അരാഷ്ട്രീയ ബുദ്ധിജീവികൾ

ഗോട്ടോമാലൻ കവിയും വിപ്ലവകാരിയുമായിരുന്ന ഓട്ടോ റെനെ കാസ്ത്തിലോയുടെ ‘അപൊളിറ്റിക്കൽ ഇന്റെലെക്ചുവൽസ്’ എന്ന കവിതയുടെ മലയാളം പരിഭാഷ

—————–
ഒരു ദിവസം
എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികളേ
ഞങ്ങളുടെ ജനങ്ങളിൽ ഏറ്റവും വിനയമുള്ളവർ തന്നെ
ചോദ്യം ചെയ്യും….

തീക്കുഴിയിൽ ചുരുങ്ങിയൊതുങ്ങുന്ന
തീന്നാളം പോലെ
അവരുടെ രാജ്യം പതിയെ ഇല്ലാതാവുമ്പോൾ
അവർ എന്ത് ചെയ്‌തെന്ന് ചോദിക്കും

ആരും അവരുടെ വസ്ത്രത്തെ കുറിച്ച് ചോദിക്കില്ല
അവരുടെ ഉച്ചയുറക്കത്തെ കുറിച്ചോ
നിസ്സാര കാര്യങ്ങൾക്കെതിരെയുള്ള അവരുടെ
നിഷ്ഫലമായ പോരാട്ടങ്ങളെ കുറിച്ചോ..
പണമുണ്ടാക്കാനുള്ള അവരുടെ
ജീവതത്ത്വശാസ്‌ത്രപരമായ വഴികളെ കുറിച്ചോ….
ഇല്ല…
ഗ്രീക്ക് പുരാണങ്ങളെക്കുറിച്ചോ..
അവരുടെ ഉള്ളിൽ ഏതോ ഒരു ഭീരുവിന്റെ
മരണമടയാൻ തുടങ്ങുമ്പോൾ
അവരിലുളവാകുന്ന ആത്മ നിന്ദയെ കുറിച്ചോ….
ആരും ഒന്നും ചോദിക്കില്ല

ഒരു കള്ളത്തരത്തിന്റെ നിഴലിൽ
അവർ വളർത്തിയെടുത്ത ന്യായീകരണങ്ങൾ കുറിച്ചോ
ആരും അവരോട് ഒന്നും ചോദിക്കില്ല…

ആ ദിവസം
ആ വിനയശീലരായ ജനങ്ങൾ വരും….
ഒരിക്കലും ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ
പുസ്തകങ്ങളിലോ കവിതകളിലോ
ഇടം കിട്ടാതിരുന്നിട്ടും..

ദിവസവും അവരുടെ റൊട്ടിയും പാലും എത്തിച്ച് കൊടുത്തവർ
മുട്ടയും ചോളദോശയും എത്തിച്ച് കൊടുത്തവർ
അവരുടെ വിഴുപ്പലക്കിയവർ….
അവരുടെ കാറോടിച്ചവർ..
അവരുടെ വളർത്തു നായ്ക്കളെയും പൂന്തോട്ടങ്ങളെയും പരിചരിച്ചിരുന്നവർ
അവർക്കു വേണ്ടി ജോലി ചെയ്തവർ
എന്നിട്ട് അവർ ചോദിക്കും…
“പാവപ്പെട്ടവർ ക്ലേശമനുഭവിച്ചപ്പോൾ…
അവരുടെ ഉള്ളിൽ ജീവനും മൃദുലതയും
ആപല്‍ക്കരമാം വിധം കത്തിയെരിഞ്ഞടങ്ങിയപ്പോൾ
നിങ്ങൾ എന്ത് ചെയ്തു..?”
അവർ ചോദിക്കും…
നിങ്ങൾ എന്ത് ചെയ്തു….?

എന്റെ മനോഹരമായ രാജ്യത്തിലെ
അരാഷ്ട്രീയ ബുദ്ധിജീവികളെ
നിങ്ങൾക്ക് ഒന്നും പറയാനുണ്ടാവില്ല….

നിശബ്ദതയുടെ കഴുകൻ
നിങ്ങളുടെ മനക്കരുത്ത്‌ കൊത്തി തിന്നും…
നിങ്ങളുടെ ദുരവസ്ഥ
നിങ്ങളുടെ ആത്മാവിനെ കാർന്ന് തിന്നും….
നിങ്ങൾ അപമാനത്തിൽ മുങ്ങി
ഒച്ചയില്ലാതായി തീരും…

-ഓട്ടോ റെനെ കാസ്ത്തിലോ-
പരിഭാഷ – മർത്ത്യൻ

You can share this post!