എൻ്റെ കൈയ്യിൽ നിന്നും വാങ്ങി മടിയിലിരുത്തി. ഏസി യുടെ തണുപ്പിൽ ഒരു മയക്കത്തിനായി അവൻ അദ്ദേഹത്തിൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കണ്ണുകളടച്ചു.
“നിങ്ങളുടെ കഥകളെല്ലാം വായിച്ചു തീരുമ്പോൾ സങ്കീർണതകൾ നിറഞ്ഞ ഒരു നീണ്ട സിനിമ കണ്ടിറങ്ങിയ പോലെയാണ് തോന്നാറ്. ”
കുത്തു വാക്കൊളിപ്പിച്ചു വെച്ച ഒരഭിനന്ദനംപോലെ. സിനിമ സ്വപ്നം കണ്ട് ചെറുകഥകൾ എഴുതുന്നവർ! എച്ചിക്കാനം
മുതൽ ഇന്ദുഗോപൻ വരെ കഥകളെ
തിരക്കഥകളാക്കുന്ന തിരക്കിലാണ്. പുഴയുടെ പരന്ന മണൽപ്പരപ്പിലേക്കു കണ്ണുകളൂന്നി പുത്തഞ്ചേരി തല ചലിപ്പിച്ചു.
“അവർക്കു മുന്നിൽ അനന്തവും, പരന്നതുമായ കഥാപ്രപഞ്ചമല്ലേ!”
ഇടയ്ക്ക് എമ്പ്രാന്തിരി “വാർതിങ്കൾ
പൂത്താലി” മൂളി.
വീണ്ടും പുത്തഞ്ചേരി എന്നെ നോക്കി ചിരിച്ചു. ഓർമയിൽ നിന്ന് മാഞ്ഞുപോവാനാവാത്ത ചിരി.
“പുതിയതെന്തെങ്കിലും?”
“ഒന്നുരണ്ടെണ്ണമുണ്ട്… മിനുക്കുപണിയിലാണ്. ഫീഡ്ബാക്കിനായി ചില സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരിക്കുന്നു.”
“അതിൻ്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.” പുത്തഞ്ചേരി പെട്ടെന്ന് ഗൗരവക്കാരനായി.
“അവനവനിലെ സംതൃപ്തിയിലാണ്
സൃഷ്ടിയുടെ പൂർണ്ണത!” അങ്ങിനെയല്ലേ എന്ന് എനിക്കു നേരേ നോക്കി. അക്കാര്യത്തിലുള്ള എൻ്റെ വിയോജിപ്പു പുറത്തെടുക്കാതെ ഞാൻ മൗനമായിരുന്നു. എൻ്റെ കഥകളിൽ പലപ്പോഴും പുറമേ നിന്നുള്ള തിരുത്തലുകൾ പരിമിതമായെങ്കിലും അനുവദിക്കപ്പെട്ടിരുന്നു.
പാതി ചിരകി വെച്ച തേങ്ങാമുറിയാണ് എൻ്റെ കഥകളുടെ ക്ലൈമാക്സുകളെന്നാണ് രാവുണ്ണിയേട്ടൻ്റെ പരിഹാസം.
“പ്രേമാമുരുകേശൻ പുരസ്കാര”ത്തിനയച്ചുകൊടുത്ത കഥയുടെ അന്ത്യവും രാവുണ്ണിയേട്ടൻ പറഞ്ഞ പ്രകാരം തിരുത്തി എഴുതിയതായിരുന്നു.
ജൂറിയുടെ പ്രത്യേക പരാമർശം!
“കഥാവസാനത്തിൽ ഘടനയിലും, വേറിട്ട രചനാ സമ്പ്രദായത്തിലും കഥാകൃത്ത് കാട്ടിയിരിക്കുന്ന അസാമാന്യമായ മികവ് പ്രശംസയർഹിക്കുന്നു!”
“ഇപ്പഴത്തെ എഴ്ത്തുകാര് എഴുതണതൊന്നും ആർക്കും പിടികിട്ടില്ല.”
എമ്പ്രാന്തിരി രാഗവിസ്താരം നിറുത്തി ഞങ്ങളുടെ വിഷയത്തിലേക്ക് കടന്നു വന്നു.
“ആർക്കും ഒന്നും മനസ്സിലാകാൻ പാടില്ലാന്ന് ഒരു വാശിയാണെന്ന് കൂട്ടിക്കൊള്ളൂ.” അയാൾ തമാശ പറഞ്ഞ ഗൗരവത്തിലിരുന്നു.
മുല്ലപ്പള്ളി പോയ അതേ ധൃതിയിൽ ഫോൺ സംഭാഷണമവസാനിപ്പിച്ച് മടങ്ങി വന്നു. ശീലത്തിൻ്റെ ഭാഗമെന്നോണം അദ്ദേഹം കൈകൾ കൂപ്പി പിടിച്ചിരുന്നു. ഞാൻ പുത്തഞ്ചേരിയുടെ മടിയിൽ നിന്ന് കുട്ടിയെ വാങ്ങി. അവൻ ഒന്നുണർന്ന് ചുറ്റും നോക്കിയിട്ട് വീണ്ടും തോളിലേക്ക് ചാഞ്ഞു.
പുത്തഞ്ചേരി എന്നെ മുല്ലപ്പള്ളിക്കു പരിചയപ്പെടുത്തി.
“പണ്ടൊക്കെ ധാരാളം വായിക്കുമായിരുന്നു. ഇപ്പം സമയം തീരെ കിട്ടാറില്ല.”
കുറ്റം സ്വയം ഏറ്റുപറയുമ്പോലെ മുല്ലപ്പള്ളി എന്നെ നോക്കി.
അല്പനേരത്തേക്കെങ്കിലും സൗഹൃദത്തിൻ്റെ തെളിമയിൽ ഞാനെഴുന്നേറ്റു.
“ഒരു നിമിഷം!” പുത്തഞ്ചേരി പിറകിൽ നിന്ന് വിളിച്ചു.
“ആത്യന്തികമായി ഒരെഴുത്തുകാരന്
വേണ്ട ക്വാളിറ്റി എന്താണ്? ഞാനുദ്ദേശിച്ചത്… മിനിമം ക്വാളിറ്റി!?”
പ്രശ്നോത്തരിക്കിടയിൽ തട്ടിപ്പൊടിഞ്ഞു നിൽക്കുമ്പോൾ എമ്പ്രാന്തിരി മുറുക്കാൻ പൊതിയഴിച്ചു. വണ്ടി വേഗത കുറച്ച് ഏതോ സ്റ്റേഷൻ പരിധിയിലേക്ക് അടുക്കുന്നു. പാക്കും, ചുണ്ണാമ്പും, പുകയിലയും ചുരുട്ടിയ വെറ്റില വായിലേക്ക് തിരുകി പുത്തഞ്ചേരി എന്നെ സാകൂതം നോക്കി.
“പരമാവധി എഴുതാണ്ടിരിക്കുക! അത്രന്നേ!”
“കറക്ട്” എന്ന് മുല്ലപ്പള്ളി മൂക്കുവിടർത്തി ചിരിച്ചു. അപ്പോൾ ആദ്യമായി എമ്പ്രാന്തിരിയും എൻ്റെ മുഖത്തേക്കു നോക്കി തല കുലുക്കി.
“വാക്ക് മനസ്സിലേക്കും, മനസ്സ് പ്രാണനിലേക്കും പ്രാണൻ തിരിച്ച് വാക്കിലേക്കും…”
പുത്തഞ്ചേരി ചിരിക്കുന്നു.
ശ്വേതകേതു വീണ്ടും സന്ദേഹങ്ങളുടെ അറ്റമില്ലാത്ത മണൽപ്പരപ്പിലേക്ക് നോക്കി.
കാലഭേദങ്ങൾക്കിടയിലൂടെ എങ്ങോട്ടേക്കോ ഒരു തീവണ്ടി മുഴങ്ങുന്ന ശബ്ദത്തിൽ പാലം കയറി.