ചിരിപ്പൂവ്
വിരിയാൻ
തിടുക്കംകൂട്ടിനിൽക്കുന്ന
മൊട്ടുപോലെ
കണ്ടിട്ടാകണം
പുലരിക്കുളിര്
വന്നുപുണരേണ്ടത്
കാറ്റ്
വിരൽമുട്ടിച്ച്
മെയ്തൊട്ട്
കൂട്ടം കൂടേണ്ടത്
മെല്ലെമെല്ലെ
ഇളംവെയിൽപ്പൊടി
തൂവിവിതറി
പകലോൻ
ചുംബിക്കേണ്ടത്
അപ്പോളൊരു
കാഴ്ചക്കാരിയായി
കാഴ്ചക്കായി
ഒരുങ്ങിനിൽക്കും
ഞാനൊരു
ചിരിപ്പൂവായി.
വാക്കുകളാലൊരു സ്വപ്നം
കണ്ടു ഞാൻ
ഒരു വാക്കിൽ നിന്നുയർന്ന
ഭീമനൊരു സ്വപ്നമരം!
അതിൽ നിന്നും
തുരുതുരാ മുളയെടുത്ത്
പൊങ്ങിത്തഴയ്ക്കുന്ന
ഒരു വൻകാട് !
ലോലമെങ്കിലും, ഈടുറ്റ
ഇളം പാകം തോന്നിക്കുമെങ്കിലും
അർത്ഥഭാരമുള്ള
പരുക്കനെങ്കിലും
ചന്തമുള്ള
ഒരു വാക്ക്
ആ തനിമയിനിക്കുന്ന
നേരായ
വാക്കിന്റെ നന്മത്തുമ്പിൽ
വലിയൊരു കാട്
വേരൂന്നി
വിസ്തരിച്ചു പടർന്നങ്ങനെ…
നിറഞ്ഞിടതൂർന്ന്
പിണഞ്ഞുരുമ്മുന്ന കൈകാലുകൾ…
നനഞ്ഞൊട്ടി ചേർത്തു നിർത്തുന്ന നെഞ്ചിടങ്ങൾ…
സമാനതകൾ നിറം പകർന്നോടുന്ന നാഡീവ്യൂഹം
വെവ്വേറെ ധാരകളെങ്കിലും
ഒരേ നിറം, ഒരേമണം, ഒരേ രുചി
എന്നൊക്കെ തൊട്ടുതലോടി
സിരകളിൽ നിന്നും
ശതകോടി വാക്കുകളുടെയുറവ!
വാക്കുകൾക്കൊണ്ട്
വൃക്ഷശ്രേണി !
ഒരേ വേരിൽനിന്നെന്നപോൽ
ഒരു മരത്തിന്റെ ബാന്ധവത്താൽ
നിരന്നുപരന്ന കാട് !
വേരുകൾ പരസ്പരം പിണഞ്ഞ്
ഒഴുകുകയാണൂർജ്ജം!
ഇടംവലം ചുറ്റിലും താഴ്ന്നും ഉയർന്നും
ഒന്നിച്ചുണർന്ന് ഹരിതാഭമൊരു തീരം!
ചുള്ളിക്കൈകൾക്കു തിടം വയ്ക്കുന്നു
ഇലപ്പടർപ്പിലൊരുമ വിരിയുന്നു
സ്നേഹഹർഷം വിറയ്ക്കുന്നു!
ഇളംതെന്നൽക്കുരുന്നുകളെ
തട്ടിയുണർത്തുന്നു
തളിർ ചൂടുന്നു കതിർക്കൊള്ളുന്നു
കുളിരലകളിൽ
ചെമന്നു ചെനയ്ക്കുന്നു മധുരം!
നോക്കൂ
നമ്മളോരോരുത്തനും
വാക്കുകൾ കതിരിടുന്ന
ഓരോ മരമാകുമ്പോൾ
എന്റേതും നിന്റേതുമല്ലാത്ത
നമ്മുടേതാകുന്നു
ഈയുലകം!
ഇവൻ – അവൻ
ഇവൾ – അവൾ
എന്നല്ല
ഒന്നിച്ചൊരേ സ്വരകമ്പനത്തിൽ
ചൂണ്ടിപ്പറയുക
മനുഷ്യൻ, മനുഷ്യൻ, മനുഷ്യൻ!
ഹോളി
ഗീത
അച്ഛനുമമ്മയും തെരഞ്ഞു പിടിച്ച്
അമ്മാമൻ കാതിൽ മൂളിയത്
മൂന്നു വട്ടം
മോളേ…. കുഞ്ഞേ… കുട്ടീ…
ഓമനവിളികൾ
അമ്മ അച്ഛൻ കുടുംബങ്ങൾ വക.
ഗീതോപ്പ
പഴം വിളി
കുടുബസഹോദരങ്ങൾ വക
ഗീച്ചേച്ചി
പുത്തൻ വിളി
കുടുബസഹോദരങ്ങൾ വക
ഗീതാനായർ
അച്ഛൻ പേരു വക
ഔദ്യോഗികച്ചട്ടം തന്ന സർ നേയ്മ്
അറിവില്ലായ്മയുടെ അഹങ്കാരം വക
ഏറ്റെടുത്താവർത്തിച്ചത്
(കുരീപ്പുഴക്കവി ചൂണ്ടിയ സവർണ്ണച്ചെളി)
ഗീത മുന്നൂർക്കോട്
എഴുത്തുകാരിയാകാൻ
കുഞ്ഞുണ്ണി മാഷ് വക തിരുത്തിക്കുറിച്ചത്
ഗീത രവീന്ദ്രൻ
താലി വക
ഗീതയക്ക
ചെന്നു കയറിയ കുടുബം വക
സഹോദരി വിളി
ഗീതാമേഡം/ ഗീതമാം…
ശിഷ്യഗണങ്ങൾ വക
ബഹുമാന പുരസ്ക്കരം
വീണ്ടുമിപ്പോൾ
മുഖപുസ്തകം വഴി
ഗീത,
അനിയത്തിക്കുട്ടി,
ഗീത രവീന്ദ്രൻ,
ഗീത മുന്നൂർക്കോട്,
മുന്നൂർക്കോടനഞ്ഞൂർക്കോടൻ
ഗീതേച്ചി
ഗീതടീച്ചർ
അക്ക
ഓപ്പോൾ…
ഹൊ!
ബഹുവർണ്ണവിളിച്ചൊരിച്ചിൽ !
പാവം ഗീത…
ഹോളി കുളിച്ച് …
വാതായനങ്ങളടയാത്ത വീട്
മനസ്സെന്റെ അങ്ങനെയാണ്
ചുമരുകളുണ്ട്
ചിലതിനെയൊക്കെ
പുറംചൂട് ചാടിക്കേറാതെ
കുളുർപ്പിച്ചു സൂക്ഷിക്കാനുണ്ട്
എന്നൊരാധി…
കനത്തുറഞ്ഞ
വിളർത്ത മഞ്ഞിൻപാട
എത്തിപ്പിടിച്ച്
മൃദുത്വം
ഉറഞ്ഞു പോയേക്കുമെന്ന
ആശങ്ക…
അക്രമക്കാഴ്ചകളുടെ
ചെമന്ന തുള്ളികൾ
തുളയിട്ടു കീറുമോയെന്ന
ഒരാന്തൽ…
എങ്കിലും
വാതായനങ്ങൾ തുറന്നേകിടക്കുന്നു.
അകം പുറമെത്തിപ്പിടിച്ച്
നെഞ്ചുരുക്കങ്ങൾ
കലർത്തണം
ചിരിമധുരങ്ങൾ നുണയണം
നീയും ഞാനും
അവരും
സ്വന്തക്കാരായ മൈതാനിയിലേക്ക്
ഇടക്കൊക്കെ
ഓടിയിറങ്ങണം.
വിലയിടിച്ചിൽ
പ്രസിദ്ധിക്ക്
വിലയേറെ കൊടുത്തതാകുമ്പോൾ
അൽപായുസ്സെന്നൊരു കുറി
ജാതകപ്പെടും
തപ്പുകൊട്ടു കേൾക്കാതെ
മരണപ്പെട്ടതിനെ
കൊത്തിവിഴുങ്ങി
ഒന്നും മിണ്ടാതെ
തൊണ്ട വരണ്ടൊരു കാക്ക
ആകാശമൗനത്തിൽ
മലർന്നുപറക്കും.
ഓർമകളുടെ താന്തോന്നിയാട്ടം.
ചില ഓർമ്മകളുണ്ട്
എത്ര ആട്ടിയോടിച്ചാലും
തിരിച്ചുവരുന്ന
വിരട്ടിയാൽ
ചാടിപ്പോകാതെ
ഒളിച്ചോടാതെ
വാലാട്ടിവലയ്ക്കുന്ന
ചിലപ്പോൾ ഞെക്കിയും
മറ്റു ചിലപ്പോൾ നക്കിയും
കൊല്ലാതെ കൊല്ലാൻ
കുട്ടിക്കരണം മറിഞ്ഞിട്ടു
കുന്തളിച്ചുകൊഞ്ഞനംകുത്തുന്ന
നിന്നെ തോൽപ്പിച്ചല്ലോയെന്ന്
വാതുവച്ചു ജയിച്ചപോലെ
സടകുടഞ്ഞൊരു നിൽപ്പുണ്ട്
അഹങ്കാരക്കൊമ്പും കൂർപ്പിച്ച്
വിളഞ്ഞുഞെട്ടുമുറുകിയ
ചിലതൊക്കെ
നമ്മൾ കെട്ടിത്തൂക്കാറുണ്ട്
ഓർമ്മക്കൂടിന്റെ മോന്തായത്തിൽ നിന്നും
വവ്വാൽച്ചിറകടിച്ച്
ഉത്തരത്തിൽത്തൂങ്ങി
മഞ്ഞളിച്ചുചിരിച്ച്
പിന്നെന്നോ ചെമക്കുമ്പോലെ
ഏകാന്തതയിലേക്ക്
ഒരോർമസ്സദ്യക്ക്
കൊത്തിയരിഞ്ഞുള്ള കറിക്കൂട്ടിനു പാകം
…ന്നാ എടുത്തോ…ന്നൊരു ചാട്ടം
കൊടുത്തൂവച്ചൊറിച്ചിലും കൊണ്ടേ
തട്ടിമുട്ടിപിരിയിളക്കാൻ ചിലർ വരൂ
അലോസരത്തുമ്പികൾ കൂട്ടത്തോടെ
മൂളിവന്നാലോ
തുപ്പാതിരിക്കാനൊരു മധുരവും
ഇറക്കാൻ വിമ്മിട്ടമായേക്കാവുന്ന കയ്പ്പും
തൊണ്ടയിലേറ്റുമുട്ടി
നീലിച്ചുപോകുന്ന
പ്രാണസഞ്ചാരം കണ്ടേ അടങ്ങൂ…
അടിമുടി വിറയലിലങ്ങനെ
മലച്ചുപോകും
സ്നേഹവിരഹമായാണ് ചിലനേരങ്ങളിൽ
വന്നെത്തുന്നതെങ്കിൽ
ഒരിഷ്ടം കൂടാനും താലോലിക്കാനും
ഊട്ടിക്കിടത്തി
ഹൃദയത്തിലിട്ടൂയലാട്ടാനും
പാകപ്പെട്ടുവരും മനസ്സ്
പ്രതീക്ഷകളപ്പോൾ പൂക്കാനും
വസന്തത്തെ മാടിവിളിക്കാനും തുടങ്ങും
എല്ലാമയവിറക്കി മിഴിയോർക്കുന്ന
സമാന്തരങ്ങളിൽ
പ്രണയവിരഹങ്ങളുടെ
എണ്ണംമറന്ന നാളുകൾ
വിരിഞ്ഞുവരുന്നതും സ്വപ്നം കണ്ട്
എനിക്കുമൊരോർമയാകണം
എന്നോർത്തൊന്നു കണ്ണടക്കുന്നു
ശ്ശൊ !
പിന്നേം കമ്പിളിച്ചൊറിച്ചിൽ…!
പൂമദം
ചാരുതയെന്റേതു
മാത്രമല്ലോയെന്നുള്ള
പൂത്തുളുമ്പലിന്റെ
ചെന്നിക്ക് തന്നെ
കരിവണ്ടു മൂളി
മുദ്ര കൊത്തുമ്പോൾ
കാത്തുകിടക്കും
അമ്മയെപ്പോലെ
മാറിലടക്കാൻ
മൺമനം!