അപ്രിയ യാഥാർത്ഥ്യം

 

ആധുനിക മനുഷ്യന്റെ ജീവിതം, എല്ലാ ഇല്ലായ്മകളേയും ദേദിച്ച്, ഒരു കപടമായ ആഢംബര സൌന്ദര്യം എടുത്തണിഞ്ഞിരിക്കുന്നു. അണുബാധിച്ച കുടുംബമായ അണുകുടുംബം ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ആ കുഞ്ഞുങ്ങൾക്ക് സർവ്വ സൌകര്യങ്ങളും നൽകാൻ മാതാപിതാക്കൾ അലഞ്ഞുതിരിയുന്നു. ലഭ്യമായ ഏറ്റവും നല്ലതിനെ കുഞ്ഞുങ്ങൾക്ക് പ്രാപ്യമാക്കാൻ ഏത് കുൽസിത മാർഗ്ഗവും സ്വീകരിക്കുന്നു. വിദ്യാഭ്യാസം, സമൂഹത്തിലെ പൊങ്ങച്ച വേദികൾക്ക് അലങ്കാരമാക്കാൻ വേണ്ടി, കുട്ടികളെ അവർക്ക് താല്പര്യമില്ലാത്ത കോഴ്സുകളിലേക്ക് തള്ളിവിടുന്നു. എഴുത്തും വായനയും, താല്പര്യമുളള കുട്ടികൾ എഞ്ചിനീയറിംഗ് പഠനത്തിൽ കാലിടറുന്നു. പഠന ഭാരം കൊണ്ട് തലതിരിഞ്ഞു പോയ ബുദ്ധിക്ക് ശാന്തത ലഭിക്കാൻ വീഡിയോ ഗെയിമുകളിലേക്ക് ഓടുന്നു. അത് മറ്റൊരു വലയാണെന്ന് തിരിച്ചറിയാൻ കഴിയാതെ മാനസികമായി അതിനു കീഴ്പ്പെടുന്നു. ഗെയിമുകൾക്ക്
കീഴ്‌പ്പെടുന്ന കുട്ടികൾ മാനസിക വൈകല്യമുള്ളവരാകാൻ സാദ്ധ്യതയേറെയാണ്.
പരമ്പരാഗതമാർഗ്ഗങ്ങളിൽ നിന്നും, യാന്ത്രികതയുടെ ലോകത്തേക്ക് കൂപ്പുകുത്തിയപ്പോൾ എല്ലാം യാന്ത്രികമായി. വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെട്ടു. വിവാഹത്തിനു പോലും ബന്ധുക്കളെ ക്ഷണിക്കാൻ ഫോൺ മതിയെന്നായി. സ്വാഭാവികമായും , വളരെ ലളിതമായും , നിർവ്വഹിച്ചിരുന്ന പല കാര്യങ്ങളും സങ്കീർണ്ണമായിപ്പോയി. തലച്ചോറിന്റെ സ്ഥാനം, കംപ്യൂട്ടറും, കാൽക്കുലേറ്ററും, ഫോണും ഏറ്റെടുത്തതോടെ എല്ലാം തകിടം മറിഞ്ഞു. സ്വാഭാവികമായ ഓർമ്മശക്തി കുറയാൻ കാരണം, തലച്ചോറിന്റെ ചെറിയ ജോലികൾ പോലും യന്ത്രത്തെ ഏൽപിച്ചതു കൊണ്ടാണെന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി. ഡിജിറ്റൽ യുഗം എന്നാൽ സമ്പൂർണ്ണമായ കൃത്രിമ യുഗം എന്ന അവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങി. ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് രംഗം കയ്യടക്കുന്നതോടെ കാര്യങ്ങൾ സങ്കീർണ്ണമാകാനാണ് സാദ്ധ്യത. ആരോഗ്യത്തിന്റെ കാര്യത്തിലും നാം പിന്നോട്ടടിക്കുകയാണ്. അമിതമായി യന്ത്രത്തെ ആശ്രയിക്കുന്നത് , വികസിത രാജ്യമായിത്തന്നെ കാലങ്ങളായി നിലനിൽക്കുന്ന ഭാരതത്തെപ്പോലുള്ള രാജ്യങ്ങൾക്ക് ഒട്ടും യോജിച്ചതാവില്ല. ഇപ്പോൾ തന്നെ വഷളായ തൊഴിലില്ലായ്മ കൂടുതൽ വഷളാകുമെന്നുറപ്പ്.

You can share this post!