അന്നൊരു വെള്ളിയാഴ്ചയായിരുന്നു .അല്പംവൈകിയെങ്കിലും കോച്ചിങ് ക്ലാസ്സിൽ നിന്നും നേരെ പോയത് ബസ് സ്റ്റാന്റിലേക്കാണ് . ഒരാഴ്ചത്തെ ഇടവേളക്കു ശേഷം മുത്തശ്ശിയെയെയും മുത്തശ്ശനെയും കാണാൻ മനസ്സ് വെമ്പൽ പൂണ്ടു . ഒരുമണിക്കൂർ നേരത്തെ കാത്തുനില്പിനു് ശേഷം ബസ് വന്നെത്തി . അതിൽ കയറി, ജനലിനോട് ചേർന്ന് പുറത്തെ കാഴ്ചകൾ കണ്ടു താനിരുന്നു . അപ്പോഴാണ് ഏതാനും പച്ചക്കറി സാമഗ്രികൾ നിറച്ച ഒരു വലിയ സഞ്ചിയും തൂക്കി ഒരു പ്രായം ചെന്ന സ്ത്രീ ബസ്സിൽ കയറുന്നതു കണ്ടത് . കയറിയ ഉടൻ അവർ തന്റെ സമീപം മുട്ടുകുത്തി വീണു . സഞ്ചിയിലെ പച്ചക്കറികൾ താഴെ വീണു ചിതറി . അവർ കയറുന്നതിനു മുമ്പ് ബസ് വിട്ടതാണ് കാരണം .പെട്ടെന്ന് ഡ്രൈവർ ബസിന്റെ വേഗം കുറച്ചു . മുട്ടുകുത്തി വീണ അവരെ താൻ കൈകൊടുത്തു ഉയർത്തി. പിന്നെ താഴെ വീണ പച്ചക്കറികൾ പെറുക്കാൻ സഹായിച്ചു . അതിനിടയിൽ പലവിധ അസഭ്യ വർഷങ്ങൾ ചൊരിഞ്ഞ് അവർ ബസ്‌ഡ്രൈവറെയും കണ്ടക്ടറെയും ശകാരിക്കുന്നുണ്ടായിരുന്നു . അവർക്കുംകൂടി ഇടം നൽകിക്കൊണ്ട് താൻ നീങ്ങി ഇരുന്നു
.എന്തെങ്കിലും പറ്റിയോ ”താൻ ഉൽക്കണ്ഠയോടെ അന്വേഷിച്ചു
”സാരമില്ല മോളെ .ഞാൻ കേറുന്നതിനു മുമ്പ് ബസിനു വേഗം കൂടിയതുകൊണ്ടു പെട്ടെന്ന് വീണുപോയതാണ് ”.അങ്ങിനെ പറഞ്ഞു അവർ തന്നെ നോക്കി പുഞ്ചിരിച്ചു .
അല്പം കഴിഞ്ഞ് അവർ വീണ്ടും ചോദിച്ചു .
”എങ്ങോട്ടാ മോള് പോകുന്നത് ?”
ഞാൻ പറഞ്ഞു ”മൂത്തന്നൂർക്ക് ”
”എനിക്കും അതിനടുത്താണ് ഇറങ്ങേണ്ടത് . എന്റെ മകന്റെ മൂത്ത മോളുടെ പിറന്നാളാ നാളെ . അതിനുള്ള സദ്യക്കുള്ള പച്ചക്കറികളാ സഞ്ചിയിൽ ..എല്ലാം ഞാൻ സ്വയം കൃഷി ചെയ്തുണ്ടാക്കിയതാ .” അവർ ചിരിച്ചു കൊണ്ട് പറഞ്ഞു
അവർ വാതോരാതെ സംസാരം തുടർന്നപ്പോൾ അസഹ്യത തോന്നി . വല്ലാത്ത മുഷിഞ്ഞ ഒരു നാറ്റം അവരുടെ വസ്ത്രത്തിൽ നിന്ന് പ്രവഹിക്കുന്നുണ്ടായിരുന്നു. തനിക്കു എങ്ങിനെയെങ്കിലും മൂത്തന്നൂരെത്തിയാൽ മതിയെന്നായി . ഇതിനിടയിലവർ തന്റെ പേരിനെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമൊക്ക അന്വേഷണമായി .
അതിനുത്തരമായി പട്ടണത്തിൽ താൻ ഐ എ എസ് കോച്ചിങ്ങിനു ചേർന്നിരിക്കുകയാണെന്നു പറഞ്ഞു .
”അയ്യോ കുഞ്ഞേ . ഐ എ എസ് എന്ന് പറയുന്നത് കളക്ടറുദ്യോഗം കിട്ടാനല്ലേ . ? അപ്പോൾ കുഞ്ഞു കളക്ടറാകുമെന്നാണോ പറഞ്ഞു വരുന്നത് . അപ്പോൾ ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരുടെ സങ്കടങ്ങൾ കേട്ട് കുഞ്ഞു പരിഹാരമുണ്ടാക്കുമല്ലേ ”
ആ വാക്കുകൾ ഹൃദയത്തിലെവിടെയോ ആണ് തറച്ചത് . സ്വയം കുറ്റ ബോധം തോന്നി . ഇന്നിപ്പോൾ മുഷിഞ്ഞ വസ്‌ത്രം ധരിച്ച ഒരു സ്ത്രീ തന്നിലിത്രത്തോളം അസഹ്യത സൃഷ്ട്ടിക്കുന്നുണ്ടെങ്കിൽ നാളെ ഒരു ജില്ലാ ഭരണാധികാരിയായി താനെങ്ങനെ പാവപ്പെട്ടവരുടെ കണ്ണീർ തുടക്കുമെന്ന് ആലോചിച്ചു . ഒരുനിമിഷത്തേക്കു തന്നോട് തന്നെ അവജ്ഞയും വെറുപ്പും തോന്നി .ഈ മനോഭാവം മാറാതെ താൻ ഐ എ എസ് എഴുതിയെടുക്കാൻ യോഗ്യയല്ലെന്നു പോലും തോന്നി .പെട്ടെന്നവരുടെ ശുഷ്കിച്ച കരങ്ങൾ പിടിച്ചു കൊണ്ടു താൻപറഞ്ഞു . ”അമ്മെ, നാളെ ഞാൻ ഒരു കളക്ടറാവുകയാണെങ്കിൽ അമ്മയെപ്പോലുള്ളവരുടെ ദുഖമകറ്റാൻ തീർച്ചയായും ശ്രമിക്കും .എന്ത് വിഷമമാണെങ്കിലും അമ്മക്ക് എന്നോട് നേരിട്ട് വന്നു പറയാം . അതുപോരെ .”
”അതുമതി മോളെ ഇപ്പോൾത്തന്നെ ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് വീടില്ല . ഉള്ളത് പുറമ്പോക്കിലെ ചോർന്നൊലിക്കുന്ന ഒരു കൂരയാണ് . പിന്നെ കൃഷി ചെയ്യാനുള്ള ധന സഹായം ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും ഒന്നും അനുവദിച്ചു കിട്ടിയിട്ടില്ല . എന്റെ മൂത്ത മോനും ഞാനും അവന്റെ ഭാര്യയും രണ്ടു മക്കളും ഈ കൃഷി കൊണ്ടാണ് ജീവിച്ചു പോരുന്നത് . വളരെ വിഷമിച്ചാണ് ഓരോ ദിവസവും തള്ളി നീക്കുന്നത് മോളെ . ” ദേവയാനി എന്ന് സ്വയം പരിചയപ്പെടുത്തിയ ആ സ്ത്രീ നനഞ്ഞ കണ്ണുകളോടെ പറഞ്ഞു . അവരുടെ ദുഃഖംകണ്ട് അവരെ സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു .
. ”’അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിച്ചോളൂ . ഞാൻ ഇന്നാട്ടിൽ കളക്ടറായി ചാർജെടുക്കുകയാണെങ്കിൽ തീർച്ചയായും അമ്മയുടെ ദുഖങ്ങൾപരിഹരിച്ചിരിക്കും .അമ്മക്ക് സ്വന്തം മകളായി എന്നെ കാണാം . ”അവരുടെ അഡ്രസ്സു ചോദിച്ചറിഞ്ഞു
”എനിക്ക് പെണ്മക്കളില്ല കുഞ്ഞേ . ഉള്ളത് രണ്ടാണ്മക്കളാണ് .അതിൽ മൂത്തവന്റെ കൂടെയാണ് ഞാനിപ്പോൾ കഴിയുന്നതു . നല്ല മനസ്സുള്ള കുഞ്ഞു കളക്ടറാകുമെന്നു തന്നെ എന്റെ മനസ്സ് പറയുന്നു .കുഞ്ഞിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാം …തീർച്ചയായും പ്രാർത്ഥിക്കാം കുഞ്ഞേ .കുഞ്ഞിനെപ്പോലുള്ളവരെയാണ് ഈ നാടിനു ആവശ്യം .”
അവർ നനഞ്ഞ കണ്ണുകളുയർത്തി തന്നെ അനുഗ്രഹിക്കും പോലെ പറഞ്ഞു .
ബസ് മൂത്തന്നൂരിന് തൊട്ടടുത്ത സ്റ്റോപ്പിലെത്തിയപ്പോൾ അവർ എഴുന്നേറ്റു .”ഭാഗ്യമുണ്ടെങ്കിൽ ഇനിയും കാണാം കുഞ്ഞേ ”.അവർ യാത്ര പറഞ്ഞു .
ഭാരമുള്ള സഞ്ചിയും തൂക്കി അവർ ഇറങ്ങിപ്പോകുന്നതു നോക്കി താനിരുന്നു ഒരു പക്ഷെ ഇങ്ങനെ എത്രയെത്രപേർ സ്വന്തം ജീവിതം തള്ളി നീക്കാൻ ക്ലേശിക്കുന്നുണ്ടെന്നറിഞ്ഞു. ഒരു വണ്ടിക്കാളയെപ്പോലെ ജീവിതഭാരം തലയിലേറ്റി വഴിവക്കിൽ തളർന്നു വീഴുന്നവർ…. അവർക്കാവശ്യം സ്നേഹത്തിന്റെ സമാശ്വാസത്തിന്റെ ഒരിറ്റു ദാഹ ജലമാണ്… .ഭാരിച്ച ചുമടിറക്കാൻ ഒരു കൈത്താങ്ങ്…… . ആ താങ്ങു നൽകുവാൻ തന്നെപ്പോലുള്ളവർക്ക് മാത്രമേ കഴിയുകയുള്ളൂ. ചുറ്റിനും പടരുന്ന ഇരുട്ടിനെ വകഞ്ഞു മാറ്റി വെളിച്ചത്തിന്റെ ഒരു നുറുങ്ങായിത്തീരാൻ തനിക്കു കഴിയും .”താൻ പ്രത്യാശിച്ചു.
വിദേശ രാജ്യങ്ങളിൽ സമ്പന്നതയുടെ അതിപ്രസരം കണ്ടു മഞ്ഞളിച്ച തന്റെ കണ്ണുകളിൽ ഇന്ന് പടരുന്നത് ദുഖാഗ്നിയുടെ കറുപ്പ് നിറമാണ് . ആരുടെയൊക്കെയോ വിലാപങ്ങൾ …ദൈന്യതയൂറുന്ന മുഖങ്ങൾ !…ജീവനും ജീവിതത്തിനും വേണ്ടി കേഴുന്ന മനുഷ്യാത്മാക്കൾ !…ഭാരതത്തിലെ കോടിക്കണക്കിനു ജനങ്ങൾ ഇത്തരത്തിലുള്ളവരാണെന്നു താനിന്നറിയുന്നു . ഇന്ത്യൻ ഭരണഘടന പോലുള്ള പുസ്തകങ്ങൾ വായിച്ചുള്ള അറിവിനേക്കാൾ കൂടുതലായി അനുഭവത്തിലൂടെ താനിന്നു സ്വന്തം നാടിനെ അറിയുന്നു . ഒരു പക്ഷെ ഈ അറിവായിരിക്കാം തന്നെ ഐ എ എസ് നേടുന്നതിന് പിന്തുണക്കുന്നത് . നേടിക്കഴിഞ്ഞു ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുന്നതിനു സഹായിക്കുന്നതും … മനസ്സ് കണ്ടെത്തലുകൾ നടത്തുമ്പോൾ തനിക്കിറങ്ങേണ്ട സ്ഥലമായി .
ഇരുട്ട് കറുത്തമൂടുപടമണിഞ്ഞു മുന്നിൽ നിലകൊണ്ടു . മെയിൻ റോഡിൽഏതാനും ദൂരം മാത്രം മിന്നി മിന്നി കത്തുന്ന വഴിവിളക്കുകൾ… അവയുടെ നേർത്ത പ്രകാശം വഴിയിൽ വീണു കിടന്നു . പാതവക്കിൽ മങ്ങിയ വെട്ടത്തിൽ തുറന്നിരിക്കുന്ന ഏതാനും കടകൾ …അവയും അല്പസമയത്തിനുള്ളിൽ അടക്കും . പിന്നെഇടത്തോട്ടു തിരിയുന്ന ഇടവഴിയിലെ കനത്ത ഇരുട്ടിൽ താൻ മാത്രം. ഉള്ളിൽ ഭയം തുടികൊട്ടി . ഇന്നിപ്പോൾ താൻ നിരായുധയും അബലയുമാണ് .ആൾപെരുമാറ്റം കുറഞ്ഞ ഈ വഴിവക്കിൽ തന്നെ എന്തും ചെയ്യാൻ ഒരു പുരുഷന് കഴിയും .ഒരുപക്ഷെ മിത്രന്റെ ആൾക്കാരാരെങ്കിലും ഉള്ളിലെ ശത്രുതയുമായി തന്നെ സമീപിച്ചാൽ …ഓർത്തപ്പോൾ മനസ്സു കിടിലം കൊള്ളുന്നത് അറിഞ്ഞു . കാലുകൾ വലിച്ചുവച്ചു നടന്നു . തറവാട്ടിൽ വിനു തിരിച്ചെത്തിയിട്ടില്ല . ഉണ്ടെങ്കിൽ തന്നെ അവശനായ അവനിപ്പോൾ തന്നെ സഹായിക്കാനാവുകയില്ല മിടിക്കുന്ന ഹൃദയവുമായി മുന്നോട്ടുനടന്നു . അപ്പോഴാണ് എതിരെ ഒരാൾ ചൂട്ടും മിന്നിച്ചു നടന്നു വരുന്നത് കണ്ടത്. ആ ആൾ അടുത്തെത്തിയപ്പോഴാണ് അത് അയ്യപ്പന മ്മാവനാണെന്നു തിരച്ചറിഞ്ഞത് .
”അല്ല കുഞ്ഞെന്താണിത്ര താമസിച്ചതു . ഒറ്റക്കാകുമ്പോൾ നേരത്തെ പോരാൻ നോക്കണ്ടേ കുഞ്ഞേ …കാലം വല്ലാത്തതാ . അവിടെ മുത്തശ്ശി എന്നെ ഇരുത്തി പൊറുപ്പിച്ചിട്ടില്ല . ഒന്നു ചെന്ന് നോക്ക് അയ്യപ്പാ. പ്രിയക്കുഞ്ഞു വരാറായി എന്ന് പറഞ്ഞ് .ഞാനല്പം നേരത്തെ ഇവിടെ വന്ന് കുഞ്ഞിനെ കാത്തുനിന്നു . കാണാതെ തിരിച്ചു ചെന്നപ്പോൾ മുത്തശ്ശി വീണ്ടും എന്നെ ഇങ്ങോട്ട്തന്നെ ഓടിച്ചു .ഏതായാലും ഇപ്പോൾ പ്രിയക്കുഞ്ഞിനെക്കണ്ടല്ലോ…. സമാധാനമായി…”. അയ്യപ്പനമ്മാവൻ വാതോരാതെ വർത്തമാനം പറഞ്ഞു .
”കോച്ചിങ് ക്ലാസ് കഴിഞ്ഞപ്പോൾ സമയം വൈകി . പിന്നെ ബസ് വരാനും താമസിച്ചു. അതാണിത്ര വൈകിയതു .” അയ്യപ്പനമ്മാവന്റെ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു .
”മുത്തശ്ശന്റെ അടുത്തു ആരുണ്ട് അയ്യപ്പനമ്മവാ” താൻ ചോദിച്ചു
”മുത്തശ്ശി നോക്കിക്കോളാമെന്നു പറഞ്ഞിട്ടാണ് എന്നെ പറഞ്ഞയച്ചത് . ”അയ്യപ്പനമ്മാവൻ തന്റെ സംശയത്തിന് മറുപടിയായി പറഞ്ഞു . ഞങ്ങൾ സംസാരം തുടർന്നപ്പോൾഎതിരേ ആരോ ടോർച്ചും മിന്നിച്ചു നടന്നു വരുന്നത് കണ്ടു .. ചൂട്ടിന്റെ വെട്ടത്തിൽ അത് ഉണ്ണിവാര്യരാണെന്നു മനസ്സിലായി .താൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു
അയാൾ മുന്നോട്ടെത്തി ഞങ്ങളെ സൂക്ഷിച്ചു നോക്കി .എന്നിട്ട് അർത്ഥഗർഭമായി പറഞ്ഞു . ‘
”ഞാൻ വിചാരിച്ചു എസ്കോർട്ടിന് വാര്യത്തെ കൊച്ചായിരിക്കും ഉണ്ടാവുക എന്ന് . ഇതെന്തുപറ്റി ആവോ ആളുമാറിപ്പോകാൻ…. അല്ലാ …ആരായാലും മതിയല്ലോ അല്ലെ ?..”.അങ്ങിനെ പറഞ്ഞു ഒരു വഷളൻ ചിരിയും ചിരിച്ചു അയാൾ മുന്നോട്ടു നടന്നു തുടങ്ങി . അപ്പോൾ അയ്യപ്പനമ്മാവൻ പെട്ടെന്ന് തിരിഞ്ഞു നിന്ന് പറഞ്ഞു .
”അതിനു തൻറെ തറവാട്ടിലല്ല ഈ കൊച്ചു ജനിച്ചത് . ..നല്ല ദൈവമഹിമയും പാരമ്പര്യവുമുള്ള തറവാട്ടിലാ.. അതുകൊണ്ടു താനൊക്കെ എന്ത് പറഞ്ഞാലും ഈ കൊച്ചിനതൊന്നും ഏൽക്കൂല്ല …”
”അതെ ..അതെ ..തറവാട്ടു മഹിമയും ജാതി മഹിമയുമൊക്കെ ഞങ്ങൾക്കറിയാം . താനതൊന്നും ബോധ്യപ്പെടുത്തേണ്ട. . ഏതായാലും ആ വാര്യര് കൊച്ചിനെ വെറുതെ വിടാൻ പറഞ്ഞേക്ക് . ഇല്ലെങ്കിൽ വിവരമറിയും . ”അയാൾ പറഞ്ഞു നിർത്തിയതും അയ്യപ്പനമ്മാവൻ മുന്നോട്ടു ചെന്ന് അയാളുടെ കോളറിന് കുത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു .
”അങ്ങിനെ ഈ കൊച്ചിനും വാര്യര് കൊച്ചിനും പരസ്പരം ഇഷ്ടമാണെങ്കില് താനെന്തു ചെയ്യുമെടോ . തനിക്കൊന്നും ഒന്നും ചെയ്യാൻ പറ്റുകില്ലെടോ . ഇത് കാലം വേറെയാ.. അല്ലെങ്കിൽ താനൊക്കെ ഒരു കൈ നോക്കുന്നോ . ..അയ്യപ്പന്റെ ഈ കൈ നല്ലോണം പാടത്തും പറമ്പിലും അധ്വാനിച്ചുണ്ടായ തഴമ്പുള്ള കൈയ്യാണ് . താനൊക്കെ അയ്യപ്പന് ഒറ്റ അടിക്കെ ഉള്ളൂ . ”
അയ്യപ്പനമ്മാവന്റെ കായബലവും , ഉറച്ചതടിയും കണ്ടിട്ടാകാം അയാൾ ഒന്നുംമിണ്ടാതെ തിരിഞ്ഞു നടന്നു . തന്നെക്കാൾ പ്രായമുള്ള മനുഷ്യനായിട്ടും അദ്ദേഹത്തെയും തന്നെയും ചേർത്ത്…….. താൻ ആകെ അപമാനിക്കപ്പെട്ടതായി തോന്നി . അതിലേറെ അയ്യപ്പനമ്മാവനുണ്ടായ അപമാനവും തന്നെ വേദനിപ്പിച്ചു . കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി . അതുകണ്ടു തന്നെ സമാശ്വസിപ്പിച്ചുകൊണ്ടു അയ്യപ്പനമ്മാവൻ പറഞ്ഞു .
”സാരമില്ല കുഞ്ഞെ . ഇതൊക്കെ ഇവനെപ്പോലുള്ളവരുടെ സ്വഭാവമാണ് . അവനൊക്കെ വിചാരിച്ചാൽ എന്തും നടക്കുമെന്നാണ് വിചാരം . ഇതൊന്നും അയ്യപ്പന്റ അടുത്തു ഓടില്ലെന്നു അവനറിയില്ലല്ലോ . ഇങ്ങനെയുള്ളവരോട് എതിരിട്ടാണ് അയ്യപ്പനും ഇത്രത്തോളം എത്തിയത് . ഇനിയിപ്പോൾ ഈ പ്രായത്തിലിവന്റെ ഉശിരൊന്നും അയ്യപ്പന്റടുത്തു ഓടില്ല കുഞ്ഞേ.. കുഞ്ഞു വിഷമിക്കാതെ നടന്നാട്ടെ‘ ” .
അന്നാദ്യമായി അയ്യപ്പനമ്മാ വനോട് ബഹുമാനം തോന്നി. അദ്ദേഹത്തെക്കുറിച്ചു കൂടുതലറിയാൻ താല്പര്യവും തോന്നി . തൻറെ അന്വേഷണത്തിനു അദ്ദേഹം ആ കഥ പറഞ്ഞു . പലരുടെയും എതിർപ്പിനെ അവഗണിച്ചു തൻറെ മകളെ അവൾക്കിഷ്ടപ്പെട്ട ഒരു ക്രിസ്ത്യാനിക്ക് വിവാഹം കഴിച്ചു കൊടുത്ത കഥ .
”പക്ഷെ മറ്റെല്ലാവരുടെയും മുന്നിൽ ഞാൻ വിജയിച്ചപ്പോൾ എന്റെ സ്വന്തം മകളുടെ മുന്നിൽ ഞാൻ തോറ്റുപോയി കുഞ്ഞേ . അവൾക്കിപ്പോൾ ഭർത്താവും വീട്ടുകാരും മതി . ഭാര്യ നേരത്തെ മരിച്ചുപോയ എന്നെ വേണ്ട . ” അമ്മാവന്റെ സ്വരം ഇടറി . അതുകണ്ടു വിഷമം തോന്നി പറഞ്ഞു
”അയ്യപ്പനമ്മാവൻ എന്നെ സ്വന്തം മകളായി കണ്ടോളൂ .”
”അതേകുഞ്ഞെ . നിങ്ങളെല്ലാരുമാണ് അയ്യപ്പനിപ്പോൾ സ്വന്തമായിട്ടുള്ളത് ”
അത് പറയുമ്പോൾ ആ കണ്ണുകൾ നനഞ്ഞിരുന്നു . നടന്നു നടന്ന് തറവാട്ടിലെത്തിയത് അറിഞ്ഞില്ല . നേരെ ഔട്ട് ഹൗസിലേക്കാണ് ചെന്നത് . അവിടെ ഉറങ്ങിക്കിടക്കുന്ന മുത്തശ്ശന്റെ അരികിൽ മുത്തശ്ശി ഇരിപ്പുണ്ടായിരുന്നു .