രുചി

 

നടന്നും
കിടന്നും
ചാടിയു-
മോടിയും
കടഞ്ഞും കുടഞ്ഞും
പിടഞ്ഞു-
മിഴഞ്ഞും
അന്യോന്യംരൂചിഭേദങ്ങളെ ക്കുറിച്ച് ചർച്ച ചെയ്യുന്നു!
സ്ഥൂലം –
സാമ്പാറിനെന്തു രുചി
അവിയലിനെന്തു രുചി
തീയലിനെന്തു
രുചി
കിച്ചടി, പച്ചടി, ഓലൻ,
രസം,പ്രഥമൻ, മോര്:
എന്തു രുചിയെന്തു രുചിയെന്തു രുചി!
നിരന്നു നിൽപ്പങ്ങുഴവും കാത്തു വിഭവങ്ങൾ പിന്നെയും;
സൂക്ഷ്‌മം –
കാമശാസ്ത്രത്തിനെന്തു രുചി മോഡേൺ ടൈംസിനെന്തു രൂചി
ഹാംലെറ്റിനെന്തു രുചി
ദുരവസ്ഥ,ജനശത്രു, വിപരിണാമം, വഷളൻ,ഗീതാഞ്‌ജലി, ജ്ഞാനപ്പാന:
എന്തു രൂചിയെന്തു രൂചിയെന്തു രൂചി!
വിളമ്പുവാനേറെയുണ്ടെങ്കിലും ക്ഷീണിതൻ ഞാൻ,
പരാതിയും പരിഭവവുമില്ലാതെ പ്രാകാതെ
ഇഹപരലോകത്തമ്മമാരിന്നും കാതോർത്തിരിപ്പുണ്ട്;
മുലയുണ്ടു കവിട്ടിയ വായകൾ ഒരു നേരമെങ്കിലും
ചർച്ച ചെയ്യുന്നതു കേൾക്കാൻ; /
മുലപ്പാലിന്റെ രുചിയെക്കുറിച്ച്!

 

You can share this post!