ഉറങ്ങുമ്പോഴും
ഉണർന്നിരിക്കുന്നവരുടെയിടയിൽ
ഉറങ്ങിയുറങ്ങി
ഉറക്കം കെട്ടവൻ ഞാൻ
ഉറങ്ങിയുറങ്ങിയൊരു
പരുവം വന്നവൻ ഞാൻ
ആസനത്തിൽ സൂര്യൻ ആലു നടും വരെ ഉറങ്ങി ശീലിച്ചവൻ ഞാൻ
യുദ്ധം തോൽക്കും വരെ ആര് വന്നുവിളിച്ചാലും ഉണരില്ല ഞാൻ
ആണവ ചിതക്കരികിൽ
ആയുധ പുരകളിൽ
അഗ്നിപർവത മുഖങ്ങളിൽ
കൊടുംക്കാട്ടിനുള്ളിൽ
സുഖമായി ഉറങ്ങുന്നവൻ ഞാൻ
രോഗിക്ക് മുന്നിൽ രോഗത്തിന് മുന്നിൽ രോഗാതുര സമൂഹത്തിനു മുന്നിൽ
എപ്പോഴും ഉറങ്ങുന്നു ഞാൻ
അനീതികൾക്കിടയിൽ
അക്രമ പരമ്പരകൾക്കിടയിൽ
അപകട ആത്‍മഹത്യ കൾക്കിടയിൽ
നീണ്ട യാത്രകളിൽ എന്റെ കൂർക്കംവലി
മറ്റുള്ളവരെ അലോസരപ്പെടുത്തുന്നു
വെള്ളം വറ്റിപോയ വയലുകളിൽ ഒറ്റ കാലിൽ ഉറങ്ങുന്നു വെള്ള നിറത്തിലുള്ള കൊറ്റികൾ
ശവപറമ്പിൽ സുഖമായ് ഉറങ്ങുന്നു മന്തു കാലുള്ള ഭ്രാന്തൻ
കണ്ണടച്ചാൽ ഉറക്കമാവുമോ?
പാല് കുടിക്കുകയല്ലേ നീ
ഇപ്പോഴുള്ള ചില ഉറക്കങ്ങൾ പിന്നെ ഉണരാൻ കഴിയാത്തതാണ്
പാടി തളരുന്നു രാപ്പാടികൾ
കൂകി തളരുന്നു പൂങ്കോഴികൾ
നീ ഉറങ്ങുന്നോ
ഉറങ്ങുന്നെന്ന് നടിക്കുന്നോ?
കുഞ്ഞും നാളിലെ അമ്മ ശീലിപ്പിച്ചു
അച്ഛൻ നോക്കിയിരുന്നു
താരാട്ടു കേട്ടുള്ളയീയുറക്കം