സ്വതന്ത്ര(വേ)വാഴ്ച/ ജയപ്രകാശ് എറവ്  


,വിവസ്ത്രനാവുമ്പോഴാണ്
ഞാനൊരോ ദിനവും സ്വതന്ത്രനാവുന്നത്
പകലന്തിയോളം
ചുളിവോ
ചളിയോ
പറ്റാതെ ശരീരത്തെ പൊതിയുമ്പോൾ
അതെൻ്റെ നഗ്നതയ്ക്കു മേലുള്ള
മുൾക്കിരീടമാണെന്നും
അടിച്ചമർത്തപ്പെടുന്ന
സ്വാതന്ത്ര്യത്തിൻ്റെ മേലങ്കി
മാത്രമാണെന്നുള്ള വെളിപാട്
ഉണർത്തിയ്ക്കുന്നു.
വേഷങ്ങളിലാഴ്ന്നിറങ്ങുമ്പോൾ
ഭാഷയുടെ പുറംതോട് പൊട്ടിച്ച്
” എന്നിലെ ഒച്ചിനെ മറികടക്കും”.
ഗുഡ്മോണിങ്ങ്,
ഗുഡ് ആഫ്റ്റർനൂൺ,
ഗുഡ് ഈവനിങ്ങ്.
ഒരോ തുടക്കവും, ഒടുക്കവും
അങ്ങനെ തന്നെ തീരും.
” എന്നെക്കുറിച്ച് പറയുന്നതൊന്ന് കേൾക്കു.”

“ഞാൻ വെറുമൊരു പാവമാണെന്ന്
ചിലർ പറയുന്നത് കേൾക്കാറുണ്ട്.
അവരെ ,
പേര് പോലും ചോദിപ്പാതെ
മനസ്സാ സ്തുതിക്കും.
നാമസങ്കീർത്തനങ്ങളിൽ
അവർക്കായ് സ്തുതിഗീതം അർപ്പിയ്ക്കും.

അഹങ്കാരത്തിന് കൈയും, കാലും
കണ്ണും , മൂക്കും
വെച്ചവനെന്ന് അണപ്പല്ലുരുമി
മുഖം ചോപ്പിക്കാറുണ്ട്.
അവരെ ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും.
ശത്രുപക്ഷം ഏതുമില്ലാത്ത
ആത്മഗീതത്തിലേക്ക്
അവരെ ഞാൻ അനുനയിപ്പിക്കും.

അധികം മിണ്ടാത്തവനെന്നും
ഉള്ളിൽ അടക്കം പിടിച്ചവനെന്നും
ചിലർ മുഖം നോക്കി തന്നെ പറയും.
അപ്പോഴെൻ്റെ എല്ലുന്തിയ ശരീരം
വേഷങ്ങൾക്കുള്ളിൽ കിടന്ന്
ഇളകിയാടും,
ചിരിച്ച് കുഴയും.
ഒരാളെ എത്ര അടുപ്പം ചൊന്നാലും
കാണുന്ന രീതി
കേൾക്കുന്ന രീതി
കാണാത്ത രീതിയും എത്രയെത്ര വിഭിന്നം.
ഇങ്ങനെയൊക്കെ ആണെന്നൊ
അല്ലന്നോയിരിക്കട്ടെ,
അതിലെനിക്കെന്ത് ചേതം ?
ഞാനേതിൽ നിന്നും സ്വതന്ത്രനായി
കനമില്ലാത്തൊരവസ്ഥയിലേക്ക്
മാറ്റപ്പെടുമ്പോഴാണ്
അവൾക്ക് ഞാനേറെ പ്രിയപ്പെട്ടവനാകുന്നത് .
അവളിലേക്ക് മാത്രം ചുരുങ്ങിച്ചുരുങ്ങി
ഇഴഞ്ഞിഴഞ്ഞ് –
വെറുമൊരു ഒച്ചായ് മാറുമ്പോൾ
ഒരാനന്ദനിർവൃതി എന്നും.
വെളുത്ത മേഘങ്ങളെ
കാർമേഘം കീഴടക്കുമ്പോഴുണ്ടാകുന്ന ഇരുൾ നൃത്തത്തിൽ
ആസക്തിയുടെ തിരമാല അലയടിയ്ക്കും.
ഞാനപ്പോൾ
സ്വതന്ത്ര വേഴ്ചയുടെ
പ്രകൃതിപാoങ്ങളിക്ക്
മനസ്സും ശരീരവും തുറന്ന് വിടും.

You can share this post!