അനാഘ്രാത കുസുമം

അവൻ എഴുതിയ കവിതയിലെ
‘അനാഘ്രാത കുസുമം’
എന്ന പ്രയോഗം വായിച്ചതിന്റെ
ആഘാതത്തിൽ
അവൾ തീണ്ടാരിത്തുണി
അലക്കി വെളുപ്പിക്കാനെടുത്തു..
എത്രയുരച്ചിട്ടും
കവിതയിലെ പുരുഷാധിപത്യ
ബിംബം പോൽ
ഒന്നു പുഷ്പിണിയായതിൻ
മുദ്ര മായാതെ മായാതെ..

അവന്റെ ഒറ്റ തൊടലിൽ
വിരിഞ്ഞു മലരുമായിരുന്നു
അവന്റെതാകും മുമ്പ്
അവളിലെ അനാഘ്രാതങ്ങൾ…
ഓരോ തൊടലും
ആഘാതമാവുന്ന കാലത്ത്
അവന്റെ കവിതകൾ,
അതിലെമുദ്രകൾ
അവളൊരിക്കലെങ്കിലും
എഴുതിയേക്കാമായിരുന്ന
കവിതയുടെ
ഭ്രൂണങ്ങളെ
അമർച്ച ചെയ്തു ..

അവളായിരുന്ന കാലത്തെ
മൗലികത ആർക്കും
മണക്കാനാവാത്ത
സുഗന്ധമായി
അമരത്വം നേടി…
അവന്റെ
പ്രയോഗങ്ങളുടെ
അനാഘ്രാതത്തിന്റെ
ആഘാതം
വിടാതെ പിന്തുടരുന്നുണ്ട്…
ഇപ്പോഴും !
എം.വി.ഷാജി, ചുഴലി – തപാൽ, കണ്ണൂർ – 670 142,Ph: 9495310244

You can share this post!