വാക് ക്ഷേത്രം / നോവൽ , 3, 4, 5

3.
മണ്ണ്‌ ലോലമായി, മണ്ണ്‌ കുളിർത്തു.  സന്യാസിയപ്പന്റെ പാദങ്ങൾ മണ്ണിന്റെ ആർദ്രത അറിഞ്ഞു, ജൈവതാളമറിഞ്ഞു.  മണ്ണിൽ നിന്ന്‌ കാൽപാദങ്ങളിലേയ്ക്ക്‌ ഒരു കാന്തിക വലയം ഉയരുന്നു.  അതിൽ തുടിക്കുന്ന മണ്ണിന്റെ ഹൃദയതാളം സന്യാസിയപ്പന്റെ ചേതന തൊട്ടറിഞ്ഞു.  ഒട്ടനവധി രോഗങ്ങൾ വന്ന്‌ അകാല വാർദ്ധക്യം ബാധിച്ച ഒരു ശരീരം പോലെ മണ്ണ്‌! ദേശങ്ങൾക്കപ്പുറത്ത്‌ നിന്ന്‌ തിരിച്ചറിഞ്ഞത്‌ ഈ മണ്ണിന്റെ ഉൾവിളിയാണ്‌.
അതേ – മാനസ അപരൻ സന്യാസിയപ്പന്റെ മനസ്സളന്നു പറഞ്ഞു – നമ്മുടെ ശരീരത്തിന്റെ മണം തന്നെയാണ്‌ ഈ മണ്ണിൽ തിരിച്ചറിയുന്നത്‌.  അതേ മണം.  ഇതു തന്നെയാണ്‌ നിന്നെ അന്വേഷിച്ച വിഷാദ ഭൂമിക.  ഈ മണ്ണിൽ വിളഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ, ഈ മണ്ണ്‌ അലിഞ്ഞ ജലം, നിന്റെ മുൻഗാമി ആരോ ഇതൊക്കെ കൂടിച്ചേർന്നു വളർത്തി വലുതാക്കിയ ശരീരത്തിന്‌ ഉടമയായിരുന്നിരിക്കാം.  ആ പൂർവ്വികനിൽ  നിന്ന്‌ ഈ മണ്ണിന്റെ ഗന്ധം  നിന്നിലേയ്ക്കു വ്യാപിച്ചതാവാം.  അല്ലെങ്കിൽ നീ തന്നെ അറിവുകൾക്കപ്പുറമുള്ള ഒരു കാലത്തിൽ ഈ മണ്ണിന്റെ സംരക്ഷണത്തിൽ കഴിഞ്ഞിരിക്കാം.  രണ്ടായാലും ഈ മണ്ണിന്‌ നിന്നെ വിളിച്ചുവരുത്തുവാൻ അവകാശമുണ്ട്‌.  നീ എന്നോട്‌ ഉൾച്ചേർന്നിരിക്കുക, മണ്ണിന്റെ പരിഭവം എന്നിലൂടെ നിനക്കും ശ്രവിക്കാം.
ഉവ്വോ! സന്യാസിയപ്പൻ അത്ഭുത സ്തബ്ധനായി.  മാനസ അപരൻ മണ്ണിന്റെ മനസ്സിനെ തലോടി.
അതിലോലമായ ഒരു തേങ്ങലോടെ മണ്ണിന്റെ മനസ്സ്‌ വിങ്ങി – എന്നിൽ വസിക്കുന്ന ജീവജാലങ്ങളാണ്‌ എന്റെ കുടുംബം.  അവർക്കിടയിലെ ഇരുകാലികൾ, നിന്റെ വർഗ്ഗം  എന്റെ ശരീരം നിരന്തരം മൊട്ടയടിച്ചും വെട്ടി നിരത്തിയും വേട്ടയാടുകയാണ്‌.  അവർക്ക്‌ തലയും മുലയും പോലെയാണ്‌ എനിക്ക്‌ കുന്നുകളും നീണ്ട പച്ചപ്പുകളും എന്ന സത്യം അവർ ഒളിച്ചു വയ്ക്കുന്നു.  ഇപ്പോൾ ഈ ഇരുകാലികൾ തമ്മിലടിച്ച്‌ തല കീറി എന്റെ ശരീരത്തിൽ ഹുങ്കിന്റെ രക്തക്കറകൾ തീർക്കുന്നു. ജീവച്ഛവങ്ങളായ മറ്റു ഗ്രഹങ്ങൾക്കു മുന്നിൽ ഞാൻ കുലീനയും  അന്തസ്സുള്ളവളും  ജീവനുള്ളവളുമായി നിലനിൽക്കുന്നതിന്റെ കാരണങ്ങളെയാണ്‌ ഈ ഇരുകാലികൾ നാമാവശേഷമാക്കുന്നത്‌.  ഏറെ പ്രതീക്ഷയോടെയാണ്‌ ഞാൻ ഇരുകാലി സന്താനങ്ങളെ പെറ്റുവളർത്തി എന്റെ കുടുംബത്തിന്റെ  നായകസ്ഥാനം ഏൽപിച്ചു കൊടുത്തത്‌.  ഇനിയും എനിക്ക്‌ അവരിൽ പ്രതീക്ഷയുണ്ട്‌.  അതുകൊണ്ടാണ്‌ നിന്നെ വിളിച്ചു വരുത്തിയത്‌. നീ പക്വത വന്ന കാര്യദർശിയാണ്‌.
സന്യാസിയപ്പൻ ഭൂ മാതാവിന്റെ പാദ സങ്കൽപത്തിൽ ഭൂമിയെ താണു നമസ്കരിച്ചു – ആദി മാതാവിന്റെ വിളി കേട്ടു ഞാൻ ഇവിടെയെത്തി. ഞാൻ ചെയ്യേണ്ടത്‌ എന്താണെന്ന്‌  ഇപ്പോഴും എനിക്ക്‌ വ്യക്തമല്ല.  കർത്തവ്യം അമ്മയുടെ സന്തതിപരമ്പരയിലെ  ഈ എളിയ കണ്ണിയെ അറിയിച്ചാലും.
നീ മുന്നിൽ കാണുന്ന ഏത്‌ അപ്രതീക്ഷിത സംഭവങ്ങളെയും കൈകാര്യം ചെയ്യുവാൻ പ്രാപ്തി നേടിയവനാണ്‌.  അത്‌ തന്നെയാണ്‌ ഇവിടെ നിന്റെ ചുമതല, സന്ദർഭങ്ങളെ കൈകാര്യം ചെയ്യൽ.
ഇവിടെ തുടങ്ങുന്നു നിന്റെ നിയോഗം – മാനസ അപരന്റെ ശബ്ദം സന്യാസിയപ്പനുള്ളിൽ പതിഞ്ഞു വീണു – ഭൂമിയുടെ ഈ വ്യാകുലതകളിൽ തൊട്ടു തുടങ്ങുന്നു.  നിലവിൽ വന്ന്‌ നില നിൽക്കുന്ന അവസ്ഥകളോടാണ്‌ നിനക്ക്‌ പൊരുതേണ്ടത്‌.  നിന്റെ ചേതന തെളിഞ്ഞുണർന്നു തന്നെയാണ്‌.  എങ്കിലും കൂടുതൽ ശ്രദ്ധ വേണം.  ഞാൻ ഈ ഗ്രാമ മനസ്സുകളിലാകെ ഒന്നു കയറി ഇറങ്ങി നോക്കി.  അതുകൊണ്ട്‌ പറയുകയാണ്‌.  ഏറ്റെടുക്കുന്നവന്‌ താങ്ങുവാനുള്ള കരുത്ത്‌ വേണം.  നിന്നിൽ അതിനുള്ള ശക്തി ഉഗ്രമായ്‌ തന്നെയുണ്ട്‌.  അതാ ആ ഘോഷയാത്ര ശ്രദ്ധിക്കൂ.
സന്യാസിയപ്പന്റെ കാഴ്ച മുന്നിലെ കുന്നുകയറിപ്പോയി.  ഒരു വലിയ ജനക്കൂട്ടം ജാഥയായ്‌ കടന്നു വരുന്നു.  മുന്നിൽ ഉയർത്തിപ്പിടിച്ച ഒരു വലിയ ഛായാചിത്രം.  പുറകിൽ സഞ്ചരിക്കുന്നവരുടെ കൈകളിൽ ഓരോരോ മുഖചിത്രങ്ങൾ.  നിർവ്വചിക്കുവാൻ കഴിയാത്ത ഒരു സംതൃപ്തി ആ ഛായാചിത്രങ്ങൾ കാൺകെ സന്യാസിയപ്പന്റെ മനസ്സിലേയ്ക്ക്‌ വന്നെത്തി.  സന്യാസിയപ്പന്റെ മനസ്സ്‌ പിടി അയച്ചുകൊണ്ട്‌ ഭൂതകാലങ്ങളിലേക്ക്‌ ഓടി.  എന്നാൽ ഓടി ഓടി ഓർമ്മകൾ അസ്തമിക്കുന്ന ഒരിടത്ത്‌ ചെന്നു നിൽക്കുവാനേ സന്യാസിയപ്പന്റെ മനസ്സിനു കഴിഞ്ഞുള്ളു.
നീ അറിയുമോ ഇവരെ?  അന്നു ഞാൻ നിനക്കുള്ളിൽ ഗർഭാവസ്ഥയിൽ ആയിരുന്നു – മാനസ അപരൻ സന്യാസിയപ്പന്റെ മനസ്സിനെ തൊട്ടു ചോദിച്ചു.
എന്റെ ഓർമ്മ വാർദ്ധക്യവും യൗവ്വനവും , കൗമാരവും, ബാല്യവും, താണ്ടിക്കടന്നു.  അവിടെ ശൈശവത്തിന്റെ അപൂർണ്ണമായ ഓർമ്മകൾ നേർത്ത്‌ നേർത്ത്‌ പൊട്ടായ്‌ ശൂന്യതയിൽ എത്തുന്നു.  അതിനിടയിൽ ഒന്നും ഛായാചിത്രങ്ങളിൽ കണ്ടവരുടെ മുഖം എനിക്ക്‌ വ്യക്തമായില്ല.  എങ്കിലും സമാനമായ ചില രൂപസാദൃശ്യങ്ങൾ എവിടെയൊക്കെയോ പതിഞ്ഞു പിന്മാറി.
മാനസ അപരന്റെ ശബ്ദം സന്യാസിയപ്പനിലേക്കു നീണ്ടു – അന്ന്‌ നീ ശൈശവത്തിന്റെ കുഞ്ഞു ഓർമ്മകളിൽ ബാല്യത്തിലേക്ക്‌ പിച്ച വയ്ക്കുന്ന മനസ്സും ശരീരവുമായ്‌ താളബോധമില്ലാതെ നടക്കുകയായിരുന്നു.  ഞാൻ നിന്നിൽ ഗർഭാവസ്ഥയിൽ ഉറങ്ങുകയായിരുന്നു.  നീ കണ്ടതും കേട്ടതും അതിന്റെ പൂർണ്ണാവസ്ഥയിൽ പങ്കിട്ടെടുത്തിരുന്നു.  നിനക്കുള്ളിൽ ശാന്തനായ്‌ കിടക്കുന്നതുകൊണ്ട്‌ ഞാൻ അറിഞ്ഞത്‌ എനിക്കുള്ളിൽ ശാന്തമായ്‌ കിടക്കുന്നു.  ആ വലിയ ഛായാചിത്രത്തോട്‌ നിനക്കുള്ള സാദൃശ്യമാണ്‌ നിന്റെ മനസ്സിനെ ഉത്തേജിപ്പിച്ച്‌ ഭൂതകാലങ്ങളിലേയ്ക്ക്‌ ഓടുവാൻ പ്രേരിപ്പിച്ചതു.  ആ സാദൃശ്യം രക്തത്തിലൂടെ കടന്നു കയറിയതാണ്‌.  നിന്നിലെ ദയ, കരുണ, ജ്ഞാനാർത്ഥി, പ്രകൃതിയോടുള്ള കരുതലും  കടപ്പാടുമൊക്കെ  ആ രക്തത്തിന്റെ അടയാളമാണ്‌. ആ ഛായാ ചിത്രത്തിനു പിന്നാലെ കൈകളിൽ ഉയർത്തിപ്പിടിച്ചു വന്ന എല്ലാ ചിത്രങ്ങളും ഈ സ്വഭാവസവിശേഷതകളാൽ പല കാലങ്ങളെ പരിചരിച്ച ശ്രേഷ്ഠരുടേതാണ്‌.  അവർ കാലത്തിനുമുകളിൽ ചീഞ്ഞളിഞ്ഞുകയറിയ അന്ധവിശ്വാസങ്ങളെയും  അനാചാരങ്ങളെയും തുടച്ചു മാറ്റിയവരാണ്‌.  സ്വതന്ത്രരാകുവാനും  സ്വയം വികാസം പ്രാപിക്കുവാനും അവനവനുള്ളിലെ ചൈതന്യത്തെ തെളിക്കുവാൻ ജനസമൂഹങ്ങളെ പഠിപ്പിച്ചവരാണ്‌, നവോത്ഥാനത്തിന്റെ അർത്ഥവ്യാപ്തി ഒരു കാലഘട്ടത്തിന്റെ  മനസ്സുകളിൽ കൊത്തി വച്ചവർ ആ മഹാപ്രതിഭകൾ ആയിരുന്നു.4
നാം  ഈ കൊച്ചു രാജ്യത്തിന്റെ  അതിർത്തി വിട്ടു – ഘോഷയാത്രയുടെ മുന്നിൽ നിന്ന ഒരാളുടെ ശബ്ദം ഏറെ ഉച്ചത്തിലും ആവേശത്തിലും  മുഴങ്ങി – നമ്മൾ വർഷംതോറും  ആചരിക്കുന്ന കടത്തിവിട്ടു പടി അടയ്ക്കൽ…. ഞാൻ ഇരിക്കൂർ ഇടനിലക്കാരൻ, ഈ ചിത്രത്തിൽ കാണുന്ന പിൻതിരിപ്പൻമാരെ ?ഇരിക്കൂർ സത്ത?യുടെ നാമത്തിൽ നമ്മുടെ രാജ്യം  കടത്തി വിട്ട്‌  ഇവർതീർത്ത പിൻതിരിപ്പൻ ആശയങ്ങളെ ആപാദചൂടം കഴുകിക്കളയുന്നു – ഇരിക്കൂർ വിശ്വാസികൾ വിശ്വാസത്തിമിർപ്പിൽ ഏറ്റു ചൊല്ലുമ്പോൾ ഇരിക്കൂർ ഇടനിലക്കാരൻ ഛായാചിത്രങ്ങളിൽ ചവിട്ടി ഒരു നിമിഷം ആനന്ദനൃത്തമാടി, അതിലേയ്ക്ക്‌ ആഞ്ഞു തുപ്പി  അവജ്ഞ തുറന്നുവിട്ടു.
മുൻ നിരയിൽ നിന്ന മറ്റൊരാളുടെ ശബ്ദം – ഞാൻ അർദ്ധവിശ്വാസി. അർദ്ധവിശ്വാസികളുടെ നാമത്തിൽ അവർക്കുവേണ്ടി ഇവരേയും ഇവർ വളർത്തിയ മുടന്തൻ ആശയങ്ങളേയും മൂടോടെ ഇരിക്കൂർ രാജ്യം കടത്തിവിട്ട്‌ പടി അടയ്ക്കുന്നു.  അർദ്ധവിശ്വാസികളിൽ  ആറിത്തണുത്തു കിടന്ന വിശ്വാസം ഏറ്റുചൊല്ലുവാനുള്ള എരിവു നൽകിയില്ല.  അതുകൊണ്ട്‌ ആ ശബ്ദം പ്രതിധ്വനിയിൽ മാത്രം പ്രകമ്പനം കൊണ്ടു.
പിന്നാലെ ഇരിക്കൂർ രാജ്യത്തിന്റെ ഭരണാധികാരിയെത്തി. സാധാരണ കാഴ്ചക്ക്‌ അപ്രാപ്യമായ ഒരു വലയം ഭരണാധികാരിയെ ചുറ്റി നിൽക്കുന്നു!  മാനസ അപരൻ ഇത്തിരി അതിശയത്തിൽ അതിനെ ചുറ്റിക്കറങ്ങി അതിന്റെ ഉൾക്കണ്ണികളിലേയ്ക്ക്‌ കടന്നു.  അവിടെ ഭരണാധികാരിയുടെ തെറ്റുകൾ കുന്നു കൂടി കിടക്കുന്നു, തെറ്റുകൾക്ക്‌ മുകളിൽ മറക്കുട പിടിച്ച്‌ ഒരു ന്യായാധിപൻ നിൽക്കുന്നു!
ഭരണാധികാരി ഭക്തന്റെ ഭാവാഭിനയത്തോടെ താണു വണങ്ങി,  മുന്നിൽ ഇരിക്കൂർ ഇടനിലക്കാരൻ വണക്കം കൈപ്പറ്റി നിന്നു.
മുൻപേ  വന്നവരെപ്പോലെ ഭരണാധികാരിയും ഛായാചിത്രങ്ങളിൽ ആഞ്ഞു തുപ്പി.
വീണോ, വീണില്ലയോ? ഭരണാധികാരി വീണ്ടും ഒന്നേ, രണ്ടേ എന്ന്‌ മൗനത്തിൽ എണ്ണി തുപ്പൽ വീഴ്ച ഉറപ്പാക്കി – ജേതാവിനെപ്പോലെ പറഞ്ഞു – ഇരിക്കൂർ രാജ്യത്ത്‌ ഇനിയും പഴഞ്ചന്മാർ ഉണ്ട്‌, അവരെയും ഉന്മൂലനം ചെയ്യണം.
ഇടനിലക്കാരൻ തലകുലുക്കി സമ്മതിച്ചു.
അവർ അവിശ്വാസികൾ ആയി ചിന്നി ചിതറി നടക്കുകയാണ്‌. സൂക്ഷിക്കണം.  മാനസികാക്രമണത്തിന്‌ കരുത്തുള്ളവരാണ്‌.  അവരുടെ വാക്കുകൾ വിശ്വാസികളുടെ മനസ്സിലേയ്ക്ക്‌  ഇടിച്ചു കയറി  വിശ്വാസക്കോട്ടകളെ നിലം പരിശാക്കും.   അത്‌ നമ്മുടെ കരാറുകാർക്കെതിരെ വിപ്ലവപ്പുറപ്പാടിന്‌  കാരണമാകും.  ഭരണത്തിന്റെ സംരക്ഷകരായ കരാറുകാരെ സംരക്ഷിക്കേണ്ടത്‌ രാഷ്ട്രത്തിന്റെ കടമയാണ്‌.  രാജ്യം വിശ്വാസികളുടേത്‌ മാത്രമായ്ത്തീരണം.  കൗശലം വേണം, കൗശലം. വിശ്വാസക്കോട്ടകളുടെ അടിസ്ഥാനം കൗശലമാണ്‌.
ഉണ്ട്‌, നിറയെ ഉണ്ട്‌, കൗശലം – ഇടനിലക്കാരന്റെ വാക്കുകൾ ചാടി വന്നു.
ഉണ്ടെങ്കിൽ ഭരണത്തിന്റെ നെടും തൂണായ്‌ ഇടനിലക്കാരൻ ഉയരും.  ധിക്കാരത്തിന്റെ ഒരു ശബ്ദവും  ഭരണത്തിനുനേരെ ഉയരുകയില്ല.  ഭരണം ഇടനിലക്കാരുടെ ക്ഷേമ ഐശ്വര്യത്തിനുവേണ്ടി നിലകൊള്ളും- ഭരണാധികാരി ഇടനിലക്കാരന്റെ  ചെവിയിൽ                      ആമന്ത്രിച്ചു.
നാലാമൻ കരാറുകാരൻ, ഇരിക്കൂർ രാജ്യത്തിന്റെ മാറ്‌ ഇടിച്ചു പിളർത്തി വിറ്റു കാശാക്കുന്നവൻ.  അയാൾ ഭരണാധികാരിയുടെ കാലിൽ കമിഴ്‌ന്ന്‌ വീണു വണങ്ങി.  വണക്കത്തിൽ സ്നേഹത്തിന്റെ വഴുവഴുപ്പ്‌.  ഭരണാധികാരി അതു കണ്ടില്ല, കൈയിലെ കാണിക്ക കണ്ടു.  കണ്ടതു കൊണ്ടു വന്നവൻ ഭരണാധികാരിയുടെ കാൽക്കൽ കാഴ്ച വച്ചു.  വാക്കുകൾ കൊഴിഞ്ഞു – രാജ്യത്തിന്റെ മാറ്‌ പിളർത്തുന്നതിന്‌ ആയുധം തന്ന്‌ അനുഗ്രഹിച്ചതിനുള്ള പാരിദോഷികം അല്ല ഈ കാണിക്ക.  ഇത്‌ ഇരിക്കൂർ രാജ്യത്തെ ആൾക്കാരെ മാറു പിളപ്പൻമാർക്കുവേണ്ടി അടക്കി ഭരിക്കുന്ന അങ്ങയുടെ മഹാബുദ്ധി കൗശലങ്ങൾക്കു മുന്നിലാണ്‌ കാഴ്ച വയ്ക്കുന്നത്‌.
ഭരണാധികാരി ചിരിയുടെ അലകളിൽ അയാളുടെ ചെവിയിൽ മുട്ടി പറഞ്ഞു – എങ്കിൽ പകുതി ഇരിക്കൂർ ഇടനിലക്കാരന്‌ അവകാശപ്പെട്ടതാണ്‌.  അയാളാണ്‌ ഇരിക്കൂർ രാജ്യത്തെ ജനങ്ങളെ മതമന്ത്രം കൊണ്ട്‌ മയക്കി എന്റെ കൈകളിൽ ഏൽപ്പിച്ചു തരുന്നത്‌.
ഇങ്ങനെയാണ്‌ രക്തരക്ഷസ്സുകൾ ഉണ്ടാകുന്നത്‌ –  മാനസ അപരൻ സന്യാസിയപ്പനുള്ളിൽ ഇരുന്ന്‌ പറഞ്ഞു.
അതെ, സന്യാസിയപ്പൻ ശരിവച്ചു – കരാറുകാരനും ഭരണാധികാരിയും ഭൂമാതാവിന്റെ മാറ്‌ പിളർന്നു ചോര കുടിക്കുന്നു.
കരാറുകാരൻ താണു വണങ്ങി യാത്രചോദിച്ചു.  ഭരണാധികാരി കരാറുകാരന്റെ ചെവി കടിച്ചു.
പോര, പോര ധനം
ധീരനായ്‌ പോക നീ
അയാൾ പൊയ്ക്കഴിഞ്ഞപ്പോൾ ഭരണാധികാരി ഇരിക്കൂർ ഇടനിലക്കാരന്റെ കാൽ തൊട്ടു വന്ദിച്ചു.  പെട്ടെന്ന്‌ അർദ്ധവിശ്വാസികളുടെ ഇടനിലക്കാരനും അവകാശ ബോധത്തിന്റെ അലയടിച്ചു. രുചിയടിച്ചു. അയാൾ അറിയാതെ കാൽ നീട്ടിപ്പോയി.
ഭരണാധികാരി – ഹും – എന്ന്‌ മൂളി –
യുക്തി വേണം, ബുദ്ധി വേണം.  അനുയായികളെ അനുസരണയുടെ പാഠം പഠിപ്പിക്കണം.  അർദ്ധ വിശ്വാസികളിൽ വിശ്വാസത്തിന്റെ തീവ്രത തെളിയുന്നില്ല.  ആ തീവ്രതയാണ്‌ അനുസരണയുടെ  അടിത്തറ, ഇടനിലക്കാരനോടുള്ള ഭയത്തിന്റെയും.  ഒരു വാചകത്തിന്റെ കള്ളിയിൽ വിശ്വാസി വെളിച്ചം കണ്ടാൽ ഉടനെ അന്ധവിശ്വാസത്തിന്റെ അടുത്ത വാചകം  ഇറക്കി രക്ഷപ്പെടുവാനുള്ള അവന്റെ വഴി അടയ്ക്കണം.  അങ്ങനെ വിശ്വാസത്തിന്റെ തീവ്രതയിൽ അവനെ പിടിച്ചു കെട്ടണം.  അതിന്‌ ഇടനിലക്കാരൻ പ്രേതങ്ങളെ ബന്ധിച്ച കഥയാകാം.  അതിലും നിന്നില്ലെങ്കിൽ ആ ഉഗ്ര വിഷമുണ്ടല്ലോ, വർഗ്ഗീയത.  അത്‌ കോരി കുടുപ്പിക്കണം.  എന്നിട്ട്‌ അതിന്റെ ലഹരി ഇളകുമ്പോൾ സ്വന്തം വരുതിയിൽ ആക്കണം. എങ്ങനെ ആയാലും അനുയായികൾ ഇടനിലക്കാരനെ അനുസരിക്കണം.  എന്നിട്ട്‌ വന്ന്‌ കാല്‌ നീട്ട്‌, തൊട്ടു വണങ്ങാം.
അർദ്ധവിശ്വാസികളുടെ ഇടനിലക്കാരൻ നീട്ടിയ കാല്‌ വലിച്ചു.  നിഷ്ഫലമായ ഒരു കോപാഗ്നി അയാളിൽ നിന്ന്‌ അർദ്ധവിശ്വാസികൾക്കു നേരെ നീണ്ടു നീണ്ടു പോയി.
ഭരണാധികാരി പടിയിറങ്ങി.
ഇരിക്കൂർ ഇടനിലക്കാരന്റെ ശബ്ദം ഉച്ചഭാഷിണിയുടെ ഉച്ചത്തിൽ മുഴങ്ങി – ചെയ്ത സൽക്കർമ്മത്തിന്റെ പരിപാപനതയിൽ ആനന്ദിപ്പിൻ, ആനന്ദ നൃത്തത്തോടെ മടങ്ങിപ്പോകുവിൻ.  പിന്നാലെ ഇരിക്കൂർ ഭക്തിഗാനം അയാളിൽ നിന്നും ഒഴുകി.  അതിന്റെ താളത്തിൽ വിശ്വാസികൾ നൃത്തച്ചുവടുകളോടെ കാലുകൾ മുന്നോട്ടു വച്ചു.
പിന്നാലെ അർദ്ധവിശ്വാസികളുടെ ഇടനിലക്കാരനും പറഞ്ഞു – പാട്ടു പാടി നൃത്തമാടി ഗ്രാമത്തിലേക്കു മടങ്ങുവിൻ – അയാളുടെ വാക്കുകൾ രണ്ടു നാലുപേർ ഏറ്റെടുത്തു.  ബാക്കിയുള്ളവർ കണ്ടില്ല,  കേട്ടില്ല എന്ന നടനത്തിൽ നടന്നു.5
സന്യാസിയപ്പൻ ആ ഛായാചിത്രങ്ങൾക്കരുകിലേയ്ക്ക്‌ അതീവ കൗതുകത്തോടെ നീങ്ങി – ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാവുന്നു, നട്ടുച്ചയിലെ സൂര്യനെപ്പോലെ ഗാംഭീര്യമുള്ള മുഖങ്ങൾ.  ശാന്തമായ ഭാവമെങ്കിലും ആർക്കും കീഴ്പ്പെടാത്ത വ്യക്തിപ്രഭാവം ചിത്രങ്ങളിൽപ്പോലും വ്യക്തമാവുന്നു.  തീർച്ചയായും ഇവർ ഒരു കാലത്തെ നവോന്മേഷത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയവർ തന്നെ.
സന്യാസിയപ്പൻ ആ ഛായാചിത്രങ്ങളെ വിട്ട്‌ മുന്നോട്ടു നടന്നു.  ഓരോ ദേശങ്ങളിലും കണ്ട പക്ഷികളുടേയും മൃഗങ്ങളുടേയും ചങ്ങാത്ത ഭാവം ഇവിടെയും തുടരുന്നു.  ഒരു കാട്ടുമുയൽ അതാ ഓടിക്കിതച്ചു സന്യാസിയപ്പന്റെ നേരെ വരുന്നു! അതിന്റെ മുഖത്ത്‌ അത്യാനന്ദം നിറയുന്നതുപോലെ ഒരു സ്നേഹപ്രവാഹം ചുണ്ടുകളിൽ ഇരുന്ന്‌ വിതുമ്പുന്നു.  ആത്മസംതൃപ്തിയോടെ മിനുസമായ ശരീരം കൊണ്ട്‌ കാൽപാദങ്ങളിൽ ഉരസുന്നു.  മുകളിൽ ഘോഷയാത്രയായ്‌ വന്ന പക്ഷിക്കൂട്ടങ്ങളിൽ ചിലത്‌ ഇപ്പോൾ സന്യാസിയപ്പന്റെ ശരീരത്തിൽ തൊട്ടും തൊടാതെയും പറന്നു കളിക്കുന്നു.  അതാ മുന്നിൽ ഒരു മൂർഖൻ പാമ്പ്‌ പ്രൗഢഗാംഭീര്യനായ്‌ വഴി തടഞ്ഞു നിൽക്കുന്നു!
ഉഗ്ര കോപം, ഉദ്ധൃത ഫണം! വിഷം ചീറ്റുന്നു!  സന്യാസിയപ്പൻ ചുണ്ടുകൾക്കിടയിൽ നിന്ന്‌ ഏറ്റവും ഈണത്തിലുള്ള ഒരു മകുടിനാദം അതിനുവേണ്ടി പുറപ്പെടുവിച്ചു. ജീവൻ തുടിച്ച ആ ആനന്ദ ശബ്ദത്തെ പാമ്പിന്‌ ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല.  അത്‌ ഗർവ്വിന്റെ ഉച്ചസ്ഥായിയിൽ നിന്ന്‌ വീണ്ടും വിഷം ചീറ്റി.
നമ്മൾ ഈ കൊച്ചുരാജ്യത്തിന്റെ അതിർവരമ്പിനുള്ളിലേയ്ക്ക്‌ കടക്കുവാൻ തുടങ്ങുകയാണ്‌ – മാനസ അപരൻ സന്യാസിയപ്പനുള്ളിൽ പറഞ്ഞു – വിഷം ചീറ്റുന്ന ജീവിയെ തന്നെ ആദ്യം എതിരിടേണ്ടി വന്നിരിക്കുന്നു!
വിഷം ചീറ്റുക അതിന്റെ ജീവൻ അപകടത്തിൽ ആകുമെന്നു തോന്നുന്ന പ്രതിസന്ധി ഘട്ടങ്ങളിലാണ്‌ – സന്യാസിയപ്പൻ മാനസ അപരനെ തൊട്ടു – പ്രകൃതി നൽകിയിരിക്കുന്ന ഈ സാമാന്യ ധർമ്മത്തിൽ കൂടുതൽ ആയി അത്‌ ഒന്നും ചെയ്യുന്നില്ല.
ഇത്‌ ഹുങ്കാണ്‌ – മാനസ അപരൻ സന്യാസിയപ്പനുള്ളിൽ നിയന്ത്രണം വിട്ടു – ഇരയിൽ വിഷം കുത്തി വച്ച്‌ കൊല്ലുന്നതുതന്നെ അന്യായമാണ്‌.  ഇത്‌ താൻ പ്രമാണിത്വം കാട്ടലും.  ഇതിന്‌ തക്കതായ ശിക്ഷ നൽകണം.  വിഷപ്പല്ല്‌ കൊഴിഞ്ഞുപോകുന്ന ഔഷധം തന്നെ ഇതിന്‌ നേരെ പ്രയോഗിക്കണം.
സന്യാസിയപ്പൻ ചിരിയുടെ താളത്തിൽ ആയി – ഇതിന്റെ വിഷപ്പല്ല്‌ കൊഴിഞ്ഞ്‌ പോകുവാൻ എന്തിന്‌ ഔഷധം! എന്റെ കാലിൽ അതിന്റെ വിഷപ്പല്ല്‌ താഴ്ത്തിയാൽ മതി.  എന്റെ രക്തത്തിൽ ജ്വലിച്ചു നിൽക്കുന്ന ഔഷധ വീര്യത്തിൽ അതിന്റെ വിഷ ഗ്രന്ഥി തന്നെ നിർവ്വീര്യമാകും.  പ്രകൃതിയെ അനുസരിച്ചു ജീവിക്കുകയും ഔഷധ സസ്യങ്ങൾ നിരന്തരം ഭക്ഷണമാക്കുകയും ചെയ്ത എന്റെ ശരീരം അവന്റെ വിഷം തൊട്ടുകൂടാത്തവനെപ്പോലെ  വർജ്ജിക്കുകയും ചെയ്യും.  ഈ പാമ്പ്‌ വെറും നിമിത്തമാണ്‌. ഗ്രാമം എങ്ങനെ എതിരിടാൻ പോകുന്നു എന്ന സൊ‍ാചന.
ശരിയാണ്‌ – മാനസ അപരൻ പറഞ്ഞു – നീ വസ്തുതാ നിരീക്ഷണത്തിൽ പിന്നിൽ അല്ല എന്ന്‌ തെളിയിച്ചിരിക്കുകയാണ്‌.  സുചനകളെ ഗണിച്ചറിയുവാനുള്ള ശക്തി നിന്നിൽ മങ്ങലേൽക്കാതെ ഉണ്ടോയെന്ന്‌ ശ്രദ്ധിക്കുകയായിരുന്നു ഞാൻ.
സന്യാസിയപ്പൻ പാമ്പിനോടു കൂടുതൽ അടുത്തു.  അടുക്കും തോറും പാമ്പിന്റെ പത്തി താണു താണു വന്ന്‌ തറ പറ്റി.  തറയിൽ തല ഉരുട്ടി, ഉരുട്ടിയ തല സന്യാസിയപ്പന്റെ കാൽപാദത്തിൽ തൊടും പോലെ ഒന്ന്‌ സ്പർശിച്ചു.  സ്പർശനം രണ്ടായി, മൂന്നായി, നാലായി!   ആവർത്തനത്തിന്റെ അല തല്ലി തീർന്നപ്പോൾ പാമ്പ്‌ വാസനാഗന്ധം രുചിച്ച്‌ സ്വസ്ഥിയിൽ ഫണം  പാതി ഉയർത്തി വിട ചൊല്ലി.  അത്‌ പോയ മാളത്തിൽ നിന്ന്‌ അതാ മറ്റൊരു മൂർഖൻ വാസനാ ഗന്ധം രുചിച്ച്‌, രുചിച്ച്‌ തല നീട്ടി നിൽക്കുന്നു!
ആദ്യത്തെ ലക്ഷണത്തിൽ നിന്ന്‌ സൊ‍ാചനകൾ വ്യതിചലിച്ചിരിക്കുന്നു!  ഇപ്പോൾ ശുഭ സൊ‍ാചനയാണ്‌, ല്ലേ? മാനസ അപരൻ സന്യാസിയപ്പനുള്ളിൽ ചോദ്യഭാവം കൊണ്ടു.
അത്‌ ഉള്ളിൽ വിഷം നിറഞ്ഞു നിന്ന പാമ്പാണ്‌.   ആ അവസ്ഥയിൽ വാസനാഗന്ധം മണത്തറിയുവാൻ കഴിയുകയില്ല.  വിഷം ചീറ്റിക്കളഞ്ഞപ്പോൾ മാത്രമാണ്‌ മിത്രമാണെന്ന്‌ തിരിച്ചറിയാൻ കഴിഞ്ഞത്‌.  എന്നാൽ മനുഷ്യൻ പാമ്പുകളെപ്പോലെയാണെന്ന്‌ ധരിക്കരുത്‌. അവൻ നടനം വശമുള്ളവനാണ്‌.  മനസ്സിനുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന വിഷം അവൻ മിത്രത്തിനുനേരെയും ആഞ്ഞു പ്രയോഗിക്കും.
യാത്ര കുറച്ചുകൂടി മുന്ന

You can share this post!